>>കത്തുകള്‍
ദണ്ഡകാരണ്യത്തില്‍ സൈനിക നടപടി പരിഹാരമല്ല
തിരസ്കൃതരുടെ ആവാസ മേഖലയായിട്ടാണ് ഭാരതേതിഹാസത്തില്‍ ദണ്ഡകാരണ്യത്തെ നാം കണ്ടെടുക്കുന്നത്. മണ്ണിനവകാശം നഷ്ടപ്പെട്ട പാണ്ഡവന്മാരുടെ വഴി ദണ്ഡകാരണ്യത്തിലേക്കായിരുന്നല്ലോ. ഇന്ന്, നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആദിവാസികളടക്കമുള്ള പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ അതിജീവനസമരത്തിന്റെ സംഘര്‍ഷ ഭൂപടം എന്ന നിലയിലാണ് ദണ്ഡകാരണ്യം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപൃതമായ വനമേഖലയാണ് ദണ്ഡകാരണ്യം. ആദിവാസി ജനതയുടെ പ്രധാന ആവാസമേഖലയാണിത്. തിരസ്കൃത ജനവിഭാഗങ്ങള്‍, മറ്റൊന്നും തങ്ങള്‍ക്കു മുമ്പില്‍ വഴിതെളിയിതാരിക്കെ, അന്തിമ പോരാട്ടത്തിന്റെ കനല്‍പഥങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു.
ആദിവാസി സമൂഹത്തിന്റെ നിരാലംബതയെ മുന്നില്‍ നിര്‍ത്തി തീവ്ര വിപ്ളവ സംഘടനയായ മാവോയിസ്റുകളാണ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാവോയിസ്റുകള്‍ ഇല്ലെങ്കിലും അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഈ അതിജീവനസമരത്തില്‍നിന്ന് ഇനി പിന്തിരിയാനാവില്ല, മറ്റൊരു സാധ്യതയും അവര്‍ക്കിനി ഇല്ലാത്തതിനാല്‍. നിരന്തരമായ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്നവര്‍ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും വഴി തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ആര്‍ക്കാവും അവരെ കുറ്റപ്പെടുത്താന്‍?
ദണ്ഡകാരണ്യ പ്രാന്തങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ജനമുന്നേറ്റത്തിന് മുമ്പില്‍ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ പകച്ചുനില്‍ക്കുകയാണ്. ഭരണകൂടങ്ങളുടെ ശക്തിക്ഷയമല്ല, ധാര്‍മിക പിന്‍ബലമില്ലായ്മയാണ് ഈ പകച്ചുനില്‍പിനു കാരണം. ഭരണകൂടത്തിന്റെ നയവൈകല്യങ്ങളും മനുഷ്യത്വഹീനമായ ചെയ്തികളുമാണ് പോരാടി മരിക്കാം എന്ന ആത്യന്തിക ചിന്തയിലേക്ക് പാവപ്പെട്ട ജനതയെ കൊണ്ടെത്തിച്ചിരിക്കുന്നത്. കേവലം മാവോയിസ്റ് പ്രശ്നമായി ഇത് കാണാനാവില്ല. ഭരണകൂടത്തിനകത്തുതന്നെ സമരത്തെ നേരിടേണ്ട രീതികളെ കുറിച്ച് അഭിപ്രായന്തരം ഉണ്ടാവുന്നത് അതുകൊണ്ടാണ്. ആദിവാസികളോട് അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവണമെന്ന് ചിലരെങ്കിലും ആഗ്രഹിക്കുമ്പോള്‍ ദേശസ്നേഹത്തിന്റെ അതിവൈകാരികത സൃഷ്ടിച്ച് സൈനികമായി സമരത്തെ നേരിടാമെന്നാണ് ആഭ്യന്തരമന്ത്രിയുടെ കണക്കു കൂട്ടല്‍. 'മധ്യേന്ത്യയില്‍ സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാണ്. സമാധാന ശ്രമങ്ങള്‍ ഇനിയും വൈകിയാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വീഴും' എന്ന് ഡോ. ബിനായക് സെന്‍ ആശങ്കപ്പെടുന്നു. കുത്തക മുതലാളിമാരുടെയും ആഗോള കോര്‍പറേറ്റുകളുടെയും താല്‍പര്യ സംരക്ഷകരായി മാറി സാധാരണക്കാരായ പരശ്ശതം മനുഷ്യരെ അപ്രസക്തരും അടിമകളുമായി കരുതുന്ന ഭരണകൂട സമീപനത്തില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ലെങ്കില്‍ രാജ്യം ഒരു ആഭ്യന്തര യുദ്ധത്തെ നേരിടേണ്ടിവന്നുകൂടായ്കയില്ല.
ആദിവാസി ജീവിതമേഖലയെ 'റെഡ്കോറിഡോര്‍' എന്ന് ചാപ്പകുത്തി, 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്' എന്ന് ഓമനപ്പേരിട്ട് നടത്തുന്ന സൈനിക നടപടികള്‍ കൊണ്ട് പരിഹൃതമാവുകയില്ല, ആദിവാസി പ്രശ്നങ്ങള്‍. മനുഷ്യാവസ്ഥകളെ ആദരിക്കുകയും പൌരാവകാശങ്ങള്‍ക്ക് പരിഗണന നല്‍കുകയും ചെയ്യുന്ന ജനാധിപത്യ ഭരണകൂടം ആദിവാസി പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു. പാര്‍ശ്വവത്കൃതരുടെ അനുഭവങ്ങളും സാമൂഹികാവസ്ഥയും കണക്കിലെടുത്ത് വേണം നയങ്ങള്‍ രൂപീകരിക്കാന്‍. ജിവിക്കാനുള്ള അവകാശം വകവെച്ചു കൊടുത്തുകൊണ്ടേ ഏതു ജനതയെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ടാണ് ദിഗ്വിജയ് സിംഗിനെപ്പോലെയുള്ള ഭരണാനുകൂലികളായ നേതാക്കള്‍ പോലും ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കു നേരെ മാവോയിസ്റുകളെ ചൂണ്ടിക്കാണിച്ച് നടത്തുന്ന സൈനിക നടപടികളെ എതിര്‍ക്കുന്നത്. മാവോയിസ്റ് പ്രശ്നങ്ങള്‍ നേരിടുന്നതിന് ബഹുമുഖ തന്ത്രങ്ങള്‍ വേണമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. മാവോയിസ്റ് സ്വാധീന പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാനുള്ള നടപടികളാണ് ആദ്യം വേണ്ടത്. വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കിയും ചൂഷകരില്‍നിന്ന് സംരക്ഷണം നല്‍കിയും മാത്രമേ ആദിവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ.
ടി.കെ മൊയ്തു വേളം
അയോധ്യവിധി
"എങ്ങനെയുണ്ട് മരുന്ന് കഴിച്ചതിന് ശേഷം?'' "ബസ്സുകിട്ടാന്‍ വൈകി ഡോക്ടറേ...'' ഇ.എന്‍.ടിയുടെ പരിശോധനാ മുറിയിലെ സംഭാഷണം. അയോധ്യ വിധിയും ഏകദേശം ഇതുപോലെ തന്നെ. ഉടമസ്ഥാവകാശത്തെക്കുറിച്ചായിരുന്നു കേസ്; നടന്നത് ഭാഗം വെക്കലും.
രാമന്റെ ജനനം ത്രേതായുഗത്തിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതാകട്ടെ ഏകദേശം 1,72,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനും. ഇക്കാര്യത്തെക്കുറിച്ചാണ് മധ്യത്തിലെ മിനാരത്തിന്റെ ചുവട്ടില്‍ തന്നെയാണ് ജനനം എന്ന് ഉറപ്പിച്ച് പറയുന്നത്.
മറ്റൊന്ന്, എവിടെയാണ് കട്ട്
ഓഫ് തീയതി? അമ്പത്, അഞ്ഞൂറ്, അയ്യായിരം? അശോകന്റെ കാലത്തേക്ക് പോയാല്‍ മതിയാകുമോ നമുക്ക്? ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും തികഞ്ഞ മതിപ്പായിരുന്നു ലോക രാഷ്ട്രങ്ങള്‍ക്ക്. വളരെ സുതാര്യമായി നടന്ന അജ്മല്‍ കസബിന്റെ വിചാരണ തന്നെ ഒരു ഉദാഹരണം. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് സാമാന്യ ബുദ്ധിയെ തന്നെ അപ
ഹസിക്കുന്ന ഒരുവിധി ന്യായം നാം കേള്‍ക്കേണ്ടി വരുന്നത്.
രഹസ്യമായി പള്ളിയില്‍ പ്രതിമ സ്ഥാപിച്ചതിനെക്കുറിച്ചോ, ലക്ഷക്കണക്കിനാളുകള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ നടന്ന പള്ളിപൊളിയെക്കുറിച്ചോ വിധിന്യായത്തില്‍ പരാമര്‍ശമില്ല.
ഭൂരിപക്ഷത്തിന്റെ എല്ലാവിധ അക്രമങ്ങള്‍ക്കും ആശയാഭിലാഷങ്ങള്‍ക്കും വിധേയരായി ജീവിക്കാന്‍ വിധിക്ക
പ്പെട്ടവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമെന്ന സന്ദേശമാണ് വിധിയിലൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ
ഭാസുരമായ ഭാവിക്ക് ഒട്ടും അനുകൂലമല്ല തന്നെ.
കെ. മുഹമ്മദ് തുംകൂര്‍
അബ്ദുല്ല ഉമരിയെ ഓര്‍ക്കുമ്പോള്‍
ഈയിടെ നിര്യാതനായ വി. അബ്ദുല്ല ഉമരിയുടെ ആദ്യകാല പ്രവര്‍ത്തന വേദി കാസര്‍കോട്ടെ ആലിയാ അറബിക്കോളേജായിരുന്നു. 1950 മുതല്‍ പത്ത് വര്‍ഷത്തിലേറെ അദ്ദേഹമവിടെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍നിന്ന് ഉമരിബിരുദം നേടുന്നതില്‍ പ്രധാനോപാധിയായിരുന്ന സ്വഹീഹുല്‍ ബുഖാരിയുടെ പഠനം പൂര്‍ത്തിയാക്കിയ ഉടനെ ആലിയായിലെ ഫൈനല്‍ ക്ളാസില്‍ അതേ സ്വഹീഹുല്‍ ബുഖാരി പഠിപ്പിക്കാന്‍ നിയുക്തനാവുകയായിരുന്നു അദ്ദേഹം. കേരള ജമാഅത്തെ ഇസ്ലാമിയുടെ മലപ്പുറം ജില്ലാ നാസിമായിരുന്ന പൊന്മള സ്വദേശി മര്‍ഹൂം കെ.പി.കെ അഹ്മദ് മൌലവി പ്രസ്തുത ക്ളാസിലെ അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായിരുന്നു. ഹദീസില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന അബ്ദുല്ല മൌലവി ഖുര്‍ആന്‍, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, നഹ്വ്, സ്വര്‍ഫ്, അറബിഭാഷ, മആനീ, താരീഖ് എന്നീ വിഷയങ്ങള്‍ അതിസമര്‍ഥമായി കൈകാര്യം ചെയ്തിരുന്നു. അതാത് വിഷയങ്ങളില്‍ താന്‍ സ്വായത്തമാക്കിയ നൈപുണ്യവും ഉള്‍ക്കാഴ്ചയും അധ്യയന ശൈലിയിലെ ആകര്‍ഷണീയതയും വിദ്യാര്‍ഥികളില്‍ ഇസ്ലാമികാവേശവും പ്രവര്‍ത്തനോത്സുകതയും വളര്‍ത്തി.
ശിഷ്യഗണങ്ങളില്‍ പലരും പ്രസ്ഥാന രംഗത്ത് സജീവരാണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ ടി.കെ അബ്ദുല്ലാ സാഹിബ്, ജില്ലാ മേഖലാ നാസിമുമാരായിരുന്ന കെ. അബ്ദുസ്സലാം മൌലവി, കെ.എന്‍ അബ്ദുല്ല മൌലവി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ നദ്വി, ആലിയാ കോളേജ് പ്രിന്‍സിപ്പല്‍ കെ.വി അബൂബക്കര്‍ ഉമരി, പടന്നയിലെ എല്‍.കെ.സി മുഹമ്മദ് മൌലവി, അബ്ദുര്‍റഹ്മാന്‍ തറുവായ്, ഒ.പി അബ്ദുസ്സലാം മൌലവി, എ. മൊയ്തീന്‍ കുട്ടി മൌലവി, ഈ ലേഖകന്‍, വാണിമേലിലെ ടി. മൂസ മൌലവി, കോഴിക്കോട് കുറ്റിക്കാട്ടൂരിലെ സി.കെ ഇസ്മാഈല്‍ മൌലവി, ഡോ. സഈദ് മരക്കാര്‍, ആലിയാ കോളേജ് അധ്യാപകരായ സി.എല്‍ അബ്ദുല്‍ ഖാദിര്‍ മൌലവി, മുഹമ്മദ് ശമീം ഉമരി, അബൂസ്വാലിഹ്, അബ്ദുല്‍ ജബ്ബാര്‍ കൂരാരി എന്നിവരെല്ലാം ആലിയായിലെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന വി.പി മുഹമ്മദലി സാഹിബ് അക്കാലത്ത് ഇടക്കിടെ ആലിയായില്‍ വരികയും ചെംനാട്ടെ വൈ.എം.എം.എ ഹാളില്‍ ജമാഅത്തെ ഇസ്ലാമി പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയും പതിവായിരുന്നു. ഉസ്താദ് അബ്ദുല്ലാ ഉമരിയും കോളേജ് പ്രിന്‍സിപ്പല്‍ മൌലവി പി. മുഹമ്മദ് ത്വാഈയും കാസര്‍കോട്ടെ അബ്ദുല്ലാ ശര്‍ഖിയുമൊക്കെയായിരുന്നു അന്നവിടെ സജീവ ജമാഅത്ത് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവരില്‍ യുവാവായ വി. അബ്ദുല്ലാ ഉമരിയായിരുന്നു വാരാന്തയോഗങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്. ആലിയാ അറബിക്കോളേജ് പ്രസ്ഥാനവല്‍കരിക്കുന്നതില്‍ അബ്ദുല്ല മൌലവിയുടെ വ്യക്തിത്വവും നേതൃഗുണവും വഹിച്ച പങ്ക് നിഷേധിക്കാ
നാവുകയില്ല.
അറബി ഭാഷയില്‍ നിപുണനായിരുന്ന അബ്ദുല്ല മൌലവി നല്ലൊരു അറബിക്കവിയുമായിരുന്നു. തന്റെ നിമിഷക്കവിതകളിലൂടെ അനുസ്മരിക്കപ്പെട്ടവരില്‍ ആലിയാ കോളേജിലെ ഒരു യുവ വിദ്യാര്‍ഥിയും ഉള്‍പ്പെടും. ഉമര്‍ എന്ന ചൊക്ളിക്കാരനായ ചുറുചുറുക്കുള്ള ഒരു യുവാവ് ആലിയായില്‍ ഉപരിപഠനം നടത്താന്‍ വരികയും അധികനാള്‍ കഴിയും മുമ്പ് രോഗം ബാധിച്ചു മരണപ്പെടുകയുമുണ്ടായി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കണ്ണിലുണ്ണിയായിരുന്ന ഉമറിനെ അബ്ദുല്ല മൌലവി കവിതയിലൂടെ ഓര്‍ത്തു.
'ഉമറുല്‍ തറഹ്ഹല ബഅ്ദ മാ നാദാഹു, റബ്ബുല്‍ ആലമീന ഇലന്നഈമിദ്ദാഇമി.....'
എല്ലാവരെയും കണ്ണീരിലാഴ്ത്തിയ അതിലെ വരികള്‍ ആദ്യാവസാനം ഇന്നും ഓര്‍ത്തുപാടുന്നവരുണ്ട്.
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി
തെരെഞ്ഞെടുപ്പ്
ഫലത്തിലെ കയ്പ്പും മധുരവും
ഇക്കഴിഞ്ഞ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാ ശക്തികളും ജനകീയ വികസന മുന്നണിക്കെതിരെ ശക്തമായി നിലകൊള്ളുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. അമേരിക്കയുടെ എക്കാലത്തെയും പ്രസിദ്ധനായ പ്രസിഡന്റ് അബ്രഹാം ലിങ്കന്‍ എത്ര പ്രാവശ്യം തോറ്റതിന് ശേഷമാണ് വിജയം കണ്ടെതെന്ന കാര്യം നാം വിസ്മരിക്കരുത്. വിവിധ പേരുകളില്‍ അറിയപ്പെട്ട ജനകീയ വികസന മുന്നണികളെ സംബന്ധിച്ചേടത്തോളം വളരെ ചുരുങ്ങിയ കാലം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. പതാക, പൊതു പേര്, സമഗ്രമായ ഒരു നേതൃനിര ഇതെല്ലാം ചേര്‍ന്ന് ഒരു വിശാല മുന്നണി പ്രവര്‍ത്തനക്ഷമമാവാന്‍ ഇനിയും സമയം വൈകാന്‍ പാടുള്ളതല്ല.
തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ആരവങ്ങള്‍ അടങ്ങിയെങ്കിലും വീതംവെക്കലും അഴിമതിയും തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ. അതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ജനങ്ങളിലേക്ക് യഥാവിധം എത്തിക്കുന്നതില്‍, മത്സരിച്ച ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സജീവമായി മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്.
പഞ്ചായത്ത് ഓഫീസ് ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നമ്മിലേക്ക് ഇറങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നത് മൌഢ്യമാണ്. കൈക്കൂലിയും അഴിമതിയും കൊടികുത്തിവാഴുന്ന മേഖലയായതിനാല്‍ പാവപ്പെട്ട പൌരന്മാരില്‍ ബഹുഭൂരിപക്ഷത്തിനും എന്താണ് അവിടെ നിന്ന് കിട്ടുക എന്നതിനെ കുറിച്ച് സാമന്യബോധം പോലുമില്ല. കേവലം നികുതി അടക്കാനുള്ള കേന്ദ്രങ്ങളാണ് അതെന്നാണ് നമ്മുടെ ധാരണ. ഇനിയുള്ള ദിവസങ്ങളിലെങ്കിലും മത്സരരംഗത്ത് അടരാടിയ ജനപക്ഷ-ജനവികസന മുന്നണിയുടെ അമരക്കാരെ സംബന്ധിച്ചേടത്തോളം പടക്കളത്തില്‍ നിന്ന് ആര്‍ജിച്ച കരുത്തോടെ കൂടുതല്‍ സജീവമായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനനിരതമാവുകയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്താല്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ മികവാര്‍ന്ന വിജയം പ്രതീക്ഷിക്കാം.
ഗ്രാമസഭകളിലും സജീവമായ ഇടപെടലുകള്‍ അനിവാര്യമാണ്. അത്തരം യോഗങ്ങളില്‍ അതത് വാര്‍ഡ് മെമ്പര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് പദ്ധതികള്‍ സുതാര്യമായി നടപ്പാക്കാന്‍ അവസരമൊരുക്കേണ്ടത് ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ ബാധ്യതയാണ്. ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പല പാഠങ്ങളും നല്‍കുകയുണ്ടായി. വരും കാലങ്ങളില്‍ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ജനകീയ അടിത്തറ കെട്ടിപ്പടുക്കാന്‍ നാം ബാധ്യസ്ഥരത്രെ. അങ്ങനെ ഈ തെരെഞ്ഞെടുപ്പ് ഫലത്തിലെ കയ്പ്പിനെ മധുരമൂറുന്ന അനുഭവമാക്കാന്‍ സാധിക്കണം.
ഇബ്റാഹീം ശംനാട്
ഇ.എം.എസ്
ഭവന പദ്ധതിക്ക് പ്രചോദനമായത് സോളിഡാരിറ്റി
'ജനപക്ഷ വികസനത്തിന് ജമാഅത്തെ ഇസ്ലാമിയുടെ കൈയൊപ്പ്' എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം(67/20) ഏറെ പ്രസക്തമാണ്. ഉയര്‍ന്നു വരുന്ന ചില ആരോപണങ്ങളുടെ മുനയൊടിയണമെങ്കില്‍ ഇത്തരം സത്യങ്ങള്‍ വിളിച്ചു പറഞ്ഞേ തീരൂ. തിരിച്ചറിവുള്ള ഏതൊരു മനുഷ്യനും പക്ഷേ, ഇസ്ലാമിക പ്രസ്ഥാനത്തെയും സോളിഡാരിറ്റിയെയും ശ്ളാഘിക്കുകയേ ചെയ്തിട്ടുള്ളൂ. എത്രത്തോളമെന്നാല്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരിനു പോലും പ്രചോദനമായ ജനസേവന പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ യുവവിഭാഗം ചെയ്തതെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജലവിഭവമന്ത്രി ശ്രീ. എന്‍.കെ പ്രേമചന്ദ്രനെ ഉദ്ധരിക്കാം: "സോളിഡാരിറ്റി ആവിഷ്കരിച്ച് നടപ്പാക്കിയ ജനകീയ പദ്ധതികള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചുവെന്നും അവ മാതൃകയാക്കി അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും മന്ത്രി എന്‍.കെ പ്രമേചന്ദ്രന്‍ വെളിപ്പെടുത്തി. സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതി പ്രഖ്യാപന സമ്മേളനം (കൊടുങ്ങല്ലൂര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാരിന് പ്രേരകശക്തിയായത് സോളിഡാരിറ്റിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള സോളിഡാരിറ്റി പദ്ധതിയാണ് സര്‍ക്കാര്‍ മാതൃകയാക്കിയത്. ഇ.എം.എസ് പദ്ധതിയടക്കമുള്ള സര്‍ക്കാറിന്റെ ഭവന പദ്ധതിക്കും പ്രേരകമായത് സോളിഡാരിറ്റിയുടെ ഭവന പദ്ധതിയാണ്. ഇപ്പോള്‍ നടപ്പാക്കുന്ന ചെറുകിട ശുദ്ധജല പദ്ധതിയും സര്‍ക്കാരിനു പ്രേരകമാവും. ഇസ്ലാമികാധ്യാപനങ്ങളെ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സോളിഡാരിറ്റി. അതുവഴി തീവ്രവാദവും ഭീകരവാദവുമല്ല ഇസ്ലാമിക ദര്‍ശനമെന്ന് ബോധ്യപ്പെടുത്തുകയാണ് - മന്ത്രി പറഞ്ഞു'' (മാധ്യമം 7/2/2010).
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മലര്‍വാടി ബാലസംഘത്തിന്റെ 'ഒരു കൈ ഒരു തൈ' പദ്ധതി തന്റെ സാമൂഹിക വനവത്കരണ സംരംഭങ്ങള്‍ക്ക് ഏറെ പ്രചോദനമായതായി സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം പറഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു.
ഹസനുല്‍ബന്ന കുഞ്ഞിമംഗലം
സ്നേഹം
വഴിഞ്ഞൊഴുകട്ടെ
പി.എസ് കുഞ്ഞുമൊയ്തീന്‍ ആലുവ എഴുതിയ സ്നേഹത്തിന്റെ വില എന്ന ഹദീസ് പംക്തി (2010 ഒക്ടോബര്‍ 16) വായിച്ചു. ദൈവം നല്‍കിയ മഹത്തായ അനുഗ്രഹമാണ് സ്നേഹം. ആരില്‍ നിന്നാണെങ്കിലും എത്ര അകലെ നിന്നാണെങ്കിലും അതിനെ സ്വായത്തമാക്കാന്‍ ആരും ശ്രമിച്ചുപോകും.
സ്നേഹത്തിന്റെ വില അറിയാന്‍ ആരെങ്കിലും എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഏതൊരു മനുഷ്യമനസിലും സ്നേഹ വികാരങ്ങള്‍ ഉണ്ടാവുമല്ലോ.
മനസിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാനും മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാനും അധികമാരും തയാറാവുകയില്ല. എന്ത് കൊള്ളരുതായ്മകള്‍ ചെയ്യുന്നവര്‍ക്കുമുണ്ടാകും സ്നേഹിക്കാന്‍ കഴിയുന്ന, സ്നേഹം കൊതിക്കുന്ന ഒരു ഹൃദയം. സ്നേഹം നാം ആര്‍ക്കു നല്‍കുന്നുവോ അവരേ അത് നമുക്കു തിരിച്ച് നല്‍കുകയുള്ളൂ. ആരില്‍ നിന്നും പിടിച്ച് പറിച്ച് വാങ്ങിക്കാന്‍ പറ്റുന്ന ഒന്നല്ല സ്നേഹം. ഉള്ളിന്റെ ഉള്ളില്‍നിന്നും ഒഴുകിയെത്തുന്ന ഒരു അരുവിയാണത്. ആ അരുവിയിലെ നീരൊഴുക്ക് നിലക്കുന്നില്ല. അപ്രകാരം നമ്മില്‍നിന്നും മറ്റുള്ളവരിലേക്ക് സ്നേഹം വഴിഞ്ഞൊഴുകട്ടെ.
ഫൌസിയ ശരീഫ് വരോട്, ഒറ്റപ്പാലം
ചില തെരഞ്ഞടുപ്പ് അനുഭവങ്ങള്‍
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ സമീപിച്ചപ്പോള്‍ ഉണ്ടായ ചില വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു. പലയിടത്തും സമാനമായ അനുഭവങ്ങള്‍ പ്രവര്‍ത്തകര്‍ അഭിമുഖീകരിച്ചിട്ടുണ്ടാകും. ഇടതു-വലത് കക്ഷി രാഷ്ട്രീയത്തിന്റെ മാനസികാടിമത്വത്തില്‍ നിന്ന് മോചിതരാവാന്‍ സാധിക്കാത്തതുകൊണ്ടാവാം 'മാറ്റത്തിന് ഒരു വോട്ടി'നുവേണ്ടി സമീപിച്ചപ്പോള്‍ ഇങ്ങനെ പ്രതികരിച്ചത്.
ഒരു കോളനിയില്‍ വോട്ടു ചോദിച്ചു ചെന്നു. അവിടെ നേരത്തെ സന്ദര്‍ശിച്ച സാമുദായിക പാര്‍ട്ടിയുടെ ആളുകള്‍ ജനകീയ മുന്നണിയെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് അവര്‍ പങ്കുവെക്കുകയുണ്ടായി: "നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യം നിരോധിക്കുമെന്നാണവര്‍ പറയുന്നത്. കള്ളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് വോട്ടുതരില്ല.'' സാധാരണ പ്രവര്‍ത്തകന് ഉത്തരം മുട്ടാന്‍ ഇതിലുമപ്പുറം എന്തു വേണം? മറ്റൊരിടത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ മുഖവുരയില്ലാതെ അവരുടെ അഭിപ്രായം പറഞ്ഞു: "ഞങ്ങള്‍ ചെറുപ്പക്കാര്‍ പല കേസുകളിലും ഉള്‍പ്പെടാറുണ്ട്. അപ്പോഴെല്ലാം ഞങ്ങളെ കേസില്‍ നിന്നും മോചിപ്പിക്കാറുള്ളത് നിലവിലെ മെമ്പറുമാരും രാഷ്ട്രീയക്കാരുമാണ്. ആ സ്ഥാനത്ത് നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ കുടുങ്ങും. കാരണം നിങ്ങള്‍ ന്യായവും സത്യവുമാണല്ലോ നോക്കുക!'' ജനകീയ മുന്നണിക്ക് അല്‍പം സ്വാധീനമുള്ള മറ്റൊരിടത്ത് എതിരാളികളുടെ പ്രചാരണം
ഇങ്ങനെ: "അവരുടെ സേവനം നിങ്ങള്‍ക്ക് ലഭിച്ചതുകൊണ്ടാണ് വോട്ടുനല്‍കുന്നതെങ്കില്‍ അതവര്‍ക്കാവശ്യമില്ല. നിങ്ങള്‍ വോട്ടു ചെയ്താലും ഇല്ലെങ്കിലും സേവനങ്ങളും ആനുകൂല്യങ്ങളും ഇനിയും അവര്‍ തരും. പക്ഷേ ഞങ്ങള്‍ വിജയിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വേണ്ടി വല്ലതും ചെയ്യാന്‍ പറ്റൂ.''
നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്ന് ഒരു വിഭാഗം ജനങ്ങളെങ്കിലും പ്രതീക്ഷിക്കുന്നതെന്താണെന്ന് ഇത്തരം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. തിരിച്ച് ജനകീയ മുന്നണിയെ സ്വാഗതം ചെയ്ത അനുഭവങ്ങള്‍ ഇതിലേറെയുണ്ട്.
ടി.പി ബഷീറുദ്ദീന്‍ തൃപ്പനച്ചി