പുണ്യങ്ങളുടെ പൂമണം പരത്തി റമദാന്‍ വീണ്ടും വന്നുചേരുകയാണ്. കരുണയുടെയും കരുത്തിന്റെയും മാസമാണ് റമദാന്‍. അല്ലാഹുവിന്റെ കാരുണ്യം തേടാനും സഹജീവികള്‍ക്ക് കരുണ ചൊരിയാനും അര്‍ഹതപ്പെട്ട രാപ്പകലുകള്‍. നമ്മുടെ കര്‍മമാര്‍ഗത്തില്‍ കരുത്താര്‍ജിക്കാനും റമദാന്‍ അവസരം ഒരുക്കണം.
ഇസ്ലാമിക പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. വളര്‍ച്ചയുടെ പുതിയ ചുവടുവെപ്പുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് ജമാഅത്തെ ഇസ്ലാമി. നന്മയില്‍ പടുത്തുയര്‍ത്തുകയും നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം പ്രതീക്ഷിച്ചിരിക്കുകയാണ് നമ്മള്‍. മീഡിയാരംഗത്തും ചില വലിയ തീരുമാനങ്ങള്‍ നാമെടുത്തിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ പ്രസ്ഥാന വിരുദ്ധ വൃത്തങ്ങളില്‍ ഇപ്പോഴേ അലോസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും നടത്തപ്പെടുന്ന നീക്കങ്ങളും അപ്രതീക്ഷിതമല്ല. പ്രതിസന്ധികള്‍ നമുക്ക് പുതിയതുമല്ല. അവ വഴി മുടക്കികളായി നില്‍ക്കുമെന്ന് നാം കരുതുന്നില്ല. മഹാ പ്രവാഹങ്ങള്‍ പാറക്കെട്ടുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കാറില്ലല്ലോ. പരീക്ഷണങ്ങള്‍ വിശ്വാസികളുടെ ഈമാനും നിശ്ചയദാര്‍ഢ്യവും വര്‍ധിപ്പിക്കുകയേ ചെയ്യൂ. പ്രതികൂലാവസ്ഥകള്‍ പ്രസ്ഥാന പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മോത്സുകരാക്കും. അതൊരു ശുദ്ധീകരണ പ്രക്രിയയായിട്ടാണ് മനസ്സിലാക്കേണ്ടത്. തീച്ചൂളയില്‍ തെളിയിച്ചെടുക്കപ്പെടുന്ന തങ്കത്തിനാണ് ഏറെ തിളക്കമുണ്ടാവുക.
അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പമാണ് നമുക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. അതാണ് നമുക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നത്. വിശ്വാസികള്‍ക്ക് ഭരമേല്‍പ്പിക്കാന്‍ അവനേക്കാള്‍ ഉത്തമരായി വേറെ ആരുമില്ലല്ലോ. അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ റമദാന്‍ വേണ്ടവിധം ഉപയോഗപ്പെടുത്തണം. പ്രാര്‍ഥനയാണ് നമ്മുടെ ആയുധം. പ്രാര്‍ഥന സ്വീകരിക്കപ്പെടാത്തവരുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഉത്കണ്ഠകള്‍ പ്രവാചക വചനങ്ങളില്‍ ധാരാളമായി കാണാന്‍ കഴിയും. ജീവിതശീലങ്ങളില്‍ ആവശ്യമായിടത്ത് തിരുത്തിയും, മലിന വികാരങ്ങളില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിച്ചും, മനുഷ്യബന്ധങ്ങള്‍ മെച്ചപ്പെടുത്തിയും അല്ലാഹുവിനും നമുക്കുമിടയില്‍ തടസ്സമില്ലാതിരിക്കാന്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം.
സമീപകാലത്തെ പ്രസ്ഥാനത്തിന്റെ ചുവടുവെപ്പുകള്‍ വലിയ വിജയമായിത്തീര്‍ന്ന അനുഭവങ്ങളാണുള്ളത്. നമ്മുടെ മിടുക്കുകൊണ്ടും ആസൂത്രണ പാടവംകൊണ്ടുമല്ല; അല്ലാഹുവിന്റെ സഹായംകൊണ്ട്. കാപട്യങ്ങളുടെ കലര്‍പ്പില്ലാതെ ഉദ്ദേശ്യശുദ്ധിയോടെ നാം തീരുമാനങ്ങളെടുക്കുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി സമയവും സമ്പത്തും ശരീരവും സമര്‍പ്പിക്കുന്നു. അത്തരം ഘട്ടങ്ങളിലാണ് അല്ലാഹുവിന്റെ സഹായത്തിന് നാം അര്‍ഹരാവുന്നത്.
റമദാനിന്റെ പാതിരാവുകളില്‍ നമ്മുടെ പ്രാര്‍ഥനകളില്‍ പ്രസ്ഥാനത്തിനും പ്രസ്ഥാന സംരംഭങ്ങള്‍ക്കും കൂടി ഇടമുണ്ടാവണം. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും റമദാനിന്റെ നന്മകള്‍ അനുഭവിക്കാന്‍ കഴിയേണമേയെന്ന് പ്രാര്‍ഥിക്കുന്നു.