Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം


പൂവും പൂമ്പാറ്റയും
മതത്തെക്കുറിച്ച് ചില ആലോചനകള്‍

 

# എ.കെ അബ്ദുല്‍ മജീദ്

 
 



വ്യവസ്ഥാപിത മതസംവിധാനവുമായി കഴിയാവുന്നേടത്തോളം കലഹിച്ച ഭൂപ്രദേശമാണ് യൂറോപ്പ്. മത പുരോഹിതന്മാര്‍ക്കും സന്യാസി മഠങ്ങള്‍ക്കുമെതിരെ പ്രത്യക്ഷ കലാപം തന്നെ വിവിധ യൂറോപ്യന്‍ നാടുകളില്‍ അരങ്ങേറുകയുണ്ടായി. രാജവാഴ്ചയും മതമേധാവിത്വവും കൈകോര്‍ത്ത് ജനജീവിതം ദുസ്സഹമാക്കിയപ്പോഴുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ പ്രതികരണങ്ങളാണ് മതവിരുദ്ധ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്. ചരിത്രത്തില്‍ 'മതനവീകരണ പ്രസ്ഥാനം' (Reformation Movement) എന്നറിയപ്പെടുന്ന പ്രതിഭാസം വാസ്തവത്തില്‍ മതപരം എന്നതിനേക്കാളേറെ രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നതായിരുന്നു. മതത്തെ ആയുധമാക്കി റോം നടത്തിയ സാമ്പത്തിക സമാഹരണത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഇംഗ്ളണ്ടും ഫ്രാന്‍സുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കത്തോലിക്കാ സഭക്കെതിരെ ആദ്യം രംഗത്തുവന്നത്. പൌരോഹിത്യത്തിന്റെ ധാര്‍മികാധഃപതനം പരിഷ്കരണ യത്നത്തെ ആയാസരഹിതമാക്കി എന്നു മാത്രം. ക്രൈസ്തവ ലോകം കത്തോലിക്കരും പ്രൊട്ടസ്റന്റുകാരുമായി പിരിയുന്നതിനു നിമിത്തമായ 'പ്രൊട്ടസ്റ്' എന്ന പ്രതിഷേധ രേഖയില്‍ ഒപ്പുവെച്ചത് മതമേധാവികളല്ല, ജര്‍മന്‍ ദേശ രാഷ്ട്രങ്ങളുടെയും നഗരങ്ങളുടെയും ഭരണാധിപന്മാരാണ് എന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ മതവിശ്വാസം ശാസ്ത്രവുമായി കലഹിക്കുകയും ശാസ്ത്രജ്ഞരെ മതദ്രോഹികളായി പ്രഖ്യാപിച്ച് കുറ്റവിചാരണ നടത്തുകയും ചെയ്തു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ദിശ പൊതുവെ മതവിരുദ്ധമാവാന്‍ ക്രൈസ്തവ സഭകളുടെ ശാസ്ത്ര വിരുദ്ധ സമീപനം വലിയ അളവില്‍ സഹായിച്ചു. സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ മതയാഥാസ്ഥിതികത ചെലുത്തിയ കനത്ത സ്വാധീനത്തിനെതിരെയുള്ള പ്രതിഷേധം മതത്തിനെതിരായ ധൈഷണിക പ്രതിരോധമായി വികസിച്ചത് സ്വാഭാവികം. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ സന്യാസി മഠങ്ങളുടെ അഭിശംസിക്കപ്പെട്ട സദാചാര രാഹിത്യം മതത്തിന്റെ പൊതു മുദ്രയായി സ്ഥാനപ്പെട്ടു. ഈ മുദ്രയോടാണ് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകള്‍ ബൌദ്ധിക കലാപം നടത്തിയത്. സ്ഥാപിത സഭകളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം യഥാര്‍ഥ ആത്മീയതയുടെ നീരൊഴുക്ക് നേരൊഴുക്കായി ഇന്നെന്നപ്പോലെ അന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ, റാഡിക്കല്‍ റാഷനലിസ്റുകള്‍ എന്നറിയപ്പെട്ടവര്‍ പോലും മതത്തിന്റെ ഈ കാതലില്‍ വാളിറക്കാന്‍ ശ്രമിച്ചിട്ടില്ല. നാസ്തികനും മതവിരോധിയും എന്നു മതവാദികള്‍ വിശേഷിപ്പിക്കാറുള്ള ടി.എച്ച് ഹക്സലി(1825-1895) പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ ദൈവിക സാന്നിധ്യത്തെക്കുറിച്ച് ഉപന്യസിച്ചിട്ടുണ്ട്. സ്ഥാപിത മതത്തിന്റെ വക്താക്കള്‍ തങ്ങളുടെ ശത്രുപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും ദൈവാസ്തിക്യത്തെ നിഷേധിക്കുന്നില്ല.
യുദ്ധാനന്തര ലോകം ആധുനികതയിലുള്ള വിശ്വാസം ദുര്‍ബലമാക്കിയതിനെത്തുടര്‍ന്ന് യൂറോപ്പ് പഴയ വിശ്വാസങ്ങളുടെ അന്തഃസത്ത പുനരന്വേഷിക്കാന്‍ നിര്‍ബന്ധിതമായി. 'പോസ്റ് മേഡേണ്‍' എന്നതുപോലെ 'പോസ്റ് സെക്യുലര്‍' എന്ന പ്രയോഗവും പ്രചാരത്തില്‍ വന്നു കഴിഞ്ഞു. മതത്തെ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ ഒളിപ്പിച്ചു വെക്കേണ്ട നാണക്കേടുകളിലൊന്നായി ഇന്നാരും കാണുന്നില്ല. സ്ഥാപിത നിരീശ്വരത്വത്തെ പ്രതിനിധീകരിച്ചിരുന്ന കമ്യൂണിസ്റുകാര്‍ക്കു പോലും മതചിഹ്നങ്ങള്‍ പ്രകടമാക്കുന്നതില്‍ ചേപ്പറ തോന്നുന്നില്ലല്ലോ ഇപ്പോള്‍. മതത്തെ സാമൂഹിക ജീവിതത്തില്‍ നിന്ന് നിഷ്കാസനം ചെയ്യാനാവില്ലെന്ന 'പോസ്റ് സെക്യുലര്‍' തിരിച്ചറിവുമായി ഭൌതികവാദികള്‍ പോലും പൊരുത്തപ്പെടുന്നു എന്നാണിതിനര്‍ഥം.
രാഷ്ട്രീയത്തില്‍ മതത്തെ തൊട്ടു തൊടീക്കരുതെന്നു ശഠിച്ച യൂറോപ്യന്‍ സെക്യുലരിസം അതിന്റെ കാര്‍ക്കശ്യത്തില്‍ അയവു വരുത്തുന്നതിന്റെ സൂചനയാണ് മുസ്ലിംകള്‍ക്ക് വേണ്ടി ശരീഅത്ത് കുടുംബ നിയമം ബ്രിട്ടന്‍ പാര്‍ലമെന്റ് പരിഗണിക്കണമെന്ന കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. സാമൂഹിക ജീവിതത്തില്‍ മതനിയമങ്ങള്‍ക്ക് പ്രവേശം അനുവദിക്കരുതെന്ന തീവ്ര മതനിരപേക്ഷവാദികള്‍ക്ക്, മുമ്പാണെങ്കില്‍ പൊറുക്കാന്‍ കഴിയുമായിരുന്നില്ല, ആര്‍ച്ച് ബിഷപ്പിന്റെ ഇമ്മട്ടിലുള്ള നിര്‍ദേശം. മതം അപ്രസക്തമാണെന്ന തീവ്ര മതനിരപേക്ഷവാദത്തിന് ഇടിവു തട്ടുകയും മതത്തിന്റെ സാമൂഹികവും മാനവികവുമായ ശക്തി തിരിച്ചറിയപ്പെടുകയും ചെയ്തിരിക്കുന്നു. ആധുനികതക്ക് ഊര്‍ജം പകര്‍ന്ന ഭൌതികവാദം നേരിട്ട പ്രതിസന്ധിയുടെ പ്രതിഫലനമായി വേണം ഈ പോസ്റ് സെക്യുലര്‍ മനോഭാവത്തെ കാണാന്‍. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ഭൌതികവാദത്തില്‍ അധിഷ്ഠിതമായ രാഷ്ട്ര സങ്കല്‍പത്തിന്റെ തകര്‍ച്ചയായിരുന്നു. സോവിയറ്റ് യൂനിയനോടൊപ്പം തകര്‍ന്നു വീണത് പ്രബലമായ ഒരു സാമ്രാജ്യത്വ ശക്തി മാത്രമല്ല ലോകത്തെ വലിയൊരു ജനസഞ്ചയത്തെ സ്വാധീനിച്ച ആശയ പ്രപഞ്ചം കൂടിയായിരുന്നു. മറുവശത്ത് മുതലാളിത്തം അതിന്റെ മനുഷ്യത്വമില്ലായ്മ മൂലം സ്വയം റദ്ദ് ചെയ്തു. മനുഷ്യപറ്റില്ലാത്ത വികസനം കിഴക്കുനിന്നുള്ള ബദലുകളെക്കുറിച്ചന്വേഷിക്കാന്‍ പടിഞ്ഞാറന്‍ ബുദ്ധിജീവികളെ പ്രേരിപ്പിച്ചു. വികസനത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിയാണ് അവര്‍ ചെറുതിന്റെ സൌന്ദര്യം അന്വേഷിച്ചത്. ശാസ്ത്രത്തിനും അതിന്റെ അഹംഭാവം ഉപേക്ഷിക്കേണ്ടതായിവന്നു. നാഗസാക്കിയും ഹിരോഷിമയും മാത്രം മതിയായിരുന്നു ശാസ്ത്രാഭിമാനത്തിന്റെ വിരിഞ്ഞ പടം പരപ്രേരണ കൂടാതെ ചുരുങ്ങിപ്പോവാന്‍.
ആധുനിക കാലത്ത് മതം അനാവശ്യമാണെന്നതിനു പറഞ്ഞിരുന്ന ന്യായങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ഉപരി സൂചിത യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ശാസ്ത്ര സാങ്കേതിക പുരോഗതി പ്രപഞ്ചത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതയുടെ ആവരണം നീക്കം ചെയ്തുവെന്നും ഏതു പ്രതിഭാസത്തെയും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ മനുഷ്യ ധിഷണ പ്രാപ്തമായിക്കഴിഞ്ഞതിനാല്‍ ദൈവകേന്ദ്രിത(theocentric)മായ ലോക വീക്ഷണം ഇനി വെച്ചുപുലര്‍ത്തേണ്ടതില്ലെന്നുമാണ് മതത്തെ അസാധുവാക്കാന്‍ ഉന്നയിക്കപ്പെട്ട ഒരു ന്യായം. ശാസ്ത്രം പുരോഗമിക്കുന്തോറും പ്രപഞ്ചത്തെക്കുറിച്ചുള്ള വിസ്മയം വര്‍ധിക്കുകയാണ് ചെയ്യുന്നത്. സാങ്കേതിക പുരോഗതി സൌകര്യങ്ങളോടൊപ്പം തിരിച്ചടികളും പ്രദാനം ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ മുഴുവന്‍ മനുഷ്യന്റെ വരുതിയിലായിക്കഴിഞ്ഞു എന്നഭിമാനിക്കാന്‍ വക നല്‍കുന്നതല്ല ആഗോള താപനം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള പ്രതിഭാസങ്ങള്‍. മതത്തിന്റെ സ്ഥാനം വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ പരിമിതമായിക്കഴിഞ്ഞു, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ മതത്തിന് ഒന്നും സംഭാവന ചെയ്യാനില്ല എന്നുമാണ് മതം അപ്രസക്തമാകുന്നുവെന്നതിന് ഒരു കൂട്ടം സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിച്ച ന്യായം. അനുഭവം ഈ ന്യായത്തെ പിന്തുണക്കുന്നില്ല. ജനനം, വിവാഹം, ആഘോഷങ്ങള്‍, മരണം തുടങ്ങിയ സാമൂഹിക സാംസ്കാരിക പ്രാധാന്യമുള്ള വിഷയങ്ങളിലെല്ലാം ഭൂരിപക്ഷം ആളുകള്‍ക്കും മതം പ്രധാനമാണ്. ക്രിസ്തുമസ് ആഘോഷിക്കാതെ ഏതെങ്കിലും ഡിസംബര്‍ യൂറോപ്പില്‍ കഴിഞ്ഞുപോവുന്നുണ്ടോ? മതത്തെ അസാധുവാക്കുന്നതിനു പറഞ്ഞുവന്നിരുന്ന മൂന്നാമത്തെ ന്യായം കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍നിന്ന് വ്യാവസായിക സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണ്. വ്യാവസായിക സമ്പദ്വ്യവസ്ഥ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നുവെന്നും അതിനാല്‍ ഇനിയൊരീശ്വരന്റെ തുണ ആവശ്യമില്ല എന്നുമത്രെ 'യുക്തി.' വ്യവസായാനന്തര കാലഘട്ടത്തിലാണ് ലോകം കൂട്ടത്തോടെ മതത്തിലേക്ക് തിരികെ നടന്നത് എന്നതാണ് വസ്തുത. മനുഷ്യന് ഒഴിവു കിട്ടിയപ്പോള്‍ തന്റെ അസ്തിത്വത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും അവസരം ലഭിച്ചു. സമ്പത്തുള്ളവന് അതിന്റെ സംരക്ഷണത്തിന് നിലവറകളും കാവല്‍ക്കാരും മാത്രം മതി എന്നു തോന്നിയില്ല. 'മുകളിലുള്ളവന്റെ' തുണയും അവനാഗ്രഹിച്ചു. സമ്പത്തില്ലാത്തവനാകട്ടെ, 'എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവമൊരുത്തനില്‍' മാത്രമായിരുന്നു പ്രതീക്ഷ. എങ്ങനെയായിരുന്നാലും യുക്തിവാദം ആഗ്രഹിച്ചതുപോലെ ദൈവം മനുഷ്യനെ വിട്ടുപോയില്ല! (സാന്ദര്‍ഭികമായി പറയട്ടെ, യശഃശ്ശരീരനായ ശ്രീ. എം.എന്‍ വിജയനെപ്പോലുള്ള പ്രതിഭാശാലികളെപ്പോലും യുക്തിവാദത്തിന്റെ ഇത്തരം ബാലിശവാദങ്ങള്‍ സ്വാധീനിച്ചിരുന്നു എന്നതില്‍ അത്ഭുതം തോന്നുന്നു. സമ്പല്‍സമൃദ്ധി മനുഷ്യന് ദൈവത്തിന്റെ ആവശ്യം ഇല്ലാതാക്കി എന്ന് 'വര്‍ണങ്ങളുടെ സംഗീതം' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്).
'ഇരുപത്തിയൊന്നാം നൂറ്റാണ്ട് മതത്തിന്റേതായിരിക്കും അല്ലെങ്കില്‍ അങ്ങനെ ഒരു നൂറ്റാണ്ട് ഉണ്ടാവുകയില്ല' (The 21 st century will be religious or it will) എന്ന് ആന്‍ഡ്രെ മാര്‍ലോ പറഞ്ഞതില്‍ സുവിശേഷകന്റെ ആഗ്രഹ ചിന്തയുണ്ടാവാം. എന്നിരുന്നാലും മതത്തിന്റെ ആഗോളാടിസ്ഥാനത്തിലുള്ള നവജാഗരണം അനിഷേധ്യമാണ്. സ്വീഡനിലേതുപോലെ ജനങ്ങള്‍ ചര്‍ച്ചിനെ കൈയൊഴിയുന്നുവെങ്കിലും മതത്തോടുള്ള നിഷേധാത്മക സമീപനം പൊതുവെ നിലനില്‍ക്കുന്നില്ല. പതുക്കെയാണെങ്കിലും യൂറോപ്പ് അക്രൈസ്തവവത്കരണത്തിന്റെ (de-chistianisation) പാതയിലാണെന്നേ ഇതര്‍ഥമാക്കുന്നുള്ളൂ. യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ക്രൈസ്തവ മതത്തിന്റെ സര്‍വാധിപത്യം അവസാനിക്കുകയും മതപരമായ ബഹുസ്വരത (religious pluralism) യാഥാര്‍ഥ്യമായിത്തീരുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ബുദ്ധമതവും ഇസ്ലാം മതവും ഹൈന്ദവ-സിക്ക് മത സമ്പ്രദായങ്ങളും യൂറോപ്പിലേക്ക് വഴിതുറന്നിരിക്കുന്നു. നവയാഥാസ്ഥിതികര്‍ (നിയോകോണ്‍) ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതില്‍ ക്രൈസ്തവതക്കുമേല്‍ ഇസ്ലാം വിജയം നേടുമെന്ന ഭീതി ഒളിഞ്ഞിരിപ്പുണ്ട് (ഇന്ത്യയിലെ അക്രാമക ഹിന്ദുത്വം ഈ ഭീതി തങ്ങള്‍ക്കനുകൂലമായി പടര്‍ത്തിക്കൊണ്ടിരിക്കുന്നത് ഓര്‍ക്കുക. കമ്യൂണിസ്റുകാരനായ കേരള മുഖ്യമന്ത്രിയെ പോലും നിയോകോണ്‍-ഹൈന്ദവ ഫാഷിസ്റ് പ്രചാരവേല സ്വാധീനിച്ചത് ഈയിടെ അദ്ദേഹം ദല്‍ഹിയില്‍ നടത്തിയ പ്രസ്താവനയിലൂടെ പ്രകടമാവുകയുണ്ടായി). വിചിത്രമായ വസ്തുത, ഇസ്ലാമില്‍ ഭീകരത ആരോപിക്കപ്പെടുമ്പോഴും അമേരിക്കയിലെയും യൂറോപ്പിലെയും ബുദ്ധിജീവികളെ അതാകര്‍ഷിക്കുന്നു എന്നതാണ്. 9/11 നുശേഷം ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഗുണ്യമായ പുരോഗതിയുണ്ടായതായാണ് സ്ഥിതി വിവരക്കണക്കുകള്‍ നല്‍കുന്ന സൂചന (ഇസ്ലാമോഫോബിയ കത്തിനില്‍ക്കുന്ന സമയത്താണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കമലാ സുറയ്യ ഇസ്ലാം ആശ്ളേഷിച്ചത്. നിയോകോണ്‍-ഫാഷിസ്റ് പ്രചാരവേലകള്‍ വിപരീത ഫലം ചെയ്യുന്നതായി വേണം മനസ്സിലാക്കാന്‍). മതം തിരിച്ചുവരുന്നു എന്നതിനു തെളിവായി നവ സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്ന സൂചികകള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക. മതമൌലികവാദം തഴച്ചുവളരുന്നു, മത തീവ്രവാദം ശക്തിപ്പെടുന്നു, മതം രാഷ്ട്രീയ ശക്തിയായി രൂപാന്തരപ്പെടുന്നു, മത രാഷ്ട്രീയവാദം ബൌദ്ധിക മേധാവിത്വം ആര്‍ജിക്കുന്നു എന്നിവയാണ് 'മത പുനരുത്ഥാന'ത്തിന്റെ സൂചകങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. മതത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുന്നതിന്റെ ഭാഗമായി സൌകര്യപൂര്‍വം നിര്‍മിച്ചെടുക്കുന്ന 'തെളിവുക'ളത്രെ ഇവ. മതവുമായി ഈ പ്രതിഭാസങ്ങള്‍ക്കുള്ള ബന്ധം നാമമാത്രമാണ്.
ലോകത്തെങ്ങുമുള്ള മത തീവ്രവാദങ്ങള്‍ (ക്രിസ്ത്യന്‍ ഫണ്ടമെന്റലിസം, സയണിസം, മുസ്ലിം തീവ്രവാദം, സിക്ക് തീവ്രവാദം, ഹൈന്ദവ തീവ്രവാദം.......) മതത്തോടെന്നതിനേക്കാളേറെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവയാണ്. രാഷ്ട്രീയമായി തങ്ങള്‍ അനുഭവിക്കുന്നു എന്ന് ഈ ജനവിഭാഗങ്ങളില്‍ ചിലര്‍ കരുതുന്ന വിവേചനങ്ങള്‍ക്കെതിരെ തങ്ങള്‍ ശരിയായോ തെറ്റായോ ശത്രുസ്ഥാനത്ത് കാണുന്നവരോടുള്ള പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് എല്ലാ മതതീവ്രവാദങ്ങളും. മതത്തിന്റെ തിരിച്ചുവരവായി ഈ രാഷ്ട്രീയ പ്രതിഭാസങ്ങളെ കാണുന്നത്, മിതമായി പറഞ്ഞാല്‍, ശരിയായ കാഴ്ചയല്ല. മതവിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രതികരണമായാണ് ഈജിപ്തില്‍ മത രാഷ്ട്രീയവാദം ഉടലെടുക്കുന്നത്. ഇറാനിലും അഫ്ഗാനിസ്താനിലും സ്ഥിതി ഭിന്നമായിരുന്നില്ല.
യൂറോപ്പില്‍ പുതുതായി തെളിഞ്ഞു വരുന്ന ബഹുസ്വര മതാന്തരീക്ഷം ആണ് യഥാര്‍ഥ മത നവജാഗരണത്തിന്റെ സൂചികയായി സ്വീകരിക്കേണ്ടത് എന്ന് തോന്നുന്നു. രാഷ്ട്രീയമായ അസ്വസ്ഥതകളോ പൊറുതികേടുകളോ അല്ല, ത്രിത്വബാഹ്യ മതസങ്കല്‍പങ്ങളെക്കുറിച്ചന്വേഷിക്കാന്‍ പടിഞ്ഞാറിന്റെ പ്രേരണ എന്നതിനാല്‍ ശുദ്ധമായ മതാനുഭവത്തിനു വേണ്ടിയുള്ള തേട്ടം അവരുടെ അന്വേഷണങ്ങളില്‍ വായിക്കാനാവും. ഇവിടെ മതം ഹിംസാത്മക സാന്നിധ്യമാവുന്നില്ല. ബര്‍ബറാ എറിക്സണിന്റെ 'അഗ്നിപുത്രി' (Daughter of Fire) എന്ന നോവലിലെ ഒരു സംഭാഷണശകലം ഇങ്ങനെയാണ്: "പൂവിന്റെ സുഗന്ധം നിങ്ങളറിയുന്നത് പൂവോ നിങ്ങളോ എന്തെങ്കിലും ശ്രമം നടത്തിയിട്ടല്ല. ഒട്ടും അധ്വാനമില്ലാതെ നിങ്ങളത് വാസനിക്കുന്നു എന്നു മാത്രം.'' മതത്തിന്റെ ആത്മീയാനുഭവം പൂവില്‍നിന്ന് വരുന്ന സുഗന്ധം പോലെയാണ്. പുഷ്പോദ്യാനങ്ങളിലേക്ക് പൂമ്പാറ്റകള്‍ക്ക് ആരും വഴി കാണിച്ചു കൊടുക്കേണ്ടതില്ല. പൂമണം വരുന്ന വഴിയേ അവ താനേ പറന്നുപോവും. ആര്‍ക്കും അവയെ തടഞ്ഞുനിര്‍ത്താനുമാവില്ല.

[email protected]

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly