Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ചരിത്രപാഠം



അല്‍ജസാഇരി, മുഖ്താര്‍, ആലിമുസ്ലിയാര്‍
യൂറോ-ദേശീയ ചരിത്രത്തിലെ തീവ്രവാദികള്‍

ശിഹാബ് പൂക്കോട്ടൂര്‍
മലബാറിലെ ചെറുത്തുനില്‍പുകള്‍ പൊതുവെ രണ്ട് രീതിയിലാണ് സംഭവിച്ചത്. അധിനിവേശത്തോടും അധിനിവേശയുക്തിയെ നിലനിര്‍ത്തുന്നതില്‍ എല്ലാ കാലത്തും പങ്കുവഹിച്ച വരേണ്യ ദേശീയവാദത്തോടും ഒരേസമയം കലഹിച്ചാണ് ചെറുത്തുനില്‍പുകള്‍ വികസിച്ചത്. ഇതിന് മാപ്പിളമാരെ പ്രേരിപ്പിച്ചത് മതവിശ്വാസവും ആഗോള മുസ്ലിം സൌഹൃദവുമായിരുന്നു. നേരത്തെ പോര്‍ച്ചുഗീസുകാരുടെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ രൂപപ്പെട്ട സമരങ്ങളില്‍ ഉറച്ച മതബോധ്യങ്ങളും തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായിട്ടുള്ള ബന്ധങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമൂതിരിയുടെ കീഴില്‍ അണിനിരന്ന മുസ്ലിം നാവിക സേനയും അവരെ പ്രചോദിപ്പിച്ച സൈനുദ്ദീന്‍ മഖ്ദൂമും ഈ രണ്ട് ബിന്ദുക്കളില്‍നിന്നാണ് പടയൊരുക്കം ആരംഭിക്കുന്നത്. മഖ്ദൂം തുര്‍ക്കി, ഈജിപ്ത് തുടങ്ങിയവിടങ്ങളിലെ സുല്‍ത്താന്മാരുമായി ബന്ധപ്പെടുകയും സഹായമഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. മുസ്ലിം രാഷ്ട്രങ്ങളിലെ ചലനങ്ങളും അവിടങ്ങളില്‍ രൂപപ്പെടുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും കേരളത്തിലെ മുസ്ലിംകളെ അന്നും ഇന്നും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുസ്ലിംകളെ മുഴുവന്‍ ആക്രമിക്കുക എന്നതിനു പകരം രാഷ്ട്രീയത്തിലും ചരിത്രത്തിലും പാശ്ചാത്യര്‍ മിഡിലീസ്റിനെ ലക്ഷ്യം വെച്ചത്. മിഡിലീസ്റ് അന്നത്തെ പോലെ ഇന്നും മുസ്ലിംകളുടെ രാഷ്ട്രീയ കേന്ദ്ര ബിന്ദുവാണ്. അതിന് ചരിത്രപരമായ ഒരുപാട് ന്യായവാദങ്ങളുണ്ട്. ഇസ്ലാമിന്റെ സാര്‍വലൌകികത, രാഷ്ട്രീയം തുടങ്ങിയ വശങ്ങള്‍ ഈ കേന്ദ്രവുമായിട്ടാണ് കൂടുതല്‍ അടുത്തിടപഴകുന്നത്. ഇതുകൊണ്ടായിരുന്നു ഖിലാഫത്തിനെ (ഖിലാഫത്ത് സമരങ്ങളെ) മതഭ്രാന്തായി ചിത്രീകരിക്കാന്‍ പാശ്ചാത്യരും വരേണ്യ ചരിത്രവാദികളും മുന്നിട്ടിറങ്ങിയത്.
അനിവാര്യമായും സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി എഴുതപ്പെടേണ്ടിയിരുന്നു മലബാര്‍ കലാപം. സ്വാതന്ത്യ്രാനന്തര ദേശ നിര്‍മിതിയില്‍നിന്ന് ഈ പോരാട്ടത്തെ മാത്രമല്ല ഇതിനു പ്രചോദനമായ മതത്തെയും മതാനുയായികളെയും അപരവത്കരിക്കാന്‍ വരേണ്യ ചരിത്ര രചനക്ക് വളരെ വേഗത്തില്‍ സാധിച്ചു. ഇന്ത്യയില്‍ ഇന്നും ഭരണകൂട നിര്‍വാഹകത്വത്തില്‍നിന്നും ദേശീയതയില്‍നിന്നും ഇവരെ ഒഴിവാക്കി നിര്‍ത്തിയ പൊതുബോധം തന്നെയാണ് മലബാര്‍ കലാപത്തെ വിലയിരുത്തിയ ചരിത്രബോധത്തിലും പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ നടന്ന എല്ലാ സ്വാതന്ത്യ്ര സമരങ്ങളിലും (1857 മുതല്‍ 1947 വരെ) മതവും ജാതിയും ഒരു ഘടകമായിരുന്നു. എല്ലാ സ്വാതന്ത്യ്ര സമരങ്ങളിലും മതവും ജാതിയും ഹിംസയും ഉപയോഗിക്കപ്പെട്ടപ്പോഴും അവ സ്വാതന്ത്യ്ര സമരങ്ങളായി എഴുതപ്പെടുകയും മലബാര്‍ കലാപം കേവല മതാവേശമായി രൂപപ്പെടുകയും ചെയ്യുന്നതിലെ യുക്തിയെയാണ് ചോദ്യം ചെയ്യേണ്ടത്. മറ്റുള്ള ചെറുത്തുനില്‍പുകളില്‍നിന്ന് മലബാറിനെ വേര്‍തിരിക്കുന്നത് മലബാര്‍ കലാപത്തില്‍ വ്യത്യസ്ത മതാനുയായികള്‍, ജാതികള്‍ പങ്കെടുത്തുവെന്നതിലുപരി അതിനെ നിയന്ത്രിച്ചിരുന്നത് ഇസ്ലാം മതവിശ്വാസമായിരുന്നു, അതിന്റെ നേതൃസ്ഥാനത്ത് കൂടുതലും മതപണ്ഡിതരും ആധ്യാത്മിക വാദികളുമായിരുന്നു, അതുകൊണ്ടുതന്നെ ദേശനിര്‍മിതിയില്‍ ഈ വിശ്വാസത്തിനു പങ്കനുവദിക്കുന്നത് അപകടകരമാണ്-ഈയൊരു ബോധം ഇന്ത്യന്‍ ദേശീയ ചരിത്ര രചനയെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാമും ഇസ്ലാമിക രാഷ്ട്രീയവും പുറത്ത് നിര്‍ത്തേണ്ടതാണെന്ന വാദം ഈ ചരിത്രമെഴുത്തിലൂടെ നിരന്തരം വികസിക്കുകയും അതിന്റെ അനുരണനങ്ങള്‍ ഇന്ത്യയില്‍ ഇന്നും മുസ്ലിംകള്‍ അനുഭവിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ കേന്ദ്രീകൃത ആധിപത്യത്തിനെതിരെ ഈയടിസ്ഥാനത്തില്‍ പോരാടിയ ലിബിയ, അള്‍ജീരിയ തുടങ്ങിയ ദേശങ്ങളെയും അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരി, ഉമറുല്‍ മുഖ്താര്‍ എന്നിവരെയും യൂറോ ചരിത്രകാരന്മാര്‍ വിലയിരുത്തിയ അതേ പദാവലികളിലൂടെയാണ് മലബാര്‍ ദേശത്തെയും ആലിമുസ്ലിയാരെയും ദേശീയവാദ ചരിത്രകാരന്മാരും വിലയിരുത്തിയത്.
വിദേശാധിപത്യത്തിനെതിരെ സംഘടിത ചെറുത്തുനില്‍പിന് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം നല്‍കിയവരായിരുന്നു ഉമറുല്‍ മുഖ്താറും അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരിയും ആലി മുസ്ലിയാരും. ലിബിയയിലെയും അള്‍ജീരിയയിലെയും പോരാളികളെ അപരിഷ്കൃതരായിട്ടാണ് ഫ്രാന്‍സും ഇറ്റലിയും കണ്ടിരുന്നത്. മലബാറിലെ ചെറുത്തുനില്‍പുകാരെയും ഇതേ രീതിയില്‍ തന്നെയാണ് ബ്രിട്ടന്‍ മനസ്സിലാക്കിയിരുന്നത്. 'ഏറ്റവും നികൃഷ്ടരായ ജനത', 'കാട്ടു മാപ്പിള' എന്നൊക്കെയാണ് സംബോധന ചെയ്തത്.1 അബ്ദുല്‍ ഖാദിര്‍ ജസാഇരിയെക്കുറിച്ച് മാര്‍ഷല്‍ ബുഗിദ് പറയുന്നത് ഇങ്ങനെയാണ്: "പ്രത്യുല്‍പന്നമതിയായ ശത്രുവാണ് അദ്ദേഹം. തന്റെ ധൈഷണിക പ്രഭാവത്തിനും താന്‍ ഏറ്റെടുത്ത മഹത്തായ കര്‍ത്തവ്യത്തിനും അറബ് ജനത നല്‍കിയ ആദരവും അംഗീകാരവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചു. അധികാര മോഹിയല്ല അബ്ദുല്‍ ഖാദിര്‍. ഒരുതരം മതമൌലികവാദിയും പ്രവാചകനുമാണ്. മുസ്ലിം തീവ്രവാദികളുടെ ആശാ കേന്ദ്രം.''2
ഉമറുല്‍ മുഖ്താറിനെ യൂറോപ്യന്‍ ചരിത്രമെഴുത്തുകള്‍ നിര്‍മിച്ചതും ഇതുപോലെതന്നെ. "ആധ്യാത്മികതയുടെ അപകടകരമായ രാഷ്ട്രീയത്തെ ഉപയോഗിച്ച് ഉമറുല്‍ മുഖ്താര്‍ പോരാട്ടം ആരംഭിച്ചു. മതമൌലിക വാദത്തിന്റെയും തീവ്രവാദത്തിന്റെയും പ്രഭവ കേന്ദ്രമായി മാറാന്‍ പിന്നീടതിന് ഒട്ടും താമസമുണ്ടായില്ല.''3 മതതീവ്രവാദം, ആധ്യാത്മികതയുടെ അപകട രാഷ്ട്രീയം തുടങ്ങിയ നിര്‍മിതികളിലൂടെയാണ് ഇവരെ യൂറോപ്പ് വ്യവഹരിച്ചത്. യൂറോ കേന്ദ്രീകൃത സെക്യുലര്‍ ആധുനികതയുടെ വാദങ്ങളെ പിന്‍ബലപ്പെടുത്തുന്ന വിധത്തിലാണ് അള്‍ജീരിയയിലെയും ലിബിയയിലെയും പുരോഗമന ദേശീയ വാദികള്‍ മുഖ്താറിനെയും ജസാഇരിയെയും നിരീക്ഷിച്ചത്. സെക്യുലര്‍ ആധുനികതയുടെ കര്‍തൃത്വവും നിര്‍വാഹകത്വവും തന്നെയാണ് ദേശീയവാദഗതികളിലൂടെയും സ്ഥാപിച്ചെടുത്തത്. മതവിശ്വാസത്തെയും ആധ്യാത്മിക ജീവിതത്തെയും രാഷ്ട്രീയവുമായി ബന്ധിക്കുമ്പോള്‍ ഇസ്ലാം ഭീകരതയായി മാറുമെന്ന പാശ്ചാത്യ ധാരയെ തന്നെയാണ് ഇന്ത്യന്‍ ദേശീയ വാദവും ലിബറല്‍ ചരിത്രമെഴുത്തും പിന്തുണക്കുന്നത്.
ആധ്യാത്മിക വാദിയും മതപണ്ഡിതനുമായ ആലി മുസ്ലിയാരുടെ സ്വാതന്ത്യ്ര സമരത്തിലുള്ള ഇടപെടലിനെ എങ്ങനെയാണ് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ സമീപിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ഈ വാദം കൂടുതല്‍ തെളിയുന്നതാണ്. "ആലിമുസ്ലിയാര്‍ ഹിംസാത്മകമായ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പോഷിപ്പിക്കുന്നതായി 1921 ജൂണ്‍ മാസത്തില്‍ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളും ജില്ലാ ഭരണാധികാരികളും സംശയിച്ചിരുന്നു. ആലി മുസ്ലിയാരെയും കൂട്ടരെയും 'ശാന്തരാക്കാന്‍' ഇരു കൂട്ടരും പരിശ്രമിക്കുകയും ചെയ്തിരുന്നു.''4 "ആലി മുസ്ലിയാര്‍ മതകാര്യങ്ങളില്‍ തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന ആളാണ്. ഖിലാഫത്ത് ഗവണ്‍മെന്റുണ്ടാക്കാനാവുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു.''5 "ആലി മുസ്ലിയാര്‍ പഠിപ്പിച്ചത് അക്രമത്തിന്റെ ആശയങ്ങളാണ്. അതായത് ആരെങ്കിലും ഖിലാഫത്ത് പ്രസ്ഥാനത്തെ എതിര്‍ത്താല്‍ കോടതിയില്‍ പോകുന്നതിന് പകരം അയാളോട് പോരാടണം എന്നായിരുന്നു.''6 "ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ആലി മുസ്ലിയാരും കൂട്ടരും കീഴടങ്ങാന്‍ വിസമ്മതിച്ചത് മനഃപൂര്‍വമായ ചെറുത്തുനില്‍പായി കാണാവുന്നതാണ് ഖിലാഫത്ത് പ്രസ്ഥാനത്തെ എതിര്‍ക്കുന്നവരോട് തിരിച്ചും പോരാടുക എന്ന വിശ്വാസത്തിലധിഷ്ഠിതമായ, ബോധപൂര്‍വം വളര്‍ത്തിയെടുത്ത ഒരു നിലപാട് അതിനു പിന്നിലുണ്ടെന്ന് വേണം അനുമാനിക്കാന്‍.''7 "കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ആലി മുസ്ലിയാര്‍ കൈകൊണ്ട സമീപനത്തിന്റെ മത-രാഷ്ട്രീയ മാനങ്ങളും അവയുടെ വിവക്ഷകളും അവഗണിക്കാവുന്നതല്ല.''8 "മുസ്ലിയാര്‍ അഹിംസയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചത് അദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ ഗുരുതരമായ രാഷ്ട്രീയ വിവക്ഷകള്‍ മുന്നണിയിലേക്ക് കൊണ്ടുവരികയും ബ്രിട്ടീഷുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത കലാപാവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണുണ്ടായത്.''9
ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഏറ്റവും അപകടകാരിയായ തീവ്രവാദിയായാണ് മനസ്സിലാക്കിയത്. ഇവരുടെ യഥാര്‍ഥ ചരിത്രത്തെ ബോധപൂര്‍വം തമസ്കരിച്ചാണ് ഈ നിരീക്ഷണത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. ഇവരുടെ ജീവിത വിവരണങ്ങളിലൂടെ നോക്കുമ്പോഴേ സെക്യുലര്‍ മോഡേണിറ്റി എപ്രകാരം ചരിത്രത്തെ വളച്ചൊടിച്ചു എന്ന് മനസ്സിലാവുകയുള്ളൂ.

അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരി
1808 സെപ്റ്റംബര്‍ ആറിന് വടക്കു പടിഞ്ഞാറന്‍ അള്‍ജീരിയയിലെ ഖൈത്വനയില്‍ ജനിച്ചു. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ വംശപരമ്പരയില്‍ പെട്ടതാണ് കുടുംബം. സ്വദേശത്ത് നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വഹ്റാന്‍ (ഒറാന്‍), അര്‍സിയാ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ഖുര്‍ആന്‍ മനഃപാഠമാക്കി. ദൈവശാസ്ത്രത്തിലും ഭാഷയിലും അവഗാഹം നേടി. കായികാഭ്യാസവും വശമാക്കി. ചെറുപ്പത്തിലേ രാഷ്ട്രീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. 17-ാമത്തെ വയസ്സില്‍ പിതാവിനോടൊപ്പം ഹജ്ജ് ചെയ്തു. ഹജ്ജ് യാത്രയില്‍ ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലയും ബഗ്ദാദ്, ദമസ്കസ് മുതലായ സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.
പ്രസ്തുത യാത്ര അബ്ദുല്‍ ഖാദിറിന്റെ ഇസ്ലാമിക ബോധത്തെ കൂടുതല്‍ ചൈതന്യവത്താക്കി. 1830 ജൂലൈ 5-ന് അള്‍ജീരിയയില്‍ ഫ്രഞ്ച് സാമ്രാജ്യം ആധിപത്യമുറപ്പിച്ചു. ഫ്രഞ്ചുകാര്‍ക്കെതിരെ ധര്‍മസമരത്തിന് (ജിഹാദ്) ആദ്യമായി ആഹ്വാനം ചെയ്തത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. ഏറെ താമസിയാതെ സമരത്തിന്റെ നേതൃത്വം അബ്ദുല്‍ ഖാദിറിന്റെ കൈകളില്‍ വന്നു. അദ്ദേഹം ജനങ്ങളെ ഫ്രഞ്ചുകാര്‍ക്കെതിരെ സംഘടിപ്പിച്ചു. ഫ്രഞ്ച് സാമ്രാജ്യം ഇസ്ലാം വിരുദ്ധ ശക്തിയാകയാല്‍ അവരെ സഹായിക്കുന്നവരും പിന്തുണക്കുന്നവരും മതപരിത്യാഗികളാണെന്ന് അബ്ദുല്‍ ഖാദിര്‍ പ്രഖ്യാപിച്ചു. 1833-ല്‍ ജനങ്ങള്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. മതപണ്ഡിതരും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചു. അദ്ദേഹം അല്‍ മുഅസ്കര്‍ കേന്ദ്രീകരിച്ച് 15 വര്‍ഷം സമരം നയിച്ചു. സുല്‍ത്താനുല്‍ അറബ്, അമീറുല്‍ മുഅ്മിനീന്‍ എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. നിരന്തരമായ പോരാട്ടങ്ങള്‍ക്കും സന്ധികള്‍ക്കും അദ്ദേഹം തയാറായി. സുശക്തമായൊരു ഭരണകൂടത്തിന് ജസാഇരി അടിത്തറ പാകി. തഖ്ദമയായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. തന്റെ അധീനത്തിലുള്ള പ്രദേശങ്ങളില്‍ അദ്ദേഹം പ്രാദേശിക നേതാക്കന്മാരെ ഭരണാധികാരികളായി നിയമിച്ചു. നികുതി ഈടാക്കുകയും നാണയങ്ങള്‍ അടിച്ചിറക്കുകയും ചെയ്തു. കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനം നടപ്പിലാക്കാന്‍ ജസാഇരിക്ക് സാധിച്ചു. സ്വന്തമായി സൈന്യവും ആയുധ നിര്‍മാണശാലയും അദ്ദേഹത്തിനുണ്ടായിരുന്നു.10

ഉമറുല്‍ മുഖ്താര്‍
ലിബിയന്‍ സ്വാതന്ത്യ്രപ്പോരാളി, സനൂസി പ്രസ്ഥാന നേതാവ്. 1862-ല്‍ അല്‍ബത്നാനില്‍ ജനിച്ചു. സാവിയകളിലായിരുന്നു അദ്ദേഹത്തിന്റെ മതപഠനങ്ങള്‍ നടന്നിരുന്നത്. സനൂസി പ്രസ്ഥാന നായകന്‍ മഹ്ദിയുടെ മരണത്തെത്തുടര്‍ന്ന് സനൂസി പ്രസ്ഥാനത്തിന്റെ നേതൃത്വം അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ടു. 1911 സെപ്റ്റംബര്‍ അവസാനം ഉസ്മാനി ഖിലാഫത്തുമായി ബന്ധം വിഛേദിച്ച് യുദ്ധം പ്രഖ്യാപിക്കുകയും ട്രിപ്പോളിയിലെയും ബര്‍ഖയിലെയും തുറമുഖങ്ങള്‍ ആക്രമിക്കുകയും ചെയ്തതോടെ ആരംഭിച്ച ലിബിയ-ഇറ്റലി യുദ്ധത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് സനൂസികളാണ്. അവരെ സംബന്ധിച്ചേടത്തോളം മതപരമായ ജിഹാദ് എന്നതോടൊപ്പം പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും സിരാ കേന്ദ്രവുമായ പ്രദേശങ്ങളുടെ നിലനില്‍പിന്റെ പ്രശ്നവുമായിരുന്നു. തന്മൂലം 30 കൊല്ലക്കാലം അവര്‍ ജീവന്മരണ പോരാട്ടത്തിലേര്‍പ്പെട്ടു. സര്‍വായുധ വിഭൂഷിതരായ ഇറ്റാലിയന്‍ സൈന്യത്തിന് രണ്ട് ദശാബ്ദങ്ങളോളം ഏതാനും തീരദേശങ്ങളില്ലല്ലാതെ കാലുകുത്താന്‍ കഴിയാതെ വന്നത് ബര്‍ഖ ആസ്ഥാനമാക്കി ഉമറുല്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ സനൂസികള്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പിന്റെ ഫലമാണ്. ഇറ്റലിക്കാര്‍ക്കെതിരെ അദ്ദേഹം 260-ല്‍ പരം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. "ഇറ്റാലിയന്‍ ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് ദുരുദ്ദേശ്യമില്ലെന്ന് ലോകം മുഴുവന്‍ സകാക്ഷ്യം വഹിക്കട്ടെ, സ്വാതന്ത്യ്രം കിട്ടണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ. ത്വറാബുലസ് ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പിനും പുരോഗതിക്കും വേണ്ടി വാദിക്കുന്ന എല്ലാ ജനകീയ പ്രസ്ഥാനത്തിന്റെയും കഥ കഴിക്കണമെന്ന ലക്ഷ്യമാണ് ഇറ്റലിക്ക്. സ്വാതന്ത്യ്രത്തിന്റെ മാര്‍ഗത്തില്‍ സര്‍വസ്വവും ബലികഴിച്ചേ തീരൂ എന്നു വിശ്വസിക്കുന്ന ഹൃദയം ഞങ്ങള്‍ക്കുള്ള കാലത്തോളം ഇറ്റലിക്കാരുടെ ലക്ഷ്യം സഫലമാകാന്‍ പോകുന്നില്ല.''11 നിരന്തരമായി മുസ്സോളിനിയുടെ ഇറ്റലിയോട് ചെറുത്തുനിന്ന മുഖ്താറിനെ പിടിച്ചുകെട്ടുകയും വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. നിരവധി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി കൂടിയായിരുന്നു മുഖ്താര്‍. ആധ്യാത്മികവാദത്തിന്റെ രാഷ്ട്രീയ മാനത്തെ അധിനിവേശ വിരുദ്ധ പോരാട്ടമായി വികസിപ്പിക്കാന്‍ സാധിച്ചതോടു കൂടിയാണ് അദ്ദേഹം വിപ്ളവകാരിയായി പരിണമിച്ചത്.

ആലി മുസ്ലിയാര്‍
1861-ല്‍ മഞ്ചേരിക്ക് കിഴക്കുള്ള നെല്ലിക്കുത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് നെല്ലിക്കത്തെ ഏലിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്‍. മാതാവ് പൊന്നാനിയിലെ പ്രശസ്തമായ മഖ്ദൂം കുടുംബത്തിലെ കോടക്കല്‍ ആമിന. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം അക്കാലത്തെ മതവിദ്യാഭ്യാസ കേന്ദ്രമായ പൊന്നാനിയില്‍ പോയി പഠിച്ചു. പിന്നീട് ഉപരിപഠനാര്‍ഥം ഏഴു വര്‍ഷം മക്കയിലെ ഹറമില്‍ താമസിച്ചു. തിരൂരങ്ങാടി കിഴക്കേ പള്ളിയില്‍ മുദര്‍രിസായി ചുമതലയേറ്റ അദ്ദേഹം 15 വര്‍ഷത്തോളം അവിടെ അധ്യാപനവുമായി കഴിഞ്ഞുകൂടി. ഇക്കാലത്ത് പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വ്യക്തി മഹിമകൊണ്ടും പാണ്ഡിത്യം കൊണ്ടും അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ധാരാളം ശിഷ്യന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലിയാരുടെ ഏതാജ്ഞയും ശിരസ്സാ വഹിക്കാന്‍ തയാറായിരുന്നു അവര്‍. അക്കാലത്ത് തിരൂരങ്ങാടി ഭാഗത്ത് മുസ്ലിയാര്‍ക്കുണ്ടായിരുന്നത്ര സ്വാധീനം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് 60 വയസ്സ് പ്രായമായപ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ആലി മുസ്ലിയാര്‍ കുടിയാന്‍ സംഘം പ്രവര്‍ത്തനത്തിലും പിന്നീട് ഖിലാഫത്ത് പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കാളിയായി. ഖാദി ധരിക്കുകയും അഹിംസയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത അദ്ദേഹം ഖിലാഫത്ത് വളണ്ടിയര്‍മാരെ സംഘടിപ്പിക്കാനും മുന്‍കൈയെടുത്തു. ബ്രിട്ടീഷുകാര്‍ തങ്ങളുടെ എതിരാളികളെ കടുത്ത മര്‍ദന നടപടികളിലൂടെ നേരിട്ടു. ഇതില്‍ ക്ഷുഭിതനായ ആലി മുസ്ലിയാര്‍ക്ക് ഗാന്ധിസത്തിലും അഹിംസയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അയല്‍പ്രദേശങ്ങളിലെല്ലാം ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കുകയും വളണ്ടിയര്‍മാരെ തെരഞ്ഞടുത്ത് ആയുധ പരിശീലനം നല്‍കുകയും ചെയ്തു. ആലി മുസ്ലിയാരുടെ വിശ്വസ്ത അനുയായികളായ ലവകുട്ടിയുടെയും കുഞ്ഞലവിയുടെയും നേതൃത്വത്തില്‍ ഖിലാഫത്ത് വളണ്ടിയര്‍ സേന നിലവില്‍ വന്നു. ഏതാനും ദിവസങ്ങളില്‍ തിരൂരങ്ങാടിയില്‍ ആലി മുസ്ലിയാരുടെ ഭരണമായിരുന്നു. കുഞ്ഞലവിയായിരുന്നു സര്‍വ സൈന്യാധിപന്‍. ഭരണകാര്യങ്ങളില്‍ ലവകുട്ടി സഹായിച്ചു. ഇസ്ലാമിക നിയമമനുസരിച്ച് ശിക്ഷകള്‍ നടപ്പിലാക്കി. ആ പ്രദേശത്ത് ഫലത്തില്‍ ബ്രിട്ടീഷ് ഭരണം ഇല്ലാതായി.

* * * *
ജസാഇരിയുടെയും മുഖ്താറിന്റെയും ആലി മുസ്ലിയാരുടെയും ജീവിത കാലയളവ് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. കോളനി ഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പുകള്‍ ഏറ്റവും കൂടുതല്‍ ലോകത്ത് വികസിച്ചുവന്നത് ഈ സന്ദര്‍ഭങ്ങളിലായിരുന്നു. ജസാഇരി സലഫി ധാരയിലൂടെയും മുഖ്താര്‍ ത്വരീഖത്തിലൂടെയും മുസ്ലിയാര്‍ ഖിലാഫത്തിലൂടെയും നേടിടെയുത്ത ആഗോള ഇസ്ലാമിക ബന്ധവും ആധ്യാത്മിക വാദങ്ങളില്‍നിന്ന് മതത്തിന്റെ രാഷ്ട്രീയ പ്രവേശവും ഇവരെ ഏറെക്കുറെ സമാനതയുള്ളവരാക്കുന്നു. അതുകൊണ്ടുതന്നെയാണ് അധിനിവേശ ചരിത്രവും അതിന്റെ ഫോട്ടോസ്റാറ്റായ ദേശീയ/പുരോഗമന ചരിത്രങ്ങളും ഇവരെ പൊതുധാരയില്‍നിന്ന് വേര്‍പ്പെടുത്തി മതഭ്രാന്തന്മാരും കലാപകാരികളുമാക്കി മാറ്റിയത്. മതത്തിന്റെ സാര്‍വലൌകികതയും രാഷ്ട്രീയവുമാണ് ഇവരെ അപകടകാരികളാക്കിയതെന്ന നിരീക്ഷണം രണ്ട് ചരിത്ര വീക്ഷണങ്ങളിലും മുഴച്ചു നില്‍ക്കുന്നു. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ഇങ്ങനെയാണ് യൂറോ - ദേശീയ വാദങ്ങള്‍ സമീകരിക്കുന്നത്. മറ്റു പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമായി മൌദൂദിയും ബന്നായും ഖുത്വ്ബും 'തീവ്രവാദികളുടെ ആശാ കേന്ദ്രമായി' മാറുന്നത് ഈ ചരിത്രയുക്തിയെ ദഹനക്കേടില്ലാതെ വിഴുങ്ങിയതുകൊണ്ടാണ്. സാമ്രാജ്യത്വവിരുദ്ധ നിലപാടും വരേണ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്ന യുക്തിക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളും അവരെ പെട്ടെന്ന് മുഖ്യധാരയില്‍നിന്ന് മാറ്റാന്‍ പ്രേരണയാകുന്നു. ബ്രിട്ടീഷ് യൂറോ വിരുദ്ധമായ സാമ്രാജ്യ സംഘര്‍ഷങ്ങളില്‍ സ്വാതന്ത്യ്രത്തിനു വേണ്ടി ഏറെ പൊരുതി ജീവന്‍ ബലിയര്‍പ്പിച്ചപ്പോഴും ജസാഇരിയും മുഖ്താറും മുസ്ലിയാരും ദേശീയ സ്വാതന്ത്യ്ര സമരങ്ങളില്‍നിന്ന് അസന്നിഹിതരാക്കപ്പെടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊളോണിയല്‍-കൊളോണിയാനന്തര യുക്തിയാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരിലും പ്രയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ദേശീയധാരയുടെ പുറത്ത് വികസിച്ചുവന്ന ഏതൊരു വൈവിധ്യത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഹിംസാത്മകമായ ഏകാത്മകതയായി ദേശീയവാദം പരിണമിക്കുന്നത്. മലബാറിലെ ചരിത്രത്തോട് മാത്രമല്ല, നിലവിലെ ഭരണകൂട നിലപാടുകളിലും ഈ ഹിംസാത്മകത പ്രകടമായിക്കൊണ്ടിരിക്കുന്നുണ്ട്.
കുറിപ്പുകള്‍
1. കേരള മുസ്ലിംകള്‍ ചെറുത്തുനില്‍പിന്റെ ചരിത്രം- പ്രഫ. കെ.എം ബഹാവുദ്ദീന്‍, ഐ.പി.എച്ച്
2. John L Esposito- The Oxford Encycolopedia of the modern/ Islamic World (1/3-4)
3. Encycolopedia Americana Vol 17-24
4. മലബാര്‍ കലാപം 1921-22, ഡോ. എം. ഗംഗാധരന്‍, പേജ് 311
5. ibid
6. ibid
7. ibid
8. ibid
9. ibid
10. ഇസ്ലാമിക വിജ്ഞാന കോശം, വാള്യം 2, പേജ് 39, ഐ.പി.എച്ച്
11. ഇസ്ലാമിക വിജ്ഞാന കോശം, വാള്യം 6, പേജ് 552, ഐ.പി.എച്ച്

 

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly