>>മുഖക്കുറിപ്പ്
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ ന്യൂനപക്ഷ പദവി
രണ്ടു പതിറ്റാണ്ട് കാലമായി ദേശീയതലത്തില്‍ മുസ്ലിം സമുദായം ഉന്നയിച്ചുവരുന്ന ആവശ്യമാണ് ന്യൂദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി. സര്‍ക്കാര്‍ ഓഫീസുകള്‍ അതു സംബന്ധിച്ച ഫയലുകള്‍ കൈമാറിക്കൊണ്ടിരുന്നു. മന്ത്രാലയങ്ങളില്‍ തര്‍ക്ക വിതര്‍ക്കങ്ങളരങ്ങേറി. പാര്‍ലമെന്റും വിഷയം ചര്‍ച്ച ചെയ്തു. തീരുമാനം ഒന്നുമുണ്ടായില്ലെന്നു മാത്രം. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രണ്ടാം യു.പി.എ ഗവണ്‍മെന്റിലെ ന്യൂനപക്ഷ മന്ത്രാലയം കൂടി താല്‍പര്യമെടുത്തപ്പോള്‍ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി യാഥാര്‍ഥ്യമാകുമെന്ന് മുസ്ലിം സമുദായത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ജാമിഅ പ്രശ്നം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസുമായി ബന്ധപ്പെടുത്തി ഒരിക്കല്‍ കൂടി കോള്‍ഡ് സ്റോറേജിലേക്ക് തള്ളപ്പെട്ടിരിക്കുകയാണിപ്പോള്‍.
പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ന്യൂനപക്ഷ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും രണ്ടു തട്ടിലായതാണ് പുതിയ സ്തംഭനത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനത്തിന് എപ്പോള്‍ വേണമെങ്കിലും ന്യൂനപക്ഷ പദവി നല്‍കാവുന്നതാണെന്ന നിലപാടിലാണ് ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും വ്യക്തമായ മാനദണ്ഡം വേണമെന്നാണ് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറയുന്നത്. അതാവിഷ്കരിക്കാന്‍ ജാമിഅ മില്ലിയ്യയുടെ ഇതഃപര്യന്തമുള്ള ചരിത്രവും പ്രവര്‍ത്തന രീതിയും പരിശോധിക്കണം. ഇത്തരമൊരു പരിശോധനയെ ആധാരമാക്കി നല്‍കപ്പെടുന്ന ന്യൂനപക്ഷ പദവിക്കേ നിയമപരമായ സാധൂകരണം ലഭിക്കൂ.
മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഊന്നി നില്‍ക്കുന്നത് ജാമിഅയുടെ സ്ഥാപിത ലക്ഷ്യത്തിന്മേലാണ്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും അവരെ ദേശീയ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കലുമായിരുന്നു അതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യൂനിവേഴ്സിറ്റിയുടെ പേരില്‍ തന്നെ വിളങ്ങുന്നുണ്ടീ ലക്ഷ്യങ്ങള്‍. ജാമിഅ സ്കൂളിലും യൂനിവേഴ്സിറ്റിയിലും ഉര്‍ദു ഭാഷക്ക് നല്‍കപ്പെട്ടിട്ടുള്ള സവിശേഷ സ്ഥാനം വിളിച്ചോതുന്നതും മറ്റൊന്നല്ല. 1988-ല്‍ അതിനെ കേന്ദ്ര യൂനിവേഴ്സിറ്റിയായി പ്രഖ്യാപിച്ചുകൊണ്ട് നിര്‍മിച്ച നിയമവ്യവസ്ഥയില്‍ അതൊരു സെക്യുലര്‍ സ്ഥാപനമായിരിക്കുമെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. ആ വ്യവസ്ഥക്കെതിരെ മുസ്ലിം സമുദായം അന്നേ ശബ്ദമുയര്‍ത്തിയതാണ്. അതെല്ലാം ചെന്നു പതിച്ചത് ബധിര കര്‍ണങ്ങളിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഒന്നാം ഊഴത്തില്‍ ജാമിഅ മില്ലിയ്യയുടെ നിയമപരമായ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അന്നത്തെ മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ് നല്‍കിയ മറുപടി ജാമിഅ മില്ലിയ്യ ന്യൂനപക്ഷ സ്ഥാപനമല്ല എന്നായിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാട് മാറ്റി. ജാമിഅയുടെ ന്യൂനപക്ഷ പദവി തിരിച്ചുനല്‍കാന്‍ വളരെ പരിശ്രമിക്കുകയും ചെയ്തു. ന്യായമായ അവകാശം സ്ഥാപിച്ചെടുക്കുന്നതിന് സ്വയം മുന്നോട്ടുവരാന്‍ അദ്ദേഹം ജാമിഅ അധികൃതര്‍ക്ക് കത്തെഴുതുകവരെയുണ്ടായി. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്നത്തെ വൈസ് ചാന്‍സലര്‍ പ്രഫ. മുഷീറുല്‍ ഹസന്‍ ആ കത്ത് പൂഴ്ത്തിക്കളയുകയായിരുന്നു. ന്യൂനപക്ഷ പദവി ലഭിച്ചാല്‍ സ്ഥാപനത്തിന്റെ നിലവാരം ഇടിഞ്ഞുപോകുമെന്നാണത്രെ അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ മുന്‍ഗാമി സയ്യിദ് സുഹൂറുല്‍ ഖാസിമിയും ഈ വിഷയത്തില്‍ ഒന്നും ചെയ്യാതെ മൂന്നു കൊല്ലം പാഴാക്കുകയുണ്ടായി.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കോടതിയില്‍നിന്ന് അന്തിമവിധി വരുന്നതുവരെ ജാമിഅ മില്ലിയ്യ ഇസ്ലാമിയക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം മരവിപ്പിക്കണമെന്ന് ശഠിച്ചിരിക്കുകയാണ് മാനവവിഭവശേഷി മന്ത്രാലയം. അലീഗഢിന്റെ കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ 'സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് ശരിയല്ല' എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. സുപ്രീം കോടതി ഇതുവരെ അത് പരിഗണനക്കെടുത്തിട്ടില്ല. അലഹബാദ് കോടതിയുടെ പരാമര്‍ശവും ഈ കോടതിയുടെ തന്നെ ലഖ്നൌ ബെഞ്ച് ബാബരി മസ്ജിദ് കേസില്‍ നല്‍കിയ വിധിയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശാഠ്യവുമെല്ലാം ജാമിഅയുടെ കാര്യത്തിലുള്ള മുസ്ലിംകളുടെ ഉത്കണ്ഠക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. എങ്കിലും നിരാശപ്പെട്ട് പിന്മാറാറായിട്ടില്ല. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സ്ഥാപിക്കപ്പെട്ടതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ആ സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി അസന്ദിഗ്ധമായി ആവശ്യപ്പെടുന്നു എന്ന നിലപാടില്‍ ന്യൂനപക്ഷ മന്ത്രാലയം ഉറച്ചു നില്‍ക്കുന്നുണ്ട്. വിഷയകമായി മുസ്ലിം നേതൃത്വത്തിന്റെ ഊര്‍ജ്വസലവും ആസൂത്രിതവുമായ പ്രവര്‍ത്തനമാണ് ഈ സാഹചര്യം താല്‍പര്യപ്പെടുന്നത്.
സമയം വൈകുന്തോറും ജാമിഅയുടെ ന്യൂനപക്ഷ സ്വഭാവം നശിപ്പിക്കാന്‍ നടക്കുന്ന ഗൂഢാലോചനകള്‍ക്കും വഞ്ചനാത്മകമായ നടപടികള്‍ക്കും നിയമസാധുത ലഭിച്ചുകൊണ്ടിരിക്കും എന്നത് അനുഭവയാഥാര്‍ഥ്യമാണ്. ജാമിഅ പ്രശ്നം തല്‍ക്കാലം ഐസ് ബോക്സില്‍ വെച്ച് കൈകഴുകാന്‍ ശ്രമിക്കുന്ന മാനവവിഭവ ശേഷി മന്ത്രാലയം യഥാര്‍ഥത്തില്‍ ചെയ്യുന്നത് തല്‍പര കക്ഷികളുടെ കുതന്ത്രങ്ങള്‍ വിജയിക്കാന്‍ അവസരം നല്‍കുകയല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.