മൂന്നാം വര്‍ഷവും കേരളത്തില്‍നിന്ന് ഐ.പി.എച്ച്
രിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് തുടക്കമായി
രിയാദ്: സുഊദി സാംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുസ്‌തക മേളക്ക് രിയാദില്‍ തുടക്കമായി. മുപ്പത് ലോകരാജ്യങ്ങളില്‍നിന്നായി 700-ലധികം പ്രസാധനാലയങ്ങള്‍ പങ്കെടുക്കുന്ന മേള മാര്‍ച്ച് ഒന്ന് മുതല്‍ പതിനൊന്ന് വരെയാണ്. സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രി അബ്‌ദുല്‍ അസീസ് ഖോജ പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇത്തവണ മേളയില്‍ പ്രത്യേക അതിഥിരാജ്യമായി പങ്കെടുക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ തല്‍മീസ് അഹ്‌മദ് ഉദ്‌ഘാടന പരിപാടികളില്‍ സംബന്ധിച്ചു. ഇന്ത്യയില്‍നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും മേളയില്‍ സംബന്ധിക്കുന്ന ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചിന്റെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. ഇന്ത്യന്‍ പവലിയനില്‍ സജ്ജീകരിച്ച ഐ.പി.എച്ച് സ്റ്റാളിന്റെ ഉദ്‌ഘാടനം സുഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്‌മദ് നിര്‍വഹിച്ചു. മലയാളത്തിന് പുറമെ വിവിധ വിഷയങ്ങളില്‍ ഇംഗ്ലീഷ്, ഉര്‍ദു, അറബി ഭാഷകളിലുള്ള പുസ്‌തകങ്ങളുമായി മേളയില്‍ സംബന്ധിക്കുന്ന ഐ.പി.എച്ച്, അംബാസഡറുടെ പ്രത്യേക പ്രശംസനേടി. ഉദ്‌ഘാടനശേഷം മക്കയിലേക്കുള്ള പാതയുടെ ഇംഗ്ലീഷ് പതിപ്പ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി മടങ്ങിയത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്‌തകമേളകളിലൊന്നായ രിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. അതിഥിരാജ്യമായെത്തിയ ഇന്ത്യക്ക് അറബ് രാജ്യങ്ങളുമായുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാനും സാംസ്‌കാരിക വിനിമയം ഊഷ്‌മളമാക്കാനുമുള്ള അപൂര്‍വ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ പ്രഗത്ഭരായ വ്യക്തികള്‍ സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നുണ്ട്. പതിവിന് വിപരീതമായി ഇത്തവണ കയ്‌റോ പുസ്‌തകമേള നടക്കാതെപോയത് രിയാദ് പുസ്‌തകമേളയിലേക്ക് അറബ് രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അറബ് ലോകത്തെ സുപ്രധാന പ്രസാധനാലയങ്ങളെല്ലാം അണിനിരക്കുന്ന മേളയില്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രതിദിനം 35000-ലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മേളയില്‍ അതിഥിരാജ്യമായി പങ്കെടുക്കുന്ന ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ വ്യക്തമാക്കുന്ന നിരവധി ലഘുലേഖകളും പുസ്‌തകങ്ങളും പ്രദര്‍ശനത്തിനും വിതരണത്തിനും ഒരുക്കിയിട്ടുണ്ട്.
സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, മത രംഗങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പണ്ഡിതന്മാരുടെ കനപ്പെട്ട രചനകളാണ് ഐ.പി.എച്ച് സ്റ്റാളിനെ വേറിട്ടു നിര്‍ത്തുന്നത്. 50-ലധികം ബാല സാഹിത്യങ്ങളുള്‍പ്പെടെ 500-ലധികം തലക്കെട്ടുകളിലുള്ള പുസ്‌തകങ്ങള്‍ ഐ.പി.എച്ച് പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് മേളക്കെത്തിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെപ്പോലെ സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും മികച്ച പ്രതികരണമാണ് ഇത്തവണയും ഐ.പി.എച്ച് പുസ്‌തകങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്റ്റാളിന് നേതൃത്വം കൊടുക്കുന്നവര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയില്‍ പ്രവേശനം നല്‍കുന്നത്. നാല് ദിവസങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രവും ബാക്കി മുഴുവന്‍ ദിവസങ്ങളിലും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായും പ്രവേശനം ക്രമപ്പെടുത്തിയ മേളയിലേക്ക് ആദ്യ ദിവസം മുതല്‍ തന്നെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ ഇന്ത്യ അതിഥിരാജ്യമായി പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ ഇന്ത്യക്കാരെ മേളയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത് ഐ.പി.എച്ച് സ്റ്റാളിലും തിരക്കേറാന്‍ കാരണമായി.
കെ.സി.എം അബ്‌ദുല്ല - രിയാദ
സാങ്കേതികവിദ്യകളുടെ അമിതോപയോഗം യുവാക്കളില്‍
അലസത വര്‍ധിപ്പിച്ചു -ശൈഖ് ഡി മുഹമ്മദ് അല്‍ അകാസ്
ദമ്മാം: ദൃശ്യ ശ്രാവ്യ മാധ്യമങ്ങളടക്കം സാങ്കേതിക വിദ്യകളുടെ വ്യാപനം യുവാക്കളില്‍ അലസത വര്‍ധിപ്പിക്കാന്‍ കാരണമായതായി നിരവധി അന്താരാഷ്‌ട്ര വേദികളിലൂടെ ശ്രദ്ധേയനായ പ്രമുഖ വാഗ്മിയും കമ്പ്യൂട്ടര്‍ വിദഗ്‌ധനുമായ ശൈഖ് ഡി. അല്‍ മുഹമ്മദ് അല്‍ അകാസ് പറഞ്ഞു. സ്റ്റുഡന്റസ് ഇന്ത്യ ദമ്മാം ചാപ്‌റ്റര്‍ സംഘടിപ്പിച്ച റിലാക്‌സ് 2011-ന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക രംഗത്തെ വളര്‍ച്ച കാരണം അറിവുകള്‍ കൈയെത്തും ദൂരത്ത് ലഭ്യമായി എന്നത് ശരിയാണ്. എന്നാല്‍ ചാറ്റിംഗിലും ടി.വി കാണുന്നതിലും അമിതാനന്ദം കണ്ടെത്തുന്നവര്‍ ഇന്നത്തെ ജോലി നാളത്തേക്ക് മാറ്റിവെക്കുന്ന അലസന്മാരായി മാറുന്നുണ്ട്.
വിജയം കൈവരിക്കാന്‍ വ്യക്തമായ ആസൂത്രണത്തോടെ പദ്ധതികള്‍ രൂപപ്പെടുത്തി ജീവിതത്തെ ക്രമപ്പെടുത്തണമെന്ന് അദ്ദേഹം കുട്ടികളെയും രക്ഷിതാക്കളെയും ഉണര്‍ത്തി. പാസ്‌മാര്‍ക്ക് വാങ്ങുന്ന സര്‍ട്ടിഫൈഡ് ഗ്രാജ്വേറ്റ് ആവാനല്ല, മറിച്ച് ക്വാളിഫൈഡ് ഗ്രാജ്വേറ്റ് ആവാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. പരീക്ഷക്ക് വേണ്ടിയുള്ള പഠനമല്ല, വിഷയത്തില്‍ അറിവ് നേടാനുള്ള പഠനമാണ് നടക്കേണ്ടത്.
വാര്‍ത്താ അവതരണം, പ്രസംഗം, മാപ്പിളപ്പാട്ട്, ചിത്രരചന, ഉപന്യാസം, കവിതാ പാരായണം തുടങ്ങി പത്ത് ഇനങ്ങളില്‍ ടീന്‍സ് കുട്ടികള്‍ക്ക് മത്സരങ്ങളും നടന്നു. വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍: ഷഹല ജലാലുദ്ദീന്‍ (മാപ്പിളപ്പാട്ട്), ഷിഫാ അലി (ഇംഗ്ലീഷ് പ്രസംഗം), ബാസിയ ബഷീര്‍ (മലയാളം പ്രസംഗം), ഫ്രീസിയ ഹബീബ് (വാര്‍ത്താ അവതരണം), ഷൈമാ ഷാജി (വാട്ടര്‍ കളറിംഗ്), ഫര്‍ഹാന ഫൈസല്‍ (കവിതാ പാരായണം), ഫ്രീസിയ ഹബീബ് (ഉപന്യാസം).
എന്‍ഡോസള്‍ഫാന്‍ കാമ്പയിനോടനുബന്ധിച്ച് എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ വിഷ്വല്‍ പ്രസന്റേഷന്‍ മത്സര വിജയികള്‍ക്ക് ശൈഖ് ഡി അല്‍ അകാസ് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. റിലാക്‌സ് 2011 മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം ബഷീര്‍, പി.എം അബ്‌ദുര്‍റഹ്‌മാന്‍, എ.സി.എം ബഷീര്‍, സി.പി മുസ്‌ത്വഫ (തനിമ), സക്കീര്‍ (കെ.എം.സി.സി), കെ.എം റഷീദ്, ജോഷി പാഷ (മലര്‍വാടി) എന്നിവര്‍ വിതരണം ചെയ്‌തു. ഷബീര്‍ ചാത്തമംഗലം സ്വാഗതവും അര്‍ഷദലി ഖിറാഅത്തും നടത്തി. വി. സമീഉല്ല സമാപനപ്രസംഗം നിര്‍വഹിച്ചു.