ഇസ്‌ലാമിക് ഫിനാന്‍സിനെ എന്തിനാണ് ഇന്ത്യ ഭയക്കുന്നത്?
ഫാഇസ് അബ്‌ദുല്ല
``പണം ഒരാളില്‍ കെട്ടിക്കിടക്കാത്ത കാലത്തോളം അത് ഏറ്റവും നല്ല ചങ്ങാതിയായിരിക്കും''-ഇമാം ഹസന്‍ ബസ്വരി
സാഹചര്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപകരുടെ നീക്കിയിരിപ്പിനെയും നിക്ഷേപത്തെയും ത്വരിതപ്പെടുത്തുകയും കടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു സാമ്പത്തിക സംവിധാനത്തിന്റെയും പ്രാഥമിക ദൗത്യം. അതുകൊണ്ടുതന്നെ രാഷ്‌ട്രത്തിന്റെ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താനും അതുവഴി സുഭദ്രമായ ക്ഷേമ രാഷ്‌ട്രം കെട്ടിപ്പടുക്കാനും ഓരോ സാമ്പത്തിക വ്യവസ്ഥയും ശ്രമിക്കുന്നു. പ്രധാനമായും രണ്ട് ഉത്തരവാദിത്വങ്ങളാണ് ഓരോ സാമ്പത്തിക വ്യവസ്ഥയും നിര്‍വഹിച്ചുപോരുന്നത്.
1. എല്ലാ നിലവാരത്തിലുമുള്ള നിക്ഷേപകരെ പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് സഹായകമായ പുതിയ സംരംഭങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുക.
2. നിലവിലുള്ള സംരംഭങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമാകുംവിധം വ്യാപിപ്പിക്കുക.
ഈ രണ്ട് തത്ത്വങ്ങളുടെയും ആസൂത്രിതമായ പ്രയോഗം തന്നെയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭദ്രതയും നിലനില്‍പും.
ഇന്ത്യന്‍ സാമ്പത്തിക രംഗം
വ്യവസായ-വാണിജ്യ മേഖലയില്‍ പ്രതീക്ഷ വളര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍ സാമ്പത്തിക മേഖല മുന്നേറുന്നത്. അന്താരാഷ്‌ട്ര സാമ്പത്തിക വ്യവഹാര രംഗത്ത് നിയന്ത്രണാത്മക സ്വാധീനമുള്ള ശക്തിയായി വളരാനുതകുന്നതാണ് അതിന്റെ ചുവടുവെപ്പുകള്‍. കാരണം ഇന്ത്യന്‍ വിപണിക്ക് ശക്തമായ സാമ്പത്തിക അടിത്തറയും അസംസ്‌കൃത വസ്‌തുക്കളുടെ പിന്‍ബലവുമുണ്ട്.
എന്നാല്‍ വ്യവസായ-വാണിജ്യ വളര്‍ച്ചയോടൊപ്പം തന്നെ ജനസംഖ്യയും വളര്‍ന്നുകൊണ്ടിരിക്കുന്നു. വ്യവസായ-നിര്‍മാണ മേഖലയില്‍ നിന്നുള്ള വിറ്റുവരവിനെ ക്രിയാത്മകമായി ജനങ്ങളിലേക്ക് എത്തിക്കുക, അങ്ങനെ മനുഷ്യ-മനുഷ്യേതര വിഭവങ്ങളുടെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി നിര്‍മാണ മേഖലയില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്യുക. ഇങ്ങനെ വ്യവസായ പുരോഗതിയെ ത്വരിപ്പിക്കുന്നതിലൂടെയാണ് സാമ്പത്തിക ഘടന കൂടുതല്‍ വിശാലമാവുകയും വികസിക്കുകയും ചെയ്യുന്നത്. എന്നാല്‍ സാമ്പത്തിക പുരോഗതിയുടെ സദ്‌ഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നതില്‍ ഇന്ത്യയിലെ നിലവിലുള്ള സംവിധാനങ്ങള്‍ പരാജയമാണെന്ന് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത് വാണിജ്യ-വ്യവസായ മേഖലയിലും രാഷ്‌ട്രത്തിന്റെ മൊത്തം വികസനത്തിലും കുതിച്ചുചാട്ടം നടത്തുന്നതിന് വലിയൊരു തടസ്സം തന്നെയാണ്.
മുസ്‌ലിംകളും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയും
മുസ്‌ലിംകളുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും പോലെതന്നെ സാമ്പത്തിക വിനിമയവും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിധേയമായതിനാല്‍ ശരീഅത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള സാമ്പത്തിക സംരംഭങ്ങള്‍ വേണമെന്നാവശ്യവും നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്നു. ഇത് നിലവിലെ ശരീഅത്ത് സംരംഭങ്ങള്‍ക്കുള്ള ഡിമാന്റ് ഗണ്യമായി വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് അറേബ്യന്‍ മേഖലയിലെ ശരീഅത്ത് സംരംഭങ്ങള്‍ ശൈശവാവസ്ഥയിലായിട്ടു കൂടി, സാമ്പത്തിക മേഖലയില്‍ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളും നിരീക്ഷിക്കപ്പെടുന്നുണ്ട്. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ മാന്ദ്യത്തില്‍ ഏതാണ്ടെല്ലാ നിക്ഷേപനിര്‍മാണ സംരംഭങ്ങള്‍ക്കും ഇടിവു പറ്റിയെങ്കിലും, ശരീഅത്ത് സംരംഭങ്ങള്‍ക്ക് മാന്ദ്യത്തിന്റെ ക്ഷീണം ഏല്‍ക്കാതിരുന്നത് നിക്ഷേപകരില്‍ പുതിയ ചില ചിന്തകള്‍ക്ക് തിരികൊളുത്താതിരിക്കില്ല.
വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് അതിന്റെ ശോഭനമായ വികസന ചരിത്രം കുറിച്ചിടാന്‍ 700 കോടി ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്. അതിനായി സാധ്യമായ എല്ലാ നിക്ഷേപ മാര്‍ഗങ്ങളും ചൂഷണം ചെയ്യേണ്ടിയിരിക്കുന്നു. അന്തര്‍ദേശീയ നീക്കിയിരിപ്പ് ധനം കോടിക്കണക്കിന് ഡോളറാണ്. ഇതില്‍ 42 ശതമാനം തെക്കു പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്. ഇതിന്റെ 80 ശതമാനം കൈകാര്യം ചെയ്യുന്നത് മുസ്‌ലിം രാഷ്‌ട്രങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ 800 ബില്യന്‍ കോടി ഡോളര്‍ വിറ്റുവരവുള്ള ഏക സാമ്പത്തിക മേഖല മിഡിലീസ്റ്റാണ്. ഈ നീക്കിയിരിപ്പ് ധനം ഇന്ത്യന്‍ സംരംഭങ്ങളിലേക്ക് തിരിച്ചുവിടുകയാണെങ്കില്‍ രാഷ്‌ട്രത്തിന്റെ മൊത്തം വികസനത്തിലേക്കുള്ള ചുവടുവെപ്പാവുമത്. ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കുകയാണെങ്കില്‍, ഈ ഘട്ടത്തിലെടുക്കുന്ന ഏറ്റവും യുക്തവും ശക്തവുമായ തീരുമാനമാവുമത്.
ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളുടെ സമകാലിക സാധ്യതകള്‍ മനസ്സിലാക്കിയ tata aig, Relaince Capital, Bajaj Aliance പോലുള്ള മുഖ്യധാരാ കോര്‍പറേറ്റ് കമ്പനികള്‍ ഈ മേഖലയില്‍ ചുവടുവെപ്പ് തുടങ്ങിയിട്ടുണ്ട്. Tokyo Marine, Sree Ram Life Insurance പോലുള്ള കമ്പനികളും ഇവിടെ ശ്രദ്ധയൂന്നുന്നുണ്ട്. തങ്ങളുടെ വ്യവസായ- നിക്ഷേപ സംരംഭങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാവുമെന്ന ദീര്‍ഘവീക്ഷണത്തോടെ തന്നെയാണ് അവരൊക്കെയും ഈ രംഗത്തേക്ക് കടന്നുവരുന്നതെങ്കിലും കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നത്ര എളുപ്പമാവില്ല.
നിലവില്‍ ഇന്ത്യയിലെ ഇസ്‌ലാമിക സാമ്പത്തിക രംഗം നേരിടുന്ന പ്രധാന പ്രതിസന്ധി, കോര്‍പറേറ്റ് കമ്പനികളുടെ അര്‍ധ സഹകരണ മനോഭാവമാണ്. ശരീഅത്ത് സംരംഭത്തിന്റെ ആശയ രൂപവത്‌കരണം മുതല്‍ സംരംഭം ഉപഭോക്താവിലേക്ക് വിറ്റഴിക്കുന്നത് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളിലും ശരീഅത്ത് പണ്ഡിതന്മാരുടെ മേല്‍നോട്ടവും മാര്‍ഗ നിര്‍ദേശങ്ങളും ഉണ്ടാകുന്നത് അവര്‍ അംഗീകരിക്കുന്നില്ല. ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ പൂര്‍ണമായും വികസിപ്പിക്കപ്പെട്ടതിനു ശേഷം ശരീഅത്ത് ബോഡിന്റെ അംഗീകാരം നേടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ എതിര്‍ഫലമേ സൃഷ്‌ടിക്കൂ.
ചില നിര്‍ദേശങ്ങള്‍
ഇന്ത്യയിലെ ശരീഅത്ത് സംരംഭങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ശരീഅത്ത് മൂല്യങ്ങള്‍ നിഷ്‌കര്‍ഷിക്കും വിധമുള്ള ഒരു ശരീഅത്ത് ബോര്‍ഡ് നിലവില്‍ വരണം. മുസ്‌ലിം പണ്ഡിതന്മാരും സാമ്പത്തിക വിദഗ്‌ധരുമുള്‍ക്കൊള്ളുന്ന ഇത്തരമൊരു ബോഡിക്ക് ഇന്ത്യാ ഗവണ്‍മെന്റ് തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. ശരീഅത്ത് ബോര്‍ഡ് അംഗങ്ങള്‍ ശരീഅത്ത് സംബന്ധിയായ മുഴുവന്‍ വിഷയങ്ങളിലും സൂക്ഷ്‌മജ്ഞാനവും വിശാല വീക്ഷണവുമുള്ളവരാണെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തണം.
ശരീഅത്ത് ബോര്‍ഡിന്റെ ചര്‍ച്ചകളില്‍ സമ്മര്‍ദം ചെലുത്താനോ അവരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനോ ആര്‍ക്കും അധികാരമുണ്ടായിരിക്കുകയില്ല. എന്നാല്‍ ഇത്തരമൊരു സമിതിയുടെ സഹായത്തോടെ ശരീഅത്ത് വിരുദ്ധ സംരംഭങ്ങള്‍ തടയാനുള്ള അധികാരം ഗവണ്‍മെന്റിന് ഉണ്ടായിരിക്കും. സമിതിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഗവണ്‍മെന്റ് പരിപോഷിപ്പിക്കണം.
ഓരോ ഉല്‍പന്നവും വികസിപ്പിക്കുമ്പോള്‍ നിയമപരവും സാമ്പത്തികവുമായ നേട്ടങ്ങളേക്കാള്‍ ശരീഅത്ത് മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കണം. മുഖ്യധാരാ സംരംഭങ്ങളുമായി കിടമത്സരം നടത്തുന്ന ശരീഅത്ത് ഉല്‍പന്നങ്ങള്‍ അതിന്റെ ഏതു ഘട്ടത്തിലും ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
വികസിപ്പിക്കുന്ന ഉല്‍പന്നങ്ങളിലധികവും സമൂഹത്തിലെ എല്ലാ തരക്കാരുടെയും സാമ്പത്തിക വിനിമയങ്ങളില്‍ ഇടപെടുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യുന്നതാവണം.
ശരീഅത്ത് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് നിപുണരും വിദഗ്‌ധരുമായ വില്‍പനക്കാരെ തന്നെ നിശ്ചയിക്കേണ്ടതുണ്ട്. അതേസമയം തന്നെ അവര്‍ ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് ബോധമുള്ളവരായിരിക്കുകയും വേണം.
ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രത്തിന്റെ അന്തസത്ത പരസ്‌പര വിശ്വാസമാണ്. കേവല കോര്‍പറേറ്റ് -ഉപഭോക്‌തൃ ബന്ധമെന്നത് ശരീഅത്തിന്റെ കാഴ്‌ചപ്പാടല്ല. നിയമങ്ങള്‍ കൊണ്ടു മാത്രം സുസ്ഥിതി കൈവരിക്കാമെന്ന് അത് കണക്കുകൂട്ടുന്നില്ല. അതിനാല്‍ തന്നെ എല്ലാ ഇടപാടുകളും യുക്തിയുക്തവും സുതാര്യവുമായിരിക്കണം. വ്യവഹാരങ്ങളില്‍ നിയമവ്യവസ്ഥകള്‍ക്കപ്പുറത്ത് വിശ്വാസ്യതക്ക് മുന്‍തൂക്കം നല്‍കണം. വില നിലവാരത്തില്‍ നീതിയുണ്ടെന്ന് ഉറപ്പുവരുത്തണം. സമയോചിതമായി കൈകൊണ്ട നല്ല തീരുമാനങ്ങളും നിലപാടുകളുമാണ് എന്നും മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചിട്ടുള്ളത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും ഈ മാറ്റം വരുമെന്ന് പ്രത്യാശിക്കാം.
(അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയിലെ PGDIEF വിദ്യാര്‍ഥിയാണ് ലേഖകന്‍)