Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



ദയാനിധിയായ ദൈവദൂതന്‍

ടി.കെ ഇബ്റാഹീം

ലോകാനുഗ്രഹിയായ കാരുണ്യ പ്രവാചകന്‍ നിയോഗിതനായത്‌ പ്രധാനമായും മനുഷ്യരിലേക്കാണ്‌. തല്‍ഫലമായി അദ്ദേഹത്തിന്റെ കാരുണ്യം ഏറ്റവും പ്രായോഗികമായി പ്രകടമാവുന്നത്‌ മനുഷ്യരുടെ കര്‍മവേദികളിലാണ്‌. ഈ വേദി സ്‌ത്രീയും പുരുഷനും മക്കളും മാതാപിതാക്കളും ഭര്‍ത്താവും ഭാര്യയും യജമാനനും ഭൃത്യനും ധനികനും ദരിദ്രനും ശത്രുവും മിത്രവും അയല്‍വാസിയും അപരിചിതനും എല്ലാ ഉള്‍ക്കൊള്ളുന്നു. ലിംഗ-വംശ-വര്‍ണ-വര്‍ഗ-ഭാഷാ ഭേദമെന്യേ സര്‍വ മനുഷ്യരുടെയും ആവശ്യങ്ങള്‍ അദ്ദേഹം കണ്ടറിയുകയും നിര്‍വഹിച്ചുകൊടുക്കുകയും ചെയ്‌തു. കൃപയുടെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും നീരുറവയായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. അപരന്മാരുടെ ദുരിതങ്ങള്‍ ആ മനസ്സിനെ മുറിവേല്‍പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്‌തു. കാരുണ്യ പ്രവാചകന്റെ ഹൃദയത്തുടിപ്പുകള്‍ പ്രതിബിംബിക്കുന്ന എത്രയെത്ര സംഭവങ്ങളാണ്‌ ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌!
ഒരവസരത്തില്‍ നബിതിരുമേനി ഉമറുല്‍ ഫാറൂഖിനും മറ്റു ചില അനുചരന്മാര്‍ക്കുമൊപ്പം ഒരിടത്ത്‌ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ഒരു ഗ്രാമീണന്‍ (ബദവി) പ്രവാചകനുമായി സംസാരിക്കുന്നതിനിടയില്‍ പഴയകാലത്തെ ജീവിതാനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത്‌ അപമാനമായി കരുതിയിരുന്ന ഗോത്രങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്‌. അതിനാല്‍ അവരില്‍ ചിലര്‍ തങ്ങളുടെ പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടാറുണ്ടായിരുന്നു. താന്‍ സ്വന്തം പെണ്‍കുട്ടികളെ വകവരുത്തിയ കഥ അദ്ദേഹം തിരുദൂതരോട്‌ വിവരിച്ചു. എന്നാല്‍ ഒരു പെണ്‍കുട്ടിയോട്‌ അയാള്‍ക്ക്‌ വല്ലാത്തൊരിഷ്‌ടം തോന്നി. അവളെ അയാള്‍ അതിരറ്റ്‌ സ്‌നേഹിച്ചു. അങ്ങനെ അവര്‍ അയാളുടെ കണ്‍കുളിരായി വളര്‍ന്നു. പക്ഷേ, അയാളുടെ ഗോത്രക്കാര്‍ വിട്ടില്ല. അവര്‍ അയാളെ കളിയാക്കിത്തുടങ്ങി. ``പെണ്‍കുട്ടിയെ വെച്ചിരിക്കുകയോ?'' അങ്ങനെ സമൂഹത്തിന്റെ സമ്മര്‍ദത്തിന്‌ വഴങ്ങി തന്റെ പ്രിയ പുത്രിയെയും കുഴിച്ചുമൂടാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
ഒരു ദിവസം അയാള്‍ മകളെ കുളിപ്പിച്ച്‌ വസ്‌ത്രങ്ങളണിയിച്ചു. ആവശ്യമായ ആഹാരവും നല്‍കി. പെണ്‍കുട്ടിയുണ്ടോ അറിയുന്നു, അത്‌ തന്റെ അന്ത്യാഹാരമാണെന്ന്‌! പിന്നെ, അയാള്‍ ആളൊഴിഞ്ഞ ഒരിടത്തേക്ക്‌ അവളെ കൂട്ടിക്കൊണ്ടുപോയി, മകളെ അടുത്തു നിര്‍ത്തി കുഴിവെട്ടാന്‍ തുടങ്ങി. അപ്പോള്‍ പിതാവിന്റെ നെറ്റിയിലും താടിരോമങ്ങളിലും തെറിച്ച മണല്‍ത്തരികള്‍ കഥയറിയാത്ത ആ ബാലിക തന്റെ പിഞ്ചുകരങ്ങള്‍ കൊണ്ട്‌ തടവി മാറ്റിക്കൊണ്ടിരുന്നു. പക്ഷേ, ആ സ്‌നേഹപ്രകടനങ്ങളൊന്നും അയാളുടെ കരളലിയിച്ചില്ല. കുഴി പൂര്‍ത്തിയായപ്പോള്‍ അയാള്‍ അവളെ അതിലേക്ക്‌ പിടിച്ചുതള്ളി. പേടിച്ചരണ്ട ആ ബാലിക `ബാപ്പാ, ബാപ്പാ' എന്ന്‌ ആര്‍ത്തു കരഞ്ഞു. പക്ഷേ, അയാള്‍ ദീനമായ ആ ആര്‍ത്തനാദം കേട്ട ഭാവം നടിച്ചില്ല. തുറന്നു പിടിച്ച ആ വായിലേക്ക്‌ അല്‍പം മണല്‍ വാരിയിട്ട്‌ അയാളവളെ നിശ്ശബ്‌ദയാക്കി. പിന്നെ മണ്ണിട്ടു മൂടി. അതിദാരുണമായ ഈ ദൃശ്യം ഉള്‍ക്കണ്ണാല്‍ കണ്ടിട്ടെന്ന പോലെ, തിരുദൂതര്‍ ബോധമറ്റ്‌ തളര്‍ന്നുവീണു. അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു (സുനനുദ്ദാരിമി -സമാഹാരത്തിലെ രണ്ടാമത്തെ ഹദീസ്‌).
ഇതുപോലെ കാരുണ്യ പ്രവാചകന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്‌. ലോല ഹൃദയനായിരുന്നു അദ്ദേഹം. അപരരുടെ ദുരിതങ്ങളും ക്ലേശങ്ങളും സഹിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. ചിലപ്പോള്‍ കരയുന്നത്‌ മരിച്ച ഒരാളോടുള്ള കാരുണ്യം മൂലമായിരിക്കും. മറ്റു ചിലപ്പോള്‍ സ്വന്തം സമുദായത്തോടുള്ള അനുകമ്പയാലാകാം. വേറെ ചിലപ്പോള്‍ ദൈവഭയത്താല്‍. ഖുര്‍ആന്‍ ശ്രവിക്കുമ്പോഴും അദ്ദേഹം കരയും. രോഗി സന്ദര്‍ശനവും ശ്‌മശാന സന്ദര്‍ശനവും അദ്ദേഹത്തെ കരയിച്ചു.
ആഇശ(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``ഉസ്‌മാനുബ്‌നു മദ്‌ഊന്‍ മരിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അരികില്‍ ചെന്നു. മുഖത്തുനിന്ന്‌ തുണിമാറ്റി കുനിഞ്ഞുനിന്ന്‌ അദ്ദേഹത്തെ ചുംബിച്ചു. പിന്നീടദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ അശ്രുകണങ്ങള്‍ ഒഴുകുന്നത്‌ ഞാന്‍ കണ്ടു'' (അബൂദാവൂദ്‌). പിതൃവ്യന്‍ ഹംസയുടെ രക്തസാക്ഷിത്വം പ്രവാചകനെ ഏറെ കരയിച്ച സംഭവമായിരുന്നു. ഉഹുദ്‌ യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ അംഗഭംഗം വരുത്തുകയും അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ്‌ കരള്‍ പുറത്തെടുത്ത്‌ ചവച്ചു തുപ്പുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ അന്‍സ്വാരികളുടെ വീട്ടിനടുത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ നിന്ന്‌ കരച്ചില്‍ കേട്ടു. അപ്പോള്‍ തിരുമേനി ഹംസയെ ഓര്‍ത്ത്‌ കണ്ണീര്‍ വാര്‍ത്തു. അബ്‌ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ``റസൂല്‍ ഉഹുദില്‍ നിന്ന്‌ തിരിച്ചുവരുമ്പോള്‍ അന്‍സ്വാരി സ്‌ത്രീകള്‍ യുദ്ധത്തില്‍ മരിച്ച ഭര്‍ത്താക്കന്മാരുടെ പേരില്‍ കരയുന്നത്‌ കേട്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ ഹംസ, അദ്ദേഹത്തിന്റെ പേരില്‍ കരയുന്നവരില്ലല്ലോ'' (ഇബ്‌നുമാജ).
മുഅ്‌ത്ത യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ അടുത്ത അനുചരന്മാരുടെ പേരിലും അദ്ദേഹം കരയുകയുണ്ടായി. അനസുബ്‌നു മാലിക്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``ജഅ്‌ഫറുബ്‌നു അബീത്വാലിബ്‌, സൈദുബ്‌നു ഹാരിസ, അബ്‌ദുല്ലാഹിബ്‌നു റവാഹ എന്നിവരുടെ മരണവാര്‍ത്ത തിരുമേനി ഞങ്ങളെ അറിയിച്ചു. അപ്പോള്‍ തിരുദൂതരുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു'' (ബുഖാരി). ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നത്‌ തിരുദൂതരുടെ ഒരു ശീലമായിരുന്നു. മരണസ്‌മരണ നിലനിര്‍ത്തുകയും മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയുമാണ്‌ അതിന്റെ ഉദ്ദേശ്യം. ഖബ്‌ര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം കരഞ്ഞ ധാരാളം സംഭവങ്ങള്‍ ഉണ്ട്‌. അബൂഹുറയ്‌റ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോടൊപ്പം മാതാവിന്റെ ഖബ്‌ര്‍ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം കരഞ്ഞു. ഒപ്പമുള്ളവരും കരഞ്ഞു'' (മുസ്‌ലിം).
നബിതിരുമേനിയുടെ ഹൃദയത്തില്‍ വഴിഞ്ഞൊഴുകുന്ന അപാരമായ വാത്സല്യവും കാരുണ്യവുമായിരുന്നു ഈ പ്രത്യേക പ്രകൃതത്തിന്‌ കാരണം. സ്വന്തം മകന്‍ ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ നബി(സ)യുടെ കണ്ണില്‍നിന്ന്‌ കണ്ണീരൊഴുകുന്നത്‌ കണ്ട്‌ അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌ ചോദിച്ചു: ``അല്ലാഹുവിന്റെ ദൂതരേ, താങ്കളും കരയുകയാണോ?'' പ്രവാചകന്‍ പറഞ്ഞു: ``ഔഫിന്റെ മകനേ, ഇത്‌ കാരുണ്യമാണ്‌. കണ്ണ്‌ കണ്ണുനീര്‍ പൊഴിക്കുന്നു; ഹൃദയം ദുഃഖിക്കുന്നു. എന്നാല്‍ നമ്മുടെ നാഥന്‌ അനിഷ്‌ടകരമായ ഒന്നും നാം പറയുന്നില്ല. ഇബ്‌റാഹീമേ, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്‌.'' പുത്രി റുഖിയ്യ മരണപ്പെട്ടപ്പോഴും അവരുടെ ഖബ്‌റിന്‌ സമീപം ഇരുന്ന്‌ തിരുമേനി കണ്ണീര്‍ വാര്‍ത്തതായി അനസ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
മരണം മാത്രമല്ല, രോഗാവസ്ഥയും അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ ഹൃദയത്തെ തരളിതമാക്കുമായിരുന്നു. അനുചരന്മാരില്‍ സഅ്‌ദുബ്‌നു ഉബാദ രോഗബാധിതനായി കിടന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അനുചരന്മാരുടെ ഒരു സംഘവും ഒപ്പമുണ്ടായിരുന്നു. സഅ്‌ദിന്റെ ദീനാവസ്ഥ കണ്ട പ്രവാചകന്‍ കരഞ്ഞുപോയി. അത്‌ കണ്ട്‌ ചുറ്റുമുള്ളവരും കരഞ്ഞു (ബുഖാരി, മുസ്‌ലിം). കരുണാര്‍ദ്രമായ ആ ഹൃദയത്തിന്‌ താങ്ങാനാവുന്നതായിരുന്നില്ല ആ രംഗം.
ഉസാമത്തുബ്‌നു സൈദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍, തന്റെ കുഞ്ഞ്‌ മരണാസന്നയാണെന്നറിയിച്ചുകൊണ്ട്‌ പ്രവാചക പുത്രിമാരിലൊരാള്‍ ആളെ അയച്ചു. പ്രവാചകന്‍ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: ``അല്ലാഹു അവന്റെ ഉടമസ്ഥതയിലുള്ളത്‌ തിരിച്ചെടുക്കുകയാണ്‌. അവന്റെയടുക്കല്‍ എല്ലാറ്റിനും ഒരു നിശ്ചിത അവധിയുണ്ടെന്നും ക്ഷമയും സഹനവും കൈക്കൊള്ളുകയാണ്‌ വേണ്ടതെന്നും അവളോട്‌ പറയുക.'' അല്‍പം കഴിഞ്ഞ്‌ അയാള്‍ തിരിച്ചുവന്ന്‌, പ്രവാചകന്‍ അങ്ങോട്ട്‌ ചെല്ലണമെന്ന്‌ അവള്‍ നിര്‍ബന്ധം പിടിക്കുന്നതായി അറിയിച്ചു. അങ്ങനെ അദ്ദേഹം സഅ്‌ദുബ്‌നു ഉബാദ, മുആദുബ്‌നു ജബല്‍ എന്നിവരോടൊപ്പം സ്വപുത്രിയുടെ വസതിയിലെത്തി. ഒരാള്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി പ്രവാചകന്‌ കാണിച്ചുകൊടുത്തു. തണുത്ത വെള്ളം സ്‌പര്‍ശിച്ചിട്ടെന്ന പോലെ അത്‌ വിറക്കുന്നുണ്ടായിരുന്നു. പ്രവാചകന്‌ നിയന്ത്രണം നഷ്‌ടപ്പെട്ടു. അദ്ദേഹം വിതുമ്പിക്കരഞ്ഞുപോയി. ``ഇതെന്താണ്‌ തിരുദൂതരേ!'' സഅ്‌ദ്‌ ചോദിച്ചു. ``ഇത്‌ അല്ലാഹു തന്റെ ദാസന്മാരില്‍ നിക്ഷേപിച്ച കാരുണ്യമാകുന്നു. സ്വദാസന്മാരില്‍ കാരുണ്യവാന്മാരോട്‌ മാത്രമേ അല്ലാഹു കാരുണ്യം കാണിക്കുകയുള്ളൂ'' അദ്ദേഹം പറഞ്ഞു (മുസ്‌ലിം).
ബര്‍റാഉബ്‌നു ആസിബ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു സംഭവം: ``ഞങ്ങള്‍ പ്രവാചകനോടൊപ്പം ഒരു ശവസംസ്‌കാരത്തില്‍ സംബന്ധിക്കുകയായിരുന്നു. പെട്ടെന്ന്‌ പ്രവാചകന്‍ ശവക്കുഴിയുടെ ഓരത്തിരുന്ന്‌ കരയാന്‍ തുടങ്ങി. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന പ്രവാചകന്റെ കണ്ണീര്‍ വീണ്‌ മണ്ണ്‌ കുതിര്‍ന്നു. അദ്ദേഹം പറഞ്ഞു: ``സഹോദരങ്ങളേ, ഇതുപോലുള്ള സന്ദര്‍ഭത്തിലാണ്‌ നാമെല്ലാം കരയേണ്ടത്‌ (മരണത്തെ ഓര്‍ക്കുകയും മരണാനന്തര ജീവിതത്തെക്കുറിച്ച്‌ പരിചിന്തനം നടത്തുകയും ചെയ്യേണ്ട സന്ദര്‍ഭം). അതിനാല്‍ മരണത്തിനായി സ്വയം സജ്ജരായിക്കൊള്ളുക'' (ഇബ്‌നുമാജ).
ബദര്‍യുദ്ധം നടന്ന രാത്രിയില്‍ മുസ്‌ലിം സൈനികരെല്ലാം സമാധാനപൂര്‍വം ഗാഢമായുറങ്ങി. പക്ഷേ, പ്രവാചകന്‍ ആ രാത്രി ധ്യാനത്തിലും പ്രാര്‍ഥനയിലുമാണ്‌ ചെലവഴിച്ചത്‌. അലിയ്യുബ്‌നു അബീത്വാലിബ്‌ പറയുന്നു: ``ബദ്‌ര്‍യുദ്ധ ദിനത്തില്‍ ഞങ്ങളോടൊപ്പം ശേഷിച്ച അശ്വഭടന്‍ മിഖ്‌ദാദ്‌ മാത്രമായിരുന്നു. പ്രവാചകനൊഴിച്ച്‌ ഞങ്ങളില്‍ പെട്ട എല്ലാവരും ഗാഢനിദ്രയിലാണ്ടു കിടക്കുന്നത്‌ കണ്ടതെനിക്കോര്‍മയുണ്ട്‌. പ്രവാചകന്‍ പ്രാര്‍ഥിച്ചും കണ്ണീരൊഴുക്കിയും പുലരുവോളം ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്നു'' (ഇബ്‌നു ഖുസൈമ, അഹ്‌മദ്‌).
പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച്‌ പരിചിന്തനം നടത്തി പ്രപഞ്ച സ്രഷ്‌ടാവിനെ സ്‌മരിക്കുകയും അവന്‌ സ്‌തുതികീര്‍ത്തനങ്ങളോതുകയും ചെയ്യുക പ്രവാചകപ്രഭുവിന്റെ പതിവായിരുന്നു. രാവിന്റെ അന്തിമയാമങ്ങളില്‍ മാനത്ത്‌ മിന്നിത്തിളങ്ങുകയും ഒളിഞ്ഞും തെളിഞ്ഞും കളിക്കുകയും ചെയ്യുന്ന താരഗണങ്ങളെയും ആകാശഗംഗയെയും നോക്കി ധ്യാനനിമഗ്നനും ഭയഭക്തനുമായി പുലരുവോളം കഴിച്ചുകൂട്ടുമായിരുന്നു അദ്ദേഹം. പ്രഭാത നമസ്‌കാരത്തിന്‌ ബാങ്ക്‌ വിളിക്കാന്‍ പതിവായെത്താറുണ്ടായിരുന്ന ബിലാല്‍ ഒരിക്കല്‍ കരഞ്ഞിരിക്കുന്ന പ്രവാചകനെയാണ്‌ കണ്ടത്‌. അദ്ദേഹത്തിന്റെ കണ്ണുനീര്‍ വീണ്‌ നിലം ഈര്‍പ്പമണിഞ്ഞിരുന്നു. ആര്‍ദ്രതയോടെ ബിലാല്‍ അന്വേഷിച്ചു: ``അല്ലയോ തിരുദൂതരേ, അല്ലാഹു ഭൂത ഭാവി പാപങ്ങളെല്ലാം പൊറുത്തുതന്നിരിക്കെ താങ്കളെന്തിനാണിങ്ങനെ ആശങ്കപ്പെടുന്നത്‌?'' അദ്ദേഹം പറഞ്ഞു: ``ഈ രാത്രി എനിക്ക്‌ ചില സൂക്തങ്ങളവതരിച്ചു കിട്ടിയിട്ടുണ്ട്‌. അത്‌ പാരായണം ചെയ്യുകയും എന്നിട്ടതിലടങ്ങിയ ആശയത്തെക്കുറിച്ച്‌ പരിചിന്തനം നടത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ നാശം!'' ആ സൂക്തങ്ങള്‍ അദ്ദേഹം പാരായണം ചെയ്‌തു:
``ആകാശഭൂമികളുടെ സൃഷ്‌ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക്‌ ധാരാളം ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്‌മരിക്കുന്നവരും ആകാശഭൂമികളുടെ സൃഷ്‌ടിയെ കുറിച്ച്‌ ചിന്തിക്കുന്നവരുമാണവര്‍. അവര്‍ സ്വയം പറയും: ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്‌ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന്‌ കാത്തുരക്ഷിക്കേണമേ! ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തിലേക്കയച്ചാല്‍ അവനെ നീ നിന്ദിച്ചതുതന്നെ. അതിക്രമികള്‍ക്ക്‌ തുണയായി ആരും ഉണ്ടാവുകയില്ല'' (3:190-192).
ഖുര്‍ആനിലെ മൂന്നാം ആധ്യായത്തിലെ 190 മുതല്‍ അവസാനം വരെയുള്ള സൂക്തങ്ങളാണ്‌ കരുണാനിധിയായ പ്രവാചകനെ പ്രകമ്പനം കൊള്ളിച്ചത്‌. ആ സൂക്തങ്ങളുടെ അവതരണത്തില്‍ ദൈവത്തോടുള്ള അദമ്യമായ കൃതജ്ഞതാ വികാരം അദ്ദേഹത്തെ കോള്‍മയിര്‍കൊള്ളിക്കുകയും കരയിപ്പിക്കുകയും ചെയ്‌തു. അനിര്‍വചനീയമായ ആത്മീയാനുഭൂതിയുടെ ആഴങ്ങളിലാണ്ടിറങ്ങി അദ്ദേഹം ആ രാത്രി കഴിച്ചുകൂട്ടി. ആ അവസ്ഥയിലാണ്‌ പ്രഭാതമായപ്പോള്‍ ബിലാല്‍ കടന്നുവന്നത്‌. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ സുന്ദരവും അഗാധവുമായി അനാവരണം ചെയ്യുന്ന ആ സൂക്തങ്ങളെ അവഗണിക്കുന്നവര്‍ നഷ്‌ടപ്രായരാണെന്ന്‌ തിരുമേനി ബിലിലാനെ ഓര്‍മിപ്പിക്കുകയായിരുന്നു. പ്രപഞ്ച പരിചിന്തനവും പ്രപഞ്ച നിരീക്ഷണവും എങ്ങനെ ദൈവാസ്‌തിത്വത്തിലേക്കും ദൈവസ്‌മരണയിലേക്കും നയിക്കുന്നുവെന്ന്‌ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
പ്രവാചകത്വലബ്‌ധിക്ക്‌ മുമ്പ്‌ ഖുറൈശികളുടെ സാര്‍ഥവാഹക സംഘത്തില്‍ പിതൃവ്യന്‍ അബൂത്വാലിബിനൊപ്പം മുഹമ്മദ്‌ സിറിയയിലേക്ക്‌ യാത്ര ചെയ്യുകയുണ്ടായി. സംഘം സ്ഥലത്തെ വിഖ്യാതനായ ഒരു പുരോഹിതന്റെ മഠത്തിന്‌ മുമ്പിലെത്തിയപ്പോള്‍ അവിടെ താല്‍ക്കാലികമായി തമ്പടിക്കാനുദ്ദേശിച്ച്‌, ഒട്ടകപ്പുറത്തുനിന്നിറങ്ങി സാധനങ്ങള്‍ കെട്ടഴിച്ചുതുടങ്ങി. ഇതൊരു പതിവു ദൃശ്യമായിരുന്നതിനാല്‍ പുരോഹിതന്‍ അത്‌ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. പക്ഷേ, അത്ഭുതകരമെന്ന്‌ പറയട്ടെ, പുരോഹിതന്‍ ആ സംഘത്തിനടുത്തേക്ക്‌ ഇറങ്ങിച്ചെന്നു. സംഘാംഗങ്ങളില്‍ ഓരോരുത്തരെയും സൂക്ഷ്‌മ നിരീക്ഷണം നടത്തിക്കൊണ്ട്‌ അദ്ദേഹം അവര്‍ക്കിടയിലൂടെ സാവധാനം നടന്നുനീങ്ങി. മുഹമ്മദിന്റെ അടുത്തെത്തിയപ്പോള്‍ ആ ബാലന്റെ കൈപിടിച്ച്‌ പറഞ്ഞു: ``സര്‍വസൃഷ്‌ടികളുടെയും നേതാവാണിവന്‍. സര്‍വലോക രക്ഷിതാവിന്റെ ദൂതനാണിവന്‍. സൃഷ്‌ടിജാലങ്ങള്‍ക്കെല്ലാം കാരുണ്യമായാണ്‌ ദൈവം ഇവനെ അയച്ചിരിക്കുന്നത്‌.'' ``നിങ്ങള്‍ക്കിതെങ്ങനെ മനസ്സിലായി?'' ഖുറൈശി നേതാക്കള്‍ ചോദിച്ചു. പുരോഹിതന്‍ പറഞ്ഞു: ``നിങ്ങള്‍ ഈ ഇടത്തേക്ക്‌ കുന്നിറങ്ങിവരുമ്പോള്‍, മരങ്ങളും ശിലകളുമെല്ലാം അവന്‌ സാഷ്‌ടാംഗം നമിക്കുന്നുണ്ടായിരുന്നു. ഒരു പ്രവാചകന്റെ മുമ്പിലല്ലാതെ അവ അങ്ങനെ ചെയ്യുകയില്ല. ആഗമനം പ്രതീക്ഷിക്കുന്ന പ്രവാചകനാണിവനെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. ആപ്പിളിന്റെ ആകൃതിയിലുള്ളതും തോളെല്ലിന്നടിയില്‍ സ്ഥിതി ചെയ്യുന്നതുമായ പ്രവാചകത്വമുദ്രയാണതിന്‌ തെളിവ്‌'' (A mercy to the Universe, Saeed bin Ali Al Qahtari, p 30,31). മുഹമ്മദിനെ കണ്ട ശേഷം പുരോഹിതന്‍ നടത്തിയ ഈ പ്രസ്‌താവന മുഹമ്മദിന്റെ പ്രവാചകത്വത്തെ മാത്രമല്ല, സൃഷ്‌ടിജാലങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിതനായ പ്രവാചകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നതത്രെ.
ക്രൈസ്‌തവ-ജൂത സമുദായങ്ങളില്‍ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്നിരുന്നു. കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അതുകൊണ്ടാണ്‌ മരണശയ്യയില്‍ വെച്ച്‌ രണ്ട്‌ ജൂത ബാലന്മാര്‍ അതനുസ്‌മരിച്ചത്‌ (ഈ സംഭവം കുട്ടികള്‍ എന്ന അധ്യായത്തില്‍ കാണാം). പക്ഷേ, കരുണാനിധിയായ ദൈവദൂതന്‍ ആ സത്യം പ്രഖ്യാപിച്ചപ്പോള്‍ അത്‌ സ്വീകരിക്കുന്നതില്‍നിന്ന്‌ സ്വാര്‍ഥ താല്‍പര്യങ്ങളും നേതൃമോഹങ്ങളും അവരെ തടയുകയായിരുന്നു. അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ``നാം വേദം നല്‍കിയ ജനത്തിന്‌ അദ്ദേഹത്തെ (നബിയെ) സ്വന്തം മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാണ്‌'' (2:146). ``തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന്‌ അവര്‍ക്ക്‌ വന്നെത്തി. അവരോ, അതിനു മുമ്പ്‌ അത്തരം ഒന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക്‌ നന്നായി അറിയാമായിരുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു''(2:89). ``നാം വേദം നല്‍കിയവര്‍ക്ക്‌ സ്വന്തം മക്കളെ അറിയുന്നപോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്‌ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല'' (6:20).
മനുഷ്യനെ മനുഷ്യനായിക്കാണുന്ന മഹാ മനസ്‌കതക്കും പ്രവാചക വര്യന്റെ ജീവിതത്തില്‍ എണ്ണമറ്റ ഉദാഹരണങ്ങള്‍ കാണാം. ആ ഉത്‌കൃഷ്‌ട ഗുണവിശേഷങ്ങള്‍ അനുയായികള്‍ അപ്പടി പകര്‍ത്തിയതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്‌. പ്രവാചക കാലശേഷം നടന്ന ഒരു സംഭവം: സഹ്‌ലുബ്‌നു ഹുനൈഫ്‌, ഖൈസുബ്‌നു സഅദ്‌ എന്നീ രണ്ട്‌ അനുചരന്മാര്‍ ഖാദിസിയ്യഃ (അക്കാലത്ത്‌ പേര്‍ഷ്യാ സാമ്രാജ്യത്തിലുള്‍പ്പെട്ട പ്രദേശമായിരുന്നു ഖാദിസിയ്യ) എന്ന സ്ഥലത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ശവമഞ്ചം അതിലൂടെ കടന്നുപോയി. അവരിരുവരും ആദരപൂര്‍വം എഴുന്നേറ്റുനിന്നു. സമീപത്തുണ്ടായിരുന്ന ചില മുസ്‌ലിംകള്‍ അവരോട്‌ പറഞ്ഞു: ``അത്‌ ഈ നാട്ടുകാരനായ ഒരാളുടെ ജഡമാണ്‌'' (മുസ്‌ലിമിന്റെയല്ല എന്നര്‍ഥം). അതിനെക്കുറിച്ച്‌ അനുചരന്മാര്‍ പറയുന്നത്‌ ഇപ്രകാരം: പ്രവാചകന്റെ അരികിലൂടെ ഒരു ശവമഞ്ചം കടന്നുപോയി. അപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു. ``അതൊരു ജൂതന്റെ ശവമാണ്‌.'' ആരോ ഒരാള്‍ പറഞ്ഞു. ``അത്‌ ഒരു മനുഷ്യന്റെ ജഡമല്ലേ?'' പ്രവാചകന്‍ ചോദിച്ചു.
നോക്കൂ, കരുണാനിധിയായ പ്രവാചകന്റെ പ്രസ്‌താവന എന്തു മാത്രം ഹൃദയസ്‌പൃക്കും ചിന്തോദ്ദീപകവുമാണ്‌! മനുഷ്യരായ എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ അദ്ദേഹം സ്വന്തം അനുചരന്മാരെയും അവരിലൂടെ ലോകത്തെയും പഠിപ്പിക്കുകയാണ്‌. മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ ഇന്ന്‌ നാം കേള്‍ക്കുന്ന ഗീര്‍വാണങ്ങളെവിടെ, പ്രവാചക പ്രഭുവിന്റെ മഹനീയ മാതൃകകളെവിടെ!
കാരുണ്യം സര്‍വ മനുഷ്യര്‍ക്കും ലഭ്യമാകണമെന്ന്‌ പ്രവാചകന്‍ ആഗ്രഹിച്ചു. വിശ്വാസികളും അവിശ്വാസികളും ബന്ധുക്കളും അന്യരും ഇക്കാര്യത്തില്‍ തുല്യരായിരിക്കണമെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. ഒരിക്കല്‍ അനുചരന്മാരോട്‌ അദ്ദേഹം പറഞ്ഞു: ``പരസ്‌പരം കരുണ കാണിക്കാതെ നിങ്ങള്‍ വിശ്വാസികളാവുകയില്ല.'' അവര്‍ പ്രതികരിച്ചു: ``ദൈവദൂതരേ, ഞങ്ങളെല്ലാം പരസ്‌പരം കരുണ കാണിക്കുന്നവരാണല്ലോ.'' അപ്പോഴദ്ദേഹം വിശദീകരിച്ചു: ``നിങ്ങള്‍ സ്വന്തം കൂട്ടുകാരനോട്‌ കാണിക്കുന്ന കരുണയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്‌. മറിച്ച്‌ സര്‍വര്‍ക്കും ബാധകമാക്കുന്ന കാരുണ്യത്തെക്കുറിച്ചാണ്‌'' (ത്വബറാനി).
അതെ, മനുഷ്യവംശത്തിലെ സര്‍വ വിഭാഗങ്ങള്‍ക്കും ആ ആര്‍ദ്ര മനസ്സിന്റെ കാരുണ്യം ലഭിച്ചു. സ്‌ത്രീകള്‍, ശത്രുക്കള്‍, കുറ്റവാളികള്‍, അയല്‍വാസികള്‍, മാതാപിതാക്കള്‍, വൃദ്ധജനങ്ങള്‍, അബലര്‍, ദരിദ്രര്‍, അനാഥര്‍, അടിമകള്‍, മൂഢര്‍, വിദ്യാര്‍ഥികള്‍,യുദ്ധത്തടവുകാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും.
(മാതൃഭൂമി ബുക്‌സ്‌ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഇതേ പേരിലുള്ള പുസ്‌തകത്തില്‍ നിന്ന്‌)


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly