Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
കവര്‍‌സ്റ്റോറി


നോമ്പ്
ദേഹേഛകള്‍ക്കെതിരെ ദൈവേഛയുടെ പരിച

 

# എ.കെ അബ്ദുന്നാസര്‍

 
 


സത്യവിശ്വാസികള്‍ കഴിഞ്ഞ പതിനൊന്ന് മാസമായി മഴമേഘത്തെ കാക്കുന്ന വേഴാമ്പലുകളെപ്പോലെ പ്രാര്‍ഥനാ നിരതരായി പ്രതീക്ഷിക്കുന്ന റമദാന്‍ മാസം സമാഗതമായി. അല്ലാഹുവിന്റെ കാരുണ്യം വിശുദ്ധ ഖുര്‍ആന്റെ രൂപത്തില്‍ അവതരിച്ച ഈ മാസം വിശ്വാസികളുടെ കല്ലും മുള്ളും നിറഞ്ഞ ജീവിതപന്ഥാവില്‍ പകര്‍ന്നു നല്‍കുന്ന പ്രതീക്ഷയും പ്രത്യാശയും നവോന്മേഷവും ചെറുതല്ല. അതുകൊണ്ടാണ് വിശ്വാസത്തിന്റെ തരിമ്പെങ്കിലും ഹൃദയത്തിലവശേഷിക്കുന്നവരെല്ലാവരും റമദാന്‍ മാസത്തെ ഹൃദയത്തിലേറ്റു വാങ്ങുകയും സ്വീകരിച്ചാനയിക്കുകയും ചെയ്യുന്നത്. നന്മകള്‍ക്ക് എഴുപത് മുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം നല്‍കപ്പെടുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവന്ന് അവന്റെ അടിയാറുകളെ മാടിവിളിക്കുകയും ചെയ്യുന്ന പുണ്യമാസം ആരിലാണ് സന്തോഷത്തിന്റെ ഹര്‍ഷപുളകങ്ങള്‍ ജനിപ്പിക്കാതിരിക്കുക!
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമായതുകൊണ്ടാണ് റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. "ജനങ്ങള്‍ക്ക് സന്മാര്‍ഗമായും അതിന്റെ വിശദീകരണമായും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് റമദാനിലത്രെ. അതിനാല്‍ ആ മാസത്തിന് സാക്ഷിയാകുന്നവര്‍ നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ.'' ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഒരു ഹദീസ് പ്രകാരം ഇബ്റാഹീം നബിയുടെ ഏടുകളും തൌറാത്തും ഇഞ്ചീലും അവതീര്‍ണമായതും റമദാന്‍ മാസത്തിലാണ്. അല്ലാഹു ചില വ്യക്തികളെ മറ്റു ചില വ്യക്തികളെക്കാളും, ചില സ്ഥലങ്ങളെ മറ്റു ചില സ്ഥലങ്ങളെക്കാളും, ചില മാസങ്ങളെ മറ്റു ചില മാസങ്ങളെക്കാളും, ചില ദിവസങ്ങളെ മറ്റു ചില ദിവസങ്ങളെക്കാളും, ചില സമയങ്ങളെ മറ്റു ചില സമയങ്ങളെക്കാളും ശ്രേഷ്ഠമാക്കിയിരിക്കുന്നു. റമദാന്‍ ഇങ്ങനെ ആദരിക്കപ്പെട്ട മാസങ്ങളിലൊന്നാണ്.
നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിങ്ങനെ നാല് പ്രധാന ആരാധനകളാണ് ഇസ്ലാമിലുള്ളത്. മുന്‍ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കും ഈ ആരാധനകള്‍ അവരുടെ കാലത്തിനും സ്ഥലത്തിനുമനുസരിച്ച രൂപത്തില്‍ നിര്‍ബന്ധമായിരുന്നുവെന്നാണ് വിശുദ്ധ ഖുര്‍ആനില്‍നിന്ന് മനസ്സിലാവുന്നത്. "നാം അവരെ നമ്മുടെ ആജ്ഞാനുസാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കി. അവര്‍ക്ക് നാം ദിവ്യബോധനം വഴി സല്‍ക്കര്‍മങ്ങള്‍ ചെയ്യാനും നമസ്കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും നിര്‍ദേശം നല്‍കി'' (അല്‍അമ്പിയാഅ് 73). "സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാവാന്‍ വേണ്ടി'' (അല്‍ബഖറ 183). "(ഇബ്റാഹീം നബിയോട്) താങ്കള്‍ ഹജ്ജിന് ജനങ്ങളോട് വിളംബരം ചെയ്യുക. അവര്‍ കാല്‍നടയായും വാഹനപ്പുറത്തും ദൂരദിക്കുകളില്‍നിന്ന് പോലും താങ്കളുടെയടുത്ത് വന്നെത്തും'' (ഹജ്ജ് 27).
ആരാധനകളുടെ യുക്തി
എന്തായിരിക്കാം ഈ ആരാധനകള്‍ക്ക് പിന്നിലെ യുക്തിയും രഹസ്യവും? യുക്തിജ്ഞനായ അല്ലാഹുവിന്റെ എല്ലാ കല്‍പനകളും നിരോധങ്ങളും നടപടിക്രമങ്ങളും വ്യക്തമായ യുക്തിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിലതൊക്കെ അല്ലാഹു തന്നെ വ്യക്തമാക്കിത്തന്നിട്ടുണ്ട്. മറ്റു ചിലത് നമുക്ക് ചിന്തിച്ച് മനസ്സിലാക്കാനായെന്ന് വരും; നമ്മുടെ നിഗമനങ്ങളും കണ്ടെത്തലുകളും തെറ്റാവാനുള്ള സാധ്യതയുണ്ടെങ്കിലും. ഏതായാലും ഡോ. യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെടുന്നതുപോലെ, "ഇബാദത്തുകളുടെ അടിസ്ഥാനം അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിധേയമായും സൃഷ്ടികളുടെ മേലുള്ള അവന്റെ അവകാശമെന്ന നിലക്കും അവന്റെ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകാശനമായും അത് നിര്‍വഹിക്കപ്പെടുകയെന്നതാണ്. ഈ ഇബാദത്തുകള്‍ക്ക് മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ എന്തെങ്കിലും പ്രതിഫലനങ്ങളും ഉപകാരങ്ങളും ഉണ്ടാവുക അനിവാര്യമല്ല. മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് ബോധ്യപ്പെടുന്ന യുക്തിയും അതിനുണ്ടായിക്കൊള്ളണമെന്നില്ല. കാരണം മനുഷ്യന് തന്റെ റബ്ബിനോടുള്ള വിധേയത്വം മനസ്സിലാക്കുകയാണതിന്റെ ലക്ഷ്യം. അതിന്റെ വിശദാംശങ്ങളുടെ രഹസ്യം മനസ്സിലാക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. കാരണം അടിമ അടിമയും ഉടമ ഉടമയുമാണ്. മനുഷ്യന്‍ അവന്റെ പരിമിതി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അവനെത്ര ഭാഗ്യവാന്‍.
മനുഷ്യന്‍ തന്റെ പരിമിതമായ ബുദ്ധിക്ക് യോജിച്ചതും യുക്തിക്ക് ബോധ്യപ്പെടുന്നതുമായ കാര്യങ്ങളിലേ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയുള്ളൂവെന്ന് ശഠിക്കുകയും മറ്റു കാര്യങ്ങളില്‍ അവന്‍ വിമുഖത കാണിക്കുകയുമാണെങ്കില്‍ യഥാര്‍ഥത്തില്‍ അവന്‍ ഇബാദത്ത് ചെയ്യുന്നത് തന്റെ യജമാനനും ഉടമയുമായ അല്ലാഹുവിനല്ല, സ്വന്തം ബുദ്ധിക്കും ദേഹേഛക്കുമാണ്'' (ഇബാദത്തുകള്‍ ഇസ്ലാമില്‍ പേജ് 217,218).
ഇബാദത്തുകള്‍ക്ക് പിന്നിലെ യുക്തിയെക്കുറിച്ചും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന/ ഉണ്ടാക്കേണ്ട പ്രതിഫലനങ്ങളെക്കുറിച്ചും പഠന മനനങ്ങളും അന്വേഷണങ്ങളും ആയിക്കൂടെന്ന് മേല്‍പറഞ്ഞതിന് അര്‍ഥമില്ല. വിഷയത്തോടുള്ള നമ്മുടെ അടിസ്ഥാന സമീപനം എന്തായിരിക്കണമെന്നാണ് ഡോ. ഖറദാവി വ്യക്തമാക്കിയത്. ഇതേ കാര്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമാം ഗസ്സാലി മറ്റൊരു ഭാഷയില്‍ 'അല്‍മുന്‍ഖിദ് മിനള്ളലാല്‍' എന്ന കൃതിയില്‍ വിശദമാക്കിയിട്ടുണ്ട്.
നോമ്പും ദേഹേഛയും
ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരവും സകാത്തും നോമ്പും ഹജ്ജും ഒന്നിനൊന്ന് വ്യതിരിക്തവും, രൂപത്തിലും ഭാവത്തിലും വ്യത്യസ്തവുമാണ്. അവക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലത്തിലും ഈ വ്യത്യാസം കാണാം. ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമതായിട്ടാണ് വ്രതാനുഷ്ഠാനം ഗണിക്കപ്പെടുന്നതെങ്കിലും അല്ലാഹു ഈ അനുഷ്ഠാനത്തെ തന്നിലേക്ക് പ്രത്യേകം ചേര്‍ത്ത് പറഞ്ഞുകൊണ്ട് പ്രത്യേക പദവി നല്‍കിയിരിക്കുന്നു. ഖുദ്സിയായ ഒരു ഹദീസില്‍ നബി(സ) അരുളി: "മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതത്രെ; നോമ്പൊഴികെ. അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്.'' മനുഷ്യന്‍ അനുഷ്ഠിക്കുന്ന എല്ലാ ഇബാദത്തുകളും അല്ലാഹുവിനായിരിക്കെ നോമ്പിനെ അല്ലാഹു പ്രത്യേകം തന്നിലേക്ക് ചേര്‍ത്തുപറഞ്ഞത് അത് മറ്റു ഇബാദത്തുകളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യനെ ജീവിതാസ്വാദനങ്ങളില്‍നിന്നും ജഡികേഛകളില്‍നിന്നും തടയുന്നതുകൊണ്ടും നോമ്പ് മനുഷ്യനും അല്ലാഹുവും തമ്മിലുള്ള സ്വകാര്യമായ ഒരു കര്‍മമായതുകൊണ്ടുമാണെന്ന് ഇമാം ഖുര്‍ത്വുബി അഭിപ്രായപ്പെടുന്നു.
ആര്‍ക്കാണ് സ്വര്‍ഗം എന്ന ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം 'ആര്‍ അല്ലാഹുവിനെ ഭയപ്പെടുകയും സ്വന്തത്തെ ദേഹേഛയില്‍നിന്ന് തടയുകയും ചെയ്യുന്നുവോ അവന്റെ വാസസ്ഥലം സ്വര്‍ഗമത്രെ' എന്നാണ്. ഈ ആയത്തുകളെ ശഹീദ് സയ്യിദ് ഖുത്വ്ബ് വിശദീകരിക്കുന്നതിങ്ങനെ: "സ്വന്തത്തെ ദേഹേഛയില്‍നിന്ന് തടയുകയാണ് അല്ലാഹുവിനുള്ള അനുസരണത്തിന്റെ പരിധിയില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള വഴി. എല്ലാ അതിക്രമങ്ങളുടെയും പരിധി ലംഘനത്തിന്റെയും തെറ്റിന്റെയും ശക്തമായ പ്രചോദനം ദേഹേഛയാണ്. എല്ലാ വിപത്തുകളുടെയും അടിസ്ഥാനവും തിന്മയുടെ ഉറവിടവും അതുതന്നെ.'' ദേഹേഛയുടെ കുത്തൊഴുക്കിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അല്ലാഹുവിനെക്കുറിച്ച ഭയത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നു. നോമ്പിലൂടെ വിശ്വാസി യഥാര്‍ഥത്തില്‍ സാധിക്കുന്നതും സാധിക്കേണ്ടതും ഇതുതന്നെയാണ്. യാതൊരു പ്രകടനപരതക്കും സാധ്യതയില്ലാത്ത, ഏകാന്തവും സ്വകാര്യവുമായ ചുറ്റുപാടില്‍ പോലും വിശ്വാസി ദൈവഭയത്താല്‍ പ്രചോദിതനായി തന്റെ നൈസര്‍ഗിക ആവശ്യങ്ങളായ വെള്ളം, ഭക്ഷണം, ലൈംഗികത എന്നിവയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ ചെയ്യുന്നത്. ഇതത്ര അനായാസരകമല്ല. ഇമാം റാസി ചൂണ്ടിക്കാട്ടുന്നതുപോലെ, ഭക്ഷണ പാനീയങ്ങളോടും ലൈംഗികതയോടുമുള്ള മനുഷ്യന്റെ അഭിനിവേശം മറ്റെന്തിനോടുള്ളതിനേക്കാളും തീവ്രമാണ്. അല്ലാഹുവിന് വേണ്ടി അത് നിയന്ത്രിക്കാനായാല്‍ അല്ലാഹുവിന് വേണ്ടി മറ്റേത് കാര്യങ്ങളും ഉപേക്ഷിക്കാനും നിയന്ത്രിക്കാനും അവന് സാധിക്കും. ഇമാം ഇബനുല്‍ ഖയ്യിം പറയുന്നു: "ദേഹേഛയോട് എതിരിടുന്നത് മനുഷ്യന്റെ ശരീരത്തിനും മനസ്സിനും നാവിനും ശക്തി പകരും. ദേഹേഛയെ അതിജയിക്കുന്നവന്‍ ഒറ്റക്ക് ഒരു പട്ടണം ജയിച്ചടക്കിയവനേക്കാള്‍ ശക്തനാണെന്നാണ് മുന്‍ഗാമികള്‍ അഭിപ്രായപ്പെടുന്നത്.''
മണ്ണിന്റെയും വിണ്ണിന്റെയും അംശങ്ങള്‍- ശരീരവും ആത്മാവും- കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. ശരീരത്തിന് പോഷണങ്ങള്‍ ആവശ്യമുള്ളതുപോലെ ആത്മാവിനും പോഷണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന്റെ പോഷണം ഭക്ഷണപാനീയങ്ങളാണെങ്കില്‍ ആത്മാവിന്റേത് മൂല്യങ്ങളാണ്. ഇവ രണ്ടിനെയും പരിപോഷിപ്പിച്ച് ശരീരവും ആത്മാവും തമ്മിലുള്ള സന്തുലനം കാത്തുസൂക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ ഒരു മാതൃകാ വ്യക്തിത്വം ആയിത്തീരുന്നത്. ശരീരത്തെ പൂര്‍ണമായി അവഗണിച്ച് അതിനെ ആത്മാവിന്റെ തടവറയായി കണ്ട് മോചനം തേടുന്ന 'പരിത്യാഗി'യുടെ രീതി ഭൂമിയിലെ മനുഷ്യന്റെ പ്രാതിനിധ്യ ധര്‍മം നിര്‍വഹിക്കാന്‍ സഹായകമോ ഇസ്ലാമികമോ അല്ല. ശരീരത്തെ മുഖ്യമായി കണ്ട് ആത്മാവിനെ അവഗണിക്കുന്നതാകട്ടെ, വ്യക്തിയെ മാത്രമല്ല ഭൂമിയെയും പ്രപഞ്ചത്തെയും അപകടപ്പെടുത്തുകയും ചെയ്യും.
ശഹീദ് സയ്യിദ് ഖുത്വ്ബ് അഭിപ്രായപ്പെടുന്നതുപോലെ ജന്മസിദ്ധമായ ഇഛകളുടെ ഉന്മൂലനമോ പൂര്‍ണമായ നിരാകരണമോ ഇസ്ലാം ലക്ഷ്യമാക്കുന്നില്ല. പകരം അതിന്റെ കടിഞ്ഞാണ്‍ കൈയിലെടുക്കാനും ഇഛ മനുഷ്യന്റെ യജമാനനാകുന്നതിന് പകരം അതിനെ അടിമയാക്കാനുമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഈ അര്‍ഥത്തില്‍ ജഡികേഛകളെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്നതിനും അതിനെ അതിജയിക്കുന്നതിനും വ്രതാനുഷ്ഠാനത്തോളം പോന്ന മറ്റൊരു പരിശീലനക്കളരിയുണ്ടെന്ന് തോന്നുന്നില്ല. നബി(സ) അരുളി: "സ്വര്‍ഗം ക്ളിഷ്ടതകള്‍ കൊണ്ട് നിറക്കപ്പെട്ടിരിക്കുന്നു. നരകമാകട്ടെ ആസ്വാദനങ്ങള്‍ കൊണ്ടും.'' അഥവാ ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഗിരിശൃംഗങ്ങള്‍ താണ്ടിയാലേ സ്വര്‍ഗത്തിലെത്താനാവൂ. അത് ഒഴുക്കിനെതിരെയുള്ള നീന്തലാണ്, അതിനാല്‍ തന്നെ ആയാസകരവും. ദേഹേഛക്കൊത്തുള്ള ജീവിതം ഒഴുക്കിനൊത്തുള്ള നീന്തലാണ്, എളുപ്പമാണ്. പക്ഷേ, അന്ത്യം വിനാശകരമാണ്. അതിനാല്‍ ദേഹേഛക്കെതിരെയുള്ള യുദ്ധമായ നോമ്പിലൂടെ സ്വയം അഗ്നിസ്ഫുടം ചെയ്തെടുത്തേ ശാശ്വത നരകത്തില്‍നിന്ന് രക്ഷപ്പെടാനാവൂ.
നോമ്പും നിശ്ചയദാര്‍ഢ്യതയും
മനോബലവും നിശ്ചയദാര്‍ഢ്യതയുമാണ് എല്ലാ വിജയങ്ങളുടെയും പുരോഗതിയുടെയും അടിസ്ഥാനം. ആധുനിക മനഃശാസ്ത്ര പഠനങ്ങളെല്ലാം അക്കാര്യം അടിവരയിടുന്നുണ്ട്. മനസ്സിനെ നിര്‍വചിക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ലെങ്കിലും മനോനില മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. തീരുമാനങ്ങളെടുക്കാനും അതിലുറച്ച് നിന്ന് മുന്നോട്ട് പോകാനും കഴിയാത്തതിനാല്‍ ജീവിതത്തില്‍ ഒന്നും നേടാനാവാത്ത എത്ര ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. പ്രതിഭയും അനുകൂല ജീവിത ചുറ്റുപാടുകളുമുണ്ടായിട്ട് പോലും അവര്‍ മത്സരത്തില്‍ നിന്ന് പുറത്താകുന്നു. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ പരിശീലനമാവശ്യമുള്ളത് പോലെ മനോബലം വര്‍ധിപ്പിക്കാനും പരിശീലനമാവശ്യമാണ്. നോമ്പിലൂടെ വിശ്വാസി സാധിക്കുന്നതും/സാധിക്കേണ്ടതുമതാണ്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നീണ്ട പകല്‍ വേള മുഴുവന്‍ ഭക്ഷണ പാനീയങ്ങളും മൈഥുനവും ഉപേക്ഷിക്കുന്ന വിശ്വാസി സ്വന്തം ശരീരത്തിന്റെയും ചുറ്റുപാടുകളുടെയും സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മധ്യേയാണ്. കൈയെത്തും ദൂരത്ത് രുചികരമായ ഭക്ഷണങ്ങളും പാനീയങ്ങളും സുന്ദരിയായ ഭാര്യയുമുണ്ട്. പക്ഷേ, അവന്‍ ചഞ്ചലനാകുന്നില്ല. അവന്റെ മനസ് നിറയെ നോമ്പുതുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷത്തിന്റെ ഓര്‍മകളാണ്. അവന്റെ കണ്ണ് തനിക്ക് വേണ്ടി മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്ന സ്വര്‍ഗത്തിന്റെ 'റയ്യാന്‍' കവാടത്തിലാണ്.
നിശ്ചയദാര്‍ഢ്യതയുടെ അഭാവമാണ് ആദിപിതാവ് വിലക്കപ്പെട്ട കനി തിന്നാനും സ്വര്‍ഗത്തില്‍നിന്ന് പുറത്താകാനും കാരണമായത്. "നാം ഇതിന് മുമ്പ് ആദമിന് ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല'' (ത്വാഹ 115). ധര്‍മാധര്‍മ ബോധവും ഉദ്ദേശ്യശുദ്ധിയും മാത്രം ഉണ്ടായാല്‍ പോരാ. ഇത് രണ്ടും ആദം നബിക്ക് വോണ്ടുവോളം ഉണ്ടായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങളെ അതിജയിക്കാനുള്ള മനക്കരുത്തായിരുന്നു അദ്ദേഹത്തിന് ഇല്ലാതെ പോയത്. ഈ മനക്കരുത്തിന്റെ അഭാവത്തില്‍ വിശ്വാസിക്ക് അവന്റെ വാഗ്ദത്ത സ്വര്‍ഗം നഷ്ടപ്പെട്ടേക്കാം. അതിനാല്‍ കരുണാവാരിധിയായ അല്ലാഹു വര്‍ഷത്തിലൊരു മാസം അവന്റെ അടിയാറുകളുടെ നിശ്ചയദാര്‍ഢ്യം വര്‍ധിപ്പിക്കാനായി 'റമദാന്‍ പാഠശാല'യിലേക്കയക്കുകയാണ്.
വിവാഹം കഴിക്കാന്‍ സാധിക്കാത്ത യുവാക്കളോടു നബി(സ) നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചത് അവരുടെ മനോബലം വര്‍ധിപ്പിച്ച് കാമനയെ ചെറുക്കാന്‍ അവരെ പ്രാപ്തരാക്കുകയെന്ന് ഉദ്ദേശ്യത്തിലാവാം. ഭക്ഷണ പാനീയങ്ങള്‍ കുറച്ച് യുവാക്കളുടെ ലൈംഗിക തൃഷ്ണകളെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണ് അവരോട് നോമ്പെടുക്കാന്‍ കല്‍പിച്ചതെന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രകോപനങ്ങളെ അതിജയിക്കുക
ആത്മ നിയന്ത്രണമെന്നത് അച്ചടക്കമുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും സവിശേഷ ലക്ഷണമാണ്. വിശ്വാസിക്ക് പ്രലോഭനങ്ങളെ മാത്രമല്ല പ്രകോപനങ്ങളെയും എതിരിടേണ്ടതുണ്ട്. പ്രലോഭനങ്ങളെ വിജയകരമായി അതിജയിക്കുന്നവര്‍ പോലും ചിലപ്പോള്‍ പ്രകോപനങ്ങളുടെ മുമ്പില്‍ കാലിടറി വീഴുന്നു. നോമ്പ് പ്രലോഭനങ്ങള്‍ക്കെതിരിലുള്ളതെന്ന പോലെ പ്രകോപനങ്ങള്‍ക്കെതിരിലുമുള്ള സംയമനത്തിന്റെയും ക്ഷമയുടെയും പരിചയാണ്. നബി(സ) അരുളി "നോമ്പ് പരിചയാണ്. നിങ്ങള്‍ നോമ്പുകാരനായിരിക്കെ അശ്ളീലം പ്രവര്‍ത്തിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. അവനെയാരെങ്കിലും ആക്ഷേപിക്കുകയോ അവനോടാരെങ്കിലും കലഹിക്കുകയോ ചെയ്താല്‍, അവന്‍ നോമ്പു കാരനാണെന്ന് പറഞ്ഞു കൊള്ളട്ടെ.'' "എന്നെ ഉപദേശിച്ചാലും'' എന്ന് പറഞ്ഞ് ഒരാള്‍ സമീപിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞത് കോപിക്കരുതെന്നാണ്. കോപാന്ധനാകുമ്പോള്‍ നിലയും വിലയും മറക്കുകയും മൃഗസമാനനായി പരിസരബോധം മറന്ന് പ്രതികരിക്കുകയും ചെയ്യുന്നു. അതിനാലാണ് നബി(സ) പറഞ്ഞത്: "മല്‍പ്പിടുത്തത്തില്‍ പ്രതിയോഗിയെ തോല്‍പിക്കുന്നവനല്ല ശക്തന്‍, പ്രത്യുത കോപം വരുമ്പോള്‍ നിയന്ത്രിക്കുന്നവനാണ്'' എന്ന്.
കോപവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങളുടെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് അല്ലാഹുവിന്റെയും പ്രവാചകന്റെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയും മൂല്യങ്ങള്‍ ധ്വംസിക്കപ്പെടുകയും ചെയ്യുമ്പോള്‍ ധാര്‍മിക രോഷമുണ്ടാവണമെന്നാണ്. പക്ഷേ, കെട്ടഴിച്ചുവിട്ട കാളക്കൂറ്റനെപ്പോലെ അവശേഷിക്കുന്ന നന്മയും ചവിട്ടിമെതിക്കാന്‍ അത് കാരണമായിക്കൂടാ. കാര്യത്തിന്റെ വരും വരായ്കകളും ആഘാത പ്രത്യാഘാതങ്ങളും മനസിലാക്കി വേണം പ്രതികരിക്കാന്‍; വിശേഷിച്ച് രോഷം ജനാധിപത്യപരമായും അഹിംസാ മാര്‍ഗേണയും പ്രകടിപ്പിക്കാന്‍ അവസരമുണ്ടായിരിക്കെ.
സാന്ത്വന സ്പര്‍ശം
റമദാനെ സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും മാസമെന്ന് (ശഹ്റുല്‍ മുവാസാത്ത്) നബി(സ) വിശേഷിപ്പിക്കുകയുണ്ടായി. ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു പക്ഷേ, ഈ തിരുവചനത്തെക്കുറിച്ച് അറിയില്ലെങ്കിലും റമദാന്‍ മാസത്തെ അവര്‍ തിരിച്ചറിയുന്നത് ആളുകളുടെ കൈമെയ് മറന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്. തിരുനബി ദാനധര്‍മങ്ങള്‍ക്ക് നല്‍കിയ വര്‍ധിച്ച പ്രോത്സാഹനമാണ് അതിന്റെ മുഖ്യകാരണം. അവിടുന്ന് സ്വയം തന്നെ അതിനുള്ള ജീവിക്കുന്ന ഉദാഹരണമായിരുന്നു. 'അദ്ദേഹം അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ഉദാരനായിരുന്നു'വല്ലോ റമദാനില്‍.
മാത്രമല്ല നോമ്പിലൂടെ പൈദാഹങ്ങളുടെ കാഠിന്യം തിരിച്ചറിയുന്ന ഐശ്വര്യവാനായ സത്യവിശ്വാസിക്ക് അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാതിരിക്കാനും പട്ടിണിപ്പാവങ്ങളായ സഹജീവികള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാതിരിക്കാനും കഴിയുമോ? ഒരിക്കലുമില്ല. വിശപ്പെന്ന് കേള്‍ക്കുമ്പോള്‍, വിശപ്പോ, അതെന്താണ് സാധനം എന്ന് പുരികമുയര്‍ത്തുന്ന സമൂഹത്തിലെ വരേണ്യ വര്‍ഗത്തിന് അത് സ്വയം അനുഭവിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയതിലൂടെ അല്ലാഹു ചെയ്തത്. കേട്ടറിവും അനുഭവിച്ചറിയലും രണ്ടാണ്. നോമ്പിലൂടെ വിശപ്പും ദാഹവും അനുഭവിച്ചറിയുന്ന സത്യവിശ്വാസി ഒരേസമയം പാവപ്പെട്ടവന്റെ വേദനകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും തിരിച്ചറിയുന്നു. അത് ദാനധര്‍മങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി പരന്നൊഴുകുന്നു. വ്യക്തികളെന്ന നിലക്കും ഒരു സമുദായമെന്ന നിലക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയധികം ധനം ചെലവഴിക്കുന്ന ഒരു വിഭാഗം മുസ്ലിംകളെപ്പോലെ വേറെയുണ്ടാവില്ലെന്ന് ഒരു കണക്കെടുപ്പുമില്ലാതെ പറയാന്‍ കഴിയും. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നീക്കിയിരുപ്പിന്റെ ബലത്തില്‍ നടക്കുന്നതല്ല ഈ പ്രവര്‍ത്തനങ്ങള്‍. സമുദായത്തിലെ എല്ലാ ആളുകളും ഏറിയോ കുറഞ്ഞോ ഇതില്‍ പങ്കാളിത്തം വഹിക്കുന്നു. നോമ്പ് ഒരു രാസത്വരകമായി ഇതില്‍ പങ്ക് വഹിക്കുന്നു.
രാജ്യത്തിന്റെ ഖജനാവ് കൈയില്‍ വന്നിട്ടും യൂസുഫ് നബിക്ക് ധാരാളം നോമ്പെടുക്കുന്ന പതിവുണ്ടായിരുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനപ്പോഴും വയറ് നിറച്ചാല്‍ പാവപ്പെട്ടവന്റെ പട്ടിണി ഞാന്‍ മറന്നു പോകാനിടയുണ്ട്.'' തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ) അരുളി: "മക്കയുടെ താഴ്വാരം മുഴുവന്‍ സ്വര്‍ണമാക്കിത്തരാമെന്ന് എന്റെ നാഥന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. വേണ്ട റബ്ബേ, ഞാന്‍ ഒരു ദിവസം വയറ് നിറക്കുകയും അടുത്ത ദിവസം പട്ടിണി കിടക്കുകയും ചെയ്യാം. വിശന്നാല്‍ ഞാന്‍ വിനീതനാവുകയും നിന്നെ സ്മരിക്കുകയും ചെയ്യും. വയറ് നിറഞ്ഞാല്‍ നിനക്ക് നന്ദി പറയുകയും നിന്നെ സ്തുതിക്കുകയും ചെയ്യും.''
ക്ഷമയുടെ മാസം
റമദാന്‍ മാസത്തെ 'സ്വബ്റി(ക്ഷമ)ന്റെ മാസമെന്ന് നബി(സ) വിശേഷിപ്പിക്കുകയുണ്ടായി. പണ്ഡിതന്മാര്‍ ക്ഷമയെ മൂന്നായി തരം തിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുന്നതിനുള്ള ക്ഷമ, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കാനുള്ള ക്ഷമ, ദൈവിക മാര്‍ഗത്തിലുണ്ടാകുന്ന പ്രയാസങ്ങളോടുള്ള ക്ഷമ. ഈ മൂന്നുതരം ക്ഷമയും ഒരേ സമയം നോമ്പില്‍ അന്തര്‍ലീനമാണ്. ഇവ അവലംബിക്കാതെ ഒരാള്‍ക്ക് ശരിയായ നോമ്പുകാരനാവുക സാധ്യമല്ല. അതിനാല്‍ തന്നെ നോമ്പിനെ അല്ലാഹു പ്രത്യേകമായി തന്നിലേക്ക് ചേര്‍ത്തു പറഞ്ഞതില്‍ അത്ഭുതമില്ല. അറിയുക "ക്ഷമാലുക്കള്‍ക്ക് മാത്രമാണ് തങ്ങളുടെ പ്രതിഫലം കണക്കില്ലാതെ ലഭിക്കുന്നത്'' (അസ്സുമര്‍ 10).
നോമ്പിനെ ഇമാം ഗസ്സാലി മൂന്നായി തിരിച്ചിരിക്കുന്നു. ഒന്ന്, സാധാരണക്കാരുടെ നോമ്പ്. വയറിനെയും ലൈംഗിക അവയവത്തെയും സൂക്ഷിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. രണ്ട്, വിശിഷ്ട നോമ്പ്. വയറിനെയും ലൈംഗിക അവയവത്തെയും സൂക്ഷിക്കുന്നതോടൊപ്പം കണ്ണ്, കാത്, നാവ്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങളെയും അല്ലാഹു വിലക്കിയതില്‍നിന്ന് അവര്‍ സൂക്ഷിക്കുന്നു. മൂന്ന്, അതിവിശിഷ്ട നോമ്പ്. മേല്‍ അവയവങ്ങളെ സൂക്ഷിക്കുന്നതോടൊപ്പം അവരുടെ മനസും ചിന്തുയുമടക്കം എല്ലാ ഭൌതിക കാര്യങ്ങളില്‍നിന്ന് മുക്തമായി അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുന്നു.
ഇതില്‍ രണ്ടാമത് പറഞ്ഞ വിഭാഗത്തിലെങ്കിലും ഉള്‍പ്പെടുന്നവരുടെ നോമ്പ് മാത്രമേ സാര്‍ഥകമാവുകയുള്ളൂ. ഒന്നാമത് പറഞ്ഞ വിഭാഗത്തിന് ലഭിക്കുക, നബി(സ) മുന്നറിയിപ്പ് നല്‍കിയത് പോലെ വിശപ്പും ദാഹവും മാത്രമാണ്. തിരുമേനി വാഗ്ദാനം ചെയ്ത പാപമോചനത്തിന് അര്‍ഹത നേടിയെടുക്കാന്‍ നോമ്പിലൂടെ സാധിക്കുകയും അല്ലാഹുവിന്റെയടുത്ത് നോമ്പ് സ്വീകാര്യമാവുകയും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ "റമദാന്‍ സമാഗതമാവുകയും എന്നിട്ട് പാപങ്ങള്‍ പൊറുക്കപ്പെടാതെ ആ മാസം കഴിഞ്ഞു പോവുകയും ചെയ്തവര്‍ക്ക് നാശം'' എന്ന് പറഞ്ഞ വിഭാഗത്തില്‍ നാമും പെട്ട് പോവും. അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ റമദാന്‍ മാസത്തെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ.


[email protected]

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly