Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


സവര്‍ണ മേല്‍ക്കോയ്‌മയുടെ ജമാഅത്ത്‌ വിരുദ്ധത
ഡോ. പി.എ അബൂബക്കര്‍

ഇനി രണ്ടാമത്തെ മുഖ്യ വിഭാഗമായ മുസ്‌ലിംസാമുദായിക വൃത്തങ്ങള്‍ക്കു പുറത്തുനിന്നുള്ള വിമര്‍ശനങ്ങളിലേക്ക്‌ കടക്കാം. ഈ വിഭാഗത്തില്‍ പെടുന്ന വിമര്‍ശനങ്ങളെ വീണ്ടും മൂന്നായി തിരിക്കാം.
1. ഇടതുപക്ഷ-ദലിത്‌-കീഴാള പക്ഷ വിമര്‍ശനങ്ങള്‍
2. സവര്‍ണ/മനുവാദി വിമര്‍ശനങ്ങള്‍
3. കേവല സെക്യുലറിസത്തില്‍ അധിഷ്‌ഠിതമായ വിമര്‍ശനങ്ങള്‍
ഇവയില്‍ ഒന്നാമത്തേത്‌ ഏറെക്കുറെ ക്രിയാത്മകവും പുരോഗമനാത്മകവുമായ വിമര്‍ശനമാണ്‌. ശക്തമായ പ്രതിലോമസ്വഭാവം പുലര്‍ത്തുന്നവയാണ്‌ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവ. മൂന്നാമത്തേത്‌ ഇക്കാര്യത്തില്‍ മിശ്ര സ്വഭാവം പുലര്‍ത്തുന്നു. ആദ്യം ഒന്നാമത്തേതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാം.
ഇവിടെ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഏതെങ്കിലും ഇടതുപക്ഷ രാഷ്‌ട്രീയ കക്ഷിയുടെ നേതാവ്‌ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ജമാഅത്തിനെ ചര്‍ച്ചയിലേക്ക്‌ വലിച്ചിഴക്കുന്നതല്ല. കിനാലൂര്‍ പ്രശ്‌നത്തെ ചുറ്റിപ്പറ്റിയും മറ്റുമുണ്ടായ അത്തരം വിമര്‍ശനങ്ങളെക്കുറിച്ച്‌ നാം ഇതിനകം ചര്‍ച്ച ചെയ്‌തു കഴിഞ്ഞു. ഇടതുപക്ഷ സാംസ്‌കാരിക രംഗത്ത്‌ നിന്നുണ്ടാവുന്ന ക്രിയാത്മക വിമര്‍ശനങ്ങളാണ്‌ ഈ ഉപശീര്‍ഷകത്തിനു കീഴില്‍ വിശകലനം ചെയ്യപ്പെടുന്നത്‌. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്ന ലോകത്തിലെ ആദ്യത്തെ ഉദാഹരണങ്ങളിലൊന്നാണ്‌ കേരളം. പ്രസ്‌തുത സര്‍ക്കാര്‍ കാലാവധി തികയുന്നതിന്‌ മുമ്പുതന്നെ പുറംതള്ളപ്പെട്ടുവെന്നത്‌ കേരളത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ഈ ചര്‍ച്ചയുടെ കാതല്‍ കിടക്കുന്നതിവിടെയാണ്‌. എല്ലാ വിഭാഗങ്ങളിലും പെടുന്ന മത സാമുദായിക ശക്തികളെ വിമോചന സമരമെന്ന പേരില്‍ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാന്‍ സാമ്രാജ്യത്വശക്തികള്‍ക്കായി എന്നത്‌ കേരളത്തിന്റെ സാമൂഹിക ഘടനയുടെ ഒരു പ്രത്യേകതയാണ്‌. മതം എന്ന അധികാരസ്ഥാപനം അതിന്റെ ദുഷിച്ച അവസ്ഥയില്‍ എന്നും ചൂഷകശക്തികളുമായി കൈകോര്‍ത്ത ഉദാഹരണമാണ്‌ ലോക ചരിത്രത്തില്‍ പലപ്പോഴും നാം കാണുന്നത്‌. ഈ പ്രശ്‌നത്തെ ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ പലപ്പോഴും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്‌ കഴിയാറില്ലെന്നതാണ്‌ വാസ്‌തവം. മതം എന്ന വിഷയത്തെ രണ്ടു തരത്തില്‍ കൈകാര്യം ചെയ്‌ത ശീലം മാത്രമേ മിക്കവാറും എല്ലാ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും ഉള്ളൂ എന്നതാണ്‌ ഇതിന്റെ കാരണം. അവയില്‍ ഒന്നാമത്തേത്‌ മതത്തെയും ദൈവവിശ്വാസത്തെയുമൊക്കെ അന്ധവിശ്വാസമെന്നു കരുതി പുറംതള്ളുന്ന അങ്ങേയറ്റത്തെ ഭൗതികവാദപരമായ സമീപനമാണ്‌. അധികാരത്തിലെത്താന്‍ മതത്തെ എത്ര ദുഷിച്ച രീതിയിലും കൂട്ടുപിടിക്കുന്ന നേര്‍ വിപരീത ദിശയിലുള്ള സമീപനമാണ്‌ രണ്ടാമത്തേത്‌. ഇവക്കിടയില്‍ തിരിയുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ബൗദ്ധിക നിരയില്‍ നിന്ന്‌ ചിലപ്പോഴൊക്കെ മതങ്ങളെക്കുറിച്ച്‌ മറ്റൊരു തരത്തിലുള്ള പുരോഗമനാത്മകമായ വിമര്‍ശനം ഉയര്‍ന്നു വരാറുണ്ട്‌. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്ന വിമോചനദൈവശാസ്‌ത്ര പ്രസ്ഥാനങ്ങളാല്‍ പ്രചോദിതമായ അവ മതങ്ങള്‍ അവയുടെ ആദ്യദശയില്‍ അധ്വാനിക്കുന്നവന്നും ഭാരം ചുമക്കുന്നവന്നും അത്താണിയായി മാറിയ അവസ്ഥ തിരിച്ചു വരുന്നതിനെക്കുറിച്ച്‌ സ്വപ്‌നം കാണാറുണ്ട്‌. വിമോചനസമരം മുതല്‍ തൊണ്ണൂറുകളുടെ ആദ്യദശയില്‍ സോവിയറ്റ്‌ യൂനിയനും ബാബരി മസ്‌ജിദും തകരുന്നതു വരെ കമ്യൂണിസ്റ്റ്‌ വിരുദ്ധ സമീപനമാണ്‌ കേരളത്തിലെ മുസ്‌ലിം മുഖ്യധാര എടുത്തിരുന്നത്‌ എന്നതുകൊണ്ട്‌ ഇത്തരം വിമര്‍ശനശരങ്ങള്‍ മുസ്‌ലിം സമുദായത്തിലേക്കും പാഞ്ഞടുക്കാറുമുണ്ട്‌. ജമാഅത്തിന്റെ മേലും അവ പതിക്കുക സ്വാഭാവികമാണ്‌. എണ്‍പതുകളില്‍ കെ.ഇ.എന്‍ നടത്തിയ ജമാഅത്ത്‌ വിമര്‍ശനങ്ങളാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. അവ പലപ്പോഴും സംവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയതുമാണ്‌.10 ഇപ്പോള്‍ അത്തരം വിമര്‍ശനങ്ങളുണ്ടാവാത്തത്‌ മുസ്‌ലിം സാമുദായിക രാഷ്‌ട്രീയക്കാരെ ചൊടിപ്പിച്ചുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളില്‍ ജമാഅത്ത്‌ പുരോഗമനാത്മകമായ നിലപാടെടുക്കുന്നതുകൊണ്ടാണ്‌.
ദലിത്‌-കീഴാള വൃത്തങ്ങളില്‍നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉയരാറുണ്ട്‌. 1990-കളില്‍ ദലിത്‌ വോയ്‌സില്‍ പ്രസിദ്ധീകൃതമായ ജമാഅത്ത്‌ വിമര്‍ശന പരമ്പരകളാണ്‌ ദലിത്‌ പക്ഷത്തു നിന്നുള്ള ജമാഅത്ത്‌ വിമര്‍ശനങ്ങളുടെ ഏറ്റവും നല്ല ഉദാഹരണം.11 ഇന്ത്യന്‍ സാമൂഹികാവസ്ഥയെക്കുറിച്ച്‌ മുസ്‌ലിം സംഘടനകള്‍ പൊതുവില്‍ പുലര്‍ത്തുന്ന അജ്ഞതയും തെറ്റായ മുന്‍ഗണനകളുമാണ്‌ ഇവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌. സവര്‍ണര്‍ കണ്ടുപിടിച്ച ഹിന്ദു ഭൂരിപക്ഷം, മുസ്‌ലിം ന്യൂനപക്ഷം തുടങ്ങിയ സംജ്ഞകള്‍ക്കപ്പുറം മുസ്‌ലിംകളുടെ പൊതുബോധം വളര്‍ന്നിട്ടില്ലല്ലോ. രാജ്യത്തെല്ലായിടത്തും അനുയായികളുള്ളതും കേഡര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ജമാഅത്തെ ഇസ്‌ലാമി ദലിത്‌ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഖുര്‍ആന്റെ നിര്‍ദേശമനുസരിച്ച്‌ `മുസ്‌തള്‌അഫി'(ദുര്‍ബലര്‍)ക്കു വേണ്ടി പോരാടാനും വിമുഖത കാണിക്കുന്നുവെന്ന ആരോപണമാണ്‌ ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള ദലിത്‌ വോയ്‌സ്‌ ലേഖനങ്ങളില്‍ മുഴച്ചുനിന്നത്‌. അക്കാലത്ത്‌ കേരളത്തിലെ സിമി ധിഷണയെ വളര്‍ത്തുന്നതില്‍ ദലിത്‌ വോയ്‌സ്‌ നല്ലൊരു പങ്കുവഹിച്ചിരുന്നുവെന്നതു കൊണ്ടുതന്നെ സിമി വൃത്തങ്ങളില്‍ ഈ ആരോപണങ്ങള്‍ മാറ്റൊലി കൊണ്ടു. സോളിഡാരിറ്റിയുടെ രൂപവത്‌കരണത്തിനു ശേഷം ഇത്തരം പ്രശ്‌നങ്ങളില്‍ ജമാഅത്ത്‌ കുറെയൊക്കെ ഇടപെടുന്നതിനാല്‍ ഈ ആരോപണങ്ങള്‍ക്ക്‌ ഇനി കാര്യമായ പ്രസക്തിയില്ല.
മുസ്‌ലിം ഗ്രൂപ്പുകള്‍ക്ക്‌ പുറത്തു നിന്നുള്ള ജമാഅത്ത്‌ വിമര്‍ശനങ്ങളില്‍ ഇനി ചര്‍ച്ച ചെയ്യാനുള്ളത്‌ സവര്‍ണ/മനുവാദി വൃത്തങ്ങളില്‍ നിന്നുള്ളവയാണ്‌. സംഘ്‌പരിവാറിന്റെ ഔദ്യോഗിക ജിഹ്വകളേക്കാള്‍ ഇവ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്‌ അവരോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന മുഖ്യധാരാ പത്രവാരികകളിലാണ്‌. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സവര്‍ണര്‍ക്ക്‌ പ്രത്യേകതരത്തിലുള്ള താല്‍പര്യങ്ങളുണ്ട്‌. അവ ഏറ്റവും നന്നായി പ്രതിഫലിക്കുന്നത്‌ ഇത്തരം പത്രവാരികകളില്‍ ഡോ. എം. ഗംഗാധരന്റേതായി വരുന്ന ലേഖനങ്ങളിലും അഭിമുഖങ്ങളിലുമാണ്‌. ഇസ്‌ലാം എന്ന സംജ്ഞ ഒരു പേക്കിനാവായി മലബാറിലെ സവര്‍ണ ജന്മിമാരെ വേട്ടയാടിയ കാലഘട്ടമാണല്ലോ പത്തൊമ്പതാം നൂറ്റാണ്ട്‌. മാപ്പിള കലാപങ്ങളുടെ നൂറ്റാണ്ടാണിത്‌. മാപ്പിളക്കലാപങ്ങള്‍ക്ക്‌ അവയുടേതായ രാഷ്‌ട്രീയവും തത്ത്വചിന്തയുമുണ്ടായിരുന്നു. ഹിന്ദു-മുസ്‌ലിം വിഭജനം അവക്ക്‌ അജ്ഞാതമായിരുന്നു; ജ്ഞാതമായിരുന്നതാവട്ടെ, മറ്റു ചില പൊള്ളുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു.മാപ്പിളമാരായി മാറിയതും മാറിക്കൊണ്ടിരിക്കുന്നതും മാറാത്തതുമായ ദലിത്‌-കീഴാള ജന വിഭാഗങ്ങളെല്ലാം പ്രസ്‌തുത കലാപങ്ങളില്‍ ഒറ്റക്കെട്ടായിരുന്നു. അവര്‍ തങ്ങളുടെ ശത്രുക്കളായി കണക്കാക്കിയത്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെയും അവരുടെ പക്ഷം നിന്ന സവര്‍ണ ജന്മിമാരെയുമായിരുന്നു. മമ്പുറം തങ്ങന്മാരെപ്പോലുള്ള മഹാന്മാരായിരുന്നു ഈ പോരാട്ടത്തിന്‌ നേതൃത്വം നല്‍കിയത്‌. മാപ്പിളക്കലാപങ്ങളെന്ന പേക്കിനാവില്‍ നിന്ന്‌ സവര്‍ണ ജന്മിമാര്‍ മുക്തരായത്‌ 1921-ഓടു കൂടി അവ നിലച്ചപ്പോഴാണ്‌.പല കാരണങ്ങളാണ്‌ അതിലേക്ക്‌ നയിച്ചത്‌. ഒന്നാമത്തേത്‌ കോണ്‍ഗ്രസ്സിന്റെ വഞ്ചന തന്നെയാണ്‌. അത്‌ മുതലെടുത്തുകൊണ്ട്‌ മുസ്‌ലിം ലീഗ്‌ വളര്‍ന്നു. അതോടു കൂടി മുസ്‌ലിംകള്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നകന്നു. ദലിത്‌-മുസ്‌ലിം ഐക്യം തകര്‍ന്നു. പകരം ഹിന്ദു-മുസ്‌ലിം വിഭജനം രൂഢമൂലമായി. മാറിയ സാഹചര്യത്തിലും ദേശീയ പ്രസ്ഥാനത്തില്‍ ഉറച്ചു നില്‍ക്കുകയും മുസ്‌ലിംകളെ അതിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌ത മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ ഇരു കൂട്ടരും (മുസ്‌ലിം ലീഗും സവര്‍ണ വര്‍ഗീയവാദികളായ ചാലപ്പുറം ഗാങും) ഒറ്റക്കെട്ടായി നേരിട്ടു. മമ്പുറം തങ്ങന്മാരുടെ പോരാട്ട വീര്യത്തിന്റെ സ്ഥാനത്ത്‌ പാണക്കാട്‌ തങ്ങന്മാരുടെ അനുരഞ്‌ജന സമീപനം ക്രമേണ നിലയുറപ്പിച്ചു. പാണക്കാട്‌ കുടുംബത്തെ സമാധാനത്തിന്റെ ദൂതന്മാരായി സവര്‍ണ ശക്തികള്‍ വാഴ്‌ത്തിപ്പാടുന്നതിന്റെ കാരണം അതാണ്‌. മുസ്‌ലിം സമുദായത്തെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നകറ്റാനായി സവര്‍ണ ശക്തികള്‍ താലോലിച്ചു വളര്‍ത്തിയ മുസ്‌ലിം ലീഗ്‌ അല്‍പം പുരോഗമന സ്വഭാവം പുലര്‍ത്തുകയും സവര്‍ണ താല്‍പര്യങ്ങള്‍ക്കെതിരെ നീങ്ങുകയും ചെയ്‌ത ഘട്ടങ്ങളില്‍ അതിനെ ക്രൂശിക്കാനും സവര്‍ണ ശക്തികള്‍ മറന്നിരുന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കമ്യൂണിസ്റ്റുകളുമായി മുസ്‌ലിംലീഗ്‌ സഹകരിച്ച്‌ അധഃസ്ഥിത പ്രദേശങ്ങളുടെ ഉന്നമനത്തിനായി മലപ്പുറം ജില്ല നേടിയെടുത്തപ്പോള്‍ ഇന്ന്‌ കെ.ഇ.എന്നിനെ തെറി വിളിക്കാനായി യൂത്ത്‌ ലീഗ്‌ നേതാവിന്‌ സ്ഥലം അനുവദിക്കുന്ന മനുവാദി പത്രം, അതിനെതിരെ ഉറഞ്ഞുതുള്ളിയ സംഭവം. ഇന്ന്‌ ചരിത്രം വീണ്ടുമൊരു കറക്കത്തില്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ കാലത്തുള്ള അവസ്ഥയിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നു. സാഹിബിന്റെ സ്ഥാനത്ത്‌ ഇന്ന്‌ നിലകൊള്ളുന്നത്‌ ഏതാനും പ്രസ്ഥാനങ്ങളാണ്‌; മുസ്‌ലിംകളുടെ രാഷ്‌ട്രീയ പ്രസ്ഥാനം മുസ്‌ലിംകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാവരുതെന്നും മറ്റുള്ള മര്‍ദിത/ കീഴാള വിഭാഗങ്ങളുമായി സമുദായം സഹകരിക്കണമെന്നും വാദിക്കുന്ന പ്രസ്ഥാനങ്ങള്‍. ബാബരി മസ്‌ജിദ്‌ ധ്വംസനത്തിലൂടെ ഇന്ത്യയിലെ മുസ്‌ലിം സമുദായം സവര്‍ണരായ ഭരണകര്‍ത്താക്കളില്‍ നിന്ന്‌ ഏറ്റവും വലിയ വിശ്വാസ വഞ്ചന നേരിട്ട അതേ കാലഘട്ടത്തിലാണ്‌ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ സമുദായത്തില്‍ വേരോട്ടം ലഭിച്ചത്‌. അതുവരെ ഹിന്ദു, മുസ്‌ലിം സ്വത്വങ്ങളെ കുറിച്ചു മാത്രം സംസാരിച്ചിരുന്ന അബ്‌ദുന്നാസിര്‍ മഅ്‌ദനി സ്വന്തം സംഘടനയായ ഐ.എസ്‌.എസ്‌ പിരിച്ചു വിട്ടുകൊണ്ടാണ്‌ ജാതി, മത വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ കീഴാള ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പി.ഡി.പി ഉണ്ടാക്കിയത്‌. മുസ്‌ലിം സാമുദായിക സംഘടനയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ട്‌ അതേ രീതിയില്‍ സ്വന്തം സംഘടനയോട്‌ വിട ചൊല്ലിക്കൊണ്ട്‌ മറ്റൊരു അധഃസ്ഥിത കീഴാള പ്രസ്ഥാനമായ ഐ.എന്‍.എല്‍ രൂപവത്‌കരിച്ചു. മുസ്‌ലിംകളെയും ഹിന്ദുക്കളെയും വെവ്വേറെ സംഘടിപ്പിച്ച്‌ ചോരപ്പുഴകള്‍ ഒഴുക്കാനാഗ്രഹിക്കുന്ന സവര്‍ണ ശക്തികള്‍ ഇവ സഹിക്കില്ലല്ലോ. അതുകൊണ്ടുതന്നെ മുമ്പ്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെതിരെയെന്നതു പോലെ ഇപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരായി മുസ്‌ലിം ലീഗിനെ പിന്തുണക്കാന്‍ മനുവാദി മാധ്യമങ്ങള്‍ തീരുമാനിച്ചു. ഡോ. എം. ഗംഗാധരന്‍ വളരെ വ്യക്തമായിത്തന്നെ മുസ്‌ലിംകളെ പഠിപ്പിക്കുന്നു, തീയസമുദായമാണ്‌ അവരുടെ ശത്രുക്കളെന്ന്‌. മലബാറില്‍ കച്ചവടരംഗത്ത്‌ കുടിപ്പക മുസ്‌ലിംകളും തീയരും തമ്മിലാണത്രെ. നായന്മാരെ കച്ചവടത്തിനൊന്നും കൊള്ളില്ലെന്നു പറഞ്ഞുകൊണ്ട്‌ രംഗത്തുനിന്ന്‌ പിന്‍വലിപ്പിക്കുന്നുമുണ്ട്‌. മാത്രമല്ല ഹിന്ദു-മുസ്‌ലിം ധ്രുവീകരണം കൂടുതല്‍ ഉണ്ടാക്കാനായി മുസ്‌ലിം സമുദായത്തില്‍ ഒരു പ്രതിരോധ പ്രസ്ഥാനം ഉണ്ടാവുന്നത്‌ നല്ലതാണെന്ന്‌ പറഞ്ഞുകൊണ്ട്‌ എന്‍.ഡി.എഫിനെ ന്യായീകരിക്കാനും ഡോ. എം. ഗംഗാധരന്‍ മറക്കുന്നില്ല. ദലിത്‌ കീഴാള മുന്നേറ്റത്തിനെതിരെയുള്ള മനുവാദികളുടെ അസഹിഷ്‌ണുത ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത്‌ അവര്‍ അന്ധമായ ജമാഅത്ത്‌ വിരോധം വെച്ചുപുലര്‍ത്തുന്ന ചിലരെക്കൊണ്ടെഴുതിക്കുന്ന ജമാഅത്ത്‌ വിമര്‍ശന ലേഖനങ്ങളിലാണ്‌.
മനുവാദി പത്ര വാരികകളുടെ ഇപ്പോഴത്തെ വെപ്രാളത്തെ വിലയിരുത്തേണ്ടത്‌ അധഃസ്ഥിത മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്‌. മഹാത്മാ ഫൂലെ മഹാരാഷ്‌ട്രയില്‍ നേതൃത്വം നല്‍കിയ അധഃസ്ഥിത നവോത്ഥാന പ്രസ്ഥാനത്തെ തുടര്‍ന്ന്‌ അവിടത്തെ സവര്‍ണരിലുണ്ടായ ഇത്തരത്തിലുള്ള വെപ്രാളമാണല്ലോ ആര്‍.എസ്‌.എസ്‌ രൂപവത്‌കരണത്തിലേക്ക്‌ നയിച്ചത്‌. മുസ്‌ലിം എന്ന ബാഹ്യ ശത്രുവിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അധഃസ്ഥിതന്റെ അവകാശപ്പോരാട്ടങ്ങളെ നിര്‍വീര്യമാക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇവിടെ മനുവാദി പത്രവാരികകള്‍ ചെയ്യുന്നതും അതുതന്നെയാണ്‌. ജമാഅത്തെ ഇസ്‌ലാമിയെ വിചാരണ ചെയ്യുന്നുവെന്ന വ്യാജേന മനുവാദി പത്രവാരികകള്‍ ക്രൂശിക്കുന്നത്‌ ദലിത്‌-കീഴാള മുന്നേറ്റത്തെയാണ്‌. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ദലിത്‌-മുസ്‌ലിം ഐക്യമെന്നത്‌ ജമാഅത്ത്‌-സിമി മുദ്രാവാക്യമെന്ന വാരികയിലെ വിമര്‍ശകന്റെ വാദം. കീഴാളപക്ഷത്ത്‌ നിലകൊള്ളുന്നവരെല്ലാം- അവര്‍ ഭൗതികവാദികളായാലും നിരീശ്വരവാദികളായാലും കമ്യൂണിസ്റ്റുകളായാലും- മനുവാദി പത്രവാരികകള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമിയുടെ വാളുകളാണ്‌. കെ.ഇ.എന്നും പി.കെ പോക്കറും മൗദൂദിസത്തിന്റെ മാര്‍ക്‌സിസ്റ്റ്‌ വാളുകളായത്‌ അങ്ങനെയാണ്‌. മുസ്‌ലിം ദലിത്‌ പിന്നാക്ക ഐക്യം ഇതിനു മുമ്പ്‌ ഉയര്‍ത്തിപ്പിടിച്ച മഹാത്മാ ഫൂലെയും അംബേദ്‌കറും പെരിയോറും മുതല്‍ കാന്‍ഷിറാമും മായാവതിയും കാഞ്ച ഇളയയും വരെയുള്ളവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബോംബുകളായിരിക്കും!
സവര്‍ണ ഫാഷിസമല്ല, ഹിന്ദുത്വ ഫാഷിസമാണ്‌ ശരിയായ പദമെന്ന്‌ കൂലിയെഴുത്തുകാരന്‍ കെ.ഇ.എന്നിനെ തിരുത്തുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും അയാള്‍ക്ക്‌ കൂലി കൊടുക്കുന്നവരെ വേട്ടയാടുന്ന ഭയമാണ്‌. തീയരാണ്‌ നിങ്ങളുടെ ശത്രുക്കളെന്ന്‌ ഡോ. ഗംഗാധരന്‍ മുസ്‌ലിംകളെ ഉപദേശിച്ചതിന്‌ തുല്യമാണിത്‌.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള സമരത്തിന്റെ ഇരകളായി സെക്യുലര്‍ ബുദ്ധിജീവികളെ മാറ്റാനുള്ള സമര്‍ഥമായ ശ്രമത്തിലാണ്‌ മനുവാദി പത്രവാരികകള്‍. ഇന്നിവിടെ നിലനില്‍ക്കുന്ന മതേതരത്വവും സമുദായ സൗഹാര്‍ദവും തകര്‍ക്കുകയാണ്‌ മനുവാദിപത്രവാരികകളുടെ ലക്ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സവര്‍ണ മനുവാദിപത്രവാരികകളില്‍ സ്ഥിരമായി ജമാഅത്ത്‌ വിമര്‍ശനം നടത്തുന്ന ഒരാള്‍ പ്രസിദ്ധ എഴുത്തുകാരിയും സ്‌ത്രീപക്ഷ ചിന്തകയുമായ ഷംഷാദ്‌ ഹുസൈനെ ഇസ്‌ലാമിക മതമൗലികവാദിയായി ചിത്രീകരിച്ച സംഭവം. മനുവാദി പത്രവാരികകളെ സംബന്ധിച്ചേടത്തോളം സവര്‍ണ മേധാവിത്വത്തിന്‌ അനുഗുണമല്ലാത്ത എന്തും ഇസ്‌ലാമിക മതമൗലികവാദമാണ്‌. അതുകൊണ്ടാണ്‌ കേരളീയ മുസ്‌ലിം സ്‌ത്രീകളെക്കുറിച്ച്‌ അടുത്ത കാലത്തിറങ്ങിയ പഠനങ്ങളില്‍ ഏറ്റവും കൂടുതല്‍ വസ്‌തുനിഷ്‌ഠത പുലര്‍ത്തുന്ന ഡോ. ഷംഷാദ്‌ ഹുസൈന്റെ പുസ്‌തകത്തെ മതമൗലികവാദകൃതിയായി വിശേഷിപ്പിച്ചത്‌. സവര്‍ണ മനുവാദിവാരിക ആഗ്രഹിക്കുന്നത്‌ മറ്റുള്ളവരെല്ലാം സവര്‍ണ മേല്‍ക്കോയ്‌മ അംഗീകരിക്കണമെന്നാണ്‌. അങ്ങനെ ചെയ്യാത്തവര്‍ മതനിരപേക്ഷ പക്ഷത്തുള്ളവരാണെങ്കിലും ക്രൂശിക്കപ്പെടും. കെ.ഇ.എന്നും പി.കെ പോക്കറും ഷംഷാദ്‌ ഹുസൈനുമൊക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളോട്‌ എത്രത്തോളം അകലം പാലിക്കുന്നുണ്ടെന്നത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷേ, അതുകൊണ്ടൊന്നും സവര്‍ണര്‍ക്ക്‌ കാര്യമില്ല. സവര്‍ണ തന്ത്രങ്ങള്‍ തിരിച്ചറിയാത്ത മണ്ടൂസുകള്‍ക്കു മാത്രമേ അവരുടെ മാനസപുത്രന്മാരാകാന്‍ പറ്റൂ. ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ അവര്‍ മതമൗലികവാദികളാവും; ജമാഅത്തെ ഇസ്‌ലാമിയുടെ വാളുകളാവും. ഭൗതികവാദിയായ കെ.ഇ.എന്നോ സ്‌ത്രീവാദിയായ ഷംഷാദ്‌ ഹുസൈനോ ആരായാലും സവര്‍ണ മേല്‍ക്കോയ്‌മക്കെതിരെ തിരിഞ്ഞാല്‍ അവരെ വെട്ടിവീഴ്‌ത്താന്‍ സവര്‍ണ മനുവാദി പത്രവാരികകള്‍ കൂലി കൊടുത്ത്‌ ആളെ നിയമിച്ചിട്ടുണ്ട്‌. സംവരണത്തിലൂടെ ഉദ്യോഗങ്ങളിലെത്തുന്നവര്‍ പോരാളികളല്ലെന്നും ഇരപ്പാളികളാണെന്നും വരെ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഒരു മതേതരവാദി എഴുതിപ്പിടിപ്പിച്ചു. ദലിത്‌ പ്രസ്ഥാനത്തിനെതിരെ ഇത്തരത്തിലുള്ള വിഷം വമിക്കുന്ന വാക്യങ്ങള്‍ സാക്ഷാല്‍ സവര്‍ണര്‍ പോലും എവുതിയിട്ടുണ്ടാവില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തി!
(തുടരും)
കുറിപ്പുകള്‍
10. അവയുടെ ഒരു ഉദാഹരണം കെ.ഇ.എന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ (ജൂലൈ 4-10, 2010).
11. See, VT Rajesekhar, India's Muslim Problem, DSA Bangalore Pages 119-143.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly