Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ഖുത്വ് ബ



വീടിന്റെ സൌഭാഗ്യം ദൈവഭക്തി

 

# ശൈഖ് സ്വാലിഹ് മുഹമ്മദ് ആലുത്വാലിബ് (ഖത്വീബ് മസ്ജിദുല്‍ ഹറാം മക്ക)

 
 

 


വീടുകളില്‍ സൌഭാഗ്യം കളിയാടണമെങ്കില്‍ തഖ്വയുള്ള കുടുംബാംഗങ്ങള്‍ ഉണ്ടാകണം. തഖ്വ ആദ്യമായി ഉണ്ടാകേണ്ടത് മാതാപിതാക്കളിലാണ്. തഖ്വ അഥവാ സൂക്ഷ്മതയാണ് മനുഷ്യനെ വഴികേടുകളില്‍നിന്ന് രക്ഷിക്കുന്നത്. കുടുംബത്തിനകത്ത് നിന്ന് ഇത് ആരംഭിക്കണം. ആര്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നുവോ അവനാണ് യഥാര്‍ഥ വിജയിയെന്ന ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. കുടുംബം വികസിക്കണമെങ്കില്‍ വൈവാഹിക ജീവിതം നിര്‍ബന്ധമാണ്. ഇസ്ലാമില്‍ വൈവാഹിക ജീവിതം കണിശമായ നിബന്ധനകളുടെ ചട്ടക്കൂടിലാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ആര്‍ക്കും തോന്നിയ പോലെ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല അത്. വിവാഹം ചെയ്യാന്‍ പോകുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ക്കാണ് വിവാഹത്തിന് അനുമതി നല്‍കിയിട്ടുള്ളത്. സാക്ഷികളുടെയും വധുവിന്റെ ഉത്തരവാദപ്പെട്ട ആളുകളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങത്രെ അത്. പ്രസ്തുത ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് ഇസ്ലാമികമായ രീതിയില്‍ ആശംസകള്‍ അര്‍പ്പിക്കുന്നത് ശ്രദ്ധേയമാണ്.
മാതൃകാ കുടുംബമുണ്ടാകുന്നത് ദൈവിക നിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കുമ്പോള്‍ മാത്രമാണ്. ഭാര്യയും ഭര്‍ത്താവും ഒത്തൊരുമിച്ച് വേണം ഇത്തരത്തിലൊരു കുടുംബത്തെ വാര്‍ത്തെടുക്കാന്‍. സന്താനങ്ങളിലേക്കും ഈ അവബോധം പകരാന്‍ ശ്രമിക്കണം. കുടുംബത്തിന്റെ നായകന്‍ ഭര്‍ത്താവാണല്ലോ. എന്നാല്‍ ഭര്‍ത്താവിന് മാത്രമല്ല കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടേതായ ഉത്തരവാദിത്വമുണ്ട്. പ്രവാചകന്‍ അരുളുന്നു: "എല്ലാവരും ഉത്തരവാദിത്വമുള്ളവരാണ്. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.'' ഭര്‍ത്താവിന് ഭര്‍ത്താവിന്റേതായ ഉത്തരവാദിത്വങ്ങളുണ്ട്. ഭാര്യ, സന്താനങ്ങള്‍ എന്നിവരെ നേരായ രീതിയില്‍ തര്‍ബിയത്ത് നല്‍കി വളര്‍ത്തുന്നതിനുള്ള പ്രധാന ഉത്തരവാദിത്വം ഭര്‍ത്താവിനാണ്. കൂടാതെ കുടുംബത്തിന് വേണ്ട പ്രാഥമിക സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും ഭര്‍ത്താവ് ബാധ്യസ്ഥനാണ്. പ്രവാചകന്‍ പറഞ്ഞതായി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഏറ്റവും നല്ല ഭര്‍ത്താവ് തന്റെ കുടുംബത്തോട് സദ്വൃത്തനായിരിക്കുന്നവനാണ്. ഉത്തമ വിശ്വാസി ഉത്തമ സ്വഭാവത്തിന്റെ ഉടമയാണ്.''
ഭര്‍ത്താവിന് ഉത്തരവാദിത്വമുള്ളതു പോലെ തന്നെ ഭാര്യക്കും ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. ഭര്‍ത്താവിന്റെ അഭാവത്തില്‍ വീടും കുടുംബത്തിന്റെ രഹസ്യങ്ങളും സൂക്ഷിക്കുന്നവളാണ് ഉത്തമ ഭാര്യയെന്ന പ്രവാചക വചനം സൂചിപ്പിക്കുന്നത് ഈ ഉത്തരവാദിത്വമാണ്. നരകത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അനുചരന്മാര്‍ കാരണം അന്വേഷിക്കുകയുണ്ടായി. പ്രവാചകന്റെ മറുപടി: "സ്ത്രീകളില്‍ അധികവും നിഷേധികളാണ്.'' അവര്‍ അല്ലാഹുവിനെ നിഷേധിക്കുന്നവരാണോ? പ്രവാചകന്‍: "അല്ല, അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ അംഗീകരിക്കാത്തവരും അവരുടെ നന്മകളെ നിസ്സാരമാക്കി കാണുന്നവരുമാണ്.'' ജീവിതകാലം മുഴുവനും നന്മ ചെയ്താലും എപ്പോഴെങ്കിലും ഒരു തവണ അനിഷ്ടകരമായത് സംഭവിച്ചു പോയാല്‍ നന്ദികേട് കാണിക്കുന്നവരുമാണ്. സ്ത്രീകളെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് പോലെ തന്നെ അവരുടെ ഇടയില്‍ കണ്ടുവരുന്ന ജീര്‍ണതകളെ ഇസ്ലാം തുറന്നു കാട്ടുകയും ചെയ്യുന്നു.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പര സ്പര വിശ്വാസവും ധാരണയും കുടുംബത്തിന്റെ സുഗമമായ പ്രയാണത്തിന് അനിവാര്യമാണ്. അതിന് വേണ്ടത് പരസ്പരമുള്ള ആദരവും ബഹുമാനവുമാണ്. ഇത് രണ്ടും ഇല്ലാതാകുമ്പോള്‍ കുടുംബത്തില്‍ കലുഷിതാന്തരീക്ഷം ഉടലെടുക്കുക സ്വാഭാവികമാണ്.
സന്താനങ്ങളെ വളര്‍ത്തുന്നതിലും അവര്‍ക്ക് ഇസ്ലാമിക ശിക്ഷണം നല്‍കുന്നതിലും ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഒത്തൊരുമക്കും പരസ്പര വിശ്വാസത്തിനും വലിയ പങ്കാണുള്ളത്. നാളത്തെ തലമുറകളാണ് തങ്ങളുടെ സന്താനങ്ങളെന്ന വിശ്വാസത്തില്‍ വേണം മക്കളെ വളര്‍ത്താന്‍. കടമ നിര്‍വഹിക്കുക എന്നതിനു പകരം അല്ലാഹുവിന്റെ കല്‍പനയാണെന്ന ബോധത്തോടെ വേണം ഇതു ചെയ്യാന്‍.
കുടുംബജീവിതത്തിന്റെ യഥാര്‍ഥ സത്ത അറിഞ്ഞ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സത്യവിശ്വാസികള്‍ സന്നദ്ധരാകണം. നിസ്സാര കാര്യങ്ങളില്‍ കുടുംബത്തില്‍ ഭിന്നത ഉടലെടുക്കുകയും പിന്നീടത് വിവാഹമോചനത്തില്‍ കലാശിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അനിഷ്ടകരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയാറാകണം. അതുകൊണ്ട് തന്നെയാണ് തഖ്വയാണ് കുടുംബത്തിലെ സൌഭാഗ്യത്തിന്റെ നെടുംതൂണെന്ന് പറയുന്നതും. സൂക്ഷ്മതയുള്ള ജീവിതമാണ് ചിട്ടപ്പെടുത്തിയെടുക്കേണ്ടത്. സര്‍വ നാഥന്‍ അതിന് നാമേവരെയും തുണക്കുമാറാകട്ടെ.


(30.7.2010-ന് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടത്തിയ ഖുത്വ്ബയുടെ സംഗ്രഹം. തയാറാക്കിയത്: റഹീം ഓമശ്ശേരി)

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly