മുമ്പേ പറയുന്നത്
അനസ് മാള
വെളുത്ത നൂലിഴകളാല്‍
മറവിയുടെ മാറാല മൂടും മുമ്പ്,
ചിന്തയെ വിളിച്ചുണര്‍ത്തുക.
കറുത്ത കന്മതില്‍പടുതയില്‍
കണ്ണുകള്‍ തപ്പിത്തടയും മുമ്പ്,
വെണ്‍കാഴ്‌ചകള്‍ക്കായല്‍പം
ഉള്‍ക്കണ്ണ് തുറന്ന് വെക്കുക.
അനര്‍ഥങ്ങള്‍ അയവിറക്കി
നാക്ക് കഴയും മുമ്പ്,
നന്മകള്‍ നുണഞ്ഞറിഞ്ഞ്
നറുവാക്കുകള്‍ പെയ്യിക്കുക.
അനാവശ്യങ്ങളുടെ തുറുങ്കില്‍
ഉലഞ്ഞ ഉടല്‍, ഉറഞ്ഞൊടുങ്ങി
വെള്ളയുടുക്കാനൊരുങ്ങും മുമ്പ്,
ഉള്ളറിഞ്ഞ് നന്മകള്‍ തേടുക.
കരുത്തൊഴിഞ്ഞ് കാലിണകള്‍
ബന്ധിച്ചുവെക്കപ്പെടും മുമ്പ്,
തിരിച്ചറിവിന്റെ വഴിയില്‍
ചുവടുകള്‍ തീര്‍ക്കുക.
തനിച്ചൊരിടത്തകം വെന്ത്
കഴിയാന്‍ പോകും മുമ്പ്
വാഴ്‌വില്‍ നന്മകള്‍ പൂക്കുവാന്‍
സ്‌നേഹസൗരഭ്യം പാറുക.
തുണ
അശ്‌റഫ് കാവില്‍
കൂട്ടിന്
നീയുണ്ടെങ്കില്‍
കൂരിരുട്ടായാലെന്ത്?
കണ്ണില്‍
നീയൊരു വിളക്ക്
കൊളുത്തിത്തരും..
തെറ്റില്‍ നിന്ന്
മറ്റൊരു തെറ്റിലേക്ക്
ജന്മശീലങ്ങള്‍
വഴിനടത്തുമ്പോള്‍
മരണാനന്തരമുള്ള
ഘോര ജീവിതത്തെക്കുറിച്ച്
ചുട്ടുപഴുത്ത ഒരോര്‍മ
മനസ്സിലുയിര്‍പ്പിക്കും...
പലതായ് പകുക്കപ്പെട്ട
വഴിയിറമ്പില്‍
പകച്ചുനില്‍ക്കുമ്പോള്‍
നേരിന്റെ പാത
കാണിച്ചുതരും...
കണ്ണീരില്‍ സ്‌നാനം ചെയ്‌ത
എന്റെ മുഖം
നിന്റെ മുമ്പില്‍
സാഷ്‌ടാംഗം നമിക്കുമ്പോള്‍
വേദനയുടെ മണിയനീച്ചകള്‍
വിട്ടകന്നു പോകും...
എല്ലാ വാതിലുകളും
എന്റെ മുമ്പില്‍
കൊട്ടിയടക്കപ്പെട്ടാലും
കൂട്ടിന്
നീയുണ്ടെങ്കില്‍
എന്റെ നാഥാ
സ്വര്‍ഗീയ കവാടം
നീ തുറന്നുവെക്കുമല്ലോ.
ആശയ സംഘട്ടനം
ജസീല്‍ കുറ്റിയാടി
കുഴിച്ചു മൂടപ്പെടുന്നത്
ഹൃദയങ്ങളാണ്
കിളിര്‍ത്തു
വരുന്നത്, പകയാണ്
തോറ്റുപോകുന്നത്
നിരപരാധികളാണ്.
ചിരിക്കുന്നത്
മാധ്യമങ്ങളാണ്
പിടിച്ചടക്കപ്പെടുന്നത്
സംസ്‌കാരങ്ങളാണ്
ഉറക്കം
നടിക്കുന്നവര്‍
ഞങ്ങളാണ്.
സമാന്തരം
ി.കെ അലി പൈങ്ങോട്ടായി
വാക്‌ശരങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നാണ്
നീയെന്നെ പരിചയപ്പെട്ടത്...
ചാനലുകളുടെ തീച്ചിറകുകളുള്ള
വാര്‍ത്താ ചിത്രങ്ങളില്‍നിന്നാണ്
നീയെന്നെ തീരുമാനിച്ചത്...
പത്രത്താളുകളിലെ കറുത്തിരുണ്ട
വിശകലനങ്ങളില്‍നിന്നാണ്
നീയെന്നെ അടയാളപ്പെടുത്തിയത്...
എന്റെ ഹൃദയത്തില്‍നിന്ന്
നീയെന്നെ പഠിച്ചെടുക്കാന്‍ മറന്നു...
ഹൃദയങ്ങള്‍ക്കിടയില്‍
നേര്‍വെളിച്ചത്തിന്റെ
ഒരു നൂല്‍പാലമെങ്കിലും
രൂപപ്പെടുന്നതിന് മുമ്പ്
നാം പരസ്‌പരം
ഇരു ചക്രവാളങ്ങളിലേക്ക്
വഴിപിരിഞ്ഞിരുന്നു.
നൈമിഷികം
റസാഖ് എടവനക്കാട്
കാലിട്ടടിച്ച്
കരഞ്ഞതന്ന്-
ജനിച്ച-
തപ്പോള്‍.
കാലം കഴിച്ച്-
കരയിച്ചതിന്ന്,
മരിച്ച-
തിപ്പോള്‍.