Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ചോദ്യോത്തരം

മതപരിത്യാഗിയുടെ ശിക്ഷ

 

# മുജീബ്

 
 




"മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍ എന്നൊരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌലാനാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ലാമില്‍നിന്നും മതം മാറുന്നവരെ വധിക്കണം എന്നാണ് ജമാഅത്ത് സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാഅത്ത് നേതാക്കള്‍ മലയാളിക്ക് മുന്നില്‍ ആടുന്ന പ്രഛന്ന വേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മത രാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന ഇടതുപക്ഷ നാട്യവും.''
'എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ദേശാഭിമാനിയിലെ ലേഖന പരമ്പരയുടെ അവസാനം 'ജമാഅത്തെ ഇസ്ലാമിയും സി.പി.ഐ.എം നിലപാടും' എന്ന പിണറായി വിജയന്റെ ലേഖനത്തില്‍നിന്ന് (2010 ജൂലൈ 5 തിങ്കള്‍). മുജീബിന്റെ പ്രതികരണം?

സബിത റഫീഖ് കടലായി


സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ആയുഷ്കാലത്തിനിടയില്‍ ഏകദേശം എഴുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. അവയില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ആറു വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം-തഫ്ഹീമുല്‍ ഖുര്‍ആന്‍- ഉദാഹരണം. ചിലത് സത്യസാക്ഷ്യം, രക്ഷാസരണി, ഇസ്ലാമും ജാഹിലിയ്യത്തും പോലുള്ള ലഘു കൃതികളും. ഇവയില്‍ ചിലത് ആനുകാലിക പ്രാധാന്യം മാത്രം ഉണ്ടായിരുന്നവയാണ്; ചിലത് കര്‍മശാസ്ത്ര പ്രധാനവും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലയാള പ്രസിദ്ധീകരണ വിഭാഗം എല്ലാ കൃതികളും വിവര്‍ത്തനം ചെയ്ത് പുറത്തിറക്കേണ്ടത് ആവശ്യമായി കരുതിയില്ല. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറ് വാള്യങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൌദൂദിയുടെ ഒട്ടുമിക്ക ആശയങ്ങളും അഭിപ്രായങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പര്‍ദ, പലിശ പോലുള്ള കൃതികള്‍ അതിനാല്‍ വേറെ ഇറക്കേണ്ടത് അത്യാവശ്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അദ്ദേഹമായതുകൊണ്ട് അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സംഘടന അപ്പടി അംഗീകരിക്കുന്നു എന്നും അര്‍ഥമില്ല. പലതവണ അദ്ദേഹം തന്നെ വ്യക്തമാക്കിയപോലെ ഇസ്ലാമിക ശരീഅത്തിന്റെ വിശദാംശങ്ങളുമായും ദൈവശാസ്ത്ര സംബന്ധമായും ബന്ധപ്പെട്ട മൌദൂദിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അവയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മറ്റു വിഷയങ്ങളിലും സ്വന്തം ഇജ്തിഹാദിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിമര്‍ശനാതീതമോ വേദവാക്യങ്ങള്‍ക്ക് തുല്യമോ അല്ല.
'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്‍ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന്‍ ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്‍ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
അതല്ലാതെ, പാകിസ്താനെ പോലുള്ള ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ സ്വയം ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പിന്നീടവിടെ കഴിയുന്ന പൌരന്മാരാരെങ്കിലും ഇസ്ലാമില്‍നിന്ന് പുറത്തുപോയാല്‍ അവരെ മുര്‍ത്തദ്ദായി ഗണിച്ചു വധശിക്ഷക്ക് വിധേയമാക്കണമെന്ന് മൌദൂദിയും പറഞ്ഞിട്ടില്ല. ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും അങ്ങനെതന്നെ). മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്, കൊന്നുകളയണം എന്നല്ല. അഹ്മദിയ്യ മതത്തില്‍ വിശ്വസിക്കാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നര്‍ഥം. ഇസ്ലാമില്‍നിന്ന് പുറത്തുപോയില്ലെങ്കിലും ഒരാള്‍ ഇസ്ലാമിക സ്റേറ്റിനെതിരെ വിഘടനവാദമുയര്‍ത്തിയാല്‍ അയാള്‍ മുസ്ലിമായിരിക്കെത്തന്നെ വധശിക്ഷക്കര്‍ഹനാണെന്ന പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന വിധം ഒരു കൂട്ടര്‍ പ്രവാചകനു ശേഷം സകാത്ത് നിഷേധികളായി രംഗപ്രവേശം ചെയ്തപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) അവരോട് യുദ്ധം ചെയ്തതും ചരിത്ര സത്യമാണ്.
അതേയവസരത്തില്‍ കേവല മതപരിത്യാഗിക്ക് വധശിക്ഷ നല്‍കുന്നതിനെ ചില ആധുനിക പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മതസ്വാതന്ത്യ്രത്തിന് അത് വിരുദ്ധമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. പഠനവും പരിഗണനയും അര്‍ഹിക്കുന്ന വീക്ഷണമാണിത്.


കിനാലൂരും കക്കോടിയും
"ജമാഅത്തെ ഇസ്ലാമി ഇഛിച്ചതുതന്നെ കിനാലൂരിലെ പോലീസുകാരെപ്പോലെ കക്കോടിയിലെ സി.പി.എം സഖാക്കളും കല്‍പിച്ചുകൊടുത്തു. കേരളത്തില്‍ തൊട്ടടുത്ത് നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതും കഴിഞ്ഞ് നടക്കാനിരിക്കുന്ന മറ്റു തെരഞ്ഞെടുപ്പുകളിലും എങ്ങനെ കാലെല്ലൊടിയാതെ ചാടിക്കയറിപ്പറ്റണം എന്ന് തല പുകഞ്ഞാലോചിച്ചവര്‍ക്ക് 'കക്കോടി സംഭവം' കൂടി ഭംഗിയായി അരങ്ങേറിയതോടെ ആശ്വാസത്തിന് വകയായി.''
"മറുപുറത്ത് അടുക്കാന്‍ മടിച്ച് കുത്തും ചവിട്ടുമായി നിന്ന ലീഗിലെ ഒരു വിഭാഗത്തെയും അവരെപ്പേടിച്ച് 'സഹകരണ ചര്‍ച്ച'യുടെ മൊഴി ചൊല്ലിയ ലീഗ് നേതൃത്വത്തെയും ലീഗിനെന്തു തോന്നുമെന്ന ഉള്‍ഭയത്താല്‍ അറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും കുറിച്ചുള്ള വേവലാതിക്കും 'കക്കോടി സംഭവ'ത്തോടെ പരിസമാപ്തിയായി. കൈ നീട്ടി ചെല്ലാതെ തന്നെ കക്കോടി സംഭവത്തില്‍ പിന്തുണയുമായി സകല യു.ഡി.എഫ് കക്ഷികളും വന്നുകഴിഞ്ഞു.''
"ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ എന്‍.ഡി.എഫിനു പറ്റിയ അബദ്ധം വരാതെ തെരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തില്‍ സുരക്ഷിതമായി കടന്നുകൂടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ തന്ത്രം കിനാലൂരില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസും കക്കോടിയില്‍ സി.പി.എം സഖാക്കളും പരമസുന്ദരമായി വിജയിപ്പിച്ചുകൊടുത്തു.''
"മേല്‍ എഴുതിയ ഈ ഒറ്റവാചകം വായിച്ചാല്‍ ആദ്യം പ്രതിഷേധിക്കുന്നത് ജമാഅത്തെ ഇസ്ലാമി കേരള ഘടകമായിരിക്കും. സംശയമില്ല. 'ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് ഞങ്ങളാരും ഇന്നുവരെ പറഞ്ഞിട്ടിട്ടില്ല' എന്നായിരിക്കും അവരുടെ ആദ്യത്തെ പ്രതികരണം.''
"ശരിയാണ്. അങ്ങനെയൊരു പ്രതികരണത്തിനും അതുപോലൊരു ചോദ്യത്തിനും 'ഉണ്ട്' എന്നൊരു ഉത്തരം നല്‍കാറില്ല. ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ അമീറോ അസിസ്റന്റ് അമീറോ മുതല്‍ സാധാരണ പ്രവര്‍ത്തകന്‍ പോലും അങ്ങനെയൊരു വാചകം ഇതുവരെ പറഞ്ഞിട്ടില്ല.''
കലാകൌമൂദിയില്‍ എ. സജീവന്‍ നല്‍കിയിരിക്കുന്ന 'റിപ്പോര്‍ട്ടി'ലെ വാചകങ്ങളാണ് മുകളിലുദ്ധരിച്ചത്. ശരിയും അതിലേറെ ശരികേടുമുള്ള പ്രസ്തുത റിപ്പോര്‍ട്ടിനെക്കുറിച്ച് മുജീബിന്റെ പ്രതികരണം?

റഹ്മത്തുല്ല മേലാറ്റൂര്‍ രിയാദ്


കുടിവെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, റോഡ്, ഗതാഗതം, വികസനം, വ്യവസായം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി തുടങ്ങിയ മനുഷ്യന്റെ ജീവല്‍ പ്രശ്നങ്ങളില്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവരാരും അഭിപ്രായം പറയരുതെന്നോ അത്തരം മേഖലകളില്‍ അവര്‍ക്ക് പ്രവര്‍ത്തിച്ചുകൂടെന്നോ ഒരു വിലക്കും നിയമവും ഇന്ത്യന്‍ ജനാധിപത്യത്തിലോ ഭരണഘടനയിലോ ഉണ്ടോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. ഉണ്ടെങ്കില്‍ ഇവരത് ചൂണ്ടിക്കാട്ടണം. ഇല്ലെങ്കില്‍ ഇസ്ലാമിക തത്ത്വസംഹിതയിലും ധാര്‍മികാധ്യാപനങ്ങളിലും നൈതിക മൂല്യങ്ങളിലും വിശ്വസിക്കുന്നു എന്നത് മാത്രം പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത് ഒരയോഗ്യതയായി കണക്കാക്കിക്കൂടാ. ഈ ജനാധിപത്യ രാജ്യത്ത് ഹിന്ദുത്വത്തിലും മാര്‍ക്സിസത്തിലും മാവോയിസത്തിലും ദ്രാവിഡിസത്തിലുമൊക്കെ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ചിന്താ സ്വാതന്ത്യ്രവും പ്രവര്‍ത്തന സ്വാതന്ത്യ്രവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്യ്രവും ഉണ്ടെങ്കില്‍ ദൈവിക സന്മാര്‍ഗത്തിലൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്കും അതാവാം. എതിര്‍ക്കേണ്ടത് ആശയസമരത്തിലൂടെയാണ്, വിലക്കും നിരോധവും വഴിയല്ല. ആരായാലും ഹിസംയും ബലപ്രയോഗവും വിദ്വേഷ പ്രചാരണവും നിയമലംഘനവും പാടില്ല. ജമാഅത്തെ ഇസ്ലാമി ഇപ്പറഞ്ഞതൊന്നും നടത്തിയിട്ടില്ല, നടത്തുന്നുമില്ല.
പഞ്ചായത്തീ രാജ് ജനകീയ വികസന ക്രമമാണ് ലക്ഷ്യമിടുന്നത്. അതില്‍ രാഷ്ട്രീയ പക്ഷപാതിത്തങ്ങള്‍ക്ക് പ്രസക്തിയില്ല. അഴിമതിയും കുംഭകോണവും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മൂലം പഞ്ചായത്തീ രാജിന്റെ ലക്ഷ്യം നേടുന്നതില്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും വലിയ അളവില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇത് മനസ്സിലാക്കി ഒരു മാറ്റവും തിരുത്തും ആഗ്രഹിക്കുന്നവരെ അണിനിരത്തി ജനപക്ഷ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും ജനപ്രതിനിധികളെ മത്സരിപ്പിക്കാനുമാണ് ജമാഅത്തിന്റെ ശ്രമം. അത് മൂടിവെക്കുകയോ അന്യഥാ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. കക്കോടിയില്‍ അതിനായി വിളിച്ചുചേര്‍ത്ത യോഗം സി.പി.എം കൈയേറി തകര്‍ക്കുകയായിരുന്നു. അതും മതേതര ജനാധിപത്യത്തിന്റെ ചെലവില്‍! കിനാലൂരില്‍ അന്യായമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമരത്തില്‍ ജമാഅത്തും സോളിഡാരിറ്റിയും പങ്കുചേര്‍ന്നത് ഇരകളോടുള്ള പ്രതിബദ്ധതയുടെ പേരിലാണ്. അത് ഇലക്ഷന്‍ അജണ്ട അല്ലായിരുന്നു. തെരഞ്ഞെടുപ്പില്‍ ജനപക്ഷ കൂട്ടായ്മ ശക്തിപ്പെടാന്‍ അത് കാരണമായാല്‍ അത് തെറ്റാണെന്നും കരുതുന്നില്ല. കിട്ടുന്ന എല്ലാ അധികാരങ്ങളും ഖജനാവും പാര്‍ട്ടിയും വളര്‍ത്താനുപയോഗിക്കുന്നവര്‍ക്ക് ന്യായമായ ഒരു ജനകീയ സമരത്തെ കുറ്റപ്പെടുത്താന്‍ എന്തവകാശം?


സ്ത്രീശാക്തീകരണം
സ്ത്രീശാക്തീകരണവും അവളുടെ സാമൂഹിക ഇടപെടലും ഇന്ന് മുഖ്യ അജണ്ടകളിലൊന്നായി ജമാഅത്തെ ഇസ്ലാമി മാറ്റിയിരിക്കുന്നു. ഇതിന് പ്രധാന തെളിവുകള്‍ക്ക് വേണ്ടി നബി(സ)യുടെ കാലഘട്ടത്തിലെ നിര്‍ബന്ധിതമായ ചില സാഹചര്യങ്ങള്‍ മേമ്പൊടിയായി ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. സ്വഹാബി വനിതകള്‍ യോദ്ധാക്കള്‍ക്ക് സേവനം ചെയ്തതും പ്രവാചക പത്നി ആഇശ(റ) യുദ്ധത്തിന് നേതൃത്വം നല്‍കിയതുമൊക്കെ നിര്‍ബന്ധിത സാഹചര്യം മാത്രമായിരുന്നില്ലേ? സ്ത്രീശാക്തീകരണത്തിനും അവളുടെ സാമൂഹിക ഇടപെടലുകള്‍ക്കും ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായ വല്ല തെളിവുകള്‍ ലഭിക്കുമോ?
ഇ.സി റംല രിയാദ്
പ്രവാചകചര്യയും പ്രവാചക ശിഷ്യന്മാരുടെ മാതൃകയും അക്ഷരങ്ങളിലൂടെയല്ല, സ്പിരിറ്റ് നോക്കിയാണ് വിലയിരുത്തപ്പെടേണ്ടത്. എല്ലാ പ്രവാചകന്മാരും മൌലികാധ്യാപനങ്ങളില്‍ മാറ്റം വരുത്താതെ കാലോചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ ഇസ്ലാം എന്നേ കാലഹരണപ്പെട്ടേനെ. ഇന്ന് വനിതാ വിമോചനത്തിന്റെ യുഗമാണ്. സ്ത്രീ മോചനം കാടുകയറിയ ഫെമിനിസമായി വളരരുത്. സ്ത്രീകളെ അടിമകളായി ഗണിക്കുന്ന യാഥാസ്ഥിതികത്വവും മാനുഷികമല്ല. രണ്ടിനും മധ്യേ, തുല്യാവകാശങ്ങളും മാനവിക പരിഗണനയും വികസനത്തില്‍ പങ്കാളിത്തവുമുള്ളവരായി സ്ത്രീകള്‍ മാറണം. മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം ഇസ്ലാമിന്റെ സദാചാര ചിട്ടകള്‍ പാലിച്ചും കുടുംബ ജീവിതത്തിന്റെ ബാധ്യതകള്‍ നിറവേറ്റിയും വേണം. ഈ സന്തുലിത കാഴ്ചപ്പാടിനെ വിലക്കുന്നതൊന്നും പ്രവാചക ജീവിതത്തിലില്ല. തികച്ചും ഇടുങ്ങിയ കര്‍മശാസ്ത്ര കാഴ്ചപ്പാടിലൂടെ മാത്രം എല്ലാറ്റിനെയും വിലയിരുത്തി നിര്‍ബന്ധിതാവസ്ഥയുടെ ഓരം ചാരുന്നത് പൌരോഹിത്യപരമാണ്.


പോപ്പുലര്‍ ഫ്രണ്ട്
"പോപ്പുലര്‍ ഫ്രണ്ട് മുസ്ലിംകളുടെ സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു നവ സാമൂഹിക പ്രസ്ഥാനമാണ്. ഒരുപക്ഷേ, സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിം പക്ഷത്തുനിന്ന് ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന ഒരേയൊരു പ്രസ്ഥാനം. ഇത് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. ജനങ്ങള്‍ക്കിടയില്‍ വേരോട്ടം ലഭിക്കുന്ന ഒരു പ്രസ്ഥാനത്തെ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയും നുണ പ്രചാരണങ്ങളിലൂടെയും തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.''
കൈവെട്ട് സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയിലെ ഈ അവകാശവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ശക്കീര്‍ അഹ്മദ് പരപ്പനങ്ങാടി
ഫാഷിസത്തെ തുല്യനാണയത്തില്‍ ചെറുക്കുക അജണ്ടയാക്കി, പ്രതിരോധം പരിപാടിയായി സ്വീകരിച്ച മുസ്ലിം പ്രസ്ഥാനം സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് മാത്രമേയുള്ളൂ എന്നത് ഒരുവേള ശരിയായിരിക്കണം. ഹൈദരാബാദിന്റെ സ്വതന്ത്ര രാഷ്ട്ര പദവിക്കുവേണ്ടി നിലകൊള്ളുന്ന റിസാകാര്‍ പ്രസ്ഥാനം മാത്രമേ ഏതാണ്ടിതേ മട്ടില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇന്ത്യാ ഗവണ്‍മെന്റിന്റെ സൈനിക നടപടിയോടെ അത് ഇല്ലാതാവുകയും ചെയ്തു.
എല്ലാ മതസ്ഥര്‍ക്കും തുല്യ അവസരവും തുല്യ നീതിയും ഉറപ്പുനല്‍കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ് ഇന്ത്യയുടേത്. അതിന്റെ കീഴില്‍ മതപരമായും രാഷ്ട്രീയമായും സാംസ്കാരികമായും സംഘടിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്യ്രമുണ്ടെന്നിരിക്കെ ഏത് അക്രമത്തെയും അനീതിയെയും ജനാധിപത്യപരമായി ചെറുക്കാന്‍ കഴിയും. അതാണ് യുക്തിസഹവും ഇസ്ലാമികവുമായ വഴി. ഈ വഴിവിട്ട് ബലപ്രയോഗത്തിന്റെ വഴിതേടുന്നത് മുസ്ലിം സമുദായത്തെ ഒന്നാകെ സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും കരിനിഴലില്‍ നിര്‍ത്താനും ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താനും മാത്രമേ ഉതകൂ. ഒടുവിലത്തെ കൈവെട്ട് സംഭവം തന്നെ വേണ്ടതിലധികം ദുഷ്പേരുണ്ടാക്കി, മുസ്ലിംകള്‍ക്ക് മാത്രമല്ല ഇസ്ലാമിനും. വേട്ടേറ്റ അധ്യാപകന്‍ ചെയ്ത തെറ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അയാള്‍ ജോലി ചെയ്യുന്ന കോളേജിന്റെ മാനേജ്മെന്റ് അയാളെ സസ്പെന്റും ചെയ്തിരുന്നു. സര്‍ക്കാര്‍ അയാള്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചിരുന്നു. കൈവെട്ടോടെ സ്ഥിതിയാകെ അട്ടിമറിഞ്ഞു. മുഖ്യ വിഷയം തന്നെ മുസ്ലിം തീവ്രവാദവും ഭീകരതയുമായി മാറി. മാനേജ്മെന്റ് അധ്യാപകന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു. മറിച്ച് കൈവെട്ടുണ്ടാക്കിയ നേട്ടമോ?
ഈ വസ്തുതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവര്‍ ഭീരുക്കള്‍, സമുദായ ശത്രുക്കള്‍. സമാധാനപരമായ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം മാത്രം സൃഷ്ടിക്കുന്ന ഈ വര്‍ഗീയധ്രുവീകരണ ശ്രമങ്ങളെ ഒരര്‍ഥത്തിലും അംഗീകരിക്കാന്‍ വയ്യ. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആദ്യമേ അതിനെ തുറന്നെതിര്‍ത്തിട്ടുണ്ട്. ഇപ്പോഴും ആ നിലപാടില്‍ ഒരു മാറ്റവും ഇല്ല.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly