`ഇസ്‌ലാം ഇല്ലാത്ത ലോകം'
ഇസ്‌ലാമിനെക്കുറിച്ച് കനഡയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ പുസ്‌തകമാണ് `ഇസ്‌ലാം ഇല്ലാത്ത ലോകം'-A World Without Islam. അമേരിക്കയുടെ സി.ഐ.എയില്‍ ഉയര്‍ന്ന ഓഫീസറായിരുന്ന ഗ്രഹാം ഫുള്ളറാണ് ഗ്രന്ഥകാരന്‍. രണ്ട് പതിറ്റാണ്ടിലേറെക്കാലം തുര്‍ക്കി, സുഊദി അറേബ്യ, ലബനാന്‍, ഉത്തര യമന്‍, അഫ്‌ഗാനിസ്‌താന്‍ തുടങ്ങിയ നാടുകളില്‍ ജോലി ചെയ്‌തിട്ടുണ്ടദ്ദേഹം. ഈ രാജ്യങ്ങളുടെയും മധ്യപൗരസ്‌ത്യ പ്രദേശങ്ങളുടെയും അവിടത്തെ ജനതകളുടെയും പ്രശ്‌നങ്ങളില്‍ സവിശേഷ വ്യുല്‍പത്തിയുള്ള വിദഗ്‌ധനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് അദ്ദേഹം ഈജിപ്‌ഷ്യന്‍ സംഭവവികാസങ്ങളെക്കുറിച്ച് ക്രിസ്‌ത്യന്‍ സയന്‍സ് മോണിട്ടറില്‍ പ്രൗഢമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഗ്രഹാമിന്റെ പുസ്‌തകം ഡഗ്ലസ് ടാറ്റ് എന്ന എഴുത്തുകാരന്‍ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. ഡഗ്ലസിന്റെ നിരൂപണം നല്‍കുന്ന സൂചനയനുസരിച്ച് പുസ്‌തകത്തിന്റെ പ്രമേയത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1. സമകാലീന ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇസ്‌ലാമാണ് എന്ന പ്രചാരണം തികച്ചും തെറ്റാകുന്നു. 2. മുസ്‌ലിം സമൂഹങ്ങളുടെ അസംതൃപ്‌തിക്കും അമേരിക്കന്‍ വിരുദ്ധ വികാരത്തിനും ഉത്തരവാദി മുസ്‌ലിം നാടുകളോട് അമേരിക്ക അനുവര്‍ത്തിച്ചുവരുന്ന പോളിസിയാണ്. 3. പാശ്ചാത്യലോകം മധ്യപൂര്‍വ ദേശത്തെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പോലുള്ള പ്രസ്ഥാനങ്ങളുമായി സംഭാഷണത്തിനു തയാറാകണം. 4. ജൂത-ക്രൈസ്‌തവ-ഇസ്‌ലാം മതങ്ങള്‍ അബ്രഹാമിക് മതങ്ങളാണ്. അവ തമ്മില്‍ ഭിന്നിക്കുന്ന കാര്യങ്ങള്‍ കുറവാണ്. പൊതുവായി പങ്കുവെക്കുന്ന മൂല്യങ്ങളാണധികമുള്ളത്.
ഡഗ്ലസിന്റെ ലേഖന പശ്ചാത്തലം പശ്ചിമേഷ്യയിലെ ജനകീയ പ്രക്ഷോഭമാണ്. 94 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഈജിപ്‌തില്‍ ഹുസ്‌നി മുബാറകിന്റെ അഴിമതിവാഴ്‌ചക്കെതിരെ അരങ്ങേറിയതും ഒടുവില്‍ വിജയം കണ്ടെത്തിയതുമായ ബഹുജനസമരം തികച്ചും വ്യവസ്ഥാപിതവും ക്ഷമാപൂര്‍വവുമായിരുന്നു. എന്നിട്ടും പാശ്ചാത്യ ലോകത്ത് ഒരിക്കല്‍ കൂടി ഇസ്‌ലാമിനെക്കുറിച്ച് ഗുരുതരമായ അപവാദങ്ങളും ആശങ്കകളും ഉയര്‍ത്തപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യര്‍ ഇസ്‌ലാമിനെക്കുറിച്ച് യാതൊന്നും നേരിട്ട് പഠിക്കാത്തതാണതിനു കാരണം. ഇസ്‌ലാംവിരുദ്ധ മനോഭാവം പുലര്‍ത്തുന്നവരുടെ രചനകളില്‍ നിന്നും നിരീക്ഷണങ്ങളില്‍നിന്നും മാത്രമാണ് അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ യാഥാര്‍ഥ്യ നിഷ്‌ഠവും സൃഷ്‌ടിപരവുമായ ഇസ്‌ലാംവിശകലനമായി ഗ്രഹാം ഫുള്ളറിന്റെ പുസ്‌തകത്തെ ഡഗ്ലസ് ടാറ്റ് വിലയിരുത്തുന്നു. ഇത് കൂടാതെ, കനഡയില്‍ തന്നെ പ്രസിദ്ധീകൃതമായ മറ്റു രണ്ട് കൃതികളെ കൂടി ഡഗ്ലസ് പരാമര്‍ശിക്കുന്നുണ്ട്. രണ്ടും മുസ്‌ലിം എഴുത്തുകാരുടെ വകയാണ്. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ത്വാരിഖ് ഫത്‌ഹിന്റെ ജൂതന്‍ എന്റെ ശത്രുവല്ല എന്ന പുസ്‌തകമാണൊന്ന്. പ്രഫ. ഇബ്‌റാഹീം അബൂറുബായുടെ ആധുനിക യുഗത്തിലെ രാഷ്‌ട്രീയ ഇസ്‌ലാം ആണ് രണ്ടാമത്തേത്. ഇസ്‌ലാമിന്റെയും മുസ്‌ലിം ഉമ്മത്തിന്റെയും യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ ഏറെ സഹായകമാണീ കൃതികളെന്ന് ഡഗ്ലസ് ടാറ്റ് അഭിപ്രായപ്പെടുന്നു.
ഗ്രഹാം ഫുള്ളറുടെ പുസ്‌തകവും ഡഗ്ലസിന്റെ നിരൂപണവും പാശ്ചാത്യ വൈജ്ഞാനിക ലോകത്ത് ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നേരെ രചനാത്മകമായ ഒരു സമീപനം ഉദയം ചെയ്യുന്നതിന്റെ സൂചനയായി തീര്‍ച്ചയായും കണക്കാക്കാം. ഖുര്‍ആനെയും പ്രവാചകനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സംസ്‌കാര നാഗരികതകളുടെ അന്തകശക്തികളായി സങ്കല്‍പിച്ചുകൊണ്ടുള്ള നിരൂപണങ്ങളും പഠനങ്ങളുമാണ് നിരന്തരം പുറത്ത് വന്നുകൊണ്ടിരുന്നത്. ചുരുക്കം ചില ചിന്തകന്മാര്‍ ഇസ്‌ലാമിനെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത്തരം രചനകള്‍ പൊതുവേദികളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സ്വേഛാധിപത്യത്തിനും അഴിമതി ഭരണത്തിനുമെതിരെ അറബ്‌ലോകത്തുളവായ ജനകീയ പ്രക്ഷോഭങ്ങളെപ്പോലും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും കുറിച്ച് ഭയവും വെറുപ്പും വളര്‍ത്താനാണ് പാശ്ചാത്യ നിരീക്ഷകരിലധിക പേരും ഉപയോഗിക്കുന്നത്. അവരുടെ സ്വാധീനം യൂറോപ്പിലോ അമേരിക്കയിലോ പരിമിതമല്ല. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ `ബുദ്ധിജീവികള്‍'ക്ക് വെള്ളക്കാര്‍ പറയുന്നതെന്തും വേദവാക്യങ്ങളാണല്ലോ. ഇങ്ങ് കേരളത്തില്‍ പോലും ഇസ്‌ലാമിക പ്രസ്ഥാനത്തെ ആക്രമിക്കാന്‍ മാര്‍ക്‌സിസത്തിന്റെ പുരോഹിതന്മാര്‍ മുതല്‍ യൂത്ത് ലീഗിന്റെ അമരത്തിരിക്കുന്ന സ്യൂഡോ സെക്യുലരിസ്റ്റുകള്‍ വരെ അനുകരിക്കുന്നതും ഉദ്ധരിക്കുന്നതും പാശ്ചാത്യ കൃതികളെയാണ്. വെള്ളക്കാരുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റം നമ്മുടെ നാട്ടിലെ ഇസ്‌ലാം-ഇസ്‌ലാമിക പ്രസ്ഥാന വിമര്‍ശകരെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇസ്‌ലാമിനെ സത്യസന്ധമായി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും മുസ്‌ലിംകളോടനുഭാവമുള്ള നിരീക്ഷകരുടെ വീക്ഷണങ്ങള്‍ക്ക് പൊതുവേദികളില്‍ ഇടം നല്‍കണമെന്നും ചില പാശ്ചാത്യ പണ്ഡിതന്മാര്‍ പരസ്യമായി ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം ചിന്തകരും ഗ്രന്ഥകാരന്മാരുമായി ഉറ്റ സമ്പര്‍ക്കം പുലര്‍ത്തുകയും മുസ്‌ലിം ഉമ്മത്തിന്റെ ആദര്‍ശവും സംസ്‌കാരവും സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ അവര്‍ക്ക് ശേഖരിച്ചുകൊടുക്കുകയും ചെയ്യേണ്ടത് പാശ്ചാത്യ ലോകത്തുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ കടമയാകുന്നു. നിഷ്‌പക്ഷ നിരീക്ഷകര്‍ തന്നെ പലപ്പോഴും ഗുരുതരമായ തെറ്റുദ്ധാരണകളിലകപ്പെടുന്നുണ്ട്. ഗ്രഹാം ഫുള്ളറും ഡഗ്ലസ് ടാറ്റും മുഹമ്മദ് നബിയെ ഇസ്‌ലാംമതത്തിന്റെ ഉപജ്ഞാതാവായി കരുതുന്നുവെന്നാണ് ടാറ്റിന്റെ നിരൂപണത്തില്‍നിന്ന് മനസ്സിലാകുന്നത്.