Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


നരിക്കാട്ടേരിയില്‍ പുലരുന്ന ദൈവിക നീതി

മതബോധവുമായി ചേര്‍ത്ത്‌ ഇത്രയും കാലം ആരോപിക്കപ്പെടാറുണ്ടായിരുന്ന ആ പ്രമാദമായ `ഭീകരത'യില്‍ നിന്ന്‌ നാദാപുരം നരിക്കാട്ടേരിയില്‍ പൊട്ടിയ ബോംബ്‌ എന്തുകൊണ്ടോ വേര്‍പെട്ടുപോയിരിക്കുന്നു. ഈ വക വിഷയങ്ങളില്‍ പൊതുവെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച്‌ വിലയിരുത്തുമ്പോള്‍ നരിക്കാട്ടേരി സംഭവം കോഴിക്കോട്ട്‌ ബസ്‌സ്റ്റാന്റിലേതിനേക്കാള്‍ ലക്ഷണമൊത്ത ഭീകരതയാണ്‌. ലക്ഷ്യസ്ഥാനങ്ങളില്‍ പൊട്ടിത്തകര്‍ക്കുന്നതിനു മുമ്പെ ഗൂഢാലോചനക്കാര്‍ക്കു മേല്‍ സ്വയം സംഹാരിയായി ചിതറിത്തെറിച്ച ബോംബ്‌. നാന്ദേഡിലെയും കാണ്‍പൂരിലെയും തെങ്കാശിയിലെയും ഗോവയിലെയും ഇതേ മട്ടിലുള്ള ദുര്‍മരണപ്പട്ടികയില്‍ ഹിന്ദുത്വ ഭീകരര്‍ മാത്രമാണ്‌ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്‌ലിംസംഘടനയുടെ പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നതിനിടയില്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട സ്ഥലമായി കേരളക്കരയിലെ നരിക്കാട്ടേരി മാറിയിരിക്കുന്നു. എങ്കിലും എന്തൊരു നിശ്ശബ്‌ദതയാണ്‌ ഇത്തവണ! തെരഞ്ഞെടുപ്പ്‌ എന്ന മഹാത്ഭുതവും അതിനു ശേഷം കള്ളപ്പണക്കാര്‍ മാര്‍ക്കറ്റിലൊഴുക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്ന പരശ്ശതം കോടികളുടെ നോട്ടുകെട്ടും നമ്മുടെ മാധ്യമങ്ങളെ പഠിപ്പിക്കുന്ന ആ വിധേയത്വം കണ്ടുനില്‍ക്കാന്‍ അസ്സലു ചേല്‌. മലയാള മനോരമ മുതല്‍ ഏഷ്യാനെറ്റ്‌ വരെയുള്ള മാധ്യമങ്ങള്‍ നരിക്കാട്ടേരിയിലെ ബോംബിന്റെ കാര്യത്തില്‍ അസാധാരണമായ സംയമനം പാലിക്കുന്നുണ്ട്‌. `ഇസ്‌ലാമിക ഭീകരതയുടെ' പടക്കങ്ങള്‍ പോലും മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടതിനു ശേഷവും വാര്‍ത്തയാവുന്ന സംസ്ഥാനത്താണ്‌ ഈ ബോംബുകള്‍ വെറും മത്താപ്പ്‌ പോലെ കത്തിയമരുന്നതെന്നോര്‍ക്കുക. സി.പി.എമ്മും ബി.ജെ.പിയും അന്യോന്യം തലവെട്ടിയാലും ബോംബെറിഞ്ഞാലും അവര്‍ക്ക്‌ ലഭിക്കുന്ന അതേ `രാഷ്‌ട്രീയ മാന്യത'യുടെ ഗുണഭോക്താക്കളാവുകയാണ്‌ മുസ്‌ലിം ലീഗ്‌. അതേസമയം പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇതങ്ങനെ കണ്ണടക്കാന്‍ പറ്റിയ കേസാണോ? മനുഷ്യരെ ഉന്നംവെക്കുക എന്നല്ലാതെ ബോംബുവെച്ച്‌ കൊല്ലപ്പെടേണ്ട വിധം നരിക്കാട്ടേരിയില്‍ ഒരു കുറുനരി പോലും ഇറങ്ങിയതായി മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ലീഗുകാര്‍ എന്തിന്‌ ഈ ബോംബുണ്ടാക്കി? ആരെയാണ്‌ അവര്‍ക്ക്‌ ഇതുപയോഗിച്ച്‌ ആക്രമിക്കേണ്ടിയിരുന്നത്‌?
ബോംബുണ്ടാക്കുന്നവര്‍ അതിനിടയില്‍ കൊല്ലപ്പെടുന്നത്‌ അത്യപൂര്‍വമായ സംഭവമാണ്‌. ഭീകരാക്രമണങ്ങളുടെ പേരില്‍ എക്കാലത്തും പഴി കേട്ടവര്‍ മുസ്‌ലിംകളാണെങ്കിലും അതുണ്ടാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവരെല്ലാം തന്നെ ഇന്നോളം ആര്‍.എസ്‌.എസ്‌-വി.എച്ച്‌.പി വളണ്ടിയര്‍മാരായിരുന്നു. ഈ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി തങ്ങളുടെ നിരപരാധിത്വം വാദിച്ചു നിന്നതും. ആ പ്രതിഛായയെയാണ്‌ നരിക്കാട്ടേരി സംഭവം തകര്‍ക്കുന്നത്‌. വിശിഷ്യ ആത്മസംയമനത്തിനും മതസൗഹാര്‍ദത്തിനും പേരുകേട്ട, ബാബരി മസ്‌ജിദ്‌ തകര്‍ത്ത കാലത്ത്‌ ഒരു ഓലപ്പടക്കം പോലും പൊട്ടിച്ചിട്ടില്ലെന്ന്‌ അവകാശപ്പെടുന്ന ഒരു സംഘടനയുടെ കുഞ്ഞാടുകളാണ്‌ മുസ്‌ലിം സമൂഹത്തിന്റെ ഈ പ്രതിഛായക്ക്‌ തീരാക്കളങ്കമുണ്ടാക്കുന്നത്‌. ഇസ്‌ലാമിനെ ചളി വാരിയെറിയുന്ന ചില അന്താരാഷ്‌ട്ര അജണ്ടകള്‍ക്ക്‌ ഇന്ത്യയില്‍ എങ്ങനെയെങ്കിലും അടിത്തറയുണ്ടാക്കുക എന്നതായിരുന്നു ആര്‍.എസ്‌.എസ്സുകാരുടെ ലക്ഷ്യം. അതുകൊണ്ടാണ്‌ നാന്ദേഡില്‍ ബോംബ്‌ സ്‌ഫോടനം നടന്ന ആര്‍.എസ്‌.എസ്‌ നേതാവിന്റെ വീട്ടില്‍ നിന്ന്‌ മുസ്‌ലിംകളുടെ കുര്‍ത്തയും കള്ളത്താടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെടുക്കാനായത്‌. അപ്പോഴൊക്കെയും മുസ്‌ലിം സമുദായത്തിലെ വിവേകമതികള്‍ മനസാ പ്രാര്‍ഥിച്ചിട്ടുള്ള ഒരു കാര്യമുണ്ട്‌. അറിയാതെയാണെങ്കിലും ഈ സംഭവങ്ങളിലൊന്നും മുസ്‌ലിം യുവാക്കളെ മറ്റുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടാവരുതേയെന്ന്‌. ഇന്ദ്രേഷ്‌ കുമാര്‍ രൂപീകരിച്ച മുസ്‌ലിം ഏകതാ മഞ്ചിന്റെ രണ്ട്‌ ചെറുപ്പക്കാര്‍ അജ്‌മീരില്‍ ബോംബുവെക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ മാത്രമാണ്‌ മുസ്‌ലിംകള്‍ക്കു നേരെ ആ മട്ടില്‍ ഉയര്‍ന്ന തെളിവ്‌ സഹിതമുള്ള ഒരേയൊരു ആരോപണം. പക്ഷേ ബോംബിന്റെ വഴിയില്‍ നേരും നെറിയുമില്ലാതെയാണ്‌ നരിക്കാട്ടേരിയിലെ ആ ചെറുപ്പക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്‌.
വളരെ ലളിതമായ ഒരു സംശയമുണ്ട്‌. ഈ ബോംബ്‌ അവര്‍ നിര്‍മിച്ചത്‌ നാദാപുരം അങ്ങാടിയിലോ മറ്റെവിടെയെങ്കിലുമോ പൊട്ടിക്കാന്‍ ആയിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുസ്‌ലിം സമുദായത്തെ കുറിച്ച ചര്‍ച്ച ഐസ്‌ക്രീമില്‍ നിന്ന്‌ വീണ്ടും ഭീകരാക്രമണങ്ങളിലേക്ക്‌ വഴി തിരിച്ചുവിടുകയല്ലേ അത്‌ ചെയ്യുമായിരുന്നത്‌? നാദാപുരത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ ഇതുണ്ടാക്കുമായിരുന്ന പ്രത്യാഘാതം ചിന്താതീതമാണ്‌. മതവും സമുദായവുമല്ല വലുതെന്നും ഒരു സംഘടന നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധിയാണ്‌ വലുതെന്നുമല്ലേ നരിക്കാട്ടേരിയിലെ ആ അഞ്ച്‌ ചെറുപ്പക്കാരുടെ ദുരന്തം നമ്മോടു വിളിച്ചു പറഞ്ഞത്‌? ഈ ബോംബുകള്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന വിധത്തില്‍ ഉപയോഗിക്കുമായിരുന്നില്ല എന്ന്‌ നമുക്കെങ്ങനെ വിശ്വസിക്കാനാകും? കേരളക്കരയെ ദൈവം തമ്പുരാന്‍ രക്ഷിച്ചു എന്നു തന്നെയാണ്‌ ഏറ്റവുമൊടുവില്‍ പറയാനാവുന്നത്‌.
ഇസ്‌ലാമിനകത്ത്‌ ഭീകരതക്ക്‌ വളം വെക്കുന്ന ചില ഗ്രന്ഥങ്ങളും ആശയസംഹിതകളുമുണ്ടെന്നും അവയുടെ ഉപാസകരെയാണ്‌ മുസ്‌ലിം സമൂഹവും രാജ്യവും കല്ലെറിയേണ്ടതെന്നും അങ്ങാടിയില്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നവരുടെ അനുയായികളാണ്‌ ഇപ്പോള്‍ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിമരിച്ചതെന്നോര്‍ക്കുക. `രാഷ്‌ട്രീയ ഇസ്‌ലാമി'നെതിരെ ഇക്കൂട്ടരുടെ പുറം ചൊറിയാന്‍ പാട്ടക്കരാറുണ്ടാക്കിയ ഒരു മുസ്‌ലിം മതസംഘടന ഉണ്ടായിരുന്നല്ലോ ഇവിടെ. അവര്‍ ഏതുമാളത്തില്‍ പോയൊളിച്ചു? അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരസംഘടനകളുടെ ആസ്ഥാനത്ത്‌ രചന നിര്‍വഹിക്കപ്പെടുന്ന പൂരപ്പാട്ടുകളുടെ രംഗാവിഷ്‌കാരവുമായിട്ടായിരുന്നു കഴിഞ്ഞ കുറെക്കാലമായി കേരളക്കരയുടെ സായാഹ്നങ്ങളെ ഈ മുസ്‌ലിം നേതാക്കള്‍ പുഷ്‌കലമാക്കിയത്‌. ഇസ്‌ലാമിന്റെ ഇമേജിനെ താറടിക്കാനാണ്‌ അന്തിമമായി തങ്ങള്‍ കൂട്ടുനില്‍ക്കുന്നതെന്നറിഞ്ഞിട്ടും അക്കാര്യത്തില്‍ ബൗദ്ധികമായി അത്യധ്വാനം ചെയ്‌ത ഇക്കൂട്ടര്‍ ഒടുവിലിപ്പോള്‍ അസിമാനന്ദമാരെ ലജ്ജിപ്പിച്ചിരിക്കുന്നു. ദൈവിക നീതി എന്നൊന്ന്‌ ഉണ്ടെങ്കില്‍ ഇതല്ലാതെയെന്ത്‌?

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly