Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>മിഡിലീസ്റ് ഡയറി


മുബാറകിന്റെ രോഗവും
ഒരു രാഷ്ട്രത്തിന്റെ ഭാവിയും

 

# പി.കെ നിയാസ്

 
 

 



ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് ഹുസ്നി മുബാറക്കിന്റെ ആരോഗ്യനില സംബന്ധിച്ച് ഈയിടെയായി പുറത്തുവരുന്ന വാര്‍ത്തകള്‍ നിഷേധിക്കുന്ന തിരക്കിലാണ് അധികൃതര്‍. അസുഖ വിവരം മൂടിവെക്കല്‍, മരണവാര്‍ത്ത പുറത്തുവിടുന്നത് വൈകിക്കല്‍ തുടങ്ങിയവ ഏകാധിപതികളും സ്വേഛാധിപതികളും വാഴുന്ന നാടുകളില്‍ സാധാരണയാണ്. മൂന്നു പതിറ്റാണ്ടായി മുബാറകിന്റെ സ്വേഛാഭരണത്തിലുള്ള ഈജിപ്തും അപവാദമല്ല. പ്രസിഡന്റിന് സുഖമില്ലെന്ന് പ്രചരിപ്പിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോയിട്ട് അത്തരമൊരു ചര്‍ച്ച പോലും ശിക്ഷാര്‍ഹമാണ് ആ രാജ്യത്ത്. മുബാറകിന്റെ ആരോഗ്യനില വഷളായി എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനാണ് ഭരണപക്ഷ വിരുദ്ധ അല്‍ ദസ്തൂര്‍ പത്രത്തിന്റെ എഡിറ്റര്‍ ഇബ്റാഹീം ഈസ്സയെ രണ്ടുകൊല്ലം മുമ്പ് ജയിലിലടച്ചത്.
ചികിത്സ തേടിയാണ് മുബാറക് ഇടക്കിടെ ജര്‍മനിയിലും ഫ്രാന്‍സിലും പറക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പക്ഷേ, വസ്തുനിഷ്ഠമാണ്. ഈയിടെ ജര്‍മനിയില്‍ അദ്ദേഹം പോയത് ശസ്ത്രക്രിയക്കാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചെങ്കിലും പിന്നീടത് സ്ഥിരീകരിക്കാന്‍ നിര്‍ബന്ധിതരായി. ഏറ്റവുമൊടുവില്‍ പാരീസില്‍ സാര്‍കോസിയെ സന്ദര്‍ശിക്കാന്‍ പോയെന്ന് ഔദ്യോഗിക മീഡിയ വെണ്ടക്ക നിരത്തിയെങ്കിലും ആശുപത്രി സന്ദര്‍ശനമായിരുന്നു മുഖ്യ അജണ്ടയെന്ന് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ ഖുദ്സ് അല്‍ അറബി റിപ്പോര്‍ട്ട് ചെയ്തു.
മുബാറകിന് രോഗമാണെങ്കില്‍ അറബ് ലീഗിലെയും ആഫ്രിക്കന്‍ യൂനിയനിലെയും സഹപ്രവര്‍ത്തകരേക്കാള്‍ മുമ്പ് വിവരമറിയുക വാഷിംഗ്ടണിലെയും തെല്‍അവീവിലെയും സുഹൃത്തുക്കളാണ്. അറബ്-മുസ്ലിം ലോകത്തേക്കാള്‍ മുബാറകിന്റെ ചങ്ങാത്തം അവരുമായാണ്. ഇക്കഴിഞ്ഞാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവുമായി കയ്റോയില്‍ നടത്താനിരുന്ന കൂടിക്കാഴ്ച രണ്ടു തവണ നീട്ടിവെച്ചത് മുബാറകിന്റെ അസുഖം കാരണമാണെന്ന് വാര്‍ത്ത പ്രചരിച്ചപ്പോള്‍ കയ്റോ നിഷേധ പ്രസ്താവന ഇറക്കി. എന്തുകൊണ്ടാണ് കൂടിക്കാഴ്ച രണ്ടു പ്രാവശ്യം മാറ്റിവെച്ചതെന്ന് വിശദീകരിക്കാന്‍ പക്ഷേ, അധികൃതര്‍ തയാറായില്ല. എന്നാല്‍ ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഷാസ് പാര്‍ട്ടിയുടെ ആത്മീയ നേതാവ് റബ്ബി ഒവാദിയ യൂസുഫ്, മുബാറകിന്റെ അസുഖം പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആശംസിച്ച് നെതന്യാഹു വശം രഹസ്യമായി ഏല്‍പിച്ച കത്ത് ചോര്‍ന്നു. ഹുസ്നി മുബാറകിനോട് സയണിസ്റുകള്‍ പുലര്‍ത്തിവരുന്ന ബഹുമാനാദരവുകളുടെ സാമ്പിളായിരുന്നു പ്രസ്തുത കത്ത്. ഈജിപ്തുകാരെ തുടര്‍ന്നങ്ങോട്ടും നയിക്കാന്‍ ദൈവം താങ്കളെ തുണക്കട്ടെയെന്ന് ആശംസിക്കുന്ന കത്ത് നിറയെ മുബാറകിനെ പുകഴ്ത്തുന്ന വരികളാണ്. റബ്ബി യൂസുഫും, ഷാസ് പാര്‍ട്ടി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ ഏലി യിശാഇയും വര്‍ഷങ്ങളായി ഹുസ്നി മുബാറകിന്റെ അടുത്ത മിത്രങ്ങളാണ്. ഈയിടെ കയ്റോയില്‍ അറസ്റിലായ ഇസ്രയേലീ പത്രപ്രവര്‍ത്തകന്‍ യോതം ഫെല്‍ഡ്മാനെ വിട്ടയച്ചത് ഇവരുടെ ഇടപെടലിലൂടെയായിരുന്നു. ഫലസ്ത്വീനികളുടെ ഹൃദയങ്ങളെ വെട്ടിമുറിക്കാന്‍ വെസ്റ്ബാങ്കില്‍ ഇസ്രയേല്‍ ഉരുക്കുമതില്‍ പണിതപ്പോള്‍ ഗസ്സയിലെ ജനങ്ങളെ ഉപരോധിക്കാന്‍ പത്തു കിലോ മീറ്റര്‍ നീളത്തില്‍ ഇരുമ്പു മതില്‍ നിര്‍മാണത്തിന് മുബാറക് ഉത്തരവിട്ടതും ഈ മാനസികപൊരുത്തത്തിന്റെ ഭാഗമായി കാണണം.
മുബാറകിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച പൂര്‍ണ വിവരങ്ങള്‍ അപ്പപ്പോള്‍ മൊസാദിനും തുടര്‍ന്ന് ഇസ്രയേലീ മാധ്യമങ്ങള്‍ക്കും പകര്‍ന്നുകിട്ടുന്നുണ്ടെന്നാണ് വൈനെറ്റ് ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുബാറകിന്റെ ഉപദേശകരില്‍ ഒരാളായിരുന്ന ഡോ. മുസ്ത്വഫ അല്‍ ഫികി കുറച്ചുകാലം മുമ്പ് നടത്തിയ വെളിപ്പെടുത്തലുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതില്‍ വലിയ അതിശയോക്തിയില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെയും ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (മൊസാദ്) അംഗീകാരത്തോടെ മാത്രമേ ഈജിപ്തിന്റെ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കൂവെന്ന ഫികിയുടെ പരാമര്‍ശം ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയെങ്കിലും അതിനെ നിഷേധിക്കുന്ന ഒരു പ്രസ്താവനയും പുറത്തുവന്നിരുന്നില്ല എന്നതാണ് കൌതുകകരം.
ഹുസ്നി മുബാറകിന്റെ മര്‍ദക ഭരണത്തില്‍ രോഷാകുലരാണ് ഈജിപ്ഷ്യന്‍ ജനത. ഭരണകൂടത്തിന്റെ ധിക്കാരങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ വ്യാപകമായി തുറങ്കിലടക്കപ്പെടുന്നു. നിരവധി എഴുത്തുകാരും ബ്ളോഗര്‍മാരും പോലീസ് മര്‍ദനത്തിന്റെ രൂക്ഷതയറിഞ്ഞു. ഇന്റര്‍നെറ്റ് കഫേയില്‍നിന്ന് പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ ഇരുപത്തെട്ടുകാരന്‍ ഖാലിദ് സഈദിന്റെ മൃതശരീരമാണ് കണ്ടുകിട്ടിയത്. യുവാവിനെ ഇടിച്ചുകൊന്ന ശേഷം മയക്കുമരുന്ന് വായില്‍ തിരുകിയ പോലീസിന്റെ നടപടി വെളിച്ചത്തുവരികയും വിഷയം അന്താരാഷ്ട്ര ശ്രദ്ധനേടുകയുമുണ്ടായി. നൈല്‍ ഡെല്‍റ്റയിലെ മന്‍സൂറയില്‍ ടാക്സി ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി മൂന്നാം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് പുറത്തേക്കെറിഞ്ഞു. മുബാറക് ഭരണകൂടത്തിന് എതിരുപറയുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയാണിത്. 1981-ല്‍ അധികാരത്തിലേറിയപ്പോള്‍ ഹുസ്നി മുബാറക് നടപ്പിലാക്കിയ അടിയന്തരാവസ്ഥ ഇന്നും തുടരുകയാണ്. ആറു തവണ പ്രസിഡന്റ് പദവിയില്‍ ഇരുന്ന 82-കാരനായ മുബാറക് ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇനിയുമൊരങ്കത്തിന് തയാറാണ്. എന്നാല്‍ രോഗാതുരനായ തനിക്ക് അതിനു കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ പുത്രന്‍ ജമാലിനെ മിസ്റിന്റെ ഭരണച്ചെങ്കോല്‍ ഏല്‍പിക്കാനാണ് നീക്കം. എതിരാളികള്‍ക്ക് മത്സരിക്കാന്‍ പോലും അവകാശം നിഷേധിക്കുന്ന വിധത്തില്‍ ഭരണഘടനയിലെ പല വകുപ്പുകളും തന്റെ നാഷ്നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റിയിട്ടുണ്ട് മുബാറക്.
ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം സഹായം പറ്റുന്ന രാജ്യമാണ് ഈജിപ്ത്. 150 കോടി ഡോളറാണ് വാര്‍ഷിക വിഹിതം. അരലക്ഷം ഭടന്മാരും 500 യുദ്ധ വിമാനങ്ങളും 12 ഡിവിഷനുകളിലായി 3000 ടാങ്കുകളും ഉള്‍പ്പെടുന്ന ഈജിപ്ഷ്യന്‍ സൈന്യം മിഡിലീസ്റിലെ മികച്ച സേനാ വ്യൂഹങ്ങളില്‍ ഒന്നാണ്. ഈ സൈനിക ശക്തിയെ മുബാറകിന്റെയോ സില്‍ബന്തികളുടെയോ നിയന്ത്രണത്തില്‍ തന്നെ നിറുത്തണമെന്നാണ് അമേരിക്കയെപ്പോലെ ഇസ്രയേലിന്റെയും താല്‍പര്യം. അതിനാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് അല്‍ ബറാദഇയെപ്പോലുള്ളവര്‍ മത്സരരംഗത്തു വരാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. ഭരണഘടനയിലെ കടുത്ത വകുപ്പുകള്‍ മറികടന്ന് അല്‍ ബറാദഇക്ക് മത്സരിക്കാനാവുമോയെന്നത് സംശയകരമാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹുഡ്) അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. സ്വന്തം തട്ടകത്തില്‍ ഇസ്ലാമിന്റെ പേരിലുള്ള ഒരു സംഘടനയെയും വെച്ചുപൊറിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്തയാളാണ് മുബാറക്. ഇഖ്വാനുല്‍ മുസ്ലിമീന്‍ സ്വതന്ത്രരായി മത്സരിച്ചാണ് വലിയ പ്രതിപക്ഷ പാര്‍ട്ടിയായത്. പതിറ്റാണ്ടുകളായി സംഘടന നിരോധം നേരിടുന്നു.
മിഡിലീസ്റ് വിദഗ്ധനായ പ്രഫ. ജറമി സാള്‍ട്ട് എഴുതുന്നു: "ഈജിപ്തെന്നാല്‍ മുബാറകല്ല. രാജ്യമനസ്സാക്ഷിയല്ല പാര്‍ലമെന്റിലും ഗവണ്‍മെന്റിലും പ്രതിഫലിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന വാടക പ്രസിഡന്റും അങ്കിള്‍സാമിന്റെ ഇംഗിതത്തിനനുസരിച്ച് മിഡിലീസ്റിനെ ചെന്നെത്തിക്കാന്‍ കരാറെടുത്തയാളുമാണ് മുബാറക്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നാല്‍ മുബാറകും നാഷ്നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും നിലംപരിശാകും. എന്തൊക്കെ വിയോജിപ്പുകളുണ്ടായാലും ഫലസ്ത്വീന്റെ കാര്യത്തില്‍ മുസ്ലിം ബ്രദര്‍ഹുഡും പ്രതിപക്ഷ സെക്യുലര്‍ പാര്‍ട്ടികളും മറ്റു സംഘടനകളും ഒറ്റക്കെട്ടാണ്. ഈജിപ്ഷ്യന്‍ ജനത ഫലസ്ത്വീനികള്‍ക്കൊപ്പമാണ്. മുബാറകിനെച്ചൊല്ലി അവര്‍ ലജ്ജിക്കുന്നു. 1952-ല്‍ വിപ്ളവം അരങ്ങേറിയ നാടാണിത്. ഫലസ്ത്വീനികള്‍ക്കുവേണ്ടിയും ഇംപീരിയലിസത്തിനും കൊളോണിയലിസത്തിനുമെതിരെ മൂന്നാം ലോകം നടത്തിയ പോരാട്ടങ്ങള്‍ക്കൊപ്പവും നിലയുറപ്പിച്ച ആ രാജ്യത്തിന്റെ പാരമ്പര്യം പടിഞ്ഞാറിന് അടിയറവെക്കുകയാണ് മുബാറക്.''
ഇപ്പറയുന്ന നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ഈജിപ്തില്‍ നടക്കുമെന്ന് കരുതാനാവുമോ? പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഭയന്നിരുന്ന ആ നാട്ടില്‍ ഇപ്പോള്‍ ജനകീയ പ്രതിഷേധങ്ങള്‍ വ്യാപകമാണ്. കഴിഞ്ഞ മാസം അലക്സാണ്ട്രിയ നഗരത്തിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് നാലായിരത്തിലേറെ പേരാണ്. ഈജിപ്തില്‍ ഇത് വലിയൊരു സംഖ്യയാണ്. അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ മുബാറകിന്റെയും കൂട്ടരുടെയും പിടിയില്‍നിന്ന് ഈജിപ്തിന് മോചനം കിട്ടൂ.


[email protected]

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly