Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ബൈത്തുല്‍ മഖ്‌ദിസിലെ മാരിയറ്റ്‌
(കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഒരു ചരിത്രകഥ)

അലി ത്വന്‍ത്വാവി
വിവ: പി.പി അബ്‌ദുല്ലത്വീഫ്‌ രിയാദ്‌


ഒരിടത്തിരിക്കാന്‍ സാധിക്കാതെ മാരിയറ്റ്‌ വീട്ടിലൂടെ അസ്വസ്ഥയായി നടക്കുകയാണ്‌. സ്‌നേഹനിധിയായ ഭര്‍ത്താവിന്‌ വല്ല ആപത്തും പറ്റിയോ? കൈക്കുഞ്ഞിനെ അവള്‍ മാറോട്‌ ചേര്‍ത്തുപിടിച്ചു. തന്റെ ദുഃഖവും സങ്കടവും അവനോടവള്‍ പറഞ്ഞുകൊണ്ടിരുന്നു. നിരാശ അവളെ പിടികൂടിയിട്ടുണ്ട്‌. നാളെ മുതല്‍ പിതാവ്‌ നഷ്‌ടപ്പെട്ട ഒരനാഥനായിത്തീരും തന്റെ കൈയിലിരിക്കുന്നതെന്നവള്‍ക്ക്‌ തോന്നിത്തുടങ്ങി. ഉതിര്‍ന്നുവീണ കണ്ണുനീര്‍തുള്ളികള്‍ കുട്ടിയെ ഉറക്കില്‍നിന്നും ഭീതിയോടെ ഞെട്ടിയുണര്‍ത്തി. അവന്‍ കരയാന്‍ തുടങ്ങി. അവിടെ സ്‌നേഹത്തിന്റെ കണ്ണുനീര്‍ ശൈശവത്തിന്റെ കണ്ണുനീരുമായി കൂടിക്കലര്‍ന്നു.
ബൈത്തുല്‍ മഖ്‌ദിസിലെ മുസ്‌ലിം ശത്രുക്കളെ ചെറുക്കാന്‍ ഭര്‍ത്താവ്‌ പുലര്‍ച്ചെ പുറപ്പെട്ടതാണ്‌. സൂര്യനസ്‌തമിക്കാറായിട്ടും അദ്ദേഹം തിരിച്ചെത്തിയിട്ടില്ല. തന്റെ ഭര്‍ത്താവിനെന്തു പറ്റിയെന്നൊരറിവുമില്ലാത്തതിനാല്‍ അവള്‍ അസ്വസ്ഥയായി.
മാരിയറ്റ്‌ ധീരയായ യുവതിയാണ്‌. ദൃഢചിത്തതയുള്ളവള്‍. ഭയം അവളെ ഇതുവരെ ആവേശിച്ചിട്ടില്ല. ആപത്തുകള്‍ ഹൃദയത്തെ വിഭ്രാന്തമാക്കിയിട്ടുമില്ല. പക്ഷേ, ഹിത്വീന്‍ യുദ്ധം ഒരൊറ്റ ധീര ഫ്രഞ്ചുകാരന്റെയും ഹൃദയം ബാക്കിവെച്ചിട്ടില്ല. അവരിലെ ഒരു പടയാളിക്കും വിജയപ്രതീക്ഷ അവശേഷിപ്പിച്ചിട്ടുമില്ല. അവരുടെ പട്ടാളം ആസുകല്ലില്‍ ചതച്ചരക്കപ്പെടുകയും പൊടിക്കപ്പെടുകയും ചെയ്‌തിരുന്നു. ധീരരായ പടയാളികളുടെ ഹൃദയങ്ങള്‍ വിറച്ചിടത്താണോ മാന്‍പേടയുടെ ഹൃദയമുള്ള ഒരു തരുണിയുടേത്‌?
മാരിയറ്റിന്റെ ഭര്‍ത്താവ്‌ ഹലബയിലെ കുതിര പടയാളിയാണ്‌. സമുദായത്തിന്റെ ജേതാവ്‌. ഫ്രാന്‍സ്‌, ജര്‍മനി, ബ്രിട്ടന്‍ അടക്കം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികളും ഖുദ്‌സിന്റെ ഓരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതയാള്‍ കണ്ടിട്ടുണ്ടെങ്കിലും, മാരിയറ്റിനേക്കാള്‍ ആകര്‍ഷകത്വവും സൗന്ദര്യവുമുള്ള ഒരു യുവതിയെ അയാള്‍ ഇതുവരെ കണ്ടിട്ടില്ല. അവര്‍ പരസ്‌പരം ആകൃഷ്‌ടരായി, പിന്നെ വിവാഹിതരായി. നന്മനിറഞ്ഞ ആ മാതൃകാ ദമ്പതികളുടെ ദാമ്പത്യത്തില്‍ ആനന്ദപൂക്കള്‍ പുഷ്‌പിച്ച്‌ ഫലം നല്‍കിക്കൊണ്ടിരുന്നു. അവരുടെ വീട്‌ മറ്റൊരു ഏദന്‍ തോട്ടമായി. പക്ഷേ, അവളോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ കുരിശിനോടുള്ള ആത്മബന്ധത്തെയും രാജ്യസ്‌നേഹത്തെയും അവയോടുള്ള കടപ്പാടുകളെയും ഒട്ടും വിസ്‌മരിപ്പിച്ചില്ല. ക്രൈസ്‌തവ വിജയത്തിന്റെ അടയാളമായി കുരിശ്‌ നിത്യം നില്‍ക്കണമെന്ന ആഗ്രഹം അയാളില്‍ ജ്വലിച്ചു നിന്നു. ഒരു മൂളല്‍ കേള്‍ക്കുമ്പോഴേക്കും അവിടേക്കയാള്‍ പറന്നെത്തും. യുദ്ധത്തിന്റെ വിളിക്കാദ്യം ഉത്തരം നല്‍കുന്നതും അദ്ദേഹമായിരിക്കും.
വീടിന്റെ വാതില്‍ തുറക്കപ്പെട്ടു. മാരിയറ്റിന്റെ ഹൃദയമിടിപ്പ്‌ വര്‍ധിച്ചു. വന്നെത്തിയത്‌ സന്തോഷവാര്‍ത്തയോ അതോ അനുശോചനമോ? തിട്ടമില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ട്‌ കൈകളും തന്റെ നേരെ നീട്ടി ഭര്‍ത്താവ്‌ സുരക്ഷിതനായി കടന്നുവരുന്നതവള്‍ കണ്ടു. ആ കൈകളിലേക്ക്‌ അവള്‍ വീണു.... വിജയത്തിന്റെ വര്‍ത്തമാനങ്ങള്‍ അവളോടദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു; യുദ്ധം നേരിടാതെ യുദ്ധത്തിനൊരുങ്ങാതെതന്നെ യൂശഅ്‌ ശത്രുക്കളെ ചെറുത്തത്‌, ശത്രുവിന്റെ കൈകള്‍ നിര്‍ജീവമായിപ്പോയത്‌, കുരിശു യോദ്ധാക്കളെക്കണ്ട്‌ ശത്രു വിരണ്ടോടിയത്‌.
``പ്രാണപ്രേയസീ...യേശുവിന്റെ ആധിപത്യം ബൈത്തുല്‍ മഖ്‌ദിസില്‍ അനശ്വരമായിരിക്കുന്നു. മാരിയറ്റ്‌, നീ അവരെ കണ്ടിരുന്നെങ്കില്‍, പട്ടണത്തിന്റെ ചുറ്റുമതില്‍ കണ്ടപ്പോഴേ അവര്‍ വിറച്ചുപോയി. ധീര ക്രൈസതവ പടയാളികള്‍ അവര്‍ക്കു മേല്‍ പെയ്‌തിറങ്ങി, അവരുടെ ടെന്റുകള്‍ ആക്രമിച്ചു, അവര്‍ ജീവന്‌ വേണ്ടി കേണു, പിന്തിരഞ്ഞോടി... എനിക്ക്‌ വിശ്വസിക്കാനായില്ല ഇവര്‍ തന്നെയോ ഹിത്വീനില്‍ നമുക്കെതിരെ വിജയം നേടിയിരുന്നതെന്ന്‌?..... ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുട്ടിയെപ്പോലെ അവര്‍ പേടിച്ചോടി... മഖ്‌ദിസിലെ ധീരര്‍ ഹിത്വീനിലുമുണ്ടായിരുന്നുവെങ്കില്‍.... യുദ്ധമെന്തെന്നവര്‍ക്ക്‌ പഠിപ്പിച്ചുകൊടുക്കാമായിരുന്നു... നീ കുരിശിനെ വിശുദ്ധപ്പെടുത്തുന്നില്ലേ? നസ്‌റേത്തിന്റെ നാമത്തില്‍ അഭിവാദ്യങ്ങള്‍....തീര്‍ച്ചയായും ജറൂസലം ഇനിമുതല്‍ നമുക്കനശ്വരമാണ്‌... നമുക്ക്‌ മാത്രം.''
വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാന ചര്‍ച്ചിലേക്ക്‌ അദ്ദേഹത്തിന്റെ കൂടെ മാരിയറ്റ്‌ പുറപ്പെട്ടു. വഴിയിലുടനീളം സത്യനിഷേധികളായ ഈ കാട്ടാളന്മാരെക്കുറിച്ചദ്ദേഹം അവളോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു. അവരുടെ മതത്തിന്റെ ഭീകരതയെക്കുറിച്ച്‌, അവരിലെ പുരുഷന്മാരുടെ ക്രൂരതയെക്കുറിച്ച്‌. അവര്‍ ശത്രുക്കളുടെ മാംസം ഭക്ഷിക്കുന്നതെങ്ങനെയെന്ന്‌, അവര്‍ മനുഷ്യ രക്തം കുടിക്കുന്നതിനെക്കുറിച്ച്‌. മുസ്‌ലിംകളുടെ രാജാവായ സ്വലാഹുദ്ദീനെക്കുറിച്ച്‌ പാതിരിമാരില്‍നിന്നും പുരോഹിതന്മാരില്‍നിന്നും താന്‍ കേട്ട കാര്യങ്ങള്‍ അതുപോലെ അവള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു. അവളുടെ ശരീരം ഭയത്താല്‍ വിറച്ചു. കുട്ടിയെ തന്റെ മാറോടവള്‍ ചേര്‍ത്തുപിടിച്ചു. നെഞ്ചില്‍ കുരിശു വരച്ചു, ഖുദ്‌സിലെ ധീരരുടെ സാമീപ്യം തേടി, യേശുവിന്റെയും കന്യാമറിയത്തിന്റെയും. ഈ കാട്ടാളന്മാര്‍ക്ക്‌ തങ്ങളിലേക്ക്‌ ഒരിക്കലും വഴി കിട്ടാതിരിക്കാന്‍, അവരുടെ ഭയപ്പെടുത്തുന്ന മുഖം ജീവിതത്തിലൊരിക്കലും കാണാതിരിക്കാന്‍....
ചര്‍ച്ചിലെ ആഘോഷം അവസാനിച്ചു. അവര്‍ വീട്ടിലേക്ക്‌ മടങ്ങി. പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ലോകം അവരിലേക്കിട്ടത്‌ പോലെ, കാലം അവര്‍ക്ക്‌ വേണ്ടി ഒരു പുതിയ വിധി പ്രഖ്യാപിച്ചത്‌ പോലെ, ഒരു നവ്യാനുഭൂതിയില്‍ പ്രതീക്ഷകളെ താലോലിച്ചും സല്ലപിച്ചും അവള്‍ വിരിപ്പില്‍ കിടന്നു. ഈ രാജ്യം മുഴുവനായും യേശുവിനും അനുയായികള്‍ക്കും അധീനമായതായി അവള്‍ക്ക്‌ തോന്നി. അതിന്റെ ഓരങ്ങളില്‍ പള്ളിമിനാരങ്ങളവശേഷിക്കാതെ, അതിന്റെ അന്തരീക്ഷത്തില്‍ ബാങ്കിന്റെ മാറ്റൊലികളില്ലാതെ. അവിടെ തന്റെ ഭര്‍ത്താവ്‌ ഉന്നതാധികാരത്തില്‍ സര്‍വാധികാരിയായി കൊണ്ട്‌..... ഈ സുന്ദരാനുഭൂതിയുടെ ഭാവനകളെ സ്വപ്‌നത്തില്‍ താലോലിച്ച്‌ അവള്‍ കണ്ണടച്ചു. പക്ഷേ, ഉറക്കത്തിലവളെ എതിരേറ്റത്‌ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളായിരുന്നു; പട്ടണം അടിമേല്‍ മറിയുന്നത്‌ പോലെ, കോട്ടകള്‍ പൊട്ടിച്ചിതറുന്നതുപോലെ, അതിന്റെ കല്ലുകള്‍ ഉതിര്‍ന്നു വീഴുന്നു, വേട്ടക്കഴുകന്റെ ചിറകടിയില്‍ കൊച്ചു കുരിവിക്കൂട്‌ തകര്‍ന്ന്‌ വീഴുന്നത്‌ പോലെ, പുരുഷന്മാരുടെ അട്ടഹാസങ്ങള്‍ കൂടിക്കലര്‍ന്ന നിലവിളികളും രോദനങ്ങളും ചെവിയില്‍ അരിച്ചുകയറി. സ്വപ്‌നത്തിനപ്പുറം യാഥാര്‍ഥ്യമാണിതെന്ന്‌ പെട്ടെന്നവള്‍ തിരിച്ചറിഞ്ഞു, തന്റെ കുട്ടിയെയുമെടുത്തവള്‍ ചാടിയെഴുന്നേറ്റു. കട്ടിലില്‍ നോക്കിയപ്പോള്‍ ഭര്‍ത്താവിനെയവിടെ കണ്ടില്ല.... കാര്യമന്വേഷിച്ചവള്‍ പുറത്തേക്കിറങ്ങി. ജനം പറഞ്ഞുകൊണ്ടിരിക്കുന്നു: ``സ്വലാഹുദ്ദീന്‍ നാടുവളഞ്ഞിരിക്കുന്നു, സൈത്തൂന്‍ മലയിലവര്‍ കാലുകുത്തിയിരിക്കുന്നു, അതിനിടയില്‍ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടവരെത്തി. ഉതിര്‍ത്ത മണ്ണിലെ മരം പിഴുതെടുക്കും പോലെ പട്ടണത്തെയും അവര്‍ പിഴുതെടുത്തു. പീരങ്കികള്‍ കൊണ്ടവര്‍ പട്ടണത്തെ ആക്രമിച്ചു. കത്തിച്ച പന്തം കൊണ്ടവര്‍ എറിഞ്ഞു. കുത്തിയൊലിക്കുന്ന ഒരു പ്രവാഹമായി സൈന്യം പട്ടണത്തിന്റെ ചുറ്റുമതിലുകള്‍ ആക്രമിച്ചു. അവര്‍ നരകത്തില്‍ നിന്ന്‌ വന്നവരെപ്പോലെ, നമ്മുടെ അഗ്നി അവരെ കരിക്കുന്നില്ല, ഇരുമ്പ്‌ അവരില്‍ ഏല്‍ക്കുന്നില്ല, സകല സാത്താന്മാരും അവരുടെ കൂടെ യുദ്ധം ചെയ്യുന്നതുപോലെ....''
ചെറുത്തുനില്‍ക്കാനുള്ള കരുത്തും ആത്മവിശ്വാസവുമുണ്ട്‌ മാരിയറ്റിന്‌. കാരണം, ഖുദ്‌സ്‌ ക്രിസ്‌ത്യാനികളുടെ രാജ്യമാണ്‌. ഒന്നോ രണ്ടോ വര്‍ഷമല്ല നൂറ്‌ വര്‍ഷം അതിന്റെ അവകാശികളായ ക്രിസ്‌ത്യാനികളുടെ കയ്യിലായിരുന്നു ഖുദ്‌സ്‌. മുഖ്യ പാത്രിയാര്‍ക്കീസ്‌ ബില്‍യാന്‍ നിയന്ത്രിക്കുന്ന ശ്രേഷ്‌ഠരായ അറുപതിനായിരം കുരിശു സൈനികരുണ്ട്‌ ഖുദ്‌സില്‍. പക്ഷേ, പെട്ടെന്നുണ്ടായ ഈ സംഭവം അവളുടെ ഹൃദയത്തില്‍ ചില സംശയങ്ങള്‍ ജനിപ്പിച്ചു....
കേട്ടതിനേക്കാള്‍ കടുത്ത വാര്‍ത്തകളോരോന്നായി അവള്‍ക്ക്‌ കിട്ടിക്കൊണ്ടേയിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും ആക്രമണത്തിന്റെ കാഠിന്യത്തെക്കുറിച്ചും ചെറുത്തുനില്‍പ്‌ ദുര്‍ബലമാവുന്നതിനെക്കുറിച്ചും പുതിയ വാര്‍ത്തകള്‍. കോട്ടമതിലില്‍ വെളുത്തകൊടി ഉയര്‍ത്തിയ വിവരം വരെ അവള്‍ക്ക്‌ ലഭിച്ചു. ഈ കൊടി സന്ധിക്കുവേണ്ടിയാണ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ നാല്‍പത്‌ ദിവസത്തിനുള്ളില്‍ പട്ടണം വിടാനും സ്വലാഹുദ്ദീന്റെ ഭരണത്തിന്‍ കീഴില്‍ ജീവിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കങ്ങനെ തീരുമാനിക്കാനും. പട്ടണവാതില്‍ തുറക്കപ്പെട്ടു. പുറത്ത്‌ പോകുന്ന ഓരോ പുരുഷനും പത്ത്‌ ദീനാറും സ്‌ത്രീ അഞ്ച്‌ ദീനാറും കുട്ടി രണ്ട്‌ ദീനാറും കരാര്‍ പ്രകാരം നല്‍കണം.
തന്റെ സമുദായത്തെ അവരുടെ വേവലാതിക്കുവിട്ട്‌ സ്‌നേഹനിധിയായ ഭര്‍ത്താവിനെയുമന്വേഷിച്ച്‌ മാരിയറ്റ്‌ ഇറങ്ങി. കോട്ടമതിലിന്‌ ചുറ്റും ഇരുട്ടില്‍ അവള്‍ സഞ്ചരിച്ചു. തുറന്നിരിക്കുന്ന വാതിലുകളിലൂടെയല്ലാം എത്തി നോക്കി. വിജയശ്രീലാളിതരായ പട്ടാളക്കാര്‍ പന്തവും തബലകളുമായി പ്രവേശിച്ചുകൊണ്ടിരിക്കുന്നു. തന്റെ കുട്ടിയെ മാറോട്‌ ഒന്നുകൂടി ചേര്‍ത്തുപിടിച്ച്‌ അവള്‍ അകലങ്ങളിലേക്ക്‌ നടന്നു. യുദ്ധഭൂമിയിലെത്തിയപ്പോള്‍ ചവിട്ടിയത്‌ കത്തിക്കരിഞ്ഞതും പിച്ചിച്ചീന്തപ്പെട്ടതുമായ കുരിശു പതാകകളിലായിരുന്നു. സന്ധികള്‍ വേര്‍പ്പെടുത്തപ്പെട്ട പട്ടാളക്കാരുടെ ജഡവുമായി അവ കൂടിക്കുഴഞ്ഞ്‌ കിടക്കുന്നു.
അവളുടെ ഹൃദയം പിടച്ചു. തിരിച്ചുപോകാനാഗ്രഹിച്ചെങ്കിലും മനസ്സനുവദിച്ചില്ല. തന്റെ പ്രാണനാഥനെ കണ്ടെത്തണം. അല്ലെങ്കില്‍ അദ്ദേഹത്തിനെന്തു പറ്റി എന്ന വിവരമെങ്കിലും കിട്ടാതെ തിരിച്ചുപോകാന്‍ സാധ്യമല്ല. തനിക്ക്‌ ചുറ്റും തന്നെ പോലെ നിരവധി സ്‌ത്രീ പുരുഷന്മാര്‍ തങ്ങളുടെ ഉറ്റവരെയും കൂട്ടുകാരെയും തെരയുന്നുണ്ട്‌. ആ തിരച്ചില്‍ കുരിശു ദേശീയതയുടെ ഒരു വലിയ പ്രതീക്ഷയായി രൂപം പ്രാപിച്ചു. ഇന്ന്‌ ആ ദേശീയത മരിച്ച്‌ ജഡമായിത്തീര്‍ന്നിരിക്കുന്നു. യേശുവിനെയും മാതാവ്‌ മേരിയെയും നിഷേധിക്കുന്നവരിലേക്ക്‌ നാട്‌ തിരിച്ചെത്തി. ഭര്‍ത്താവിന്റെ നഷ്‌ടം ദുഃഖിപ്പിക്കുന്നതുപോലെ ഈ സത്യവും അവളെ വല്ലാതെ വേദനിപ്പിച്ചു. ഇരട്ട ദുഃഖം. ചിന്നിച്ചിതറപ്പെട്ട ശവശരീരങ്ങളില്‍ തന്റെ ഉറ്റവരെയും വേണ്ടപ്പെട്ടവരെയും തിരിച്ചറിയാന്‍ അവള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇരുട്ടു കാരണം ഒന്നും വ്യക്തമാവുന്നില്ല. ജീവിതം മുഴുക്കെ അവളുടെ കണ്‍മുന്നില്‍ ഒന്നുകൂടി മിന്നിമറഞ്ഞു. എല്ലാമിതാ കൈവിട്ടുപോയിരിക്കുന്നു. ഇനി പുതിയൊരു ജീവിതം, താനിതുവരെ ശീലിച്ചിട്ടില്ലാത്ത ഭീതിയുടെയും വെപ്രാളത്തിന്റെയും കഷ്‌ടപ്പാടിന്റെയും ജീവിതം. പുതിയ ഭരണത്തിന്‍ കീഴിലെ ജീവിതം എപ്രകാരമായിരിക്കുമെന്ന്‌ അവള്‍ക്കോ അവളുടെ സമുദായത്തിലാര്‍ക്കുമോ അറിയില്ല. തന്റെ ഭര്‍ത്താവ്‌ വൃത്തികെട്ട ഈ വിജയികളെക്കുറിച്ച്‌ പറഞ്ഞതെല്ലാം അവളുടെ ഓര്‍മയില്‍ മുഴങ്ങി.
ഭര്‍ത്താവിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഹൃദയം നെഞ്ചില്‍നിന്ന്‌ പിഴുതെടുക്കപ്പെട്ടത്‌ പോലെ. ഏത്‌ ഭൂമിയില്‍ അദ്ദേഹമുണ്ട്‌? ഏതാകാശമാണദ്ദേഹത്തിന്‌ തണലേകുന്നത്‌? അതോ അദ്ദേഹം കൊല്ലപ്പെടുകയും ആ സുന്ദര ശരീരം പിച്ചിച്ചീന്തപ്പെടുകയും ചെയ്‌തോ? അദ്ദേഹത്തിന്റെ ഓര്‍മകള്‍ നാസാരന്ധ്രങ്ങളിലൂടെ കയറിയിറങ്ങി... ഈ അവസ്ഥയില്‍ അവള്‍ക്കധികം നടക്കാനായില്ല. ഇരു കണ്ണുകളും അടഞ്ഞു. കണ്ണുനീരിന്റെ മൂടുപടം അവളെ മൂടി. ഹൃദയം ദുഃഖത്താല്‍ ഒഴുകുന്നതായി തോന്നി. കുട്ടിയെ ശക്തിയായി തുരുതുരാ ചുംബിച്ചു. ചുംബനത്തിലൂടെ തന്റെ ദുഃഖവും വികാരവും അവനുമായി പങ്കുവെച്ചു. ചുംബനം കുട്ടിയെ വേദനിപ്പിച്ചു, അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
ഈ കാഴ്‌ചകളില്‍ നിന്നെല്ലാം ഓടിപ്പോകാന്‍ അവളാഗ്രഹിച്ചു. ഇത്ര പെട്ടെന്നിങ്ങനെ ഒരു കീഴ്‌മേല്‍ മറിച്ചില്‍ അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോള്‍ തോന്നും ഇതെല്ലാം സ്വപ്‌നമാണെന്ന്‌, ഉറക്കമെഴുന്നേള്‍ക്കുമ്പോള്‍ എല്ലാം ശരിയാകും. പക്ഷേ, യാഥാര്‍ഥ്യം വേദനിപ്പിക്കുന്നതും കയ്‌പേറിയതുമായിരുന്നു. ഊഹങ്ങളെ അത്‌ പിച്ചിച്ചീന്തുന്നു. ബാധിച്ച ഭീതിയെക്കാളും ഹൃദയത്തെ വേദനിപ്പിച്ചത്‌ തന്നെ ഗൗനിക്കാതെയുള്ള ജനങ്ങളുടെ പിന്തിരിഞ്ഞുപോകലാണ്‌. തന്നെ സഹായിക്കാന്‍ ഒരു കൈയും നീളാത്തത്‌ അവളെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ, ആപത്ത്‌ ഓരോരുത്തരെയും അത്രമാത്രം ബാധിച്ചിട്ടുണ്ട്‌. മഹ്‌ശറില്‍ ഞാന്‍... ഞാന്‍ എന്ന്‌ പറഞ്ഞോടുന്നപോലെ.
തലേ രാത്രിയിലെ മധുരസ്‌മരണകള്‍ ഒരു തവണകൂടി മനസ്സിലേക്ക്‌ തികട്ടിവന്നു. വിജയവും ഔന്നിത്യവും സ്‌നേഹവും കൂടിച്ചേരലും കൊണ്ടാരംഭിച്ച രാത്രി. കയ്‌പുറ്റ നിരാശയിലും കടുത്ത പരാജയത്തിലും നീണ്ട വേര്‍പാടിലും അതിതാ അവസാനിച്ചിരിക്കുന്നു. നൂറ്‌ വര്‍ഷം കൊണ്ട്‌ പടുത്തുയര്‍ത്തിയ കോട്ട ഒരു നിമിഷം കൊണ്ടിങ്ങനെ നശിക്കുമോ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മുഴുവന്‍ യൂറോപ്യരുടെയും സഹായത്താല്‍ നിര്‍മിക്കപ്പെട്ടത്‌ ഒരൊറ്റ മനുഷ്യനിങ്ങനെ തകര്‍ക്കാനാകുമോ? ക്രൈസ്‌തവ രാജാക്കന്മാരും നേതാക്കളും ഒന്നിച്ച്‌ ഒരു മുസ്‌ലിം അമീറിന്‌ തുല്യമാകുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ മുസ്‌ലിം ലോകം ഒരുമിച്ച്‌ നിന്നാലെന്തായിരിക്കും അവസ്ഥ? ഈ യുദ്ധമെങ്ങാനും ഖിലാഫത്തിന്റെ കാലത്തായിരുന്നുവെങ്കില്‍! ചൈന മുതല്‍ ഫ്രാന്‍സിന്റെ ഹൃദയത്തിലെത്തിനില്‍ക്കുന്ന ഒരൊറ്റ രാജ്യമായി മാറുമായിരുന്നില്ലേ അത്‌?
കണ്‍മുമ്പില്‍ കാണുന്നവരോടെല്ലാം തന്റെ ഭര്‍ത്താവിനെക്കുറിച്ചവള്‍ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ, അവള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല. ആരും അവളുടെ ചോദ്യത്തിനുത്തരം നല്‍കിയില്ല. വിശാല ഹൃദയനെന്ന്‌ തോന്നിക്കുന്ന ഒരാളവളുടെ കണ്‍മുന്നില്‍ പെട്ടു. അദ്ദേഹത്തോടും തന്റെ ഭര്‍ത്താവിനെക്കുറിച്ചവള്‍ ചോദിച്ചെങ്കിലും സഹതാപത്തോടെയും സ്‌നേഹത്തോടെയും അദ്ദേഹത്തിന്റെ മറുപടി, എനിക്കറിയില്ല എന്ന്‌ തന്നെയായിരുന്നു.
മെലിഞ്ഞ്‌ ദുര്‍ബലനായ ചന്ദ്രന്‍ കാര്‍മേഘത്തിന്റെ വിടവിലൂടെ എത്തിനോക്കി. മരണാസന്നനായ രോഗിയുടെ മുഖമെന്ന്‌ ദ്യോതിപ്പിക്കുന്ന, ദുഃഖം ഘനീഭവിച്ച മങ്ങിയ വെളിച്ചം അത്‌ ഭൂമിയിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ടിരുന്നു. ചെളിയില്‍ ആണ്ടുപോയ ഒരു കഷണം മനുഷ്യ മാംസം അവള്‍ കണ്ടു. അതിനിടയില്‍ സ്വര്‍ണം പൂശിയ പടയങ്കികള്‍ തെളിഞ്ഞു കാണാം. മുറിഞ്ഞ അമ്പുകളും വാളുകളും ചുറ്റിലുമുണ്ട്‌. ദുര്‍ഗന്ധം വമിക്കുന്ന ഈ മൃതശരീരത്തില്‍ അവളുടെ ചിന്തകള്‍ പടര്‍ന്നു. പകലിലിയാള്‍ വാഗ്‌ദത്തഭൂമിക്ക്‌ വേണ്ടി ജാഗരൂകനായിരുന്ന ധീരപടയാളിയായിരുന്നു, കുരിശിന്റെ കോട്ടയും മുള്‍വേലിയുമായിരുന്നു.
അവള്‍ വീണ്ടും ഭര്‍ത്താവിനെ പരതാന്‍ തുടങ്ങി. ഓരോ മുഖങ്ങളിലേക്കും സൂക്ഷിച്ചു നോക്കി. അതാ തന്നോട്‌ അനുകമ്പ കാണിക്കാറുണ്ടായിരുന്ന, തന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന, ആ വയോവൃദ്ധന്‍ നടന്നുവരുന്നു. തന്നോടയാള്‍ക്കിപ്പോഴും വാത്സല്യമുണ്ടെന്നവളറിഞ്ഞു. അദ്ദേഹം അവളെ കൈപിടിച്ചു യുദ്ധക്കളത്തിന്റെ പുറത്തെത്തിച്ചു. സംഭവയാഥാര്‍ഥ്യങ്ങള്‍ അവളുടെ ഇഛാശക്തിയെ തകര്‍ത്തു കളഞ്ഞിരുന്നു. അവള്‍ ഉറക്കത്തില്‍ നടക്കും പോലെ അദ്ദേഹത്തിന്റെ കൂടെ നടന്നു. തന്നോടുതന്നെ ചോദിക്കും പോലെ വളരെ പതുങ്ങിയ ശബ്‌ദത്തില്‍ അദ്ദേഹത്തോടവള്‍ ചോദിച്ചു:
``വന്ദ്യ പിതാവേ, നിങ്ങളെന്റെ ഭര്‍ത്താവിനെ കണ്ടോ?''
അവളെ ദുഃഖിപ്പിക്കുന്നതൊന്നും പറയാന്‍ അയാളാഗ്രഹിച്ചില്ല. വിഷയത്തില്‍നിന്ന്‌ തെന്നിമാറി, അവളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക്‌ തിരിച്ചുവിടാന്‍ അദ്ദേഹം ആഗ്രഹിച്ചു. അവള്‍ വീണ്ടും ചോദിച്ചു: ``അവര്‍ നമ്മെ എന്തു ചെയ്യുമെന്നാണ്‌ അങ്ങ്‌ കരുതുന്നത്‌? എന്റെ കുട്ടിയെ തട്ടിയെടുത്ത്‌ എന്റെ മുന്നില്‍ വെച്ചവര്‍ അവന്റെ മാംസം തിന്നുമോ?''
``നിന്നോടാരു പറഞ്ഞു ഈ കളവുകളൊക്കെ? മുസ്‌ലിംകള്‍ ഔദാര്യവാന്മാരാണ്‌, വാഗ്‌ദത്തം പാലിക്കുന്നവരും മാന്യരും, അവരുടെ രാജാവ്‌ സ്വലാഹുദ്ദീന്‍ സര്‍വ രാജാക്കന്മാരേക്കാളും ശ്രേഷ്‌ഠനും...'' മുസ്‌ലിംകളെ കുറിച്ച്‌ താന്‍ മനസ്സിലാക്കിയത്‌ അയാള്‍ അവളോട്‌ പങ്കുവെച്ചു. കേള്‍ക്കുന്നത്‌ വിശ്വസിക്കാനാവാതെ അത്ഭുതം കൊണ്ടവള്‍ വാ പൊളിച്ചിരുന്നു. അയാള്‍ തുടര്‍ന്നു: ``അവര്‍ നമ്മെ കൂട്ടക്കശാപ്പ്‌ നടത്തിയിരുന്നുവെങ്കില്‍ പോലും അതക്രമമാകില്ല, മറിച്ച്‌ നമ്മോട്‌ കാണിച്ചത്‌ തുല്യനീതി മാത്രമാകുമായിരുന്നു. നൂറു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഖുദ്‌സില്‍ പ്രവേശിച്ചപ്പോള്‍ നാമവരെ വീടുകളിലും വഴികളിലും പള്ളികളിലുമടക്കം കണ്ടിടത്തെല്ലാം കൊന്നൊടുക്കി. നമ്മില്‍ നിന്ന്‌ രക്ഷതേടി വലിയ മതിലുകള്‍ക്ക്‌ മുകളില്‍നിന്നവര്‍ പ്രാണരക്ഷാര്‍ഥം ചാടി. അങ്ങനെ അന്ന്‌ നാം എഴുപതിനായിരം പേരെ കൊന്നൊടുക്കി. അന്നവര്‍ക്ക്‌ വേണ്ടി അലിയാന്‍ ലോകത്തൊരു ഹൃദയവും, പ്രതിഷേധിക്കാന്‍ ഒരു നാവുമുണ്ടായിരുന്നില്ല....''
(അടുത്ത ലക്കത്തില്‍ അവസാനിക്കും)

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly