വ്യക്തിപരിചയം
പ്രവാസത്തിന്റെ കര്‍മഭൂമിയില്‍നിന്ന് കരീം മൗലവി നാട്ടിലേക്ക്
സരസവും സരളവും വശ്യവുമായ പ്രഭാഷണ ചാതുരി, വിരസ വിഷയങ്ങള്‍ പോലും സ്വതസിദ്ധ നര്‍മത്തില്‍ ചാലിച്ച് നാടന്‍ ശൈലിയിലുള്ള അവതരണം, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം, മതവിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം, അനുകരണീയനും മാതൃകാ യോഗ്യനുമായ പ്രബോധകന്‍- മൂന്നര പതിറ്റാണ്ടുകാലമായി ഖത്തറിന്റെ മത സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് കുറ്റിയാടി കൂടക്കടവത്ത് അബ്‌ദുല്‍ കരീം മൗലവി.
1975 ഡിസംബറില്‍ കുറ്റിയാടി ഇസ്‌ലാമിയ്യ കോളേജില്‍ നിന്നുള്ള അഞ്ചംഗ പഠന സംഘത്തിലാണ് കരീം മൗലവി ദോഹയിലെത്തിയത്. ഖത്തര്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടു വര്‍ഷം ഉപരിപഠനം. `ഖാദിമുല്‍ ഇല്‍മ്' (വിജ്ഞാന സേവകന്‍) എന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ശൈഖ് അബ്‌ദുല്ലാ ഇബ്‌റാഹീം അല്‍ അന്‍സാരിയുടെ കുറ്റിയാടി സന്ദര്‍ശനമാണ് ഉപരിപഠനത്തിന് വഴി തുറന്നത്. ലോക പ്രശസ്‌ത പണ്ഡിതരായ ശൈഖ് അലി ജമ്മാസ്, അബ്‌ദുല്‍ മുഇസ്സ് അബ്‌ദുസ്സത്താര്‍, അബ്‌ദുല്ലത്വീഫ് അസ്സാഇദ് എന്നിവരുടെ ശിക്ഷണത്തില്‍ മത വിഷയങ്ങളില്‍ അവഗാഹം നേടി.
ക്യൂ ടെല്‍, ഖത്തര്‍ ആഭ്യന്തര വകുപ്പ്, ഹമദ് ആശുപത്രി, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, അല്‍ ജസീറ ഫൈനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ ജോലിയെടുത്തിട്ടുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദിന്റെ ഓഫീസ് സെക്രട്ടറിയായിരിക്കെ അദ്ദേഹത്തോടൊപ്പം ഈജിപ്‌ത് സന്ദര്‍ശിച്ചു. ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്കിനെ നേരില്‍ കണ്ടെങ്കിലും ഹസ്‌തദാനം ചെയ്യാന്‍ അനുമതി ലഭിക്കാതെ പോയ സന്തോഷത്തിലാണ് മൗലവി.
ഖത്തര്‍ മലയാളികള്‍ക്കിടയില്‍ മത സാംസ്‌കാരിക രംഗത്ത് ചലനാത്മകവും രചനാത്മകവുമായ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മൗലവിയുടെ പ്രഭാഷണങ്ങളും ക്ലാസ്സുകളും സഹായകമായി. മത പ്രഭാഷണത്തിനുള്ള ഖത്തര്‍ ഗവണ്‍മെന്റിന്റെ അനുമതി പത്രം ലഭിച്ച ആദ്യത്തെ രണ്ട് മലയാളികളില്‍ ഒരാളാണ് കരീം മൗലവി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അബ്‌ദുല്ല ഹസനാണ് മറ്റൊരാള്‍.
ദോഹയില്‍ കാല് കുത്തിയത് മുതല്‍ ഖുര്‍ആന്‍ പഠന ക്ലാസ്സുകളും ജുമുആനന്തര പ്രഭാഷണങ്ങളും മൗലവിയുടെ ദിനചര്യയായി. ഗതാഗതം വേണ്ടത്ര പുരോഗമിച്ചിട്ടില്ലാത്ത കാലത്തും അദ്ദേഹം ഖത്തറിന്റെ വിദൂരതകളില്‍ എത്തി മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കാല്‍ നൂറ്റാണ്ട് കാലം ദോഹ ജദീദ് വലിയ പള്ളിയെ ജുമുഅ ക്ലാസ് കൊണ്ട് ധന്യമാക്കിയ കരീം മൗലവി അസോസിയേഷന്റെ പൊതു പരിപാടികളിലും വെട്ടിത്തിളങ്ങി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ രൂപവത്‌കരണത്തിലും സംഘടന കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്.
വാഴക്കാട്ടെ പേരുകേട്ട മുസ്‌ലിയാരകത്ത് തോട്ടത്തില്‍ തറവാട്ടംഗമാണ് കരീം മൗലവി. പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായ അബ്‌ദുല്ലക്കുട്ടി മൗലവി, പൊന്നാനി സൈനുദ്ദീന്‍ മഖ്‌ദൂം സന്താന പരമ്പരയില്‍ പെടും. ഖിലാഫത്ത് പോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ പിതാവിനെ വളപട്ടത്തേക്ക് നാട് കടത്തി. വ്യാപാരാവശ്യാര്‍ഥം അവിടെയെത്തിയ മരക്കച്ചവടക്കാരാണ് അബ്‌ദുല്ലക്കുട്ടി മൗലവിയെ കുറ്റിയാടിയിലെത്തിച്ചത്. തന്റെ വ്യക്തി പ്രഭാവത്തിന്റെ കരുത്തില്‍ കുറ്റിയാടി പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയ അബ്‌ദുല്ലക്കുട്ടി മൗലവി നാടിന്റെ മത സാമൂഹിക സാംസ്‌കാരിക അഭ്യുന്നതിയില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതേക്കുറിച്ച് കെ. മൊയ്‌തു മൗലവി പാടി:
അബ്‌ദുല്ലക്കുതി,
വ ലൗലാഹു ലസ്വിര്‍തി ഇലാ
ഗയാബത്തില്‍ ജുബ്ബി ലാ ദീനുന്‍ വലാഅഥറു
(അബ്‌ദുല്ല കുട്ടി ഇല്ലായിരുന്നെങ്കില്‍ നീ (കുറ്റിയാടി) മതമോ മറ്റടയാളങ്ങളോ ഇല്ലാതെ അന്ധതയുടെ പടുകുഴിയില്‍ ആപതിച്ചേനെ...)
ഇദ്ദേഹത്തിന്റെ കഠിന പരിശ്രമ ഫലമായാണ് കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് സ്ഥാപിതമായത്.
കലാ കുടുംബമാണ് കരീം മൗലവിയുടേത്. കലാപ്രതിഭകളായ റഹീം കുറ്റിയാടിയും ഹമീദ് ശര്‍വാനിയും ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഹമീദ് മികച്ച ഗായകനും റഹീം `ഉണ്ടോ സഖീ ഒരുകുല മുന്തിരി.....' പോലുള്ള സര്‍ഗാത്മക രചനകള്‍ കൈരളിക്ക് സമ്മാനിച്ച ഗാനരചയിതാവും നാടകകൃത്തുമാണ്.
കരീം മൗലവിക്ക് ഒരാണ്‍കുട്ടിയടക്കം അഞ്ച് മക്കള്‍. കുറ്റിയാടി ചെറിയ കുമ്പളത്താണ് താമസം.
സുബൈര്‍ കുന്ദമംഗലം