നിരീക്ഷണങ്ങളില്‍ അതിശയോക്തി കലര്‍ന്നുവോ?
ബദീഉസ്സമാന്‍്‍
സി. ദാവൂദിന്റെ `രണ്ട് സമ്മേളനങ്ങള്‍, രണ്ട് സന്ദേശങ്ങള്‍' എന്ന ലേഖനത്തോടുള്ള (ലക്കം 32) പ്രതികരണമാണിത്. സ്വന്തത്തിലേക്ക് മാത്രം നോക്കുകയും മറ്റു സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തന പരിപാടികളെ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്ന, സങ്കുചിത സംസ്‌കാരം നിലനില്‍ക്കുന്ന സമുദായ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ ഇതര സംഘടനകളെയും അവരുടെ പരിപാടികളെയും ഗുണാത്മകമായി വിലയിരുത്താനുള്ള ശ്രമം ശ്ലാഘനീയം തന്നെയാണ്. എന്നാല്‍ ഇത്തരമൊരു ശ്രമത്തെ അതിശയോക്തിയും അനുപാത രഹിതമായ അതിവായനയുമായിപ്പോയി എന്നതാണ് സി. ദാവൂദിന്റെ പ്രസ്‌തുത കുറപ്പിന്റെ പ്രശ്‌നം.
കേരള മുസ്‌ലിംകളില്‍ നവജാഗരണത്തിന് നേതൃത്വം നല്‍കിയ, മുസ്‌ലിം ഐക്യ സംഘത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മുജാഹിദ് സംഘടന കാലത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ ജീര്‍ണിച്ചുകൊണ്ടിരിക്കുമ്പോള്‍, യാഥാസ്ഥിതിക സംഘടന എന്നു മുദ്രയടിക്കപ്പെട്ട സമസ്‌ത എ.പി വിഭാഗം പുതിയ കാലത്തോടും പുതിയ പ്രശ്‌നങ്ങളോടും സംവദിക്കാന്‍ ശേഷി നേടിയ പ്രസ്ഥാനമായി മാറുന്നു- ഇതാണ് രണ്ട് കൂട്ടരുടെയും സമ്മേളനങ്ങള്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങളായി കുറിപ്പ് പറയുന്നത്. അതിനദ്ദേഹം ആധാരമാക്കുന്നത് എ.പി പുത്രന്റേതായി എസ്.എസ്.എഫ് മുഖപത്രത്തില്‍ വന്ന അഭിമുഖവും, സാക്ഷാല്‍ കാന്തപുരം മുസ്‌ലിയാര്‍ മര്‍കസില്‍ നടത്തിയ സമാപന പ്രസംഗവും, എം.എസ്.എം സമ്മേളനത്തില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസംഗങ്ങളും തമ്മിലുള്ള താരതമ്യമാണ്.
രിസാലയടക്കമുള്ള എ.പി സമസ്‌ത പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളും അഭിമുഖങ്ങളും കണ്ട് ഇവരെത്ര മാറിയിരിക്കുന്നു എന്നത്ഭുതം കൂറുംമുമ്പ് ഇവര്‍ക്ക് നിയന്ത്രണമുള്ള മഹല്ലുകളെ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും. പാരമ്പര്യമായി കേരള മുസ്‌ലിംകള്‍ ചെയ്‌തുവരുന്ന കാര്യങ്ങള്‍ നിലനിര്‍ത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് തങ്ങള്‍ എന്നാണ് എ.പി സമസ്‌തക്കാരുടെ വാദം. എന്നാല്‍ അതിലുപരിയായി, ആചാര സമ്പ്രദായങ്ങളില്‍ സ്വന്തമായ ഒരു കോഡ് ഓഫ് കണ്‍ഡക്‌ട് ഏര്‍പ്പെടുത്തി വ്യതിരിക്തമാവുകയാണ് എ.പി മഹല്ലുകള്‍. ഇവയിലൊന്നിലും സ്‌ത്രീകള്‍ക്ക് സ്വന്തക്കാരടക്കം ആരു മരിച്ചാലും മയ്യിത്ത് നമസ്‌കരിക്കാന്‍ പുരോഹിത സമ്മതമില്ല. മയ്യിത്ത് പള്ളിയിലേക്കെടുക്കുന്നതിന് മുമ്പായി, വീട്ടില്‍ നിന്നിറക്കി വെച്ച് എല്ലാവരും ചുറ്റും കൂടിനിന്ന് പ്രാര്‍ഥിക്കുക, മയ്യിത്ത് ഖബ്‌റടക്കിക്കൊണ്ടിരിക്കുമ്പോള്‍ കോറസായി സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുക തുടങ്ങിയ പുതിയ രീതികള്‍ എ.പി മഹല്ലുകളുടെ ട്രേഡ് മാര്‍ക്കാണ്. `അമല്‍' ചെയ്‌തില്ലെങ്കിലും അഖീദയില്‍ പിഴക്കാതിരിക്കാനുള്ള ആഹ്വാനങ്ങളാണ് സഖാഫിമാരുടെ പ്രസംഗങ്ങളില്‍ ഈ ജനുവരിയില്‍ പോലും കേള്‍ക്കാനായത്. ന്യൂഇയറിനും ക്രിസ്‌മസിനും മദ്യവില്‍പനയില്‍ പൊന്നാനിയും തിരൂരും മുഖ്യ സ്ഥാനങ്ങളില്‍ വരുന്നതിന്റെ രസതന്ത്രം തെരയേണ്ടത്, അഖീദയില്‍ പിഴക്കാതെ ചെയ്യുന്ന പാപങ്ങള്‍ അല്ലാഹു പൊറുക്കുമെന്ന പുരോഹിതരുടെ ആശ്വാസ വചനങ്ങളിലാണ്.
വിവാഹ-മരണ സന്ദര്‍ഭങ്ങളില്‍, ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുമൂപ്പന്മാരുടെയും കാരണവന്മാരുടെയും തിട്ടൂരങ്ങളുടെ കഥ പലപ്പോഴും രാജസ്ഥാന്‍, ഹരിയാന പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേള്‍ക്കാറ്. എന്നാല്‍ ഇരയാക്കപ്പെടുന്നവര്‍ മാന്യന്മാരായത് കൊണ്ടും മനുഷ്യാവകാശ കമീഷനില്‍ പരാതി കൊടുക്കാത്തത് കൊണ്ടും മാത്രം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടാത്ത വിവാഹ-മരണ ബഹിഷ്‌കരണാഹ്വാനങ്ങള്‍ നിലനില്‍ക്കുന്നവയാണ് പല എ.പി സമസ്‌ത മഹല്ലുകളും. മുപ്പത് കൊല്ലത്തോളം പ്രദേശത്തെ മദ്‌റസയില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ച മാന്യ വ്യക്തി, ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് പള്ളിയിലെത്തുന്നതിന്റെ മുമ്പായി മൈക്കും കറന്റും ഓഫാക്കി മുസ്‌ലിയാരും മുക്രിയും മഹല്ല് കമ്മിറ്റി നേതൃത്വവും പള്ളിയില്‍നിന്ന് മുങ്ങിയ സംഭവം തിരൂരങ്ങാടി താലൂക്കിലെ എ.പി മഹല്ലിലുണ്ടായത് ഇക്കഴിഞ്ഞ വര്‍ഷമാണ്. സമാനമായ സംഭവങ്ങള്‍ ഓരോ എ.പി മഹല്ലിനും പറയാനുണ്ടാവും.
കേരളവും കടന്നു ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് പരന്നൊഴുകാനുള്ള മര്‍കസിന്റെ സ്വപ്‌നം ചിലരെ ആവേശം കൊള്ളിക്കുന്നു. ശരിയാണ്; ഇന്ത്യയെക്കുറിച്ച് എ.പിക്കും കൂട്ടര്‍ക്കും ചില സ്വപ്‌നങ്ങളുണ്ട്. നോര്‍ത്തിന്ത്യയില്‍ തലയെടുപ്പുള്ള നേതാവില്ല എന്ന് അവര്‍ക്ക് തോന്നിയ തങ്ങളുടെ ആശയ ബന്ധുക്കളായ ബറേല്‍വികളെ സംഘടിപ്പിക്കാനും അതുവഴി ദേശീയതലത്തില്‍ വേരുകളുണ്ടാക്കാനുമുള്ള ശ്രമമാണ് അവയിലൊന്ന്. `ജാറ വ്യവസായം' എന്നത് മുജാഹിദുകള്‍ നല്‍കിയ പരിഹാസപ്പേരാണെങ്കിലും, നോര്‍ത്തിന്ത്യയില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി,വേണ്ട ശ്രദ്ധ കിട്ടാതെ കിടക്കുന്ന ജാറങ്ങളും മറ്റും ഏറ്റെടുത്ത് പരിപോഷിപ്പിക്കല്‍ ദേശീയ വളര്‍ച്ചയുടെ ഭാഗമാണ്. മര്‍കസിന്റെ വളര്‍ച്ചയുടെ ശ്രദ്ധേയമായ ഒരു ഭാഗമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള യൂനിവേഴ്‌സിറ്റികളില്‍ സഖാഫി ബിരുദക്കാരെ ഉന്നത പഠനത്തിനയക്കുന്ന രീതി. ഇതിന്റെ ഭാഗമായി അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്ന മര്‍കസ് പൂര്‍വ വിദ്യാര്‍ഥികള്‍ മതപരമായ ഒരനുഷ്‌ഠാനമെന്ന രീതിയില്‍ നിര്‍വഹിക്കുന്ന പ്രധാന ദൗത്യം, യൂനിവേഴ്‌സിറ്റിയിലെ ഒരു പള്ളിയിലെയും ജമാഅത്തില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ്. അതിന് നല്‍കപ്പെട്ട വിശദീകരണം, ദയൂബന്ദികളും അതുവഴി മുബ്‌തദിഉകളുമായ അവിടത്തെ ഇമാമുമാരെ തുടരുന്നതിന് മുമ്പെ പറഞ്ഞ `ആലിമിന് ഹറാം, ആമ്മിന് കറാഹത്ത്' നിയമം ബാധകമാണെന്നാണ്.
എ.പി സമസ്‌ത ഒട്ടുമേ പുതിയ കാര്യങ്ങള്‍ ചെയ്യുന്നില്ല, കാലത്തിനനുസരിച്ച് പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ല എന്നൊന്നും പറയുന്നില്ല. ഹിജ്‌റ കലണ്ടറനുസരിച്ച് നടന്നിരുന്ന സ്വലാത്ത്-ദിക്‌ര്‍ ഹല്‍ഖകള്‍, ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ച് ഇംഗ്ലീഷ് മാസത്തിലെ ആദ്യ ബുധനാഴ്‌ച, മൂന്നാം ഞായറാഴ്‌ച എന്നൊക്കെയാക്കി മാറ്റിയതില്‍ മാത്രം പരിമിതമാണ് ഈ മാറ്റമെന്ന് അഭിപ്രായവുമില്ല. തീര്‍ച്ചയായും രിസാലയില്‍ മാനക മലയാളത്തില്‍ ഒരുപാട് ലേഖനങ്ങള്‍ വരുന്നുണ്ട്. അഭിമുഖങ്ങളില്‍ പൊതുഭാഷയില്‍ സംസാരിക്കാന്‍ അവര്‍ പഠിച്ചിട്ടുണ്ട്. പ്രമേയങ്ങളിലും മുദ്രാവാക്യങ്ങളിലും `സോളിഡാരിറ്റി ഇഫക്‌ട്' വേണ്ടുവോളമുണ്ട്. പക്ഷേ, ഈ മാറ്റങ്ങള്‍ കേവലം ലേഖനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാത്രം തുടങ്ങിയൊടുങ്ങുന്ന ഒന്നാണ്. അതേസമയം പ്രാര്‍ഥനാ നേര്‍ച്ചാദികളില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇടമുറപ്പിക്കുന്നതും, ജമ-മുജ-തബ്‌ലീഗാദികളെ സലാമിലും നമസ്‌കാരത്തിലും മയ്യിത്ത് നമസ്‌കാരത്തിലും ബഹിഷ്‌കരിക്കുന്നതും, അന്ധവിശ്വാസാനാചാരങ്ങളുടെ മാര്‍ക്കറ്റിംഗും ജാറ ടൂറിസം പ്രമോഷനും ആണ് അനുഭവങ്ങളുടെ മണ്ണിലെ എ.പി സമസ്‌തയും എസ്.എസ്.എഫും. ഈ ദീനീ വിരുദ്ധതയെ മതമേലങ്കിയണിയിക്കുകയാണ് മര്‍കസ് പ്രൊഡക്‌ടുകള്‍ ഏറ്റെടുത്തിരിക്കുന്ന, അവരേല്‍പിക്കപ്പെട്ടിരിക്കുന്ന ദൗത്യം. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് കൊണ്ട്, ഒരു പബ്ലിക്ക് റിലേഷന്‍ ഓപ്പറേഷന്‍ മാത്രമായി കാണേണ്ട ഒരു ഇന്റര്‍വ്യൂവും പ്രസംഗവും മുന്നില്‍ വെച്ച്, ഇവരിതാ വ്യത്യസ്‌തമായൊരു വഴി വെട്ടുന്നു, പുതിയ കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷി നേടിയ പ്രസ്ഥാനമായി മാറുന്നു എന്നൊക്കെ അവതരിപ്പിക്കുന്നത് തീര്‍ത്തും ഉപരിപ്ലവമായ ഒരു നിരീക്ഷണമായി മാറുന്നു.
[email protected]