>>ലേഖനം
ലോറന്‍ ബൂത്തിന്റെ മനം മാറ്റിയത് അധിനിവേശ ക്രൂരതകള്‍
പി.കെ നിയാസ്
പാശ്ചാത്യരുടെ ഇസ്ലാം ആശ്ളേഷം വാര്‍ത്തകള്‍ക്കപ്പുറം വിവാദങ്ങളില്‍ കുരുക്കാനാണ് പത്രമാധ്യമങ്ങള്‍ക്ക് താല്‍പര്യം. സെലിബ്രിറ്റികളും ആക്റ്റിവിസ്റുകളും മാധ്യമപ്രവര്‍ത്തകരുമാകുമ്പോള്‍ അതിന് എരിവും പുളിയും കൂടും. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ലോകമാസകലം പ്രോപഗണ്ടകള്‍ സംഘടിപ്പിച്ചിട്ടും ഒറ്റയായും കൂട്ടമായും ആളുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ രഹസ്യം ചികയാന്‍ അവര്‍ തയാറുമല്ല. ബ്രിട്ടനില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ പോപ് സംഗീത സാമ്രാട്ടായിരുന്ന കാറ്റ് സ്റീവന്‍സില്‍ (യുസുഫ് ഇസ്ലാം) ആരംഭിച്ച ഇസ്ലാമിലേക്കുള്ള മടക്കം മാധ്യമ, യുദ്ധവിരുദ്ധ പ്രവര്‍ത്തക ഇവോണ്‍ റിഡ്ലി വഴി ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്നത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്റെ ഭാര്യാസഹോദരി ലോറന്‍ ബൂത്തിലാണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ളിയു ബുഷിന്റെ ഫാഷിസ്റ് നയങ്ങളെയും നടപടികളെയും ബ്രിട്ടീഷ് ജനതയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ പിന്തുണച്ച ബ്ളെയറിന്റെ നിശിത വിമര്‍ശക കൂടിയായ ലോറന്‍ ബൂത്തിന്റെ ഇസ്ലാമിലേക്കുള്ള കടന്നുവരവ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് സ്വാഭാവികം. സയണിസ്റ് അനുകൂലിയും മുസ്ലിംവിരുദ്ധനുമായ ബ്ളെയറിനുള്ള സന്ദേശമാണ് തന്റെ ഇസ്ലാം സ്വീകരണമെന്ന് തുറന്നു പറയാന്‍ ലോറന്‍ ബൂത്തിന് മടിയില്ല.
ബ്രിട്ടീഷ് നടന്‍ ടോണി ബൂത്തിന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പമേല സ്മിത്തിന്റെയും മകളായി 1967 ജൂലൈ 22-ന് ലണ്ടനിലെ ഇസ്ലിംഗ്ടണിലാണ് ലോറന്‍ ബൂത്ത് ജനിച്ചത്. ടോണി ബൂത്തിന്റെ മറ്റൊരു ഭാര്യയില്‍ ജനിച്ച മകളാണ് മുന്‍ പ്രധാനമന്ത്രി ബ്ളെയറിന്റെ ഭാര്യ ചെറി. പ്രക്ഷേപക, പത്രപ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്. ന്യൂ സ്റേറ്റ്സ്മാന്‍, മെയില്‍ ഓണ്‍ സണ്ടേ, സണ്ടേ ടൈംസ്, ഡെയിലി മെയില്‍ എന്നീ പത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ലോറന്‍ യുദ്ധവിരുദ്ധ സംഘടനയായ സ്റോപ് ദി വാര്‍ കോളീഷനുമായി സജീവ ബന്ധം പുലര്‍ത്തുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ഇംഗ്ളീഷ് വാര്‍ത്താ ചാനലായ പ്രസ് ടിവിയില്‍ ജോലി ചെയ്യുന്ന ലോറന്‍, ലണ്ടനിലെ ഇസ്ലാം ചാനലില്‍ ഇന്‍ ഫോക്കസ്, പ്രസ് ടിവിയില്‍ ബിറ്റ്വീന്‍ ദ ഹെഡ്ലൈന്‍സ് എന്നീ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.
ഇറാഖില്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെട്ട മുന്നണി നടത്തിയ യുദ്ധത്തെ അതിനിശിതമായി വിമര്‍ശിച്ചതു മുതലാണ് ലോറന്‍ ബൂത്ത് ശ്രദ്ധിക്കപ്പെടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്നതോ സഹോദരി ഭര്‍ത്താവ് എന്ന പരിഗണനയോ നല്‍കാതെ ടോണി ബ്ളെയറിന്റെ യുദ്ധഭ്രാന്തിനെതിരെ അവര്‍ രംഗത്തുവരികയായിരുന്നു. 2006-ല്‍ ഐടിവിയുടെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലഭിച്ച വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം ഫലസ്ത്വീന്‍ ജീവകാരുണ്യ സംഘടനയായ ഇന്റര്‍പാലിന് നല്‍കിയ ലോറന്‍ 2008-ല്‍ ഇസ്രയേലിന്റെ ഗസ്സ നരമേധത്തിനെതിരെ ലോക ശ്രദ്ധ ക്ഷണിക്കാനും ഫലസ്ത്വീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി 46 സമാധാന പ്രവര്‍ത്തകര്‍ക്കൊപ്പം സൈപ്രസില്‍നിന്ന് ഗസ്സയിലേക്ക് കപ്പല്‍ യാത്ര നടത്തുകയുണ്ടായി. എന്നാല്‍ ഇസ്രയേലിലേക്കും ഈജിപ്തിലേക്കും അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഫലസ്ത്വീനികളുടെ ദുരന്തം കണ്ട് വേദനിച്ച ഈ നാല്‍പത്തിമൂന്നുകാരി അതേക്കുറിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
സെപ്റ്റംബറിലെ ഇറാന്‍ സന്ദര്‍ശനവേളയില്‍ ടോണി ബ്ളെയറിന് തുറന്ന കത്തെഴുത്തിയാണ് ലോറന്‍ ബൂത്ത് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. റമദാനിലെ മൂന്നാം വെള്ളിയാഴ്ച മുസ്ലിം ലോകം ഖുദ്സ് (ജറൂസലം) ദിനം ആചരിക്കുകയാണെന്നും ഫലസ്ത്വീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ താങ്കള്‍ തയാറാകണമെന്നും ആവശ്യപ്പെടുന്ന കത്ത് തുടര്‍ന്നത് ഇങ്ങനെ: "പൊരിവെയിലത്ത് ഭക്ഷണമോ വെള്ളമോ കഴിക്കാതെ എനിക്ക് ചുറ്റും പുരുഷന്മാരും സ്ത്രീകളും കുട്ടികളും നില്‍ക്കുകയാണ്. ഇത് റമദാനാണ്. വ്രതമാസം. ഉഷ്ണം നൂറു ഡിഗ്രി എത്തിയാലും സഹിക്കാന്‍ അവര്‍ തയാറാണ്. ഫലസ്ത്വീനിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി ഏതുതരത്തിലുള്ള കഷ്ടപ്പാടുകള്‍ സഹിക്കാനും അവര്‍ക്ക് മടിയില്ല. അമേരിക്കയോട് നിങ്ങള്‍ ഐക്യപ്പെടുന്നത് പോലെയാണിതും. പക്ഷേ, ഇവരുടെ പക്കല്‍ രാസായുധങ്ങളില്ല, ലക്ഷക്കണക്കിന് സിവിലിയന്മാരെ കൊന്ന ട്രാക്ക് റെക്കോര്‍ഡും അവര്‍ക്കില്ല. മുസ്ലിംകള്‍ ഭ്രാന്തന്മാരും മോശക്കാരും അപകടകാരികളുമാണെന്ന ലോക വീക്ഷണമല്ലേ നിങ്ങളുടേത്. ആത്മകഥയിലെ അവസാന അധ്യായത്തില്‍ ഇസ്ലാമിനെതിരെ പ്രത്യാക്രമണത്തിനാണ് താങ്കള്‍ ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമെന്നാല്‍ അല്‍ ഖുദ്സ് റാലികള്‍, ഫലസ്ത്വീനിയന്‍ ഇന്‍തിഫാദ എന്നിവയൊക്കെയാണ് അര്‍ഥമാക്കുന്നത്. ചെറുത്തുനില്‍പ് സമരങ്ങളെ നിലംപരിശാക്കാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എഫ് 16 വിമാനങ്ങള്‍ തങ്ങളുടെ വീടുകളുടെയും അഭയാര്‍ഥി ക്യാമ്പുകളുടെയും മേല്‍ ബോംബ് വര്‍ഷം ചൊരിയുമ്പോള്‍ ശബ്ദിക്കുന്ന ഓരോ ഫലസ്ത്വീനിയെയും ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണത്.
മുസ്ലിമായ വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലര്‍ക്കും അറിയേണ്ടത് ടോണി ബ്ളെയറിന്റെ പ്രതികരണം എന്തായിരുന്നുവെന്നാണ്. വന്‍ ശക്തിരാഷ്ട്രങ്ങള്‍ പടച്ചുണ്ടാക്കിയ മിഡിലീസ്റ് കൂട്ടായ്മയുടെ ദൂതനാണെങ്കിലും മേഖലക്കു പുറത്താണ് മിക്ക സമയവും അദ്ദേഹം. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആദര്‍ശ മാറ്റം ബ്ളെയറിനുള്ള സന്ദേശം കൂടിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇസ്രയേലിലെയും അമേരിക്കയിലെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ കൂടെ നില്‍ക്കാനും അവരുടെ ഭാഗമാകാനും ചിന്തിക്കുന്ന ഒരു വിഭാഗമുണ്ടെന്ന വ്യക്തമായ സന്ദേശം. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും അതിക്രമങ്ങളും വെസ്റ് ബാങ്കിലെയും ഗസ്സയിലെയും കിഴക്കന്‍ ജറൂസലമിലെയും ജനങ്ങളോട് അധിനിവേശ സയണിസ്റ് ഭരണകൂടം അനുവര്‍ത്തിക്കുന്ന മനുഷ്യത്വവിരുദ്ധ നടപടികളും സൂക്ഷ്മമായി പരിശോധിക്കാനെങ്കിലും അത് സഹായകമായേക്കും. മുസ്ലിംകളെ മറ്റു ജനവിഭാഗങ്ങളെപ്പോലെ പരിഗണിക്കാനുള്ള മനുഷ്യത്വമെങ്കിലും ടോണി ബ്ളെയറിനുണ്ടായാല്‍ അത്രയും നല്ലത്.''
2004-ല്‍ ഭര്‍ത്താവ് ക്രെയിഗ് ഡാര്‍ബി, മക്കളായ അലക്സാണ്ട്ര, ഹോള്ളി എന്നിവരുമൊത്ത് ഫ്രാന്‍സിലേക്ക് ചേക്കേറിയതായിരുന്നു ലോറന്‍ ബൂത്ത്. എന്നാല്‍ ഭര്‍ത്താവിന് ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ തലച്ചോറിന് മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2009 ഏപ്രിലില്‍ ബ്രിട്ടനില്‍ മടങ്ങിയെത്തി. പിതാവിന്റെയും ഭര്‍ത്താവിന്റെയും പല നിലപാടുകളോടും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാറുള്ള ലോറന് ഇപ്പോള്‍ ഡാര്‍ബിയുമായി ബന്ധമില്ല. ഇനിയൊരു വിവാഹമുണ്ടെങ്കില്‍ ഉറച്ച ഇസ്ലാം മത വിശ്വാസിയുമായിട്ടായിരിക്കുമെന്ന് അവര്‍ തറപ്പിച്ചു പറയുന്നു.
ഇസ്ലാമിനെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്ന തലക്കെട്ടില്‍ മെയില്‍ ഓണ്‍ലൈനില്‍ സാമാന്യം ദീര്‍ഘമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട് ലോറന്‍ ബൂത്ത്. ഇസ്ലാമിലേക്ക് ആകൃഷ്ടയാവാനുള്ള കാരണം ദുരൂഹമാണെന്ന് അവര്‍ പറയുന്നു. തെഹ്റാന് 156 കി.മീറ്റര്‍ അകലെ ഖും നഗരത്തിലെ പള്ളിയില്‍വെച്ചാണ് തനിക്ക് മാനസന്തരമുണ്ടായതെന്നാണ് പ്രസ് ടി.വിയുമായി ഏറ്റവുമൊടുവില്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ മുസ്ലിം മനസ്സുകളുമായുള്ള ബന്ധം അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരിയില്‍. മെയില്‍ ഓണ്‍ സണ്ടേക്കു വേണ്ടി ഫലസ്ത്വീന്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വെസ്റ്ബാങ്കില്‍ തനിച്ച് എത്തിയതായിരുന്നു. അതിനു മുമ്പ് അറബികളുമായോ മുസ്ലിംകളുമായോ അടുത്തിടപഴകിയ അനുഭവമില്ലായിരുന്നതിനാല്‍ അവരെക്കുറിച്ച് പടിഞ്ഞാറില്‍ പ്രചരിച്ച അബദ്ധധാരണകളായിരുന്നു മനസ്സ് നിറയെ. ഭീകരവാദികള്‍, മതഭ്രാന്തന്മാര്‍, ചാവേര്‍ ബോംബര്‍മാര്‍, ജിഹാദിസ്റുകള്‍ തുടങ്ങി പടിഞ്ഞാറന്‍ മീഡിയ നിര്‍ബാധം എടുത്തുപയോഗിക്കുന്ന ടെര്‍മിനോളജികളായിരുന്നു പരിചയം. "ആദ്യ അനുഭവം തന്നെ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. വെസ്റ്ബാങ്കില്‍ ഞാന്‍ എത്തിയത് ഓവര്‍കോട്ടില്ലാതെയായിരുന്നു. കടുത്ത തണുപ്പില്‍ ഓവര്‍കോട്ട് എടുക്കാന്‍ മറന്നതായിരുന്നില്ല. ഇസ്രയേലി എയര്‍പോര്‍ട്ട് അധികൃതര്‍ എന്റെ സൂട്ട്കേസ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. റാമല്ലയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഞാന്‍ തണുത്തു വിറക്കുകയായിരുന്നു. പൊടുന്നനെയാണ് ഒരു വൃദ്ധ എന്റെ കൈപിടിക്കുന്നത്. അറബിയില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവര്‍ എന്നെയും കൂട്ടി സമീപത്തെ വീട്ടിലേക്കാണ് പോയത്. പ്രായം ചെന്ന ഒരു ടെററിസ്റ് തട്ടിക്കൊണ്ടുപോവുകയാണോ എന്നായിരുന്നു എന്റെ ഭയം. ആശങ്കാകുലമായ നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ കാണുന്നത് അവര്‍ മകളുടെ അലമാര തുറന്ന് ഒരു കോട്ടും തൊപ്പിയും സ്കാര്‍ഫും എടുത്ത് എന്റെ നേരെ നീട്ടുന്നതാണ്. തുടര്‍ന്ന് അതേ തെരുവില്‍ തിരികെകൊണ്ടുവിട്ടു. പിരിയും മുമ്പ് ഒരു മുത്തം നല്‍കാനും ആ വൃദ്ധ മറന്നില്ല. ഭാഷാ തടസ്സം കാരണം ഞങ്ങള്‍ തമ്മില്‍ ഒരക്ഷരം സംസാരിച്ചിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള വികലമായ ധാരണകളെ മാറ്റിമറിക്കാന്‍ ഈയൊരു അനുഭവം മതിയായിരുന്നു. ഒരുവേള തന്റെ മുന്‍ഗാമി യിവോണ്‍ റിഡ്ലി താലിബാനികളുടെ പിടിയില്‍ അകപ്പെട്ടപ്പോഴുള്ള അനുഭവവും ഇതുപോലുള്ളതായിരുന്നു.''
അണിഞ്ഞൊരുങ്ങി മാറിടം പ്രദര്‍ശിപ്പിച്ച് നടക്കാന്‍ മറ്റു പാശ്ചാത്യ സ്ത്രീകളെപ്പോലെ താല്‍പര്യം കാണിച്ചിരുന്ന തനിക്ക് 2007-ല്‍ ലെബനാനിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കൊപ്പം നാലു നാള്‍ കഴിഞ്ഞപ്പോള്‍ അതിലെ വ്യര്‍ഥത ബോധ്യമായതായി ലോറന്‍ പറയുന്നു. "എത്ര ലളിതവും മാന്യവുമായാണ് ആ സഹോദരികള്‍ ഹിജാബ് അണിഞ്ഞിരിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. കേശാലങ്കാരത്തിന് മാത്രം നമ്മള്‍ മണിക്കൂറുകള്‍ ചെലവിടുന്നതിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കാതിരുന്നില്ല. എന്റെ ആദര്‍ശമാറ്റം സുഹൃത്തുക്കള്‍ ആശങ്കയോടെയാണ് കണ്ടത്. ഇസ്ലാമിലേക്ക് പോയതോടെ നീ ഞങ്ങളെ ഒഴിവാക്കുമോ? തുടര്‍ന്നും ഞങ്ങള്‍ നിന്റെ ചങ്ങാതിക്കൂട്ടത്തില്‍ ഉള്‍പ്പെടുമോ? സായാഹ്നങ്ങളിലെ മദ്യപാനത്തിന് ഇനിയും വരില്ലേ? അവരുടെ ചോദ്യങ്ങള്‍ ഇതായിരുന്നു. ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കും എന്റെ മറുപടി അതെ എന്നാണ്. എന്നാല്‍ അവസാനത്തേതിന് വളരെ സന്തോഷത്തോടെ ഇല്ല എന്നും...''
ഇസ്ലാം സ്വീകരിച്ചയുടന്‍ ലഭിച്ച മികച്ച ഉപദേശങ്ങളിലൊന്ന് വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളിലും ബ്ളോഗുകളിലും വരുന്ന അഭിപ്രായങ്ങളോ ഇസ്ലാം ആശ്ളേഷ പ്രഖ്യാപനം നടത്തിയ വീഡിയോ ക്ളിപ്പിംഗുമായി ബന്ധപ്പെട്ടുള്ള കമന്റുകളോ ശ്രദ്ധിക്കേണ്ടെന്നായിരുന്നു. ശരിയാണ്. ഏറെയും സുഖകരമല്ലാത്ത കമന്റുകളായിരുന്നു. അതേസമയം മുസ്ലിം സമുദായത്തില്‍നിന്ന് ലഭിക്കുന്ന ഊഷ്മളവും സ്നേഹപൂര്‍ണവുമായ പിന്തുണ വല്ലാത്തൊരു അനുഭവമാണ്. പ്രസ് ടി.വിയിലെ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാനാണ് മതംമാറ്റമെന്ന ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രസ് ടി.വി ഒരു പ്രഫഷനല്‍ വാര്‍ത്താ ചാനലാണ്. മതം നോക്കിയല്ല അവര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത്. അതിനാല്‍ സമ്മര്‍ദത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. മുസ്ലിമായ വിവരം രണ്ടാഴ്ചയോളം സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. ഓഫീസില്‍ സാധാരണ പ്രാര്‍ഥന നടക്കാത്ത മുറിയില്‍ സ്വകാര്യമായി പ്രാര്‍ഥിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ പരസ്യപ്പെടുത്താന്‍ മടിയായിരുന്നു. എന്നാല്‍ വിവരം പുറത്തറിഞ്ഞതു മുതല്‍ ലഭിച്ച സ്വീകരണം അനിര്‍വചനീയമാണ്.
"മുസ്ലിമാവുകയെന്നാല്‍ വലിയൊരു മാറ്റത്തിന് വിധേയമാകലാണ്. എന്നാല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രത്തിന് തടയിടപ്പെട്ടെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ഇത് അല്ലാഹുവുമായുള്ള കരാറാണുെം കഴിയാവുന്നേടത്തോളം ഏറ്റവും നല്ല മനുഷ്യനും അതുവഴി ഏറ്റവും നല്ല മുസ്ലിമും ആവാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് ലഭിച്ച ഉപദേശം. ഞാന്‍ ഇസ്ലാമിക നിയമങ്ങളെ മാനിക്കുന്നു. അത് എന്നെ സമ്മര്‍ദത്തിലാക്കിയതായി അനുഭവപ്പെട്ടിട്ടില്ല. ഇംഗ്ളീഷുകാരുടെ ജീവിതത്തിന്റെ ഭാഗമായ മദ്യം ഉപേക്ഷിക്കാന്‍ ഒട്ടും മടിയുണ്ടായില്ല. അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടേണ്ടിവന്നതുമില്ല. ലഹരി പദാര്‍ഥങ്ങള്‍ക്ക് ജീവിതത്തില്‍ ഇനി സ്ഥാനമില്ല. പന്നിയിറച്ചി ഭക്ഷിക്കുമായിരുന്ന ഞാന്‍ അതും ഉപേക്ഷിച്ചു. പുകവലി ഹറാമല്ലെങ്കിലും അതും വേണ്ടെന്നുവെച്ചു. മൊത്തത്തില്‍ ജീവിതം അടിമുടി മാറിയിരിക്കുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നിട്ട് 45 ദിവസമായെന്നും കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മദ്യം കഴിക്കാത്ത ഏറ്റവും ദീര്‍ഘമായ നാളുകളാണിത്. "ഞാന്‍ ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഇപ്പോള്‍ അറുപതാം പേജിലെത്തി. വീടിനു പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കുന്നു. ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ച ദിവസം മുതല്‍ മദ്യത്തോട് വെറുപ്പ് തുടങ്ങിയെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ഒന്നോ രണ്ടോ ഗ്ളാസ് വൈന്‍ അകത്താക്കിയിരുന്നയാളായിരുന്നു ഞാന്‍''.
ഇസ്ലാം ആശ്ളേഷം പാശ്ചാത്യന്‍ വനിതയെ സംബന്ധിച്ച് എളുപ്പമല്ലെന്ന് ലോറന്‍ പറയുന്നു. ഇസ്ലാമിനെക്കുറിച്ച് പടിഞ്ഞാറന്‍ സമൂഹത്തില്‍ സൃഷ്ടിച്ചുവിട്ട വാര്‍പ്പുമാതൃകകള്‍ അത്തരത്തിലുള്ളതാണ്. അഞ്ചുനേരം നമസ്കരിക്കല്‍ മാത്രമല്ല, ഭക്ഷണം മുതല്‍ വേഷം വരെ മാറ്റത്തിനു വിധേയമാവണം. "ഇസ്ലാമിലേക്ക് കടന്നുവന്നതിനുശേഷമുള്ള ജീവിത മാറ്റത്തെക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. വളരെ വളരെ സന്തോഷം, ഏറെ ആഹ്ളാദം ഞാന്‍ അനുഭവിക്കുന്നു. പിരിമുറുക്കം കുറഞ്ഞതായും സമയം ഏറെ ലഭിച്ചതായും അനുഭവപ്പെടുന്നു. അതിന് ഇസ്ലാമുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്കറിയില്ല, പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം യാഥാര്‍ഥ്യം അതാണ്.''
ഫലസ്ത്വീന്‍ സമൂഹത്തിനുവേണ്ടി വിവിധ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ പഴയതുപോലെ ഉണ്ടാകില്ലെന്ന യാഥാര്‍ഥ്യം താന്‍ തിരിച്ചറിയുന്നതായി ലോറന്‍ ബൂത്ത് പറയുന്നു. "മിഡിലീസ്റില്‍ ക്രിസ്ത്യാനിക്കും ജൂതനും ലഭിക്കുന്ന പരിഗണന പാശ്ചാത്യ ലോകത്ത് മുസ്ലിമിന് ലഭിക്കില്ല. ഇത് ക്രിസ്ത്യാനികളുടെ കുഴപ്പം കൊണ്ടല്ല. മുസ്ലിംകളോട് അനാദരവ് പുലര്‍ത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ നിയോ കോണുകളാണ് ഇതിന് ഉത്തരവാദികള്‍. അതുകൊണ്ടുതന്നെ ഇസ്ലാം ആശ്ളേഷം അടിച്ചമര്‍ത്തപ്പെട്ട ഫലസ്ത്വീനികള്‍ക്കുവേണ്ടിയുള്ള എന്റെ നിയോഗത്തെ സഹായിക്കില്ലെന്നറിയാം. എന്നാല്‍ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് അതെനിക്ക് സമ്മാനിക്കും. ഫലസ്ത്വീനികള്‍ക്കുവേണ്ടി ധാരാളമായി പ്രാര്‍ഥിക്കാനും എനിക്ക് അവസരം കൈവന്നിരിക്കുന്നു.''