Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ലേഖനം


മുസ്ലിംലീഗിന്റെ വിജയം
മതേതരത്വത്തിന്റെ വിജയമോ?

കെ.ടി ഹുസൈന്‍
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച മുസ്ലിം ലീഗ് മലപ്പുറം ജില്ലയില്‍ നേടിയ അഭൂതപൂര്‍വമായ വിജയം പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം എന്തുകൊണ്ടും അഭിമാനകരം തന്നെയാണ്. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച എല്‍.ഡി.എഫ് വിരുദ്ധ തരംഗം ഈ വിജയത്തിനൊരു കാരണമായിട്ടുണ്ടെങ്കിലും അതിലുപരിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് താഴെ തട്ടില്‍നിന്നാരംഭിച്ച ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങളും തന്ത്രപരമായ നിലപാടുകളും ലീഗിനെ സംബന്ധിച്ചേടത്തോളം വമ്പിച്ച മുതല്‍കൂട്ടായിട്ടുണ്ട് എന്നു തന്നെയാണ് ശരിയായ വിലയിരുത്തല്‍. മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അതിവിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയുടെയും മറ്റും സഹായത്തോടെ അടുത്തകാലത്ത് മലപ്പുറം ജില്ലയില്‍ നടന്നത്. കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ ജനകീയ വികസന മുന്നണികള്‍ ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി രംഗത്ത് വന്നതോടെ പരസ്പരം ഭിന്നിച്ചു നിന്നിരുന്ന എല്ലാ ജമാഅത്തേതര മുസ്ലിം സംഘടനകളെയും തങ്ങളുടെ കുടക്കീഴില്‍ അണിനിരത്തുന്നതിലും മുസ്ലിം ലീഗ് വിജയിക്കുകയുണ്ടായി. സമീപകാലത്തൊന്നും മുസ്ലിം സംഘടനകള്‍ ഇത്ര പരസ്യമായി ഇത്തവണത്തെപോലെ ലീഗിന് വേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കുറേകാലങ്ങളായി ലീഗിനോട് പുറംതിരിഞ്ഞ് നിന്നിരുന്ന എ.പി വിഭാഗം സുന്നികള്‍ വരെ ഇപ്രാവശ്യം മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് ചെയ്തത്.
കുറേകാലമായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്തെ സ്ഥിരം പ്രതിഭാസമായിരുന്ന ലീഗ് വിരുദ്ധ രാഷ്ട്രീയം ഇത്തവണ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് വഴിമാറിക്കൊടുത്തതും മുസ്ലിം ലീഗിന് ചില്ലറ ഗുണമൊന്നുമല്ല ചെയ്തത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റുകാരും എ.പി സുന്നികളും എല്ലാമടങ്ങുന്ന ലീഗ് വിരുദ്ധ മുന്നണികള്‍ കഴിഞ്ഞ കുറേ കാലങ്ങളായി മലപ്പുറത്തെ സ്ഥിരം പ്രതിഭാസമായിരുന്നല്ലോ. ഇപ്രാവശ്യം അത്തരം മുന്നണികളൊന്നും എവിടെയും ഉണ്ടായിരുന്നില്ല. അതിനാല്‍ ലീഗ് നേടിയ വിജയം എല്ലാ നിലക്കും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയുടെയും വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കുന്നതില്‍ പാര്‍ട്ടി കാണിച്ച മികച്ച തന്ത്രത്തിന്റെയും ഫലമാണെന്ന് കരുതുന്നതാണ് സത്യസന്ധമായ വിലയിരുത്തല്‍.
എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് മലപ്പുറത്ത് ലീഗിന്റെ വിജയം മതേതരത്വത്തിന്റെ വിജയമാണെന്നുള്ള മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ലീഗ് വിജയത്തിന് പിറകിലെ മതേതരവിരുദ്ധമായ ചില കളികളെ കുറിച്ചുകൂടി അന്വേഷിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. മലപ്പുറം ജില്ലയിലെ 500-ഓളം വാര്‍ഡുകളില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളികളുയര്‍ത്തി മത്സരിച്ച ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികളെ അവസാനഘട്ടത്തിലെ ചില കള്ളക്കളികളിലൂടെ മറികടക്കാന്‍ കഴിഞ്ഞതിലെ ആത്മവിശ്വാസമാണ് ലീഗ് നേതാവിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നത്. എന്നാല്‍ ജനകീയ മുന്നണിയെ പരാജയപ്പെടുത്താന്‍ അവസാന ഘട്ടത്തില്‍ ലീഗ് പുറത്തിറക്കിയ കാര്‍ഡ് മതേതരത്വമായിരുന്നില്ല, മറിച്ച് ശുദ്ധ മതമായിരുന്നുവെന്നതാണ് വസ്തുത. ലീഗ് ഒറ്റക്കല്ല, മറിച്ച് ഏതോ കാരണത്താല്‍ ജമാഅത്തെ ഇസ്ലാമിയോട് കുടിപ്പകയുള്ള മുസ്ലിം സംഘടനകളെ കൂടി ഗോദയിലിറക്കിക്കൊണ്ടാണ് മുസ്ലിം ലീഗ് ഈ മതകാര്‍ഡ് കളിച്ചത്. മുസ്ലിംകളിലും അമുസ്ലിംകളിലും ഒരുപോലെ വികസന മുന്നണിക്കെതിരെ മതവികാരം ഉണര്‍ത്തുന്ന ദുഷ്പ്രചാരണമാണ് ലീഗിന് വേണ്ടി അതിന്റെ ഉപഗ്രഹങ്ങളായി വര്‍ത്തിക്കുന്ന ചില മതസംഘടനകള്‍ അഴിച്ചുവിട്ടത്. ജനകീയ മുന്നണിക്കാര്‍ പഞ്ചായത്തുകളിലും ഇസ്ലാമിക ഭരണം നടപ്പിലാക്കും, അതോടെ മതപരിവര്‍ത്തനം ചെയ്യാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിതരാകും എന്നൊക്കെയായിരുന്നു ഹിന്ദുകേന്ദ്രങ്ങളില്‍ അഴിച്ചുവിട്ട പ്രചാരണത്തിന്റെ ഒരു സാമ്പിള്‍.
ജനകീയ വികസന മുന്നണിക്കാര്‍ പഞ്ചായത്തിലെത്തിയാല്‍ പിന്നീട് നമ്മുടെ പഞ്ചായത്തില്‍ നബിദിനാഘോഷം നടത്താന്‍ അനുവദിക്കുകയില്ല, മൌലൂദ് പരിപാടികള്‍ നിരോധിക്കപ്പെടും തുടങ്ങിയവയായിരുന്നു മുസ്ലിം കേന്ദ്രങ്ങളില്‍ നടത്തിയ പ്രചാരണം. ജനകീയ വികസന മുന്നണിക്ക് വോട്ട് ചെയ്യുന്നത്, മരിച്ചുപോയ പാണക്കാട്ടെ തങ്ങള്‍ പൊറുക്കുകയില്ലെന്നും അതിനാല്‍ അവര്‍ക്ക് വോട്ടുകള്‍ ചെയ്യുകയില്ലെന്ന് മുസ്ഹഫില്‍ തൊട്ട് സത്യം ചെയ്യണമെന്നുവരെ ആവശ്യപ്പെടുകയുണ്ടായി. ശുദ്ധ മതകീയമായ ഇത്തരം പ്രചാരണങ്ങളിലൂടെ നേടിയ വിജയത്തിലെവിടെയാണ് മതേതരത്വം? അതേസമയം തീവ്രവാദികളെന്ന് ആക്ഷേപിച്ചുകൊണ്ട് കോട്ടക്കല്‍ ഉച്ചകോടിയില്‍ വെച്ച് തങ്ങള്‍ ഭ്രഷ്ട് കല്‍പിച്ച എസ്.ഡി.പി.ഐയെ ചില വാര്‍ഡുകളിലെങ്കിലും വിജയിപ്പിക്കാന്‍ ലീഗ് നന്നായി വിയര്‍പ്പൊഴുക്കുകയും ചെയ്തു. വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡില്‍ കോണ്‍ഗ്രസ് ഐക്കെതിരെ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ വിജയം മുസ്ലിം ലീഗ് കനിഞ്ഞു നല്‍കിയതാണെന്നെല്ലാവര്‍ക്കുമറിയാം. പ്രത്യുപകാരമായി പല ലീഗ് സ്ഥാനാര്‍ഥികള്‍ക്കും എസ്.ഡി.പി.ഐക്കാരുടെ വോട്ട് മൊത്തമായി ലഭിക്കുകയും ചെയ്തു.
ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുക മാത്രമായിരുന്നില്ല ലീഗിനു വേണ്ടി രംഗത്തിറങ്ങിയ മത സംഘടനകളുടെ ലക്ഷ്യം. മറിച്ച് ജമാഅത്തുകാരല്ലാത്ത ഒരാളുടെയും വോട്ട് ജനകീയ മുന്നണിയുടെ പെട്ടിയില്‍ വീഴാതിരിക്കുക കൂടിയായിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ജനകീയ മുന്നണി ഗണ്യമായ വോട്ടുകള്‍ നേടിയതും ചില സ്ഥലങ്ങളില്‍ വിജയിച്ചതും. പലയിടത്തും രണ്ടാം സ്ഥാനം കൈയടക്കിയതും.
രാഷ്ട്രീയത്തിലും മതത്തിനിടമുണ്ടെന്ന് പറഞ്ഞത്, ജമാഅത്ത് ചെയ്ത ഗുരുതരമായ പാപമായി ആക്ഷേപിച്ച മത സംഘടനകള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടങ്ങളും വിലക്കുകളും ലംഘിച്ചുകൊണ്ട് മതത്തിന്റെ പേരില്‍ ലീഗിന് വേണ്ടി വോട്ടു പിടിച്ചതിനെ എങ്ങനെ ന്യായീകരിക്കുന്നുവെന്നറിയാന്‍ കൌതുകമുണ്ട്. ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടു മാത്രമേ ഇക്കൂട്ടര്‍ക്കെതിര്‍പ്പുള്ളൂ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ജനകീയ വികസന മുന്നണി ഒരിടത്തും മതത്തിന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ല. മതജാതി ഭിന്നതകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും നേരിടുന്ന അടിസ്ഥാന ജീവല്‍പ്രശ്നങ്ങളാണ് മുന്നണി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായിരിക്കണമെന്നതായിരുന്നു മുന്നണി ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. ജനകീയ വികസന മുന്നണി ഉയര്‍ത്തിയ ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും മാറ്റം അനിവാര്യമാണെന്ന ചിന്ത ജമനസ്സുകളില്‍ രൂപപ്പെട്ട് തുടങ്ങുകയും ചെയ്തപ്പോഴാണ്, അതിനെ മറികടക്കാന്‍ മുസ്ലിം ലീഗ് മതസംഘടനകളെ രംഗത്തിറക്കിയത്. ഈ മതകാര്‍ഡ് പോരാ എന്ന് തോന്നിയിടത്ത് പണവും മദ്യവും നിര്‍ബാധം ഒഴുക്കുകയുണ്ടായി.
ജനകീയ മുന്നണികള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ പോയതിനെ മുസ്ലിം ലീഗിന് ബദലാകാനുള്ള ശ്രമത്തിന്റെ പരാജയമായി ചില പത്രങ്ങള്‍ വിലയിരുത്തിയതായി കണ്ടു. ഇത് വസ്തുതാപരമായി ഒട്ടും ശരിയല്ല. കാരണം ജനകീയ വികസന മുന്നണികളുടെ തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശനത്തിന്റെ ലക്ഷ്യം ലീഗിന് ബദലാവുകയായിരുന്നില്ല. അവര്‍ ലക്ഷ്യം വെച്ച രാഷ്ട്രീയ ഭൂമിക മുസ്ലിം ലീഗിന്റെ ഭൂമികയായ സാമുദായിക രാഷ്ട്രീയമേ ആയിരുന്നില്ല. മറിച്ച് വികസനം, പരിസ്ഥിതി, സാമൂഹിക നീതി, മനുഷ്യാവകാശം തുടങ്ങിയ കേരള ജനതയെ പൊതുവില്‍ ബാധിക്കുന്ന പ്രശ്നങ്ങളാണ് ജനകീയ മുന്നണിക്കാര്‍ തെരഞ്ഞെടുപ്പില്‍ അജണ്ടയാക്കിയത്. കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ് പങ്കുവെക്കല്‍ രാഷ്ട്രീയത്തിനെതിരായ, സാമൂഹിക നീതിയിലും ജനക്ഷേമത്തിലും അധിഷ്ഠിതമായ ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തുകൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. ഇതിനെ ലീഗ് വിരുദ്ധ രാഷ്ട്രീയമായി ന്യൂനീകരിക്കുന്നതിന് പിറകില്‍ തീര്‍ച്ചയായും പ്രതിലോമപരമായ അജണ്ടയാണുള്ളത്. കേരളത്തെ ഊഴമിട്ടു കൊള്ളയടിക്കുന്ന എല്‍.ഡി.എഫ്-യു.ഡി.എഫ് നിഷേധാത്മക രാഷ്ട്രീയത്തെ എന്നെന്നും നിലനിര്‍ത്തി, അതിനെതിരായ യാതൊരു നീക്കത്തെയും അനുവദിക്കാതിരിക്കുക എന്നതാണ് കേരളത്തിലെ ജനകീയ മാധ്യമങ്ങളടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ആ പ്രതിലോമ രാഷ്ട്രീയം.
മുസ്ലിം ലീഗ് അതിന്റെ പ്രഖ്യാപിത നിലപാടുകളിലും മൂല്യങ്ങളിലും ഉറച്ചുനിന്ന കാലത്തൊക്കെ വര്‍ഗീയവാദികളെന്നും സാമുദായിക വാദികളെന്നും അവരെ ആക്ഷേപിച്ചിരുന്ന പത്രങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഇപ്പോള്‍ മുസ്ലിം ലീഗ് പശുമാര്‍ക്ക് മതേതരവാദികളായി തീര്‍ന്നതിന്റെ ഗുട്ടന്‍സ് മുസ്ലിം ലീഗുകാരല്ലാത്ത എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ബാബരി മസ്ജിദ് പ്രശ്നം മുതല്‍ ഏറ്റവുമൊടുവില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ് വരെയുള്ള സംഭവ പരമ്പരകളില്‍ മുസ്ലിം ലീഗ് കൈക്കൊണ്ട പ്രതിലോമപരമായ നിലപാടിനുള്ള പ്രത്യുപകാരമാണ് ഈ മതേതരപട്ടം എന്ന് വൈകിയാണെങ്കിലും ലീഗും മനസ്സിലാക്കാതിരിക്കില്ല. മലബാറിന് വെളിയില്‍ മുസ്ലിം പോക്കറ്റുകളില്‍ ശക്തമായ എല്‍.ഡി.എഫ് വിരുദ്ധ തരംഗമുണ്ടായിട്ടും അവിടെയൊന്നും മുസ്ലിം ലീഗിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly