Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>തര്‍ബിയത്ത്


വേണം നമുക്കൊരു സമയക്രമീകരണം
ടി.കെ.യൂസുഫ്
ഒരു ജോലിയും ഇല്ലാത്തവര്‍ പോലും ഒന്നിനും സമയമില്ലെന്ന് ആവലാതിപ്പെടുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. സമയമില്ല എന്ന ഒഴിവ് കഴിവ് പറഞ്ഞാണ് ഇന്ന് പലരും കൃത്യവിലോപത്തെ നീതീകരിക്കാറുളളത്. ശാസ്ത്ര സാങ്കേതിക വിദ്യ മനുഷ്യന്റെ ജോലിഭാരം ലഘൂകരിക്കുകയും സഞ്ചാരത്തിന്റെ വേഗത കൂട്ടുകയും ചെയ്തിട്ടും സമയം തികയാതെ വരുന്നത് സമയം ഇല്ലാത്തത് കൊണ്ടല്ല, അതിനെ വ്യവസ്ഥാപിതമായി വിനിയോഗിക്കാത്തതു കൊണ്ടാണ്. ഇവിടെയാണ് സമയക്രമീകരണം അനിവാര്യമായിവരുന്നത്.
ആധുനിക സമൂഹം സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വിലകുറഞ്ഞ വിനോദങ്ങള്‍ക്കും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം സമയം സ്വര്‍ണത്തേക്കാള്‍ വിലയേറിയതാണ്. കാരണം സമയം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതിനെക്കുറിച്ച് അല്ലാഹുവിന്റെ മുമ്പില്‍ കണക്കുബോധിപ്പിക്കാതെ അവന് ഒരടി മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെ ഉത്തമ നൂറ്റാണ്ടിലെ മുസ്ലിംകള്‍ സമയത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ കാണിച്ചിരുന്നതായി കാണാം. വിജ്ഞാന സമ്പാദനത്തിനും ഇസ്ലാമിക വിജയങ്ങള്‍ക്കും സല്‍കര്‍മങ്ങള്‍ക്കുമല്ലാതെ അവര്‍ സമയം ചെലവഴിച്ചിരുന്നില്ല.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സമയം വേഗത്തില്‍ കടന്നു പോകുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. വരും നാളുകളില്‍ ഈ തോന്നല്‍ ഇനിയും വര്‍ധിക്കാനിടയുണ്ട്. കാരണം അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി നബി(സ) പ്രവചിച്ചത് സമയത്തിന്റെ ദ്രുതഗതിയിലുളള സഞ്ചാരമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമയം പോയതറിഞ്ഞില്ല എന്ന തോന്നല്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഈ ലോകത്ത് നൂറ് വര്‍ഷം ജീവിച്ചവന് പോലും പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അത്രയൊന്നും ജീവിച്ചില്ല എന്നാണ് തോന്നാറുളളത്. 'പരലോകത്ത് വെച്ച് പാപികളായ ജനങ്ങള്‍ തങ്ങള്‍ ദുനിയാവില്‍ അല്‍പമല്ലാതെ ജീവിച്ചിട്ടില്ലെന്ന് ആണയിടും' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഈ ലോകത്ത് എത്രമാത്രം ആയുസ്സ് ലഭിച്ചവനും തന്റെ മരണ സമയത്ത് ജീവിതം തികച്ചും നൈമിഷികമായിട്ടാണ് അനുഭവപ്പെടുക. ആയിരം വര്‍ഷത്തെ ജീവിതത്തിന് ശേഷം നൂഹ് നബിയോട് മരണത്തിന്റെ മലക്ക് ദുനിയാവ് എങ്ങനെയുണ്ട് എന്ന് ആരാഞ്ഞപ്പോള്‍ 'ഭവനത്തിന്റെ ഒരു വാതിലിലൂടെ കടന്ന് വന്ന് മറ്റൊന്നിലൂടെ പുറത്ത് വരുന്നത് പോലെ' എന്നാണത്രെ അദ്ദേഹം പോലും പ്രതിവചിച്ചത്. ഈ സംഭവം ശരിയാണെങ്കിലും അല്ലെങ്കിലും ഐഹിക ജീവിതത്തിന്റെ ക്ഷണികതയാണ് ഇത് വെളിപ്പെടുത്തുന്നത്. പകരം വെക്കാന്‍ മറ്റൊന്നില്ലാത്തത് കൊണ്ടാണ് സമയം അമൂല്യമായിത്തീരുന്നത്. മനുഷ്യന്റെ സകല പ്രവര്‍ത്തനത്തിന്റെയും മൂലധനം, സത്യത്തില്‍ സമയമാണ്. സമയം സ്വര്‍ണമാണ് എന്ന് പറയാറുണ്ടെങ്കിലും നഷ്ടപ്പെട്ടാല്‍ നികത്താന്‍ കഴിയാത്തതുകൊണ്ട് അത് സ്വര്‍ണത്തേക്കാളും വിലപ്പെട്ടതാണ്.
ജനനം മുതല്‍ മരണം വരെയുളള സമയത്തിനാണല്ലോ ജീവിതം എന്ന് പറയുന്നത്. എന്നാല്‍ മരണസമയത്ത് മാത്രമാണ് മനുഷ്യന്‍ സമയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ബോധവാനാകാറുളളത്. എനിക്ക് അല്‍പം കൂടി സമയം നല്‍കുമായിരുന്നുവെങ്കില്‍ ഞാന്‍ ജീവിതത്തില്‍ ധര്‍മം ചെയ്യുകയും സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുമെന്ന് മനുഷ്യന്‍ വിലപിക്കുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ഐഹിക ജീവിതത്തെ പാരത്രിക ജീവിതത്തിന്റെ വിളനിലമാക്കിമാറ്റിയവര്‍ പരലോകത്ത് നേട്ടങ്ങള്‍ കൊയ്യുന്നത് കാണുമ്പോഴും, സമയം(ജീവിതം) തുലച്ചവര്‍ ഖേദിക്കാനിടയുണ്ട്.
സമയം നഷ്ടപ്പെടുത്തിയവര്‍ മരണസമയത്തും പരലോകത്ത് വെച്ചും ഖേദിക്കേണ്ടിവരുമെന്ന് മനസിലാക്കിയത് കൊണ്ടാകാം, പൂര്‍വ്വ സൂരികള്‍ അവരുടെ സമയം സല്‍കര്‍മങ്ങള്‍ക്കും ആരാധനകള്‍ക്കും വേണ്ടി മാത്രമാണ് ചെലവഴിച്ചിരുന്നത്. ഫലപ്രദമല്ലാത്ത ഒരു ദിവസം കഴിഞ്ഞു പോകുന്നത് അവരെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ അനുഗ്രഹത്തോട് കാണിക്കുന്ന ധിക്കാരമായിരുന്നു. ഇബ്നു മസ്ഊദ് പറഞ്ഞു: "കര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയാതെ എന്റെ ആയുസ്സ് കുറയുന്നതിനേക്കാളും എനിക്ക് സങ്കടമുണ്ടാക്കുന്ന മറ്റൊന്നുമില്ല.'' എന്നാല്‍ മുസ്ലിം സമൂഹത്തിലെ മിക്കവരും മറ്റുളളവരെ പോലെ മുഴുദിന കളികളിലും മെഗാസീരിയലുകളിലും മുഴുകുന്നവരാണ്. വിനോദങ്ങള്‍ക്ക് വേണ്ടി സമയം കൊല്ലുന്നവര്‍ ആയുസ്സ് തുലക്കുന്നതിലൂടെ ആത്മാഹുതി നടത്തുകയാണ് ചെയ്യുന്നത്.
അധിക ജനങ്ങളും അവഗണിക്കുന്ന രണ്ട് അനുഗ്രഹങ്ങളില്‍ ഒന്ന് ഒഴിവ് സമയമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒഴിവ് സമയം കൊണ്ടുദ്ദേശിക്കുന്നത് ഭൌതികമോ പാരത്രികമോ ആയ കടമകള്‍ നിര്‍വഹിക്കപ്പെടാത്ത സമയമാണ്. ജീവിതായോധനങ്ങള്‍ക്ക് വേണ്ടി എത്രസമയം ചെലവഴിച്ചാലും അത് സമയം നഷ്ടപ്പെടുത്തുന്നതായി പരിഗണിക്കുകയില്ല. അഞ്ച് കാര്യങ്ങള്‍ വന്നെത്തുന്നതിന് മുമ്പുളള അഞ്ച് ഘട്ടങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന ഹദീസില്‍ ജോലിത്തിരക്കിന് മുമ്പുളള ഒഴിവ് സമയം എന്നാണ് പറയുന്നത്.
സമയത്തിന്റെ മൂല്യത്തെക്കുറിച്ച് സമൂഹത്തില്‍ കാര്യമായ ബോധവല്‍ക്കരണം നടക്കാത്തതുകൊണ്ട് ഇന്നത്തെ യുവജനങ്ങളില്‍ അധിക പേരും ഒഴിവ് സമയം പ്രയോജനരഹിതമായ കാര്യങ്ങളില്‍ നഷ്ടപ്പെടുത്തുക മാത്രമല്ല, അസാന്മാര്‍ഗിക വൃത്തികളിലേര്‍പ്പെട്ട് അത് കൂടുതല്‍ വിനാശകരമാക്കിത്തീര്‍ക്കുക കൂടി ചെയ്യുന്നുണ്ട്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പേക്കൂത്തുകള്‍ സമൂഹത്തിന് തന്നെ ഭീഷണിയാകാറുണ്ട്.
വിശ്വാസികള്‍ സമയത്തിന്റെ വില മനസിലാക്കുക മാത്രമല്ല അത് സല്‍കര്‍മങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ വ്യഗ്രത കാണിക്കുക കൂടി വേണം. ആലസ്യത്തോടും അവധാനതയോടും കൂടി എന്തെങ്കിലും നന്മ ചെയ്യാനല്ല, ദ്രുതഗതിയില്‍ മാത്സര്യത്തോടെ പുണ്യങ്ങള്‍ വാരിക്കൂട്ടാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. 'നന്മയിലേക്ക് മുന്നിടുക' (2:145), 'അവര്‍ നന്മയിലേക്ക് വേഗത കാണിക്കുന്നു' (21:60) 'അക്കാര്യത്തില്‍ മത്സരിക്കുന്നവര്‍ മത്സരിക്കട്ടെ'(83:26) എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ ഇതിനുദാഹരമാണ്. ജീവിതത്തില്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നത് ആയുസ്സായതുകൊണ്ട് അത് പാഴായി പോകാതിരിക്കാന്‍ അതീവ ശ്രദ്ധ അനിവാര്യമാണ്.
ഒരു വിശ്വാസി തന്റെ സമയം മുന്‍ഗണനാ ക്രമത്തില്‍ വിഭജിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ ഒന്നിന്റെ സമയം മറ്റൊന്ന് അപഹരിച്ചെന്ന് വരും. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളളവര്‍ നിസ്സാര സംഗതികള്‍ക്ക് സമയം കളയുന്നത് ഉചിതമല്ല. സമയബന്ധിതമായി ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതോടൊപ്പം അടിയന്തര പ്രാധാന്യമില്ലാത്തവ ആവശ്യാനുസരണം നീക്കിവെക്കുകയോ പാടെ ഉപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ഒരു വ്യക്തി അവന് നിശ്ചിത സമയത്തിനുളളില്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് മൂലം വിശ്രമത്തിന് സമയം ലഭിക്കാതിരിക്കുകയും അത് മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട് എന്ന പ്രവാചക വചനം ഇവിടെ ശ്രദ്ധേയമാണ്.
വിനോദവും വിശ്രമവുമില്ലാതെ മുഴുവന്‍ സമയവും ജോലിയിലേര്‍പ്പെടുന്നത് ശരീരം ക്ഷീണിക്കുന്നതിനും ശാരീരിക മാനസിക ആരോഗ്യസ്ഥിതി വഷളാകുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലുളള കഠിനാധ്വാനം ഇസ്ലാം അനുവദിക്കുന്നില്ല. സ്വന്തം അനുചരന്മാര്‍ക്ക് മതാധ്യാപനങ്ങള്‍ നല്‍കുന്നതില്‍ പോലും ഇടവേള നിശ്ചയിച്ചിരുന്ന പ്രവാചകന്‍ ആത്മീയവും ഭൌതികവുമായ കാര്യങ്ങളില്‍ മധ്യമ നിലപാടാണ് സ്വീകരിച്ചിരുന്നത്. അനുവദനീയമായ ജീവിത സുഖങ്ങള്‍ പോലും ആസ്വദിക്കാതെ സീരിയസ്സായി മാത്രം ജീവിക്കണമെന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുന്നില്ല.
ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളിലെ സമയക്രമം ഒരു വിശ്വാസിക്ക് ജീവിതത്തില്‍ സമയക്രമീകരണം പാലിക്കാന്‍ പ്രചോദനമാകേണ്ടതുണ്ട്. ഹദീസുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് പോലെ രാത്രി അധികം വൈകാതെ ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്താല്‍ ജീവിതം നേരത്തെ തുടങ്ങാനും ജോലിഭാരം ഒഴിവാക്കാനും കഴിയും. രാത്രിയിലെ ആദ്യ പകുതിക്ക് മുമ്പുളള ഒരു മണിക്കൂര്‍ ഉറക്കം അതിന് ശേഷമുളള മൂന്ന് മണിക്കൂര്‍ ഉറക്കത്തിന് സമാനമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉറക്കച്ചടവിനും ഉന്മേഷരാഹിത്യത്തിനും കാരണമാവുകയും അവന്റെ കാര്യക്ഷമതക്കും കര്‍മോത്സുകതക്കും അത് മങ്ങലേല്‍പിക്കുകയും ചെയ്യും.
സമയത്തിന്റെ വിവിധ ഘട്ടങ്ങളായ ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവക്കെല്ലാം തുല്യ പ്രാധാന്യം നല്‍കുന്ന ഒരു കാഴ്ചപ്പാടാണ് നമുക്കുണ്ടാവേണ്ടത്. എന്നാല്‍ ചിലര്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ഇന്നലെകളില്‍ ജീവിക്കുന്നവരാണ്. തങ്ങള്‍ മുമ്പ് ചെയ്ത സാഹസികതകളെക്കുറിച്ച് മാത്രമാണവര്‍ക്ക് പറയാനുണ്ടാകുക. താന്‍പോരിമയില്‍ ഊറ്റം കൊള്ളുന്ന ഇക്കൂട്ടര്‍ ഗതകാല മഹത്വത്തിലേക്ക് നവീനമായതൊന്നും ചേര്‍ക്കാത്തവര്‍ കൂടിയായിരിക്കും. ഒരു എല്ലിന്‍ കഷണം, 'ഞാന്‍ മുമ്പൊരു സുന്ദര ശരീരമായിരുന്നു' എന്ന് വീമ്പ് പറയുന്നതില്‍ കവിഞ്ഞ നേട്ടമൊന്നും ഭൂതകാല പ്രതാപം അയവിറക്കുന്നത് കൊണ്ടില്ല. ഭൂതകാലത്തെക്കുറിച്ച് ഖേദത്തോടും സങ്കടത്തോടും കൂടി സംസാരിക്കുന്നവരുമുണ്ട്. 'ഞാന്‍ അപ്രകാരം ചെയ്തിരുന്നുവെങ്കില്‍ എനിക്ക് ഇന്ന രൂപത്തിലുളള നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നായിരിക്കും' അവരുടെ പരിഭവം. പ്രവാചകന്‍(സ) നിരോധിച്ച ഇത്തരം വിലാപങ്ങള്‍ മാനസിക സ്വസ്ഥത ഇല്ലാതാക്കുകയും വര്‍ത്തമാന കാലത്തെ സമയത്തെപോലും വൃഥാവിലാക്കുകയും ചെയ്യും.
കഴിഞ്ഞ കാലത്തിലേക്ക് തിരിയുകയോ ഭാവിയിലേക്ക് ഉറ്റു നോക്കുകയോ ചെയ്യാതെ വര്‍ത്തമാന കാലത്ത് മാത്രം മുഴുകി ജീവിക്കുന്നവരുമുണ്ട്. ഇക്കൂട്ടര്‍ക്ക് ഭൂതകാലം കഴിഞ്ഞുപോയതും ഭാവി അജ്ഞാതവുമായിരിക്കും. ഒരു വിശ്വാസിക്ക് ഈ വീക്ഷണം ഭൂഷണമല്ല. അവന്‍ കഴിഞ്ഞ കാലത്ത് നിന്ന് പാഠമുള്‍ക്കൊളളുകയും ഭാവിയിലേക്ക് വേണ്ട മുന്‍കരുതല്‍ എടുക്കുകയും വേണം.
ചരിത്രത്തിനോ വര്‍ത്തമാന കാലത്തിനോ യാതൊരു വിലയും കല്‍പിക്കാതെ ഭാവിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുമുണ്ട്. ഭാവിയെക്കുറിച്ച് ഒട്ടും പ്രതീക്ഷയില്ലാതെ ജീവിക്കുന്നവരുമുണ്ട്. ഇവരുടെ ജീവിതം ഇടുങ്ങിയതായിരിക്കും. ഈ ഭൂമിയില്‍ നിര്‍മാണാത്മകമായി വല്ലതും ചെയ്യണമെങ്കില്‍ ഭാവിയെക്കുറിച്ചുളള പ്രതീക്ഷ അത്യാവശ്യമാണ്. അതുകൊണ്ടാണ് ദുനിയാവിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നീ എന്നെന്നും ഇവിടെ ജീവിക്കുന്നവനാണെന്ന ധാരണ വേണമെന്ന് നബി (സ) പഠിപ്പിച്ചത്.
ഇത് കലികാലമാണ്, ലോകം നാള്‍ക്കുനാള്‍ മോശമാകുകയാണ്, നന്മയുടെ ഉറവകള്‍ വറ്റിയിട്ടുണ്ട് എന്നിങ്ങനെ പറയുന്ന ദോഷൈകദൃക്കുകളുമുണ്ട്, പ്രപഞ്ചത്തിന്റെ മൊത്തം ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അന്ത്യദിനം അടുത്തിട്ടുണ്ട് എന്ന ഖുര്‍ആന്‍ വചനം ശരിയാണെങ്കിലും ഈ ലോകം ഇനിയും യുഗങ്ങള്‍ നിലനില്‍ക്കാനിടയുണ്ട്. അന്ത്യദിനം വന്നെത്തിയാലും നിങ്ങളുടെ കൈയില്‍ ഒരു ഈത്തപ്പനത്തൈ ഉണ്ടെങ്കില്‍ അത് അവന്‍ നട്ടു കൊളളട്ടെ എന്ന് നബി(സ) പറഞ്ഞ സ്ഥിതിക്ക്, അനല്‍പമായ സമയം ലഭിച്ച നമുക്കെങ്ങനെ നിഷ്ക്രിയരാകാന്‍ കഴിയും.

 

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly