`അധിനിവേശകര്‍ പിന്മാറാതെ ഫലസ്‌ത്വീനില്‍ സമാധാനം പുലരില്ല' - 2
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഗൂഢാലോചന
ഖാലിദ് മിശ്‌അല്‍/ ശഹിന്‍ മൊയ്‌തുണ്ണി
ഹമാസ് ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവിടെ ഇതര മതങ്ങള്‍ക്ക് സമാധാനമുണ്ടാകില്ലെന്നും ഇസ്രയേല്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് താങ്കള്‍ എന്തു പറയുന്നു?
മാതൃദേശത്തെ ഇസ്രയേലീ അധിനിവേശത്തില്‍നിന്ന് മോചിപ്പിക്കുകയാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. രാഷ്‌ട്രം മോചിപ്പിക്കപ്പെട്ടാല്‍ അവകാശങ്ങള്‍ അനുഭവിക്കാനും രാഷ്‌ട്രീയ ഭാഗധേയം നിര്‍ണയിക്കാനും അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകും. ഇഷ്‌ടമുള്ള രാഷ്‌ട്രീയ വ്യവസ്ഥ സ്വീകരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. ജനാധിപത്യ രീതിയില്‍ മാത്രമാണ് ഞങ്ങള്‍ പ്രചാരണങ്ങള്‍ നടത്താറുള്ളത്. ഇസ്‌ലാം അടിച്ചേല്‍പിക്കേണ്ട വ്യവസ്ഥയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഇസ്‌ലാമിനെ ഏറ്റവും നല്ല മാര്‍ഗദര്‍ശനമായി ഞങ്ങള്‍ വിശ്വസിക്കുന്നു. മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല ഗ്യാരണ്ടിയായും ഇസ്‌ലാമിക വ്യവസ്ഥയെ ഞങ്ങള്‍ കണക്കാക്കും.
ഗസ്സയില്‍ ഹമാസ് ശരീഅത്ത് നിയമം നടപ്പാക്കുന്നുണ്ടോ?
ഇല്ല. ജനങ്ങളുടെ മതത്തിനും സംസ്‌കാരത്തിനും ഞങ്ങള്‍ സ്ഥാനം കല്‍പിക്കുന്നുണ്ട്. ഇസ്‌ലാമാണ് ഞങ്ങളുടെ സംസ്‌കാരത്തിന്റെ അടിസ്ഥാന സ്രോതസ്സ്. എന്നാല്‍ ഇതര വീക്ഷണഗതിക്കാരായ ഫലസ്‌ത്വീനികളുടെ അവകാശങ്ങള്‍ ഒരിക്കലും ഞങ്ങള്‍ നിഷേധിക്കാറില്ല. ആരുടെ മേലും മതനിയമങ്ങള്‍ അടിച്ചേല്‍പിക്കാറില്ല. ഓരോരുത്തനും സ്വന്തം വിശ്വാസത്തിന്റെ പ്രേരണയാല്‍ മാത്രമാണ് അവന്റെ മതശാസനകള്‍ പിന്തുടരുന്നത്.
ഗസ്സയിലുള്ള ഫലസ്‌ത്വീനികളും വെസ്റ്റ്‌ബാങ്കിലുള്ളവരും തമ്മിലുള്ള ഭിന്നത, ഫത്‌ഹ്-ഹമാസ് ഭിന്നത തുടങ്ങിയവ ഫലസ്‌ത്വീന്‍ജനതയുടെ പൊതു നിലപാടിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകുന്നില്ലേ? ഹമാസിന്റെ കടുത്ത നിലപാടാണോ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായത്? ഈ വിഭാഗീയതയെ സംബന്ധിച്ച് വിശദീകരിക്കാമോ?
ഭിന്നതകള്‍ ഫലസ്‌ത്വീനികളുടെ ശക്തി ക്ഷയിപ്പിക്കുകയും അവരുടെ പൊതു ലക്ഷ്യത്തിനു പോലും ഹാനികരമായി മാറുകയും ചെയ്‌തു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ വിഭജനത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മേല്‍ കെട്ടിവെക്കുന്നത് ശരിയല്ല. ഫലസ്‌ത്വീന്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്ന മേഖലയിലെയും സാര്‍വദേശീയ രംഗത്തെയും ചില ശക്തികളാണ് യഥാര്‍ഥത്തില്‍ ഈ ഭിന്നതയുടെ കാരണക്കാര്‍. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് വഴി ഫലസ്‌ത്വീന്‍ ജനത ഹമാസിന് അംഗീകാരം നല്‍കിയതില്‍ നിരാശയും വിറളിയും പൂണ്ട നിക്ഷിപ്‌ത താല്‍പര്യക്കാരാണവര്‍. ഫലസ്‌ത്വീനിലെ തന്നെ ഒരു പാര്‍ട്ടി ഈ ഭിന്നതക്ക് ആഴം പകരാന്‍ ശ്രമിക്കുകയും അമേരിക്കയും ഇസ്രയേലും അവര്‍ക്ക് സര്‍വവിധ ഒത്താശകള്‍ നല്‍കുകയും ചെയ്‌തു. ഹമാസിന്റെ ഭരണനിര്‍വഹണ ശേഷിയെ ഇല്ലായ്‌മ ചെയ്യാനുള്ള സകല അടവുകളും പ്രയോഗിക്കപ്പെട്ടു. ഈ അടവുകള്‍ വേണ്ടത്ര ഫലിക്കാതെ വന്നപ്പോള്‍ അമേരിക്കന്‍ സൈനിക ജനറല്‍ കീത്ത് ഡയട്ടണെ അവര്‍ രംഗത്തിറക്കി. ഹമാസിനെതിരെ അട്ടിമറി ആസൂത്രണം ചെയ്യാന്‍ ഇയാള്‍ ഗസ്സിയലെത്തുകയുണ്ടായി. 2007-ല്‍ മക്കാ കരാര്‍ വഴി പ്രാബല്യത്തില്‍ വന്ന, ഹമാസിന് മേധാവിത്വമുള്ള ദേശീയ അനുരഞ്‌ജന സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ഇയാള്‍ ചരടുവലികള്‍ നടത്തി. ഈ ഘട്ടത്തില്‍ ആത്മരക്ഷാര്‍ഥമുള്ള ചടുല നീക്കങ്ങള്‍ക്ക് ഞങ്ങള്‍ നിര്‍ബന്ധിതരായതാണ് 2007 ജൂണിലെ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന്റെ പേരില്‍ ഹമാസ് അട്ടിമറി നടത്തി എന്ന പ്രചാരണമാണ് എതിരാളികള്‍ നടത്തിയത്. യഥാര്‍ഥത്തില്‍ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാറിനെ അട്ടിമറിക്കാനാണ് സര്‍വ കോണില്‍നിന്നും നീക്കങ്ങള്‍ ഉണ്ടായത്. ജനറല്‍ ഡെയ്‌ട്ടണിന്റെ പിന്‍ബലത്തോടെ നടത്തിയ ഗൂഢാലോചനകള്‍ക്കും അട്ടിമറി തന്ത്രത്തിനുമെതിരെ ഉചിതമായ രീതിയില്‍ ഹമാസ് പ്രതികരിച്ചു എന്നു മാത്രം.
ഫത്‌ഹ് ഉള്‍പ്പെടെയുള്ള ഇതര കക്ഷികള്‍ക്ക് ഗസ്സയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഫത്‌ഹിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ ഹമാസിന്റെ നില ഭദ്രമാണോ?
അറബ് ദേശീയതയില്‍ നിന്നാണ് ചില ഫലസ്‌ത്വീന്‍ സംഘടനകള്‍ പ്രചോദനമുള്‍ക്കൊള്ളുന്നത്. ചിലര്‍ മാര്‍ക്‌സിസത്തില്‍നിന്നും മറ്റു ചിലര്‍ ഉദാരവാദത്തില്‍നിന്നും പ്രചോദിതരാകുന്നു. എന്നാല്‍ ഇതൊന്നും ഫലസ്‌ത്വീന്‍ പാരമ്പര്യവുമായി ഇണങ്ങുന്നതല്ല. എന്നാല്‍ ഇഷ്‌ടമുള്ള ആശയ സംഹിതയും രാഷ്‌ട്രീയ വ്യവസ്ഥയും തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ മാനിക്കുന്നു. ആഭ്യന്തര പ്രശ്‌നങ്ങളും ജനാധിപത്യ രീതിയില്‍ പരിഹരിക്കാന്‍ വിടണം. ജനവിധി എന്താണോ അത് സര്‍വരും അംഗീകരിക്കണം.
ഫത്‌ഹിന്റെയും അതിന്റെ ഉപ വിഭാഗങ്ങളുടെയും മറ്റു സംഘടനകളുടെയും പ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി പരിശ്രമിക്കാറുണ്ട്. എന്നാല്‍ ഫത്‌ഹിന്റെ നേതൃത്വത്തില്‍ ഫലസ്‌ത്വീന്‍ അതോറിറ്റി ഭരണം നടത്തുന്ന വെസ്റ്റ് ബാങ്കില്‍ ഇത്തരമൊരു സ്വാതന്ത്ര്യവും പൗരാവകാശ സംരക്ഷണവും കാണാന്‍ സാധിക്കില്ല. വെസ്റ്റ് ബാങ്കില്‍ ഹമാസിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ജനറല്‍ ഡയ്‌ട്ടണ്‍ ആയിരുന്നു. അമേരിക്കയും ഇസ്രയേലും പരിശീലനം നല്‍കിയ ഫലസ്‌ത്വീന്‍ അതോറിറ്റിയുടെ പോലീസും വ്യാപകമായി ഹമാസ് പ്രവര്‍ത്തകരെ വേട്ടയാടി പീഡിപ്പിച്ചു, തുറുങ്കിലടച്ചു. നിരവധി പ്രവര്‍ത്തകരെ അവര്‍ വകവരുത്തി.
ഇസ്രയേലിന് ഒരു രാഷ്‌ട്രമെന്ന നിലയിലുള്ള അംഗീകാരം നല്‍കാന്‍ ഹമാസ് മടിച്ചുനില്‍ക്കുന്നതാണ് ഫലസ്‌ത്വീന്‍ പ്രതിസന്ധിയുടെ രമ്യ പരിഹാരത്തിന് ഏറ്റവും വലിയ വിഘ്‌നം സൃഷ്‌ടിക്കുന്നതെന്ന വാദത്തില്‍ എത്ര മാത്രം കഴമ്പുണ്ട്?
മറ്റുള്ളവരെ കബളിപ്പിക്കാനുള്ള തൊടുന്യായം മാത്രമാണ് ഈ വാദം. ഫലസ്‌ത്വീന്‍ ജനതയുടെ മൗലികാവകാശങ്ങള്‍ക്ക് ഇസ്രയേല്‍ ഒരിക്കലും അംഗീകാരം നല്‍കാറില്ല. എന്നാല്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ലോക രാജ്യങ്ങള്‍ ഇസ്രയേലിനെ സംഭാഷണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താറില്ല. വാസ്‌തവത്തില്‍ ഇസ്രയേലാണ് ഫലസ്‌ത്വീന്‍ പ്രദേശം അടിച്ചമര്‍ത്തി ഭരിക്കുന്നത്. ഫലസ്‌ത്വീനികള്‍ക്കു മേല്‍ അവര്‍ സര്‍വ നിയന്ത്രണങ്ങളും മേധാവിത്വവും പുലര്‍ത്തുന്നു. `ഞങ്ങളെ അംഗീകരിക്കൂ' എന്നു ഇസ്രയേല്‍ അതിന്റെ ഇരകളോട് ആവശ്യപ്പെടുകയാണോ വേണ്ടത്? യഥാര്‍ഥത്തില്‍ ഞങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുക എന്ന് ഫലസ്‌ത്വീന്‍ ജനത ഇസ്രയേലിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. നേരത്തെ യാസിര്‍ അറഫാത്ത് ഇസ്രയേലിന് അംഗീകാരം പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ തിരിച്ച് അദ്ദേഹം ഒന്നും നേടിയില്ല. ഇപ്പോഴത്തെ മഹ്‌മൂദ് അബ്ബാസും ഇസ്രയേലിനെ അംഗീകരിക്കുന്നുണ്ട്. സമാധാന പ്രക്രിയകളില്‍ വാഗ്‌ദാനം ചെയ്യപ്പെടുന്നവയൊന്നും നല്‍കാതെ ഇസ്രയേല്‍ ഫലസ്‌ത്വീനികളെ കബളിപ്പിക്കുന്നു. വല്ല വിട്ടുവീഴ്‌ചയും ചെയ്യണമെങ്കില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ അപ്രതിരോധ്യമായ സമ്മര്‍ദം തന്നെ അനിവാര്യമാണെന്നതാണ് സ്ഥിതിവിശേഷം.
ജൂത-ക്രൈസ്‌തവ-മുസ്‌ലിംകള്‍ ഒത്തൊരുമയോടെ വിശുദ്ധ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുന്ന ശുഭദിനം വന്നണയുമെന്ന് താങ്കള്‍ക്ക് വല്ല പ്രത്യാശയമുണ്ടോ?
തീര്‍ച്ചയായും ഞാനാവിധം പ്രതീക്ഷിക്കുന്നു. എന്നാല്‍ 1967 മുതല്‍ അധീനപ്പെടുത്തിയ എല്ലാ ഫലസ്‌ത്വീന്‍ പ്രദേശങ്ങളില്‍നിന്നും ഇസ്രയേല്‍ പിന്മാറണം. അപ്പോള്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകൂ, സമാധാനവും സഹവര്‍ത്തിത്വവും പുലരൂ. ഫലസ്‌ത്വീന്‍ പ്രതിസന്ധിയുടെ രമ്യ പരിഹാരത്തെ സ്‌തംഭിപ്പിക്കുന്നത് ഇസ്രയേലിന്റെ നഗ്നമായ കൈയേറ്റങ്ങളും അതിനോട് അന്താരാഷ്‌ട്ര സമൂഹം പുലര്‍ത്തുന്ന ഉദാസീന മനോഭാവവുമാണ്.
ഇസ്രയേല്‍ ജൂതന്മാരുടെ രാജ്യമായതുകൊണ്ടല്ല ഞങ്ങള്‍ അവരെ ചെറുത്തു നില്‍ക്കുന്നത് എന്ന വസ്‌തുത പ്രത്യേകമായി മനസ്സിലാക്കണമെന്ന് സന്ദര്‍ഭവശാല്‍ ഓര്‍മിപ്പിക്കട്ടെ. ജൂതരെന്നോ ക്രൈസ്‌തവരെന്നോ നോക്കിയല്ല ഞങ്ങള്‍ നയസമീപനങ്ങള്‍ രൂപപ്പെടുത്താറുള്ളത്. ഞങ്ങളെ ആക്രമിക്കുന്നവര്‍, അടിച്ചമര്‍ത്തുന്നവര്‍, ഞങ്ങളുടെ പ്രദേശങ്ങള്‍ അന്യായമായി വെട്ടിപ്പിടിക്കുന്നവര്‍, അവര്‍ ആരാകട്ടെ അവര്‍ക്കെതിരെ ഞങ്ങള്‍ ചെറുത്തുനില്‍പുകള്‍ ഉയര്‍ത്തും. നൂറ്റാണ്ടുകളോളം ഈ പ്രദേശങ്ങളില്‍ മുസ്‌ലിംകളും ജൂതരും ക്രൈസ്‌തവരും സമാധാനപൂര്‍വം പാരസ്‌പര്യത്തോടെ ജീവിക്കുകയുണ്ടായി. സമീപകാലത്തുവരെ യൂറോപ്പില്‍ നടന്നിരുന്ന വംശഹത്യയോ വര്‍ണവിവേചനമോ അപരവിദ്വേഷമോ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത്തരം കുഴപ്പങ്ങളുടെയെല്ലാം പ്രഥമ വേദി യൂറോപ്പായിരുന്നു. യൂറോപ്പ് കൊളോണിയല്‍ ഭരണം അടിച്ചേല്‍പിച്ചതിന്റെ അനന്തര ഫലമായി അത്തരം പ്രക്ഷുബ്‌ധതകള്‍ ഈ മേഖലയിലേക്കും കടന്നേറുകയാണുണ്ടായത്. ജൂതരെ അടിച്ചമര്‍ത്തിയതിന് പകരമായാണ് യൂറോപ്പ് അവര്‍ക്കായി അറബ് മണ്ണില്‍ ഇസ്രയേല്‍ സംസ്ഥാപിച്ചത്. അതല്ലാതെ അറബ്-മുസ്‌ലിം മേഖലയിലെ കുഴപ്പത്തിന്റെ ഉപോല്‍പന്നമല്ല ഇസ്രയേലിന്റെ പിറവി.
ഇന്ത്യയുമായി ഏതുതരം ബന്ധം സ്ഥാപിക്കാനാണ് ഹമാസിന്റെ ആഗ്രഹം?
ന്യായമായ ഒരു ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍ നിരതരായിരിക്കുന്നത്. ആഗോള സമൂഹവുമായി തുറന്ന ബന്ധം ഹമാസ് ആഗ്രഹിക്കുന്നു. ഇന്ത്യയുമായി ഉറ്റ സൗഹൃദമാണ് ലക്ഷ്യം. അതിനു വേണ്ടി രചനാത്മക സംഭാഷണങ്ങള്‍ക്കും ഹമാസ് ആഗ്രഹിക്കുന്നുണ്ട്. സംവത്സരങ്ങളായി ഫലസ്‌ത്വീന്‍ ജനതയുമായി നല്ല ബന്ധമാണ് ഇന്ത്യ തുടര്‍ന്നുപോരുന്നത്. എന്നാല്‍ സമീപകാലത്തായി സയണിസ്റ്റ് ഭരണകൂടത്തിന് ഇന്ത്യയില്‍ ചില സ്വാധീനങ്ങള്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗസ്സയിലും വെസ്റ്റ്‌ബാങ്കിലും അരങ്ങേറുന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഇന്ത്യന്‍ ജനതയുടെ ബോധമണ്ഡലത്തില്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്ന് ഹമാസ് മനസ്സിലാക്കുന്നു.