Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ലേഖനം


(മനുഷ്യരാശിയുടെ സൌന്ദര്യവും സംസ്കാരവും പെരുന്നാള്‍ വീണ്ടെടുക്കുന്നതെങ്ങനെ?)
ഈദുഗാഹിലേക്ക് വാതിലുകളില്ല
ജമീല്‍ അഹ്മദ്
പ്രമുഖ ഉര്‍ദു സാഹിത്യകാരനായ പ്രേംചന്ദിന്റെ(1880 - 1936) പ്രസിദ്ധമായ കഥയാണ് ഈദ്ഗാഹ്. ഒരു പെരുന്നാള്‍പ്പുലരിയില്‍, മൈലുകള്‍ക്കപ്പുറത്തുള്ള ബംഗാള്‍ പട്ടണത്തിലെ ഈദ്ഗാഹിലേക്ക് ഘോഷയാത്രയായി പുറപ്പെടുന്ന ഗ്രാമീണ മുസ്ലിംകളുടെ പശ്ചാത്തലത്തിലുള്ളതാണ് കഥ. യത്തീമായ ഹാമിദ് എന്ന ദരിദ്രബാലനും കൂട്ടുകാര്‍ക്കൊപ്പം ഈ ഘോഷയാത്രയില്‍ ചേരുന്നു. ഈദുഗാഹിനെക്കുറിച്ച് സൌന്ദര്യാത്മകമായൊരു വിവരണം ഇവിടെ കഥയിലുണ്ട്. "....പൊടുന്നനെ ഈദാഗാഹ് കാണായി. മുകളില്‍ പുളിമരങ്ങളുടെ ഇടതൂര്‍ന്ന മേല്‍പ്പന്തല്‍. താഴെ ഉറച്ച നിലത്ത് പരവതാനി വിരിച്ചിരിക്കുന്നു. ഇവിടെ പണവും പദവിയും പരിഗണിക്കുന്നില്ല ആരും. ഇസ്ലാമില്‍ എല്ലാവരും സമന്മാരാണ്. എത്ര സുന്ദരമായ ഏര്‍പ്പാട്, മനോഹരമായ വ്യവസ്ഥ. ആയിരക്കണക്കിന് തലകള്‍ ഒന്നിച്ചു താഴുന്നു, ഉയരുന്നു. വൈദ്യുതവിളക്കുകള്‍ ഒന്നിച്ച് കത്തുകയും കെടുകയും ചെയ്യുന്നതുപോലെ. അപൂര്‍വസുന്ദരമായ കാഴ്ച. ഹൃദയംഗമമായ ശ്രദ്ധയും അഭിമാനവും ആത്മാനന്ദവും ഈ സംഘചലനത്തെയും വിസ്താരത്തെയും അനന്തതയെയും സമ്പൂര്‍ണമാക്കിയിരിക്കുന്നു. ഭാതൃതത്തിന്റെ കാണാച്ചരടില്‍ ആയിരക്കണക്കിന് ആത്മാക്കളെ മുത്തുമാലപോലെ കോര്‍ത്തെടുക്കുന്ന അപൂര്‍വാനുഭവം.''
കഥ തുടരുന്നു.... ഈദ് നമസ്കാരം കഴിഞ്ഞു. ഇനി പെരുന്നാള്‍ ബസാറിലേക്ക്. കൈയിലുള്ള പൈസമുഴുവന്‍ മണ്‍പാവകളും പലഹാരങ്ങളും വാങ്ങി കൂട്ടുകാര്‍ വെറുതെ കളഞ്ഞു. ഹാമിദാകട്ടെ തന്റെ മൂന്ന് പൈസകൊണ്ട് വല്യുമ്മാക്ക് അടുപ്പില്‍നിന്ന് ചപ്പാത്തിയെടുക്കാനുള്ള ഇരുമ്പുചവണയാണ് വാങ്ങിയത്. അടുപ്പിലെ തീപ്പൊള്ളി ജീവിതംപോലെ കറുത്തുപോയ വല്യുമ്മാന്റെ കൈകളില്‍ അവന്‍ ആ സമ്മാനം വച്ചുകൊടുത്തു. എന്നിട്ട് ചിരിച്ചുനില്‍ക്കെ, പൊടുന്നനെ അഞ്ചുവയസ്സുള്ള ആ ബാലന്‍ എണ്‍പതുകഴിഞ്ഞ വൃദ്ധനായിമാറുന്നു. എണ്‍പതുകഴിഞ്ഞ ആമിനയുമ്മ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയായി വിതുമ്പിക്കരയുന്നു. പട്ടിണിയുടെമേല്‍ സ്നേഹത്തിന്റെ അനശ്വരചൈതന്യം ജയിച്ചുനില്ക്കുന്ന ഈ കഥ പ്രേംചന്ദിന്റെ മാസ്റര്‍ പീസ് രചനയാണ്.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട ആ കഥയുടെ സാംസ്കാരിക പരിസരം മാറി. മാറ്റത്തിന്റെ എല്ലാ പുതുമപ്പെടുത്തലുകള്‍ക്കു ശേഷവും ഊദും ഈദുഗാഹും ഇസ്ലാം തന്നെയും നിലനില്‍ക്കുന്നു. ഇസ്ലാം എല്ലാ മാറ്റങ്ങളുടെയും ചാലകശക്തിയും ഒരിക്കലും മാറാത്ത യാഥാര്‍ഥ്യവുമാവുന്നതിന്റെ സൌന്ദര്യം പെരുന്നാളിലുണ്ട്. ശരിക്കുമൊരു വീണ്ടെടുപ്പായിരുന്നു ഈദിന്റെ ചരിത്രംതന്നെ. മുത്ത്നബിയുടെ സ്വഹാബിയായ അനസ് (റ) ആണ് ആ കഥ ഹദീസുകളില്‍ വിവരിച്ച ഒരാള്‍. നബി മക്കയില്‍ നിന്ന് മദീനയിലെത്തിയപ്പോള്‍ അവിടെ ജനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം ഉത്സവമായി കൊണ്ടാടിയിരുന്നു എന്നറിഞ്ഞു. ഉല്ലാസത്തിനും വിനോദത്തിനുമായി അവര്‍ ഉഴിഞ്ഞുവച്ച നാളുകളായിരുന്നു അത്. അപ്പോള്‍ തിരുമേനി പറഞ്ഞു. ‘ഈ രണ്ടു ദിവസത്തിനു പകരം അല്ലാഹു നിങ്ങള്‍ക്ക് മറ്റു രണ്ടു ദിവസം നിശ്ചയിച്ചു തന്നിരിക്കുന്നു. ഈദുല്‍ ഫിത്വര്‍ ദിനവും ഈദുല്‍ അദ്ഹാ ദിനവും (അബൂദാവൂദ്).
മനുഷ്യ ചരിത്രത്തിലുടനീളം ആഘോഷങ്ങളുടെ സംസ്കാരവും നിലനില്‍പ്പും ബഹുദൈവാരാധനയുടെയും സദാചാരരാഹിത്യത്തിന്റെയും വിളനിലങ്ങളിലാണ്. മതാത്മക ആഘോഷങ്ങളില്‍ ബഹുദൈവ പൂജയും മതേതര ആഘോഷങ്ങളില്‍ സദാചാര രാഹിത്യവും മുന്നിട്ടുനിന്നുവെന്നു മാത്രം. യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പ്രചാരത്തിലുണ്ടായിരുന്ന കാര്‍ണിവല്‍ ആഘോഷങ്ങളുടെ അരാജക മാലിന്യങ്ങള്‍ മുഴുവന്‍ ആ നാടിന്റെ സംസ്കാരത്തിന്റെ വിഴുപ്പുകള്‍ കൂടിയായിരുന്നു. നിയമത്തെയും മേലാളന്‍മാരെയും വ്യവസ്ഥയെയും തകിടം മറിക്കുവാനുള്ള പ്രാകൃതമായ മനുഷ്യേച്ഛയുടെ പ്രകടനങ്ങളായി കാര്‍ണിവല്‍ ആഘോഷങ്ങളെ മിഖായേല്‍ ബാക്തിന്‍ എന്ന റഷ്യന്‍ ഭാഷാശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍, സ്പെയ്ന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ കാത്തലിക് ക്രിസ്ത്യന്‍ മേലാളന്മാരാണ് കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് എന്ന ചരിത്രവസ്തുത ബാക്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് പിന്‍ബലമേകുന്നു. അടിമകള്‍ക്കും കീഴാളര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ ഔദാര്യംപോലെ നല്‍കുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ അമര്‍ത്തിവച്ച പ്രതിഷേധത്തിന്റെ അപായസ്വരങ്ങളെ പൊട്ടിച്ചുകളയുമെന്ന് അവര്‍ക്കറിയാമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ നല്‍കിയ ഔദാര്യത്തില്‍ മഹാബലി പാതാളത്തിലേക്ക് വഴങ്ങിക്കൊടുത്തതിന്റെ ഉദാഹരണം നമ്മുടെ നാട്ടിലുമുണ്ടല്ലോ. ജന്മിമാരുടെ ദൈനംദിന പീഡനങ്ങള്‍ക്കു പകരം ആണ്ടിലൊരിക്കലെ മണ്ണാപ്പേടിയോ പുലപ്പേടിയോ മതിയായിരുന്നു കീഴാളവര്‍ഗത്തിന്. അതുകൊണ്ടുതന്നെ ആന്തരികമായും ബാഹ്യമായും അശുദ്ധിയുടെ തിമിര്‍പ്പുകളായി മാറുന്നു ജാഹിലിയ്യാ ആഘോഷങ്ങള്‍, അന്നും ഇന്നും.
എങ്കിലും അവയുടെ അടിത്തട്ടില്‍ ഉദ്ഗ്രഥനത്തിന്റെ ചില മഹത്തായ സന്ദേശങ്ങളും നേര്‍ത്തുകിടന്നിരുന്നു. തലമുറകളായി കൈമാറിവരുന്ന വര്‍ഗസ്മരണകളുടെ മിത്തുകള്‍ ആണ് ആഘോഷങ്ങളില്‍ പരിചരിക്കപ്പെട്ടത്. ഉള്ളുതുറന്ന സൌഹൃദഭാഷണങ്ങളാണ് അവ കൈമാറിയത്. സമൃദ്ധിയുടെ നിറവിലാണ് അത് നിലനിറുത്തപ്പെട്ടത്. എല്ലാ വേദനകള്‍ക്കുമപ്പുറത്തുള്ള ആനന്ദ നിമിഷങ്ങളാണ് അത് സമ്മാനിച്ചത്. അതിനാല്‍ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിച്ചെടുക്കേണ്ട മുത്തായിരുന്നു ആഘോഷങ്ങളെന്ന് അല്ലാഹുവിന്റെ റസൂലിനറിയാമായിരുന്നു. നഗ്നമായി കഅ്ബയെ വലംവെക്കുന്ന ജാഹിലിയ്യാ ആഘോഷത്തിന്റെ പേരില്‍ ത്വവാഫുതന്നെ നിരോധിക്കലല്ല, മറിച്ച് ഭക്തിയുടെ നഗ്നതയ്ക്കുമേല്‍ സംസ്കാരത്തിന്റെ ഉടുപ്പണിയിച്ച തിരിച്ചുപിടിത്തമാണ് ഇസ്ലാമിക പാരമ്പര്യം. ആദിമമായ വിശുദ്ധിയുടെ വീണ്ടെടുപ്പാണത്. അതുകൊണ്ടുതന്നെ ആഘോഷങ്ങളുടെ നിരാകരണമല്ല ശുദ്ധീകരണമാണ് ഇസ്ലാമിന്റെ ഉന്നം.
ദൈവിക പ്രകീര്‍ത്തനം, ദാനം, മനുഷ്യ ബന്ധങ്ങളുടെ പുനര്‍നിര്‍മാണം എന്നിവയാണ് യഥാര്‍ഥ ഉത്സവം എന്നായിരുന്നു ഇസ്ലാമിന്റെ മറുപാഠം. അതിന്റെ ഉപോല്‍പന്നങ്ങള്‍മാത്രമായിരുന്നു പാട്ടും മുട്ടും ഉടുപ്പും ഊട്ടുമെല്ലാം. സാധാരണ ദിവസങ്ങളില്‍നിന്ന് തീര്‍ത്തും മുറിച്ചുമാറ്റപ്പെട്ട ഒന്നല്ല ആഘോഷ ദിവസം, മറിച്ച് അതിന്റെ സവിശേഷമായ തുടര്‍ച്ചമാത്രമാണ്. പകല്‍ വ്രതത്തിലും രാത്രി പ്രാര്‍ഥനയിലും മുഴുകിയ സത്യവിശ്വാസിയുടെ സ്വാതന്ത്യ്രപ്രഖ്യാപനമല്ല ഈദുല്‍ ഫിത്വര്‍, മറിച്ച് റമദാന്‍ മാസത്തില്‍ പണിതെടുത്ത പുതുമനസ്സിലേക്കുള്ള ഗൃഹപ്രവേശനമാണ്. ഹജ്ജ് ചെയ്യാത്തവര്‍ക്കുള്ള ആഘോഷമല്ല ഈദുല്‍ അദ്ഹാ, മറിച്ച് ഹൃദയത്തിലെ ഈമാനിന്റെ കഅ്ബയിലേക്കുള്ള വിശുദ്ധ തീര്‍ഥാടനമാണ്.
എല്ലാ ഉത്സവങ്ങളും ഏതെങ്കിലുമൊരു ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ്. അതുകൊണ്ടാണ് അന്നേരം അത്രയും അരാജകമാവുന്നത്. കള്ളും പെണ്ണും പണവും അധികാരവും അഴിഞ്ഞാട്ടവുമാണ് പലപ്പോഴും മനുഷ്യന്റെ ദൈവങ്ങള്‍. പ്രധാനമായും അത് ദേഹേച്ഛ എന്ന ആത്മദൈവത്തിന്റെ സില്‍ബന്തികളാണ്. ആഘോഷിക്കുന്ന അവസരത്തില്‍ ഒരാള്‍ക്കുമേല്‍ തന്റെ ദൈവം മാത്രമേയുള്ളു. മനുഷ്യന്‍ സ്ഥാപിക്കുന്ന പട്ടാളവും നിയമവും കോടതിയും മേലാളന്മാരും ആഘോഷസമയത്ത് മനുഷ്യരുടെ പേടിക്കു പുറത്താണ്. അങ്ങനെ, ആഘോഷിക്കുന്ന ജനക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം അഴിഞ്ഞാട്ടത്തിന്റെ സ്വകാര്യ ഇടങ്ങളായി മാറി. ആ ദൈവത്തെ മാറ്റി സ്ഥാപിക്കുകയായിരുന്നു ഇസ്ലാം. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് സദാ ഉദ്ഘോഷിക്കുന്ന ഒരാഘോഷത്തില്‍ ദേഹേച്ഛയുടെ മറ്റെല്ലാ ദൈവങ്ങളും ഓടിമറയുന്നു. അന്യ സമുദായങ്ങളില്‍ നിന്ന് മുസ്ലിം ജനത ഏറ്റെടുത്ത നേര്‍ച്ച, ഉറൂസ് തുടങ്ങിയ പ്രാദേശിക ഉത്സവങ്ങളില്‍ അല്ലാഹു അക്ബര്‍ ഇല്ലാത്തതുകൊണ്ടാണ് അവ അത്രമേല്‍ ദുഷിച്ചുപോയത്. പട്ടാമ്പി നേര്‍ച്ചയും വൈലാശ്ശേരിപ്പൂരവും തമ്മില്‍ ഒരു വ്യത്യാസവും അനുഭവിപ്പിക്കുന്നില്ലല്ലോ.
ദൈവസാമീപ്യമാണ് യഥാര്‍ഥ ആഘോഷം. ആഘോഷാവസരങ്ങളില്‍ മനുഷ്യന്‍ സൃഷ്ടിച്ച ഭൌതിക നിയന്ത്രണങ്ങളുടെയും അധികാരങ്ങളുടെയും നിയമാവലികളുടെയും അയവുകൂടിയാണ് നാം ആഘോഷിക്കുന്നത്. അതിഗൌരവക്കാരനായ ഹെഡ്മാസ്റര്‍ വിനോദയാത്രയില്‍ കുട്ടികളോടൊത്ത് കൂത്താടുന്നതിന്റെ ആഘോഷമനശ്ശാസ്ത്രം ഇതാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അധികാരത്തിന്റെ കെട്ടുപാടുകള്‍ അയഞ്ഞുപോകുന്ന ആഘോഷാവസരങ്ങള്‍ ഇസ്ലാം അല്ലാഹുവിന്റെ പരമമായ കെട്ടുപാടുകളിലേക്കുള്ള ഉത്സവമാക്കി മാറ്റി. സ്വൂഫികള്‍ മാത്രം അനുഭവിക്കുന്ന ജദ്ബിന്റെ സ്ഥലികള്‍ ഈദവസരങ്ങളില്‍ സാധാരണക്കാര്‍ക്കുകൂടി പ്രവേശനമുള്ള പൊതു ഇടങ്ങളായി മാറി. ഈദിന്റെ വീണ്ടെടുപ്പുകളും ഇങ്ങനെ ചില ഇളവുകളോടെത്തന്നെയാണ്. ഈദുഗാഹിന്റെയും നമസ്കാരത്തിന്റെയും ഖുത്വുബയുടെയും വ്യത്യസ്തതയിലൂടെ ഒരു ദിവസത്തെ മറ്റു ദിവസങ്ങളില്‍നിന്ന് പ്രത്യേകമാക്കുന്ന ഫിഖ്ഹിന്റെ സൌന്ദര്യതലം ഇതാണ്.
അല്ലാഹു അക്ബര്‍................. വലില്ലാഹില്‍ ഹംദ്............. ആകാശത്തിന്റെ അപാരതകളോളം മുഴങ്ങുന്ന തക്ബീര്‍ ധ്വനികളാണ് ഈദിന്റെ പശ്ചാത്തല സൌന്ദര്യം. ഹൃദയത്തിന്റെ മിടിപ്പുകള്‍ക്കുമേല്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ സ്ഥാപനമാണ് ആ തക്ബീര്‍. എല്ലാറ്റിനുമുപരി അവനാണ്. അതിനാല്‍ ഇസ്ലാമില്‍ പെരുന്നാളാഘോഷം തക്ബീറിന്റെ ആഘോഷമാണ്. ഈദുഗാഹിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതും തക്ബീര്‍ ഒരു മുദ്രാവാക്യംപോലെ ഉറക്കെ ഉച്ചരിച്ചാകുന്നതാണ് സുന്നത്ത്. സ്ഥായി കുറഞ്ഞ മന്ത്രമല്ല, ഉറച്ച പ്രഖ്യാപനം തന്നെ. നമസ്കാരം പോലും ആ മുഴക്കത്തിന്റെ സൌന്ദര്യത്തിനായി നബി മാറ്റിപ്പണിതു. നമസ്കാരംകഴിഞ്ഞാല്‍ പള്ളിയില്‍, വീട്ടില്‍, അങ്ങാടിയില്‍, നടത്തത്തില്‍, ഇരുത്തത്തില്‍ എവിടെവച്ചും തക്ബീര്‍ ചൊല്ലാം. ഈദുഗാഹിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും വേറെ വേറെ വഴികളിലൂടെയാകല്‍ ഉത്തമമായത് മറ്റൊരു വഴികൂടി ആ തക്ബീര്‍ ഏറ്റുവാങ്ങും എന്നതുകൊണ്ടുകൂടിയായിരിക്കണം.
രണ്ടാമതായി, ദാനം കൊണ്ടാണ് പെരുന്നാളാകുന്നത്. ധൂര്‍ത്താണ് മറ്റു വിഭാഗങ്ങളുടെ ആഘോഷത്തിന്റെ അടിസ്ഥാനം. കേരളത്തില്‍ ഒരാണ്ടിലെ ഓണത്തിന് മാത്രം വാങ്ങിയൊരുക്കുന്ന പൂക്കളുടെ വിറ്റുവരവ് കോടികളാണ്. തമിഴ്നാട്ടില്‍ നവരാത്രിയാഘോഷങ്ങളിലും മറ്റും നടുറോട്ടില്‍ പൊട്ടിച്ചുകളയുന്ന കുമ്പളങ്ങയുണ്ടെങ്കില്‍ രാജ്യത്തിന്റെ പട്ടിണിമാറ്റാം. ദീപാവലിക്ക് പൊട്ടിച്ചുകളയുന്ന കോടികളുടെ പടക്കങ്ങള്‍, ഹോളിയില്‍ ഒഴുക്കിക്കളയുന്ന നിറങ്ങള്‍, ഗണേശ ദിനത്തില്‍ കടലില്‍ ചേരുന്ന ലക്ഷങ്ങളുടെ വിഗ്രഹങ്ങള്‍, ക്രിസ്തുമസിന് ഉരുകിത്തീരുന്ന മെഴുതിരികളും കത്തിയമരുന്ന വൈദ്യുതിവിളക്കുകളും, യാഗങ്ങളില്‍ തീയില്‍ ആവിയായിപ്പോകുന്ന നെയ്യ്, ശബരിമലയില്‍ കത്തിച്ചുകളയുന്ന ടണ്‍കണക്കിന് തേങ്ങ, ചക്രങ്ങള്‍ക്കടിയില്‍ ചതഞ്ഞുപോകുന്ന ആയിരക്കണക്കിന് നാരങ്ങ........ ദുര്‍വ്യയമാണ് ദൈവത്തിനിഷ്ടമെങ്കില്‍ മറ്റെന്തുചെയ്യാനാകും. ഇസ്ലാമില്‍ ഈദ് ദാനത്തിന്റെ ആഘോഷമാണ്. പങ്കിടുന്നതിലെ ആഹ്ളാദത്തെക്കാള്‍ മറ്റെന്തുണ്ട്. ഈദുല്‍ ഫിത്വറിന് നാട്ടില്‍ ഒരാള്‍പോലും പട്ടിണികിടക്കരുതെന്ന് മുസ്ലിമിന് നിര്‍ബന്ധമുണ്ട്. ഈയൊരു സംസ്കാരം സഹോദര സമുദായങ്ങളില്‍കൂടി പകരാന്‍ കേരളത്തിലെ മുസ്ലിംകള്‍ക്കു കഴിഞ്ഞു. ഓണക്കിറ്റ് വിതരണം എന്ന സാമൂഹികദൌത്യം കേരളത്തിന് മാതൃകയായി കാണിച്ചുകൊടുത്തത് മുസ്ലിം സംഘങ്ങളാണ്. അടിയാളന്‍ നട്ടുനനച്ചുണ്ടാക്കിയ വാഴക്കുല തിരുവോണദിവസം ജന്മിയുടെ പൂമുഖത്ത് കാണിക്കയായി കൊണ്ടുവെക്കുന്ന പഴയ ഫ്യഡല്‍ സമ്പ്രദായത്തെ ദാനത്തിന്റെ പുണ്യംകൊണ്ട് മാറ്റിമറിക്കാന്‍ ഇന്നായി. അങ്ങനെ ഈദിന്റെ തിരിച്ചെടുക്കല്‍ കാലങ്ങളുടെ അതിരുകളില്ലാതെ
പരന്നു.
ത്യാഗമാണ് ഈദിന്റെ പ്രധാന സന്ദേശം. രണ്ടുപെരുന്നാളുകളും ത്യാഗോജ്വലമായ ബലിയുടെ പാഠങ്ങളാണ്. റമദാന്‍ മനസ്സിന്റെ ബലിയാണെങ്കില്‍ ഉദുഹിയ്യത്ത് സ്നേഹത്തിന്റെ ബലിയാണ്. മകനെ ത്യജിക്കുന്നതിനേക്കാള്‍ പ്രയാസമാണ് സ്വന്തം ദേഹേച്ഛയെ ത്യജിക്കുന്നത്. മകനെ സ്വന്തം ആദര്‍ശത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നത് അവന്റെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെടുന്ന ഉപ്പമാര്‍ പെരുകിയ കാലമാണിത്. നാം സ്വപ്നങ്ങളെ അത്രയും വിശ്വസിക്കാത്തതിനാല്‍ ഖലീലുല്ലാ ഇബ്റാഹീമിന്റെ മാതൃക ജീവിതത്തില്‍ പിന്‍പറ്റേണ്ടിവരില്ല എന്ന് സമാധാനിക്കുന്ന കാലം. അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ആണ്‍മക്കളില്ലാതായ തലമുറ. ഈദിന്റെ വീണ്ടെടുപ്പുകളില്‍ ഈ ത്യാഗമനസ്സുമുണ്ട്. ടി. ഉബൈദിന്റെ പ്രസിദ്ധ കവിതകളിലൊന്നിന് ഈദിന്റെ ദുഖം’ എന്ന് പേരിട്ടിരിക്കുന്നു. 'ഈദിന്റെ പൂലരിക്കുമേല്‍ പരിലസിക്കുന്ന ത്യാഗത്തിന്റെ പൂമ്പതാകയെ ‘വെല്‍ക വെല്‍കയെന്ന് അഭിവാദനം ചെയ്യുകയാണ് കവി.
പാവന സമത്വ തത്ത്വമോതുവാന്‍ നീ വന്നു ചേര്‍ന്നു
പാരിടം നിന്നാഗമത്തിന്‍ രോമഹര്‍ഷാധിക്യമാര്‍ന്നു
ദൈവകാരുണ്യാതിരേകമെങ്ങുമെ വര്‍ഷിച്ചിടുന്നു
ദൈന്യഭാവം പൂണ്ടു ലോകം റബ്ബിനെ സ്തുതിച്ചിടുന്നു.
എന്നാല്‍, ഈദുഗാഹിന്റെ മുഖത്ത് കനപ്പെട്ട ദുഃഖം. ആരോട് ഞാനെന്റെ തക്ബീര്‍ കൈമാറും. ഇസ്ലാമിന്റെ ബന്ധുക്കളെവിടെ, ഖലീലിബ്റാഹീമിന്റെ പിന്‍മുറക്കാരെവിടെ, ത്വാഹാ റസൂലിന്റെ അനുചരരെവിടെ, സ്വിദ്ദീഖും ബിലാലും ഗസ്സാലിയുമെവിടെ........ വെറും ആചാരങ്ങള്‍ മാത്രം ചുറ്റുമുണ്ട്. ഹൃദയത്തില്‍നിന്നൂറുന്ന ഈമാന്‍ മാത്രമില്ല. കവിതയുടെ ഒടുവില്‍ ഈ നിഷ്ഫല യാത്രയില്‍ മനംനൊന്ത് ഈദ് റബ്ബിനോട് പരാതിയുമായി തിരിച്ചുപോകുന്നു.
അത്രയും നിരാശയോടെ ഈ പെരുന്നാള്‍ തിരിച്ചുപോയ്ക്കൂടാ.
ഈദുഗാഹിലേക്ക് വാതിലുകളില്ല. അല്ലാഹുവിലേക്കുള്ള തുറന്നിടലിന്റെ ആഘോഷമാണത്. അശുദ്ധാവസ്ഥയിലുള്ള സ്ത്രീശരീരത്തെപ്പോലും ഈദുഗാഹിലേക്ക് കൂട്ടുന്നതിനര്‍ഥം ആ അശുദ്ധി വെറും ശാരീരികം മാത്രമാണെന്ന പാഠം കൂടിയാണ്. കുളി, പുതുവസ്ത്രം, സുഗന്ധം എന്നിവ വൃത്തിയുടെയും നന്മയുടെയും കൂടി പങ്കുവെപ്പിനെ കുറിക്കുന്നു. പിശാചിന്റെ ആഘോഷവേളകള്‍ കുളിക്കു പകരം വൃത്തികേടും, പുതുവസ്ത്രത്തിനു പകരം നഗ്നതയും, സുഗന്ധത്തിനുപകരം മദഗന്ധവും മാത്രം നല്കുന്നു. അവയ്ക്കുമേല്‍ ഇസ്ലാമിന്റെ വീണ്ടെടുപ്പുകളാണ് ഈദിന്റെ സന്ദേശം. മുകളിലേക്കുയര്‍ത്തിയ കൈകളാല്‍ ആ വെളിച്ചത്തെ നാമേറ്റുവാങ്ങിയേ തീരൂ.
പെരുന്നാളിന്റെ ചന്തം ഭക്ഷണത്തളികകളിലും മൈലാഞ്ചിക്കൈകളിലും പുത്തനുടുപ്പുകളിലും തിളങ്ങട്ടെ. സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളില്‍ ഹൃദയത്തില്‍നിന്നുതിരുന്ന ചിരി നിറയട്ടെ. മദ്ഹ് ഗാനങ്ങളുടെയും ഒപ്പനപ്പാട്ടിന്റെയും ഈണം അന്തരീക്ഷത്തില്‍ അലയടിക്കട്ടെ. അകന്നുപോയ പെരുന്നാളിന്റെ പുതുക്കങ്ങള്‍ അങ്ങനെ തിരിച്ചുവരട്ടെ. താല്ക്കാലികമായ തോല്‍വിയുടെ കയ്പ്പുകള്‍ക്കപ്പുറം അന്തിമവിജയത്തിന്റെ മധുര പ്രതീക്ഷകളില്‍ ഈദിന്റെ അസര്‍മുല്ലകള്‍ പൂവിടട്ടെ. അല്ലാഹു അക്ബര്‍............. വലില്ലാഹില്‍ ഹംദ്.

[email protected]

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly