Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



`അസിമാനന്ദയുടെ മനം മാറ്റിയത്‌സഹിഷ്‌ണുതയുടെ ഇസ്‌ലാം'

അബ്‌ദുല്‍ കലീം

താങ്കളെ പരിചയപ്പെടുത്താമോ?
എന്റെ പേര്‌ ശൈഖ്‌ അബ്‌ദുല്‍ കലീം. ഞാന്‍ ഹൈദറാബാദിലെ മലക്‌പ്പേട്ട്‌ സ്വദേശിയാണ്‌. ഇപ്പോള്‍ എല്‍.എല്‍.ബിക്ക്‌ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. മൂന്ന്‌ സഹോദരന്മാരും ഒരു സഹോദരിയും ഉമ്മയും ഉപ്പയും അടങ്ങുന്ന കുടുംബമാണ്‌ ഞങ്ങളുടേത്‌. എന്റെ ഉപ്പ ആര്‍.ഡി ഓഫീസിലെ ഒരു പ്രൈവറ്റ്‌ ജോലിക്കാരനാണ്‌. മൂത്ത സഹോദരന്‌ സുഊദി അറേബ്യയിലായിരുന്നു ജോലി. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. എന്റെ മറ്റൊരു സഹോദരന്‍ ദുബൈയില്‍ ജോലിചെയ്യുകയാണ്‌. ജയിലില്‍ പോകുന്നതിനു മുമ്പ്‌ ഞാന്‍ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതുകയും ഗവണ്‍മെന്റ്‌ കോളേജില്‍ സീറ്റ്‌ ലഭിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടുമാസത്തിനു ശേഷം ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍, കോളേജിന്‌ പേര്‌ദോഷമുണ്ടാകുമെന്ന്‌ പറഞ്ഞ്‌ അവര്‍ എനിക്ക്‌ സീറ്റ്‌ നിഷേധിക്കുകയായിരുന്നു.

താങ്കള്‍ക്ക്‌ ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ?
ഇല്ല, എനിക്ക്‌ ഒരു സംഘടനയുമായും ബന്ധമില്ല.

താങ്കളുടെ ദീനീവിദ്യാഭ്യാസം എങ്ങനെയായിരുന്നു?
എന്റെ ഉമ്മ, ഞങ്ങള്‍ക്ക്‌ ചെറുപ്പത്തിലേ ദീനീവിദ്യാഭ്യാസം നല്‍കാന്‍ അതീവ തല്‍പരയായിരുന്നു. കുടുംബത്തില്‍ ഒരു ദീനീ ചുറ്റുപാട്‌ പൊതുവെ ഉണ്ടായിരുന്നു.

മക്കാമസ്‌ജിദ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണല്ലോ താങ്കള്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. അറസ്റ്റിന്റെ സാഹചര്യമെന്തായിരുന്നു?
മക്കാമസ്‌ജിദ്‌ സ്‌ഫോടനത്തിന്റെ പേരില്‍ 2007-ല്‍ 19-ാം വയസ്സിലാണ്‌ ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടത്‌. ആദ്യ അറസ്റ്റ്‌ ഇങ്ങനെ: ഒരു രാത്രി എന്റെ കൂട്ടുകാരന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ഏകദേശം എട്ടുമണിക്ക്‌ ബൈക്കില്‍ രണ്ടാളുകള്‍ വന്ന്‌ എന്നെ ഇടിച്ചുവീഴ്‌ത്തി. തൊട്ടുപിന്നില്‍ വന്ന ഒമിനി വാനില്‍ നിന്ന്‌ കുറച്ച്‌ ആളുകള്‍ ഇറങ്ങി തോക്കുകാട്ടി പേടിപ്പിച്ച്‌ എന്റെ ഊരക്ക്‌ ചവിട്ടി. വായില്‍ തുണികയറ്റി എന്നെ ബലാല്‍ക്കാരമായി അതില്‍ കയറ്റിക്കൊണ്ടുപോയി. ഒരു കാട്ടിലേക്കായിരുന്നു അവര്‍ പോയത്‌. രാത്രി പത്തോ പതിനൊന്നോ മണിയായി കാണും. അതിനിടയില്‍ അവര്‍ മൂന്നോ നാലോ കാറുകളിലേക്ക്‌ എന്നെ മാറ്റിക്കൊണ്ടിരുന്നു. തുടര്‍ന്ന്‌ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. നീ തീവ്രവാദിയാണ്‌, നീയാണ്‌ ഇവിടെ ബോംബുസ്‌ഫോടനം നടത്തിയത്‌ എന്നാരോപിച്ച്‌ അവര്‍ എന്നെ ആക്രമിച്ചുകൊണ്ടിരുന്നു. മദ്യപാനിയായ ഒരു മുസ്‌ലിമിനുപോലും ഇത്തരം ഒരു കാടത്തരം ചെയ്യാന്‍ കഴിയില്ലെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞുകൊണ്ടിരുന്നു. മൂന്നോ നാലോ മണിക്കൂര്‍ തുടര്‍ച്ചയായി എന്നെ പീഡിപ്പിച്ചു. തുടര്‍ന്ന്‌ ഒരു എ.സിറൂമില്‍ കയറ്റി വിവസ്‌ത്രനാക്കി പൂജ്യം ഡിഗ്രിയില്‍ എ.സി ഓണ്‍ ചെയ്‌ത്‌ അതിലെന്നെ പൂട്ടിയിട്ടു. പിറ്റേ ദിവസം ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ വന്ന്‌ പീഡിപ്പിക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. ചോദ്യം ചെയ്യലല്ല അവരുടെ ലക്ഷ്യം, മറിച്ച്‌ എന്നെക്കൊണ്ട്‌ നിര്‍ബന്ധിച്ച്‌ ചിലത്‌ സമ്മതിപ്പിക്കലായിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു പോലീസുദ്ദ്യോഗസ്ഥന്‍ വന്ന്‌ എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുപ്പത്തഞ്ച്‌ ഡിഗ്രിയില്‍ ഷോക്കടിപ്പിച്ചു. നാലാം ദിവസം അവര്‍ എന്റെ കൈകാലുകള്‍ ബന്ധിച്ച്‌ വീണ്ടും ഷോക്കടിപ്പിച്ചുകൊണ്ടിരുന്നു. ശേഷം അവരെന്നെ ജയിലിലടച്ചു. പിന്നീട്‌ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിന്‌ വിധേയനാക്കി. പിറ്റേദിവസം അത്‌ ക്ലിയറല്ല എന്നു പറഞ്ഞ്‌ രണ്ടാമതും ടെസ്റ്റിന്‌ വിധേയനാക്കി. പതിനെട്ടുമാസം ജയിലിലിട്ട ശേഷമാണ്‌ എന്നെ വിട്ടയച്ചത്‌. അതിനിടെയാണ്‌ ജയിലിലുള്ള സഹോദരനെ സന്ദര്‍ശിച്ചപ്പോള്‍ സിംകാര്‍ഡ്‌ കൈമാറിയെന്ന കള്ളക്കേസ്‌ ചുമത്തി വീണ്ടും അറസ്റ്റുചെയ്‌തത്‌. രണ്ടാം പ്രാവശ്യം ജയിലില്‍ കഴിയുമ്പോഴാണ്‌ അസിമാനന്ദയെ കാണുന്നത്‌.

ജയിലുദ്യോഗസ്ഥരുടെ സമീപനം എങ്ങനെയായിരുന്നു?
ജയിലില്‍ അവര്‍ ഞങ്ങള്‍ക്ക്‌ പ്രത്യേക ബ്ലോക്കായിരുന്നു സംവിധാനിച്ചത്‌. ഭീകരന്മാരായ കുറ്റവാളികളോട്‌ പെരുമാറുന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. അസഭ്യവര്‍ഷവും കൈയേറ്റവും പതിവായിരുന്നു. വീട്ടുകാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഇവന്‍ ഐ.എസ്‌.ഐ ചാരനാണെന്ന്‌ പറഞ്ഞ്‌ അവരെ തടയും. ഞാന്‍ പാകിസ്‌താനില്‍ നിന്ന്‌ ഐ.എസ്‌.ഐയുടെ ട്രെയ്‌നിംഗ്‌ ലഭിച്ചവനാണെന്ന്‌ അവര്‍ പറഞ്ഞുപരത്തി. സത്യത്തില്‍ ഇന്നുവരെ പാസ്‌പോര്‍ട്ടുപോലും എടുത്തിട്ടില്ല.

സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ താങ്കളോടൊപ്പം ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായല്ലോ. അവരുടെ അവസ്ഥ എന്താണ്‌?
ഏതാണ്ട്‌ നൂറ്റി എഴുപതോളം യുവാക്കളാണ്‌ അന്ന്‌ അറസ്റ്റു ചെയ്യപ്പെട്ടത്‌. ചോദ്യം ചെയ്യലിനുശേഷം കുറച്ചു പേരെ വിട്ടയച്ചു. നാല്‍പതോളം ആളുകളുടെ പേരില്‍ ഒന്നും രണ്ടും കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമായി ചാര്‍ജ്‌ ചെയ്‌തു. ഇപ്പോള്‍ അല്‍ഹംദുലില്ലാഹ്‌, അവരില്‍ അധികപേരും പുറത്തുവന്നുകഴിഞ്ഞു. എങ്കിലും പോലീസിന്റെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്‌. ഞങ്ങളെ വീണ്ടും കുടുക്കാന്‍ അവര്‍ വലവീശിക്കൊണ്ടിരിക്കുകയാണ്‌.

അസിമാനന്ദയുമായുള്ള താങ്കളുടെ ആദ്യ കൂടിക്കാഴ്‌ച എപ്രകാരമായിരുന്നു?
അസിമാനന്ദയെ ഞാന്‍ കാണുന്നത്‌ ചഞ്ചല്‍ഗുഡാ ജയിലില്‍വെച്ചാണ്‌. എന്റെ സഹതടവുകാരന്‍ എന്നെ അസിമാനന്ദക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. ഇയാള്‍ മക്കാ മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട്‌ പതിനെട്ടുമാസമായി ജയിലില്‍ കഴിയുകയാണെന്നും നാര്‍ക്കോ അനാലിസിസ്‌ ഉള്‍പ്പെടെ വിവിധ ടെസ്റ്റുകള്‍ക്ക്‌ ഇയാള്‍ വിധേയനായെന്നും മറ്റും അറിയിച്ചു. തുടര്‍ന്ന്‌ ഞാന്‍ അസിമാനന്ദയെ പരിചയപ്പെട്ടു, പരസ്‌പരം സലാം പറഞ്ഞു. തുടര്‍ന്ന്‌ അദ്ദേഹം എന്നോട്‌ ക്ഷമചോദിച്ചു. എന്നോടല്ല, സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടാണ്‌ താങ്കള്‍ ക്ഷമ ചോദിക്കേണ്ടതെന്ന്‌ ഞാന്‍ പ്രതികരിച്ചു.

അസിമാനന്ദയെപ്പോലുള്ള ഒരു ഭീകരന്റെ മനസ്സ്‌ മാറ്റാന്‍ ഇത്ര എളുപ്പത്തില്‍ താങ്കള്‍ക്ക്‌ എങ്ങനെ സാധിച്ചു?
അതിലെനിക്ക്‌ കാര്യമായ റോളൊന്നുമില്ല. അല്ലാഹു എനിക്ക്‌ ഒരു മാര്‍ഗം കാണിച്ചുതന്നു. ഞാന്‍ അത്‌ ഉപയോഗപ്പെടുത്തി. അല്ലാഹുവാണ്‌ അസിമാനന്ദയുടെ മനസ്സിന്‌ പരിവര്‍ത്തനമുണ്ടാക്കിയത്‌. ഞാന്‍ അദ്ദേഹത്തിന്‌ ഇസ്‌ലാമിനെ സംബന്ധിച്ച്‌ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പ്രവാചകന്റെ ചില വചനങ്ങളും സമീപനങ്ങളും വിശദീകരിച്ചു. ഇസ്‌ലാം സമാധാനത്തിന്റെ സന്ദേശമാണെന്നും അത്‌ ഭീകരവാദത്തെയും തീവ്രവാദത്തെയും അനുവദിക്കുന്നില്ലെന്നും നബിവചനങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ അദ്ദേഹത്തിന്‌ പറഞ്ഞുകൊടുത്തു.

സ്‌ഫോടനത്തില്‍ ആരോപണവിധേയരായ ഹിന്ദു തടവുകാരോടുള്ള പോലീസിന്റെ സമീപനം എന്തായിരുന്നു?
അസിമാനന്ദക്ക്‌ സൗകര്യങ്ങള്‍ കൊടുത്തിരുന്നെങ്കിലും അദ്ദേഹം അത്‌ ഉപയോഗിക്കുമായിരുന്നില്ല. ദേവേന്ദ്ര ഗുപ്‌ത, ലോകേഷ്‌ ശര്‍മ ഇവര്‍ക്ക്‌ പ്രത്യേക ചായയും റൊട്ടിയും മൂന്ന്‌ സമയങ്ങളിലായി എത്തിയിരുന്നു. അവര്‍ക്ക്‌ രുചികരമായ ഭക്ഷണവും പാലും മറ്റു സൗകര്യങ്ങളും ജയിലധികൃതര്‍ ഒരുക്കുമായിരുന്നു. അവരുടെ ബന്ധുക്കളെ ജയിലിലേക്ക്‌ വിളിച്ചുവരുത്തി മണിക്കൂറുകളോളം അവരുമായി മുഖാമുഖം സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക്‌ ഇരുപതുമിനിറ്റില്‍ താഴെയായിരുന്നു അനുവദിച്ച സമയം. മൊത്തത്തില്‍ മുസ്‌ലിംകളോട്‌ ഒരു സമീപനവും ഹിന്ദുക്കളോട്‌ മറ്റൊരു സമീപനവുമായിരുന്നു ജയിലധികൃതര്‍ക്ക്‌.

അസിമാനന്ദയുടെ കുറ്റസമ്മതത്തെക്കുറിച്ച്‌ പല അഭിപ്രായങ്ങളുമുണ്ട്‌. യഥാര്‍ഥത്തില്‍ ആത്മാര്‍ഥമായാണോ അദ്ദേഹം കുറ്റസമ്മതം നടത്തിയത്‌?
അസിമാനന്ദയില്‍ ഇന്നും മനുഷ്യത്വം അവശേഷിക്കുന്നുണ്ട്‌. എത്രവലിയ ഭീകരനാണെങ്കിലും അയാളില്‍ നന്മയുടെ ഒരു മനസ്സുണ്ടാകും. അത്‌ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ്‌ നാം വേണ്ടത്‌. തിന്മയുടെ മനസ്സിനെ അതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. ഞാന്‍ അതാണ്‌ ചെയ്‌തത്‌. ഈ ഒരു സന്ദേശമാണ്‌ എനിക്ക്‌ മുസ്‌ലിംകളായ എന്റെ സഹോദരങ്ങള്‍ക്ക്‌ നല്‍കാനുള്ളത്‌. അസിമാനന്ദയെപ്പോലുള്ളവരെ ആക്ഷേപിക്കുകയല്ല വേണ്ടത്‌. അവര്‍ക്ക്‌ ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുത്ത്‌ തെറ്റിദ്ധാരണകള്‍ അകറ്റുകയാണ്‌ വേണ്ടത്‌.

ആര്‍.എസ്‌.എസ്സിന്റെ ഗൂഢാലോചനയെക്കുറിച്ച്‌ അസിമാനന്ദ താങ്കളോട്‌ വല്ലതും സൂചിപ്പിച്ചിരുന്നോ?
എന്നോടൊന്നും പറഞ്ഞിട്ടില്ല. പക്ഷേ സി.ബി.ഐ ഓഫീസറോട്‌ എല്ലാം തുറന്നു പറഞ്ഞെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. സി.ബി.ഐ ഉദ്യോഗസ്ഥന്‍ എന്നോട്‌ ചോദിച്ചു: `നീ എന്താണ്‌ അയാളോട്‌ പറഞ്ഞത്‌? നീയാണോ അയാളുടെ മനം മാറ്റിയത്‌?' ഞാന്‍ പറഞ്ഞു: `ഞാന്‍ അദ്ദേഹത്തോട്‌ സൗഹൃദസംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂ. ശത്രുവിനോട്‌ എങ്ങനെ പെരുമാറണമെന്ന്‌ എന്റെ വീട്ടുകാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്‌. ഞാന്‍ അതുപോലെ പെരുമാറുകയാണുണ്ടായത്‌. അല്ലാതെ ഞാന്‍ ഒന്നും ചെയ്‌തിട്ടില്ല. ഇസ്‌ലാം എന്നെ പഠിപ്പിച്ച പെരുമാറ്റരീതിയാണ്‌ ഞാന്‍ അസിമാനന്ദയോട്‌ സ്വീകരിച്ചത്‌.'

ഇന്ന്‌ മുസ്‌്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികളും മാധ്യമങ്ങളും ഭരണകൂടവും ഒരുമിച്ച്‌ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ താങ്കള്‍ ഉല്‍കൃഷ്‌ടമായ ഒരു സമീപനം സ്വീകരിച്ചത്‌. ഇതാണ്‌ വലിയ ഒരു ഗൂഢാലോചന പുറത്തുകൊണ്ടുവരാനും താങ്കളെപ്പോലുള്ള നിരപരാധികള്‍ക്ക്‌ ജാമ്യം ലഭിക്കാനും നിമിത്തമായത്‌. ഇതില്‍ മുസ്‌ലിംകള്‍ക്ക്‌ ഒരു സന്ദേശമില്ലേ?
ഇസ്‌ലാം നമ്മെ പഠിപ്പിച്ച ചില മൂല്യങ്ങളുണ്ട്‌. ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്‌ വേണ്ടത്‌. ക്ഷമ, സഹനം, വിട്ടുവീഴ്‌ച, സഹിഷ്‌ണുത പോലുള്ള മൂല്യങ്ങളിലൂടെ ഇസ്‌ലാമിന്റെ സുന്ദരമുഖം നാം പരിചയപ്പെടുത്തുകയാണ്‌ വേണ്ടത്‌. ശത്രുക്കളോടുപോലും ഈ സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌. പ്രവാചക ചര്യയില്‍ ഇത്‌ നമുക്ക്‌ ധാരാളമായി കാണാന്‍ കഴിയും. ശത്രുക്കളോട്‌ ഏറ്റുമുട്ടുകയല്ല, മറിച്ച്‌ ഇസ്‌ലാമിന്റെ സന്ദേശം അവര്‍ക്ക്‌ എത്തിച്ചുകൊടുത്തുകൊണ്ടാണ്‌ അവരുടെ മനസ്സ്‌ മാറ്റിയെടുക്കേണ്ടത്‌. അതാണ്‌ അസിമാനന്ദയിലൂടെ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞത്‌.

താങ്കളുടെ സഹോദരനെ എന്തിനാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌?
സുഊദിയില്‍ ജോലിക്കാരനായിരുന്ന എന്റെ സഹോദരനെ നാട്ടിലെ ഒരു ഗവണ്‍മെന്റ്‌ ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം ജയിലധികൃതര്‍ പുറത്തുനിന്നു പോലീസുകാരെ കൊണ്ടുവന്ന്‌ സഹോദരനെയും സഹതടവുകാരെയും തല്ലിച്ചതച്ചു. സഹോദരന്റെ കാലിലെ എല്ലുകള്‍ ഒടിഞ്ഞു.

താങ്കളെപ്പോലെ നിരപരാധികളായ അസംഖ്യം യുവാക്കള്‍ ഇന്ന്‌ ജയിലറകളില്‍ കഴിയുന്നുണ്ട്‌. അവരുടെ പക്ഷത്തുനിന്ന്‌ നീതിക്കായി പോരാടേണ്ടത്‌ ധാര്‍മിക ഉത്തരവാദിത്വമാണെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ?
ഇന്‍ശാ അല്ലാഹ്‌, ഞാന്‍ അത്തരം ഹതഭാഗ്യര്‍ക്കായി പോരാടുക തന്നെ ചെയ്യും. എന്റെ നിയമപഠനവും ഞാന്‍ അതിന്‌ വേണ്ടി വിനിയോഗിക്കും. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഞാന്‍ അന്ത്യശ്വാസം വരെ പോരാടും. കാരണം ഞാന്‍ അതിന്റെ ഒരു ഇരയായിരുന്നു. അതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എത്രയാണെന്ന്‌ എനിക്ക്‌ നന്നായറിയാം.

അവസാനമായി ചോദിക്കട്ടെ, സോളിഡാരിറ്റിയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
സോളിഡാരിറ്റി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. വളരെക്കുറഞ്ഞ സമയംകൊണ്ട്‌ സോളിഡാരിറ്റിയെ അടുത്തറിയാന്‍ എനിക്ക്‌ കഴിഞ്ഞു. ഇത്‌ ഏതെങ്കിലും ഒരു സംസ്ഥാനത്ത്‌ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒരു സംഘടനയല്ല. മറിച്ച്‌ ലോകത്തുടനീളം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്‌. അല്ലാഹു ഈ പ്രസ്ഥാനത്തെ വിജയിപ്പിക്കുകതന്നെ ചെയ്യും. സോളിഡാരിറ്റിക്ക്‌ എന്റെ എല്ലാ അഭിവാദ്യങ്ങളും.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly