ബാങ്ക് മുഴങ്ങുന്നത്
ആര്‍ക്കു വേണ്ടി?
``പുതുതായി സ്ഥാനമേറ്റെടുത്തതുകൊണ്ട് ഒരുപക്ഷേ ഞങ്ങള്‍ കഴിവ് കുറഞ്ഞവരാണെന്ന് നിങ്ങള്‍ കേട്ടേക്കാം. എന്നാല്‍ അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷിയാക്കി ഞങ്ങള്‍ ഉറപ്പ് തരുന്നു. അഴിമതിക്കാരെന്ന പേര് ഞങ്ങള്‍ കേള്‍പ്പിക്കുകയേ ഇല്ല.''
1967-ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായപ്പോള്‍ വടകരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കും സഹപ്രവര്‍ത്തകനായ അഹ്‌മദ് കുരിക്കള്‍ക്കും നല്‍കിയ സ്വീകരണവേളയില്‍ സി.എച്ച് മുഹമ്മദ് കോയ പറഞ്ഞ വാക്കുകളാണിത്.
വയനാടന്‍ മലയോരത്തെ അതിപുരാതന മുസ്‌ലിം കുടുംബത്തിലെ രണ്ട് പുതിയാപ്പിളമാര്‍ ചാനലിലൂടെ നടത്തിയ ചെളിവാരിയേറ് കുറിയേടത്ത് താത്രിയെ ഓര്‍മിപ്പിച്ച് കൊണ്ട് തുടരുമ്പോള്‍ സാത്വികരായ പല ലീഗ് പ്രവര്‍ത്തകരും സി.എച്ചിന്റെ വാക്കുകള്‍ വേദനയോടെ ഓര്‍ക്കുന്നുണ്ടാകും. കൊല്ലംതോറും നടത്തുന്ന ആണ്ട് നേര്‍ച്ച പോലെ ഇടക്കിടെ പുറത്ത് വരുന്ന ഈ `ടെലിവിഷം' ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. മുഖ്യധാരാ മതസംഘടനകളുടെ മൗനമാണ് അതിലൊന്ന്. ആരോപണവിധേയനായ നേതാവ് സംസ്ഥാനത്തെ പ്രമുഖ മതസംഘടനകളുടെ വേദികളില്‍ സ്ഥിരം അതിഥിയാണ്. പരസ്‌പരം വഴക്കടിക്കുന്ന മതനേതാക്കള്‍ ടിയാന്‍ വിളിച്ചാല്‍ ഒന്നിച്ചിരിക്കാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ പരിഷ്‌കര്‍ത്താക്കള്‍ നട്ട് നനച്ച് വളമിട്ട് വളര്‍ത്തിയ നവോത്ഥാന സംരംഭങ്ങളെ ഞെക്കിക്കൊല്ലാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാറുണ്ട്. അത്യന്തം ഹീനമായ ഒരാരോപണം ഉയര്‍ന്നിട്ടും മത സംഘടനകളുടെ നേതാക്കള്‍ മിണ്ടാതിരിക്കുന്നതെന്തുകൊണ്ടാണ്?
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മതവിശ്വാസികള്‍ ജയിച്ചുപോകുന്നതിലും മതരാഷ്‌ട്രവാദം വളരുന്നതിലും വല്ലാതെ ബേജാറായ നേതാവ് പത്രസമ്മേളനം നടത്തുമ്പോള്‍ ബാങ്ക് കൊടുത്തത് തന്റെ വാക്കുകള്‍ നേരാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിച്ചതുപോലും മഹാ പണ്ഡിതന്മാര്‍ തിരുത്തിയില്ല. ദൈവവിശ്വാസിയോ മതഭക്തയോ അല്ലാത്ത അജിത, അമ്പത് ലക്ഷത്തിന്റെയും ഔദ്യോഗിക പദവിയുടെയും `ഓഫര്‍' നീട്ടിയിട്ടും വഴങ്ങിയില്ലത്രെ. പരലോക വിചാരണയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും രാവും പകലും പ്രസംഗിച്ചു നടക്കുന്ന പണ്ഡിത വര്യന്മാര്‍ `അങ്ങാടിയില്‍ വന്ദനവും അത്താഴത്തില്‍ മുഖ്യസ്ഥാനവും' മോഹിച്ച് മിണ്ടാതിരിക്കുന്നത് ലജ്ജാവഹമാണ്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ `ഏക രാഷ്‌ട്രീയ പാര്‍ട്ടി' കഴിഞ്ഞ വര്‍ഷങ്ങളില്‍ സമുദായത്തിന്റെ നീറുന്ന പല പ്രശ്‌നങ്ങളിലും കുറ്റകരമായ അവഗണന കാണിച്ചിട്ടുണ്ട്. ഇനി ആത്മാര്‍ഥതയുള്ള അണികളുടെ ഊഴമാണ്. കുപ്പായം തുന്നാന്‍ റേഷന്‍ വിഹിതത്തിന്റെ പരിധിക്കപ്പുറം തുണി എവിടെ നിന്ന് കിട്ടി എന്ന് ഖലീഫ ഉമറിനോട് ചോദിച്ചത് ഒരു പൗരനാണ്. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ എ.ഐ.സി.സി സമ്മേളനത്തില്‍ വെച്ച് പൗരാവകാശധ്വംസനങ്ങള്‍ക്കെതിരെ എ.കെ ആന്റണി ശബ്‌ദമുയര്‍ത്തിയിട്ടുണ്ട്. ഇസ്‌മാഈല്‍ സാഹിബ്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, കുരിക്കള്‍, നഹ, സി.എച്ച് തുടങ്ങിയ നേതാക്കള്‍ നയിക്കുകയും ആയിരക്കണക്കിന് സാധാരണക്കാര്‍ നെഞ്ചിലേറ്റി വളര്‍ത്തുകയും ചെയ്‌ത സംഘടനയുടെ ഇന്നത്തെ നേതാക്കള്‍ പരസ്‌പരം ചൊറിഞ്ഞിരുന്നാല്‍ നഷ്‌ടപ്പെടുന്നത് സമൂഹത്തിന്റെ മൊത്തം ക്രെഡിബിലിറ്റിയാണെന്ന് സാധാരണക്കാര്‍ തിരിച്ചറിയണം. ചളിപുരണ്ട നേതാക്കള്‍ മാറിനില്‍ക്കണമെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും അവര്‍ കാണിച്ചാല്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തും അത് വാഴ്‌ത്തപ്പെടും.
മുഹമ്മദ് പാറക്കടവ്
ദോഹ
ലോകം സാക്ഷിയാകുന്നത്...
ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ച പ്രബോധനം (ലക്കം 36) വായിച്ചുതീര്‍ന്നപ്പോള്‍ തോന്നിയ വികാര വിചാരങ്ങളാണ് ഇങ്ങനെയൊരു കുറിപ്പിന് നിദാനം.
നിരീക്ഷണം, ലേഖനം, വിശകലനം, കവര്‍സ്റ്റോറി, കാഴ്‌ചപ്പാട് തുടങ്ങിയവയിലെല്ലാം പ്രകടമാവുന്നത് സഹാറാ മരുഭൂമിയില്‍ അടിച്ചുവീശിക്കൊണ്ടിരിക്കുന്ന അറബിക്കാറ്റിന്റെ അലയൊലികളാണ്.
പ്രവാചകന്‍ മൂസ(അ) ഫറോവയുടെ കൊട്ടാരത്തിലേക്ക് കയറിപ്പോയ ശേഷം നൈലോളങ്ങള്‍ ഇത്രയധികം ആഹ്ലാദം കൊള്ളുന്നത് ഇതാദ്യമായിരിക്കാം. ഉഥ്‌മാനി സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കു ശേഷം മഹാ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഈജിപ്‌ത് ഹുസ്‌നി മുബാറക്കിന്റെ പതനം ആഘോഷിച്ചപ്പോള്‍ മറ്റൊരു ലോകം സാധ്യമാക്കാനുതകുന്ന നിശ്ശബ്‌ദ വിപ്ലവമാണ് ലോകം കാത്‌കൂര്‍പ്പിച്ച് കേട്ടതും കണ്ടതും. എത്ര കാലമാണ് ഒരു ജനത നിര്‍വികാരത സഹിക്കുക! ഉമിത്തീ പോലെ കത്തിയെരിഞ്ഞിരുന്ന പ്രഷുബ്‌ധ ചിന്തകളാണ് ഒടുവില്‍ കവിത പോലെ വാര്‍ന്നുവീണത്.
ജനാധിപത്യ സംസ്ഥാപനത്തിനു വേണ്ടിയുള്ള ക്ഷുഭിത യൗവനങ്ങളുടെ നീണ്ടകാല പോരാട്ടത്തിന്റെ അവസാന അങ്കമാണ് ഈജിപ്‌തില്‍ അരങ്ങേറിയത്. ഹസനുല്‍ ബന്നായുടെയും സയ്യിദ് ഖുത്വ്‌ബിന്റെയും ആത്മാവുകള്‍ ഇപ്പോള്‍ പ്രാര്‍ഥനാ നിര്‍ഭരമായിരിക്കാം. ഭൂരിപക്ഷ ജനതയുടെ ഇംഗിതം തിരിച്ചറിയാത്ത ഒരു ഭരണാധികാരിക്കും ആ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ അവകാശമില്ല. കല്‍ത്തുറുങ്കുകള്‍ക്കും കൈയാമങ്ങള്‍ക്കും തകര്‍ക്കാനാവുന്നതല്ല മനുഷ്യചേതന.
ഉഥ്‌മാനി സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചക്കു ശേഷം മഹാ സംസ്‌കാരങ്ങളുടെ സംഗമഭൂമിയില്‍ ദൈവത്തിന്റെ മറ്റൊരു കാവ്യനീതിയാണ് പുലര്‍ന്നത്. കാരണം ഇറാഖിനെതിരായ യുദ്ധത്തില്‍ മേഖലയിലെ പ്രധാന കൂട്ടിക്കൊടുപ്പുകാരില്‍ ഒരാള്‍ ഹുസ്‌നി മുബാറക് ആയിരുന്നല്ലോ! ഈ സ്വേഛാധിപതിയുടെ പതനത്തില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് ഒരു പക്ഷേ ഇറാഖികളായിരിക്കും. ഹുസ്‌നി മുബാറകിനെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര കോടതി എത്രയും പെട്ടെന്ന് മുന്നോട്ട് വരേണ്ടതുണ്ട്. ഈ വമ്പന്‍ സ്രാവിന്റെ ഒളിച്ചോട്ടം അമേരിക്കന്‍- ഇസ്രയേല്‍ കൂട്ടുകെട്ടിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
ഭയത്തില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ ഈ ചെറുത്തുനില്‍പ് ഐതിഹാസികമെന്ന് ചരിത്രം രേഖപ്പെടുത്തും. അറബികള്‍ ലോകത്തിന് നല്‍കിയ മഹത്തായ പദമാണ് ഇങ്കിലാബ്. ഒരു ജനതയെ എക്കാലവും വിഡ്‌ഢികളാക്കാനാവില്ല. കല്ലു വെച്ച നുണകള്‍ മാത്രം കേട്ട് ശീലിച്ച ഒരു സമൂഹം ഒരു സുപ്രഭാതത്തില്‍ മാറിച്ചിന്തിച്ചതില്‍ ദൈവിക ഇടപെടല്‍ കരുത്ത് പകര്‍ന്നിട്ടുണ്ടാവും. ചരിത്രം മാറ്റി എഴുതുമ്പോള്‍ ലോകം എന്തൊക്കെ വിസ്‌മയങ്ങള്‍ക്കാണ് സാക്ഷികളാകുന്നത്.
വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ
ഖത്തര്‍
മുസ്‌ലിം ലീഗിലെ പിളര്‍പ്പ്
പ്രബോധനം 2011 ഫെബ്രുവരി 12 ലക്കത്തില്‍ എ.ആര്‍ എഴുതിയ `ജനാധിപത്യ സംവിധാനത്തെ ഗ്രസിച്ച മഹാവ്യാധി' എന്ന ലേഖനത്തില്‍ സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളെക്കുറിച്ചുള്ള പരാമര്‍ശമാണ് ഈ എഴുത്തിന് കാരണം.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്‌മാഈല്‍ സാഹിബിന്റെ നിര്യാണം മൂലം ഒഴിവ് വന്ന മഞ്ചേരി ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനാണ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ മന്ത്രിപദത്തില്‍ നിന്ന് പിന്‍വലിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് ജയിച്ചു. ചാക്കീരി അഹ്‌മദ് കുട്ടി വിദ്യാഭ്യാസമന്ത്രിയാവുമ്പോള്‍ ബാഫഖി തങ്ങള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളാണ് ചാക്കീരിയെ വിദ്യാഭ്യാസമന്ത്രിയായി പ്രഖ്യാപിക്കുന്നത്. മുസ്‌ലിം ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിലേക്ക് നയിച്ച ചില സംഭവ വികാസങ്ങളായിരുന്നു ഇത്.
പി.എ റഷീദ് തിരൂര്‍
തീവ്രവാദത്തിന്റെ പുറപ്പാട് ഇങ്ങനെയും
കശ്‌മീരിലെ തീവ്രവാദവേട്ടയും സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം കണ്ടെത്തലുമൊക്കെ നാം പത്രങ്ങളിലും ചാനലുകളിലും കാണാറുണ്ട്. പട്ടാള മേധാവികളും അവരുടെ ഏജന്റുമാരും കൂടി നടത്തുന്ന ചില തട്ടിപ്പുകളും വെട്ടിപ്പുകളും ദല്‍ഹിയില്‍ നിന്നു പുറത്തിറങ്ങുന്ന മില്ലി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
``മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ രാം പ്രസാദും മെഹബൂബ് ധര്‍ എന്നയാളും ചേര്‍ന്ന് ചില സ്ഥലങ്ങളില്‍ ആര്‍.ഡി.എക്‌സ് വസ്‌തുക്കള്‍ കൊണ്ടുവെക്കുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ വന്ന് ആര്‍.ഡി.എക്‌സ് കൈക്കലാക്കുകയും പത്രപ്രസ്‌താവനകളും മറ്റും നടത്തി ഗവണ്‍മെന്റില്‍നിന്ന് 30,000 രൂപ മുതല്‍ 50,000 രൂപ വരെ സമ്മാനവും പ്രമോഷനും കൈപ്പറ്റുകയും ചെയ്യുന്നു. ഇതിന്റെ കമീഷന്‍ എല്ലാവരും പങ്കിടുന്നു. 2009 ഫെബ്രുവരി മുതല്‍ 2010 ഒക്‌ടോബര്‍ വരെ ഇവര്‍ ഇങ്ങനെ 50 തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.
ചോദ്യംചെയ്യലില്‍ ധര്‍ പറയുന്നത്, മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ സത്‌നം സിംഗ് നല്‍കിയ നിര്‍ദേശമനുസരിച്ച് കുറച്ച് മണലും സിമന്റും പാറപ്പൊടിയും പാറപ്പൊട്ടിക്കുന്ന സ്‌ഫോടക വസ്‌തുക്കളും ചേര്‍ത്ത മിശ്രിതമാണ് ആര്‍.ഡി.എക്‌സ് എന്ന വ്യാജേന പല സ്ഥലങ്ങളിലും കൊണ്ടുവെക്കുന്നത് എന്നാണ്. പിടിച്ചെടുത്ത സ്‌ഫോടകവസ്‌തുക്കള്‍ അവിടെ വെച്ചുതന്നെ നിര്‍വീര്യമാക്കുകയും മേലിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും അത് പങ്കിട്ടെടുക്കുകയും ചെയ്യുന്നും.
സംസ്ഥാനവും കേന്ദ്ര ഗവണ്‍മെന്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഊര്‍ജിതമായി ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായി പറയുന്നുണ്ട്. സത്‌നം സിംഗ് സൈന്യവുമായി ബന്ധപ്പെട്ട വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണ് മണലും സിമന്റും പാറപ്പൊടിയും ആര്‍.ഡി.എക്‌സും കൊണ്ടുവരുന്നതും വ്യാജ സ്‌ഫോടനങ്ങള്‍ സൃഷ്‌ടിക്കുന്നതും. സിംഗ് ഇതിലേക്കായി 40,000 രൂപ തന്നിട്ടുണ്ടെന്നും ധര്‍ വെളിപ്പെടുത്തുന്നു.
ആപ്പിള്‍ പെട്ടികള്‍ വരുന്നത് സ്‌ഫോടക വസ്‌തുക്കള്‍ നിറച്ചാണ്. ധറും കൂട്ടരും ഇതൊരു കുടില്‍ വ്യവസായം പോലെയാണ് നടത്തിവന്നത്. ധര്‍ പറയുന്നത് 72 തവണ ഇതുപോലെ വ്യാജ സ്‌ഫോടക വസ്‌തുക്കള്‍ സൈനിക ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ്. ഓരോ വ്യാജ സ്‌ഫോടനത്തിനും പതിനായിരം രൂപ മുതല്‍ 80,000 രൂപ വരെ പാരിതോഷികമായി സൈനികോദ്യോഗസ്ഥര്‍ കൈപ്പറ്റുന്നുണ്ട്.
സ്‌ഫോടക വസ്‌തുക്കള്‍ വെച്ച വിവരം കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാഞ്ഞുചെന്ന് അവയെ അവിടെതന്നെ വെച്ച് നിര്‍വീര്യമാക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം വ്യാജ തീവ്രവാദ ഓപറേഷനുകളിലൂടെ ഖജനാവിന് നഷ്‌ടപ്പെടുന്നത് കോടികളാണ്.
ആസാമിലെ സില്‍ചാരില്‍ കേണല്‍ എച്ച്.എസ് കെടഹ്‌ലി എന്ന ഉദ്യോഗസ്ഥന്‍ സാധാരണ സിവിലിയന്മാരെ മിലിറ്റന്റ് ആക്കി ചിത്രീകരിച്ച് അവരുടെ ഫോട്ടോകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്ത് ധീരതക്കുള്ള അവാര്‍ഡ് തരപ്പെടുത്താറുണ്ടത്രെ. എഴുപതിനായിരം കോടി രൂപയാണ് ഓരോ വര്‍ഷവും കശ്‌മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്കായി ചെലവാക്കപ്പെടുന്നത്. കശ്‌മീരിലും ആസാമിലും മറ്റു സംസ്ഥാനങ്ങളിലും ബോംബ് നിര്‍വീര്യമാക്കിയ വാര്‍ത്ത കണ്ടാല്‍ ഇത്രയൊക്കയേ ഉള്ളൂവെന്ന് നമുക്ക് സമാധാനപ്പെടാം.'' (മില്ലി ഗസറ്റ് 2011 ജനുവരി 16-31).
ഖാന്‍ വെള്ളായണി
ഏകാധിപതികള്‍ക്ക് വിറ തുടങ്ങി
ഇസ്‌ലാമിന്റെ വിപ്ലവാഭിമുഖ്യവും വിമോചനപരതയും വ്യക്തമാക്കുന്ന, ഈജിപ്‌തിലെ ഏകാധിപതിക്കെതിരായ ഇസ്‌ലാമിസ്റ്റുകളുടെ വിജയം എല്ലാ സര്‍വാധിപത്യ ഭരണകൂടങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ടാവണം. തുനീഷ്യ മുതല്‍ ഈജിപ്‌ത് വരെയുള്ള ഇസ്‌ലാമിക നവജാഗരണത്തെ, പക്ഷേ നമ്മുടെ കൊച്ചു കേരളത്തിലെ സാമുദായിക സംഘടനകളും മതസംഘടനകളും കണ്ട ഭാവം നടിച്ചില്ല! നമ്മുടെ മതസംഘടനകളുടെ പള്ളി മിമ്പറുകളില്‍ ഇപ്പോഴും പ്രധാന ചര്‍ച്ചാ വിഷയം `തയമ്മും' തന്നെ. എന്നും ഏകാധിപതികളുടെ കോട്ടക്കൊത്തളങ്ങള്‍ ഇടിച്ചുതകര്‍ത്ത നൈലിന്റെ ചരിത്രം ഇക്കൂട്ടര്‍ തമസ്‌കരിച്ചാലും കാലം അതിന്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.
അബു നന്മണ്ട
മാനന്തേരി