Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കവര്‍‌സ്റ്റോറി

റമദാന്‍
പുതിയ മനുഷ്യന്റെ വീണ്ടെടുപ്പിന്

 

# ഹമീദ് മലപ്പുറം

 
 



നരകവിമുക്തിയുടെയും സ്വര്‍ഗപ്രവേശത്തിന്റെയും സന്തോഷവാഹകനെ ആമോദപൂര്‍വം വലയം ചെയ്ത് ആകാശലോകം. ആത്മീയോല്‍ക്കര്‍ഷത്തിന്റെ ആണ്ടതിഥിയെ ആരവങ്ങളോടേറ്റുവാങ്ങാന്‍ മടിത്തട്ടൊരുക്കി ഭൂമിയും. സുകൃതങ്ങളുടെ വസന്തകാലത്തെ ആലിംഗനം ചെയ്ത് അവാച്യമായ അനുഭൂതിയിലാണ്ട അന്തരീക്ഷം. ഋതുഭേദങ്ങളുടെ അസഹ്യമായ നോവുകള്‍ക്കിടയിലും മന്ദസ്മിതം തൂകി വിശ്വാസികളുടെ മനസ്സുകളില്‍ കുളിരുകോരിയിടാന്‍ നാലു ദിക്കുകളിലും മത്സരത്തിലേര്‍പ്പെട്ട മാരുതന്‍. വിണ്ണിലും മണ്ണിലും പുണ്യം വിതറി വിശുദ്ധ റമദാനിതാ നമ്മോടൊപ്പം, ആദരണീയരായ മാലാഖമാരുടെ അകമ്പടിയോടെ.
വര്‍ണാഭമാണു വ്രതത്തിന്റെ വിസ്മയക്കാഴ്ചകള്‍. വ്യക്തി, കുടുംബം, സമൂഹം എന്നീ ത്രികോണതലങ്ങളില്‍ മാത്രമല്ല രാഷ്ട്ര രാഷ്ട്രാന്തരീയ തലങ്ങളിലും ജീവിത വ്യവഹാരങ്ങളെ അടിമുടി മാറ്റുന്നതാണ് റമദാന്‍. ബഹുതലങ്ങളായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണ സമ്മേളനമാണ് വ്രതവേളകള്‍. ഒരൊറ്റ മഴയില്‍ ഒരായിരം വിത്തുകള്‍ കിളിര്‍ക്കും പോലെ, ഒരു വലയെറിയലില്‍ ഒട്ടനേകം മത്സ്യങ്ങള്‍ അകപ്പെടും പോലെ ഒരു റമദാന്‍ പെയ്തിറങ്ങുമ്പോള്‍ സാര്‍ഥകമാകുന്നത് ഒരു പിടി നേട്ടങ്ങളാണ്. അമൂല്യമായതും അഭൌമിക തലത്തില്‍ മാത്രം നേടാന്‍ കഴിയുന്നതും അക്കൂട്ടത്തിലുണ്ട്. വ്യക്തിയുടെ കര്‍മ മനോഗതമനുസരിച്ചുള്ള വിലകുറഞ്ഞതും മാറ്റു മങ്ങിപ്പോയതുമായ ഫലങ്ങളും അവിടെയുണ്ട്. വിതക്കുന്നതുപോലെ കൊയ്യാന്‍ കഴിയും എന്നതത്രെ റമദാന്റെ പുണ്യം. സമൂഹം ഉപവസിക്കുമ്പോള്‍ കൂടെകൂടുന്നവര്‍ക്ക് റമദാന്‍ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിന്റെ ഗന്ധവും സൌരഭ്യവും നുകരാം. പകലുകളെ പട്ടിണിക്കിടലും രാത്രികളെ പതിന്മടങ്ങ് തീറ്റിക്കലുമാണ് വ്രതമെന്ന് നിര്‍വചനം ചമച്ചവര്‍ക്ക് പട്ടിണിയുടെയും അമിതാഹാരത്തിന്റെയും മധുരവും കയ്പും ഒരു പോലെ ആസ്വദിച്ച് സ്വയം നിര്‍വൃതിയടയാം. ഉപവാസത്തിനു പ്രഷറും കൊളസ്ട്രോളും കുറക്കുന്ന വൈദ്യപ്രധാനമായ ഫലം കൂടിയുണ്ട് എന്ന നിലയിലോ മറ്റോ ആരോഗ്യപരിരക്ഷക്കായി റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അതിന്റെ ഭൌതികമെച്ചം ലഭിച്ചേക്കും. പണിമുടക്കും നിഷ്ക്രിയത്വവുമാണ് റമദാനെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് രാവും പകലും യഥേഷ്ടം ഉറങ്ങാം. അങ്ങനെ സജീവതയുടെയും ഭഗീരഥപ്രയത്നങ്ങളുടെയും മാസമായ റമദാനില്‍ ദുര്‍മേദസ്സ് പിടികൂടിയ അപൂര്‍വജീവിയായി അവനും പരിണമിക്കാം.
കുരുടന്‍ ആനയെക്കണ്ടതുപോലെ റമദാനിനെ സമീപിച്ചാല്‍ ലഭ്യമാകുന്ന ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. സമീപനത്തിന്റെ പ്രശ്നം ആരംഭിക്കുന്നത് റമദാനില്‍ നിന്നല്ല, ജീവിതത്തില്‍നിന്നാണ്. ജീവിതം എന്തല്ല, എന്താണ് എന്ന വലിയ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയുന്ന ഒരേയൊരു സ്രോതസ്സേ ഇന്ന് ലോകത്തുള്ളൂ. അത് വിശുദ്ധ ഖുര്‍ആനാണ്. ഇതൊരവകാശവാദമല്ല, പച്ചപ്പരമാര്‍ഥമാണ്. എതിര്‍വാദങ്ങള്‍ക്ക് ചെവികൊടുക്കുക എന്നത് സമീപനത്തിന്റെ ഭാഗമായി സ്വീകരിച്ചത് കൊണ്ടുകൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ വെല്ലുവിളി ഉയര്‍ത്തിയത്: ഖുര്‍ആനിനു സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരൂ. അക്ഷരലോകത്തെ എല്ലാ കോര്‍പറേറ്റ് തമ്പുരാക്കന്മാരെയും കൂട്ടിനു വിളിച്ചുകൊള്ളൂ.
മനുഷ്യന്‍ ചന്ദ്രനില്‍ കയറിയിറങ്ങി നാല്‍പതാണ്ട് പൂര്‍ത്തീകരിച്ചു. ഇനിയും മേല്‍പോട്ട് തന്നെയാണ് അവന്റെ ദൃഷ്ടി. ജീവികളുടെ ഫോട്ടോസ്റാറ്റെടുക്കുന്ന ക്ളോണിംഗ് മെഷീന്‍ കണ്ടുപിടിച്ചിട്ടും വര്‍ഷങ്ങളായി. പക്ഷേ മരുഭൂമിയിലെ പരുപരുത്ത മണലാരണ്യത്തില്‍ ഊര്‍ന്നിറങ്ങി മനുഷ്യജീവിതത്തിലേക്ക് പടര്‍ന്നു കയറിയ വിശുദ്ധ ഖുര്‍ആനിനു സമാന്തരപതിപ്പിറക്കാന്‍ ഇന്നും ഒരു നോബല്‍ ജേതാവിനു പോലും കഴിയുന്നില്ലെങ്കില്‍ അതെന്തുകൊണ്ടാണ്?
സത്യവും അസത്യവും വിവേചിച്ചറിയാനുള്ള ശേഷി നല്‍കപ്പെട്ടതാണ് മനുഷ്യമനസ്സ്. തിന്മയും നന്മയും തമ്മിലുള്ള നിരന്തരപോരാട്ടങ്ങള്‍ അരങ്ങേറുന്നതും അവിടെതന്നെയാണ്. ഈ പോരാട്ടങ്ങളില്‍ പൈശാചിക പ്രലോഭനങ്ങളില്‍ ആകൃഷ്ടനായും ദേഹേഛകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ടും അധര്‍മഭാഗത്തേക്ക് ചായ്വും ചെരിവും പ്രകടിപ്പിക്കാന്‍ മനുഷ്യന്‍ പ്രേരിതനാകും. വക്രതയും വളവും തീര്‍ത്ത് നേരെ ചൊവ്വെ നില്‍ക്കാന്‍ വിശ്വാസിക്ക് ത്രാണി ലഭിക്കണമെങ്കില്‍ ദൈര്‍ഘ്യമേറിയതും ഇടവേളകളിട്ട് ആവര്‍ത്തിക്കുന്നതുമായ പരിശീലനം ആവശ്യമാണ്. ഉലയിലിട്ട് കാരിരുമ്പിനെ പഴുപ്പിച്ച് നിശ്ചിത രൂപത്തില്‍ പരുവപ്പെടുത്തുന്നതുപോലെ വ്രതമാകുന്ന സംസ്കരണ ശുദ്ധീകരണശാലയിലിട്ട് ആത്മവിശുദ്ധിയുടെ മഹോന്നത തലത്തിലേക്കുയര്‍ത്തുകയാണ് റമദാന്‍ ചെയ്യുന്നത്. കത്തിക്കാളുന്ന സൂര്യതാപത്തില്‍ ദാഹാര്‍ഥനായ വിശ്വാസി ജലപാനത്തിനു സാഹചര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിരിക്കെതന്നെയാണ് 'അരുത്' എന്ന നിര്‍ദേശത്തിനു മുമ്പില്‍ ശാരീരികമായ തന്റെ ആവശ്യത്തെ ആത്മീയമായ ശക്തികൊണ്ട് മറികടക്കുന്നത്. വൈവാഹിക സംസര്‍ഗങ്ങള്‍ വ്രതവേളയില്‍ വെറുക്കപ്പെടുന്നതും ശാരീരികാവശ്യത്തിനുമേല്‍ ആത്മീയവശം മേല്‍ക്കോയ്മ നേടുന്നതുകൊണ്ടാണ്. പ്രകൃത്യാ അനുവദനീയമാക്കപ്പെട്ടത് നിശ്ചിത സമയങ്ങളില്‍ വര്‍ജിക്കാന്‍ മനുഷ്യനു സാധിക്കുന്നുവെങ്കില്‍ തികച്ചും ദ്രോഹകരവും ദോഷകരവുമായ ഘടകങ്ങളെ തിരിച്ചറിയാനും അവ പിഴുതെറിയാനും അവനു കഴിയും എന്നത് നിസ്തര്‍ക്കമാണല്ലോ. ഇതിനെല്ലാം സാധ്യമാകുന്ന ശാരീരികമാനസിക ഘടനയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് വ്രതത്തിലൂടെ അല്ലാഹു സ്ഥിരീകരിക്കുന്നുണ്ട്. ശരീരത്തിന്റെയും ആത്മാവിന്റെയും സങ്കലനമായ മനുഷ്യ സ്വത്വത്തെ പൂര്‍ണമായും ദൈവഹിതത്തില്‍ തളച്ചിടുക എന്ന ദുഷ്കരമായ സാധനക്കാണ് തഖ്വ എന്നു പറയുക. ഈ തഖ്വയുടെ പരമാവധി സംഭരണമാണ് വ്രതത്തിലൂടെ നടക്കുന്നത്.
അല്ലാഹുവിനു അടിയാറുകളോടുള്ള കാരുണ്യത്തിന്റെ പാരമ്യത ആഴത്തില്‍ ബോധ്യപ്പെടുത്തുന്നതാണ് വിശുദ്ധ റമദാന്‍. ജീവിതവഴിത്താരകളില്‍ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസി ചിലപ്പോഴെങ്കിലും അല്ലാഹുവിന്റെ കരുണയെക്കുറിച്ച് സന്ദേഹപ്പെടാറുണ്ട്. ഭൌതികമായ വിഹിതങ്ങള്‍ വ്യത്യസ്ത അളവുകോലുകളില്‍ നല്‍കുന്നതിലെ യുക്തി പലപ്പോഴും പിടികിട്ടാത്തതിനാല്‍ റബ്ബിനു തന്നോട് മാത്രമായി എന്തേ ഇങ്ങനെ എന്ന ചോദ്യം മനസ്സിന്റെ അകത്തളങ്ങളിലെങ്കിലും പതുങ്ങിക്കിടക്കാറുണ്ട്. ഭൌതികത ക്ഷണികമാണെന്നും പാരത്രികം ക്ഷയിക്കാത്തതാണെന്നുമുള്ള യാഥാര്‍ഥ്യം ദുനിയാവിന്റെ അലങ്കാരങ്ങളില്‍ വഞ്ചിതരായി നാം വിസ്മരിച്ചുകൂടാ. നല്‍കപ്പെട്ടതിനെക്കുറിച്ചാണ് ചോദ്യമെന്നും ഇല്ലാത്ത ഒന്നിനെക്കുറിച്ച് അല്ലാഹുവിന്റെ കോടതിയില്‍ കണക്ക് ബോധിപ്പിക്കേണ്ടതുമില്ലെന്ന അടിസ്ഥാന തത്ത്വവും മറന്നു പോകരുത്. അന്തിമമായി സ്വര്‍ഗം നേടുന്നതിലൂടെയാണ് വിശ്വാസി സൌഭാഗ്യവാനാകുന്നത്. ഈ സൌഭാഗ്യം കരഗതമാക്കുന്നതിനു തടസ്സം നില്‍ക്കുന്നത് വിസ്മൃതിയും വിവരക്കേടും വഴി നാം സമ്പാദിച്ച പാപങ്ങളുടെ ഭണ്ഡാരങ്ങളാണെങ്കില്‍ അവയൊക്കെയും എഴുതിത്തള്ളുവാനും പൊറുക്കുവാനും മറക്കുവാനും റമദാന്‍ വഴി അല്ലാഹു സന്നദ്ധനാകുന്നുവെങ്കില്‍ ആ അല്ലാഹുവിന്റെ സ്നേഹ ദയാവായ്പുകളെക്കുറിച്ച് നാം ഇനിയുമെന്തിന് സംശയിക്കണം? വിശ്വാസം മുറുകെപ്പിടിച്ചും പാരത്രിക പ്രതിഫലം കാംക്ഷിച്ചും ആരു നോമ്പെടുത്താലും അവന്റെ പൂര്‍വകാല പാപങ്ങള്‍ അല്ലാഹു പൊറുക്കും. ജീവിതമാരംഭിച്ച് പൊടുന്നനെ യാത്ര തിരിക്കാന്‍ നിര്‍ബന്ധിതനാകുന്ന യുവാവ് മുതല്‍ ജീവിത സായാഹ്നത്തിലെത്തി പതുക്കെ കാലയവനികക്കുള്ളില്‍ മറയുന്ന വൃദ്ധന് വരെ ഈ കാരുണ്യകവാടത്തിലൂടെ സ്വര്‍ഗലോകത്തെത്താം. ആണാകട്ടെ പെണ്ണാകട്ടെ, ദരിദ്രനാകട്ടെ ധനികനാകട്ടെ, നേതാവാകട്ടെ അനുയായിയാകട്ടെ എല്ലാവരും അല്ലാഹുവിന്റെ കരുണാകടാക്ഷത്തിനു മുമ്പില്‍ സമന്മാരാണ്. പദവിയല്ല വ്യക്തിത്വമാണ് പരിഗണനാര്‍ഹമെന്നും ആയുസ്സല്ല കര്‍മമാണ് പ്രധാനമെന്നും ഇഹലോകമല്ല പരലോകമാണ് മുഖ്യമെന്നും അല്ലാഹു വീണ്ടും നമ്മെ ഉണര്‍ത്തുന്നു.
പതിനൊന്നുമാസങ്ങളുടെ പതിവു നടപ്പുശീലങ്ങള്‍ക്ക് വിരാമമായി ആവര്‍ത്തനങ്ങള്‍ തീര്‍ത്ത ആലസ്യങ്ങളും ആത്മാവ് ചോര്‍ന്ന കര്‍മങ്ങള്‍ സൃഷ്ടിച്ച വിരസതയും നീങ്ങി ഇനിയുള്ള രാപ്പകലുകളില്‍ പുതിയ ഓജസ്സും തേജസ്സും കുടിയിരിക്കണം. എന്നിട്ടവ അടുത്ത റമദാന്‍ വരേക്കുള്ള ഓക്സിജനാകണം. ഊര്‍ജ സംഭരണത്തിന്റെയും ഇന്ധനനിറവിന്റെയും പ്രമുഖ വിതരണ കേന്ദ്രമാണ് റമദാന്‍. പരക്ഷേമതല്‍പരതയും സഹാനുഭൂതിയും ക്ഷമയും ത്യാഗമനസ്ഥിതിയും വിട്ടുവീഴ്ചയും തുടങ്ങി റമദാന്‍ വിശ്വാസിയില്‍ അലങ്കാരച്ചാര്‍ത്തണിയിക്കുന്ന ആഭരണങ്ങള്‍ ഇനിയുമേറെയാണ്. അവ വാങ്ങിക്കൂട്ടുവാനാണ് റമദാന്‍ ചന്തകളില്‍ നാം തിരക്ക് കൂട്ടേണ്ടത്. പരലോകമോക്ഷത്തിലേക്കുള്ള അവിരാമമായ യാത്രയില്‍ വിശ്വാസപരവും കര്‍മപവുമായ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ തഖ്വയെ ഊതിക്കാച്ചിയെടുക്കണം. ഭൌതികപ്രണയം വഴി ആത്മീയരംഗത്ത് തളര്‍വാതം പിടിപെട്ടവര്‍ക്കും ദുനിയാവിന്റെ പളപളപ്പില്‍ ആഖിറത്തിന്റെ അലകും കോലും ഊരിത്തെറിച്ചവര്‍ക്കും വീണ്ടുവിചാരത്തിനു റമദാനോളം പോന്ന അവസരങ്ങളില്ല. ധൂര്‍ത്തും ദുര്‍വ്യയവും ദുശ്ശീലങ്ങളും ദൂരെയെറിയാന്‍ റമദാന്‍ തന്നെയാണ് ഉചിതമായ സമയം. ഉദരത്തെ മാത്രമല്ല, നാവിനും കാതുകള്‍ക്കും കണ്ണുകള്‍ക്കും വ്രത പാഠങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്. മനസ്സോടൊപ്പം അവയവങ്ങളുടെ നവീകരണവും ശുദ്ധീകരണവും കൂടി നടന്നുകഴിഞ്ഞാല്‍ പിന്നെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നത് പുതിയ മനുഷ്യനായിരിക്കും. ഭൂമി ആ മനുഷ്യനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ഈ റമദാന്‍ അതിനുള്ള പ്രചോദനമാകട്ടെ.


[email protected]

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly