Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



ലോക സലഫിസത്തില്‍നിന്ന്‌ കേരള മുജാഹിദിലേക്ക്‌
രണ്ട്‌ സമ്മേളനങ്ങള്‍, രണ്ട്‌ സന്ദേശങ്ങള്‍' എന്ന സി. ദാവൂദിന്റെ വിലയിരുത്തല്‍ (ലക്കം 32) ശ്രദ്ധേയമായി. ലേഖകന്റെ നിരീക്ഷണം ശരിയാണെന്ന്‌ പാര്‍ട്ടി വിധേയത്വമില്ലാത്ത ഓരോ മലയാളിക്കും ബോധ്യമാകുന്നതാണ്‌.
കാന്തപുരം വിഭാഗം സുന്നി യാഥാസ്ഥിതികത്വത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ശൈലിയിലും പ്രമേയത്തിലും ജമാഅത്തെ ഇസ്‌ലാമിയെ അനുധാവനം ചെയ്യുന്നതാണ്‌ കാണുന്നത്‌. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലും സാമൂഹിക ഇടപെടലുകളിലും `വിജയ'ഘട്ടത്തിലെങ്കിലും കൊടിയുമായി രംഗപ്രവേശം ചെയ്യാന്‍ അവര്‍ക്ക്‌ കഴിയുന്നതും അതിനാലാണ്‌. തികഞ്ഞ സങ്കുചിതത്വമാണ്‌ ആഗോള സലഫിസത്തില്‍നിന്നും കേരള സലഫികളെ `മുജാഹിദ്‌' വിഭാഗങ്ങളായി വേര്‍പ്പെടുത്തിയത്‌. ഒരുകാലത്ത്‌ യാഥാസ്ഥിതിക സുന്നീ വിമര്‍ശനങ്ങളെ `പ്രതികരിക്കാതെ' പ്രതിരോധിച്ച അതേ രീതി തന്നെ ഇസ്‌ലാമിക പ്രസ്ഥാനം നവ മുജാഹിദ്‌ ഗ്രൂപ്പുകളോട്‌ സ്വീകരിക്കുന്നതാണ്‌ നല്ലത്‌. വിമര്‍ശനങ്ങള്‍ ക്രിയാത്മകമോ സത്യസന്ധമോ ആകാതിരിക്കുമ്പോള്‍ മറുപടിയിലൂടെ നീതി പ്രതീക്ഷിക്കുന്നത്‌ നിരര്‍ഥകമാണ്‌.
തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെ നേരിട്ടുള്ള ഇടപെടലുകള്‍ക്ക്‌ ശേഷം ജമാഅത്തെ ഇസ്‌ലാമിക്ക്‌ നേരെയുള്ള മുജാഹിദ്‌ ഗ്രൂപ്പുകളുടെ കടന്നുകയറ്റത്തിനെതിരെ തെരുവില്‍ മറുപടി ഒരുക്കുന്നത്‌ സമഗ്ര ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ ഭാഗികമാക്കുകയും ചുരുക്കികെട്ടുകയും ചെയ്യും. `മുഖാമുഖം', `ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും' തുടങ്ങിയ ശൈഖ്‌ മുഹമ്മദ്‌ കാരകുന്നിന്റെ സലഫി വിമര്‍ശനത്തില്‍ വരാത്ത ഒരു ആരോപണവും പുതുതായി അവര്‍ ഉയര്‍ത്തിയതായി കാണുന്നില്ല. പിന്നെന്തിന്‌ ഒരുപാട്‌ സമയവും പണവും തെരുവില്‍ വൃഥാവിലാക്കണം. അത്രയും പണമുണ്ടെങ്കില്‍ ഈ പുസ്‌തകവും മറുപടി പറഞ്ഞ സീഡികളും വ്യാപകമായി പ്രചരിപ്പിക്കുക. ഈയുള്ളവന്റെ ഒരു അനുഭവം പറയാം. ഒരു മുജാഹിദ്‌ സുഹൃത്ത്‌ ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസുകളുമായി നിരന്തരം എന്റെ അടുത്ത്‌ വരും. ചുണയുണ്ടെങ്കില്‍ മറുപടി താ എന്നതാണ്‌ വെല്ലുവിളി. മുന്‍ ധാരണകള്‍ ഒഴിവാക്കി പഠിച്ചു മനസ്സിലാക്കാന്‍ ഉപദേശിച്ച്‌ ശൈഖ്‌ സാഹിബിന്റെ രണ്ട്‌ പുസ്‌തകവും അദ്ദേഹത്തിന്‌ നല്‍കി. ഇനി ഏത്‌ നോട്ടീസിറക്കിയാലും ഇതില്‍ മറുപടിയുണ്ടോ എന്ന്‌ ശ്രദ്ധിച്ചിട്ടേ എന്റെയടുക്കല്‍ നോട്ടീസുമായി വരാവൂ എന്ന്‌ ഞാന്‍ പറഞ്ഞു. പിന്നീട്‌ ഒരു നോട്ടീസുമായും അയാള്‍ എന്റെ അടുക്കല്‍ വന്നില്ല.
ശാഫി മൊയ്‌തു കണ്ണൂര്‍
[email protected]


മറക്കാനാവാത്ത ഒരാള്‍...
`ഹൈദ്രോസ്‌ സാഹിബ്‌ -വിസ്‌മയ വ്യക്തിത്വം'- റസിയ ചാലക്കലിന്റെ അനുസ്‌മരണം (ലക്കം 34) ഈ കത്ത്‌ എഴുതാന്‍ പ്രേരിപ്പിച്ചു.
`ഹാജി സാഹിബ്‌' നാടക നിര്‍മിതിയുമായി 14 വര്‍ഷം മുമ്പ്‌ ശാന്തപുരം കാമ്പസില്‍ രണ്ടു മാസം കഴിയേണ്ടിവന്ന എനിക്ക്‌ ഹൈദ്രോസ്‌ സാഹിബിന്റെ സ്‌നേഹമസൃണമായ ആ നനു നനുത്ത തലോടല്‍ അവിശ്വസനീയമാണിന്നും! പ്രസ്ഥാനത്തെ എക്കാലവും സ്‌നേഹിക്കാനും പിന്തുടരാനും ഊര്‍ജം ഇന്‍ജക്‌റ്റ്‌ ചെയ്‌ത ഒരാള്‍.
ശാന്തപുരം വിടുമ്പോള്‍ പുകവലി പോലും ഞാനുപേക്ഷിച്ചു എന്നത്‌ എന്റെ ഗുണമായിട്ടല്ല ഹൈദ്രോസ്‌ സാഹിബിന്റെ സ്‌നേഹ വാത്സല്യങ്ങളുടെ ഫലമായിട്ടായിരുന്നു എന്ന്‌ തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. ബാപ്പയുടെ വാത്സല്യം, ഉസ്‌താദിന്റെ പ്രോത്സാഹനം, ഉമ്മക്ക്‌ മാത്രം നല്‍കാന്‍ കഴിയുന്ന `തണല്‍' ഒക്കെയും ഹൈദ്രോസ്‌ സാഹിബിന്റെ നന്മകള്‍! കണ്ടുമുട്ടിയ നാള്‍ മുതല്‍ ഏറ്റവുമൊടുവില്‍ 2010 ഡിസംബറില്‍ പത്തിരിപ്പാലയില്‍ കണ്ട്‌ പിരിയും വരെയും കലവറയില്ലാതെ സ്‌നേഹം മാത്രം നല്‍കിയ ഒരാള്‍. കുറവുകളോടെ വ്യക്തികളെ ഏറ്റെടുക്കുന്ന മഹാ വിശാലത.
ഞാന്‍ മനസ്സിന്റെ ആല്‍ബത്തില്‍ സൂക്ഷിക്കുന്നൊരു ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ചിത്രമുണ്ട്‌. ശാന്തപുരത്തെ 62 നാളുകളില്‍ പ്രാര്‍ഥനാ വിഷയങ്ങളില്‍ ഞാനൊരു അലസനോ വിശ്വാസരഹിതനോ ആയിരുന്നു. പിന്നെയും വര്‍ഷങ്ങളെടുത്തു ബാല്യത്തില്‍ ഉമ്മ ശീലിപ്പിച്ചുറപ്പിച്ച പ്രാര്‍ഥനാ ഗദ്‌ഗദങ്ങളിലേക്ക്‌ മടങ്ങാന്‍. ചിത്രമിതാണ്‌.
ഒരുനാള്‍ ശാന്തപുരത്തൊരു പ്രസ്ഥാന വിഷയ ടെലിഫിലിം ഷൂട്ടുമായി ബന്ധപ്പെട്ട്‌ ചില ദിവസങ്ങള്‍. ഒരു മഗ്‌രിബ്‌ നേരം പള്ളിയില്‍ നിന്നിറങ്ങവേ ഓര്‍ക്കാപുറത്തൊരു തലോടല്‍! കണ്ണ്‌ നിറഞ്ഞൊരു ആലിംഗനവും. ഹൈദ്രോസ്‌ സാഹിബ്‌... അത്യന്തം മൃദുവായി ഒരു മന്ത്രിക്കല്‍.
`അല്‍ഹംദുലില്ലാഹ്‌... പള്ളീല്‌ കണ്ടല്ലോ! ആ കണ്‍നിറഞ്ഞ ചിത്രം ഇന്നും മനസ്സിന്റെ ആല്‍ബത്തിലുണ്ട്‌.
ഇസ്‌ലാമിക പ്രസ്ഥാനത്തോട്‌ ഇത്രമേല്‍ കൂറും പ്രസ്ഥാനത്തിനെന്തും നല്‍കാന്‍ ഉശിരുള്ളൊരു ലളിത വ്യക്തിത്വവും അത്രമേല്‍ ഒത്തു ചേര്‍ന്നൊരാള്‍!
അല്ലാഹു അദ്ദേഹത്തെ ഇനിയും കാത്തു രക്ഷിക്കട്ടെ; സ്വര്‍ഗീയാരമങ്ങളില്‍.
പി.എ.എം ഹനീഫ്‌
[email protected]



അതിജീവനം
ആഗോളീകരണ മുതലാളിത്ത ഉപഭോഗ സംസ്‌കാരം `അര്‍ഹതയുള്ളതേ അതിജീവിക്കൂ' എന്ന ഭൗതിക പ്രോക്ത കാഴ്‌ചപ്പാടിലേക്ക്‌ മനുഷ്യ സമൂഹത്തെ എത്തിച്ചിരിക്കുന്നു. മതം, രാഷ്‌ട്രീയം, സാമുദായികം, സംസ്‌കാരം തുടങ്ങിയ ഇടങ്ങളിലൊക്കെ നാം കൈയൂക്കിന്റെ രീതിശാസ്‌ത്രം സ്വായത്തമാക്കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും ഒരൊറ്റ ചിന്തയേ പാടുള്ളൂ എന്നാണ്‌ ഉദ്‌ഘോഷം. പക്ഷേ, എല്ലാവരുടെ ചിന്തയും ഒരേപോലെ ആയിട്ടുള്ളേടത്തും സമാധാനം ഉണ്ടാകുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം. അതാണ്‌ വിവിധ മതങ്ങളിലെയും രാഷ്‌ട്രീയ സാമൂഹിക രംഗങ്ങളിലെയും വിഭാഗീയത നമ്മോട്‌ പറയുന്നത്‌. മത സാമുദായികതയുടെ പേരില്‍ നേടിയ പാകിസ്‌താന്‍ തുടങ്ങി അഫ്‌ഗാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെയും സ്ഥിതിഗതികള്‍ ഉദാഹരണം. ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ താല്‍പര്യങ്ങള്‍ക്ക്‌ മറ്റുള്ളവരും കീഴൊതുങ്ങിയാല്‍ മാത്രമേ സമൂഹത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുകയുള്ളൂ എന്ന്‌ കട്ടായം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുമെങ്കിലും സ്വാര്‍ഥ താല്‍പര്യങ്ങളാണ്‌ ഒളിയജണ്ടയില്‍ മുഴച്ചുനില്‍ക്കുന്നത്‌. ആദര്‍ശ പിന്‍ബലമില്ലാത്ത ഒരു പ്രസ്ഥാനവും അതിജീവനത്തിന്‌ അര്‍ഹമല്ല. ഭൗതിക താല്‍പര്യങ്ങളില്‍ ഉടക്കി ഒടുങ്ങുകയാകും ആത്യന്തിക ഫലം.
മദ്യപാനം വിശ്വാസ ദൃഷ്‌ട്യാ പാപമാണെങ്കിലും അധികാര പാതയില്‍ അത്‌ ഉത്തേജകമാകുമെങ്കില്‍ ഒത്തുതീര്‍പ്പിനാണ്‌ പൗരോഹിത്യവും `വിശ്വാസി'കളും മുന്‍ഗണന നല്‍കുന്നത്‌. അവിടെ ദൈവിക ശിക്ഷയോ സദാചാര മൂല്യങ്ങളോ പരിഗണിക്കപ്പെടുന്നില്ല. മദ്യം എല്ലാ പാപങ്ങളുടെയും മാതാവാണെന്നത്‌ പ്രവാചക മതം. അതൊക്കെ ആറാം നൂറ്റാണ്ടിലെ `പഴഞ്ചന്‍ ജല്‍പനം'. ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൗരോഹിത്യ രാഷ്‌ട്രീയ പ്രായോഗിക മതം. സമ്പത്ത്‌ അതിജീവനത്തിനും സംതൃപ്‌തിക്കുമുള്ള ഒറ്റമൂലിയല്ല. ആത്മീയ ചിന്തയിലധിഷ്‌ഠിതമായ ഭൗതിക വ്യവഹാരങ്ങളാണ്‌ മനുഷ്യന്‌ സംതൃപ്‌തിയും സമാധാനവും പ്രദാനം ചെയ്യുന്നത്‌. സമ്പത്തേറെയുണ്ടായിട്ടും കുടുംബ, സാമൂഹിക, അയല്‍പക്ക ബന്ധങ്ങളിലെ ശൈഥില്യം നമുക്കിടയില്‍ നിത്യ സംഭവമാണ്‌. ശിഥില ബന്ധങ്ങള്‍ മദ്യം, മയക്കുമരുന്ന്‌ തുടങ്ങി അരാജക ചിന്തയിലേക്കും മനോവൈകൃതങ്ങളിലേക്കും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും കൊണ്ടെത്തിക്കുന്നു. പൈശാചിക ഉപഭോഗ സംസ്‌കാരം മനുഷ്യന്‌ സംതൃപ്‌ത ജീവിതം നല്‍കുന്നില്ല. ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗം മനുഷ്യനെ മൃഗതുല്യനാക്കുന്ന സംഭവങ്ങള്‍ നിരവധി. സംതൃപ്‌ത ജീവിതത്തിന്‌ വിശ്വാസ ധാര്‍മിക മൂല്യങ്ങള്‍ തന്നെ നിലനില്‍ക്കണം.
എം. അബ്‌ദുല്‍ സലാം ചീക്കിലോട്‌

ആ ചിന്തകള്‍ ക്രോഡീകരിക്കണം
സയ്യിദ്‌ ഖുത്വ്‌ബിനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ്‌ ജമാല്‍ മലപ്പുറം പൊട്ടിക്കരഞ്ഞ രംഗം വി.എ കബീര്‍ എഴുതിയത്‌ വായിച്ചപ്പോള്‍ (ലക്കം 32) കണ്ണില്‍ നനവ്‌ പടര്‍ന്നു.
ജമാല്‍ സാഹിബിന്റെ സ്വകാര്യ ശേഖരം പരതി ആ ചിന്തകള്‍ ക്രോഡീകരിച്ച്‌ പുസ്‌തകമാക്കണം. അദ്ദേഹത്തില്‍നിന്ന്‌ ഒരു `മാറ്റൊലി'യും `ആത്മീയതയുടെ പൊരുളും' മാത്രമല്ല വായനക്കാര്‍ പ്രതീക്ഷിക്കുന്നത്‌.
പ്രബോധനത്തെ സംബന്ധിച്ചേടത്തോളം ജമാല്‍ സാഹിബ്‌ ഉറങ്ങാത്ത മനസ്സുള്ള ഒരു കാവല്‍ക്കാരനാണെന്ന്‌ തോന്നിയിട്ടുണ്ട്‌. `തിരുവരുള്‍' മുതല്‍ `മലയാളം ഖുര്‍ആന്‍' വരെ പ്രബോധനത്തില്‍ വരുന്നതെന്തും നുള്ളിയുരച്ച്‌ പ്രതികരിക്കാന്‍ എവിടെ ഇനി ഒരു `ജീം'? പണ്ഡിതന്മാരുടെ തുടരെയുള്ള മരണങ്ങള്‍ ചിന്തിക്കുന്ന ആരെയും വല്ലാതെ അസ്വസ്ഥരാക്കും. കരുണാമയനായ അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കുമാറാകട്ടെ- ആമീന്‍
ജമാല്‍ കടന്നപ്പള്ളി


എവിടെ പോയി ഒളിച്ചു ആ മാധ്യമ തമ്പുരാക്കന്മാര്‍?
ഏതാനും ദിവസങ്ങളായി സംഝോത എക്‌സ്‌പ്രസ്‌, മാലേഗാവ്‌, മക്കാ മസ്‌ജിദ്‌, അജ്‌മീര്‍ തുടങ്ങി ഇന്ത്യാ മഹാരാജ്യത്തെ അനവധി സ്‌ഫോടന പരമ്പരകളെക്കുറിച്ച്‌ കള്ളത്തെളിവുകളുണ്ടാക്കി ന്യൂസ്‌ അവര്‍ ചര്‍ച്ചകളും ഫ്‌ളാഷ്‌ ന്യൂസുകളും മുഖപ്രസംഗങ്ങളും ലേഖനങ്ങളുമൊക്കെയായി പെരുന്നാളാഘോഷിച്ച മാധ്യമ തമ്പുരാക്കന്മാര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ്‌ ജനസമക്ഷം വരാതിരിക്കുന്നത്‌? സവര്‍ണ ഫാഷിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കൂലിയെഴുത്തുകാരായ മാധ്യമ തമ്പുരാക്കന്മാരേ, നിങ്ങള്‍ ഏത്‌ കോട്ടകളിലാണ്‌ പോയി ഒളിച്ചത്‌?
കള്ളത്തെളിവുകളുണ്ടാക്കി ചെയ്യാത്ത കുറ്റത്തിന്‌ പത്തു കൊല്ലം തന്റെ ജീവന്‍ ഹോമിക്കപ്പെട്ടിട്ടും, ഇവിടത്തെ സവര്‍ണ ഫാഷിസ്റ്റ്‌ സാമ്രാജ്യത്വത്തിനു നേരെ സംസാരിക്കുകയും ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്‌ത അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ മാധ്യമ തമ്പുരാക്കന്മാരുടെ ആശീര്‍വാദത്തോടെ വീണ്ടും ജയിലില്‍ അടച്ചതും അതിനു വേണ്ടി ഇവിടത്തെ മാധ്യമങ്ങളും സ്വസമുദായത്തിലെ കപടന്മാരും മുറവിളി കൂട്ടിയതും നമ്മള്‍ കണ്ടതാണ്‌. അവരൊക്കെ ഇപ്പോള്‍ എവിടെപോയി മറഞ്ഞിരിക്കുന്നു?
മഅ്‌ദനി കേസിലെ സത്യമന്വേഷിച്ച്‌ പോയ ഷാഹിനയും തീവ്രവാദിയായി മുദ്രകുത്തപ്പെട്ടു. ഒരുപാട്‌ ട്രെയിനുകളും ബസ്സുകളും കത്തിച്ചാമ്പലാവുന്ന ഇന്ത്യയില്‍ കളമശ്ശേരിയിലെ ഒരു ബസ്‌ മാത്രം ഒരുപാട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെടാതെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ പൊരുളെന്താണ്‌?
ഉദ്യോഗസ്ഥ തമ്പുരാക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നത്‌ അതുപോലെ വിഴുങ്ങുകയും കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ മുന്നിലേക്ക്‌ പത്രത്താളിലൂടെ ഛര്‍ദിച്ച്‌ കൊടുക്കുകയും ചെയ്യുന്ന മാനോരമയെയും മാതൃഭൂമിയെയും അവരുടെ കൂലിയെഴുത്തുകാരെയുമൊന്നും എവിടെയും കണ്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളും മര്‍ദിതരുടെ കൂടെ നില്‍ക്കുക എന്ന അനിവാര്യമായ കടമ നിര്‍വഹിച്ചു. ദൃശ്യമാധ്യമങ്ങളില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ `കൈരളി' മാത്രമാണ്‌ ഈ കാര്യം അറിഞ്ഞിരുന്നുള്ളൂ എന്നു തോന്നും.
തുല്യാവകാശവും തുല്യനീതിയും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഈ രാജ്യത്ത്‌ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന മുസ്‌ലിം-ദലിത്‌ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ നേരെ സവര്‍ണ ഫാഷിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍, ജുഡീഷ്യറി പോലും നിസ്സഹായരാവുകയോ മൗനം പാലിക്കുകയോ ചെയ്യുന്നു. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഭരണകൂടത്തോടും അധികാരികളോടും ആര്‍ജവത്തോടെ തുറന്ന്‌ സംവദിക്കാന്‍ ഏത്‌ സമൂഹത്തിനാണ്‌ ചങ്കുറപ്പുള്ളത്‌?
അംജദ്‌ ഖാന്‍ പാലപ്പിള്ളി, കുവൈത്ത്‌
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly