വരുന്ന സെപ്റ്റംബര്‍ 11 വേള്‍ഡ് സെന്റര്‍-പെന്റഗണ്‍ ആക്രമിക്കപ്പെട്ടതിന്റെ ഒമ്പതാം വാര്‍ഷികമാണ്. ഇസ്ലാമോഫോബിയ തലക്ക് പിടിച്ച അമേരിക്കന്‍ പട്ടണമായ ഫ്ളോറിഡയിലെ ഒരു പാസ്ററും സംഘവും അത്യധികം അപകടകരവും വര്‍ഗീയ വിദ്വേഷം ആളിക്കാത്തിനടയാക്കുന്നതുമായ ഒരു കാമ്പയിനാണ് ഈ ദിവസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്ളോറിഡയിലെ ഗൈനസ് വില്ല (Gaines Ville) പ്രദേശത്തെ ഡോവ് വേള്‍ഡ് ഔട്ട് റീച്ച് സെന്റര്‍ (Dove World Outreach Centre) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ചും അതിന് നേതൃത്വം നല്‍കുന്ന ടെറി ജോണ്‍സ് എന്ന ചര്‍ച്ച് മേധാവിയും വരുന്ന സെപ്റ്റംബര്‍ 11 അന്താരാഷ്ട്ര ഖുര്‍ആന്‍ കത്തിക്കല്‍ ദിന (International Burn a Quran Day) മായി ആചരിക്കുമെന്നാണത്രെ പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 11 സംഭവത്തിനു പിറകില്‍ ഒരുപറ്റം ഇസ്ലാമിക തീവ്രവാദികളാണെന്നും സമാനമായ മറ്റു പല ഭീകരപ്രവര്‍ത്തനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതിന് അവരെ പ്രചോദിപ്പിക്കുന്നത് ഖുര്‍ആനാണെന്നുമാണ് ചര്‍ച്ച് മേധാവി ന്യായം ചമക്കുന്നത്. വിവിധ വെബ് സൈറ്റുകളിലൂടെയും ഫേസ് ബുക്ക്-യൂട്യൂബിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും ഇതിനകം ഈ ആഹ്വാനം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞിരിക്കുന്നു. സെപ്റ്റംബര്‍ 11 വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെയാണ് 'കത്തിക്കല്‍' സമയം.
ടെറി ജോണ്‍സിന്റെ വാക്കുകള്‍ കാണുക: "ഇസ്ലാം പിശാചിന്റെ മതമാണ്. ബില്യന്‍ കണക്കിന് ജനങ്ങളെ നരകത്തിലേക്കാണ് അവര്‍ വഴിനടത്തുന്നത്. ഇസ്ലാം വഞ്ചനയുടെ മതമാണ്. മുസ്ലിംകളാകട്ടെ വികാരജീവികളും അവിവേകികളുമാണ്. ഇവര്‍ അപകടകാരികളാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.'' ഇയാള്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. 'ഇസ്ലാം പിശാചില്‍നിന്നുള്ളത്' (Islam is of the Devil) എന്നാണ് പേര്. അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച, യാഥാര്‍ഥ്യത്തോട് തരിമ്പും നീതിപുലര്‍ത്തിയ പൊതു പുസ്തകം. Islam is of the Devil എന്ന് മുദ്രണം ചെയ്ത കപ്പുകളും പാത്രങ്ങളും ടീഷര്‍ട്ടുകളും വ്യാപകമായി വിപണിയിലെത്തിക്കാനും ഈ സംഘം രംഗത്തിറങ്ങിക്കഴിഞ്ഞു.
മുസ്ലിംകള്‍ ബൈബിള്‍ കത്തിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ താങ്കളുടെ നിലപാടെന്തായിരിക്കുമെന്ന സി.എന്‍.എന്‍ പ്രതിനിധിയുടെ ചോദ്യത്തിന് ടെറി ജോണിന്റെ മറുപടി: "എന്നെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യമല്ലിത്. പക്ഷേ എനിക്കതിനെ പ്രതിരോധിക്കാനാകില്ല.''
അമേരിക്കന്‍ മുസ്ലിംകള്‍ തികഞ്ഞ സംയമനവും പക്വതയുമുള്ള നിലപാടാണ് ഈ വിദ്വേഷ കാമ്പയിന്‍ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക് അഡ്ഹോകസി ഗ്രൂപ്പ് കൌണ്‍സില്‍ എന്ന സംഘടന ഇതിനെതിരെ 'ഷെയര്‍ ദി ഖുര്‍ആന്‍' എന്ന പേരില്‍ ഒരു മറു കാമ്പയിന്‍ ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു ലക്ഷം ഖുര്‍ആന്‍ പ്രതികള്‍ ദേശീയ-സംസ്ഥാന-പ്രാദേശിക മേഖലയിലെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ കൈകളിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിന്‍. ഖുര്‍ആനെക്കുറിച്ച തെറ്റിധാരണകള്‍ ദൂരീകരിക്കാന്‍ ഈ കാമ്പയിനിലൂടെ കഴിയുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.
അമേരിക്കയിലെ പെന്‍സില്‍വാനിയാ പട്ടണത്തിലെ ഇസ്ലാമിക് സെന്റര്‍ മേധാവി നാസ്വിര്‍ സ്വലാഹ് പറയുന്നു: "ഖേദകരമാണ് ടെറി ജോണിന്റെ പ്രഖ്യാപനം. അമേരിക്കയിലെ വിവിധ മത ജാതി വിഭാഗങ്ങള്‍ ഒരുമയോടും പരസ്പര വിശ്വാസത്തോടെയുമാണ് ജീവിക്കുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന ഈ പ്രസ്താവന പരസ്പര വിശ്വാസം നഷ്ടപ്പെടുത്താനും പരവിദ്വേഷം ആളിക്കത്തിക്കാനും മാത്രമേ ഉപകരിക്കൂ.''
വില്‍ക്സ്ബാരിയിലെ കത്തോലിക്കാ ചര്‍ച്ച് മേധാവി ജോണിന്റെ കാമ്പയിന്‍ ആഹ്വാനത്തെ തള്ളിക്കളയുകയും അപലപിക്കുകയുമാണ് ചെയ്തത്. "അപക്വവും ജുഗുപ്സാവഹുമായ ഇത്തരം പ്രചാരണങ്ങളും ആഹ്വാനങ്ങളും മതങ്ങള്‍ തമ്മിലുള്ള ബന്ധം തകര്‍ക്കുകയാണ് ചെയ്യുക. ഈ വിദ്വേഷ പ്രചാരണവുമായി രംഗത്തിറങ്ങിയവര്‍ ആരാണെങ്കിലും അവര്‍ അതില്‍നിന്നും പിന്തിരിയേണ്ടതുണ്ട്. നമുക്കിടയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടാ. സംവാദത്തിന്റെ കവാടങ്ങള്‍ തുറന്നിടുകയാണ് നാം ചെയ്യേണ്ടത്''- അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും വലിയ മതവിഭാഗമായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ നാഷ്നല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കന്‍സ് എന്ന കൂട്ടായ്മയും ടെറി ജോണ്‍സിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. രണ്ട് മതങ്ങള്‍ തമ്മില്‍ ആഗോളതലത്തില്‍ വിദ്വേഷം ആളിക്കത്തിക്കാന്‍ ഇടയാക്കുന്ന ഈ അവിവേകത്തില്‍നിന്ന് പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
"ടെറി ജോണ്‍സ് വിശുദ്ധ പുരോഹിതനോ വലിയ സഭാ അധ്യക്ഷനോ അല്ല. പോപ്പ് ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളയുന്ന നിലപാട് ഇയാളുടേത്. മാധ്യമ ശ്രദ്ധ നേടിയെടുക്കാനും ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാനുമുള്ള അടവുകള്‍ മാത്രമാണിത്''- അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ്റ്റ്യന്‍ ഡീം പറയുന്നു.
ഈ വിദ്വേഷ പ്രചാരണത്തിനെതിരെ അമേരിക്കയിലെ പൊതു സമൂഹം രംഗത്തിറങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഏറെ ഗുണപരമായ വശം.
രാഷ്ട്രീയ പകപോക്കല്‍
മൌദൂദികൃതികള്‍ക്കു നേരെയും
വൃത്തികെട്ട രാഷ്ട്രീയ പകപോക്കലുകള്‍ക്ക് പേരുകേട്ട നാടാണ് ബംഗ്ളാദേശ്. അള്‍ട്രാ സെക്യുലരിസ്റുകളായ അവാമി ലീഗ് അധികാരത്തിലേറുമ്പോള്‍ പകപോക്കലിന്റെ രൂക്ഷത വല്ലാതെ കൂടും. അവാമി ലീഗ് നേതാവും ബംഗ്ളാദേശ് പ്രധാനമന്ത്രിയുമായ ശൈഖ് ഹസീന വാജിദ് ഇപ്പോള്‍ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത് അവിടത്തെ ജമാഅത്തെ ഇസ്ലാമിക്ക് നേരെയാണ്. ഇസ്ലാം, ഇസ്ലാമി തുടങ്ങിയ വാക്കുകള്‍ പേരിനോടൊപ്പമുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ അവാമി ലീഗ് രംഗത്ത് വന്നത് ഈയിടെയാണ്. മുന്‍ ഭരണകൂടത്തില്‍ പങ്കാളികളാവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ജമാഅത്തെ ഇസ്ലാമിയെ ഒതുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമേ ഇതിനു പിന്നിലുണ്ടായിരുന്നുള്ളൂ.
ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബംഗ്ളാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പള്ളി ലൈബ്രറികളില്‍ മൌദൂദികൃതികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്. ഇസ്ലാമിനെക്കുറിച്ച് വികലമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു എന്നാണ് വിലക്കിന് കാരണമായി പറഞ്ഞിരിക്കുന്നത്. അഞ്ചാറ് പതിറ്റാണ്ടുകളായി മൌദൂദി സാഹിത്യങ്ങള്‍ ബംഗ്ളാ ഭാഷയില്‍ പ്രചാരത്തിലുണ്ട്. മൌദൂദി കൃതികള്‍ നിരോധിക്കണമെന്ന് ജമാഅത്തിന്റെ ബദ്ധവൈരികള്‍ പോലും ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ല. അപ്പോള്‍ പൊടുന്നനെയുള്ള ഈ ഉള്‍വിളിക്ക് കാരണമെന്താവാം? രാഷ്ട്രീയ വൈരം തന്നെ. ഇസ്ലാമോഫോബിയ കത്തിനില്‍ക്കുന്ന സമയമായതിനാല്‍ ജമാഅത്തിനെ പോലുള്ള സംഘടനകള്‍ക്കെതിരെ പട നയിക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്.
ബംഗ്ളാദേശില്‍ മുഴുക്കെ മൌദൂദി കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന മട്ടിലാണ് മലയാള പത്രങ്ങളില്‍ ചിലര്‍ ഈ വാര്‍ത്ത ആഘോഷിക്കുന്നത്. ഞമ്മന്റെ നാട്ടിലും വിലക്ക് വേണം എന്ന് വ്യംഗ്യം. യഥാര്‍ഥത്തില്‍, ഗവണ്‍മെന്റിന്റെ കീഴിലുള്ള പള്ളികളോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍നിന്ന് മൌദൂദി കൃതികള്‍ നീക്കം ചെയ്യണം എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ബംഗ്ളാദേശില്‍ ഏകദേശം മൂന്ന് ലക്ഷം പള്ളികളുണ്ട്. ഇതില്‍ 24,000 ആണ് ഗവണ്‍മെന്റിന് കീഴിലുള്ളത്. ആ പള്ളികളിലെ ലൈബ്രറികള്‍ക്കേ വിലക്ക് ബാധകമാവൂ. കടകളിലും മറ്റു ലൈബ്രറികളിലും പുസ്തകങ്ങള്‍ വെക്കാം. പക്ഷേ, മൌദൂദി വിരോധം തലക്ക് പിടിച്ചവര്‍ കാള പെറ്റെന്ന് കേട്ടപ്പോഴേക്ക് കയറെടുത്തോടുകയാണ്.
ഡോ. അഹ്മദ് അസ്സാല്‍ വിടവാങ്ങി
വിജ്ഞാനകോശ സമാനമായ പാണ്ഡിത്യത്തിനുടമയും ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളിലൊരാളും ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറും ആയിരുന്ന ഡോ. അഹ്മദ് അസ്സാല്‍ ഇക്കഴിഞ്ഞ ജൂലൈ 10-ന് 82- ാമത്തെ വയസ്സില്‍ ഈജിപ്തില്‍ അന്തരിച്ചു. കയ്റോവിലെ ഓക്ടോബര്‍ സിക്സ് സിറ്റിയിലെ മസ്ജിദുല്‍ ഹുസ്രിയില്‍ നടന്ന, അനേകായിരങ്ങള്‍ പങ്കെടുത്ത ജനാസ നമസ്കാരത്തിന് ശൈഖ് ഡോ. യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കി. ഇഖ്വാന്റെ മുന്‍ മുഖ്യ കാര്യദര്‍ശി മഹ്ദി ആകിഫ്, ഡോ. അഹ്മദ് ഇസ്സത്ത്, ജുംഅ അമീന്‍, ഡോ. റഷാദ് ബയൂമി, മുഹമ്മദ് ഹുസൈന്‍, ഡോ. സഅദ് അല്‍-കത്താനി, മുഹമ്മദ് ഗസ്ലാന്‍, ഡോ. ഇസാം അല്‍-ഉറിയാന്‍, തുടങ്ങി ഇഖ്വാന്റെ ദേശീയ നേതൃത്വം ഏറെക്കുറെ ഒന്നടങ്കവും, അറബ് ഡോക്ടേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുന്‍ഇം അബുല്‍ ഫുത്തൂഹ്, അന്താരാഷ്ട്ര മുസ്ലിം പണ്ഡിത വേദിയുടെ മുന്‍ സെക്രട്ടറി ഡോ. സലീം അല്‍-അവ്വ തുടങ്ങി ഒട്ടേറെ പ്രമുഖരും സാന്നിധ്യം കുറിച്ചത് പരേതാത്മാവിന്റെ വ്യക്തിമഹാത്മ്യം വിളംബരം ചെയ്യുന്നതായിരുന്നു. തന്റെ സഹപാഠിയും ആജീവനാന്ത കൂട്ടുകാരനുമായ അസ്സാലിന്റെ വിയോഗത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി കണ്ണീരടക്കാന്‍ പാടുപെട്ടതും തന്റെ ശാരീരികാവശത അവഗണിച്ചു മയ്യത്ത്കട്ടില്‍ ചുമക്കാന്‍ എത്തിയതും ഡോ. അസ്സാലിന് അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്ന സ്നേഹാദരവുകളുടെ ആഴം കുറിക്കുന്നതായിരുന്നു.
ജനനം 1938 മെയ് 26-ന്. പത്തര വയസ്സായപ്പോഴേക്ക് വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി മനഃപാഠമാക്കി, ഫാറൂഖ് രാജാവിന്റെ സമ്മാനം കൈപ്പറ്റി. 1958-ല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ ശരീഅഃ ഫാക്കല്‍റ്റിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം അസ്ഹറിന്റെ റെക്ടര്‍ ആയിരുന്ന ശൈഖ് മഹ്മൂദ് ശല്‍ത്തൂത്തിന്റെ ഓഫീസില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. 1961 മുതല്‍ '65 വരെ ഖത്തറില്‍ അറബി ഭാഷ അധ്യാപകന്‍. '68-ല്‍ ഇസ്ലാമിക് ഫിലോസഫിയില്‍ ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റെടുത്തു. 1970 മുതല്‍ 1984 വരെ രിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂനിവേഴ്സിറ്റിയില്‍ അധ്യാപകന്‍. 1986-ല്‍ പാകിസ്താനിലെ ഐ.ഐ.യുവില്‍ പ്രഫസറായി ചേര്‍ന്നു. 2002-ല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ യൂനിവേഴ്സിറ്റിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു.