>>ലേഖനം
തദ്ദേശ തെരഞ്ഞെടുപ്പ്
സെമിഫൈനല്‍ കഴിഞ്ഞു;
ഇനി ഫൈനല്‍
ഇനാമുറഹ്മാന്‍
ആറുമാസത്തിനു ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍പ്പന്‍ പ്രകടനം നടത്തി ഫൈനലിലേക്കുള്ള യോഗ്യത നേടി. സി.പി.എം നേതൃത്വത്തിലുളള ഇടതുമുന്നണി തപ്പിത്തടഞ്ഞും മുടന്തിയുമാണ് ഫൈനലിനെത്തുന്നത്. സെമിഫൈനല്‍ സ്കോര്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെയാണ്. ഗ്രാമപഞ്ചായത്തുകള്‍ ആകെ 978. ഇടതു മുന്നണി 384, യു.ഡി.എഫ് 582, ബി.ജെ.പി 4, മറ്റുള്ളവര്‍ 8. ബ്ളോക്ക് പഞ്ചായത്ത്: 152. യു.ഡി.എഫ് 92, എല്‍.ഡി.എഫ് 60. 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടെണ്ണം യു.ഡി.എഫിനും ആറെണ്ണം എല്‍.ഡി.എഫിനും. 59 നഗരസഭകളില്‍ 39-ല്‍ യു.ഡി.എഫും 20-ല്‍ എല്‍.ഡി.എഫും ഭരിക്കും. അഞ്ചു കോര്‍പറേഷനില്‍ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും ഇടതിനൊപ്പവും തൃശൂരും കൊച്ചിയും വലതിനൊപ്പവും നിന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ തന്നെ പ്രവചിക്കാവുന്നതേയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സാധാരണ നേടാറുള്ള മേല്‍കൈ ഇത്തവണ നഷ്ടപ്പെട്ടു. വര്‍ഗീയ ധ്രുവീകരണം ഏറ്റവും അപകടകരമായ രീതിയില്‍ നടന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ എപ്പിസോഡ്. വര്‍ഗീയ ധ്രുവീകരണം ചെറിയ തോതിലെങ്കിലും നടന്ന പ്രദേശങ്ങളില്‍ ബി.ജെ.പിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയും നേടിയ ജയങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഇവിടെ നിന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ശരിയും ശരികേടും പറഞ്ഞു തുടങ്ങേണ്ടത്.
വിശ്വസിക്കുക
വര്‍ഗീയത പിടിമുറുക്കുന്നു!
കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം തുടങ്ങിയ ജില്ലകളിലെ തീരദേശ മേഖലകളിലെല്ലാം വര്‍ഗീയ ശക്തികള്‍ മികച്ച പ്രകടനം നടത്തിയെന്ന് തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യമാകും. ഇതിനു പുറമെ വര്‍ഗീയ സാമുദായിക ധ്രുവീകരണം നടന്ന മേഖലകളിലെല്ലാം ബി.ജെ.പിയും എസ്.ഡി.പി.ഐയും നേട്ടം കൊയ്തു. പത്തനംതിട്ടയില്‍ ഒന്നും കാസര്‍കോട് മൂന്നും പഞ്ചായത്തുകള്‍ ബി.ജെ.പി ഭരിക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലും കാസര്‍കോട് ജില്ലാ പഞ്ചായത്തിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ അവര്‍ നില മെച്ചപ്പെടുത്തി. തിരുവനന്തപുരം നഗരസഭയില്‍ മാത്രം ബി.ജെ.പി അഞ്ചു സീറ്റ് നേടി. മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളായ താനൂര്‍, പരപ്പനങ്ങാടി, മംഗലം, തവനൂര്‍ എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 5000-ലധികം വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നേടിയത്. താനൂര്‍ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 10,815 വോട്ടാണ് കിട്ടിയത്. ഇതിനു പുറമെ ചെറുകാവ്, തേഞ്ഞിപ്പലം ഡിവിഷനുകളിലും 5000-ലധികം വോട്ടുകള്‍ നേടാന്‍ അവര്‍ക്കായി. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ അഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പാര്‍ട്ടി നേടി. തേഞ്ഞിപ്പലം, പള്ളിക്കല്‍, മുതുവല്ലൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ പഞ്ചായത്തുകളില്‍ പുതുതായി സാന്നിധ്യമറിയിക്കാനുമായി. ജില്ലയില്‍ പുതുതായി രൂപവത്കരിച്ച കോട്ടക്കല്‍ നഗരസഭയില്‍ രണ്ട് സീറ്റ് നേടാനായതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. ഇവിടെ ബി.ജെ.പിക്ക് അനുകൂലമായി മുസ്ലിം ലീഗ് കരുക്കള്‍ നീക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത് മറ്റാരുമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. കോണ്‍ഗ്രസ് ആരോപണം ശരിവെക്കുന്നതാണ് ബി.ജെ.പിക്ക് കോട്ടക്കലില്‍ ലഭിച്ച രണ്ടു സീറ്റുകള്‍. തിരുവനന്തപുരത്ത് 20 വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കാസര്‍കോട് ജില്ലയെ ദത്തെടുക്കാനുള്ള കര്‍ണാടക ബി.ജെ.പിയുടെ തീരുമാനവും ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. മഞ്ചേശ്വരം ഉള്‍പ്പടെ കാസര്‍കോട് ജില്ലയിലെ വര്‍ഗീയ ധ്രുവീകരണം ശക്തമായ കന്നട മേഖലയില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇരുമുന്നണികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികളെ തരത്തിന് ഉപയോഗിച്ചതുകൊണ്ട് അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ച സീറ്റുകളുമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം ഇടതും വലതും നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍. ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും പലവിധ കളികളും നടന്നുവെന്നതിന് ഇതുതന്നെയാണ് ഏറ്റവും വലിയ തെളിവ്. മലപ്പുറം ജില്ലയില്‍ നിശബ്ദരാവുകയും വര്‍ഗീയ ധ്രുവീകരണം ശക്തമായ മറ്റിടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാവുകയും ചെയ്ത എസ്.ഡി.പി.ഐയെ യു.ഡി.എഫ് ആവശ്യത്തിന് ഉപയോഗിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിചേര്‍ക്കപ്പെട്ട പ്രഫ. അനസ് ജയിച്ചു കയറിയത് ലീഗ് ശക്തി കേന്ദ്രവും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വാഴക്കുളം ബ്ളോക്കില്‍ നിന്നാണ് എന്നത് ഇതിലേക്കുള്ള വ്യക്തമായ ചൂണ്ടു പലകയാണ്. കണ്ണൂര്‍, പത്തനംതിട്ട, തൊടുപുഴ, കാസര്‍കോട്, ഷൊര്‍ണൂര്‍ എന്നീ നഗരസഭകളില്‍ എസ്.ഡി.പി.ഐക്ക് പ്രതിനിധികളുണ്ടായി എന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പു നടത്തിയ മുസ്ലിം ലീഗ് ജയിച്ചു കയറിയത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായതും സി.പി.എമ്മിന് കനത്ത അടി കിട്ടിയത് ക്രിസ്ത്യന്‍, മുസ്ലിം ബെല്‍ട്ടുകളിലാണെന്നതും വര്‍ഗീയ സാമുദായിക ധ്രുവീകരണം നടന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. മലപ്പുറം ജില്ലക്ക് പുറത്ത് മുസ്ലിംലീഗ് ഒറ്റക്കു മത്സരിച്ചിട്ടും ഭരണം പിടിച്ചെടുത്ത വാണിമേല്‍ പഞ്ചായത്തിന്റെ ചിത്രവും മറ്റൊന്നല്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബി.ജെ.പിക്ക് പോലും മുസ്ലിം സ്ഥാനാര്‍ഥികളായതിന്റെ കാരണവും അധികം ചികയേണ്ടതില്ല. പാലക്കാട് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വെണ്ണക്കര സൌത്ത് നഗരസഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മുസ്ലിമായിരുന്നു.
സി.പി.എം ഇറക്കിയ
കാര്‍ഡ്
തമ്മിലടിയും അച്യുതാനന്ദന്‍-പിണറായി പോരും ഭരണപരാജയവും കിട്ടിയ വകുപ്പുകള്‍ ഭരിച്ചു കുളമാക്കിയ മന്ത്രിമാരും ചേര്‍ന്ന് ദുര്‍ബലമാക്കിയ ഇടതു ഭരണത്തിന്റെ തളര്‍ച്ച മാറ്റാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടവുനയമായി ന്യൂനപക്ഷ രാഷ്ട്രീയം പ്രയോഗിച്ച സി.പി.എം കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന നയമാണു സ്വീകരിച്ചത്. ന്യൂനപക്ഷ ബന്ധമുള്ള പാര്‍ട്ടികളെയും വ്യക്തികളെയും പൂര്‍ണമായി അകറ്റിനിര്‍ത്തിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഐ.എന്‍.എല്ലിനെയും പി.ഡി.പിയെയും തഴഞ്ഞു. ജമാഅത്തിനെതിരെ കാടിളക്കി പ്രചാരണം നടത്തി. പിണറായി അതിന് നേതൃത്വം നല്‍കി. പാര്‍ട്ടി പത്രത്തിന്റെ പേജുകള്‍ ജമാഅത്തിനെതിരെ വിഷം ചീറ്റി.
ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെയും പാര്‍ട്ടി ശക്തമായ ആക്രമണം നടത്തി. ഈ രണ്ടു നിലപാടുകളും ഹിന്ദുത്വ ശക്തികളെ ആഹ്ളാദിപ്പിക്കുന്നതായിരുന്നു. ന്യൂനപക്ഷവുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി ഭൂരിപക്ഷത്തെ മടിയിലിരുത്താനാണ് സി.പി.എം ശ്രമിച്ചത്. മുസ്ലിം ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലൊഴിച്ച് സി.പി.എം പലയിടങ്ങളിലും പിടിച്ചു നിന്നതും ഇക്കാരണത്താലാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ സാന്നിധ്യമാണ് കേരളത്തില്‍ സംഘ്പരിവാര രാഷ്ട്രീയത്തിനു വേരോട്ടമുണ്ടാക്കാന്‍ അനുവദിക്കാത്തതെന്ന സി.പി.എമ്മിന്റെ എക്കാലത്തെയും അവകാശവാദത്തിനുമേല്‍ കരിനിഴല്‍ വീഴുന്നതിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷിയായത്. പരസ്യമായ ബന്ധങ്ങള്‍ ഒഴിവാക്കിയെങ്കിലും ബി.ജെ.പി സി.പി.എമ്മിനോട് മൃദുലസമീപനം സ്വീകരിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിട്ടു വന്ന രാമന്‍പിള്ള പക്ഷത്തെ കൂടെ ഇരുത്താന്‍വരെ സി.പി.എം തയാറായി. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ മുമ്പില്ലാത്തവിധം സാന്നിധ്യമുറപ്പിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞതിനു പിന്നില്‍ സി.പി.എമ്മിന്റെ അടവുനയങ്ങള്‍ ഒരു പരിധിവരെ കാരണമായതായി വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പാര്‍ട്ടിയുടെ താത്ത്വിക പ്രസിദ്ധീകരണമായ ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ക്കപ്പെടേണ്ടവരുടെ ഗണത്തില്‍ ബി.ജെ.പിയെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എം ഈ തന്ത്രം തന്നെ പ്രയോഗിക്കും എന്ന് സംശയിക്കേണ്ടതുണ്ട്. രാഷ്ട്രീയ മൂല്യങ്ങള്‍ കുഴിച്ചുമൂടുന്നതിന്റെ കൂട്ടത്തില്‍ ഇതുവരെ സ്വീകരിച്ച ഫാഷിസ്റ്വിരുദ്ധ രാഷ്ട്രീയവും കുഴിച്ചിട്ട് ഭൂരിപക്ഷത്തെ തലോടുകയെന്ന അപകടകരമായ നിലപാടുമായാണ് സി.പി.എം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
മുസ്ലിംലീഗ്: നേട്ടവും കോട്ടവും
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തിയ മുസ്ലിംലീഗ് കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ എന്തുകൊണ്ട് മുസ്ലിം ലീഗ് പിറകോട്ടു പോയി എന്നത് ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തമായ ചോദ്യമാണ്. മുസ്ലിംലീഗിനൊപ്പം നിന്ന കോണ്‍ഗ്രസ് ഈ ജില്ലകളില്‍ പലയിടങ്ങളിലും ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ടു മറിച്ചുവെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. നേരത്തേ പറഞ്ഞ വര്‍ഗീയധ്രുവീകരണം തന്നെയാണ് ഇവിടെയും വില്ലനായത്. കാസര്‍കോട് ജില്ലയില്‍ ഇതു പ്രകടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ലീഗിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ജില്ലാ പഞ്ചായത്ത് ഭരണം. എന്നാല്‍, മിക്കയിടങ്ങളിലും ഇത്തവണ യു.ഡി.എഫ് വെന്നിക്കൊടി നാട്ടിയപ്പോള്‍ കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫിനൊപ്പം നിന്നു. ഇടതുതരംഗം ആഞ്ഞടിച്ച 2005-ല്‍ ലീഗിന് നാലു ജില്ലാ ഡിവിഷന്‍ ലഭിച്ചപ്പോള്‍ ഇക്കുറി ജയിക്കാനായത് രണ്ടിടത്തു മാത്രമാണ്. കോണ്‍ഗ്രസ് തങ്ങളുടെ മൂന്നു സീറ്റ് നിലനിര്‍ത്തുകയും ചെയ്തു എന്നതാണ് മറിമായം. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫിലെ ഒന്നാംകക്ഷിയായ ലീഗ് കോണ്‍ഗ്രസ്സിനെ വിഴുങ്ങുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. ബി.ജെ.പിയായിരുന്നു ഇതിനു പിന്നില്‍. ഫലം വന്നപ്പോള്‍ നാലില്‍നിന്നു രണ്ടിലേക്കു ചുരുങ്ങിയ ലീഗ് മൂന്നു സീറ്റുള്ള കോണ്‍ഗ്രസ്സിനു പിന്നിലായി. ജില്ലയില്‍ പത്തു പഞ്ചായത്തുകളില്‍ ഭരണത്തിനു നേതൃത്വം കൊടുത്തിരുന്ന ലീഗ് ആറിലേക്കു ചുരുങ്ങിയപ്പോള്‍ മൂന്നു പഞ്ചായത്തുകളില്‍ മാത്രം ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടക്കം കടന്നുവെന്ന അത്ഭുതവും കാണേണ്ടി വരുന്നു. കഴിഞ്ഞ തവണ എല്‍.ഡി.എഫിനു മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ലീഗിനു പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍, ഇക്കുറി തിരുവനന്തപുരം യു.ഡി.എഫ് പിടിച്ചെങ്കിലും ലീഗ് വട്ടപ്പൂജ്യമായി. മുന്നണി ഉജ്വലമായ തിരിച്ചുവരവ് നടത്തിയ കോര്‍പറേഷനില്‍ മല്‍സരിച്ച അഞ്ചില്‍ നാലിടങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ തോറ്റു. സിറ്റിംഗ് കൌണ്‍സിലറും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ബീമാപ്പള്ളി റഷീദ് അടക്കം തോല്‍വിയറിഞ്ഞപ്പോള്‍ ബീമാപ്പള്ളി വാര്‍ഡില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച ക്രിസ്ത്യന്‍ സമുദായക്കാരിയായ പാട്രീഷ്യക്ക് മാത്രമേ ലീഗ് ടിക്കറ്റില്‍ ജയിക്കാനായുള്ളൂ. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നാലിരട്ടി സീറ്റുകള്‍ അധികം നേടി കോണ്‍ഗ്രസ് കരുത്തു കാട്ടിയിടത്താണ് ലീഗിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങിയത്. യു.ഡി.എഫിനു തലനാരിഴക്ക് ഭരണം നഷ്ടമായ നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ലീഗ് സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. യു.ഡി.എഫ് ജയിച്ച വര്‍ക്കല മുനിസിപ്പാലിറ്റിയിലും ലീഗ് നിന്നിടത്ത് ദയനീയ പരാജയമായിരുന്നു ഫലം. ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളിലും പാര്‍ട്ടിയുടെ പ്രാതിനിധ്യം കുറവാണ്.
കൊല്ലം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയെങ്കിലും നൂറു ശതമാനം തോല്‍വിയായിരുന്നു ലീഗിന്. കോര്‍പറേഷനിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടിയപ്പോള്‍ മൂന്നില്‍ രണ്ടിടത്തും ലീഗുകാര്‍ പരാജയപ്പെട്ടു. ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഒറ്റക്ക് മത്സരിച്ച ലീഗിനു പലയിടങ്ങളിലും ഒരു മത്സരം പോലും കാഴ്ചവെക്കാനായില്ല. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തിന്റെ തെക്കും വടക്കും ജില്ലകളില്‍ ലീഗിന് തിരിച്ചടി നേരിട്ടുവെന്നു തന്നെയാണ് കണക്കുകള്‍ നമ്മോടു പറയുന്നത്. വിജയാരവങ്ങള്‍ നിലച്ചതിനു ശേഷം ഈ പ്രതിഭാസത്തിന്റെ കാര്യവും കാരണവും ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നായിരിക്കും.
ഇടപെടല്‍ രാഷ്്ട്രീയവുമായി
ജനകീയ മുന്നണി
ജമാഅത്തെ ഇസ്ലാമിയുടെ പങ്കാളിത്തത്തോടെ കേരള രാഷ്ട്രീയത്തില്‍ സ്വന്തമായ ഇടം തേടി രംഗത്തു വന്ന ജനകീയ കൂട്ടായ്മകളാണ് ഈ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധേയമായ മറ്റൊരു ഘടകം. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറിയാണ് വികസനത്തിന് ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ജനകീയ കൂട്ടായ്മകള്‍ക്കു നേരെ മതസംഘടനകളും അവരുടെ ഇപ്പോഴത്തെ മിശിഹായായ മുസ്ലിംലീഗും പ്രയോഗിച്ചത്. പരസ്പരം കടിച്ചു കീറുന്ന എ.പി, ഇ.കെ, മുജാഹിദ് ഇരുവിഭാഗങ്ങള്‍ എന്നീ സംഘടനകള്‍ കോട്ടക്കലില്‍ ലീഗൊരുക്കിയ കൂടാരത്തില്‍ ഒന്നിച്ചു. പൊതുശത്രുവിനെ ലീഗ് പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമി! അവിടെ കൂടിയ മതനേതാക്കളൊക്കെ തക്ബീര്‍ ചൊല്ലി അതംഗീകരിച്ചു. അവര്‍ പിരിഞ്ഞു പോയി ആവുന്നതെല്ലാം ചെയ്തു. മദ്റസകളിലൂടെ ഫത്വകള്‍ നല്‍കി. വീടു വീടാന്തം കയറിയിറങ്ങി ആര്‍ക്കു വോട്ടു കൊടുത്താലും ജമാഅത്തിന് കൊടുക്കരുതെന്ന് പറഞ്ഞു. പാണക്കാട്ടെ തങ്ങന്മാരുടെ പേരില്‍ സത്യം ചെയ്യിച്ചു. മുജാഹിദ് നേതാക്കള്‍ സാധാരണ കാമ്പയിനുകള്‍ മാറ്റിവെച്ച് തെരുവില്‍ ജമാഅത്തിനെതിരെ കത്തി കയറി. എല്ലാ വേദികളിലും ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം മുഖ്യ അജണ്ടയായി. അതിന്റെ ഫലവും കണ്ടു. മുസ്ലിം വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും അത് യു.ഡി.എഫിന് പ്രത്യേകിച്ച് ലീഗിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. അതോടെ ജനകീയമുന്നണികള്‍ മുന്നോട്ടുവെച്ച പ്രസക്തമായ മുദ്രാവാക്യങ്ങള്‍ പിന്തള്ളപ്പെട്ടു. മറ്റ് മുസ്ലിം സംഘടനകളെ രംഗത്തിറക്കിയതിലൂടെ വികസനമുന്നണിയെ അകറ്റി നിര്‍ത്താന്‍ ലീഗിന് സാധിച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരുമ്പോള്‍ ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിലാകും ചോര്‍ച്ചയുണ്ടാവുക എന്നറിഞ്ഞ് തന്നെയാണ് അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. സ്വന്തം വോട്ട് ബാങ്ക് ലക്ഷ്യമിട്ടെത്തിയ രണ്ട് പുതിയ സംഘടനകളില്‍ ഒന്നിനെ കൂടെ നിര്‍ത്തിയും മറ്റൊന്നിനെ അകറ്റിയുമുള്ള തന്ത്രമാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും പയറ്റിയത്. എസ്.ഡി.പി.ഐ വോട്ടുകള്‍ നഷ്ടപ്പെടാതെയും വികസന മുന്നണിയെ ഒറ്റപ്പെടുത്തിയും ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടു. എസ്.ഡി.പി.ഐയെ തീവ്രവാദ സംഘടന എന്ന പേരില്‍ പരസ്യമായി ശത്രു പക്ഷത്തു നിര്‍ത്തുകയും രഹസ്യമായി അടവുനയങ്ങള്‍ തയാറാക്കുകയും ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നില്ല. അവരുടെ വോട്ടുകള്‍ ഏതുപെട്ടിയില്‍ വീണു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. മലപ്പുറത്ത് അവര്‍ നേടിയ ഏക സീറ്റാണ് വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡ്. യു.ഡി.എഫ് കോണ്‍ഗ്രസ്സിന് അനുവദിച്ച വാര്‍ഡാണിത്. 2005-ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 444 വോട്ട് നേടിയിരുന്നു. ഇക്കുറി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 224 വോട്ട് മാത്രമാണ് കിട്ടിയത്. ഈ അടവുനയം മലബാറിനു പുറത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ 2005-ല്‍ വിജയിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ഇക്കുറി അവര്‍ക്ക് നഷ്ടമായി. ജമാഅത്തെ ഇസ്ലാമിക്കെതിരെ മുസ്ലിം സമുദായ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഒന്നിച്ചതിന്റെ ബാക്കി പത്രമായിരുന്നു അത്. അതേസമയം, എല്ലാ കുപ്പി കഷ്ണങ്ങളും ഒന്നിച്ചിട്ടും സംസ്ഥാനത്ത് ഒമ്പതു സീറ്റുകളില്‍ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ജയിച്ചു. മലപ്പുറം, മഞ്ചേരി, പാലക്കാട്, പെരുമ്പാവൂര്‍, കണ്ണൂര്‍ എന്നീ നഗരസഭകളിലായി ഏഴു സീറ്റുകളിലും 80-ലധികം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും അവര്‍ രണ്ടാം സ്ഥാനത്തെത്തി. 32 ഡിവിഷനുകളുള്ള മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 11 ഡിവിഷനിലേക്ക് മാത്രം മത്സരിച്ച മുന്നണി സ്ഥാനാര്‍ഥികള്‍ കാര്യമായ പ്രചാരണ പരിപാടികളില്ലാതിരുന്നിട്ടും 22574 വോട്ടുകളാണ് നേടിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 17 ഡിവിഷനുകളില്‍ മത്സരിച്ച് ഇരുപത്തയ്യായിരത്തിലധികം വോട്ട് നേടി. രാഷ്ട്രീയ മത സംഘടനകളുടെ കൂട്ടമായ ആക്രമണത്തിന്റെ മഹാപര്‍വം താണ്ടി നേടിയെടുത്ത ഈ വിജയം പുതിയ ഊര്‍ജം ജനകീയ കൂട്ടായ്മകള്‍ക്ക് നല്‍കുമെന്നതില്‍ തര്‍ക്കമില്ല.