>>മുദ്രകള്‍
വീണ്ടും കുരിശുയുദ്ധാഹ്വാനം?
മധ്യ പൌരസ്ത്യ ദേശത്തെ കത്തോലിക്കാ ബിഷപ്പുമാരുടെ രണ്ടാഴ്ച നീണ്ട (2010 ഒക്ടോബര്‍ 10 മുതല്‍ 24 വരെ) സമ്മേളനത്തിന് വത്തിക്കാനില്‍ തിരശ്ശീല വീണു. ഇത്ര വിപുലമായ ഇതുപോലൊരു സമ്മേളനം മുമ്പ് നടന്നിട്ടില്ല എന്നാണ് വോയ്സ് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ട്. വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് പുറമെ വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള 170 കത്തോലിക്കാ ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കുകൊണ്ടത്. മധ്യപൌരസ്ത്യ ദേശവും ക്രിസ്തുമതവും തമ്മിലുള്ള അഗാധ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടിയാണ് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. "മധ്യ പൌരസ്ത്യം പലായനത്തിന്റെയും തിരിച്ചു വരവിന്റെയും നാടാണ്. അവിടെയാണ് യേശു ജീവിച്ചതും ഉയര്‍ത്തെഴുന്നേറ്റതും. സഭയുടെ കളിത്തൊട്ടില്‍. സഭ സ്ഥാപിതമായതോ ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പ്രചരിപ്പിക്കാനും.''
വൈകാതെ പ്രസംഗം 'രാഷ്ട്രീയ ഇസ്ലാമിലേ'ക്ക് കടന്നു. "രാഷ്ട്രീയ ഇസ്ലാമിന്റെ രംഗപ്രവേശം അറബ് ലോകത്ത് ക്രിസ്ത്യാനികളുടെ നില അപകടത്തിലാക്കുക''യാണെന്ന് പോപ്പ് ആരോപിച്ചു. ഇതിനൊക്കെ കാരണമാകുന്നത് 'വഴിതെറ്റിയ ചില മതങ്ങളും!' ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്റോണിയോസ് നജീബ്, രാഷ്ട്രീയ ഇസ്ലാമിനെ പ്രതിരോധിക്കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യമാണെന്ന് വാദിച്ചു.
മുസ്ലിം രാജ്യങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആധുനിക ഇസ്ലാമിന്റെ രൂപപരിണാമം, മതസ്വാതന്ത്യ്രത്തിന്റെയും അഭിപ്രായ സ്വാതന്ത്യ്രത്തിന്റെയും അഭാവം, അവിടെ നിന്നുള്ള ക്രിസ്ത്യാനികളുടെ പലായനം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചത്. അതില്‍ മുഖ്യ വിഷയം പലായനത്തിലൂടെ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു എന്നത് തന്നെയായിരുന്നു. പോപ്പ് തന്റെ പ്രസംത്തില്‍, ഒരു നൂറ്റാണ്ട് മുമ്പ് മേഖലയില്‍ 20 ശതമാനം ക്രിസ്ത്യാനികളുണ്ടായിരുന്നുവെന്നും ഇപ്പോഴത് 5 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും പറയുകയുണ്ടായി. ഇതിന്റെയൊക്കെ പാപഭാരം കെട്ടിവെക്കുന്നത് (രാഷ്ട്രീയ) ഇസ്ലാമിന്റെ തലയിലും!
സമ്മേളനത്തിലെ പ്രസംഗങ്ങളും പ്രമേയങ്ങളും മൊത്തത്തില്‍ പരിശോധിച്ച ശേഷം അല്‍ മുജ്തമഅ് വാരിക (2010 ഒക്ടോബര്‍ 29) അഭിപ്രായപ്പെടുന്നത്, ഒരു പുത്തന്‍ കുരിശ് യുദ്ധാഹ്വാനമാണ് സമ്മേളനം മുഴക്കുന്നത് എന്നാണ്. ഇതിനു വേണ്ടി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നു. മേഖലയില്‍ നിന്ന്, പ്രത്യേകിച്ച് ഫലസ്ത്വീനില്‍നിന്നും ഇറാഖില്‍നിന്നും വന്‍തോതില്‍ ക്രിസ്ത്യാനികള്‍ പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയിട്ടുണ്ടെന്നത് നേരാണ്. പക്ഷേ അതിന് കാരണം സയണിസ്റ്-അമേരിക്കന്‍ അധിനിവേശങ്ങളാണ്. ഈ യഥാര്‍ഥ കാരണം മറച്ചുവെച്ചാണ്, ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഈജിപ്തിലെ കോപ്റ്റിക് സഭക്ക് സമ്മേളനത്തില്‍ പ്രത്യേക പരിഗണന ലഭിച്ചതും ശ്രദ്ധേയമാണ്. ഈജിപ്തിലും മറ്റും 'പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ' രക്ഷിക്കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് കോപ്റ്റുകള്‍ കുറെകാലമായി ആവശ്യപ്പെടുന്നു. അതിനു ഔദ്യോഗികാംഗീകാരം നല്‍കുകയാണ് വത്തിക്കാന്‍ ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.