എല്ലാവരുടെയും റസൂല്‍
മര്‍ഹൂം കെ.ടി അബ്‌ദുര്‍റഹീം
``ഓ, പ്രവാചകരേ, ജീവിക്കുന്ന മാതൃകയായും, സന്തോഷിപ്പിക്കുന്നവനായും താക്കീത് ചെയ്യുന്നവനായുമാണ് നാം താങ്കളെ അയച്ചിരിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് അവന്റെ അനുവാദ പ്രകാരം വിളിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും'' (ഖുര്‍ആന്‍).
സത്യവിശ്വാസികളേ, നബി(സ) ഭൂജാതനായതും വിട്ടുപിരിഞ്ഞതുമായ മാസമാണ് റബീഉല്‍ അവ്വല്‍. രണ്ടും നടന്ന മാസമായതിനാല്‍ സന്തോഷിക്കുകയാണോ ദുഃഖിക്കുകയാണോ ചെയ്യേണ്ടത് എന്ന് നാം ആലോചിക്കേണ്ടതാണ്.
സന്തോഷവും ദുഃഖവും ഒരുമിക്കുന്നതിനാല്‍ അമിതമായി സന്തോഷിക്കാതിരിക്കലാണ് നല്ലത് എന്നത് കൊണ്ടാണ് അത് ആഘോഷമായി കൊണ്ട് നടക്കുന്നതിനോട് മാനസികമായി യോജിപ്പില്ലാത്തത്. അതേസമയം മുഹമ്മദ് നബി(സ)യുടെ സംഭവബഹുലമായ ജീവിതം ജനങ്ങളെ ഓര്‍മിപ്പിക്കുക എന്നത് നല്ല കാര്യമാണ്. ഏത് പ്രദേശത്തുള്ള ആളുകള്‍ക്കും നബിചര്യയെ പരിചയപ്പെടുത്തേണ്ടതുണ്ട്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് നടത്തുന്നതെങ്കില്‍ അത് ഉപകാരപ്പെടും. മറിച്ചാണെങ്കില്‍ അത് വെറും ശബ്‌ദമായി അധഃപതിക്കും. ജനങ്ങള്‍ വിശ്രമിക്കുന്ന സമയങ്ങളിലോ, കാര്യമായ ഏര്‍പ്പാടുകള്‍ നടത്തുന്ന നേരത്തോ ആണ് നടത്തപ്പെടുന്നതെങ്കില്‍ അതവര്‍ക്ക് അലോസരമായിത്തീരുകയും ചെയ്യും.
ബഹുസ്വര സമൂഹം എന്ന നിലയില്‍ ഇന്ത്യയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളായ നമ്മള്‍, മുഹമ്മദ് നബി(സ)യുടെ അനുയായികളല്ലാത്ത കോടിക്കണക്കിന് ജനങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ അവരെ അലോസരപ്പെടുത്തുന്ന പ്രവാചകനായി മുഹമ്മദ് നബി(സ)യെ ചിത്രീകരിക്കരുതെന്ന് വേദനയോട് കൂടി അപേക്ഷിക്കുന്നു. ചിന്തിക്കുന്ന സമൂഹത്തിന് മുന്നില്‍ നബിചര്യയെ വിശദീകരിക്കുന്നതില്‍ നന്മ മാത്രമാണുള്ളത്. ഒന്നുകില്‍ അവര്‍ക്കതംഗീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. മറിച്ച് വെറും ശബ്‌ദങ്ങളുണ്ടാക്കി പൊതുസമൂഹത്തെ അലോസരപ്പെടുത്തേണ്ടതുണ്ടോ? അല്ലാഹുവിന്റെ പ്രവാചകരെ സ്‌നേഹിക്കാത്ത ഒരു വിശ്വാസിയും ഈ ലോകത്തില്ല. എന്നാല്‍, ആ സ്‌നേഹത്തിന്റെ രൂപത്തിലും ഭാവത്തിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. അല്ലാഹുവിന്റെ റസൂലിനോട് സ്‌നേഹമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പൊതുജനം റസൂലിനെ വെറുക്കുന്ന മാര്‍ഗം സ്വീകരിക്കരുതേ എന്നു മാത്രം.
റബീഉല്‍ അവ്വല്‍ മാസത്തില്‍ മാത്രമല്ല, റമദാന്‍ മാസത്തിലും ചിലര്‍ അര്‍ധരാത്രി അപ്പുറത്തെ അമുസ്‌ലിം വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് സുഖമായി കിടന്നുറങ്ങാന്‍ കഴിയാത്തവിധത്തില്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ ഓതുന്നു. ചിലര്‍ സുബ്‌ഹി നമസ്‌കാരം മൈക്ക് വെച്ച് പുറത്തേക്ക് വിടുന്നു. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത് പിന്നില്‍ നമസ്‌കരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയാണ്. എന്തിനാണ് ഖുര്‍ആനിനെതിരായ കാര്യങ്ങള്‍ ചെയ്യുന്നത്? ഉച്ചത്തില്‍ അനാവശ്യമായി ഖുര്‍ആന്‍ ഓതുന്നത് ഖുര്‍ആന്‍ തന്നെ തടഞ്ഞതാണ്. അല്ലാഹു പറഞ്ഞതിനെതിരില്‍ അല്ലാഹുവിന്റെ ഖുര്‍ആന്‍ ഉപയോഗിക്കരുത്. ബഹുസ്വര സമൂഹമെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള മാനസിക വിശാലത ഉണ്ടാവണമെന്നപേക്ഷിക്കുന്നു.
എന്താണ് മുഹമ്മദ് നബി(സ)യുടെ സംഭാവന? `ശാഹിദ്' എന്ന പദത്തിന് സാക്ഷി എന്നര്‍ഥമുണ്ട്. കേവലം സാക്ഷിയായിരുന്നില്ല; ജീവിക്കുന്ന മാതൃകയായിരുന്നു. എന്താണോ നബി(സ) ലോകത്തോട് പറയാന്‍ പോകുന്നത് അതിന്റെ ജീവിക്കുന്ന മാതൃകയായിട്ടാണ് നബി(സ)യെ അല്ലാഹു അയച്ചത്. പറയാന്‍ പോകുന്ന കാര്യം പറയുന്നതിന് മുമ്പെ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ടാകും. അതാണ് ശാഹിദ്. ഖുര്‍ആന്‍ ഒരുപാട് സ്ഥലങ്ങളില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. സത്യത്തിന്റെ ചേരിയില്‍ നിന്ന് വേറൊരു ചേരിയിലേക്കും പോകാത്ത ഉത്തമ സമൂഹത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. `ശുഹദാഅ്' എന്ന പദമാണ് പ്രയോഗിച്ചത്. അവര്‍ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മാതൃകയാണ്.
മുഹമ്മദ് നബി(സ) `മുബശ്ശിര്‍' ആണ്. അഥവാ സന്തോഷിപ്പിക്കുന്നവനാണ്. സകല ചരാചരങ്ങളെയും അദ്ദേഹം സന്തോഷിപ്പിക്കുന്നു. ഈ പ്രവാചകന്റെ പേരില്‍ സൃഷ്‌ടിജാലങ്ങളെ സന്തോഷിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് നാം ആലോചിക്കേണ്ടതുണ്ട്. മുഹമ്മദ് നബി `നദീര്‍' കൂടി ആണ്. അഥവാ സത്യത്തില്‍നിന്ന് വ്യതിചലിക്കുന്നവരെ താക്കീത് ചെയ്യുന്ന പ്രവാചകന്‍. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സന്മാര്‍ഗ കാംക്ഷികളെ പിന്തിരിപ്പിക്കുകയാണോ എന്ന് നാം ആലോചിക്കണം. അല്ലാഹുവിന്റെ കല്‍പന പ്രകാരം മാത്രം അല്ലാഹുവിലേക്ക് വിളിക്കുന്നവനാണ് പ്രവാചകന്‍. നാം നടത്തുന്ന ദഅ്‌വത്തുകള്‍ അപ്രകാരമാണോ? സംഘടനകളിലേക്ക് ആളെ കൂട്ടാന്‍ ദഅ്‌വത്തുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിലേക്കാണ് വിളിക്കേണ്ടത് എന്ന് നാം വിസ്‌മരിക്കരുത്.
വീണ്ടും പ്രവാചകനെക്കുറിച്ച് പറയുന്നു: ``വെളിച്ചം പരത്തുന്ന വിളക്കാണ് താങ്കള്‍.'' അവിടെ ഇരുട്ടില്ല. വെളിച്ചത്തിന്റെ കൂടെ വെളിച്ചം മാത്രമാണുള്ളത്. ഈ പ്രവാചകനെയല്ലേ റബീഉല്‍ അവ്വലില്‍ നാം പരിചയപ്പെടുത്തേണ്ടത്. മുഹമ്മദ് നബിയുടെ കൂടെ മറ്റെല്ലാ പ്രവാചകന്മാരെയും പരിചയപ്പെടുത്തേണ്ടതുണ്ട്. കാരണം, മുഹമ്മദ് നബി(സ) മാത്രമല്ല നമ്മുടേത്. എല്ലാ പ്രവാചകന്മാരും നമ്മുടേതാണ്. അവരിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി(സ). നമ്മുടേത് മാത്രമല്ല മുഹമ്മദ് നബി(സ). മുഴുവന്‍ മനുഷ്യരുടേതുമാണ്. മുഴുവന്‍ സൃഷ്‌ടിജാലങ്ങളുടേതുമാണ്. പക്ഷി പറവകളുടെ പ്രവാചകന്‍, ഇഴജന്തുക്കളുടെ പ്രവാചകന്‍, മത്സ്യങ്ങളുടെ പ്രവാചകന്‍, വന്യമൃഗങ്ങളുടെ പ്രവാചകന്‍...
മാനവരാശിയുടെ പ്രവാചകനെ, സൃഷ്‌ടിജാലങ്ങളുടെ പ്രവാചകനെ ഈ `ജാതിസമുദായ'ത്തില്‍ മാത്രം ഒതുക്കിനിര്‍ത്തരുത്. ലോകര്‍ക്ക് കാരുണ്യമായി വന്ന പ്രവാചകനെ അലോസരപ്പെടുത്തുന്ന പ്രവാചകനായി ചിത്രീകരിക്കരുത്. കാര്യങ്ങള്‍ മനസ്സിലാകുന്നവര്‍, തര്‍ക്കത്തിലേര്‍പ്പെടാതെ നല്ല മനസ്സോട് കൂടി മറ്റുള്ളവരെ അത് ധരിപ്പിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
തയാറാക്കിയത്: ഇ. സബാഹ് കോഡൂര്‍
[email protected]
(കഴിഞ്ഞ വര്‍ഷം റബീഉല്‍ അവ്വലില്‍ മലപ്പുറം മസ്‌ജിദ് ഫത്‌ഹില്‍ നടത്തിയ ഖുത്വ്‌ബ)