>>ലേഖനം
പുതിയ സൂര്യോദയത്തിന്
കാത്തിരിക്കുക
ഡോ. കൂട്ടില്‍ മുഹമ്മദലി
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബെസ്റ് പ്ളയര്‍ ആര്? സംശയമെന്ത്- ജനകീയ വികസന മുന്നണി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞതാണ് ശരി-അവരുടെ പോരാട്ടം കണ്ട് എതിരാളികള്‍ ചൂളിപ്പോയി.
എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ജനകീയ മുന്നണി വീറോടെ പൊരുതി. 1685 സ്ഥലങ്ങളില്‍ പാരമ്പര്യ രാഷ്ട്രീയ തമ്പുരാക്കന്മാരെ അവര്‍ വെല്ലുവിളിച്ചു. ഒമ്പതിടത്ത് വെന്നിക്കൊടി പറത്തി; നൂറിലധികം സ്ഥലങ്ങളില്‍ വിജയത്തിന്നരികിലെത്തി. അഞ്ഞൂറോളം സീറ്റുകളില്‍ നിര്‍ണായക ശക്തിയായി. ഒന്നര ലക്ഷം വോട്ടും നേടി.
ഒന്നര ലക്ഷം പേര്‍. അവരെ കേവല വോട്ടര്‍മാരെന്ന് വിളിക്കുന്നത് അപമാനിക്കലാകും. അവര്‍ ഒന്നര ലക്ഷം പോരാളികള്‍! ഇടത്തുനിന്നും വലത്തുനിന്നും വര്‍ഷിച്ച രാഷ്ട്രീയ കൂരമ്പുകള്‍ക്കും മത പുരോഹിതന്മാരുടെ തമ്പുകളില്‍നിന്ന് പെയ്ത ഒളിയമ്പുകള്‍ക്കും മധ്യേ ഉശിരോടെ പൊരുതിനിന്ന അവര്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ വീരനായകര്‍. തല്‍ക്കാലത്തേക്ക് ഇതൊക്കെ തമസ്കരിച്ചെന്ന് മീഡിയക്ക് സമാധാനിക്കാം. ഇരുളിനെ കീറിമുറിച്ച്, പക്ഷേ, വെളിച്ചം പുഞ്ചിരിക്കുന്നുണ്ട്. ഇരുട്ടിനു വെളിച്ചത്തെ തോല്‍പിക്കാനാവില്ല, അതെത്ര ചെറുതായിരുന്നാലും.
ഇതത്ര ചെറുതുമല്ല. ഒന്നര ലക്ഷം മതി ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍. ആരാണീ ഒന്നര ലക്ഷം? ഭീഷണികളെ ചിരിച്ചുതള്ളിയവര്‍, പ്രലോഭനങ്ങളെ അതിജീവിച്ചവര്‍, നുണപ്രവാഹങ്ങളെ നീന്തിക്കടന്നവര്‍, എപ്പോഴും ജനങ്ങളോട് ചേര്‍ന്നുനിന്നവര്‍. അവരെ തോല്‍പിക്കാന്‍ ഒരു ശക്തിക്കുമാവില്ല. അവരുടെ മനക്കരുത്ത് അത്രമേല്‍ വലുതാണ്. പടക്കളത്തില്‍നിന്ന് അവര്‍
പിന്‍വാങ്ങില്ല.
ഇത് ശ്രീമതി ജമീല. ബ്ളോക്ക് പഞ്ചായത്തിലേക്കുള്ള ജനപക്ഷ സ്ഥാനാര്‍ഥി. ഒറ്റക്ക് പടനയിച്ച് ആയിരത്തിലധികം വോട്ട് പിടിച്ചവള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും അങ്കം തുടരുന്നവള്‍. ഓരോ വീടും കയറിയിറങ്ങി ജനങ്ങളുടെ കഷ്ടപ്പാട് നേരില്‍ കണ്ടവള്‍. ജമീല പറയുന്നു: "എനിക്കിനി വിശ്രമിക്കാനാവില്ല. ശേഷിക്കുന്ന ജീവിതം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി. ഞാന്‍ തോറ്റിട്ടില്ല; എന്നെ തോല്‍പിക്കാനുമാവില്ല.'' ഇത് പറയുമ്പോള്‍ അവരുടെ മുഖത്ത് ഗൌരവം കനം വെച്ചു. പിന്നെ അവര്‍ ശാന്തയായി തുടര്‍ന്നു- "എന്തെല്ലാം നുണകളാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്? എല്ലാം എന്റെ വീറും വാശിയും വര്‍ധിപ്പിച്ചതേയുള്ളൂ. പ്രചാരണം കൊടുമ്പിരികൊണ്ട നേരത്ത്, വീണ് എന്റെ കൈയൊടിഞ്ഞു. ഞാന്‍ ആരെയും അറിയിക്കാതെ (അറിയിച്ചാല്‍ പ്രചാരണം മുടങ്ങും) ഒറ്റക്ക് ആശുപത്രിയിലേക്ക്. എല്ല് പൊട്ടിയിരിക്കുന്നു, സര്‍ജറി ചെയ്ത് കമ്പിയിടണമെന്ന് ഡോക്ടര്‍. ഞാന്‍ പറഞ്ഞു, തല്‍ക്കാലത്തേക്ക് കെട്ടിവെക്ക്, സര്‍ജറി പിന്നീടാവാം. ഡോക്ടര്‍ കാര്യം തിരക്കി. ഞാന്‍ പറഞ്ഞു: "തെരഞ്ഞെടുപ്പാണ്; ജനങ്ങളെ ഒറ്റക്കിട്ട് ആശുപത്രിയില്‍ കിടക്കാനാവില്ല.'' അങ്ങനെ ഡോക്ടര്‍ വഴങ്ങി. ഞാന്‍ സ്റിച്ചിട്ട കൈയുമായി വീണ്ടും ഗോദയിലേക്ക്. അപകടം പറ്റിയ വിവരം ആരും അറിയാതിരിക്കാന്‍ ഞാന്‍ സദാ ശ്രദ്ധിച്ചുപോന്നു. വോട്ടെണ്ണല്‍ ദിവസമാണ് സ്റിച്ചെടുക്കേണ്ടത്. അതിരാവിലെ ഞാന്‍ ആശുപത്രിയിലെത്തി. വേഗത്തില്‍ സ്റിച്ചെടുത്ത് കൌണ്ടിംഗ് സ്ഥലത്തേക്ക്.
പറയൂ, ഏത് കൌണ്ടിംഗിനാണ് ജമീലയെ തോല്‍പിക്കാനാവുക? അവരുടെ ഇഛാശക്തിക്കു മുന്നില്‍ എതിരാളികളുടെ കൌണ്ട് ഡൌണ്‍ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ ചെയറിലിരുന്ന ആള്‍ ഇങ്ങനെ പ്രതികരിച്ചത്: "ഇന്ത്യ ഭരിക്കാന്‍ പോന്ന ഇഛാശക്തി ജമീല താത്തക്കുണ്ട്. ഈ ഇഛാശക്തിയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ഈടുവെപ്പ്.''
ഇഛാശക്തികൊണ്ടാണ് ഇടതു കോട്ടയും വലതു കോട്ടയും ജനകീയ മുന്നണിയുടെ പോരാളികള്‍ ഉപരോധിച്ചത്; രാഷ്ട്രീയക്കാരുടെ നുണബോംബുകളെയും മതപുരോഹിതന്മാരുടെ കുപ്രചാരണങ്ങളെയും അതിജീവിച്ചത്. ജനാധിപത്യത്തിലെ വില്ലന്മാര്‍ക്കെതിരെ തുടങ്ങിവെച്ച യുദ്ധം അവര്‍ അവസാനിപ്പിക്കില്ല; അഴിമതിക്കാരെ സ്വൈര വിഹാരം നടത്താന്‍ അനുവദിക്കില്ല; ജനങ്ങളെ നിര്‍ദയം ചൂഷണം ചെയ്യുന്നത് നോക്കിനില്‍ക്കില്ല. അവര്‍ കേരളത്തിലെ പ്രതിപക്ഷമാകും; ജനപക്ഷത്ത് നില്‍ക്കുന്ന ക്രിയാത്മക പ്രതിപക്ഷം. ജനങ്ങള്‍ക്കു വേണ്ടി 'ഫീസ്' വാങ്ങാതെ ചോദിക്കാനും വാദിക്കാനും ഇനി ആളുണ്ടാകും. അതിനാല്‍ പോളിംഗ് ബൂത്തില്‍ തോല്‍പിച്ചു വിട്ടു എന്നൊന്നും എതിരാളികള്‍ സമാധാനിക്കേണ്ട. സമാധാനമില്ലാത്ത ദിനരാത്രങ്ങളാണ് അവരെ കാത്തിരിക്കുന്നത്.
ഈ തോല്‍പിക്കലിന്റെ രഹസ്യമൊക്കെ എല്ലാവര്‍ക്കുമറിയാം. നുണച്ചാക്കും പണച്ചാക്കും ചൊരിഞ്ഞാല്‍ ഏതു ജനാധിപത്യത്തെയും അട്ടിമറിക്കാം ഇവിടെ. സൈനിക അട്ടിമറിയെക്കാള്‍ ഭീകരമാണ് ഈ 'രക്തരഹിത' വിപ്ളവം! മദ്യമാണ് അട്ടിമറിക്കാരുടെ വജ്രായുധം. കള്ള്വാറ്റുന്ന കോളനിയില്‍ ചെന്ന് 'ഇവര്‍' ജയിച്ചാല്‍ വാറ്റാനൊക്കില്ല, അതിനാല്‍ വോട്ട് 'ഞങ്ങള്‍ക്ക്' എന്ന് പറയുന്നത് ഗാന്ധിജിയുടെ പിന്‍മുറക്കാരാണ്. അവരോടൊപ്പം വാറ്റിന്റെ വക്കാലത്തെടുക്കുന്നത് പ്രവാചകന്റെ അനുയായികളാണ്! ദൈവമേ, ഇവരുടെ ജനാധിപത്യത്തേക്കാള്‍ ഏകാധിപത്യമല്ലോ മഹത്തരം!
എല്ലാ മാഫിയകളെയും എതിരാളികള്‍ കൂട്ടുപിടിച്ചു. മുന്നണി വ്യത്യാസം ഇപ്പറഞ്ഞതിലൊന്നുമില്ല. വലതനെ വെല്ലും ഇടതന്റെ പതനം. ഗുണ്ടകളും ഗുണ്ടാസംഘങ്ങളും ഇരു പക്ഷത്തിന്റെയും രക്ഷാകവചം. ജയിക്കാന്‍ ഏതു പിശാചിനെയും കൂടെ നിര്‍ത്തുന്നവര്‍; ഏതു നീചതന്ത്രവും പയറ്റിനോക്കുന്നവര്‍. ഏത് കാലത്താണ് ഈ മാഫിയാ സ്പോണ്‍സേര്‍ഡ് ജനാധിപത്യത്തില്‍നിന്ന് നാം രക്ഷപ്പെടുക?
ഇതിനിടക്കാണ് മതമാഫിയ കയറിവരുന്നത്. പുരോഹിതന്മാര്‍ മതവിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു, ഊരുവിലക്കുന്നു, കള്ള ഫത്വകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നു. കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന മതസംഘടനകളില്‍നിന്ന് എന്നാണ് നമ്മുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രമാവുക? ഇങ്ങനെയണോ മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത്? മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പാടി നടക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സുന്നികളുടെ വെപ്രാളം മനസ്സിലാക്കാം. അവര്‍ക്ക് രാഷ്ട്രീയമുണ്ട്; ഇ.കെക്കും എ.പിക്കുമുണ്ട്. മുജാഹിദുകളുടെ വെപ്രാളമാണ് പക്ഷേ, മനസ്സിലാകാത്തത്. അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ! ഉണ്ടാകാന്‍ പാടില്ലല്ലോ! ആര് ജയിച്ചാലെന്ത്, തോറ്റാലെന്ത്? പൂച്ചക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം? ഒന്നുകില്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള അസൂയ അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയം-രണ്ടാലൊന്നാണ് ഇരു മുജാഹിദുകളെയും ഇളക്കിവിട്ടത്. രണ്ടും കൂടി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. അതെന്തായാലും മുജാഹിദുകള്‍ ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉറങ്ങിയില്ല. ജനകീയ മുന്നണി അവരുടെയും ഉറക്കം കെടുത്തി. ഫലം വന്ന ശേഷമാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. ഇനിയെങ്കിലും മുജാഹിദ് സുഹൃത്തുക്കള്‍ സമചിത്തതയോടെ ചിന്തിക്കണം. ജനകീയ മുന്നണി എങ്ങനെയാണ് മുജാഹിദുകള്‍ക്കെതിരാകുന്നത്? അവര്‍ ഏതാനും വാര്‍ഡുകളില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരുമോ? ചിത്തഭ്രമത്തിനും വേണ്ടേ ഒരതിര്? ഒരു വലിയ പ്രസ്ഥാനം ഇവ്വിധം കൊച്ചാകാമോ?
എന്തെല്ലാം തമാശകളാണ് ഈ തെരഞ്ഞെടുപ്പ് കണ്ടത്? അധ്യാപകന്റെ കൈവെട്ടിയവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട്; അധ്യാപകനു രക്തം കൊടുത്തവര്‍ക്ക് ആട്ടും. കൈവെട്ടിയവര്‍ വിശുദ്ധന്മാര്‍; ജയിലിലിരുന്നും പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടവര്‍! എന്തെല്ലാം അവിശുദ്ധ ബന്ധങ്ങളാണ് ഈ തെരഞ്ഞെടുപ്പിനെ മലീമസമാക്കിയത്? പകല്‍ പുറത്തേക്ക് ഛര്‍ദിച്ചതെല്ലാം രാത്രി വാരിത്തിന്നുക! ബന്ധങ്ങള്‍ ശുദ്ധമോ അശുദ്ധമോ ആകട്ടെ. അതിന്റെ പേരിലെന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്?
രാഷ്ട്രീയ പാര്‍ട്ടികള്‍ വെച്ച ഉപാധികളോടെ സഖ്യമുണ്ടായിരുന്നെങ്കില്‍ ജനകീയ മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നു. എന്നാല്‍ സീറ്റുകള്‍ക്കല്ല; നിലപാടുകള്‍ക്കാണ് മുന്നണി മുഖ്യ പരിഗണന കൊടുത്തത്. ജനകീയ മുന്നണിയുടെ ബാനറില്‍ ജയിച്ച സ്ഥാനാര്‍ഥികള്‍ വേറിട്ട മാതൃക കാണിക്കണമെന്ന് മുന്നണി ആഗ്രഹിക്കുന്നു. മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് രാഷ്ട്രീയ ബന്ധങ്ങള്‍ തടസ്സമായി കൂടാ. പ്രതിബദ്ധത ധാര്‍മിക മൂല്യങ്ങളോടും പൊതു ജനങ്ങളോടും മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്തീ രാജിന്റെ സ്പിരിറ്റ് മാനിച്ച് ജനകീയ മുന്നണിയുടെ നിലപാടിലേക്ക് ഇങ്ങോട്ട് വരിക എന്നതല്ലാതെ തിരിച്ചൊരു യാത്ര സംഭവിക്കുകയില്ല.
ഇത്തവണ ഒമ്പത് പേരെ മാത്രമേ ജനകീയ മുന്നണിക്ക് പഞ്ചായത്ത് ഭരണസമിതികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. നമ്മുടെ നാടിന്റെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് നിരാശപ്പെടുത്തേണ്ട എണ്ണമല്ല. ഒമ്പത് പേരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടല്ലോ എന്ന് സമാധാനിക്കാനാണ് സാഹചര്യം ആവശ്യപ്പെടുന്നത്. ഈ ഒമ്പത് പേര്‍ ജനകീയ മുന്നണിയുടെ നയ നിലപാടുകളനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കും. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം; രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകരമോ ആശീര്‍വാദമോ അല്ല. ജനങ്ങളുടെ അനുഭവങ്ങള്‍ക്ക് മുമ്പില്‍ തേജോവധങ്ങളും കള്ളപ്രചാരണങ്ങളും മുട്ടുകുത്തും.
തെരഞ്ഞെടുക്കപ്പെടാതെ പോയ സ്ഥലങ്ങളിലും ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങളോട് ബാധ്യതകളുണ്ട്. അവര്‍ക്ക് വോട്ട് ചെയ്തവരോട് മാത്രമല്ല, വോട്ട് ചെയ്യാത്തവരോടും. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ അവര്‍ക്ക് കടമയുണ്ട്. കടമ നിറവേറ്റിയാല്‍ ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തിരസ്കരിക്കും. വേറിട്ട അനുഭവം അവരുടെ കണ്ണു തുറപ്പിക്കും. സത്യം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല കേരള ജനത. രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും മീഡിയയും ഒത്തുപിടിച്ചുള്ള കള്ളപ്രചാരണങ്ങളെ പേടിക്കേണ്ടതില്ല. അവര്‍ പണിയുന്ന നുണമതിലുകള്‍ ചാടിക്കടന്ന് ജനം സത്യത്തിന്റെ ബൂത്തിലെത്തും.
ജനകീയ മുന്നണിക്കിത് ഒരു കേവല തെരഞ്ഞെടുപ്പായിരുന്നില്ല; വിപ്ളവകരമായ ഓപ്പറേഷന്‍ കൂടിയായിരുന്നു. ഒരു പുതിയ ആശയം പ്രചരിപ്പിച്ച സന്തോഷത്തിലാണവര്‍; ഒരു വലിയ കടമ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലും.അവരില്‍ ആരും 'സ്ഥാനാര്‍ഥികളാ'യിരുന്നില്ല; ഒരു മഹാ ദൌത്യം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട യോദ്ധാക്കളായിരുന്നു. നിയോഗം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. അവരുടെ ത്യാഗവും അനുസരണയും എന്നും അനുസ്മരിക്കപ്പെടും. യുദ്ധഭൂമിയില്‍ മുന്നില്‍ നടന്നവരാണവര്‍. യുദ്ധം ജയിച്ച നവരത്നങ്ങളോടൊപ്പം യുദ്ധം തോല്‍പ്പിക്കാത്ത വീരയോദ്ധാക്കളും പ്രകീര്‍ത്തിക്കപ്പെടും.
സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ലവരായിരുന്നു അവര്‍. രാഷ്ട്രീയം നല്ലവര്‍ക്ക് പറ്റിയ പണിയല്ല എന്നാണല്ലോ എതിരാളികളും അവരെ ഉപദേശിച്ചത്! ഇതാ, ഇവിടെയാണ് വോട്ടര്‍മാരുടെ വിവേകം മിഴി തുറക്കേണ്ടത്. നല്ല ജനതയെ നല്ല വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന നല്ല ലോകത്തിനുവേണ്ടിയാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.
ജനകീയ വികസന മുന്നണി ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. അതിന്റെ വേറിട്ട ശബ്ദം ഈ തെരഞ്ഞെടുപ്പിനെ സവിശേഷവും അവിസ്മരണീയവുമാക്കി. വോട്ട് ചെയ്യുക എന്നതുതന്നെ ഒരു വിപ്ളവ പ്രവര്‍ത്തനമായി. വിജയം വിദൂരത്തല്ല. പ്രതീക്ഷയുടെ വെള്ളിനക്ഷത്രം പ്രത്യക്ഷമായിരിക്കുന്നു. ഇരുട്ടിനു ദീര്‍ഘായുസ്സില്ല. പുതിയ സൂര്യോദയത്തിനു കാത്തിരിക്കുക. പരിപാടികളില്ലാതിരുന്നിട്ടും 22574 വോട്ടുകളാണ് നേടിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 17 ഡിവിഷനുകളില്‍ മത്സരിച്ച് ഇരുപത്തയ്യായിരത്തിലധികം വോട്ട് നേടി. രാഷ്ട്രീയ മത സംഘടനകളുടെ കൂട്ടമായ ആക്രമണത്തിന്റെ മഹാപര്‍വം താണ്ടി നേടിയെടുത്ത ഈ വിജയം പുതിയ ഊര്‍ജം ജനകീയ കൂട്ടായ്മകള്‍ക്ക് നല്‍കുമെന്നതില്‍ തര്‍ക്കമില്ല.