പെരുമാളിന്റെ വിശ്വാസ യാത്ര
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍
ഇന്ത്യയില്‍ ഇസ്‌ലാം വന്നത് മുഹമ്മദ് ബ്‌നു ഖാസിമിന്റെ സിന്ധ് ആക്രമണത്തോടെയാണെന്നത് പടിഞ്ഞാറന്‍ ചരിത്രകാരന്മാരുടെ മെനയല്‍ മാത്രമാണ്. സ്‌നേഹത്തിനും ധര്‍മ ചിന്തക്കും മുന്‍ഗണന നല്‍കിയ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപനിര്‍മിക്കാന്‍ പടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ ബോധപൂര്‍വം ശ്രമിച്ചതിന്റെ ഫലം. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാം വരുന്നത് ബിന്‍ ഖാസിമിലൂടെയല്ല. പ്രവാചക കാലത്തുതന്നെ ഇസ്‌ലാം നമ്മുടെ തീരം തഴുകിയിട്ടുണ്ട്. ഇസ്‌ലാം നമ്മിലേക്കെത്തുകയല്ല നാം ഇസ്‌ലാം തേടി പോവുകയായിരുന്നു. ഈയൊരു വിശ്വാസ യോഗ്യത കേരളത്തിലും ഇന്ത്യയിലും ഇസ്‌ലാമിനു മാത്രം അവകാശപ്പെട്ടതാണ്. അറേബ്യയും കേരളവും തമ്മില്‍ ഗാഢമധുരമായ ആത്മബന്ധം പുരാതന കാലം തൊട്ടുണ്ട്. അറബിക്ക് കേരളത്തെ അറിയാം. കേരളീയന് അറബിയെയും.
പ്രാചീന അറബി സാഹിത്യങ്ങളില്‍ പോലും കേരളീയോല്‍പന്നം മാത്രമായ കുരുമുളക് മനോഹരമായ രൂപകങ്ങളായി ഇരമ്പി നില്‍ക്കുന്നു. പ്രവാചക നിയോഗത്തിനു മുമ്പേ മരിച്ചുപോയ മഹാകവിയായിരുന്നു ഇംറുഉല്‍ ഖൈസ്. അദ്ദേഹത്തിന്റെ ലക്ഷണമൊത്ത പ്രേമ വിലാപ കാവ്യത്തില്‍, തന്നെ ഉപേക്ഷിച്ചുപോയ പ്രേയസിയുടെ കൂടാരത്തിനു ചുറ്റും കാമുകിയുടെ വളര്‍ത്തു മാനിന്റെ കാഷ്‌ഠം മരുഭൂമിയുടെ ഉഷ്‌ണവാതമേറ്റ് കുരുമുളകുമണി പോലെ ഉണങ്ങി ചുരുണ്ടു കിടക്കുന്നതായി പറയുന്നു. പേടമാനിന്റെ കാഷ്‌ഠത്തെ അന്ന് ലോകം കൊതിക്കുന്ന കുരുമുളകിനോട് ഉപമിച്ചത് മാന്‍പേട സ്വന്തം കാമുകിയുടേതായതുകൊണ്ടാണ്. കാമുകിയെ മാത്രമല്ല, അവളുടെ സര്‍വ ജീവിത പരിസരത്തെയും വരിഷ്‌ടമായി കാണാനേ ഏതു കാമുകനും കഴിയൂ.
അറബികള്‍ക്കും യൂറോപ്പിനും കുരുമുളക് ലഭിക്കുന്നതുതന്നെ കേരളത്തില്‍ നിന്നു മാത്രമാണെന്ന് ചരിത്രം നിരീക്ഷിക്കുന്നു. മറ്റൊരു സര്‍ഗധനനായ ജാഹിലിയ്യ കവിയാണ് അംറുബ്‌നു ഖുല്‍സൂം. യുദ്ധ മധ്യത്തില്‍ ശത്രുവുമായി പൊരുതി നില്‍ക്കുമ്പോള്‍ അവനെ നിഷ്‌പ്രയാസം അരിഞ്ഞു തള്ളുന്ന ഇന്ത്യന്‍ നിര്‍മിത വാളിനെപ്പറ്റി ഖുല്‍സൂം വാചാലനാകുന്നതു കാണാം. ഇവരുടെ കവിതകള്‍ അറബി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളാണ്. ഇവരുടെ കവിതയില്‍ അന്നത്തെ അറേബ്യന്‍ ഗോത്ര ജീവിതത്തിന്റെ നഖചിത്രങ്ങളുണ്ട്. നിരവധി ഗോത്ര പ്രമാണിമാരും ഭാഷാ പണ്ഡിതന്മാരും ശ്രദ്ധിച്ചു കേട്ട് ഒന്നാമതെന്ന് വിധി നിര്‍ണയിച്ച കവിതകളാണിവ. പണിക്കുറ തീര്‍ന്ന ഈ മഹാകാവ്യങ്ങള്‍ അതുകൊണ്ടാണ് അന്ന് കഅ്‌ബയില്‍ കെട്ടിത്തൂക്കിയത്. കഅ്‌ബയില്‍ പ്രസിദ്ധീകരിക്കുക എന്നാല്‍ ദേശവാഴികളുടെയും സഹസ്രഗോത്രങ്ങളുടെയും അംഗീകാരമുണ്ടെന്നാണ്. അതില്‍ ഭാഷ കൊണ്ടുള്ള ഇന്ദ്രജാലം മാത്രമല്ല വസ്‌തുതകളുടെ നേര്‍ക്കാഴ്‌ചകളും സത്യസന്ധമായിരിക്കും.
കേരളത്തില്‍ ഇന്നു പോലും വ്യാപകമായ ഇരുമ്പ് ഖനനമില്ല. പക്ഷേ മഹാ ശിലാ സംസ്‌കാരം നിലനിന്ന കാലത്ത് (ബി.സി 500-എ.ഡി 500) കേരളത്തിന്റെ മേല്‍മണ്ണില്‍ ഇരുമ്പ് സുലഭമായിരുന്നു. അത് അരിച്ചെടുത്തു സംസ്‌കരിക്കുകയും അതുകൊണ്ട് സമര്‍ഥമായ ആയുധങ്ങള്‍ പണിയുകയും ചെയ്‌തിരുന്നു. കൃഷിക്ക് പരിമിത ശ്രദ്ധ മാത്രം നല്‍കിയ ഇവര്‍ വീരാരാധനയിലും ഗോത്ര യുദ്ധങ്ങളിലും മുഴുകി. ഇതിനുള്ള ആയുധങ്ങള്‍ ഇവര്‍ തന്നെ നിര്‍മിച്ചു. അവര്‍ ആയുധ വിദഗ്‌ധരായിരുന്നു. ഈ സൂചനകള്‍ എം.ആര്‍ രാഘവ വാര്യരും രാജന്‍ ഗുരുക്കളും ചേര്‍ന്നെഴുതിയ കേരള ചരിത്രം എന്ന പുസ്‌തകത്തിലുണ്ട്. ഇവിടെ നിന്നാകാം ഇന്ത്യന്‍ വാളുകള്‍ അറേബ്യയില്‍ എത്തിയത്. കേരളമല്ലാത്ത മറ്റൊരു ഇന്ത്യന്‍ പ്രദേശത്തേക്കും അറബികള്‍ അന്നു മാത്രമല്ല പില്‍ക്കാലത്തു പോലും ഇത്ര വിപുലമായി സഞ്ചരിച്ചിട്ടില്ല. അങ്ങനെ നമ്മുടെ കുരുമുളകും ഇരുമ്പായുധങ്ങളും ഉക്കാദു ചന്തയിലെ വിപണന മൂല്യമുള്ള ഉല്‍പന്നങ്ങളായി.
കാറ്റിലും കോളിലും പെട്ട് ജിദ്ദയില്‍ തകര്‍ന്ന ഒരു പായക്കപ്പല്‍ ഉടമയായ മിസ്‌റു(ഈജിപ്‌ത്)കാരനോട് ലേലം വാങ്ങിയാണത്രെ ഖുററൈശികള്‍ പ്രവാചക നിയോഗത്തിന്റെ പതിനഞ്ച് വര്‍ഷം മുമ്പ് കഅ്‌ബാലയം പുനരുദ്ധരിച്ചത്. ഇത് ലേലം കൊള്ളാന്‍ ഖുറൈശി പ്രമാണിമാര്‍ ജിദ്ദ കടല്‍പുറത്ത് വന്നു കാണണം (മണലാരണ്യത്തിലെ പ്രവാചകന്‍, ഹാഫിസ് അബ്‌ദുല്‍ ഗഫൂര്‍). കപ്പലും കടലും വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. സമുദ്രത്തില്‍ സുഖസഞ്ചാരം ചെയ്യുന്ന കപ്പലിനെതന്നെ വിശുദ്ധ ഖുര്‍ആനില്‍ ചിത്രീകരിക്കുന്നു. `സമുദ്രത്തിലോടുന്ന കപ്പല്‍ കാണുന്നില്ലേ, ആരാണതിനെ സമുദ്ര തല്‍പത്തില്‍ പിടിച്ചുനിര്‍ത്തുന്നത്?' കടല്‍ യാത്രയും കപ്പലും അറബികള്‍ക്കന്ന് ചിരപരിചിതമായതുകൊണ്ടാണ് ഈയൊരു പ്രയോഗം. പരിചിതമായ കപ്പല്‍ യാത്രയെ സൂചിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയ പരാശക്തിയെപ്പറ്റി അവരെ ഉണര്‍ത്തുന്നത്. ചെങ്കടല്‍ തീരത്തെത്താന്‍ മക്കയില്‍ നിന്നും അധികം ദൂരമില്ല. നജ്ജാശിയുടെ നാട്ടിലേക്കു പോയ ഒന്നാമത്തെ ഹിജ്‌റ കപ്പലില്‍ ആയിരുന്നു. ഖുറൈശികള്‍ പൊതുവെ തന്നെ വമ്പന്‍ കച്ചവട യാത്രകള്‍ പോകുന്നവരാണ്. ഈ കച്ചവടയാത്രയുടെ ഉപലബ്‌ധങ്ങള്‍ ഉക്കാദ് ചന്തയില്‍ കുമിഞ്ഞുകൂടി. ഇതില്‍ കുരുമുളകും ആയുധങ്ങളും ഉണ്ടായിരുന്നു. അറേബ്യന്‍ ഗോത്രങ്ങളുടെ കൂടാരങ്ങളിലേക്ക് ഇവയത്രയും അരിച്ചെത്തി. ഉല്‍പന്നങ്ങള്‍ മാത്രമല്ല, അത് വന്ന നാടും നാട്ടുകാരും അവരുടെ മരുഭൂമി പോലെ തുറന്ന മനസ്സിലേക്ക് ഇരമ്പിക്കയറി. അവര്‍ക്ക് കേരളം അറേബ്യന്‍ മരുഭൂമിയിലെ തന്നെ ഒരു മരുപ്പച്ചയായി. കേരളവും ഇന്ത്യയും അവര്‍ക്ക് അത്ഭുതങ്ങളുടെയും സമൃദ്ധിയുടെയും കേദാരമായി. അതുകൊണ്ടാകാം ഖുറൈശികള്‍ അവരുടെ മക്കള്‍ക്ക് ഇന്ത്യയെന്നു പേരിട്ടത്. ഖുറൈശി പ്രമാണി അബൂസുഫ്‌യാന്റെ ഭാര്യക്ക് പേര് ഹിന്ദ് എന്നായിരുന്നു. ഇവര്‍ ഖുറൈശി പ്രമുഖനായിരുന്ന ഉത്‌ബത്ത് ബ്‌നു റബീഅയുടെ മകളാണ്. മക്കയിലന്ന് നിരവധി ഹിന്ദുമാരുണ്ടായിരുന്നു.
എത്തിയേടത്തൊക്കെ സ്വന്തം നാടിനെപ്പറ്റിയും അവിടത്തെ ജീവിതത്തെപ്പറ്റിയും അവര്‍ വാചാലമായി സംസാരിച്ചു. അതിനുള്ള ശ്രദ്ധയും ജാഗ്രതയും അവര്‍ക്കുണ്ടായിരുന്നു. ഈ കാലയളവിലാണ് മക്കയില്‍ ദൈവവിളിയുമായി പ്രവാചകന്‍ പ്രത്യക്ഷനാകുന്നത്. അറബികള്‍ക്കൊക്കെ മക്കയറിയാം. ഹജ്ജിലും ഉക്കാദ് ചന്തയിലും പങ്കെടുത്ത് പോകാത്ത അറബികളില്ല. ഭൗതികവും ആത്മീയവുമായ സര്‍വ ജീവിത മണ്ഡലങ്ങളിലും സമ്പൂര്‍ണമായ വിമലീകരണം പ്രഖ്യാപിച്ച പ്രവാചകന്റെ നിയോഗം മക്കയെയും പിന്നെ മദീനാ പരിസരങ്ങളെയും ഇളക്കി മറിച്ചു. നിയോഗത്തിന് മുമ്പ് പ്രവാചകന്‍ പോലും വിദൂര വാണിജ്യ യാത്രകള്‍ നടത്തിയിരുന്നു. യാത്ര അറബികള്‍ക്കൊരു സാഹസികത മാത്രമല്ല, നിന്നു പിഴക്കണമെങ്കില്‍ വിദൂര വാണിജ്യം മാത്രമേ അവര്‍ക്ക് വഴിയുള്ളൂ.
പ്രവാചക കാലത്ത് കേരളത്തില്‍ പെരുമാക്കന്മാരുടെ വാഴ്‌ചക്കാലം. പെരുമാളെന്നത് വംശപ്പേരാണ്. ഭരണകൂടത്തിന്റെ നാല് ഘട്ടങ്ങളിലായി 58 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിട്ടുണ്ട് (കേരള മുസ്‌ലിം ചരിത്രം- പി.എ സെയ്‌തു മുഹമ്മദ്). ഇവരില്‍ ബുദ്ധ-ക്രിസ്‌തു മതവിശ്വാസികളായ പെരുമാക്കന്മാര്‍ പോലുമുണ്ട്. ചേരമാന്‍ പെരുമാളെപ്പറ്റി ചൈനീസ് സഞ്ചാരി മെഗസ്‌തനീസ് വിസ്‌തരിക്കുന്നുണ്ട്.
മക്കയില്‍ ദൈവനിയുക്തനായ പ്രവാചകന്‍ വന്നതും അത് അറേബ്യന്‍ ഗോത്രപക്ഷപാത മുഷ്‌കിനെതിരെ കലാപം തീര്‍ത്തതും നിയോഗ ദൗത്യത്തിന്റെ തീവ്രവാതമേറ്റ് സാമൂഹിക ദുശ്ശക്തികള്‍ നിഷ്‌ക്രമിക്കുന്നതും അനുഭവ വിവരണമായി കേരളത്തിലെ ഗ്രാമങ്ങളെ പോലെത്തന്നെ ചേര കൊട്ടാരത്തിന്റെ അകത്തളങ്ങളിലും കൗതുകം സൃഷ്‌ടിച്ചു കാണും. ഗൗരവതരമായ ചര്‍ച്ചകള്‍ ഇതു സംബന്ധിയായി നടന്നു കാണും. പ്രവാചകന്റെ മക്കാ ജീവിതകാലത്തെ നിരവധി സംഭവങ്ങളില്‍ വളരെ പ്രധാനമാണ് ചന്ദ്രന്‍ പിളര്‍ന്നു കണ്ടത്. ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രവാചകന് അല്ലാഹു കാണിച്ചു കൊടുത്ത അത്ഭുതമാണ് ഈ ചന്ദ്രന്‍ പിളര്‍പ്പ്. ഈ സംഭവം പ്രവാചകനു ചുറ്റും കൂടിയ ഏതാനും ഖുറൈശി പ്രമാണിമാര്‍ക്ക് വേണ്ടി മാത്രമല്ല. ഇത്തരം ദൃശ്യങ്ങള്‍ കൊണ്ടൊന്നും വിശ്വസിക്കുന്നവരുമല്ല അവര്‍. ചന്ദ്രന്‍ പിളര്‍ന്നത് ഒരു പ്രവാചക മുഅ്‌ജിസത്താണ്. അന്ന് മനുഷ്യ ജീവിതം നിര്‍മലമായി പൂത്തു നിന്നേടത്തെല്ലാം ഈ ദൈവിക ദൃഷ്‌ടാന്തം കണ്ടുകാണും. തന്റെ കൊട്ടാരമുറ്റത്ത് ഇത്തരമൊരു ദൃശ്യം കണ്ടതായി ചേരമാന്‍ കഥയിലുണ്ട്. അറേബ്യയില്‍ നിന്നെത്തിയ വര്‍ത്തകപ്പടയില്‍ നിന്നും സമാന സംഭവകഥകള്‍ കൊട്ടാരത്തിലെത്തിക്കാണും. ഇതിനെ സംബന്ധിച്ചു ചേരമാന്‍ ദീര്‍ഘമായി ആലോചിക്കുകയും സംശയ നിവാരണം വരുത്തുകയും ചെയ്‌തു കാണും.
ഹിജ്‌റ ചെയ്‌ത് മദീനയില്‍ എത്തിയ ശേഷം പ്രവാചകന്‍ നിരവധി വിദേശ രാജാക്കന്മാര്‍ക്ക് പ്രബോധന ലക്ഷ്യത്തോടെ എഴുത്തുകള്‍ അയച്ചിട്ടുണ്ട്. അറബികള്‍ നിരന്തരമായി ഇടപഴകുന്ന കേരളത്തില്‍ അവരുടെ പ്രിയപ്പെട്ട പെരുമാക്കള്‍ക്ക് സ്വാഭാവികമായും എഴുത്തു വന്നുകാണും. വിശ്വാസികളായ വ്യാപാരികള്‍ മുഖേന അത് സംഭവിച്ചിരിക്കും. കേരളത്തെപ്പറ്റി പ്രവാചകനു പോലും നല്ല ധാരണ ഉണ്ടായിരിക്കണം.
ഈയിടക്കാണ് ഒരു വര്‍ത്തക സംഘം ബഹുലക്ഷ്യത്തോടെ അറേബ്യയില്‍നിന്നും മുസരിസ്സില്‍ എത്തുന്നത്. അവര്‍ കേരളത്തിലെ വാണിജ്യം പൂര്‍ത്തിയാക്കി സിലോണി(ശ്രീലങ്ക)ലേക്ക് ആദംമല സന്ദര്‍ശനാര്‍ഥം പോകാനൊരുങ്ങി. ഇത്തരം യാത്രികര്‍ കൊടുങ്ങല്ലൂരില്‍ പതിവായിരുന്നു. വാണിജ്യ വസ്‌തുക്കള്‍ മുസരിസില്‍ ഭദ്രമാണെന്നവര്‍ക്കറിയാം. ആദംമല അക്കാലത്ത് എല്ലാ വിശ്വാസ ഭേദങ്ങള്‍ക്കും പ്രധാനമാണ്. സമുദ്ര നിരപ്പില്‍ നിന്നും 7260 അടി ഉയരത്തിലുള്ള ഈ ഗിരിശിഖരത്തില്‍ മനുഷ്യ പാദത്തോട് സാമ്യമുള്ള ഒരടയാളമുണ്ട്. ഈ മഹാ പാദ രൂപം ഹിന്ദുക്കള്‍ക്ക് ശിവന്റേതാണ്. ബുദ്ധന്മാര്‍ക്ക് ബുദ്ധ ഭഗവാന്റേത്. ക്രിസ്‌ത്യാനികള്‍ക്ക് തോമാ ശ്ലീഹയുടേതും, അറബികള്‍ക്ക് ആദം നബിയുടേതും ആണെന്ന വിശ്വാസവുമുണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകള്‍ ആദംമല കാണാനെത്തും. ഈ യാത്രയുടെ വഴിമധ്യം കൂടിയായിരുന്നു മുസരിസ്. വിശ്വാസ ജീവിതത്തെയും വാണിജ്യത്തെയും ഒരു ഗാഢ സമ്മിശ്രമായി ദര്‍ശിച്ച പ്രത്യുല്‍പന്നമതികളായ സമൂഹമായിരുന്നു അറബികള്‍. അറേബ്യന്‍ സംഘം കൊട്ടാരം സന്ദര്‍ശിച്ച് സിലോണിലേക്ക് പോകാന്‍ സമ്മതം വാങ്ങി. അവരോടാണ് പെരുമാള്‍ തന്റെ അന്തരംഗം തുറന്നത്. തിരിച്ചു നിങ്ങള്‍ അറേബ്യയിലേക്ക് പോകുമ്പോള്‍ ഞാനും കൂടെയുണ്ട് എന്ന്. ഒരാവേശത്തിന് ചാടിപ്പറഞ്ഞതല്ലിത്. നീണ്ട കാലത്തെ അന്വേഷണവും ഗഹനമായ പര്യാലോചനയും ഇതിനു പിന്നിലുണ്ട്. തീര്‍ത്തും അനുകൂലമായ ഒരു പ്രശാന്ത സാഹചര്യം പെരുമാള്‍ കാക്കുകയാവും.
ഹിദായത്ത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. മക്കയിലെ അബൂജഹ്‌ലിനും മദീനയിലെ സുലൂലിന്റെ മകന്‍ അബ്‌ദുല്ലക്കും അത് വിധിച്ചിട്ടില്ല. പക്ഷേ ആഫ്രിക്കയിലെ നജ്ജാശിക്കും ഇന്ത്യയിലെ പെരുമാളിനും അതിന് വിധിയുണ്ട്. കാരണം, ജീവിത വിനയം കൊണ്ടതവര്‍ അര്‍ഹിക്കുന്നു. ഇതിനു ഭാഗ്യം കിട്ടിയ നിരവധി പേര്‍ വിദൂര ഭൂഖണ്ഡങ്ങളിലെ ഉള്‍നാടുകളില്‍ നിന്നു പോലും അതിസാഹസിക യാത്രകള്‍ ചെയ്‌ത് പ്രവാചക നഗരിയില്‍ എത്തിയിരുന്നു. സത്യത്തിന് അത്രക്ക് തീവ്രമായ കാന്തിക വശീകരണ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ സത്യം തേടുന്നവര്‍ അതിനു ഏതറ്റവും യാത്ര ചെയ്യും. അതിന്റെ മുന്നില്‍ ഏതു സൗഭാഗ്യവും അവര്‍ക്ക് തടസ്സമല്ല. മൂന്നാം ചേരവംശത്തിലെ അവസാന പെരുമാളാണിത്. പണ്ഡിതവര്യനും ചരിത്ര ഗവേഷകനുമായ കേസരി ബാലകൃഷ്‌ണപ്പിള്ള പെരുമാളിന്റെ വിശ്വാസ യാത്ര സത്യപ്പെടുത്തുന്നുണ്ട്. ``എ.ഡി 628-ല്‍ ആഫ്രിക്കയിലെ എല്ലാ രാജാക്കന്മാര്‍ക്കും നബി എഴുത്തയച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ കേരളത്തിലെ ചേരമാന്‍ പെരുമാളിനും കത്തുണ്ടായിരുന്നു. ശെങ്കല്‍ പെരുമാള്‍ അല്ലെങ്കില്‍ ശഖവര്‍മന്‍ എ.ഡി 621-640 അറേബ്യക്ക് പോയി. പ്രവാചകന്റെ 57-ാമത്തെ വയസ്സില്‍ പെരുമാള്‍ നബിയുമായി കണ്ടിരുന്നു'' (ചരിത്ര കേരളം-മുഖവുര, എ. ബാലകൃഷ്‌ണപ്പിള്ള).
പ്രവാചകന്റെ കാലത്തുതന്നെ കേരള രാജാവിന്റെ ഇസ്‌ലാമാശ്ലേഷം നടന്നുവെന്ന് പ്രസിദ്ധ ചരിത്രകാരനായ ഫെരിശതയും പറയുന്നു (താരീഖ് ഫെരിശത വാള്യം 2, ഭാഗം 37). ചക്രവര്‍ത്തി പെരുമാള്‍ എന്നര്‍ഥം വരുന്ന ശക്രൂത്തി ഫര്‍മാള്‍ എന്ന ഒരു രാജാവ് ഇസ്‌ലാം സ്വീകരിച്ച് അറേബ്യയിലേക്ക് പോയതായി വ്യക്തമാക്കുന്ന മറ്റൊരു രേഖ ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ ഉണ്ട്. പ്രസ്‌തുത മതംമാറ്റത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ബര്‍ണലിന്റെ നിഗമന പ്രകാരം അവസാന ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ സമകാലികനാണ്.
മറ്റൊരു പ്രധാന ചരിത്ര രേഖ അറക്കല്‍ സ്വരൂപം റിക്കാര്‍ഡുകളാണ്. ഏറെ പ്രശസ്‌തമായ അറക്കല്‍ സ്വരൂപം ആദ്യം ധര്‍മടത്തായിരുന്നു. ഇത് പഴയ ധര്‍മ പട്ടണമാണ്. അറക്കല്‍ കൊട്ടാരത്തില്‍ നിന്നും പില്‍ക്കാലത്ത് കണ്ടെടുത്ത വാതില്‍ പലകയില്‍ ആലേഖനം ചെയ്‌തിരുന്ന അറബിക്കവിതയില്‍ ഇങ്ങനെ കാണാം. ചേരമാന്‍ പെരുമാളോടൊപ്പം അറേബ്യക്ക് പോയതില്‍ ഏതാനും കേരളീയര്‍ കൂടി ഉണ്ടായിരുന്നു. അദ്ദേഹം പോയി വരുമ്പോള്‍ വഴിമധ്യേ മരിച്ചു.മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് താജുദ്ദീന്‍ എന്നായിരുന്നു (കേരള മുസ്‌ലിം ചരിത്രം, പി.എ സെയ്‌ത് മുഹമ്മദ്).
അറക്കല്‍ രാജവംശം സ്ഥാപിതമായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലാണെന്ന് രാജകുടുംബത്തിലെ കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിജ്‌റ 35-ാം ആണ്ട് എന്നു രേഖപ്പെടുത്തിയ ഒരു നാണയം അറക്കലില്‍ സൂക്ഷിച്ചിട്ടുണ്ട് (ചരിത്രത്തില്‍ ആര്‍ക്കിവൈസിന്റെ സ്വാധീനം: എന്‍. രാമകൃഷ്‌ണപ്പിള്ള). ചേരമാന്‍ പ്രവാചക കാലത്തു തന്നെ മക്കയില്‍ എത്തിയെന്നതിന് അറക്കല്‍ സ്വരൂപത്തിലെ ഗ്രന്ഥവരിയില്‍ നിന്നും തെളിവായി സെയ്‌തു മുഹമ്മദ് രേഖപ്പെടുത്തുന്നത് കാണുക. ``മക്കത്തു പോകാന്‍ ഒരുക്കങ്ങള്‍ ചെയ്‌ത പെരുമാള്‍ ധര്‍മടത്തു നിന്ന് കളങ്കരക്ക് എഴുന്നള്ളി സ്വസഹോദരി ശ്രീരൂപിയെ വിളിച്ചു. എന്നിട്ടു പറഞ്ഞു: നിന്റെ നന്മക്കായി ഞാന്‍ രാജ്യഭാരം ചെയ്‌തു. രാജ ചിഹ്നങ്ങളെയും ആഭരണങ്ങളെയും നിന്റെയെടുക്കല്‍ തന്നിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ പോയി വരട്ടേ.'' പിന്നീട് വളപ്പട്ടണത്തേക്ക് എഴുന്നള്ളി. അവിടെയുള്ള ബന്ധുക്കളോടും കുട്ടികളോടും സംസാരിച്ചു. ``പൊന്‍കിരീടവും പൊന്‍പൂണൂലും പൊന്‍ചൂരലും സഹോദരിയുടെ വശം ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ കപ്പലില്‍ കയറി പോകുന്നു. പന്ത്രണ്ടു വര്‍ഷത്തിനകം വരാതിരുന്നാല്‍ എല്ലാ കാര്യത്തിനും കളങ്കരെ പോയി ഞാന്‍ പറഞ്ഞ പടി കേട്ടു നടക്കണം. എല്ലാം അവിടെ നിന്നും തരപ്പെടും.'' ഇപ്രകാരം പറഞ്ഞ് ധര്‍മപട്ടണത്തേക്ക് എഴുന്നള്ളി കൊടുങ്ങല്ലൂരില്‍ ചെന്ന് കപ്പല്‍ കയറി മക്കത്തേക്ക് പോയി. അവിടെ നിന്ന് പ്രവാചകനെ കണ്ടു. ആ മാര്‍ഗത്തിലുള്ള മാലിക് ദീനാര്‍ കുടുംബത്തില്‍ നിന്നും കല്യാണം ചെയ്‌തു. മലയാളത്തില്‍ ആ മതത്തെ പ്രചാരം ചെയ്യേണ്ടതിന് മാലിക് ദീനാര്‍ എന്ന ആളെ കൂട്ടി മലയാളത്തില്‍ ചെന്ന് ചേരണമെന്ന് കല്‍പിച്ചാറെ, അങ്ങനെ തന്നെയെന്നു സമ്മതിച്ചു. രണ്ടാളും സഫാറില്‍ എത്തി. പെരുമാള്‍ രോഗിയായി. വൈകാതെ മരണപ്പെട്ടു. പെരുമാളിന്റെ വസ്വിയ്യത്ത് പ്രകാരം മാലിക് ദീനാറും കൂട്ടുകാരും സമയമെടുത്ത് കേരളത്തിലേക്ക് തിരിച്ചു.'' ഇങ്ങനെയെങ്കില്‍ പെരുമാളിന്റെ മരണം ഹിജ്‌റ പത്താം ആണ്ടിലായിരിക്കും. ഒരു പെരുമാളിന്റെ അറേബ്യന്‍ യാത്ര ചരിത്രകാരന്മാര്‍ പൊതുവെ അംഗീകരിച്ചതാണ്.
ഇതില്‍ ഉരുത്തിരിയുന്ന ചരിത്ര സത്യം ഇസ്‌ലാം കേരളത്തിലേക്കെത്തുകയല്ല ഔപചാരികമായും ഔദ്യോഗികമായും കേരളം ഇസ്‌ലാമും തേടി പോവുകയായിരുന്നു. അതിന്റെ ആദി പ്രഭവ കേന്ദ്രത്തിലേക്ക്. അധികാരത്തിന്റെ സര്‍വ പട്ടാംബരങ്ങളും തിരസ്‌കരിച്ച ആശ്ലേഷത്തിന്റെ വിനയ യാത്ര. മേധാശക്തിയുടെ പൂണൂലും പൊന്‍ചൂരലും കുടഞ്ഞെറിഞ്ഞ് സമര്‍പ്പണത്തിലേക്കുള്ള തീര്‍ഥയാത്ര. സത്യബോധ്യത്തിലേക്കുള്ള കേരളത്തിന്റെ ഹിജ്‌റ. പെരുമാളിന്റെ വിശ്വാസ യാത്രക്കു മുമ്പ് കേരളത്തില്‍ തദ്ദേശീയ മുസ്‌ലിംകളുള്ളതായി ഒരൈതിഹ്യം പോലുമില്ല.
(അവസാനിച്ചു)
റഫറന്‍സ്
1. വിശുദ്ധ ഖുര്‍ആന്‍
2. എന്റെ കേരളം (രവീന്ദ്രന്‍ മാതൃഭൂമി)
3. കേരള മുസ്‌ലിം ചരിത്രം (പി.എ സെയ്‌ത് മുഹമ്മദ്, അല്‍ഹുദാ)
4. മുഅല്ലഖാത്തുസ്സബഅ്
5. മലപ്പുറം രക്തസാക്ഷികള്‍ (നൈനാന്‍കുട്ടി, മുജാഹിദ് പബ്ലി. ഹൗസ്)
6. കോഴിക്കോടിന്റെ കഥ (എം.ജി.എസ് നാരായണന്‍, ചേറ്റൂര്‍ ശങ്കരന്‍നായര്‍ സ്‌മാരക ഫൗണ്ടേഷന്‍)
7. അറബി മലയാള സാഹിത്യ ചരിത്രം (ഒ. ആബു, എന്‍.ബി.എസ്)
8. മലബാറിലെ ജനങ്ങള്‍ (വില്യം ലോഗന്‍, മാതൃഭൂമി)
9. തെക്കന്‍ ദ്വീപുകള്‍ (ഹാജാ ഹുസൈന്‍, അശ്‌റഫി ബുക്ക് സെന്റര്‍)
10. അറബി മലയാളം (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ്)
11. ക്രിസ്‌തുമതവും ഭാരതവും (ഹുര്‍മിസ്)
12. സര്‍വ വിജ്ഞാന കോശം
13. കൊച്ചി രാജ്യ ചരിത്രം (കെ.പി പത്മനാഭ മേനോന്‍)
14. മണലാരണ്യത്തിലെ പ്രവാചകന്‍ (ഹാഫിസ് അബ്‌ദുല്‍ ഗഫാര്‍)
15. മലയാളത്തിലെ പരകീയ പദങ്ങള്‍ (പി.എം ജോസഫ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
16. കേരളത്തിലെ ജാതിവ്യവസ്ഥ (പി.കെ ബാലകൃഷ്‌ണന്‍)
17. മലബാര്‍ മാന്വല്‍ (വില്യം ലോഗന്‍)
18. A Survey of Kerala History (A. Sreedhara Menon)
19. Tuhfat ul Mujahidin (Zainuddin Makdhum- Translated by Hussian Nainar)