ഇസ്‌ലാമിക സംഘം അഥവാ ജമാഅത്തെ ഇസ്‌ലാമി
തന്‍വീര്‍
മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാട്- ഇതാണ് മതങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള പൊതുവായ ധാരണ. മനുഷ്യന്റെ മര്‍മപ്രധാനമായ സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തില്‍ ആ മതങ്ങള്‍ക്ക് കാര്യമായ യാതൊരു പങ്കും നിര്‍വഹിക്കാനില്ല. പൊതുജീവിതത്തില്‍ മതം ഒരു നിലക്കും ഇടപെടാനും പാടില്ല. മിക്ക മതങ്ങളെക്കുറിച്ചും ഈ പരാമര്‍ശം ഒരുപക്ഷേ ശരിയായിരിക്കാം. ചില ആരാധനാ ചടങ്ങുകള്‍ക്കും പൂജാ കര്‍മങ്ങള്‍ക്കും അപ്പുറം നിത്യജീവിതത്തില്‍ മനുഷ്യന് പിന്തുടരാന്‍ പറ്റുന്ന ഒരു ജീവിത വീക്ഷണം സമര്‍പ്പിക്കാന്‍ പല കാരണങ്ങളാല്‍ അവക്ക് സാധിക്കണമെന്നില്ല. നിര്‍ഭാഗ്യവശാല്‍, മതങ്ങളുടെ കൂട്ടത്തില്‍ എണ്ണിപ്പോരുന്ന ഇസ്‌ലാമിനെക്കുറിച്ചും ഇങ്ങനെയൊരു ധാരണ പില്‍ക്കാലത്ത് സമൂഹത്തില്‍ മൂടുറച്ചു.
ഇസ്‌ലാമിനെക്കുറിച്ച ഇത്തരമൊരു ധാരണ അടിമുടി അബദ്ധജടിലമാണ്. കേവലം ചില പൂജാ കര്‍മങ്ങളുടെയോ ധാര്‍മികോപദേശങ്ങളുടെയോ പേരല്ല ഇസ്‌ലാം ദീന്‍. അതൊരു സമ്പൂര്‍ണ ജീവിത പദ്ധതിയാകുന്നു. ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്‌പര്‍ശിക്കുന്ന ഒരു ജീവിത ദര്‍ശനമാണ് ഇസ്‌ലാം എന്ന വസ്‌തുതയാണ് വെളിപ്പെടുക. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് അതില്‍ പരിഹാരമുണ്ട്. അതിന് സ്വന്തമായ രാഷ്‌ട്രീയ സാമൂഹിക ദര്‍ശനമുണ്ട്. സാമ്പത്തിക മേഖല എങ്ങനെയാവണമെന്നതിനെ കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. ധാര്‍മികതയുടെ അടിത്തറയില്‍ ഒരു നാഗരികതയും സംസ്‌കാരവും എങ്ങനെ കെട്ടിപ്പടുക്കാമെന്ന് അത് കാണിച്ചുതരികയുണ്ടായി. സമഗ്രവും വിശാലവുമായ കാഴ്‌ചപ്പാട് ഈ ജീവിതത്തില്‍ പ്രയോഗവത്‌കരിക്കണമെങ്കില്‍, മനുഷ്യന്‍ സ്വന്തം ദേഹത്തിന്റെയും ഇതര മനുഷ്യരുടെയും മറ്റെല്ലാ സൃഷ്‌ടികളുടെയും അടിമത്തവും അവയോടുള്ള അനുസരണവും ഉപേക്ഷിച്ച്, ലോക സ്രഷ്‌ടാവായ അല്ലാഹുവിന്റെ മാത്രം അടിമത്തവും അനുസരണവും കൈക്കൊള്ളണം. വ്യക്തിപരവും സാമൂഹികവുമായ എല്ലാ ജീവിത മേഖലകളിലും അല്ലാഹു നിശ്ചയിച്ച പരിധികള്‍ പാലിക്കണം. ഇതാണ് യഥാര്‍ഥ ഇസ്‌ലാം അഥവാ അദ്ദീനുല്‍ ഹഖ്.
മുസ്‌ലിം സമൂഹം ജീര്‍ണതകളിലേക്കും വിശ്വാസ വൈകല്യങ്ങളിലേക്കും ആപതിച്ചപ്പോഴെല്ലാം ഇസ്‌ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ കാഴ്‌ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പരിഷ്‌കര്‍ത്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ പരിഷ്‌കരണ ദൗത്യം ഏറ്റെടുക്കുക മാത്രമാണ് തന്റെ കാലഘട്ടത്തില്‍ മൗലാനാ മൗദൂദിയും ചെയ്‌തത്. ഇസ്‌ലാമിന് പുതുതായ ഒരു വ്യാഖ്യാനം എഴുതിച്ചേര്‍ക്കുകയായിരുന്നില്ല അദ്ദേഹം. മുന്‍കാല പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും പാതയില്‍ സഞ്ചരിക്കുക മാത്രമായിരുന്നു. വെല്ലുവിളികള്‍ മുമ്പില്‍ കണ്ട് കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് കണ്ടെടുത്ത ആ ആശയം അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. അത് പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന മാസിക തുടങ്ങിയത്.
ആശയം പ്രചരിപ്പിച്ചതുകൊണ്ട് മാത്രമായില്ല. അതിന്റെ പ്രയോഗവത്‌കരണത്തിന് സന്നദ്ധരായ ഒരു സംഘത്തെ വാര്‍ത്തെടുക്കണം. ഈ മാര്‍ഗത്തില്‍ ഉണ്ടാകുന്ന ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ മാത്രം ശക്തമായ ധാര്‍മികബോധം അവരില്‍ വളര്‍ത്തിയെടുക്കണം. ഒരു സംഘടനയിലൂടെ മാത്രമേ ഇത് സാധിക്കൂ.
ഇതിന്റെ ഭാഗമായാണ് 1938-ല്‍ മൗലാനാ മൗദൂദി ദാറുല്‍ ഇസ്‌ലാം കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. അതിന്റെ രൂപവത്‌കരണ യോഗത്തില്‍ പങ്കെടുത്തത് വെറും നാലു പേര്‍ മാത്രം. വളരെ എളിയ നിലയില്‍ തുടങ്ങിയ സംരംഭം. പില്‍ക്കാലത്ത് മഹാ പ്രസ്ഥാനങ്ങളായി മാറിയ പരിഷ്‌കരണ സംരംഭങ്ങള്‍ക്കെല്ലാം പലപ്പോഴും ഇത്തരം എളിയ തുടക്കമാണ് ഉണ്ടായിരുന്നത്. ``അല്ലാഹുവിന്റെ ദീനില്‍ ജനം കൂട്ടംകൂട്ടമായി വന്നു ചേരുക'' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച അവസ്ഥാവിശേഷം പല പല ഘട്ടങ്ങള്‍ പിന്നിട്ട ശേഷം വന്നുചേരുന്നതാണ്.
ക്രമേണ ഈ ആശയം പങ്കുവെക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകള്‍ പലേടത്തും ഉയര്‍ന്നുവരാന്‍ തുടങ്ങി. തര്‍ജുമാനുല്‍ ഖുര്‍ആന്‍ ആയിരുന്നു അവരെ ബന്ധിപ്പിക്കുന്ന കണ്ണി. അവരില്‍ പണ്ഡിതന്മാരും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. ഈ ചെറു സംഘങ്ങളുടെ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി ഒരു യോഗം വിളിക്കുകയാണ് മൗലാനാ മൗദൂദി ആദ്യം ചെയ്‌തത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജന്മം നല്‍കിയ ചരിത്രപ്രധാനമായ ആ സമ്മേളനം 1941 ആഗസ്റ്റ് 25-നായിരുന്നു. ആ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് മൗലാനാ മൗദൂദി ചെയ്‌ത പ്രസംഗത്തില്‍ ഇങ്ങനെയൊരു ഇസ്‌ലാമിക സംഘടനയുടെ അനിവാര്യതയും മറ്റു സംഘടനകളില്‍ നിന്ന് അതെങ്ങനെ വ്യത്യസ്‌തമായിരിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു:
``ഒന്നാമതായി ഇതര പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ ഏതെങ്കിലും ചില അംശങ്ങളെയോ അല്ലെങ്കില്‍ മുസ്‌ലിംകളുടെ ലൗകിക ഉദ്ദേശ്യങ്ങളില്‍ ചിലതിനെയോ മാത്രം എടുത്ത്, അതിനെയാണ് പ്രസ്ഥാനത്തിന് അടിത്തറയായി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ നാമാകട്ടെ, തനി ഇസ്‌ലാമും സാക്ഷാല്‍ ഇസ്‌ലാമും കൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. മുഴുവന്‍ ഇസ്‌ലാമുമാണ് നമ്മുടെ പ്രസ്ഥാനം.''
``രണ്ടാമതായി, മറ്റുള്ളവര്‍ അവരുടെ പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുന്നത് ഇവിടത്തെ ഇതര സംഘങ്ങളുടെയും പാര്‍ട്ടികളുടെയും രീതിയിലാണ്. പക്ഷേ, നാമാകട്ടെ, നബി(സ) തിരുമേനി രൂപവത്‌കരിച്ച ജമാഅത്തിനുണ്ടായിരുന്ന അതേ സംഘടനാ വ്യവസ്ഥയാണ് സ്വീകരിക്കുന്നത്.''
``മൂന്നാമതായി, മറ്റു പ്രസ്ഥാനങ്ങളില്‍, മുസ്‌ലിം സമുദായത്തില്‍ ജനിച്ചവരെല്ലാം `മുസ്‌ലിംകള്‍' തന്നെയായിരിക്കും എന്ന സങ്കല്‍പത്തില്‍ ഏതു തരക്കാരെയും സംഘത്തില്‍ ചേര്‍ക്കുന്നുണ്ട്. തല്‍ഫലമായി സദാചാര ദൃഷ്‌ട്യാ വിശ്വാസയോഗ്യരല്ലാത്തവരും അമാനത്തോ ഉത്തരവാദിത്വമോ ഏല്‍പിക്കാന്‍ കൊള്ളരുതാത്തവരുമായ ധാരാളം ആളുകള്‍ അംഗങ്ങളെന്നല്ല, പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്ഥാനത്ത് പോലും എത്തിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, നമുക്ക് ഒരാളെ മുസ്‌ലിം `ആയിരിക്കും' എന്ന സങ്കല്‍പത്തില്‍ സംഘടനയില്‍ എടുക്കുക സാധ്യമല്ല. മറിച്ച്, പരിശുദ്ധ വാക്യത്തിന്റെ അര്‍ഥവും ഉദ്ദേശ്യവും അതിനാല്‍ വന്നുചേരുന്ന കര്‍ത്തവ്യങ്ങളും നല്ലപോലെ ഗ്രഹിച്ചു അതില്‍ വിശ്വസിച്ചുവെന്നു സ്വയം സമ്മതിക്കുമ്പോള്‍ മാത്രമേ ഒരു വ്യക്തിയെ നാം സംഘടനയില്‍ എടുക്കുകയുള്ളൂ. സംഘടനയില്‍ പ്രവേശിച്ചതിനു ശേഷവും അവന് സംഘടനയില്‍ നിലകൊള്ളേണ്ടതിനു, ഇസ്‌ലാമികദൃഷ്‌ട്യാ ഈമാനിന്റെ ഏറ്റവും ചുരുങ്ങിയ തേട്ടങ്ങളെയെങ്കിലും അവന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. ഇതുവഴി അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സത്യസന്ധന്മാര്‍ വേര്‍പെട്ടു നമ്മുടെ ജമാഅത്തില്‍ വന്നുചേരുകയും ഭാവിയില്‍ ചേര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്.''
``നാലാമതായി, മറ്റു പ്രസ്ഥാനങ്ങളുടെ വീക്ഷണം ഇന്ത്യവരേക്കും, ഇന്ത്യയില്‍തന്നെ മുസ്‌ലിം സമുദായം വരേക്കും മാത്രം പരിമിതമാണ്. ആരെങ്കിലും കുറച്ചുകൂടി വിശാലത കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് ലോക മുസ്‌ലിംകള്‍വരേക്കും അതിനെ വികസിപ്പിച്ചുവെന്നതു മാത്രമാണ്. ഏതു നിലക്കും ആ പ്രസ്ഥാനങ്ങളെല്ലാം ജന്മനാ മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനങ്ങളില്‍ പരിമിതമാവുകയാണ് ചെയ്‌തത്. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചേ അവര്‍ക്ക് താല്‍പര്യമുള്ളൂ. അവരുടെ പ്രവര്‍ത്തനങ്ങളില്‍ അമുസ്‌ലിംകളെ തങ്ങളിലേക്കാകര്‍ഷിക്കുന്നതിനുതകുന്ന യാതൊന്നുമുള്‍ക്കൊണ്ടിരുന്നില്ലെന്നു മാത്രമല്ല, അവരില്‍ മിക്കവരുടെയും പ്രവര്‍ത്തനം അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നതിന് അങ്ങേയറ്റത്തെ പ്രതിബന്ധമായിട്ടു കൂടിയാണ് അനുഭവത്തില്‍ തെളിഞ്ഞിരിക്കുന്നത്. എന്നാല്‍, തനി ഇസ്‌ലാം മാത്രമാണ് നമ്മുടെ പ്രസ്ഥാനം; ഇസ്‌ലാമിന്റെ പ്രബോധനമാകട്ടെ, ഭൂമുഖത്തെ മുഴുവന്‍ ജനവിഭാഗങ്ങളോടുമാണു താനും. അതിനാല്‍, നമ്മുടെ ദൃഷ്‌ടി ഒരു പ്രത്യേക സമുദായത്തിന്റെയോ ദേശത്തിന്റെയോ മാത്രം താല്‍ക്കാലിക പ്രശ്‌നങ്ങളില്‍ കെട്ടിപ്പിണഞ്ഞതല്ല. മറിച്ച്, മുഴുവന്‍ മനുഷ്യ സമുദായത്തിലേക്കും മുഴുവന്‍ ഭൂമുഖത്തേക്കും അത് വിശാലമായിട്ടുണ്ട്. അഖില മനുഷ്യരുടെയും ജീവിത പ്രശ്‌നങ്ങളാണ് നമ്മുടെ പ്രശ്‌നങ്ങള്‍. പ്രസ്‌തുത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തെ-സകല ജനവിഭാഗങ്ങള്‍ക്കും വിജയവും സൗഭാഗ്യവും അടങ്ങിയിരിക്കുന്ന ഉല്‍കൃഷ്‌ടവും പ്രായോഗികവുമായ പരിഹാരത്തെ- അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും നബി(സ) തിരുമേനിയുടെ ചര്യയില്‍നിന്നും എടുത്ത് ലോക സമക്ഷം നാം സമര്‍പ്പിക്കുന്നു. ഇതുവഴി, നമ്മുടെ ജമാഅത്തില്‍ പാരമ്പര്യ മുസ്‌ലിംകളില്‍ നിന്നുള്ള നിഷ്‌കളങ്കരും സത്യസന്ധരുമായ ജനങ്ങള്‍ മാത്രമല്ല, പാരമ്പര്യ അമുസ്‌ലിംകളിലുള്ള സത്യതല്‍പരരും നിഷ്‌കളങ്ക ഹൃദയരുമായ ആളുകള്‍ കൂടി വന്നുചേര്‍ന്നുകൊണ്ടേയിരിക്കുന്നതാണ്.''
``ഇതേ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്, നമ്മുടെ സംഘത്തിന് `ജമാഅത്തെ ഇസ്‌ലാമി' (ഇസ്‌ലാമിക സംഘം)എന്നും നമ്മുടെ പ്രസ്ഥാനത്തിന് `ഇസ്‌ലാമിക പ്രസ്ഥാനം' എന്നും നാം പേര്‍ പറയുന്നത്. എന്തെന്നാല്‍, ഈ ജമാഅത്തിന്റെ ആദര്‍ശവും ലക്ഷ്യവും സംഘടനാ വ്യവസ്ഥയും കര്‍മപദ്ധതിയുമെല്ലാം തന്നെ, യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ എക്കാലത്തും ഇസ്‌ലാമിനുണ്ടായിരുന്നവ തന്നെയാണെങ്കില്‍ പിന്നെ, അതിന് ഇസ്‌ലാമിക സംഘമെന്നല്ലാതെ മറ്റൊരു പേരും അനുയോജ്യമല്ല. ഇത് തനി ഇസ്‌ലാമിന്റെ ലക്ഷ്യത്തിലേക്ക് ഇസ്‌ലാമിക മാര്‍ഗത്തില്‍ കൂടിതന്നെയുള്ള ഒരു ചലനമാണെങ്കില്‍ ഈ പ്രസ്ഥാനം ഇസ്‌ലാമിക പ്രസ്ഥാനമല്ലാതെ മറ്റൊന്നല്ലതന്നെ.''