വെല്‍ഫയര്‍ പാര്‍ട്ടിയെ നിരോധിക്കുകയും 90 ലക്ഷം ഡോളര്‍ പിഴ ചുമത്തുകയും ചെയ്ത കീഴ്കോടതി വിധിക്കെതിരെ ഡോ. നജ്മുദ്ദീന്‍ അര്‍ബകാന്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി തുര്‍ക്കി സുപ്രീം കോടതി തള്ളിക്കളഞ്ഞു. 1998-ല്‍ നിരോധിക്കപ്പെട്ടതു മുതല്‍ വിവിധ കോടതികളിലായി അദ്ദേഹം നടത്തിവരുന്ന നിയമ യുദ്ധം ഇതോടെ നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
പന്ത്രണ്ടര ദശ ലക്ഷം തുര്‍കി ലീറ പിഴയടച്ചില്ലെങ്കില്‍ അങ്കാറയിലും ഇസ്തംബൂളിലും ബാലക്സീറിലും തന്റെ പേരിലുള്ള മൂന്നു വീടുകളും ഒരു വില്ലയും കണ്ടുകെട്ടി വില്‍ക്കാന്‍ ധനകാര്യ വകുപ്പിന് അധികാരം നല്‍കുന്നതാണ് പുതിയ വിധി. അഞ്ചു വര്‍ഷം കൊണ്ടു ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ ധനകാര്യ വകുപ്പില്‍നിന്നു അനുമതി വാങ്ങുകയേ അദ്ദേഹത്തിന് ഇനി നിര്‍വാഹമുള്ളൂ എന്ന് ചില നിയമജ്ഞര്‍ പറയുന്നു. അപ്പോള്‍ എണ്‍പതിനായിരം ലീറ മാസംതോറും പലിശയിനത്തില്‍ തന്നെ നല്‍കേണ്ടി വരികയും ചെയ്യും.
പാര്‍ട്ടിയെ നിരോധിക്കുകയും അദ്ദേഹത്തെ രണ്ടുവര്‍ഷത്തേക്ക് വീട്ടുതടങ്കലില്‍ ഇടുകയും 88 പ്രവിശ്യ നേതാക്കളെ തടവിലിടുകയും ചെയ്തതോടൊപ്പമാണ് ഇത്രയും വലിയൊരു സംഖ്യ പിഴ വിധിച്ചത്! അദ്ദേഹം ചെയ്ത തെറ്റ്, തന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയെ 1995-ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് നയിക്കുകയും ഒരു കൂട്ടുകക്ഷി മന്ത്രിസഭയില്‍ പ്രധാനമന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തതാണ്! ഭരണരംഗത്ത് അര്‍ബകാന്‍ പരാജയപ്പെടുമെന്നും അതോടെ ഇസ്ലാം ഭീഷണി അവസാനിക്കുമെന്നും കണക്കുകൂട്ടിയവരെ തീര്‍ത്തും നിരാശപ്പെടുത്തി അദ്ദേഹം! ഒറ്റ വര്‍ഷം കൊണ്ടു അദ്ദേഹം തുര്‍ക്കിയുടെ കടം 38 ബില്ല്യന്‍ ഡോളറില്‍നിന്ന് 15 ബില്ല്യന്‍ ഡോളറായി കുറച്ചു. വിവിധ ആഭ്യന്തര വൈദേശിക മേഖലകളില്‍ പുതിയ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്ക്, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പേടിച്ച പട്ടാളം തെരുവിലിറങ്ങി; അര്‍ബകാന് രാജിവെക്കേണ്ടി വന്നു. രാഷ്ട്രത്തിന്റെ മതേതരത്വം നശിപ്പിക്കാന്‍ നോക്കിയെന്നു തുടങ്ങി അനേകം കള്ള ആരോപണങ്ങളുമയി പട്ടാളകോടതി അദ്ദേഹത്തെ വിചാരണ ചെയ്തു ശിക്ഷിച്ചു.
പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത ശാരീരിക അവശതയിലും, നാല്‍പതു വര്‍ഷം മുമ്പ് തുടങ്ങിവെച്ച പോരാട്ടം അതേ പ്രസരിപ്പോടെയും യുവ തുര്‍കിയുടെ വീറോടെയും ആ 84-കാരന്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
റമദാന്‍ ഖദീറോവ്
ചെച്നിയന്‍ പ്രസിഡന്റ് റമദാന്‍ ഖദീറോവിനെതിരെ അവിടത്തെ 'മെമ്മോറിയല്‍' പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നു. മനുഷ്യാവകാശ സംഘടനകള്‍ ഭീകരവാദികളും ദേശദ്രോഹികളും ആണെന്ന് ചെച്നിയയിലെ റഷ്യന്‍ പാവ ഭരണത്തിന്റെ പ്രസിഡന്റായ അദ്ദേഹം ഈയിടെ ആരോപിച്ചിരുന്നു. ചെച്നിയന്‍ മുസ്ലിംകള്‍ക്കെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും ഈ സംഘടനകള്‍ പുറം ലോകത്തറിയിച്ചതാണ് ഖദീറോവിനെ ചൊടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.
കൈ കൊടുക്കാത്തതിനാല്‍
പൌരത്വ നിഷേധം!
ഒരു ഫ്രഞ്ച് പൌരത്വ അപേക്ഷകന് അയാള്‍ കുടിയേറ്റകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയുടെ കൈ പിടിച്ചു കുലുക്കാന്‍ കൂട്ടാക്കത്തതിന്റെ പേരില്‍ പൌരത്വം നിഷേധിക്കപ്പെട്ടതായി ഫ്രാന്‍സിലെ കുടിയേറ്റകാര്യ മന്ത്രി എറിക് ബോസാന്‍ വെളിപ്പെടുത്തി. ജോലി തേടി 1999-ല്‍ ഫ്രാന്‍സില്‍ എത്തിയ ഒരു മൊറോക്കോക്കാരന്‍ 2004-ല്‍ ഒരു ഫ്രഞ്ച് വനിതയെ വിവാഹം ചെയ്ത് ഫ്രഞ്ചു പൌരത്ത്വതിന് അര്‍ഹനായി. ഔദ്യോഗിക നടപടിക്രമങ്ങള്‍ പുര്‍ത്തീകരിക്കുന്നതിന് ഓഫീസില്‍ ചെന്ന അദ്ദേഹം അവിടത്തെ ഗുമസ്തക്ക് ഷൈക്ക്ഹാന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചു. ഒരു മുസ്ലിമിന് ഒരന്യ സ്ത്രീയുടെ കൈപിടിച്ചു കുലുക്കാന്‍ വയ്യല്ലോ. അദ്ദേഹത്തിന്റെ ഫ്രഞ്ചുകാരിയായ ഭാര്യ നിഖാബ് നീക്കാനും വിസമ്മതിച്ചു; സ്ത്രീകള്‍ മാത്രമുള്ളിടത്തേ അതു ചെയ്യൂ എന്ന് അവരും വാദിച്ചു. അവരുടെ പൌരത്വം പോയോ എന്നറിയില്ല. ഭര്‍ത്താവ് ഏതായാലും തീവ്രവാദിയും സ്ത്രീപുരുഷ സമത്വ നിഷേധകനുമാണെന്ന് ഫ്രഞ്ച് കുടിയേറ്റ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു! ഫ്രാന്‍സില്‍ മുസ്ലിം കാര്യങ്ങള്‍ അങ്ങനെയൊക്കെ ആയിരിക്കുന്നതില്‍ അത്ഭുതമില്ല. പക്ഷേ അവിടങ്ങളിലൊക്കെ മതചിഹ്നങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ എത്ര ശക്തമായി അവയെ മുറുകെപ്പിടിക്കുന്നുവെന്നതു വിസ്മയകരമല്ലേ! (ഏറ്റവും പുതിയ വിവരമനുസരിച്ച്, ഒരു മുന്‍ ഫ്രഞ്ച് കോളനി രാജ്യമായ സിറിയയിലെ അറബ് സോഷ്യലിസ്റ് ഏകാധിപത്യ ഭരണകൂടം കലാലയങ്ങളില്‍ ഉടനീളം ഇസ്ലാമിക വസ്ത്ര ധാരണാരീതി നിരോധിച്ചിരിക്കുന്നു).