ബജറ്റ് വിലയിരുത്തുമ്പോള്‍
പ്രത്യേക ലേഖകന്‍
സമകാലിക സാഹചര്യത്തില്‍ രാജ്യത്തവതരിപ്പിക്കുന്ന ബജറ്റ് വരും വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ മാത്രമല്ല, രാഷ്‌ട്രം നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടി നിര്‍ദേശിക്കും എന്നാണ് പൊതുജനം പ്രതീക്ഷിക്കാറ്. എന്നാല്‍ ഇക്കുറി ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച 2011-2012 വര്‍ഷത്തേക്കുള്ള ബജറ്റിന്റെ ഈ വിഷയത്തിലുള്ള സമീപനം നിരാശാജനകമാണ്. ബജറ്റിന്റെ ആമുഖത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളായ വിലക്കയറ്റം, കള്ളപ്പണം, പണപ്പെരുപ്പം തുടങ്ങിയവയെക്കുറിച്ച് വാചാലനാവുന്നുണ്ട് അദ്ദേഹം. അപ്പോള്‍ നാം പ്രതീക്ഷിക്കുന്നത് കടുത്ത ചില നടപടികളാണ്. എന്നാല്‍ ഇവയൊക്കെ പരിഹരിക്കാന്‍ ഞാന്‍ മായാജാലക്കാരനല്ല എന്ന തന്റെ മുന്‍ പ്രസ്‌താവന ശരിവെക്കുന്ന നടപടികളാണ് ബജറ്റിലങ്ങോളമിങ്ങോളം.
പണപ്പെരുപ്പം പ്രശ്‌നത്തില്‍ റിസര്‍വ് ബാങ്ക് വേണ്ട നടപടികളെടുത്ത് നിയന്ത്രിക്കും എന്ന് പറഞ്ഞൊഴിയുന്ന ധനമന്ത്രി അടുത്ത വര്‍ഷം മധ്യത്തോടെ ഈ നില അവസാനിക്കുമെന്ന് ശുഭാപ്‌തി പ്രകടിപ്പിക്കുന്നു. കള്ളപ്പണവും അഴിമതിയും വാചാലതയിലൊതുങ്ങി. ഏറ്റവും ചുരുങ്ങിയത് സ്വിസ് ബാങ്ക് നിക്ഷേപങ്ങളെങ്കിലും രേഖകള്‍ പുറത്തുവിട്ട് ആരുടേതാണെന്ന് രാജ്യത്തോട് പറയാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കാന്‍ എടുക്കുന്ന നടപടികള്‍ ഫലത്തില്‍ കുത്തക കമ്പനികളെ സഹായിക്കുന്നതാണ്. ഗോഡൗണുകളും വെയര്‍ഹൗസുകളും നിര്‍മിച്ച് സംഭരണം കാര്യക്ഷമമാക്കുമെന്നാണ് പ്രഖ്യാപനം. ഭക്ഷ്യവില കുതിച്ചുയര്‍ന്നിട്ടും ന്യായവില ലഭിക്കാത്ത കര്‍ഷകരെ സഹായിക്കാന്‍ മാര്‍ക്കറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നുമില്ല. പയര്‍വിത്തും പുല്‍വിത്തുമൊക്കെ വിതരണം ചെയ്‌ത് കോടികളുടെ കണക്കെഴുത്ത് നടത്തുന്നതിനു പകരം കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍- റോഡ്, ജലസേചനം, മാര്‍ക്കറ്റിംഗ് തുടങ്ങിയവ- വികസിപ്പിക്കാനുള്ള നടപടികളൊന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബജറ്റിലുണ്ടാവാറില്ല. കാരണം, ആഗോളവത്‌കരണകാലത്ത് അടിസ്ഥാന സൗകര്യ രംഗത്ത് സര്‍ക്കാര്‍ മുതല്‍മുടക്കുന്നത് ശരിയല്ലെന്നത് ലോക ബാങ്ക് തിട്ടൂരമാണ്. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെങ്കിലും നിലവില്‍ വില വര്‍ധനക്ക് കാരണം ഊഹക്കച്ചവടവും കുത്തകകളുടെ ഇടപെടലുമാണെന്ന് ഏവരും സമ്മതിക്കുന്ന സ്ഥിതിയാണ്. ഇവ തടയുന്നതിന് നടപടിക്രമങ്ങളൊന്നുമില്ല.
പ്രത്യക്ഷത്തില്‍ ജനക്ഷേമം ഊന്നാന്‍ ശ്രമിക്കുന്നുവെങ്കിലും ഉദാരവത്‌കരണ നയങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. പൊതുമേഖലയില്‍ ഓഹരി വില്‍പന വഴി 40000 കോടി സ്വരൂപിക്കുന്നത് സ്വകാര്യവത്‌കരണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുപടി മുന്നോട്ടുള്ള ചുവടുവെപ്പാണ്. കഴിഞ്ഞ വര്‍ഷമിത് 22144 കോടിയായിരുന്നു. മാത്രമല്ല, വിദേശ നിക്ഷേപനയം കൂടുതല്‍ ഉദാരമാക്കുന്ന നടപടികളും ബജറ്റിലുണ്ട്. അതേസമയം ധനക്കമ്മി 4.6 ശതമാനമായി കുറക്കുന്നത് മുന്നോട്ടുള്ള ചുവടുവെപ്പാണ്. അത് പാലിക്കാനായാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയും. മണ്ണെണ്ണ, എല്‍.പി.ജി ഗ്യാസ്, വളം തുടങ്ങിയവക്കുള്ള സബ്‌സിഡി അവകാശികള്‍ക്ക് നേരിട്ട് നല്‍കാനുള്ള തീരുമാനം ഈ വകുപ്പിലുള്ള ചെലവ് കുറക്കുന്നത് ലക്ഷ്യമിട്ടാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സബ്‌സിഡി പരിമിതപ്പെടുത്തുമെന്ന് പറയുന്നത് ഫലത്തില്‍ സബ്‌സിഡി പിന്‍വലിക്കുന്നതിന് തുല്യമാണ്. വേണ്ട രേഖകള്‍ നല്‍കി സബ്‌സിഡി അവകാശപ്പെടാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാവും. പെട്രോളിന്റെ വില സ്വതന്ത്രമായി നിര്‍ണയിക്കുന്നതുപോലെ ആശങ്കാജനകമാണ് ഇതും.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നതില്‍നിന്ന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലേക്ക് ധനമന്ത്രി മാറിയത് ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക വളര്‍ച്ച കുറെ കാലങ്ങളായി ചെറിയ ന്യൂനപക്ഷത്തിനു മാത്രം ഗുണം നല്‍കുന്നതാണല്ലോ. വികസനം എല്ലാവര്‍ക്കും ഗുണം നല്‍കുന്നതാവണം. അതിനായി മൈക്രോഫിനാന്‍സ് നിധി നടപ്പാക്കാന്‍ 500 കോടി നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് എങ്ങനെ രൂപവത്‌കരിക്കുമെന്നോ വിനിയോഗിക്കുമെന്നോ ബജറ്റ് വ്യക്തമാക്കുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശാധിഷ്‌ഠിത മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ ഭീഷണി സൃഷ്‌ടിച്ചിരിക്കെ തകര്‍ന്ന സ്ഥാപനങ്ങളെ രക്ഷിക്കാനാണ് ഈ നിധിയെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് പലിശരഹിതമായി കര്‍ഷകര്‍ക്ക് വായ്‌പ ലഭ്യമാക്കാന്‍ നിധിക്ക് രൂപം നല്‍കുകയായിരുന്നു.
കഴിഞ്ഞ ബജറ്റില്‍ നിന്ന് ഭിന്നമായി ചില മേഖലകളിലുള്ള വകയിരുത്തലുകള്‍ വര്‍ധിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും ബജറ്റിലില്ല. വിദ്യാഭ്യാസം, പ്രതിരോധം, സാമൂഹിക സേവനം തുടങ്ങിയ വകുപ്പുകള്‍ക്ക് കാര്യമായ വര്‍ധനവുണ്ട്. പ്രതിരോധ ബജറ്റ് വര്‍ധന ഉല്‍പാദനപരമല്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. പലിശയടക്കുന്നതിന് നല്ലൊരു തുക ഇത്തവണയും നീക്കിവെപ്പുണ്ട്. 40000 കോടി രൂപ പൊതുകടമെടുക്കുന്നത് പലിശ ഇനിയും വര്‍ധിപ്പിക്കും. ലോകം മുഴുവന്‍ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ പലിശരഹിത കടങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍ നമ്മുടെ ധനമന്ത്രിയും സാമ്പത്തിക വിദഗ്‌ധരും ഇനിയും പുറംതിരിഞ്ഞു നില്‍ക്കുന്നത് രാജ്യത്തിന് അപകടകരമാണ്. കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള പലിശ നിക്ഷേപത്തില്‍ 22 ശതമാനം കുറവാണ് ഉണ്ടായത്. പലിശരഹിത രീതികള്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. കുത്തകകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ പിന്‍വലിച്ച് വരുമാനം കൂട്ടാന്‍ ശ്രമിച്ചിട്ടില്ല. സ്വകാര്യ ബാങ്കുകള്‍ക്ക് കൂടുതല്‍ അനുമതി നല്‍കാന്‍ നിര്‍ദേശമുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് കടന്നുകയറാന്‍ ഇടം നല്‍കുന്നു. ഇവയൊക്കെ ബജറ്റ് രാജ്യത്ത് നടന്നുവരുന്ന നവ ഉദാരവത്‌കരണ സ്വകാര്യവത്‌കരണപാത വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ മാത്രം. ധനമന്ത്രി ഊന്നിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം യാഥാര്‍ഥ്യമാവാന്‍ ഇനിയും ഏറെ സഞ്ചരിക്കേണ്ടിവരും.