സാമ്രാജ്യത്വത്തിന്റെ വൈതാളികര്‍
"ശീഈകളും അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനും അറബ് രാഷ്ട്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ 'ഏകാധിപത്യ ഭരണത്തിനെതിരെ പോരാട്ടം' എന്ന അജണ്ടയുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി. ശീഈകളുടെയും ഇഖ്വാന്റെയും കുടില താല്‍പര്യങ്ങള്‍ ഏറെ നാളത്തെ തിക്താനുഭവങ്ങളില്‍നിന്ന് ബോധ്യമായ അറബ് രാജ്യങ്ങള്‍ ഈ വിഷവേരുകള്‍ നീക്കാന്‍ ക്രിയാത്മക നീക്കങ്ങളാണ് നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാര കസേരകളിലെത്തി തീവ്ര ആശയങ്ങള്‍ പടര്‍ത്താനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങള്‍ അറബ് ലോകത്ത് അടിക്കടി പരാജയപ്പെടുന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. ശീഇകളുടെയും ഇഖ്വാന്റെയും ഏകാധിപത്യത്തിനെതിരെയുള്ള 'പോരാട്ടത്തിന്' അമേരിക്കയുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്നുണ്ട്. ജനപക്ഷത്തിന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് സയണിസ്റ് ഗൂഢാലോചനയെക്കുറിച്ച് ചിന്തിക്കാന്‍ എവിടെ സമയം. അധിനിവേശ ചിന്തകള്‍ മാത്രം പേറുന്നവര്‍ക്ക് ഇസ്ലാമിക ലോകത്ത് വിള്ളലുണ്ടാക്കുന്ന കക്ഷികള്‍ എന്നും ഹരമാണ്'' (അല്‍മനാര്‍ മാസിക പുസ്തകം 56, ലക്കം 6, ഫെബ്രുവരി 2011). മുജീബിന്റെ പ്രതികരണം?
എന്‍.വി മുഹമ്മദലി പുളിക്കല്‍
പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യും തിരുമേനിയുടെ മഹാന്മാരായ ശിഷ്യന്മാരും കാലഘട്ടത്തിലെ രണ്ട് സാമ്രാജ്യങ്ങളെ തകര്‍ത്തു ജനകോടികളെ അവരുടെ അടിമത്ത നുകങ്ങളില്‍ നിന്ന് മോചിപ്പിച്ച് തൌഹീദിന്റെ ധ്വജവാഹകരും സത്യത്തിന്റെ ധര്‍മഭടന്മാരുമാക്കിയ സംഭവം ചരിത്രത്തെ രോമാഞ്ചം കൊള്ളിച്ച മഹാ വിസ്മയമാണ്. അതില്‍ നിരാശരും അസൂയാലുക്കളുമായ രാജക്കന്മാരും പുരോഹിതന്മാരും മൂന്ന് നൂറ്റാണ്ടുകാലം ഇസ്ലാമിക ഖിലാഫത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയായിരുന്നു കുരിശുയുദ്ധങ്ങള്‍. പക്ഷേ, ഇസ്ലാമിന്റെ ധീര സന്തതിയായ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശുയോദ്ധാക്കളില്‍ നിന്ന് അന്തിമമായി ഇസ്ലാമിക പുണ്യ ഗേഹങ്ങളെ മോചിപ്പിച്ചു. ചെങ്കീസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയരുടെ പടയോട്ടമായിരുന്നു മുസ്ലിം ലോകം നേരിട്ട മറ്റൊരു വലിയ വിപത്ത്. അധികം താമസിയാതെ അതില്‍ നിന്ന് മോചിതരാവാനും ഇസ്ലാമിക ഖിലാഫത്തിന് സാധിച്ചു. യൂറോപ്യന്‍ സാമ്രാജ്യത്വങ്ങളുടെ അധിനിവേശമാണ് പിന്നീടുണ്ടായത്. ജിഹാദിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് സ്വാതന്ത്യ്ര പോരാളികളുടെ നിരന്തരമായ ചെറുത്തുനില്‍പിന്റെ ഫലമായി ബ്രിട്ടീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഡച്ച് കോളനിവാഴ്ചക്കാരും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ കെട്ടുകെട്ടേണ്ടിവന്നു. ഇസ്ലാം ഒരിക്കലും ഒരു ദൈവവിരുദ്ധ ശക്തിക്കും വഴങ്ങാത്ത സ്വന്തമായ അസ്തിത്വവും വ്യക്തിത്വവുമുള്ള അന്യൂന പ്രത്യയശാസ്ത്രമാണെന്ന ബോധവും ബോധ്യവുമായിരുന്നു വിജയകരമായ ഈ ചെറുത്തുനില്‍പുകള്‍ക്കെല്ലാം വിശ്വാസികള്‍ക്ക് പ്രേരണയും ആവേശവുമായത്. ആരാധനാ കാര്യങ്ങളിലും അനുഷ്ഠാനങ്ങളിലും തര്‍ക്കിച്ചു കാലംകഴിക്കുന്ന പൌരോഹിത്യജന്യ മതമാണ് ഇസ്ലാമെന്ന് പൂര്‍വ സൂരികള്‍ ധരിച്ചുവശായിരുന്നെങ്കില്‍ അതെന്നോ ചരിത്രത്തിന്റെ ഭാഗമായേനെ.
സ്വാതന്ത്യ്രാനന്തര മുസ്ലിം ലോകത്ത് സാമ്രാജ്യത്വ-സയണിസ്റ് ഉപജാപങ്ങളുടെ ഫലമായി ഏകാധിപതികളും കുടുംബവാഴ്ചക്കാരും അധികാരമുറപ്പിക്കുന്ന സാഹചര്യമാണ് നിര്‍ഭാഗ്യവശാല്‍ നിലവില്‍ വന്നത്. തങ്ങളുടെ ദുര്‍ഭരണത്തിന് മതപരമായ സാധൂകരണമുണ്ടാക്കാന്‍ അവര്‍ ആസ്ഥാന പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൂട്ടുപിടിച്ചു. അവര്‍ക്കായി ഇസ്ലാമിന്റെ ബാഹ്യചിഹ്നങ്ങളും മറുവശത്ത് അന്ധവിശ്വാസ ജടിലമായ ഒരു മതവും നിലനിര്‍ത്താന്‍ എല്ലാ ഒത്താശകളും ചെയ്തു. തുനീഷ്യയിലെ സൈനുല്‍ ആബിദ് ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നി മുബാറകും ചെയ്തത് അതാണ്. ലിബിയയിലെ ഖദ്ദാഫിയും യമനിലെ അലി അബ്ദുല്ല സ്വാലിഹും ജോര്‍ദാനിലെ അബ്ദുല്ല രാജാവും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. വിശ്വാസികളായ ജനങ്ങള്‍ക്ക് ഒരിസ്ലാമിക ജനാധിപത്യ ക്രമം രാജ്യത്ത് സംസ്ഥാപിക്കാനുള്ള എല്ലാ അവസരവും അവര്‍ നിഷേധിക്കുന്നു. പകരം, പ്രമാണിമാരും സമ്പന്നരും സുഖലോലുപതയില്‍ ആറാടുകയും ജനങ്ങളില്‍ മഹാഭൂരിഭാഗവും ദാരിദ്യ്രവും പട്ടിണിയും നിരക്ഷരതയും പങ്കുവെക്കുകയും ചെയ്യുന്ന, സാമൂഹികനീതി കണികാണാന്‍ പോലും കഴിയാത്ത, അധാര്‍മികതയില്‍ മുച്ചൂടും മുങ്ങിക്കുളിച്ച ഭരണകൂടങ്ങളെയാണ്, ഈ ഭരണാധികാരികള്‍ പതിറ്റാണ്ടുകളായി പട്ടാള ശക്തിയുടെ പിന്‍ബലത്തില്‍ നിലനിര്‍ത്തുന്നതെന്ന് കുട്ടികള്‍ക്ക് പോലും അറിയാം. അതിനാകട്ടെ അവര്‍ക്ക് പിന്തുണ, ക്യാമ്പ് ഡേവിഡ് കരാറിലും ഓസ്ലോ കരാറിലും ഒപ്പിട്ടതിന്റെ പേരിലും ഫലസ്ത്വീന്‍ പ്രശ്നത്തെ കുഴിച്ചുമൂടിയതിന്റെ പേരിലും പ്രത്യുപകാരം ചെയ്യാന്‍ ബാധ്യസ്ഥരായ അമേരിക്കയും ബ്രിട്ടനും ഇസ്രയേലുമാണ്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴമൊഴി പോലെ ഗതിമുട്ടിയ ജനങ്ങള്‍ എല്ലാ ഭിന്നതകളും വിസ്മരിച്ചു ഒറ്റക്കെട്ടായി തെരുവിലിറങ്ങി സാമ്രാജ്യത്വ-സയണിസ്റ് പാവകളായ സ്വേഛാധിപതികള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നതും ഗത്യന്തരമില്ലാതെ രക്തരക്ഷസ്സുകള്‍ നാടുവിടുന്നതുമാണ് ലോകം കാണുന്നത്. ആവേശകരമായ ഈ ചരിത്രസന്ധിയിലും ഇഖ്വാന്‍വിരോധവും ശീഇസത്തോടുള്ള കുടിപ്പകയും നിമിത്തം ബേജാറിലായ കേരളത്തിലെ മുജാഹിദ് പുരോഹിതന്മാര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണ് അവരുടെ കുഴലൂത്ത് എന്ന് സംശയിക്കേണ്ടതുമില്ല. എന്നും ഏകാധിപത്യങ്ങളോടും ജീര്‍ണതകളോടും ചൂഷക പരിഷകളോടും സമരസപ്പെടാന്‍ വിധിക്കപ്പെട്ടവരാണവര്‍.
ഈജിപ്തിലെ ജനകീയ വിപ്ളവം ഏതെങ്കിലും പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ വകയല്ലെന്നും മുസ്ലിം-ക്രിസ്ത്യന്‍-ഇടത്-വലത്-സ്ത്രീ-പുരുഷ കൂട്ടായ്മയുടെ വിജയമാണതെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തുറന്നു പറയുമ്പോള്‍ ഇഖ്വാനെ മാത്രം കാണാനേ നമ്മുടെ സലഫികളുടെ കണ്ണിന് ശക്തിയുള്ളൂ. ഇഖ്വാനാകട്ടെ വിപ്ളവാനന്തര ഈജിപ്തിനെ നേരായ ദിശയില്‍ നയിക്കാന്‍ ശേഷിയുള്ള ഏക സുസംഘടിത ശക്തിയാണെന്ന് മതേതരവാദികള്‍ പോലും സമ്മതിക്കുകയും ചെയ്യുന്നു. ഈജിപ്ഷ്യന്‍ സലഫികളും മാറ്റത്തിന് അനുകൂലമാണെന്നതാണ് കൌതുകകരമായ കാര്യം. നമ്മള്‍ കാണുന്ന 'അപകടം' അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല!
രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച ആശങ്ക
മതത്തില്‍ രാഷ്ട്രീയമുണ്ടെങ്കിലും മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ഇടങ്ങളിലെല്ലാം സ്വസ്ഥതയും സ്വൈരവും നഷ്ടപ്പെട്ട കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇതിനാലായിരിക്കില്ലേ കേരളത്തിലെ മതവേദികളില്‍നിന്നൊക്കെ 'മതം വേറെ, രാഷ്ട്രീയം വേറെ' എന്നൊക്കെ നിരന്തരം മുഴങ്ങികേള്‍ക്കുന്നത്? മാത്രമല്ല, തികച്ചും മതാഭിമുഖ്യമുള്ള ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെട്ടുവരുമ്പോള്‍ മദ്യം, പലിശ, ലോട്ടറി തുടങ്ങിയ തിന്മകളോട് എങ്ങനെയായിരിക്കും അത് പ്രതികരിക്കുക എന്നതും കേരള ജനതക്ക് അങ്കലാപ്പുണ്ടാക്കില്ലേ? പലിശാധിഷ്ഠിത ബാങ്ക് തെരഞ്ഞെടുപ്പിലും അതുപോലുള്ള മറ്റു സ്ഥാനമാനങ്ങളിലും ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടുകള്‍ എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടാവില്ലേ?
അലി പട്ടാമ്പി, രിയാദ്
എവിടെയാണ് ഇസ്ലാം രാഷ്ട്രീയത്തില്‍ ഇടപെട്ടത്, എവിടെയാണ് അതിന്റെ പേരില്‍ കുഴപ്പമുണ്ടായത്? സാങ്കല്‍പിക ഭയപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ എന്തര്‍ഥം? ഇന്ന് സുഊദി അറേബ്യയിലും ഇറാനിലും മാത്രമാണ് മതം ഏതെങ്കിലും തരത്തില്‍ ഭരണത്തില്‍ ഇടപെടുന്നുള്ളൂ. മറ്റു മതേതര രാജ്യങ്ങളിലില്ലാത്ത ഒരു കുഴപ്പവും അതിന്റെ പേരില്‍ അവിടെ ഇല്ലെന്നത് ഒരു കാര്യം. മറ്റൊന്ന്, യഥാര്‍ഥ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥയാണ് ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് അവകാശപ്പെടാനാവില്ല താനും. കേരളത്തിലോ ഇന്ത്യയിലോ, മതം രാഷ്ട്രീയത്തിലിടപെടണമെന്ന് വാദിക്കുന്ന ഒരു പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നില്ല. ഇസ്ലാമിനെ വിശ്വാസപരമായും പ്രായോഗികമായും സ്വീകരിച്ച ഒരു ജനത അവരുടെ ഭരണക്രമത്തെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കാന്‍ ബാധ്യസ്ഥരാണ്. ഇസ്ലാമിനെ താത്ത്വികമായി അംഗീകരിക്കാത്ത ഒരു ജനതയുടെ മേല്‍ അതിന്റെ ഭരണക്രമം ഉള്‍പ്പെടെ ഒരു കാര്യവും അടിച്ചേല്‍പിക്കാനാവില്ല, ഇസ്ലാം അതനുവദിക്കുന്നുമില്ല.
ഇസ്ലാമിനെ സമ്പൂര്‍ണമായി പ്രബോധനം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിനും അതിന്റെ മൌലിക തത്ത്വങ്ങളോ ഗുണങ്ങളോ പരിണതികളോ മറച്ചുവെക്കാനാവില്ല. സ്വാഭാവികമായും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം മദ്യം, പലിശ, ചൂതാട്ടം പോലുള്ള തിന്മകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുന്നു. തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായും നിര്‍വഹിക്കുന്ന ഈ ബോധവത്കരണത്തെ ആരും ഭയക്കേണ്ട കാര്യമില്ല. രൂപവത്കരിക്കാന്‍ പോവുന്ന രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ധാര്‍മിക രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയില്‍ തിന്മകളെ തിന്മകളായിത്തന്നെ കാണും. അത് ശരിയായി തോന്നുന്നവര്‍ അതുമായി സഹകരിക്കും. അല്ലാത്തവര്‍ എതിര്‍ക്കും. അതിലെന്ത് വിശേഷമിരിക്കുന്നു?
പാര്‍ട്ടിയില്‍ സര്‍വര്‍ക്കും അംഗത്വം
ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പിറക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ സ്വാഗതം ചെയ്യുമെന്ന് കേള്‍ക്കുന്നു. ഏത് മതത്തിലും മത സംഘടനയിലും പെട്ട പ്രവര്‍ത്തകരുടെയും പ്രാതിനിധ്യമുണ്ടാകുമെന്നും പറയപ്പെടുന്നു. അതായത്, മുജാഹിദുകാരനായ ഒരാള്‍ക്ക് മതപരമായി മുജാഹിദും രാഷ്ട്രീയപരമായി ജമാഅത്തും ആകാമെന്നോ?
സി.പി അബ്ദുല്‍ മജീദ്, കരിപറമ്പ്, ചെമ്മാട്
ജാതി മത വിഭാഗീയ ഭേദം കൂടാതെ എല്ലാ ഇന്ത്യക്കാര്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടിയുടെ രൂപവത്കരണമാണ് ഉദ്ദേശ്യം. മുസ്ലിംകളില്‍ മദ്ഹബുകളെ പിന്‍പറ്റുന്നവര്‍ക്കും അല്ലാത്തവര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവാന്‍ ഒരു തടസ്സവും ഉണ്ടാവില്ല. അത്തരം കാര്യങ്ങളില്‍ ഇടപെടാത്ത വിധമായിരിക്കും പാര്‍ട്ടിയുടെ ഘടനയും പ്രവര്‍ത്തനവും.
ഇസ്ലാം-മതനിരപേക്ഷ സഹവര്‍ത്തിത്വം
"ശക്തമായ മതനിരപേക്ഷാ ജനാധിപത്യ ശക്തികള്‍ക്കും ഇസ്ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ച് നീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം''- 'ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നു' എന്ന തലക്കെട്ടില്‍ 14.2.2011-ന് പ്രകാശ് കാരാട്ട് ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.
എന്തുകൊണ്ട് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ അഴിമതിക്കും അക്രമത്തിനും ജീര്‍ണതക്കുമെതിരെ ഇസ്ലാമിസ്റുകള്‍ക്കും കമ്യൂണിസ്റുകള്‍ക്കും ഒരുമിച്ച് പോരാട്ടം നടത്തിക്കൂടാ?
ഇസ്മാഈല്‍ പെരിമ്പലം
ലോകത്തിന്റെ മേല്‍ സാമ്രാജ്യത്വവും സയണിസവും മൂലധനശക്തികളും പിടിമുറുക്കുമ്പോള്‍ അതിനെതിരെ, ഇരകളെല്ലാം ഐക്യപ്പെടുകയും യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുകയും വേണമെന്നാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ആദ്യമേ ഉയര്‍ത്തിക്കാട്ടിയ ആശയം. മനുഷ്യ സമൂഹം നേരിടുന്ന പൊതു ഭീഷണിക്കെതിരെ ഒന്നിക്കുക എന്നത് ഇസ്ലാമിന്റെ തന്നെ തത്ത്വവും താല്‍പര്യവുമാണ്. ഈജിപ്തിലെ ഇപ്പോഴത്തെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പില്‍ എല്ലാ ജനപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും പങ്കാളികളാണ്. ഇഖ്വാനുല്‍ മുസ്ലിമൂനും ഇടതുപക്ഷവുമെല്ലാം അവരിലുണ്ട്. അതേപ്പറ്റിയാണ് സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശം. അദ്ദേഹത്തിന്റെ വീക്ഷണം പാര്‍ട്ടിയുടെ പൊതു നിലപാടാണെങ്കില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനവുമായി സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷകശക്തികള്‍ക്കും ഫാഷിസത്തിനുമെതിരെയും ദേശീയ വിപത്തായ അഴിമതിക്കെതിരെയും കൈകോര്‍ക്കാന്‍ ഒരു തടസ്സവും സി.പി.എമ്മിനുണ്ടാവേണ്ടതില്ല. ഭൂതകാല വരട്ടു തത്ത്വവാദങ്ങള്‍ ആരുടേതായാലും അതിന് വിഘാതമാവേണ്ടതുമില്ല. അതിനര്‍ഥം പരസ്പരം വിമര്‍ശനം പാടില്ലെന്നോ പാളിച്ചകള്‍ ചൂണ്ടിക്കാട്ടരുതെന്നോ അല്ല താനും.
ബിദ്അത്തിനോടുള്ള സഹകരണം
ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും പുരോഗമനാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നിട്ടും വിയോജിപ്പിന്റെ തലങ്ങള്‍ രൂപപ്പെട്ടത് ഇസ്ലാമിക പ്രബോധനത്തിന്റെ മുന്‍ഗണനാക്രമത്തെ ചൊല്ലിയാണല്ലോ. ആണ്ടു നേര്‍ച്ച, ഉറൂസ്, ഖബ്റാരാധന തുടങ്ങിയ ശിര്‍ക്ക്-ബിദ്അത്തുകള്‍ ശക്തി പ്രാപിക്കുമ്പോള്‍ ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ തൌഹീദിനെ തമസ്കരിക്കാന്‍ എന്തു ന്യായീകരണമാണുള്ളത്?
നബിദിനാഘോഷം ശുദ്ധ ബിദ്അത്താണെന്നറിഞ്ഞിട്ടും അന്നേ ദിവസം തന്നെ ക്വിസ് പ്രോഗ്രാം നടത്തിയും സേവന ദിനമാചരിച്ചും അനാചാരങ്ങളോട് രാജിയാവുന്നതെന്തിന്? ഇന്ത്യയെപോലുള്ള മതനിരപേക്ഷ രാജ്യത്ത് അന്ത്യനാള്‍ വരെ പ്രവര്‍ത്തിച്ചാലും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? തൌഹീദ് തുറന്നു പറയാന്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്തിനാണ് ഭയം?
സലീന സമദ് കല്ലടിക്കോട്
ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും തമ്മിലെ വിയോജിപ്പ് പ്രബോധനത്തിന്റെ മുന്‍ഗണനാക്രമത്തെചൊല്ലി മാത്രമല്ല; ഇസ്ലാമിന്റെ സമഗ്രതയും തുല്യ പ്രാധാന്യമുള്ള വിഷയമാണ്. കേരളത്തിലെ മുജാഹിദുകള്‍ പരിമിതാര്‍ഥത്തിലുള്ള ഒരു മതസങ്കല്‍പം വെച്ചുപുലര്‍ത്തുകയും ആ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്ലാമി തൌഹീദിന് വിശാലവും പൂര്‍ണവുമായ വിവക്ഷ നല്‍കുന്നതോടൊപ്പം, ഇസ്ലാമിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വശങ്ങള്‍ക്കും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നു. മുജാഹിദുകളാവട്ടെ പ്രസ്തുത രംഗങ്ങളില്‍ ഇസ്ലാമിതര പ്രത്യയശാസ്ത്രങ്ങളുടെ ആശയപരമായ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നേയില്ല.
ശിര്‍ക്ക് -ബിദ്അത്തുകള്‍ നിരന്തരവും ശക്തവുമായ ബോധവത്കരണത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്ന കാര്യത്തില്‍ ജമാഅത്തിന് ഭിന്നാഭിപ്രായമില്ല. ജമാഅത്ത് മഹല്ലുകളിലും വൃത്തങ്ങളിലും ഒരുവിധ ശിര്‍ക്ക്-ബിദ്അത്തുകളും നടക്കുന്നില്ല താനും. എന്നാല്‍ സലഫികള്‍ ശിര്‍ക്ക്-ബിദ്അത്തുകളുടെ പട്ടികയില്‍ പെടുത്തിയതെല്ലാം അങ്ങനെത്തന്നെയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നാല് സുന്നീ മദ്ഹബുകളിലേതെങ്കിലും ഒന്ന് അംഗീകരിച്ച ചില ആചാരങ്ങള്‍ അപ്പടി ബിദ്അത്താണെന്ന് വിധി കല്‍പിക്കാന്‍ വയ്യ. ഇജ്തിഹാദിന്റെയും വ്യാഖ്യാനത്തിന്റെയും ഫലമാണത്. നബിദിനാഘോഷം മതചടങ്ങായി മുടങ്ങാതെ നടത്തുമ്പോള്‍ അത് ബിദ്അത്താണ്. എന്നാല്‍ റബീഉല്‍ അവ്വലില്‍ പ്രവാചകനെ അനുസ്മരിക്കുകയും തിരുമേനിയുടെ അധ്യാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളെല്ലാം ബിദ്അത്താണെന്ന അഭിപ്രായം മറ്റു പലര്‍ക്കുമെന്ന പോലെ ജമാഅത്തിനുമില്ല. ഇക്കൊല്ലം അമുസ്ലിംകള്‍ക്ക് പ്രവാചക സന്ദേശം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരം നടത്തി. എന്നു വെച്ച് അടുത്ത വര്‍ഷം അതാവര്‍ത്തിക്കണമെന്നില്ല. മറ്റു നല്ല കാര്യങ്ങളില്‍ നിന്ന് ഭിന്നമായി പ്രത്യേക പുണ്യകര്‍മമാണ് അത് എന്ന വിശ്വാസവുമില്ല. തിരുവനന്തപുരം പാളയം പള്ളിക്കമ്മിറ്റി വര്‍ഷംതോറും നടത്താറുള്ള പ്രവാചക ജീവിതത്തെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരയില്‍ സലഫി പണ്ഡിതന്മാരും പങ്കെടുക്കാറുണ്ടല്ലോ.
മതേതരത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ലോകാവസാനം വരെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനാവില്ല എന്ന തീര്‍പ്പ് കേവലം വൈകാരികവും ഉപരിപ്ളവവുമാണ്. സഹസ്രാബ്ദങ്ങളായി ശിര്‍ക്കില്‍ ആണ്ടുകിടന്നിരുന്ന ഇന്ത്യയില്‍ തൌഹീദിന്റെ സന്ദേശം ഗണ്യമായി സ്വീകരിക്കപ്പെടുകയും എട്ട് നൂറ്റാണ്ട് കാലം മുസ്ലിം ഭരണം പോലും നടക്കുകയും ചെയ്തില്ലേ? ലോകത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കിയ കമ്യൂണിസം ഇന്നെന്തായി? മാറ്റം അസാധ്യമെന്ന് കരുതപ്പെട്ട ഈജിപ്തിലും തുനീഷ്യയിലും ഇപ്പോള്‍ സംഭവിച്ചതെന്ത്? തീവ്രമതേതരത്വം ഏഴ് പതിറ്റാണ്ടുകാലം വാണ തുര്‍ക്കി ഇന്ന് ഏത് വഴിക്ക് നീങ്ങുന്നു? ഇന്ത്യയില്‍ ജീവിക്കുന്നത് ദൈവസൃഷ്ടികളായ മനുഷ്യരാണെങ്കില്‍ അവര്‍ക്ക് ദൈവിക സന്മാര്‍ഗം പൂര്‍ണാര്‍ഥത്തില്‍ ഒരു കാലത്തും ലഭിക്കുകയില്ലെന്ന് എന്തടിസ്ഥാനത്തിലാണ് വാദിക്കുന്നത്?
ഇനി മുജാഹിദുകള്‍ പറയുന്ന തൌഹീദിന്റെ കാര്യം. ഒമ്പത് പതിറ്റാണ്ടെങ്കിലുമായി കേരളത്തില്‍ ഇസ്ലാഹി പ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇന്നും സമുദായത്തിലെ ഭൂരിപക്ഷം ശിര്‍ക്ക്-ബിദ്അത്തുകാരുടെ കൂടെയാണ്. എന്നല്ല പോയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരട്ടിശക്തിയില്‍ തിരിച്ചുവരികയാണ്. മുമ്പില്ലാത്ത കേശപൂജ പോലും ആരംഭിച്ചിരിക്കുന്നു. മതേതര രാഷ്ട്രീയക്കാരുടെ പിന്തുണയും അവര്‍ക്ക് നിര്‍ലോഭം ലഭിക്കുന്നു. എങ്കില്‍ പിന്നെ മുജാഹിദുകള്‍ തൌഹീദ് പ്രചാരണം നിര്‍ത്തി വേറെ പണിക്ക് പോകുമോ?
അസാധുവായ ജുമുഅ നമസ്കാരം?
"എം.എസ്.എഫ് സമ്മേളനവേദിയില്‍ നടന്ന ജുമുഅ നമസ്കാരം ഇസ്ലാമിക കര്‍മശാസ്ത്ര പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം കുറ്റപ്പെടുത്തി.. കേരള മുസ്ലിംകളില്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ അണിനിരന്ന മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗത്തിലെ ഔദ്യോഗിക വേദിയില്‍ ഇങ്ങനെ സംഭവിച്ചത് ഖേദകരമാണ്. അജ്ഞത മൂലം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അത് സദുദ്ദേശപൂര്‍വം തിരുത്താനുള്ള സൌഹൃദപൂര്‍ണമായ ശ്രമങ്ങളെ അവഗണിക്കുന്നത് ധിക്കാരപരമാണ്. മഹാന്മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ നിക്ഷിപ്ത താല്‍പര്യക്കാരുടെ ആലയില്‍ തളക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് യോഗം ഓര്‍മിപ്പിച്ചു'' (മാധ്യമം 19.2.2011). യഥാര്‍ഥത്തില്‍ അവിടെ നടന്നതെന്താണ്? ജുമുഅ നമസ്കാരം മാത്രമാണെങ്കില്‍ അതിലെന്താണ് തെറ്റ്?
പി.വി.സി മുഹമ്മദ് പൊന്നാനി
ശാഫിഈ മദ്ഹബ് പ്രകാരം ജുമുഅ നിര്‍ബന്ധമില്ലാത്ത രോഗികള്‍, യാത്രക്കാര്‍, കുട്ടികള്‍ എന്നിവരെ ചേര്‍ത്ത് ജുമുഅ തട്ടിക്കൂട്ടിയാല്‍ അത് അസാധുവാണ്. താല്‍ക്കാലിക തമ്പുകളില്‍ താമസിക്കുന്നവര്‍ക്കും ജുമുഅയില്ല. പലേടങ്ങളില്‍ നിന്നെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ജുമുഅ സംഘടിപ്പിച്ചത് അസാധുവാണ് എന്ന് ഫത്വ നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫിനെ പ്രേരിപ്പിച്ചത് ഇതാവാം.
എന്നാല്‍ നിര്‍ബന്ധമില്ലെങ്കിലും രോഗികളും യാത്രക്കാരും അടിമകളും മറ്റും ജുമുഅയില്‍ പങ്കെടുക്കുന്നതാണ് എനിക്കിഷ്ടം എന്ന് ഇമാം ശാഫിഈ വ്യക്തമാക്കിയിട്ടുണ്ട്. ജുമുഅ നിര്‍ബന്ധമുള്ള ഇതുപോലുള്ള കാര്യങ്ങളില്‍ അന്ധമായ മദ്ഹബ് ശാഠ്യങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും ചൈതന്യത്തിന് നിരക്കുന്നതല്ല. നൂറുക്കണക്കിനാളുകള്‍ക്ക് തൊട്ടടുത്ത ജുമുഅത്ത് പള്ളി സൌകര്യപ്രദമല്ലെങ്കില്‍, അവര്‍ നമസ്കാരമുപേക്ഷിക്കുന്നതോ ളുഹ്ര്‍ നമസ്കരിക്കുന്നതോ അല്ല, ജുമുഅ തന്നെ സംഘടിപ്പിക്കുന്നതാണ് ശരി എന്ന് നേരെ ചൊവ്വെ ചിന്തിക്കുന്നവര്‍ ന്യായമായും കരുതും. മതേതര രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ വിശാലമായ ഇസ്ലാമിക ചിന്താധാരകളിലേതെങ്കിലും ഒന്നിന്റെ വീക്ഷണത്തിലെങ്കിലും സാധുവായ ജുമുഅ സംഘടിപ്പിച്ചുവെങ്കില്‍ അത് തെറ്റല്ലെന്ന് മാത്രമല്ല അഭിനന്ദനാര്‍ഹവുമാണ് എന്നാണ് 'മുജീബി'ന്റെ അഭിപ്രായം. സമസ്തയോടുള്ള മുസ്ലിം ലീഗിന്റെ വിധേയത്വം മൂലം എം.എസ്.എഫിന് പ്രതികരിക്കാനാവില്ലെന്നത് മറ്റൊരു കാര്യമാണ്.