വിലക്കയറ്റത്തിന്റെ വിലയൊടുക്കേണ്ടതാര് ?
ഡോ. കെ. മുഹമ്മദ് നജീബ്
ഉള്ളി എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞിരിക്കുന്നു. കിലോക്ക് വില ഇരുപത് രൂപയില്‍നിന്ന് 80-90 രൂപയിലേക്ക് പാഞ്ഞ് കയറി സകലമനുഷ്യരെയും കരയിപ്പിച്ച ഉള്ളിയിതാ പതിനെട്ട് രൂപയിലേക്ക് താഴ്ന്നിറങ്ങി പൊതുജനത്തെ നോക്കി അമര്‍ത്തിച്ചിരിക്കുന്നു; വിഡ്ഢികളേ, ആഗോളവല്‍ക്കരണത്തിന്റെ മറിമായങ്ങളെക്കുറിച്ച് നിങ്ങളെന്തറിഞ്ഞുവെന്ന മട്ടില്‍. ഉള്ളിക്ക് വില കുറഞ്ഞില്ലേ, ഇനിയെന്ത് വിലക്കയറ്റം എന്നതാണ് ചോദ്യം. ചാനലുകള്‍ ഇടവേളക്ക് ശേഷം കൂടുതല്‍ വിശദാംശങ്ങളുമായി തിരിച്ചെത്തിയിരിക്കുന്നു. സ്ക്രീനില്‍ ആഴ്ചകളോളം അലക്കി വെളുപ്പിക്കാന്‍ മുന്‍ മന്ത്രിയും അളിയനും ചേര്‍ന്നിറക്കിവെച്ച വിഴുപ്പുകള്‍ തന്നെ ധാരാളം. പോരെങ്കില്‍ 'അഴിമതിരാജ'മാര്‍ എസ് ബാന്‍ഡുകളായി ആകാശം മുട്ടെ വളരുന്നുമുണ്ട്. ഇതിനിടയില്‍ ആര്‍ക്കു വേണം വിലകുറഞ്ഞ വിലക്കയറ്റം!
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെട്ടുകൊണ്ടിരിക്കുന്ന ദരിദ്ര കോടികളുടെ കഥ ഇതല്ല. വില സകലപരിധിയും ലംഘിച്ച് അവരുടെ നെഞ്ചിലേക്ക് പടര്‍ന്നു കയറുകയാണ്. പലചരക്ക് കടയും പച്ചക്കറിക്കടയും അവര്‍ക്ക് ഭീതിയുടെ പര്യായങ്ങളായി മാറിയിരിക്കുന്നു. വിലകയറുമ്പോള്‍ ശീലം മാറ്റാന്‍ ഉപദേശിക്കാറുള്ള മന്ത്രിമാര്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുന്നു. മുട്ടയും പാലുമടക്കം സകലതിനും തീ വില തന്നെ. പച്ചക്കറികളും പയറുവര്‍ഗവും തഥൈവ. ഇങ്ങനെ 'വിലക്കടി'യേറ്റ് പുളയുന്നവന്റെ ദുരന്തത്തിന് മേലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയിരിക്കുന്നത്. മാസത്തില്‍ രണ്ട് തവണയെന്ന തോതിലാണ് പെട്രോള്‍ വിലവര്‍ധന. ചോദിക്കാനും പറയാനും ആളുണ്ടാവില്ലെന്ന് സര്‍ക്കാര്‍ എഴുതി ഒപ്പിട്ടു കൊടുത്തിരിക്കെ, പൊതുമേഖലാ സ്ഥാപനമാണെന്നതുകൊണ്ടുമാത്രം വില കൂട്ടാക്കാതിരിക്കുന്നതെന്തിന്? ഇതാണ് കമ്പനി വക നെഞ്ചൂക്ക്. കൂട്ടിയ പെട്രോള്‍ വിലയുടെ ചുവടുപിടിച്ച് ഓട്ടോ-ടാക്സി ലോറികളഖിലം സാധാരണക്കാരന്റെ കഴുത്തിന് പിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഭക്ഷണം ഒരു 'ലോറികൃഷി'യായി കൊണ്ടു നടക്കുന്ന കേരളത്തിന് ഇന്ധനവില ഇരട്ട ശക്തിയിലുള്ള ഇരുട്ടടിയാണെന്നത് കട്ടായം.
വില എന്തിനാണ് കയറിയതെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുമ്പില്‍ ഇരുട്ടില്‍ തപ്പുകയാണ് ഭരണകൂടം. ഇത്തവണ കാലവര്‍ഷം ചതിച്ചിട്ടില്ല. ഉല്‍പാദനക്കമ്മിയോ കൃഷി നഷ്ടമോ ഒന്നും കനത്ത തോതിലുണ്ടായിട്ടില്ലെന്ന് മന്ത്രി ആനന്ദ ശര്‍മതന്നെ ആണയിട്ടു പറയുന്നു. ഉള്ളിയടക്കം പല ചരക്കുകളും പതിവിലുമധികം കമ്പോളത്തില്‍ എത്തിയിട്ടുണ്ടെന്ന് ഉന്നതന്മാര്‍ പലരും ആവര്‍ത്തിക്കുന്നു. ഉല്‍പന്നങ്ങള്‍ ആവശ്യത്തിലേറെയുമുണ്ട്. ഉണ്ടാക്കി വില്‍ക്കുന്ന കര്‍ഷകന് കിട്ടുന്നതാകട്ടെ വെറും പുല്ലുവില. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യത്ത് രണ്ട് ലക്ഷത്തിലേറെ കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ ദിവസം പതിനാല് പേര്‍ എന്നതായിരുന്നു 2008-ലുള്ള അവസ്ഥ. അപ്പോള്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകനും വിശന്നിരിക്കുന്ന ഉപഭോക്താവിനുമിടയില്‍ ഉല്‍പന്നങ്ങള്‍ കൊള്ളയടിച്ച് വില വര്‍ധിപ്പിക്കുന്ന കറുത്ത കരങ്ങള്‍ ആരുടേതാണ്? എങ്ങോട്ട് എന്നറിയാതെ പ്രതികളില്ലാതെ പൊട്ടിവീഴുന്ന ഈ വിലക്കയറ്റാഘോഷങ്ങള്‍ ആരുടെ സൃഷ്ടിയാണ്? പഞ്ചസാരക്ക് പൊടുന്നനെ ഒരു വിലക്കയറ്റം (മന്ത്രി പവാര്‍ ജ്യോത്സ്യനല്ലാത്തത് കൊണ്ട് ക്ഷമിക്കാം). അത് നിലച്ചാല്‍ വില സവാളയിലേക്കൊരു ചാട്ടം. പിന്നീട് ഉള്ളിവിട്ട് പരിപ്പ് വിലയിലായി കുതിപ്പ്! അരി വിലയാണെങ്കില്‍ പറയുകയേ വേണ്ട. തികച്ചും അവിശ്വസനീയവും അസ്വാഭാവികവുമായ ഈ വിലപ്പെരുക്കത്തിന്റെ ഉള്ളുകള്ളിയെന്താണെന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്.
വിലക്കയറ്റത്തിന്റെ കാരണമായി പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടിമുങ്കന്മാരും തട്ടിമൂളിക്കുന്ന ന്യായങ്ങള്‍ കോണ്‍ഗ്രസ് നിലവാരം പോലുമില്ലാത്തതാണ്. രാജ്യത്തെ പൌരന്മാരുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചതാണത്രെ ഈ സാധന ഡിമാന്റിനും വിലക്കയറ്റത്തിനും കാരണം. പണം ആവശ്യത്തിന് കൈയിലുള്ളതു കൊണ്ട് നാട്ടുകാര്‍ കമ്പോളത്തിലിറങ്ങി സാധനങ്ങള്‍ വാങ്ങിത്തീര്‍ത്തു കളയുന്നു. അപ്പോള്‍ ക്ഷാമമുണ്ടാകും. സ്വാഭാവികമായും വില കയറും. ഇതൊക്കെയാണ് വിലക്കയറ്റ വിശദീകരണം. ആഗോള പട്ടിണി സൂചികയിലെ എണ്‍പത്തി എട്ട് രാഷ്ട്രങ്ങളില്‍ 66-ാമത് നില്‍ക്കുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖത്ത് നോക്കിത്തന്നെ പ്രധാനമന്ത്രി ഇത് പറയണം. ഈ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അന്‍പത്തി അഞ്ച് ശതമാനം (65 കോടി) ആളുകള്‍ ദരിദ്രരാണെന്ന് യു.എന്‍.ഡി.പിയുടെ ദാരിദ്യ്രരേഖ പറയുന്നു. ഇന്ത്യയിലെ ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ പരമ ദരിദ്രമായ ഇരുപത്തിയാറ് ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ ദരിദ്രന്മാരുണ്ടെന്നതാണ് കണക്ക്. ശ്രീമതി ഉത്സാ പട്നായിക്ക് ഉദ്ധരിച്ച കണക്കനുസരിച്ച് (ഹിന്ദു സെപ്റ്റംബര്‍ 4, 2010) ഇന്ത്യക്കാരന്റെ ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം 1991-ല്‍ 177 കി.ഗ്രാം ഉണ്ടായിരുന്നത് 1998-ല്‍ 151 കിലോ ആയി കുറഞ്ഞു. അവിടുന്നിങ്ങോട്ട് വീണ്ടും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ആഫ്രിക്കയിലേത് 196 കിലോഗ്രാമാണെന്നോര്‍ക്കണം.
ഈ ദരിദ്ര നാരായണന്മാര്‍ ചേര്‍ന്നാണത്രെ ഇന്ത്യന്‍ കമ്പോളത്തില്‍ ക്ഷാമമുണ്ടാക്കുന്നത്. എങ്കില്‍ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടിയ 2006 വരെയുള്ള കാലഘട്ടത്തില്‍ എന്തുകൊണ്ട് ഇത്രയും വലിയ ഒരു വിലക്കയറ്റം രാജ്യത്തുണ്ടായില്ലെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയില്ലേ? ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാരെല്ലാം അംബാനിമാരും ബിര്‍ളമാരുമായി മാറിയോ? വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ ചേര്‍ന്ന കാബിനറ്റ് സമിതി കണ്ടെത്തിയ വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം ഇതിനേക്കാള്‍ വിചിത്രവും അപകടകരവുമാണ്. ഇന്ത്യയിലെ അവശ്യ സാധനങ്ങളുടെ വിതരണ ശൃംഖല അതീവ ദുര്‍ബലവും അശാസ്ത്രീയവുമാണത്രെ. അതിനാല്‍ ചില്ലറ വ്യാപാര കുത്തക കമ്പനികള്‍ക്ക് കമ്പോളങ്ങള്‍ വിട്ടുകൊടുക്കുകയാണ് പരിഹാരം. അങ്ങനെ വിട്ടുകൊടുത്താല്‍ ശാസ്ത്രീയമായ നടത്തിപ്പ് വഴി അവര്‍ വില കുറച്ചു തരും എന്നതാണ് കണ്ടുപിടുത്തം. വിലക്കയറ്റത്തെ നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, അതിന്റെ മറവില്‍ വാള്‍മാര്‍ട്ടടക്കമുള്ള ചില്ലറ വ്യാപാര ഭീമന്മാരെ രാജ്യത്തിന്റെ വിപണിയിലേക്ക് കടത്തിവിടാനുള്ള നിഗൂഢനീക്കം നടത്തുകയാണ് നമ്മുടെ ഭരണാധികാരികള്‍. രാജ്യത്ത് ശാസ്ത്രീയമായി നടന്നുവന്ന റേഷന്‍ ന്യായവില ഷാപ്പുകളടക്കമുള്ള പൊതുവിതരണ സംവിധാനങ്ങളെ ഇഞ്ചിഞ്ചായി ഞെക്കിക്കൊല്ലുകയും എഫ്.സി.ഐ ഗോഡൌണുകള്‍ അടച്ചു പൂട്ടുകയും ചെയ്യുക. ബാക്കിയുള്ളവ റിലയന്‍സടക്കമുള്ള കുത്തക ഭീമന്മാര്‍ക്ക് നക്കാപിച്ചക്ക് പാട്ടത്തിന് വിട്ടുകൊടുക്കുക. ജനങ്ങളെ എ.പി.എല്ലും ബി.പി.എല്ലുമാക്കിത്തിരിച്ച് ധാന്യവിഹിതം അന്യായമായി വെട്ടിക്കുറക്കുക. ഇതെല്ലാം കാട്ടികൂട്ടിയിട്ട് വിതരണം കാര്യക്ഷമമല്ലെന്ന് ഉറക്കെ വിലപിക്കുക. ഒടുവില്‍ വിതരണം കാര്യക്ഷമമാക്കാനെന്ന പേരില്‍ കുത്തകകള്‍ക്ക് ഭക്ഷ്യധാന്യ വിപണിയെ തീറെഴുതുക. എന്ത് ലളിതം! എന്ത് ഭീകരം! ചില്ലറ വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന 20 കോടി ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലെന്ത്, രാജ്യത്തിന്റെ ഭക്ഷ്യ-ധാന്യ അവശ്യ വസ്തു ശേഖരത്തിന്റെ നിയന്ത്രണം മുഴുവന്‍ വാള്‍മാര്‍ട്ടും ടെസ്കോവും കെയര്‍ഫോറും കൈയടക്കിയാലെന്ത്?
അമേരിക്കയുമായും ഫ്രാന്‍സുമായും ഒപ്പിട്ടുപോയ കരാറുകളാണ് പ്രധാനം. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണും ഒരേ സ്വരത്തില്‍ ഇന്ത്യയോടാവശ്യപ്പെട്ട ഒരൊറ്റ കാര്യം കുത്തകകള്‍ക്ക് വേണ്ടി ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കണമെന്നതായിരുന്നു. 120 കോടി ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇന്ത്യയുടെ കമ്പോളത്തില്‍ അറുപത് ശതമാനവും അവശ്യവസ്തുക്കളുടെ ചില്ലറ വ്യാപാരമാണ് നടക്കുന്നത്. നഷ്ടസാധ്യതകളില്ലാത്ത ഈ മോഹന മാര്‍ക്കറ്റാണ് കുത്തക ഭീമന്മാരുടെ സുവര്‍ണ സ്വപ്നം. വിലക്കയറ്റത്തിന്റെ മൂര്‍ധന്യത്തില്‍ ഇപ്പോള്‍ കൂട്ടിക്കൊടുപ്പിനുള്ള മുഹൂര്‍ത്തം ആസന്നമായിരിക്കുന്നു. കുത്തകകളെ സ്വാഗതം ചെയ്യൂ, വിലക്കയറ്റത്തില്‍നിന്ന് രക്ഷപ്പെടൂ- ഇതാണ് നമ്മുടെ ഭരണകൂടത്തിന് ജനങ്ങളോട് പറയാനുള്ളത്. നിലവിലുള്ള ചില്ലറ കുത്തകകള്‍ തന്നെ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ പോലും സ്വന്തമാക്കി നടത്തിക്കൊണ്ടിരിക്കുന്ന പൂഴ്ത്തിവെപ്പ് മത്സരമാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണങ്ങളിലൊന്നെന്ന് അറിയാത്ത ആളല്ല പ്രധാനമന്ത്രി. പൂഴ്ത്തിവെപ്പ് പിടിക്കാനുള്ള റെയ്ഡ് പോലും വന്‍കിട വ്യാപാരികളുടെ ഭീഷണി ഭയന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന അപമാനകരമായ അനുഭവവും അദ്ദേഹത്തിനുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത്? ചോറുള്ളിടത്തില്ല അദ്ദേഹത്തിന്റെ കൂറെന്ന് മാത്രം.
ഒന്നുവ്യക്തം. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും അവരുടെ സര്‍ക്കാരുകളും പിന്തുടരുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ അനിവാര്യഫലമാണീ വിലക്കയറ്റം. പരിപാലിക്കേണ്ട സ്വന്തം നാടിനെ ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും നുകത്തില്‍ കെട്ടി ആഗോള മുതലാളിത്തത്തിന്റെ കാളച്ചന്തയിലേക്ക് ആട്ടിത്തെളിയിക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികള്‍. സകല ഭക്ഷ്യ സുരക്ഷാ നിയമങ്ങളും കാറ്റില്‍ പറത്തിയും സര്‍വ ഖജനാവുകളും പണയപ്പെടുത്തിയും ആര്‍ത്തിയുടെ അപ്പോസ്തലന്മാര്‍ക്കുവേണ്ടി രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടത് അവരാണ്. അവശ്യ സാധന നിയമത്തെ മാറ്റിമറിച്ചും തൊണ്ണൂറോളം അവശ്യസാധനങ്ങളുടെ അവധി വ്യാപാരം അനുവദിച്ചും ഭരണകൂടം പൂഴ്ത്തിവെപ്പിന് കൂട്ടുനിന്നു. ഊഹക്കച്ചവടത്തിന് വിടുവേല ചെയ്തു. 1980-ലെ കരിഞ്ചന്ത നിയമം മരവിപ്പിച്ച എന്‍.ഡി.എ സര്‍ക്കാര്‍ കുത്തകകളുടെ സ്വന്തം സര്‍ക്കാറായി. ഒരു പരിധിവരെ കുത്തകകളെ നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്ന എം.ആര്‍.ടി.പി നിയമം പരിഷ്കരിച്ച് കോംപറ്റീഷ്യന്‍ ആക്ടാക്കി കുത്തകകള്‍ക്ക് സര്‍ക്കാര്‍ വളക്കൂറുള്ള മണ്ണൊരുക്കി. 1962-ലെ ഫോര്‍വാര്‍ഡ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് എന്‍.ഡി.എ ഭരണകൂടം എടുത്തുമാറ്റി. ഒടുവിലിപ്പോള്‍ അവധി വ്യാപാര കേന്ദ്രങ്ങളിലെ കമ്പോള രാജാക്കന്മാര്‍ ലാപ്ടോപ്പുകള്‍ക്ക് മുന്നിലിരുന്ന് ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നു. വിലയിടിഞ്ഞ കര്‍ഷകനും നടുവൊടിഞ്ഞ നാട്ടുകാരനുമിടയില്‍ കള്ളപ്പണത്തിന്റെ ചുഴികളില്‍ പെട്ട് വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണിന്ന്. നാടിന്റെ അരിയും അത്താഴവും കുത്തക സംഭരണികളില്‍ പുഴുവരിക്കുന്നു. വയലേലകളും പച്ചക്കറിത്തോട്ടങ്ങളും മോണ്‍സാന്റോയും വീറ്റ്ബോര്‍ഡും ചേര്‍ന്ന് വളച്ചുകെട്ടുന്നു. സര്‍വ നിയന്ത്രണങ്ങളും വിട്ട കമ്പോളവും വിലയും സാധാരണക്കാരന്റെ നെഞ്ചിലേക്ക് മുക്രയിട്ടോടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
സബ്സിഡികള്‍ നിഷേധിച്ചും ഉല്‍പന്നത്തിന് വിലയിടിച്ചും കൃഷിയെയും കര്‍ഷകനെയും നേരത്തെ തന്നെ ഞെക്കിക്കൊന്നു. പൊക്കികാട്ടിയതാകട്ടെ വ്യവസായമായിരുന്നു. ആ വ്യവസായ വളര്‍ച്ചയാണ് രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 11.3 ല്‍നിന്ന് 2.7 ലേക്ക് താഴോട്ട് വളര്‍ന്നിരിക്കുന്നത്. എഴുപത്തി ഏഴ് ശതമാനം മനുഷ്യരും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനംകൊണ്ട് കഴിഞ്ഞുകൂടുന്ന (എ.ഡി.ബി പഠനം) ഈ രാജ്യത്തോട് നമ്മുടെ ഭരണാധികാരികള്‍ എത്ര തവണ മാപ്പു പറഞ്ഞാലാണീ നെറികെട്ട നയങ്ങളുടെ പാപത്തിന് പരിഹാരമാവുക. സര്‍വ പാപവും കേന്ദ്രത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ച് വാചകമേള നടത്തുകയെന്നതാണ് വിലക്കയറ്റത്തിന്റെ കേരള പരിഹാരം. നടുവില്‍ കുടുങ്ങി നരകജീവിതം നയിക്കുന്നത് നിസ്സഹായരായ ജനങ്ങളാണ്.