Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കത്തുകള്‍


ഇമെയിലുകളില്‍ ഇവര്‍ ചെയ്യുന്നത്

 

 

 
 



പുലര്‍ച്ചെ ഓഫീസിലെത്തി പണി തുടങ്ങും മുമ്പെ മെയില്‍ തുറന്നാല്‍ പതിവായി കിട്ടുന്ന ചില സന്ദേശങ്ങളുണ്ട്- ലക്ഷക്കണക്കിന് ടെലിഫോണ്‍ വരിക്കാരെ ഉള്‍പ്പെടുത്തി നടത്തിയ നറുക്കെടുപ്പില്‍ ഇന്ത്യയിലേക്ക് മറിച്ചാല്‍ ശതകോടികള്‍ വരുന്ന തുകയുടെ സമ്മാനത്തിന് അര്‍ഹനായെന്ന 'സുവിശേഷ'മാണ് അതിലൊന്ന്. പിന്നെ ഐവറി കോസ്റ്, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടാള വിപ്ളവത്തില്‍ കൊല്ലപ്പെട്ട ബാങ്ക് ഗവര്‍ണര്‍മാരുടെയും കോടീശ്വരന്മാരുടെയും പെണ്‍മക്കളുടെ കുറിമാനങ്ങളുമുണ്ടാവും. പരേതനായ പിതാവിന്റെ പേരിലുള്ള ബില്യണുകള്‍ സുരക്ഷിതമായി സ്വരാജ്യത്ത് സൂക്ഷിക്കാന്‍ പറ്റാത്തതിനാല്‍ താങ്കളുടെ പേരില്‍ അങ്ങോട്ടയക്കാനുദ്ദേശിക്കുന്നു എന്ന മോഹിപ്പിക്കുന്ന വാചകമാണിതിലുണ്ടാവുക. അനാഥയായ ഒരു പെണ്‍കുട്ടിയും അവളുടെ എണ്ണിയാലൊടുങ്ങാത്ത സ്വത്തുവകകളും കൈയില്‍ വരുമെന്ന് കരുതി വല്ല പോഴന്മാരും മറുകുറിപ്പും അക്കൌണ്ട് നമ്പറും അയച്ചുകൊടുത്ത് കാത്തിരിക്കുന്നുണ്ടാവും!
വിവിധ ഭാഷകളില്‍ പല പേരുകളുള്ള മത സംഘടനകള്‍ തിരശ്ശീലക്ക് പിന്നില്‍നിന്ന് നടത്തുന്ന ഒളിയുദ്ധങ്ങളാണ് മറ്റൊന്ന്. മുസ്ലിംകള്‍ക്ക് പിന്നാക്ക സമുദായം എന്ന് പേരിട്ട ആളെ കണ്ടാല്‍ മാലയിട്ടുകൊടുക്കാനും ചായ വാങ്ങിക്കൊടുക്കാനും തോന്നുന്ന രൂപത്തിലാണ് അവയുടെ ഭാഷയും ശൈലിയും. കഴിഞ്ഞ റമദാനില്‍ കിട്ടിയ ഒരു സന്ദേശത്തിന്റെ ശീര്‍ഷകം തെറിയായിരുന്നു. അന്നുതന്നെ കിട്ടി മക്കയും മദീനയും ആദരിച്ച, കിഴക്കും പടിഞ്ഞാറും പുകള്‍പെറ്റ മഹാ പണ്ഡിതനെ പഴിപറയുന്ന മലയാളിയുടെ ഇംഗ്ളീഷ് കുറിമാനം- ഏതെങ്കിലും വാരികയിലും മാസികയിലും വരുന്ന ലേഖനങ്ങളുടെ അരികും മൂലയുമെടുത്ത് അതിന്റെ ചുവട്ടില്‍ വരയും കുറിയുമിട്ട് പരിഹസിച്ച് മറുപടി പറയുക, ഒരു പ്രസക്തിയുമില്ലാത്ത, ജീവഗന്ധിയല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തിടുകയും സ്വയം ഫത്വ നല്‍കുകയും ചെയ്യുക തുടങ്ങിയ 'മഹദ് സേവനങ്ങളാണ്' ഈ സൈറ്റുകള്‍ നിര്‍വഹിക്കുന്നത്. ആശയവിനിമയത്തിനും ആരോഗ്യകരമായ സംവാദത്തിനും അനന്ത സാധ്യതകളുള്ള ഒരു സംവിധാനം മനസ്സിന്റെ ഇടുക്കം പോലെ ഓരോരുത്തരും ദുരപയോഗം ചെയ്യുന്നു. പല രാജ്യങ്ങളിലും ഭീകരവേട്ടയുടെ പേരില്‍ യുവാക്കളെ കൂട്ടികൊണ്ടുപോയി വെടിവെക്കുകയോ തുറുങ്കിലടക്കുകയോ ചെയ്യുന്ന 'കലാപരിപാടി' അരങ്ങേറുമ്പോഴാണ്, ഇമ്മട്ടിലൊരു 'ഇമെയില്‍ ജിഹാദ്'.
മതത്തിന്റെതന്നെ പേര് വഹിക്കുന്ന ഒരു സൈറ്റിലൂടെയുള്ള ചളിവാരിയേറ് സഹിക്കാതായപ്പോള്‍ മെയില്‍ ലിസ്റില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ദേശിച്ച പോലെ ഏതൊക്കെയോ മൂലയില്‍ ക്ളിക്ക് ചെയ്തപ്പോള്‍ വന്ന സന്ദേശം 'താങ്കളെ ദീനുല്‍ ഇസ്ലാമില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു!'
മുഹമ്മദ് പാറക്കടവ്

പിഴച്ചതെവിടെ...
'അധികാര വികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുത്തേണ്ടതെങ്ങനെ?' ലക്കം 7-ല്‍ സി.ആര്‍ നീലകണ്ഠന്‍ എഴുതിയ ലേഖനം ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ മറവില്‍ താഴെ തട്ടിലേക്കും അഴിമതി വ്യാപിക്കുന്ന പുതിയൊരു നീതിശാസ്ത്രം രൂപപ്പെടുന്ന ദയനീയമായ അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ധൂര്‍ത്തും ദുര്‍വ്യയവും കാരണം ഐ.എം.എഫ്, ലോക ബാങ്ക് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ കടക്കെണിയില്‍പെട്ട് സാധാരണ ജനം പുതിയ പുതിയ ബാധ്യതകള്‍ പേറേണ്ടിവരുന്നു. ജനസേവകരാകേണ്ട ജനപ്രതിനിധികള്‍ പദ്ധതികളുടെ പങ്കുപറ്റുകാര്‍ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിഹിതം കണക്ക് പറഞ്ഞ് വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരായും അധഃപതിച്ചിരിക്കുന്നു. അനുവദിച്ച ഫണ്ട് എങ്ങനെയും ചെലവഴിക്കുക എന്ന ഒറ്റ അജണ്ട കാരണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകള്‍ വരെ വലിച്ചുനീട്ടി യാതൊരു മുന്നൊരുക്കവും ആസൂത്രണവും ഇല്ലാതെ ഫണ്ടുകള്‍ ദുര്‍വ്യയം ചെയ്യുന്നത് മാര്‍ച്ച് മാസത്തിന്റെ അവസാനം പതിവു കാഴ്ചയാണ്. അഴിമതിക്കെതിരെ പ്രതിജ്ഞയും പ്രസംഗവുമൊക്കെ മുറപോലെ നടക്കുമ്പോഴും വഞ്ചി തിരുനക്കരെത്തന്നെ.
ജനപ്രതിനിധി ജനസേവകനായി മാറാന്‍ അംഗബലവും കായിക ശക്തിയും മാത്രം പോരാ. നന്മയിലധിഷ്ഠിതമായ ധാര്‍മിക ബോധമാണാവശ്യം. രാഷ്ട്രീയാടിമത്തത്തില്‍നിന്ന് സ്വതന്ത്രമായ പുതിയൊരു വഴിയിലൂടെ മാത്രമേ നാടിനും നാട്ടാര്‍ക്കും പ്രയോജനകരമായ മാറ്റം സംജാതമാകൂ എന്ന തിരിച്ചറിവാണ് പൊതുസമൂഹത്തിന് ഉണ്ടാവേണ്ടത്. ഇത്തരം ജനകീയ മുന്നേറ്റങ്ങള്‍ അതിനുള്ള ചുവടുവെപ്പുകളാകട്ടെ.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ


ശിക്ഷ വന്നിറങ്ങും മുമ്പെ...
ഈ ജൂലൈ മാസത്തില്‍ വടക്കെ മലബാറിലെ ഒരു പ്രധാന മുസ്ലിം കേന്ദ്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടന്നു, വരന്‍ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍. ആരും ആവശ്യപ്പെടാതെ ഇരുനൂറ് പവന്റെ ആഭരണം വാങ്ങിവെച്ചിരുന്ന പുതുപെണ്ണിന്റെ വീട്ടിലേക്ക് മറുവശത്തുനിന്ന് സന്ദേശം വന്നു. പുതിയാപ്പളക്ക് പതിനെട്ട് ലക്ഷം രൂപയുടെ കാറും വിലപിടിച്ച വാച്ചും വേണം. പുറമെ രണ്ട് പെങ്ങന്മാര്‍ക്ക് ഓരോ വള ഉപഹാരമായി കൊടുക്കണം. ആത്മീയാചാര്യന്മാര്‍ കാര്‍മികത്വം വഹിച്ച വിവാഹത്തിനെത്തിയ പെണ്ണുങ്ങളേറെയും തലയില്‍ തട്ടമിടാത്തവരായിരുന്നു. കഴിഞ്ഞ ഏപ്രില്‍ തൊട്ട് ജൂണ്‍ വരെ ഈ മേഖലയില്‍ മംഗലങ്ങള്‍ക്ക് വേണ്ടി ചെലവിട്ടത് അനേകം ലക്ഷങ്ങളാണ്. ആതിഥേയന്‍ ആരെന്ന് പോലുമറിയാത്ത മന്ത്രിമാര്‍ ബ്രാഞ്ച് ഭാരവാഹികളുടെ ശിപാര്‍ശ പ്രകാരം പന്തലിലെത്തി പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് തിരിച്ചുപോയി. 'എന്റെ സമുദായത്തിന് ഞാന്‍ ദാരിദ്യ്രത്തെക്കാളേറെ സമ്പന്നതയെയാണ് ഭയപ്പെടുന്നത്' എന്ന നബി(സ)യുടെ മുന്നറിയിപ്പ് അനുസ്മരിപ്പിക്കും വിധമാണ് വീടും ആഭരണവും കല്യാണവുമായി ബന്ധപ്പെട്ട ധൂര്‍ത്തുകള്‍ നടക്കുന്നത്. പരിധി വിട്ട പൊന്നിന് സകാത്ത് കൊടുക്കണമെന്നോ ഭക്ഷണം ധൂര്‍ത്തടിച്ച് കുപ്പയില്‍ തട്ടുന്നത് ഹറാമാണെന്നോ പറയാന്‍ പണ്ഡിതന്മാരോ പരിഷ്കര്‍ത്താക്കളോ തയാറാകുന്നില്ല. കോഴിക്കോട്ടെ എം.എസ്.എസ് പള്ളിയില്‍ പരേതനായ പ്രഫ. വി. മുഹമ്മദ് സാഹിബ് നടത്തിയ അര്‍ഥവത്തായ ഖുത്വ്ബകള്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ ഇത്തരം ശബ്ദങ്ങള്‍ മലബാറിലെ ഗള്‍ഫ് കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നേയില്ല.
പത്തും പതിനഞ്ചും ലക്ഷം സദ്യക്കും പന്തലിനും തുലക്കുന്ന ധനാഢ്യന്മാര്‍ സ്വന്തം ഗ്രാമത്തിലെ സ്കൂളിനോ മദ്റസക്കോ ഒരു ക്ളാസ് മുറിയോ, ആശുപത്രി കെട്ടിടത്തിന് ഒരു വാര്‍ഡോ ഉണ്ടാക്കി കൊടുക്കാന്‍ തയാറായാല്‍ അതൊരു ശാശ്വത സ്വദഖയാകും... മറ്റേത് രണ്ടോ മൂന്നോ ദിവസം ആളുകള്‍ അതിശയം കൂറുന്ന ഒരു അനാവശ്യമേ ആകൂ.
എ.എസ്

മൌലാനാ മൌദൂദിയെ കുറിച്ച്
അബ്ദുസ്സമദ് അല്‍ കാതിബ് പറഞ്ഞത്
ഒ.പി അബ്ദുസ്സലാം മൌലവി ശൈഖ് അല്‍ കാതിബിനെക്കുറിച്ച് എഴുതിയ കുറിപ്പ് (ലക്കം 6 )വായിച്ചു. ശൈഖ് അബ്ദുസ്സമദ് അല്‍ കാതിബ് ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 'യാ അയ്യുഹല്‍ ഇന്‍സാന്‍, മാ ഗര്‍റഖ ബി റബ്ബികല്‍കരീം...' എന്ന ഭാഗം ഉള്‍കൊള്ളുന്ന സൂറത്തുല്‍ ഇന്‍ഫിത്വാറിലെ ചില ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ഓതി നടത്തിയ ക്ളാസ് മനസ്സിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലകള്‍ കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മായുന്നില്ല. ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള അദ്ദേഹത്തിന്റെ ഒരു സദസ്സിലും സംബന്ധിക്കാന്‍ അവസരം ലഭിച്ചു. ക്ളാസ്സിനു ശേഷം നടന്ന ചോദ്യോത്തരം ഏറെ ശ്രദ്ധേയമായിരുന്നു.
ഒരു ചോദ്യം ഇങ്ങനെയായിരുന്നു: "ജീവിതം മുഴുവന്‍ ഇബാദാത്താക്കാന്‍ കഴിയുമോ?'' വളരെ ലളിതമായിരുന്നു മറുപടി: "മനഷ്യന്റെ കര്‍മങ്ങള്‍ ഇബാദത്താകുന്നതും അല്ലാതാകുന്നതും അയാളുടെ നിയ്യത്ത് അനുസരിച്ചാണ്. ഒരാള്‍ നേരത്തെ കിടന്നുറങ്ങുന്നു. കുറെയധികം ഉറങ്ങണം എന്നേ അയാള്‍ക്കുള്ളൂ. മറ്റൊരാള്‍ നേരത്തെ ഉറങ്ങുന്നു. അയാള്‍ കരുതുന്നത് നേരത്തെ ഉണര്‍ന്ന് തഹജ്ജുദ് നമസ്കരിക്കണം എന്നാണ്. ഇവിടെ ആദ്യത്തെ ആളുടെ ഉറക്കം ഒരു സാധാരണ കര്‍മവും രണ്ടാമത്തേത് ഇബാദത്തുമാണ്. ഒരാള്‍ പന്ത് കളിക്കുന്നു. വെറും വിനോദത്തിനാണ് അയാളുടെ കളി. മറ്റൊരാള്‍ കളിക്കുന്നത് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും നേടി ആവേശത്തോടെ അല്ലാഹുവിന്റെ ദീനിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന ചിന്തയോടെയാണ്. ഇവിടെയും ആദ്യത്തേത് വെറും കര്‍മവും രണ്ടാമതത്തേത് ഇബാദത്തുമാണ്.''
മറ്റൊരാള്‍ ചോദിച്ചു: "മൌലാനാ മൌദൂദിയെക്കുറിച്ച് എന്താണഭിപ്രായം?''
മറുപടി: "അദ്ദേഹം ഇസ്ലാമിനെ കുറിച്ച് ആഴത്തില്‍ പഠിച്ച നല്ല ചിന്തകനും പണ്ഡിതനുമാണ്. ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു പ്രഗത്ഭനായ മുജദ്ദിദ് എന്ന നിലയില്‍ ഇസ്ലാമിക ലോകത്തിന് അദ്ദേഹത്തെ തള്ളിപ്പറയാനോ അവഗണിക്കാനോ സാധ്യല്ല.'' ഇത് കൂടി പറഞ്ഞതോടെ സംഘാടകര്‍ക്കിടയില്‍ മുറുമുറുപ്പ് തുടങ്ങി.
അടുത്ത ചോദ്യം തറാവീഹിന്റെ ജമാഅത്തിനെക്കുറിച്ചായിരുന്നു. അദ്ദേഹം പറഞ്ഞു: "തറാവീഹിന് ജമാഅത്ത് സുന്നത്തില്ല. പക്ഷേ അനുവദനീയമാണ്. കാരണം പ്രവാചകന്‍ ചില ദിവസങ്ങളില്‍ ജമാഅത്തായി നമസ്കരിച്ചിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമം. ജമാഅത്ത് എന്ന ആശയം നടപ്പാക്കിയ ഉമര്‍(റ) തന്നെ പറഞ്ഞത്, ഉറങ്ങി എണീറ്റ ശേഷം വീട്ടില്‍ വെച്ച് നമസ്കരിക്കുകയാണെങ്കില്‍ അതാണുത്തമം എന്നാണ്. അദ്ദേഹം വീട്ടില്‍ വെച്ചായിരുന്നു നമസ്കരിച്ചത്.'' പള്ളിയില്‍ നമസ്കരിക്കാന്‍ ഡ്യൂട്ടി ഉണ്ടെങ്കില്‍ മാത്രമേ താന്‍ തറാവീഹിന് പള്ളിയില്‍ പോകാറുള്ളൂ എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ സഹികെട്ട സംഘാടകര്‍ സമയത്തിനു മുമ്പുതന്നെ ചോദ്യോത്തര പരിപാടി അവസാനിപ്പിച്ചു.
ചെറുപ്പം മുതലേ സുഊദിയില്‍ ആയതുകൊണ്ട് മലയാളം സ്ഫുടമായി പറയാന്‍ പ്രയാസമായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പൊതുപരിപാടിയില്‍ അദ്ദേഹം തമാശയായി പറഞ്ഞു: "അറബികള്‍ പറയുന്ന 'മാലം യഅ്ലം' (അറിയാത്തത്) ലോപിച്ചാണ് മലയാളം എന്ന പദമുണ്ടായത്.''
അബൂറശാദ് പുറക്കാട് ദോഹ

ചുരുക്കെഴുത്ത്
പ്രബോധനം 67/7-ലെ 'വഴിവെളിച്ചം' പക്തിയിലെ ആരോഗ്യത്തെപ്പറ്റിയുള്ള ഹദീസില്‍ 'എനിക്ക് ഏറെ പ്രിയപ്പെട്ടവന്‍' (അഹബ്ബു ഇലയ്യ) എന്നല്ല, 'അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവന്‍' (അഹബ്ബു ഇലല്ലാഹി) എന്നാണ് വേണ്ടത്.
സി.കെ വടകര

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly