സമര്‍പ്പിത ജീവിതത്തിന്
മാതൃകയായി അബ്‌ദുല്‍ മജീദ്
ജീവിതങ്ങള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടവ. സ്വന്തമായി പ്രശ്‌നങ്ങളുടെ നടുക്കയത്തിലാണ് അവരെങ്കിലും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മറ്റുള്ളവരെ സമാധാനിപ്പിക്കാനായി അവര്‍ ഓടിനടക്കും. കൈ -മെയ് മറന്ന് അവശര്‍ക്ക് ആശ്വാസമായി തണലൊരുക്കും. ഗാഢമായി സ്‌നേഹിക്കുന്ന ആദര്‍ശത്തിന് വേണ്ടി, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അവഗണിച്ച് കഠിനമായി പ്രയത്‌നിക്കും. അങ്ങനെ നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പുറ്റി വീഴ്‌കെ നാഥന്‍ അവരെ തന്റെയടുക്കലേക്ക് പെട്ടെന്നങ്ങോട്ട് തിരിച്ച് വിളിക്കും. ഭൂമിയില്‍ ബാക്കിയാകുന്നവര്‍ക്കത് കടുത്ത മാനസികപ്രയാസം സൃഷ്‌ടിക്കുമെങ്കിലും അവരെസ്സംബന്ധിച്ചേടത്തോളം നാഥന്റെയടുക്കലേക്കുള്ള സന്തോഷകരമായ യാത്രയായിരിക്കുമത്; ഏറെ കൊതിച്ചിരുന്ന അനശ്വര സുഖത്തിലേക്കുള്ള സുഗമമായ പ്രയാണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഇഹലോകവാസം വെടിഞ്ഞ സഹോദരന്‍ അബ്‌ദുല്‍ മജീദ് വി.എച്ച് (49) ആ ഗണത്തിലുള്‍പ്പെടുന്നയാളാണെന്ന് അദ്ദേഹത്തെ അറിയുന്ന ഏതൊരാളും സമ്മതിക്കും. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ (എഡ്‌മാക്) പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ ബസിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നുവരെ പ്രാസ്‌ഥാനിക മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് വി.എ ഇബ്രാഹിം കുട്ടിയെയും ബഷീര്‍ മുഹ്‌യുദ്ദീനെയും അവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ച ശേഷം എയര്‍പോര്‍ട്ടില്‍ യാത്രയയച്ച് തിരിച്ചുവന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, രാത്രി വൈകിയുറങ്ങി, പിറ്റേന്ന് രാവിലെ ജോലിക്ക് പോയ അദ്ദേഹത്തെ ജോലി സ്‌ഥലമായ ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള വഴിയില്‍ കാത്തിരുന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയായിരുന്നു. പ്രഭാതഭക്ഷണത്തിന് ഒപ്പം താമസിക്കുന്ന സുഹൃത്ത് ക്ഷണിച്ചിട്ട്, അത് സ്‌നേഹപൂര്‍വം നിരസിച്ച് ബേക്കറിയിലേക്കദ്ദേഹം വഴി മുറിച്ച് കടന്നത് അല്ലാഹുവിന്റെ വിളി കേട്ടുകൊണ്ടായിരുന്നുവോ? മുമ്പൊരിക്കല്‍ മരണവക്‌ത്രത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടശേഷം തനിക്ക് കിട്ടിയ ജീവിതത്തെ രണ്ടാം ജന്മമായി കണക്കാക്കുകയും അത് പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ത്തന്നെ ചെലവഴിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച് അതില്‍ത്തന്നെ നിലകൊള്ളുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് പറയകാട് വാത്തുശ്ശേരി പരേതനായ ഹൈദ്രോസിന്റെ മകന്‍ അബ്‌ദുല്‍ മജീദ് ഒരു വ്യക്‌തിയായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സ്‌നേഹസാഗരത്തില്‍ നിന്ന് ഒരല്‍പമെങ്കിലും രുചിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആരും സാക്ഷി പറയും. ഒരു സംഘത്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ് ഒരു പുരുഷായുസ്സ് തികച്ചു ജീവിക്കുന്നതിന് മുമ്പ് അദ്ദേഹം ചെയ്‌ത് തീര്‍ത്തത്. പ്രസംഗങ്ങളെക്കാള്‍ വലുത് പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ് അതപ്പടി പ്രാവര്‍ത്തികമാക്കിയ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും എഡ്‌മാകും പ്രത്യേകം സംഘടിപ്പിച്ച അനുസ്‌മരണയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച് പറഞ്ഞുവച്ചതതാണ്. ജനസേവനത്തിന് ഒരുതരത്തിലുമുള്ള അതിര്‍വരമ്പുകളും നിശ്ചയിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വഴിഞ്ഞൊഴുകിയ ആര്‍ദ്രതയുടെ പച്ചപ്പ് കണ്ട് അവര്‍ മൂക്കത്തുവിരല്‍ വച്ചു. സഹോദരസമുദായാംഗങ്ങളായ സുഹൃത്തുക്കളെ അവരുടെ വിവാഹ വാര്‍ഷികദിനങ്ങള്‍ പോലും കൊല്ലങ്ങളായി കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന പശിമയുള്ള ഹൃദയത്തിന്റെ ഉടമ! മാരകരോഗികളും തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നവരും വീടില്ലാത്തവരും നിര്‍ധനരുമായ അനവധി പേരുടെ കണ്ണീരൊപ്പാന്‍ വിശ്രമം പോലും മറന്നുള്ള ഓടിപ്പാച്ചിലുകള്‍! ഏല്‍പിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ പാതിരാത്രി വരെ ഉറക്കമിളക്കുമെങ്കിലും തഹജ്ജുദിനും അതിന് ശേഷം സുബ്‌ഹ് ബാങ്ക് കൊടുക്കാനുമായി പള്ളിയില്‍ കൃത്യമായി ഹാജരാകാനുള്ള ഔല്‍സുക്യം! അതിനേക്കാളൊക്കെ ഏറെ, ജീവിതത്തിന്റെ ഈ വ്യത്യസ്‌ത മുഖഭാവങ്ങളെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച്, ലോകമാന്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളെയും മനസ്സിനെയും സദാ സംരക്ഷിച്ചു നിര്‍ത്തിയ നിഷ്‌കളങ്കത. ഒരു സാദാ പ്രവര്‍ത്തകനായി ജനക്കൂട്ടത്തിലലിയാന്‍ തീരെ വൈഷമ്യമില്ലാത്ത ഒരാള്‍, ഇതായിരുന്നു ഞങ്ങളുടെ മജീദ്‌ക്ക.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ വളണ്ടിയര്‍ വിഭാഗത്തില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, നോമ്പുതുറ പോലെ വിശാല ജനപങ്കാളിത്തമുള്ള പരിപാടികളിലും മറ്റും ഏല്‍പിച്ച ദൗത്യം ഭംഗിയാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തു അദ്ദേഹം. താന്‍ നേതൃത്വം ഏറ്റെടുത്ത രണ്ട് വര്‍ഷങ്ങളില്‍ എഡ്‌മാക്കിനെ പുതിയ സേവന-സാംസ്‌കാരിക-വൈഞ്‌ജാനിക മേഖലകളിലേക്ക് കൈപിടിച്ചുനടത്താന്‍ അസാമാന്യമായ നേതൃപാടവവും ഇഛാശക്‌തിയും കാണിച്ചു. ഒരു സന്ദര്‍ഭത്തിലും നേതാവിന്റെ ഹാവഭാവങ്ങളില്ലാതെ അനുയായി വൃന്ദത്തിലെ ഏറ്റവും സാധാരണക്കാരനോടൊപ്പം നിന്നു. നാട്ടില്‍ നിന്നുമെത്തുന്ന സഹായപേക്ഷകളിലേക്കുള്ള ഫണ്ടുപിരിവുകളില്‍ കുറഞ്ഞ ശമ്പളക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ വലിപ്പം കണ്ട് അത് കുറക്കണമെന്നാവശ്യപ്പെട്ടത് അവരോടുള്ള മമതയുടെ നിദര്‍ശനമായിരുന്നു. വീട്ടുജോലിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആരായാലും പുതുതായി ഖത്തറില്‍ ജോലിക്കെത്തുന്ന എറണാകുളം ജില്ലക്കാരെ സംഘടനയുമായി അടുപ്പിക്കാനും വ്യത്യസ്‌ത ഫണ്ടുകളിലൂടെ നാട്ടില്‍ നിസ്സഹായരായ ധാരാളം പേര്‍ക്ക് സഹായമെത്തിക്കാനും ഒരുപാട് സേവനപരിശ്രമങ്ങളര്‍പ്പിച്ചു. നാട്ടില്‍ ലീവില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി സഹായത്തിന് അര്‍ഹരായവര്‍ക്ക് അത് നേരിട്ടെത്തിച്ചുകൊടുത്തു. ഖത്തറിലും നാട്ടിലുമൊക്കെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുമായും സൗഹൃദം സ്‌ഥാപിക്കാനും അവരുമായി ഇഴുകിച്ചേരാനുമുള്ള പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയെത്ര മനുഷ്യപ്പറ്റുള്ള സംഭവങ്ങള്‍! നിലപാടുകള്‍! എല്ലാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവ.
അല്ലാഹു അബ്‌ദുല്‍ മജീദ് സാഹിബിന്റെ പാപങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും സന്തപ്‌ത കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
taj [email protected]
വളണ്ടിയര്‍ ക്യാപ്‌റ്റന്‍
മോര്‍ച്ചറിയുടെ ഇടനാഴിയില്‍ അയാള്‍ വെള്ള പുതച്ച് ഉറങ്ങുകയാണെന്നേ തോന്നൂ. ആ പൂമുഖം അപ്പോഴും പൂര്‍ണ തിങ്കള്‍ കണക്കെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. കവിളിലും കീഴ്‌ചുണ്ടിലും നേര്‍ത്ത ചോരച്ചാലുകള്‍. വിശാലമായ നെറ്റിത്തടത്തില്‍ ഹിമകണം പോലുള്ള ശ്വേത ബിന്ദുക്കളുണ്ടെന്ന് തോന്നും. പറയാതെ പോയ എന്തോ ഒന്ന് ആ ചേതോഹര മുഖത്ത് നിന്ന് വായിച്ചെടുക്കാം. അയാളുടെ മുഖം ഏതോ അലൗകിക പ്രഭയില്‍ മുങ്ങികുളിച്ച് നില്‍ക്കുമ്പോലെ....
ആശുപത്രി വളപ്പ് ജന നിബിഢമാണ്. മോര്‍ച്ചറിയുടെ പിറകുവശത്തെ കമ്പി വേലി കടന്ന് ആളുകള്‍ അണമുറിയാതെ ഒഴുകുകയാണിപ്പോഴും. അപ്പുറത്തെ തുറന്ന മൈതാനിയില്‍ നിന്നും വീശിയടിക്കുന്ന നനുത്ത മരുക്കാറ്റ് ശരീരം തഴുകി ഹൃദയത്തിലേക്ക് തുളച്ചുകയറി.
മോര്‍ച്ചറിക്ക് വെളിയില്‍ ആളുകള്‍ കൂടി നിന്നു. കണ്ടവര്‍ മാറി നിന്ന് പരേതന്റെ അപദാനങ്ങള്‍ വാഴ്‌ത്തി:
``പാതിരാവ് വരെ പ്രവര്‍ത്തകരോടൊപ്പം ഓടിച്ചാടി നടന്നതാണ്. മൗലവിയെ എയര്‍പോര്‍ട്ടിലെത്തിച്ച് യാത്രയാക്കി തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ ചോദ്യം: `അല്ല, ആ കണക്ക് ശരിപ്പെടുത്തേണ്ടേ?'
`വയ്യ... നാളെ ഓഫീസ് കഴിഞ്ഞ് വന്നിട്ടാകാം'- മജീദ് മന്ദഹസിച്ചു.
`ഓഹോ, അപ്പോ നാളെ ജീവിച്ചിരിക്കുമെന്ന് എന്താ ഉറപ്പ്...?' എന്റെ കുസൃതിച്ചോദ്യം വീണ്ടും.
`ശരി. എങ്കില്‍ ഇപ്പോ തന്നെയാവട്ടെ.'
അവന്‍ പുതപ്പ് വകഞ്ഞ് മാറ്റി കമ്പ്യൂട്ടറിന്റെ മുമ്പിലേക്കോടി.
`വേണ്ട മജീദേ, ഞാന്‍ കളി പറഞ്ഞതാ. നാളെ ചെയ്യാം. ഇപ്പോ തന്നെ സമയം വളരെയായി.'
പക്ഷേ, അവന് സമയമുണ്ടായിരുന്നില്ല. തന്റെ സമയം തീരും മുമ്പെ അവനെല്ലാം ചെയ്‌തു തീര്‍ത്തു.
മജീദ് അങ്ങനെയാണ്. തിരക്ക് പിടിച്ച മനുഷ്യന്‍. ഓഫീസിലേക്ക് കൊച്ചു മോള്‍ സുമിയുടെ ഫോണ്‍ കോള്‍ വന്നപ്പോഴും അവന്‍ പറഞ്ഞു: `ഉപ്പ തിരക്കിലാണ്. നാളെ വിളിക്കാം.'
മകള്‍ വിട്ടില്ല. `ഉപ്പ എന്ന് വരും?'
`എപ്രിലില്‍ തീര്‍ച്ചയായും വരും.'
ഞാനോര്‍ത്തു. മജീദിനെന്നും തിരക്കായിരുന്നു. തനിക്ക് വേണ്ടിയല്ല, അന്യരുടെയും പ്രസ്ഥാനത്തിന്റെയും ആവശ്യങ്ങള്‍ക്ക്. എല്ലാം തന്റേതാണെന്ന് അയാള്‍ കരുതി. മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ പൊരി വെയിലത്ത് ഓടിത്തളരുന്ന ചുറുചുറുക്കുള്ള മജീദ്... രാവ് തണുത്തുറഞ്ഞ് മരവിച്ച് നില്‍ക്കുമ്പോള്‍ സമ്മേളന നഗരിക്ക് പുറത്ത് കാവല്‍ നില്‍ക്കുന്ന വളണ്ടിയര്‍ ക്യാപ്‌റ്റനായ മജീദ്... വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ മിടുക്ക് കാട്ടാതെ കാമറക്ക് മുന്നില്‍ നിന്ന് മുഖം തിരിക്കുന്ന മജീദ്.... നഗരി സംവിധാനിക്കാനും പന്തല്‍ കുറ്റമറ്റതാക്കാനും അഹോരാത്രം പെടാപാട് പെടുന്ന സുസ്‌മേരവദനനായ മജീദ്... ട്രാഫിക്കും ഭക്ഷണ വിതരണവും ശുചിത്വവും തന്റെ ബാധ്യതയായി കണ്ട മജീദ്... അവസാനയാളും പിരിഞ്ഞ് പോയിട്ടും ചപ്പു ചവറുകള്‍ പെറുക്കിക്കൂട്ടുന്ന നിസ്വാര്‍ഥനായ മജീദ്.... അങ്ങനെയെത്രയെത്ര ഭാവങ്ങളായിരുന്നു അയാള്‍ക്കെന്നോ?
ജനാസ നമസ്‌കാരത്തിനുള്ള വിളിയാളം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. കൂട്ടം കൂടി നിന്നവര്‍ കാര്‍ പാര്‍ക്കിനടുത്ത് താല്‍ക്കാലികമായി ഒരുക്കിയ മുസല്ലയിലേക്ക് ഒഴുകുന്നു. അവരെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍ ക്യാപ്‌റ്റനെ കണ്ടില്ല. ജനസാഗരത്തിന്റെ നേരെ ഞാന്‍ സൂക്ഷിച്ചു നോക്കി. എന്റെ ക്ഷീണിച്ച കണ്ണുകള്‍ അപ്പോഴും വളണ്ടിയര്‍ ക്യാപ്‌റ്റനെ അന്വേഷിക്കുകയായിരുന്നു.
സുബൈര്‍ കുന്ദമംഗലം
മൂവാറ്റുപുഴ മക്കാര്‍ മൌലവി
അറബിഭാഷാ പഠനരംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ച മക്കാര്‍ മൌലവി ശയ്യാവലംബിയാകുന്നതുവരെയും അധ്യാപന രംഗത്ത് സജീവമായിരുന്നു. പള്ളി ദര്‍സുകളില്‍ പഠനമാരംഭിച്ച അദ്ദേഹം കൊച്ചി ചെമ്പിട്ട പള്ളി ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ചേര്‍ന്നത്. അക്കാലത്ത് തെക്കന്‍ ഭാഗങ്ങളില്‍നിന്ന് ശാന്തപുരത്തെത്തി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഏക വ്യക്തി ഒരു പക്ഷേ അദ്ദേഹമായിരിക്കും. അറബി സാഹിത്യത്തിലും ഇസ്ലാമിക വിഷയങ്ങളിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു.
ഇന്ന് ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ മുന്‍നിരയിലുള്ള ഇസ്ലാമിയാ കോളേജ് സന്തതികളുടെ സതീര്‍ഥ്യനായിരുന്ന അദ്ദേഹം അധ്യാപന കലയില്‍ ഒതുങ്ങികൂടുകയായിരുന്നു. എപ്പോള്‍ എവിടെ വെച്ച് സംശയം ചോദിച്ചാലും വിശദീകരിച്ചു, സംശയം ദൂരീകരിച്ചു മാത്രമേ തിരിച്ചയക്കൂ.
കോട്ടയം കുമ്മനം അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലും എറിയാട് ബനാത്തിലും മൂവാറ്റുപുഴ ബനാത്തിലും അധ്യാപകനായിരുന്നു. സര്‍ക്കാര്‍ സ്കൂളധ്യാപകനായിരിക്കെ തന്നെ ഒഴിവു ദിവസങ്ങളില്‍ വിശ്രമിക്കാനും വീട്ടിലൊതുങ്ങി കഴിയാനും കൂട്ടാക്കാതെ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു. റിട്ടയര്‍മന്റിനുശേഷം അസ്ഹറുല്‍ ഉലൂമില്‍ സ്ഥിരാധ്യാപകനായി എട്ടുവര്‍ഷം സേവനം ചെയ്തു.
എറണാകുളം ജില്ലയിലെ ഒട്ടനവധി അറബി അധ്യാപകരുടെ ഗുരുവര്യനായിരുന്നു. പല ശിഷ്യന്മാരും അദ്ദേഹത്തിന്റെ മലവെള്ള പാച്ചില്‍ പോലെ ഒഴുകി വരുന്ന വാക്ധോരണിയും കൃത്യമായ പദപ്രയോഗവുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു. നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം പോലും ഇല്ലാതെ അടുത്ത അധ്യാപകന്‍ വരുന്നതുവരെയും ക്ളാസില്‍ തുടരും. സാമ്പത്തിക പ്രയാസമുള്ള പലര്‍ക്കും ഫീസുവാങ്ങാതെ സ്വന്തം വീട്ടില്‍ വെച്ച് രാത്രികാലങ്ങളില്‍ അറബി അധ്യാപക കോഴ്സുകളില്‍ പരിശീലനം നല്‍കിയിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്താന്‍ കഴിയാത്ത, ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് താമസ സൌകര്യവും ഭക്ഷണം വരെയും ഏര്‍പ്പാട് ചെയ്യും. അവസാനം രണ്ടുവര്‍ഷം ചാലക്കല്‍ ഇസ്ലാമിയാ കോളേജ് അനക്സിലാണ് പഠിപ്പിച്ചിരുന്നത്.
പ്രവാചക(സ)നെക്കുറിച്ച് വളരെ മുമ്പ് അറബിയില്‍ അദ്ദേഹം എഴുതിയ ഒരു കവിത ഹജ്ജിനു പോയ സമയത്ത് റൌദ ശരീഫിന്റെ മുന്നിലെത്തി പാടി കരഞ്ഞ സന്ദര്‍ഭം അദ്ദേഹം അനുസ്മരിക്കുമായിരുന്നു. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ക്ക് അറബി ഭാഷയിലെ ആ കവിത പാടികേള്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം അസ്ഹറുല്‍ ഉലൂമിലെ 'അത്തദാമുന്‍' എന്ന അറബി മാസികയില്‍ മറ്റൊരു കവിത കൂടി പ്രസിദ്ധീകരിച്ചു. അനേകം ഹൃദയങ്ങള്‍ക്ക് വെളിച്ചം പകരാനും ഒരുപാടു ശിഷ്യന്മാരുടെ കണ്ണു തുറപ്പിക്കാനും കഴിഞ്ഞ അദ്ദേഹത്തെയും ഞങ്ങളെയും നാഥാ നീ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടണേ ആമീന്‍
പി.എസ് കുഞ്ഞുമൊയ്തീന്‍ ആലുവ
പാലക്കല്‍ അബുഹാജി
അത്താണിക്കല്‍, വെള്ളുവമ്പ്രം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്ന ജനസേവന സംരംഭങ്ങളുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഫെബ്രുവരി 14-ന് അല്ലാഹുവിലേക്ക് യാത്രയായ പാലക്കല്‍ അബുഹാജി. പ്രദേശത്ത് പ്രസ്ഥാനം തുടങ്ങിവെച്ച എല്ലാ സംരംഭങ്ങളുടെയും വിജയത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ മുതല്‍ക്കൂട്ടായിരുന്നു. വളരെ ചുരുങ്ങിയ വിഭവങ്ങളുമായി ആരംഭിച്ച അല്‍-അന്‍സാര്‍ സകാത്ത് കമ്മിറ്റിയെ പാവപ്പെട്ടവര്‍ക്ക് ആശ്രയിക്കാവുന്നവിധം വലിയൊരു സംരംഭമാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വം വഴി സാധിക്കുകയുണ്ടായി. ഹിറാ മസ്ജിദ്, കാരുണ്യകേന്ദ്രം പാലിയേറ്റീവ് ക്ളിനിക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും ഖുര്‍ആന്‍ സ്റഡിസെന്ററില്‍ മുടങ്ങാതെ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്ന അദ്ദേഹത്തിന് ഖുര്‍ആനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രദേശത്ത് നടന്നുവന്നിരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. എം.ഐ.സി യതീംഖാന കമ്മിറ്റിയംഗം, മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ്, ആശ്വാസ് ചാരിറ്റബ്ള്‍ ട്രസ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം. മുഹമ്മദലി മാസ്റര്‍