പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും മുസ്ലിംലീഗിന്റെ ചങ്കിടിപ്പ് വര്‍ധിച്ചുവരുന്നു. ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും മുന്‍കൈയെടുത്ത് രൂപവത്കരിക്കുന്ന ജനപക്ഷ കൂട്ടായ്മകള്‍ എല്ലായിടത്തും വിജയിച്ചില്ലെങ്കിലും ലീഗ് നോമിനികളുടെ പരാജയം ഉറപ്പാക്കിയാലോ? ജനപക്ഷ പരീക്ഷണത്തിന്റെ ഫലപ്രാപ്തി നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു കൈനോക്കാന്‍ ജമാഅത്തിനെ പ്രചോദിപ്പിച്ചാലോ? ജമാഅത്തെ ഇസ്ലാമി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ കക്ഷി ലീഗിന്റെ സാമുദായിക രാഷ്ട്രീയ ഭൂമികയില്‍ വെല്ലുവിളിയുയര്‍ത്തിയെങ്കിലോ? ആശങ്കകള്‍ പലതാണ്. അതിനാല്‍ ജമാഅത്തിന്റെ രാഷ്ട്രീയ സാധ്യതകളെ രണ്ടുംകല്‍പിച്ച് ഇല്ലാതാക്കുകതന്നെയാണ് ബുദ്ധി. അതിന് മുസ്ലിം തീവ്രവാദത്തിനും ഭീകരതക്കുംനേരെ സി.പി.എമ്മും സഹയാത്രികരും മതേതര നാട്യക്കാരും യുദ്ധം പ്രഖ്യാപിച്ച ഈ സന്ദര്‍ഭത്തോളം ഉചിതമായ അവസരം വേറെയില്ല. മുസ്ലിം മതസംഘടനകള്‍ ജമാഅത്തിന്റെ നേരെ ഒറ്റക്കൊറ്റക്ക് നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തെ ഏകീകൃത കുടക്കീഴില്‍ കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ടുപക്ഷി. സമുദായ ഐക്യം മുസ്ലിംലീഗ് സാധ്യമാക്കി എന്ന സല്‍കീര്‍ത്തി ഒരു വശത്ത്, മറുവശത്ത് മുഖ്യശത്രുവിനെ വീഴ്ത്തിയ ചാരിതാര്‍ഥ്യവും.
സായുധപ്രതിരോധം പ്രഖ്യാപിത അജണ്ടയായി കൊണ്ടുനടക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ അത് എന്‍.ഡി.എഫ് എന്ന പേരില്‍ ജന്മമെടുത്ത നാളുകളില്‍തന്നെ തള്ളിപ്പറഞ്ഞതും താത്ത്വികമായും പ്രായോഗികമായും അതിന്റെ യുക്തിശൂന്യത തുറന്നുകാട്ടിയതും ജമാഅത്തെ ഇസ്ലാമിയാണ്. അതില്‍പിന്നെ എന്‍.ഡി.എഫിന്റെ ഏറ്റവും രൂക്ഷമായ വിമര്‍ശങ്ങള്‍ക്ക് ശരവ്യമായതും ജമാഅത്ത് തന്നെ. ഫാഷിസത്തോട് തുല്യനാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമം ഒരു ജനാധിപത്യവ്യവസ്ഥയില്‍ അസ്വീകാര്യമാണെന്നതിനു പുറമെ അത് ആത്മഹത്യാപരം കൂടിയാണെന്നും ബഹുമത രാജ്യമായ ഇന്ത്യയില്‍ ഏറ്റവും പ്രാധാന്യത്തോടെ നടക്കേണ്ട പ്രബോധന പ്രവര്‍ത്തനങ്ങളെ അത് തികച്ചും പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ജമാഅത്തിന്റെ വാദഗതികളെ പോപ്പുലര്‍ ഫ്രണ്ട് ഭീരുത്വമായാണ് വിലയിരുത്തിയത്; കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. ഇതൊക്കെ മുസ്ലിം ലീഗിനും മതസംഘടനകള്‍ക്കും അസ്സലായറിയാവുന്ന കാര്യങ്ങളാണ്. അതേയവസരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രങ്ങളുമായി ലീഗ് നേതാക്കള്‍ നിരന്തരം സംവദിക്കുകയും പിന്തുണ തേടുകയുമുണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യവും. അഖിലേന്ത്യാ പേഴ്സനല്‍ ലോ ബോര്‍ഡിന്റെ യോഗം കേരളത്തില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയും എന്‍.ഡി.എഫ് നേതാവായ ഇ. അബൂബക്കറിനെ കണ്‍വീനറായി ബന്ധപ്പെട്ടവര്‍ നിയോഗിക്കുകയും ചെയ്തപ്പോള്‍ അതു പറ്റില്ലെന്ന് ശഠിച്ചത് ജമാഅത്തെ ഇസ്ലാമി, സഹകരണം വാഗ്ദാനം ചെയ്തത് കുഞ്ഞാലിക്കുട്ടിയും! പക്ഷേ, കേരളത്തില്‍ മുസ്ലിം തീവ്രവാദ വിവാദം ചൂടുപിടിക്കുമ്പോഴൊക്കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കും, മുസ്ലിം ലീഗ് അതിനെതിരെ കാമ്പയില്‍ നടത്തുമെന്ന്. അപ്രകാരം ലീഗും പോഷക മതസംഘടനകളും നടത്തിയേടത്തോളമുള്ള എല്ലാ കാമ്പയിനുകളുടെയും ടാര്‍ഗറ്റ് ജമാഅത്തെ ഇസ്ലാമി ആയിരുന്നു. കുതിരയെ വര്‍ണിച്ച് പത്തു വാക്യങ്ങള്‍ എഴുതാന്‍ നിര്‍ദേശിക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥി, ഒമ്പത് വാക്യങ്ങളും തെങ്ങിനെക്കുറിച്ചെഴുതി, പത്താമത്തെ വാചകത്തില്‍ 'ഇങ്ങനെയുള്ള തെങ്ങിലാണ് കുതിരയെ കെട്ടിയിരിക്കുന്നത്' എന്ന് സമാപിച്ച കഥയുണ്ട്. മണിക്കൂറുകളോളം മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും വധിച്ച് ഒടുവില്‍ ഒരു സമാഹരണമാണ്: മൌദൂദിയും ജമാഅത്തുമാണ് സിമിയെ ഉല്‍പാദിപ്പിച്ചത്, സിമിയില്‍നിന്നാണ് എന്‍.ഡി.എഫ് ജന്മമെടുത്തത് എന്ന്! ഈ തന്ത്രംതന്നെയാണ് 'ചരിത്രപ്രധാനമായ' കോട്ടക്കല്‍ ഉച്ചകോടിക്കുശേഷം ആവര്‍ത്തിക്കാന്‍ പോകുന്നതെന്ന് വ്യക്തം. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കോളേജധ്യാപകന്റെ കൈവെട്ടിയ തോന്ന്യാസമാണ് പ്രകോപനമെങ്കിലും മുസ്ലിം ലീഗ് അവസരം മുതലാക്കി ജമാഅത്ത് വിരുദ്ധ വേദിക്ക് രൂപംനല്‍കുകയും പ്രചാരണത്തിന് മതസംഘടനകളെ രംഗത്തിറക്കുകയുമായിരുന്നു.
മാസപ്പിറവി നിര്‍ണയം പോലുള്ള തികച്ചും മതപരമായ വിഷയങ്ങളെച്ചൊല്ലി സുന്നി-മുജാഹിദ് സംഘടനകള്‍ പരസ്പരം കടിച്ചുകീറുകയും ഇതര സമുദായങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുകയും ചെയ്ത സാഹചര്യങ്ങളില്‍ ചില മലയാളി മുസ്ലിം പ്രമുഖര്‍ മുന്‍കൈയെടുത്ത് 1999 ഒക്ടോബറില്‍ കോഴിക്കോട്ട് വിവിധ മുസ്ലിം രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. അഭിപ്രായഭിന്നതകള്‍ പരമാവധി നിരുപദ്രവകരമായി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രം പ്രകടിപ്പിക്കാനും പൊതുതാല്‍പര്യമുള്ള പ്രശ്നങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കാനും ആ യോഗത്തില്‍ ധാരണയായി. പൊതുവേദിക്ക് മുസ്ലിം സൌഹൃദവേദി എന്ന് പേരിട്ടു, സ്ഥിരം സെക്രട്ടേറിയറ്റും സ്ഥാപിച്ചു. അതില്‍പിന്നെ കൂടക്കൂടെ സൌഹൃദവേദി സമ്മേളിച്ചു, പ്രസ്താവനകളിറക്കി, മാസപ്പിറവി കാര്യത്തില്‍ ഏറ്റുമുട്ടലിന് വിരാമമിട്ടു. ഒരിക്കല്‍ സമുദായോന്നമനത്തിന് ഒരു ദീര്‍ഘകാല കര്‍മപരിപാടിയും അംഗീകരിച്ചു. എന്നാല്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സുന്നി ഗ്രൂപ്പ് സൌഹൃദവേദിയില്‍ സജീവമായിരുന്നില്ല. യോഗങ്ങളില്‍ പേരിന് ഏതെങ്കിലും ആള്‍മായരെ നിയോഗിക്കും. ഒടുവിലൊടുവില്‍ എ.പി വിഭാഗം സഹകരിക്കാമെന്നായപ്പോള്‍ ഇ.കെ വിഭാഗം സമസ്ത വിട്ടുനിന്നു. അതിനിടെ മുജാഹിദ് സംഘടനയും പിളര്‍ന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സൌഹൃദവേദി തീരെ നിര്‍ജീവമാവുകയോ മരിക്കുകയോ ചെയ്തു. പിന്നീടുണ്ടായത് പ്രശ്നാധിഷ്ഠിത യോഗങ്ങളാണ്. ആ യോഗങ്ങളിലും മുസ്ലിം സംഘടനകളുടെ പൂര്‍ണ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ സൌഹൃദവേദിയാകട്ടെ, അതിന്റെ മുമ്പും പിമ്പും ഉണ്ടായ കൂട്ടായ്മകളാവട്ടെ അവയുടെ സംഘാടനത്തിലും സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ജമാഅത്തെ ഇസ്ലാമി വഹിച്ച നിര്‍ണായക പങ്ക് കുഞ്ഞാലിക്കുട്ടിക്ക് നിഷേധിക്കാനാവില്ല.
കോട്ടക്കല്‍ കൂടിയിരിപ്പ് മുന്‍ ഐക്യവേദികളില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഇത് ഹിഡന്‍ അജണ്ടയോടെ മുസ്ലിം ലീഗും സുന്നി-മുജാഹിദ് സംഘടനകളും വിളിച്ചുചേര്‍ത്ത സമ്മേളനമാണ്. തീവ്രവാദികളോടനുഭാവമില്ലാത്ത എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട് എന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞതില്‍നിന്നുതന്നെ സൂചന വ്യക്തമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പുറത്തുനിര്‍ത്താനുള്ള സൂത്രമായിരുന്നു അത്. ജമാഅത്തെ ഇസ്ലാമിയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള മുസ്ലിം സംഘടനകളുടെ യോഗം ചരിത്രത്തിലാദ്യമാണെന്ന മാതൃഭൂമിയുടെ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. പി.ഡി.പിയെയോ പി.എഫ്.ഐയെയോ മുന്‍ഗാമിയായ എന്‍.ഡി.എഫിനെയോ ഇത്തരം യോഗങ്ങളിലേക്ക് മുമ്പേ ക്ഷണിച്ചിരുന്നില്ല. ആര്‍ജവവും സത്യസന്ധതയുമുണ്ടെങ്കില്‍ വേണ്ടത് ഇതഃപര്യന്തം എല്ലാ സാമുദായിക കൂട്ടായ്മകളിലും പങ്കെടുത്തുവന്ന ജമാഅത്തെ ഇസ്ലാമിക്ക് കോട്ടക്കല്‍ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ അവസരം നല്‍കിയശേഷം ആ സംഘടനക്ക് കുറ്റപത്രം സമര്‍പ്പിക്കുകയും അവര്‍ക്ക് ബോധിപ്പിക്കാനുള്ളത് കേള്‍ക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടുവേണമായിരുന്നു ഊരുവിലക്ക് പ്രഖ്യാപിക്കാന്‍. ഭീരുത്വവും ആരോപണങ്ങളുടെ അര്‍ഥശൂന്യതയുമാണ് അതിന് വിഘാതമായത് എന്ന് തീര്‍ച്ച. എന്തിന്റെ പേരിലായാലും മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഇങ്ങനെ സംഭവിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുമ്പോള്‍തന്നെ കൃത്യമായി മുസ്ലിം ലീഗ് നേതൃത്വം ആ പക്വമതിയുടെ പാത കൈയൊഴിഞ്ഞിരിക്കുന്നു; അവരത് സമ്മതിച്ചില്ലെങ്കിലും.
"ഒരു ജനതയോടുള്ള വിദ്വേഷം നീതി ചെയ്യാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതിപാലിക്കുവിന്‍, അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്'' എന്ന വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം രാഷ്ട്രീയക്കാര്‍ മറന്നാലും മതപണ്ഡിതന്മാര്‍ മറക്കരുതായിരുന്നു. "പുണ്യത്തിനും ദൈവഭക്തിക്കും വേണ്ടി നിങ്ങള്‍ പരസ്പരം സഹകരിക്കുക, പാപത്തിന്റെയും ശത്രുതയുടെയും പേരില്‍ നിങ്ങള്‍ സഹകരിക്കരുത്'' എന്ന് ഓര്‍ക്കേണ്ടതും പണ്ഡിതന്മാരായിരുന്നു. അവര്‍ പക്ഷേ, അധികാരരാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും വീണു.
ഐക്യം പരമപ്രധാനമാണ്. തൊട്ടുകൂട, മിണ്ടിക്കൂട, ഒരുമിച്ചിരുന്നുകൂട എന്ന ശാഠ്യം വിശ്വാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കും പറഞ്ഞിട്ടുള്ളതല്ല. ആഗോള സാമ്രാജ്യത്വവും ദേശീയ ഫാഷിസവും നിരന്തരം വേട്ടയാടുന്ന ഒരാദര്‍ശ സമുദായത്തിന്റെ നിലനില്‍പ് പ്രശ്നമാവുമ്പോള്‍ ഐക്യവും യോജിച്ച ചെറുത്തുനില്‍പും പ്രഥമ ബാധ്യതയായിത്തന്നെ മാറുന്നു. വൈകിയാണെങ്കിലും അത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ മുസ്ലിം സംഘടനകള്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ബോര്‍ഡ്, മുസ്ലിം മജ്ലിസെ മുശാവറ, മില്ലി കൌണ്‍സില്‍ മുതലായ പൊതുവേദികളില്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ അബുല്ലൈസ് ഇസ്ലാഹിയും മൌലാന അലി മിയാനും മറ്റു മഹാരഥന്മാരും ചേര്‍ന്ന് രൂപംനല്‍കിയ പൊതുവേദികളാണ് മുസ്ലിം മജ്ലിസെ മുശാവറയും പേഴ്സനല്‍ ലോ ബോര്‍ഡും. പിന്‍ഗാമികള്‍ സമുദായ ഐക്യത്തിന്റെ മഹത്തായ ആ പൈതൃകം കാറ്റില്‍പറത്തി സാമ്രാജ്യത്വവാദികള്‍ക്കും മതവിരുദ്ധര്‍ക്കും ഫാഷിസ്റുകള്‍ക്കുമൊപ്പം ചേര്‍ന്ന് നൂറുശതമാനവും സമാധാനപൂര്‍വം പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ധാര്‍മിക പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ആക്രമണവും സംഹാരാത്മക ഐക്യത്തിനുള്ള ആഹ്വാനവും ഒരിക്കലും വിജയിക്കാന്‍ പോവുന്നില്ലെന്നത് വേറെ കാര്യം. ഈ നാടകത്തിലെ അവസാന ചിരി പോപ്പുലര്‍ ഫ്രണ്ടിന്റേതായിരിക്കും എന്നതും സംശയമില്ലാത്ത കാര്യം.