Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



ഫറോവനിസത്തില്‍നിന്ന്‌ ഡമോക്രസിയിലേക്ക്‌

ഫഹ്‌മീ ഹുവൈദി്‍

ദശാബ്‌ദങ്ങളായി നമ്മില്‍നിന്ന്‌ കവര്‍ന്നെടുക്കപ്പെട്ട ഒരു സ്വപ്‌നത്തിന്റെ തിരിച്ചുവരവിനെ കുറിക്കുന്നു ഈജിപ്‌തിലെ സംഭവവികാസങ്ങള്‍. ഫറോവനിസത്തില്‍നിന്ന്‌ ഡമോക്രസിയിലേക്കുള്ള നമ്മുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനം. ആരും തെറ്റിദ്ധരിക്കേണ്ട. ഒരു സ്വപ്‌നം തിരിച്ചുപിടിച്ചതിന്റെ കാര്യം മാത്രമാണ്‌ പറഞ്ഞത്‌. സംഭവലോകം അതേപടി കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്‌. ഈ കോളം എഴുതുന്നത്‌ വരെ ഏതാനും അറ്റകുറ്റപ്പണികളും മുഖം മിനുക്കലുമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. വ്യക്തിയുടെ കൈകളില്‍നിന്ന്‌ ഭരണം സമൂഹത്തിലേക്ക്‌ കൈമാറപ്പെടണമെന്നും അടിയന്തരാവസ്ഥയുടെ ഇടുക്കുകളില്‍നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ വിശാലതകളിലേക്ക്‌ പൊങ്ങിപ്പറക്കണമെന്നുമാണ്‌ നമ്മുടെ ആഗ്രഹം. ഇതേക്കുറിച്ച്‌ പറയുന്നതിന്‌ മുമ്പ്‌, `പവിത്ര രോഷ'ത്തിന്റെ പതാകയുമേന്തി തെരുവിലിറങ്ങിയ ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും മുമ്പില്‍ നമുക്ക്‌ ആദരത്തോടെ അല്‍പനേരം തലകുനിക്കാം. ഭാവിയിലേക്ക്‌ നോക്കുമ്പോള്‍ നിരാശയും അന്ധകാരവുമല്ലാതെ മറ്റൊന്നും കാണാതിരുന്ന നമ്മെ പ്രതീക്ഷയുടെ പുതിയ തീരങ്ങളിലേക്ക്‌ വലിച്ചടുപ്പിച്ചത്‌ അവരാണല്ലോ.
പ്രക്ഷോഭ ദിനങ്ങളില്‍ ഈജിപ്‌തില്‍ വ്യാപകമായി അരങ്ങേറിയ കൊള്ളക്കും കൊള്ളിവെപ്പിനും ഉത്തരവാദികള്‍ ഈ ചെറുപ്പക്കാരാണെന്ന്‌ ആരോപിച്ച്‌ അവരുടെ മുഖം വികൃതമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. ദുഷ്‌ടലാക്കോടെയുള്ള കള്ളാരോപണം മാത്രമാണിത്‌. ഈ ചെറുപ്പക്കാര്‍ സമാധാനപരമായും അച്ചടക്കത്തോടെയുമാണ്‌ പ്രക്ഷോഭം നടത്തിയതും നാടിന്റെ നാനാ ഭാഗങ്ങളില്‍ പ്രക്ഷോഭസമിതികള്‍ രൂപവത്‌കരിച്ചതും. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പോലീസ്‌ പലേടത്തു നിന്നും തന്ത്രപരമായി പിന്‍വാങ്ങിയത്‌ കൊണ്ടാണ്‌ കൊള്ളയും തീവെപ്പും നടന്നത്‌. അതിനാല്‍ ഇത്രയും കാലം നാടിനെ കൊള്ളയടിക്കുകയും സ്വപ്‌നം കവര്‍ന്നെടുക്കുകയും ചെയ്‌തവര്‍ തന്നെയാണ്‌ കൊള്ളക്കും കൊള്ളിവെപ്പിനും മറുപടി പറയേണ്ടത്‌.
അരാജകത്വം നടമാടുന്ന-അല്ലെങ്കില്‍ അല്‍പനേരം വൈദ്യുതി വിഛേദിച്ചാലും മതി- ഏതൊരു നാട്ടിലും ഇത്തരം കൊള്ളയും പിടിച്ചുപറിയും നടക്കാറുണ്ട്‌. അമേരിക്കക്ക്‌ തന്നെ ഇത്തരം ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌. ഈജിപ്‌തിലേത്‌ മാത്രം വലിയ സംഭവമായി ഉയര്‍ത്തിക്കാണിക്കേണ്ടതില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പോലീസ്‌ പൂര്‍ണമായി പിന്മാറിയത്‌ ജയില്‍ ചാടിയ കുറ്റവാളികള്‍ക്കും തൊഴിലില്ലാ പടക്കും പ്രതികാര ചിന്തയുമായി നടക്കുന്നവര്‍ക്കും അഴിഞ്ഞാടാന്‍ വലിയ പ്രചോദനമായി. എന്നാല്‍ ഈ തെമ്മാടിക്കൂട്ടത്തെയും മാറ്റത്തിന്‌ വേണ്ടി തെരുവിലിറങ്ങിയ പൊതുസമൂഹത്തെയും ഇടകലര്‍ത്തിപ്പറയുന്ന തരത്തിലാണ്‌ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍. ഒരു മഹദ്‌ ലക്ഷ്യത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശ്യമേ ഇതിന്‌ പിന്നിലുള്ളൂ.
കള്ളപ്രചാരണം ഇവിടം കൊണ്ട്‌ തീരുന്നില്ല. മാറ്റത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ ഒറ്റിക്കൊടുക്കാന്‍ ചില പണ്ഡിതപ്പരിഷകളും രംഗത്തുണ്ട്‌. `ഈജിപ്‌ഷ്യന്‍ ടെലിവിഷനി'ലെ `സ്വബാഹല്‍ ഖൈര്‍ യാ മിസ്വ്‌ര്‍' പരിപാടിയില്‍ (29.1.2011) ഒരു പണ്ഡിതന്‍ പറയുന്നത്‌ കേട്ടു: പ്രക്ഷോഭകര്‍ തെരുവിലേക്കിറങ്ങിയതോടെ അവര്‍ വഴിക്കൊള്ളക്കാരായി മാറിയിരിക്കുന്നു. അവര്‍ നശിപ്പിക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. വഴിക്കൊള്ളക്കുള്ള ശിക്ഷ (ഹദ്ദുല്‍ ഹറാബ) അവര്‍ക്ക്‌ കൊടുക്കണം! ഇതേ വര്‍ത്തമാനം വെള്ളിയാഴ്‌ച പള്ളി മിമ്പറുകളില്‍ നിന്നും ഉയര്‍ന്നു കേട്ടു. തത്സമയം തന്നെ ഭരണകൂടത്തിന്റെ കൂലിയെഴുത്തുകാര്‍ മറ്റൊരു കള്ളം കൂടി എഴുന്നള്ളിക്കുന്നുണ്ടായിരുന്നു, പ്രക്ഷോഭത്തിന്‌ പിന്നില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആണെന്ന്‌. സംഗതി പതിവ്‌ `ഭയം ജനിപ്പിക്കല്‍' പരിപാടി തന്നെ. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷിയായിരുന്നു അവരുടെ ഉന്നം. ഒന്ന്‌, മുസ്‌ലിം ഗ്രൂപ്പുകളില്‍ അസ്വസ്ഥത പടര്‍ത്താം. രണ്ട്‌, ഖിബ്‌ത്വി ക്രിസ്‌ത്യാനികളെ പേടിപ്പിക്കാം. ഈ ആരോപണത്തില്‍ ഒരു വസ്‌തുതയുമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഈജിപ്‌തിലെ മുഴുവന്‍ ദേശീയ ശക്തികളും ഒന്നിച്ചണിനിരന്ന പ്രക്ഷോഭമാണിത്‌. നടന്നേടത്തോളം സംഭവങ്ങളില്‍ ഇഖ്‌വാന്‌ പ്രത്യേകമായി ഒരു പങ്കും ഇല്ല.
ഈജിപ്‌തില്‍ ജനാധിപത്യം ഉള്ളതുകൊണ്ടല്ലേ പ്രക്ഷോഭകര്‍ക്ക്‌ തെരുവിലിറങ്ങാന്‍ സാധിച്ചത്‌? കൂലിയെഴുത്തുകാരുടെ മറ്റൊരു നുണ. അങ്ങനെയെങ്കില്‍ ബിന്‍ അലിയുടെ തുനീഷ്യയാവുമായിരുന്നല്ലോ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പറുദീസ! അവിടെയും ജനം തെരുവിലിറങ്ങിയാണല്ലോ അയാളെ അവിടെ നിന്ന്‌ ഓടിച്ചത്‌. മുപ്പത്‌ വര്‍ഷമായി ഒരു ജനസമൂഹത്തിന്റെ ആത്മാഭിമാനവും അന്തസ്സും ചവിട്ടിയരക്കുന്ന സ്വേഛാധിപത്യത്തിനെതിരെയുള്ള പൊട്ടിത്തെറിയാണ്‌ ഈജിപ്‌തില്‍ കണ്ടത്‌.
ഭരിക്കുന്ന കക്ഷിയുടെ അജണ്ട നടപ്പാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ പരാജയപ്പെട്ടു, അതുകൊണ്ട്‌ ഉണ്ടായതാണ്‌ ഈ ഗുലുമാലെല്ലാം. മറ്റൊരു പെരും നുണ. ഇതും പറഞ്ഞാണ്‌ ഭരണകക്ഷിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ അഹ്‌മദ്‌ ഇസ്സിനെ മാറ്റിയത്‌. ഇപ്പോഴുണ്ടായ സംഭവങ്ങളുടെയെല്ലാം മുഖ്യ ഉത്തരവാദി ഈ കക്ഷിയാണ്‌ പോലും. ഒരാള്‍ പോലും വിശ്വസിക്കില്ല ഈ വിശദീകരണം. ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞ്‌ മാറുന്ന കുടിലത മാത്രമേ അതില്‍ കാണാനാവൂ. പാര്‍ട്ടിയും ഭരണവുമൊക്കെ ചലിച്ചിരുന്നത്‌ പ്രസിഡന്റിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമായിരുന്നു. അഹ്‌മദ്‌ ഇസ്സിന്‌ മാത്രം സ്വന്തമായി ഒരു പോളിസിയും ഉണ്ടായിരുന്നില്ല. പിന്‍ഗാമിയായി കരുതപ്പെട്ടിരുന്ന ജമാല്‍ മുബാറകിന്റെ വലംകൈയുമായിരുന്നു അയാള്‍. ഒന്നോ രണ്ടോ പേരെ പ്രതിക്കൂട്ടില്‍ കയറ്റി രക്ഷപ്പെടുന്നത്‌ ഭീരുത്വമാണ്‌.
സ്വപ്‌നത്തിന്റെ തിരിച്ചുവരവ്‌ പറഞ്ഞാണല്ലോ ഈ കുറിപ്പ്‌ തുടങ്ങിയത്‌. അന്തരീക്ഷം കലങ്ങിമറിഞ്ഞെന്നത്‌ നേര്‌. പക്ഷേ, സംഭവ യാഥാര്‍ഥ്യങ്ങളില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. സ്വപ്‌നം സ്വപ്‌നമായിത്തന്നെ അന്തരീക്ഷത്തില്‍ തങ്ങിക്കിടപ്പാണ്‌. ഭൂമിയിലേക്കിറങ്ങിയിട്ടില്ല. കെട്ടിടത്തിന്റെ പെയിന്റ്‌ മാറ്റിയടിക്കാന്‍ മാത്രമാണ്‌ അവര്‍ ശ്രമിക്കുന്നത്‌; നാമാണെങ്കിലോ കെട്ടിടം തന്നെ പൊളിച്ച്‌ മാറ്റിപ്പണിയാനും. അറ്റക്കുറ്റപ്പണിയും മുഖം മിനുക്കലും നടത്തി രക്ഷപ്പെടാമെന്ന്‌ അധികാരി വര്‍ഗം കണക്കുകൂട്ടുന്നു. സമൂലമായ രാഷ്‌ട്രീയ പരിഷ്‌കരണം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, പരിഷ്‌കൃത പൊതുസമൂഹം തുടങ്ങിയ പദാവലികള്‍ നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുക എന്നതാണ്‌ മുഖം മിനുക്കലിന്റെ ഒന്നാം പടി. ഇത്‌ നാം എത്രയോ കേട്ടുമടുത്തതാണ്‌. പ്രധാനമന്ത്രിയെ മാറ്റുക, ഒരു വൈസ്‌ പ്രസിഡന്റിനെ കൂടി അധികം വെക്കുക-ഇതാണ്‌ രണ്ടാം ഘട്ട മിനുക്കല്‍. ഇതുകൊണ്ടൊന്നും രോഷാകുലരായ ജനത്തെ അടക്കിനിര്‍ത്താനാവില്ല. സുരക്ഷാ സേനയും രഹസ്യപ്പോലീസും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന്‌ ജനജീവിതം അത്യന്തം ദുസ്സഹമാക്കിയതിന്‌ നേരെയുള്ള പൊട്ടിത്തെറിയാണിത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ കൂച്ച്‌ വിലങ്ങിട്ടതിനും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതിനും അഴിമതിയുടെ കൂത്തരങ്ങായി നാടിനെ മാറ്റിയതിനും ഇസ്രയേലുമായും അമേരിക്കയുമായും കൂട്ടുകൂടിയതിനുമെതിരെയുള്ള പൊട്ടിത്തെറി. എങ്കില്‍ പിന്നെ ഒരു പ്രധാനമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചത്‌ കൊണ്ട്‌ ശ്വാസം മുട്ടി കഴിയുന്ന ഈ ജനതയുടെ കോപമടങ്ങുമോ?
അപ്പോള്‍ ഭരണവും രാഷ്‌ട്രീയ നിലപാടുകളും സുസ്ഥിരമായി തുടരും. ഭരണയന്ത്രം തിരിക്കുന്ന ചില കൈകള്‍ മാത്രമാണ്‌ മാറുന്നത്‌. ഈ മിനുക്കലും ഒരു ജനതയെ പൊട്ടിത്തെറിയിലേക്ക്‌ നയിച്ച കാരണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. അടിത്തറയും അലകും പിടിയുമെല്ലാം മാറ്റിക്കൊണ്ടുള്ള ഒരു പരിഷ്‌കരണമാണ്‌ വേണ്ടത്‌. അത്‌ ഒറ്റയടിക്ക്‌ കഴിയില്ല. സമയമെടുക്കും. കള്ളവോട്ടിംഗിലൂടെ തട്ടിപ്പടച്ചുണ്ടാക്കിയ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ സംശുദ്ധമായ തെരഞ്ഞെടുപ്പ്‌ നടത്തുക, അടിയന്തരാവസ്ഥ നീക്കുന്നതിനും പൗരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും ഒരു ഭരണഘടനാ ഭേദഗതി കമ്മിറ്റിക്ക്‌ രൂപം നല്‍കുക തുടങ്ങിയ മൗലിക മാറ്റങ്ങള്‍ക്ക്‌ തയാറാവുകയാണെങ്കില്‍ അത്‌ ജനരോഷം തണുപ്പിച്ച്‌ അവരുടെ വിശ്വാസമാര്‍ജിക്കാന്‍ ഇടവരുത്തിയേക്കാം. ഇപ്പോഴത്തെ മുഖം മിനുക്കല്‍ ജനരോഷം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
സമ്മര്‍ദശക്തി പ്രയോഗിച്ചുകൊണ്ടേ ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കാനാവുകയുള്ളൂ. പ്രക്ഷോഭം അതിന്റെ ലക്ഷ്യത്തിലെത്താന്‍ ഇനിയും ഏറെ കാതങ്ങള്‍ പിന്നിടാനുണ്ടെന്നര്‍ഥം. സമാധാനപരമായ ജനകീയ പ്രക്ഷോഭമല്ലാതെ ലക്ഷ്യത്തിലെത്താന്‍ മറ്റൊരു വഴിയില്ല. എന്ന്‌ ഈ പ്രക്ഷോഭം നിലക്കുന്നുവോ അന്നു മുതല്‍ വളരെ വേഗത്തില്‍ കെട്ടിടത്തിന്റെ പെയിന്റ്‌ മാറ്റിയടിക്കുന്ന പണി അവര്‍ പൂര്‍ത്തിയാക്കും. നൂറിലധികം പേരുടെ ജീവാര്‍പ്പണം വെറുതെയാവും. ഫറോവനിസത്തില്‍നിന്ന്‌ ഡമോക്രസിയിലേക്കുള്ള കൂടുമാറ്റമെന്ന നമ്മുടെ സ്വപ്‌നം വീണ്ടും അപഹരിക്കപ്പെടും.
(പ്രശസ്‌ത ഈജിപ്‌ഷ്യന്‍ കോളമിസ്റ്റാണ്‌ ലേഖകന്‍)


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly