പറയാന്‍ മടിക്കുന്ന `ഹി' വാക്ക്
ഇഹ്‌സാന്‍
ഓരോ വര്‍ഷവും ന്യൂദല്‍ഹിയില്‍ അരങ്ങേറുന്ന മുഖ്യമന്ത്രിമാരുടെയും ആഭ്യന്തരമന്ത്രിമാരുടെയും ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നയനിലപാടുകള്‍ വിശദീകരിക്കുന്നത്. ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അസാധാരണമായ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ഇത്തവണ ഈ യോഗം അരങ്ങേറിയത്. സുരക്ഷയുമായി ബന്ധപ്പെട്ട ഏത് യോഗത്തിലും ആദ്യാവസാനം ഉയരുന്ന വാക്ക് `ഭീകരത' എന്നതാണല്ലോ. ആ ഭീകരതക്ക് ഇന്ത്യ കല്‍പ്പിച്ചുവന്ന `രാഷ്‌ട്രീയ' മുഖം അപ്രത്യക്ഷമായതു പോലെ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെ വാക്കുകളിലും ആരോപണങ്ങളിലും കുറെക്കൂടി സൂക്ഷ്‌മത പുലര്‍ത്താന്‍ മത്സരിക്കുന്നതു പോലെയുണ്ട്.
ഇന്ത്യയില്‍ മതമൗലികവാദം ഉണ്ടെന്നാണ് പി. ചിദംബരം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത്. പക്ഷേ വിചിത്രമായിരുന്നു ഇത്തവണ കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. ഈ മൗലികവാദം ആരുടേതെന്ന് പേരെടുത്തു പറയാന്‍ ഇത്തവണ അദ്ദേഹം തയാറായില്ല. രാജ്യത്ത് പുതിയ ഭീകരസംഘടനകള്‍ ഉദയം ചെയ്‌തിട്ടുണ്ടെന്ന പരാമര്‍ശവും ഈ സംഘടനകളുടെ നിറമോ തരമോ അവരെ കുറിച്ച എന്തെങ്കിലും സൂചനകളോ നല്‍കാതെയായിരുന്നു. ആഭ്യന്തരമന്ത്രി ഇതിന് നല്‍കിയ മുന്‍ഗണനാ ക്രമമാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തലനുസരിച്ച് `പ്രധാനമായും ഇടതുപക്ഷ തീവ്രവാദം, അതിര്‍ത്തി കടന്നുള്ള ഭീകരത, മതമൗലികവാദം, വംശീയ കലാപങ്ങള്‍' ഇവയാണ് രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികള്‍. അദ്വാനിയുടെ കാലത്തെ സുരക്ഷാ കൗണ്‍സില്‍ യോഗങ്ങളില്‍ മുഴങ്ങിക്കേട്ടിരുന്ന `ജിഹാദീ ഭീകരത' എന്ന പദപ്രയോഗത്തിന്റെ സ്ഥാനത്ത് ഇടതുപക്ഷം കയറിക്കൂടുകയും രണ്ടാമത്തെ പ്രധാനവാക്കായി നുഴഞ്ഞുകയറ്റം മാറുകയും എങ്ങനെയും വ്യാഖ്യാനിക്കാനാവുന്ന വാക്കായി യഥാര്‍ഥ ഭീകരത കയറിവരികയുമാണ് ഇവിടെ സംഭവിച്ചത്. വംശീയ കലാപങ്ങള്‍ എന്ന വാക്കു കൊണ്ട് എന്താണ് ആഭ്യന്തരമന്ത്രി ഉദ്ദേശിച്ചതെന്ന് ഇനിയും വ്യക്തമായിട്ടുമില്ല. ബോഡോ, മറാത്തി, അഹിന്ദി മുതലായ വിശേഷണങ്ങളുടെ പരിധിയില്‍ സാധാരണ ഉള്‍പ്പെടുത്താറുള്ള കലാപങ്ങളാണോ ഇത്? അതോ `വര്‍ഗീയ കലാപം' എന്ന പതിവ് പദപ്രയോഗം അര്‍ഥമാക്കാറുള്ള ഹിന്ദു-മുസ്‌ലിം കലാപം ആയിരിക്കുമോ ഈ `എത്ത്‌നിക്' കലാപങ്ങള്‍?
ഇടതുപക്ഷ ഭീകരത എന്ന ആശയം കൊണ്ട് മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഒന്നോര്‍ത്താല്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ ഭാഗമായി ജനങ്ങള്‍ എത്തിപ്പെടുന്ന ഒരു ദുരന്തത്തെയാണ് രാജ്യം നേരിടുന്ന സുപ്രധാന വെല്ലുവിളിയായി ചിദംബരം എടുത്തു പറയുന്നത്. ഭീകരതയാണോ അതിജീവന സമരമാണോ അത്? മാവോ തീവ്രവാദം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വികസന കാര്യങ്ങളില്‍ കുറെക്കൂടി ഉദാരമായ സമീപനം ഗവണ്‍മെന്റിന് സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് നിഷ്‌പ്രയാസം ഇല്ലാതാക്കാനാവുന്നതേയുള്ളൂ. അവരുടെ ഖനിജങ്ങളും കാടുകളും നദികളും കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുകയും നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കൊട്ടിയടക്കുകയും ചെയ്യുമ്പോള്‍ അവര്‍ തെരുവിലിറങ്ങുന്നതിനെ നാം `മാവോ' ഭീകരത എന്ന പേരിട്ട് ബോംബു സ്‌ഫോടനങ്ങളേക്കാളും വലിയ സുരക്ഷാ ഭീഷണിയായി ചിത്രീകരിച്ചിടത്ത് നമ്മുടെ രാഷ്‌ട്രീയ നേതാക്കളുടെ അസാധാരണമായ അല്‍പ്പത്തമുണ്ട്.
`പുതിയ ഗ്രൂപ്പുകള്‍' എന്ന വാക്കുകൊണ്ട് ആരെയാണ് ഉദ്ദേശിച്ചതെന്ന ചോദ്യം സ്വാഭാവികമായും ആഭ്യന്തരമന്ത്രി നേരിട്ടു. പക്ഷേ കൂടുതലായി എന്തെങ്കിലും പറയാനുള്ള താല്‍പര്യം ചിദംബരത്തിനുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ചിദംബരം ഇതേ വിഷയത്തില്‍ പറയുന്ന കാര്യങ്ങളുടെ തുടര്‍ച്ച നഷ്‌ടപ്പെടുകയാണ് ചെയ്‌തത്. ഇസ്‌ലാമിക തീവ്രവാദം എന്ന വാക്ക് ഇതേ വേദിയില്‍ ഏതാനും വര്‍ഷം മുമ്പെ അദ്ദേഹം ഉച്ചരിക്കുകയും പിന്നീടത് തിരുത്തുകയും ചെയ്‌ത സംഭവമുണ്ട്. കഴിഞ്ഞ വര്‍ഷം മറ്റൊരവസരത്തില്‍ കുങ്കുമ ഭീകരത രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി പറയുകയും മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ നേരിട്ടു രംഗത്തിറങ്ങി ബഹളം കൂട്ടുകയും ചെയ്‌തു. അതുകൊണ്ടു തന്നെ മതതീവ്രവാദം എന്ന വാക്ക് ഉപയോഗിക്കുകയും തൊട്ടുപുറകെ ഹിന്ദു സംഘടനകളുടെ പേര് പറയുകയും ചെയ്യുന്നതിന്റെ കുഴപ്പം ചിദംബരത്തിലെ രാഷ്‌ട്രീയക്കാരന് മനസ്സിലായിട്ടുണ്ടാവണം. അതുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയെന്ന് വേണമെങ്കില്‍ വിശദീകരിക്കാനാവും. പക്ഷേ ഇന്ത്യയുടെ സമീപകാല ചരിത്രത്തോട് എന്‍.ഡി.എ ഭരണം കാണിച്ച ആ കൊടുംതെറ്റിനു മുമ്പില്‍ മാപ്പുസാഷി സമീപനം സ്വീകരിച്ചതായും ഇതിനെ വ്യാഖ്യാനിക്കാനാവുമെന്ന് പ്രധാനമന്ത്രി മറക്കരുത്. യു.പി.എയുടെ ചില നിലപാടുകള്‍ ദുരൂഹമായി മാറുന്ന പശ്ചാത്തലത്തിലാണ് ഹിന്ദുത്വ ഭീകരതയെ കുറിച്ച ഈ മൗനം എന്നത് എടുത്തു പറയണം. സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനു ശേഷം നിര്‍ണായകമായ ഒരു ദിശാമാറ്റവും ഭീകരാക്രമണ കേസുകളില്‍ ഉണ്ടാവുന്നില്ല എന്നതാണ് വസ്‌തുത. എന്തുകൊണ്ട് ഇന്ദ്രേഷ് കുമാര്‍ എന്ന കൊടും ഭീകരന്റെ കാര്യത്തില്‍ അസാധാരണമായ ആലസ്യം? വെറുമൊരു വെളിപ്പെടുത്തല്‍ മാത്രമായിരുന്നില്ല അത്. എണ്ണമറ്റ ഫോറന്‍സിക് തെളിവുകള്‍ പോലീസിന്റെ ഫയലുകളില്‍ വര്‍ഷങ്ങളായി വിശ്രമിച്ചിട്ടും അധികാരികള്‍ തുറന്നു പറയാന്‍ തയാറില്ലാതിരുന്ന ഒരു സത്യമാണല്ലോ അസിമാനന്ദ വിളിച്ചു പറഞ്ഞത്, ഭാഗികമായിട്ടാണെങ്കില്‍ പോലും. പക്ഷേ അത്രയെങ്കിലും തുറന്നു പറയാന്‍ ഇത്രനാളും യു.പി.എ ഭയപ്പെട്ടതിന്റെ കാരണം എന്തായിരുന്നു?
ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ രാജ്യവാസികളെ പിടിച്ചുലക്കാന്‍ മാത്രം ഗൗരവമേറിയതാണ്. അഭിനവ് ഭാരതിന്റെ അജണ്ടകള്‍ സൈന്യത്തിലെ മൂന്ന് ലക്ഷം ജവാന്മാരിലേക്ക് എത്തിച്ചുവെന്നാണ് ലഫ്. കേണല്‍ പുരോഹിതും ലഫ്. കേണല്‍ ആദിത്യ ബപ്പാദിത്യ ധാറും തമ്മില്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭാഷണശകലത്തിലുള്ളത്. ഗാന്ധിജി വധം, വര്‍ഗീയ കലാപങ്ങള്‍, ബാബരി മസ്‌ജിദ് ധ്വംസനം, ബോംബ് സ്‌ഫോടനങ്ങള്‍... ഇതു കൊണ്ടൊന്നും സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയാതെ പോയ ഹിന്ദുത്വ രാഷ്‌ട്രം ഇനി സൈനിക അട്ടിമറിയിലൂടെ കൊണ്ടുവരുന്നതിനെ കുറിച്ച് സ്വപ്‌നം കാണുന്ന ആശയഭീകരതയെ പേരുവിളിക്കാന്‍ പോലും കഴിയാത്ത അഭ്യന്തരമന്ത്രി എന്തൊരു ദയനീയതയാണ് വരച്ചു കാട്ടുന്നത്! ലഫ് കേണല്‍ മുതല്‍ മേജര്‍ റാങ്കുവരെയുള്ള എട്ട് പട്ടാള മേധാവികളാണ് അഭിനവ് ഭാരതുമായി സഹകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നത്. ഇവരില്‍ പലരെയും കണ്ടെത്താന്‍ പോലും ഇന്നും എന്‍.ഐ.ക്ക് കഴിഞ്ഞിട്ടില്ല. സംഘ് പരിവാര്‍ എന്ന ഈ ആശയഭീകരതയെ ഇനിയും ഇങ്ങനെ മുഖംമിനുക്കി കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?