Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



ജനാധിപത്യ സംവിധാനത്തെ ഗ്രസിച്ച മഹാവ്യാധി്

എ.ആര്‍

`കേരള രാഷ്‌ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാധിച്ച ജീര്‍ണ രോഗമാണ്‌ ആവരണങ്ങള്‍ തകര്‍ത്ത്‌ പുറത്തുവരുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. മൂടിവെക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍ നിന്ന്‌ കുത്തുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിപാര്‍ക്കില്‍ രക്തസാക്ഷിദിന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സര്‍വത്ര മൂല്യച്യുതിയാണെന്ന്‌ സുപ്രീം കോടതി തന്നെ പറയുന്നു. എക്‌സിക്യൂട്ടീവിനെ പോലെ തന്നെ ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം കടുത്ത ആരോപണങ്ങള്‍ക്കിരയാവാന്‍ തുടങ്ങിയിരിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു'' (മാധ്യമം 2011 ജനുവരി 31).
സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അംഗങ്ങള്‍ക്ക്‌ അനുവാദം നല്‍കിക്കൊണ്ട്‌ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നടാടെ തെരഞ്ഞെടുപ്പ്‌ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്‌ 1986-ലാണ്‌ (1977-ലെ പൊതുതെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥയും സംഘടനയുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട നിരോധവും റദ്ദാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ വോട്ടവകാശം വിനിയോഗിച്ചിരുന്നുവെങ്കിലും അത്‌ പ്രത്യേക സാഹചര്യം നേരിടാനായിരുന്നു). മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്‌ രംഗത്തുള്ള ജമാഅത്തിന്റെ ഇടപെടല്‍. അത്‌ പ്രകാരം ആദ്യമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെ സമീപിച്ച്‌ പ്രമേയം വിശദീകരിക്കാനും താന്താങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ മിനിമം മൂല്യബോധവും അഴിമതിമുക്തിയും ഉപാധികളാക്കുകയും വേണമെന്ന്‌ ആവശ്യപ്പെടാനുമായിരുന്നു തീരുമാനം. അങ്ങനെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്‌, ജനതാദള്‍ തുടങ്ങി ഏതാണ്ടെല്ലാ പ്രമുഖ പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട്‌ സമയം വാങ്ങി ജമാഅത്ത്‌ പ്രതിനിധി സംഘം വിശദമായി സംവദിച്ചു. ഒട്ടുമിക്ക നേതാക്കളും ജമാഅത്ത്‌ തീരുമാനത്തെ സ്വാഗതം ചെയ്‌തു; മൂല്യച്യുതിയില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തി, മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയം പ്രയോഗവത്‌കരിക്കാനുള്ള പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി, എന്നാലും പരമാവധി മൂല്യനിഷ്‌ഠ പുലര്‍ത്താമെന്നുറപ്പും നല്‍കി.
സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും ചുമതലപ്പെട്ട ഉത്തമ സമുദായം എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ആ സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗിന്റെ പ്രതികരണം മാത്രം പക്ഷേ, തണുത്തതായിരുന്നു. പിന്നീട്‌ പരസ്യ കാമ്പയിന്‍ ആരംഭിച്ചപ്പോഴാകട്ടെ, മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ പരിഹസിച്ച ഒരേയൊരു രാഷ്‌ട്രീയ പാര്‍ട്ടിയും മുസ്‌ലിം ലീഗായിരുന്നു. ആത്മാര്‍ഥ സാമൂഹിക പ്രതിബദ്ധതയും ജീവിതത്തില്‍ മൂല്യനിഷ്‌ഠയും രാഷ്‌ട്രീയത്തില്‍ ആര്‍ജവവും കാണിച്ച നേതാക്കള്‍ മുസ്‌ലിം ലീഗിനുണ്ടായിട്ടുണ്ട്‌. സത്യസന്ധതയും അഭിപ്രായ സ്ഥിരതയുമുള്ള പാര്‍ട്ടി എന്ന പാരമ്പര്യം മുസ്‌ലിം ലീഗിന്‌ നേടിക്കൊടുത്തത്‌ അത്തരം നേതാക്കളാണ്‌. സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങള്‍ സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായിരുന്ന കാലത്ത്‌, ഒരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട്‌ ജില്ലയിലെ വിജയ സാധ്യതയുള്ള ഒരു മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലീഗിന്റെ സ്ഥാനാര്‍ഥി ആ മണ്ഡലക്കാര്‍ക്ക്‌ തീര്‍ത്തും അപരിചിതനായിരുന്നു. രാഷ്‌ട്രീയരംഗത്ത്‌ തന്നെ അറിയപ്പെടാത്ത പേരായിരുന്നു അദ്ദേഹത്തിന്റേത്‌. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ നിവേദനവുമായി ബാഫഖി തങ്ങളെ ചെന്നു കണ്ടു. സ്ഥാനാര്‍ഥിയെ മാറ്റി പകരം പ്രശ്‌സതനും യോഗ്യനുമായ.... എന്ന ദേഹത്തെ നിയോഗിക്കണം എന്നതായിരുന്നു ആവശ്യം. എല്ലാം ശാന്തനായി കേട്ട ശേഷം തങ്ങളുടെ പ്രതികരണം: `ഓനെ ജയിപ്പിക്കുകയാണ്‌ നിങ്ങളുടെ ആവശ്യം. എന്നാല്‍ തോല്‍പിക്കാനാണ്‌ ഞാന്‍ ഓനെ...... മണ്ഡലത്തില്‍ നിര്‍ത്തിയത്‌. അയാളുടെ കളി അല്‍പം കൂടിപ്പോയിട്ടുണ്ട്‌. നിങ്ങള്‍ക്കിപ്പോള്‍ കിട്ടിയ സ്ഥാനാര്‍ഥി അറിയപ്പെടുന്ന ആളല്ല എന്നത്‌ ശരിയാണ്‌. പക്ഷേ, നല്ലവനാണ്‌. ഒരിക്കല്‍ അയാളും അസംബ്ലി കാണട്ടെ'. പ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി. പക്ഷേ, അവര്‍ക്ക്‌ വേണ്ടി തങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി ജയിച്ചു. തങ്ങള്‍ തോല്‍പിക്കാനായി നിര്‍ത്തിയ പ്രഗത്ഭന്‍ തോല്‍ക്കുകയും ചെയ്‌തു. അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയബോധം പ്രകടമായ ഒന്നാമത്തെ സന്ദര്‍ഭമായിരുന്നില്ല അത്‌. വിദ്യാഭ്യാസ മന്ത്രിയായി സി.എച്ച്‌ മുഹമ്മദ്‌ കോയ വിരാജിക്കുന്ന സുവര്‍ണാവസരത്തില്‍ അപ്രതീക്ഷിതമായി അദ്ദേഹത്തെ മാറ്റി പകരം താരതമ്യേന അപ്രശസ്‌തനായ ചാക്കീരി അഹ്‌മദ്‌ കുട്ടിയെ തല്‍സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാന്‍ ആര്‍ജവം കാട്ടിയ ചരിത്രം അദ്ദേഹത്തിനുണ്ട്‌.
കാലം മാറി, കഥ മാറി. നേരും നെറിയുമുള്ള നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും അന്യം നിന്നു. ജനങ്ങളെ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ചും വര്‍ഗീയവത്‌കരിച്ചും, മുതലാളിമാരെയും മൂലധനശക്തികളെയും ആവോളം സേവിച്ചും, അവരില്‍നിന്ന്‌ ധനസഹായം സ്വീകരിച്ച്‌ തെരഞ്ഞെടുപ്പുകളെ പണാധിപത്യത്തിന്റെ കേളീ രംഗമാക്കി മാറ്റിയും അങ്ങനെ കൈവരുന്ന അധികാരം സ്വജനപക്ഷപാതിത്വവും അഴിമതിയും വഴി നിക്ഷിപ്‌ത താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു ചവിട്ടുപടിയാക്കിയും ജനാധിപത്യത്തെ പരിഹാസ്യമാക്കിയ പുതിയൊരു നേതൃനിര ഉദയം ചെയ്‌തു. നിയമങ്ങള്‍ അവര്‍ക്ക്‌ ദുര്‍വിനിയോഗം ചെയ്യാനുള്ളതാണ്‌, പോലീസ്‌ അവരുടെ കൈയില്‍ വെറും ഉപകരണങ്ങളാണ്‌, ജുഡീഷ്യറിയെ പോലും അവര്‍ അവിഹിതമായി സ്വാധീനിക്കാന്‍ പതിനെട്ടടവും പയറ്റുന്നു, മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അവര്‍ വിലയ്‌ക്കെടുക്കുന്നു. മതപണ്ഡിതരെയും പുരോഹിതരെയും മതസംഘടനകളെയും മധുരം കൊടുത്ത്‌ പാട്ടിലാക്കുന്നു. തങ്ങള്‍ക്കെതിരെ അനങ്ങുന്നവരും ശബ്‌ദിക്കുന്നവരും ഉണ്ടെങ്കില്‍ അവര്‍ക്കുള്ളതാണ്‌ മൗലികവാദ, തീവ്രവാദ, ഭീകരതാ മുദ്രകള്‍. അങ്ങനെ മുദ്രണം ചെയ്യപ്പെടുന്നതോടെ അവരെന്തു പറഞ്ഞിട്ടും എന്തെഴുതിയിട്ടും കാര്യമില്ല. അവര്‍ രാജ്യദ്രോഹികളും ദേശീയവിരുദ്ധരുമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല! സ്വന്തം അണികളില്‍ തന്നെ മനസ്സാക്ഷിക്കുത്ത്‌ സഹിക്കാനാവാതെ വല്ലവരും മിണ്ടിപ്പോയാല്‍ അവരെ തുരത്താനായി മുഴുവന്‍ ശ്രമവും. അച്ചടക്കലംഘനത്തിന്റെയും ഗൂഢാലോചനയുടെയും കുറ്റം ചാര്‍ത്തി അത്തരക്കാര്‍ക്ക്‌ പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കുന്നു. അല്ലെങ്കില്‍ മിണ്ടാതാക്കി മൂലയിലിരുത്തുന്നു. സ്വയം വിമര്‍ശനവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും രാഷ്‌ട്രീയ കക്ഷികളില്‍ ഗതകാല ചരിത്രം മാത്രമായിത്തീരുന്നു.
കുറച്ചുകാലമായി ഈ വഴിയേ ആണ്‌ മുസ്‌ലിം ലീഗിന്റെയും പ്രയാണമെന്ന്‌, ലീഗുകാര്‍ക്ക്‌ എത്ര തന്നെ അനിഷ്‌ടകരമായാലും അവര്‍ ക്ഷോഭിച്ചാലും തുറന്നു പറഞ്ഞേ തീരൂ. പതിനഞ്ച്‌ വര്‍ഷം പഴക്കമുള്ള ഐസ്‌ ക്രീം പാര്‍ലര്‍ കേസ്‌ പൊടുന്നനെ പുനര്‍ജനിക്കുകയും കേരളീയ സാമൂഹികാന്തരീക്ഷത്തെ ദുര്‍ഗന്ധപൂരിതമാക്കുകയും സദാചാരത്തെ കൊഞ്ഞനം കുത്തുകയും ചെയ്‌തതിന്റെ പിന്നില്‍ പ്രായോഗിക ജീവിതത്തിലെ മൂല്യനിരാസമാണെന്ന്‌ സമ്മതിക്കാതിരുന്നിട്ട്‌ കാര്യമില്ല. പടക്കം പൊട്ടിയതിന്റെ പിന്നില്‍ പോലും ഗൂഢാലോചന ആരോപിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്‌, ഐസ്‌ക്രീം കേസ്‌ വീണ്ടും വിവാദമാക്കിയതിന്റെ പിന്നിലും രാഷ്‌ട്രീയ ദുശ്ശക്തികളുടെ ഗൂഢാലോചനയാണെന്ന്‌ പരിതപിക്കുന്ന ലീഗ്‌ നേതൃത്വത്തിന്റെ രോഷം ജനങ്ങളില്‍ ഒരു വിശ്വാസ്യതയും ഉണര്‍ത്തുന്നില്ല. 2011 ജനുവരി 28 വെള്ളിയാഴ്‌ച അതിരാവിലെ മലപ്പുറത്തെ സ്വവസതിയില്‍ മാധ്യമ പ്രതിനിധികളെ വിളിച്ചുവരുത്തി ആദ്യമായി വെടിപൊട്ടിച്ചത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്‌ലിം ലീഗിലെ സുപ്രീമോയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ്‌. അതിനു മുമ്പ്‌ ഒരു പാര്‍ട്ടിയും ഒരു മാധ്യമവും മുമ്പെന്നോ ചീറ്റിപ്പോയ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ കുത്തിപ്പൊക്കാന്‍ മിനക്കെട്ടിട്ടില്ല. തന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ്‌ റഊഫ്‌ തന്റെ നേരെ വധഭീഷണി മുഴക്കുന്നു, അയാള്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നു, അയാള്‍ ക്രിമിനലാണ്‌, ഭീകരനും രാജ്യദ്രോഹിയുമാണ്‌, താന്‍ മന്ത്രിയായിരുന്ന കാലത്ത്‌ അയാളെ വഴിവിട്ടും സഹായിച്ചിരുന്നു, ഇനിയൊരിക്കലും ജീവന്‍ പോയാലും സഹായിക്കില്ല, ഇത്‌ പരേതനായ മുഹമ്മദലി ശിഹാബ്‌ തങ്ങളോട്‌ താന്‍ പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെയാണ്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ ചുരുക്കം. എന്നാല്‍, എന്തിനാണ്‌ തന്റെ ബന്ധുവും ഒരുകാലത്ത്‌ സഹായിയുമായ റഊഫ്‌ പെട്ടെന്ന്‌ കുഞ്ഞാലിക്കുട്ടിയെ ശത്രുവാക്കിയതെന്നോ വകവരുത്താന്‍ ശ്രമിക്കുന്നത്‌ എന്നോ മാത്രം വിശദീകരിക്കപ്പെട്ടില്ല. ഇനിയും യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ താന്‍ മന്ത്രിയാവുമ്പോള്‍ വഴിവിട്ട സഹായം ലഭിക്കില്ല എന്ന നൈരാശ്യം കൊണ്ടാണ്‌ റഊഫ്‌ തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന വിശദീകരണം ആരെയും തൃപ്‌തിപ്പെടുത്തുന്നതുമല്ല. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളന വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്‌തു തുടങ്ങിയതോടെ വിവാദ നായകന്‍ റഊഫിന്റെ ഊഴമായി. വൈകുന്നേരം മാധ്യമ പ്രവര്‍ത്തകരെ കണ്ട റഊഫ്‌, തന്നെ കുഞ്ഞാലിക്കുട്ടി ഒരിക്കലും വഴിവിട്ട്‌ സഹായിച്ചിട്ടില്ലെന്നും പകരം താനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും തുറന്നടിച്ചു. അവിഹിതമായി സാക്ഷികളെയും പ്രോസിക്യൂഷനെയും ജുഡീഷ്യറിയെയും സ്വാധീനിച്ചതിന്റെ രേഖകളും തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും കോടികളാണിതിന്‌ ചെലവിട്ടതെന്നും റഊഫ്‌ വ്യക്തമാക്കി. എല്ലാ രേഖകളും പോലീസിന്‌ കൈമാറാന്‍ തയാറാണെന്നും അയാള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വീണ്ടും മാധ്യമ പ്രവര്‍ത്തകരെ കണ്ട്‌ റഊഫ്‌ പറഞ്ഞതൊക്കെ പച്ചക്കള്ളങ്ങളാണെന്ന്‌ ആരോപിച്ചുവെങ്കിലും, അപ്പോഴേക്കും സംഗതി കൈവിട്ടു കഴിഞ്ഞിരുന്നു. അന്തരീക്ഷമാകെ വഷളായി, ജനങ്ങളില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നു, സംഘടനകളും നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കാന്‍ തുടങ്ങി. മുസ്‌ലിം ലീഗ്‌ സെക്രട്ടറി തന്നെയായ എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാ വിഷന്‍ ചാനല്‍ തിരുത്തിയ സാക്ഷിമൊഴികളും സ്വാധീനിക്കപ്പെട്ട ജഡ്‌ജിമാരുടെ പേര്‍ വിവരങ്ങളും പുറത്തു വിട്ടതോടെ രംഗം ഒന്നുകൂടി കൊഴുത്തു. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളായിരുന്ന സ്‌ത്രീകളുടെ മൊഴികള്‍ വ്യാജമായി നിര്‍മിച്ചതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയുടെയും റഊഫിന്റെയും പേരില്‍ പോലീസ്‌ കേസെടുത്തിരിക്കുകയാണിപ്പോള്‍. പെണ്‍വാണിഭ കേസ്സിന്റെ പുനരന്വേഷണ സാധ്യത പരിശോധിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. ഒരു വശത്ത്‌ സി.പി.എമ്മും സി.പി.ഐയും ബി.ജെ.പിയും സംഭവത്തെ യു.ഡി.എഫിനെതിരെ ആയുധമാക്കുമ്പോള്‍ മറുവശത്ത്‌ മുസ്‌ലിം ലീഗ്‌ സെക്രട്ടറിയേറ്റ്‌ അടിയന്തര യോഗം ചേര്‍ന്ന്‌ ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിയെസംരക്ഷിക്കാനും പ്രതിസന്ധിയെ നേരിടാനുമുള്ള തിരക്കിലാണ്‌. കോണ്‍ഗ്രസ്‌ നേതൃത്വവും ലീഗിനോടൊപ്പമുണ്ട്‌. മുസ്‌ലിം ലീഗിന്റെ ചിറകിനടിയിലെ മതസംഘടനകളോ നേതാക്കളോ ഒന്നും ഉരിയാടുന്നില്ല. ആറ്റിക്കുറുക്കിയാല്‍ തെളിയുന്ന ചിത്രം ഇങ്ങനെ:
* സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ക്രിമിനലുകള്‍ക്കും വേണ്ടി അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്ന ആരോപണം എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല.
* സദാചാരത്തകര്‍ച്ചയുടെ ആഴം അറിയിച്ച ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ സ്വാഭാവിക ക്രമത്തില്‍ പര്യവസാനിച്ചതല്ല, കോടികള്‍ ചെലവിട്ടും അവിഹിത സ്വാധീനത്തിലൂടെയും ഒതുക്കപ്പെടുകയായിരുന്നു എന്ന്‌ അന്നേ ഉയര്‍ന്ന സംശയം പ്രബലമാവുകയാണ്‌.
* കേസ്‌ തുമ്പില്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ യന്ത്രവും ജുഡീഷ്യറിയും രാഷ്‌ട്രീയ പ്രതിയോഗികള്‍ പോലും ബന്ധപ്പെട്ടവരെ സഹായിച്ചിട്ടുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരെ തിരുത്താന്‍ വിശ്വാസ്യമായ തെളിവുകള്‍ വേണം.
* ഇന്ത്യാ വിഷന്റെ വാര്‍ത്ത സംപ്രേഷണവുമായി തനിക്കൊരു ബന്ധവുമില്ലെന്നും താന്‍ വെറുമൊരു സ്ഥാനീയ ചെയര്‍മാന്‍ മാത്രമാണെന്നുമുള്ള ഡോ. എം.കെ മുനീറിന്റെ അവകാശവാദം മുഖവിലക്കെടുക്കണമെങ്കില്‍ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിയ ഐസ്‌ക്രീം ലീക്‌സ്‌ രേഖകള്‍ ചാനല്‍ പുറത്തുവിട്ടുകൊണ്ടേയിരിക്കെ, അദ്ദേഹം ചെയര്‍മാന്‍ പദവി ഒഴിയുകയെങ്കിലും വേണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ്‌ കുഞ്ഞാലിക്കുട്ടി വേട്ടയാടപ്പെടുന്നത്‌ എന്നുതന്നെ ജനങ്ങള്‍ കരുതും. മുസ്‌ലിം ലീഗിന്റെ സെക്രട്ടറി സ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ ഈ ഇരട്ടത്താപ്പ്‌ ശരിയല്ല.
* പുറമേക്ക്‌ സഹകരണവും സൗഹൃദവും പിന്തുണയുമൊക്കെ ഭാവിച്ചാലും അകമേ അകല്‍ച്ചയും വൈരവും വൈരാഗ്യവും പ്രതികാരവുമൊക്കെയാണ്‌ നേതാക്കളെ നയിക്കുന്നതെന്ന്‌ അണികള്‍ ധരിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍-ഷാജി കോക്കസ്‌ മെനഞ്ഞ തിരക്കഥയുടെ സാക്ഷാത്‌കാരമാണ്‌ നടക്കുന്നതെന്ന്‌ കരുതാനും ഇടയുണ്ട്‌.
ഏതെങ്കിലും തരത്തിലും തലത്തിലുമുള്ള ഒരന്വേഷണം കൊണ്ട്‌ മാത്രം ദുരീകരിക്കപ്പെടാവുന്ന സംശയങ്ങളോ ഒരു പ്രത്യേക സംഭവത്തെ മാത്രം ചൂഴ്‌ന്നു നില്‍ക്കുന്ന ദുരൂഹതകളോ അല്ല ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്‌. തുടക്കത്തില്‍ ഉദ്ധരിച്ച മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവനയാണ്‌ പ്രശ്‌നത്തിന്റെ മര്‍മം. അതിനെന്ത്‌ പ്രതിവിധി എന്ന്‌ സമൂഹം ഗൗരവപൂര്‍വം ചിന്തിക്കണം. കട്ടി പിടിച്ച ജീര്‍ണതക്കും മൂല്യച്യുതിക്കുമെതിരെ വേണ്ടി വന്നാല്‍ തുനീഷ്യന്‍, ഈജിപ്‌ഷ്യന്‍ മാതൃകയില്‍ പ്രതികരിക്കേണ്ടിടത്തേക്കാണ്‌ സംഭവങ്ങള്‍ വികസിക്കുന്നത്‌. തുനീഷ്യയിലും ഈജിപ്‌തിലും ജനാധിപത്യം നിലവിലില്ലാത്തതുകൊണ്ടാണ്‌ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്നതെന്ന്‌ വാദിക്കാം. ജനാധിപത്യം വെറും നോക്കുകുത്തിയായാലോ?


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly