സര്‍ഗാത്മക ലോകത്തെ സൗമ്യ പ്രതീകം
എം.സി.എ നാസര്‍
രാത്രികാല വാര്‍ത്താ തിരക്കുകള്‍ക്കിടയില്‍ സുഹൃത്ത് ടി.കെ ഫാറൂഖാണ് ദുഃഖകരമായ ആ വാര്‍ത്ത ഫോണില്‍ വിളിച്ചറിയിച്ചത്. എസ്.ഐ.ഒ ആദ്യകാല ശൂറാംഗവും തനിമയുടെ ആദ്യ പ്രസിഡന്റുമായിരുന്ന അഹ്‌മദ് കൊടിയത്തൂര്‍ നമ്മെ വിട്ടുപോയിരിക്കുന്നു. ശരിക്കും തളര്‍ന്നു പോയി. അപ്രതീക്ഷിതമായ ആഘാതം. വി.എം ഇബ്‌റാഹീം, വി.വി.എ ശുക്കൂര്‍ ഉള്‍പ്പെടെ പല സുഹൃത്തുക്കളുടെയും എസ്.എം.എസ് സന്ദേശങ്ങള്‍ അപ്പോഴേക്കും വന്നുചേര്‍ന്നു- ഗള്‍ഫില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പെ നാട്ടില്‍ വന്നതാണെന്നും രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണമെന്നും സുഹൃത്തുക്കളില്‍ നിന്നറിഞ്ഞു.
വിങ്ങുന്ന ഓര്‍മകളില്‍ കാല്‍നൂറ്റാണ്ടിനപ്പുറത്തെ സര്‍ഗാത്മക ദിനങ്ങള്‍ മനസ്സില്‍ ഓടിയെത്തി. ചുണ്ടില്‍ നിഷ്‌കളങ്കവും ഹൃദ്യവുമായ ചിരി സൂക്ഷിച്ച് നെറ്റിയിലേക്ക് പാറിവീണ മുടി ചലിപ്പിച്ച് ഓടിനടന്ന മാഷിന്റെ ചിത്രം. എണ്‍പതുകളുടെ മധ്യത്തില്‍ എസ്.ഐ.ഒവിന്റെ ആരംഭ കാലത്താണ് മാഷെ പരിചയപ്പെടുന്നത്. ഫാറൂഖ് കോളേജില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന സമയം. യുവസരണി മാസികയില്‍ സഹപത്രാധിപ ജോലി കൂടിയായതോടെ കോഴിക്കോട് നഗരത്തില്‍ തന്നെയായി സ്ഥിരതാമസം. മാഷാകട്ടെ,മാവൂര്‍ സ്‌കൂളിലെ അധ്യാപന ജോലി കഴിഞ്ഞാല്‍ മിക്ക ദിവസവും നേരെ കോഴിക്കോട്ടേക്ക് വരും. കലയുടെയും സംഗീതത്തിന്റെയും ലോകത്ത് ചെലവിട്ട എത്രയോ രാവുകള്‍. എവിടെയൊക്കെയോ ചിതറിപ്പോയ അന്നത്തെ ആ നല്ല സൗഹൃദങ്ങള്‍ ഓര്‍മയില്‍ തിരികെയെത്തുന്നു. ഏതോ ഒരു തെരുവുനാടകത്തിന്റെ വട്ടം കൂടല്‍. മാപ്പിളപ്പാട്ടിനും ചൊല്‍ക്കാഴ്‌ചക്കും ശില്‍പശാലകള്‍ക്കും കവിയരങ്ങുകള്‍ക്കുമായുള്ള അവിരാമ ഒത്തുചേരലുകള്‍. ജീവിതത്തില്‍ ആഹ്ലാദം പടര്‍ത്തിയ അപൂര്‍വ യാമങ്ങള്‍.
എല്ലാറ്റിനും മുന്നില്‍ അഹ്‌മദ് മാഷ് സൗമ്യനായി നിലയുറപ്പിച്ചു. എണ്‍പതുകളുടെ മധ്യകാലം അങ്ങനെ ഏറ്റവും മികച്ച ഉത്സവം തന്നെയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്. ആദ്യകാല എസ്.ഐ.ഒ ശൂറകളിലൊക്കെയും അഹ്‌മദ് മാഷ് അവിഭാജ്യ ഘടകമായി. ശൂറയിലെ `സര്‍ഗാത്മക ന്യൂനപക്ഷ'മെന്ന് മാഷെ നോക്കി ഞങ്ങള്‍ തമാശ പറയും. സംഘടനയെ സര്‍ഗാത്മക രീതിയില്‍ വേണം ജനകീയമാക്കാനെന്ന് മാഷിന് നിര്‍ബന്ധം. അതിനു വേണ്ടി പല പദ്ധതികളും ശൂറയില്‍ സമര്‍പ്പിക്കും. മിക്കതിനും അനുമതി കിട്ടും. വേറൊരു രക്ഷയില്ലെന്ന് മാഷെ അറിയുന്നവര്‍ സമ്മതിക്കും. താന്‍ പറയുന്നത് തന്നെയാണ് ശരിയെന്നു ബോധ്യപ്പെടുത്താന്‍ സവിശേഷ കഴിവു തന്നെയുണ്ടായിരുന്നു മാഷിന്. ശബ്‌ദം ഉയര്‍ത്തിയോ പിടിവാശി പ്രകടിപ്പിച്ചോ ആയിരുന്നില്ല അതൊന്നും. ജനിച്ചുവളര്‍ന്ന കൊടിയത്തൂരിന്റെ നാടന്‍ അനുഭവങ്ങള്‍ ചേര്‍ത്തു വെച്ച് ഏതു സങ്കീര്‍ണ വിഷയത്തിനും മാഷ് അന്നൊക്കെ തന്റേതായ ലളിതമായ ഉത്തരങ്ങള്‍ നല്‍കി. തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നറിയാം. അതുകൊണ്ട് പലപ്പോഴും ആ അഭിപ്രായങ്ങളെ ആളുകള്‍ സ്‌നേഹത്തോടെ ശരിവെക്കും.
മാഷോട് അങ്ങോട്ടൊന്നും പറഞ്ഞിട്ട് ഒരു രക്ഷയുമില്ല- ടി. ആരിഫലി, പി.എ അബ്‌ദുല്‍ ഹകീം, പി.സി ഹംസ, പി.സി ബഷീര്‍, കെ.എ യൂസുഫ് ഉമരി ഉള്‍പ്പെടെ ആദ്യകാല എസ്.ഐ.ഒ പ്രസിഡന്റുമാരൊക്കെയും ഇക്കാര്യം സമ്മതിക്കും.
ശരിക്കും ക്രിയേറ്റീവ് ആയിരുന്നു അന്നൊക്കെ അഹ്‌മദ് മാഷ്. ഇസ്‌ലാമിക മുദ്രകളില്‍ ഊന്നി പാട്ടും കവിതയും നാടകവും ചൊല്‍ക്കാഴ്‌ചയും നിറഞ്ഞ ഒരു ലോകമായിരുന്നു മാഷിന്റെ ഉള്ളില്‍. സാമ്പ്രദായിക രീതികളില്‍ മാറ്റം വേണമെന്ന ശാഠ്യം. വ്യവസ്ഥാപിത രീതികളെ ചോദ്യം ചെയ്യാതെ സൗമനസ്യത്തോടെ നിലപാടുമാറ്റത്തിന് മാഷ് പ്രേരിപ്പിച്ചു. കഴിവുള്ളവരും ഇല്ലാത്തവരുമെന്ന വിവേചനമൊന്നും അവിടെ ഉണ്ടായില്ല. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണെന്ന് മാഷ് ശഠിച്ചു. ഇതിന്റെ പേരില്‍ വി.വി.എ ശുക്കൂര്‍, റഹ്‌മാന്‍ മുന്നൂര്, ടി.കെ.എം ഇഖ്‌ബാല്‍ എന്നിവരുമായി നിരന്തരം തര്‍ക്കിച്ചു.
പക്ഷേ, തുടക്കത്തില്‍ മടിച്ചു നിന്ന ഞങ്ങളില്‍ പലരും അതോടെ ഉഷാറായി. രചനയും സംവിധാനവും പാട്ടെഴുത്തും നടനവും ധൈര്യപൂര്‍വം ഏറ്റെടുത്തു. കലയും സര്‍ഗാത്മകതയും ഇസ്‌ലാമികാവേശവും യൗവനത്തിന്റെ പുളപ്പില്‍ ഞങ്ങളെ വഴിനടത്തി.
ഒരിക്കല്‍, കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള പഴയ എസ്.ഐ.ഒ ആസ്ഥാനത്തു നിന്ന് മാഷിനൊപ്പം തിരക്കിട്ട് പുറത്തിറങ്ങുകയായിരുന്നു. ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീടാണ് ലക്ഷ്യം. അപ്പോഴാണ് പൊന്നാനിയില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകന്‍ വിനയാന്വിതനായി ഓഫീസിനു പുറത്ത് മാഷെ കാത്തു നില്‍ക്കുന്നു. കണ്ടപാടെ അയാള്‍ കാര്യം പറഞ്ഞു: ``നാട്ടിലെ മദ്‌റസാ വാര്‍ഷികത്തില്‍ ആലപിക്കാന്‍ നല്ലൊരു മാപ്പിളപ്പാട്ട് വേണം. ``മാഷിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. ``രണ്ട് മിനിറ്റ് നില്‍ക്കൂ. ഇപ്പോള്‍ വരാം.''
ഞാനും അയാളും പുറത്തു നിന്നു. അഞ്ച് മിനിറ്റ് തികഞ്ഞു കാണില്ല. അപ്പോഴേക്കും കടലാസില്‍ കുറിച്ചിട്ട കുറച്ചു വരികളുമായി മാഷ് വന്നു. ഞാന്‍ അന്തം വിട്ടു. ആ കടലാസ് വാങ്ങി നോക്കി-മോയിന്‍കുട്ടി വൈദ്യരുടെ പ്രസിദ്ധമായ ഒരു പാട്ടിന്‍െറ ഈണമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.
പാട്ടുവരികളെഴുതി അവസാനത്തില്‍ ബ്രാക്കറ്റില്‍ മാഷുടെ വക ഇങ്ങനെ: ഈണം കിട്ടാന്‍ ചിലേടങ്ങളില്‍ വലിച്ചൊപ്പിക്കേണ്ടി വരും.
അപ്രതീക്ഷിതമായി പാട്ട് കിട്ടിയ സംതൃപ്‌തിയിലാണ് യുവാവ്. അയാള്‍ സലാം പറഞ്ഞു പിരിഞ്ഞു.
ഞാന്‍ തുറന്നു പറഞ്ഞു: ``മാഷേ, ഇതു കുറച്ചു കടുപ്പമായി. ചില ഭാഗത്തു മാത്രമല്ല ഈണം കിട്ടാന്‍ മൊത്തം വരികള്‍ അയാള്‍ വലിച്ചൊപ്പിക്കേണ്ടി വരില്ലേ?''
മാഷ് അപ്പോഴും ചിരിച്ചതേയുള്ളൂ. തുടര്‍ന്ന് വിശദീകരണവും- ``ഏറ്റെടുത്താല്‍ രണ്ടാള്‍ക്കും അതു തലവേദനയാകും. ഇപ്പോള്‍ നോക്കൂ, ഞാനും അയാളും ഫ്രീ...''
മാഷുമായി ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് എന്നും തര്‍ക്കിക്കേണ്ടി വന്നതും പെര്‍ഫക്‌ഷന്റെ കാര്യത്തില്‍ തന്നെ.
എല്ലാം നന്നാകണം എന്ന് കൊതിച്ച് ഒന്നും ചെയ്യാതിരിക്കുന്ന മടിയന്മാരോട് തനിക്ക് വെറുപ്പാണെന്ന് മാഷ് ആവര്‍ത്തിച്ചു. മെച്ചപ്പെട്ടതിനു കാക്കരുത്. ചെയ്യാനുള്ളത് ഉടന്‍ ചെയ്യുക. അതിന്റെ വരുംവരായ്‌ക ആലോചിക്കരുത്-ഇതായിരുന്നു എന്നും മാഷുടെ ഫിലോസഫി.
അതിന് ഗുണമുണ്ടായി. മറ്റു ചിലപ്പോള്‍ വലിയ ദോഷവും. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കലാ-സാഹിത്യ രംഗത്ത് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നത് ഗുണം. സര്‍ഗസംഗമവും പിന്നീട് തനിമയും പെട്ടെന്ന് സജീവത നേടിയതിന്റെ ക്രെഡിറ്റും ആ നിലപാടിന്.
എന്നാല്‍ അതിന്റെ മറുപുറം വേദനിപ്പിക്കുന്നതാണ്. ജീവിതത്തിലും പരിമിതി ഉള്‍ക്കൊള്ളാതെ പല എടുത്തുചാട്ടങ്ങള്‍ക്കും അവസാനകാലത്ത് മാഷ് തുനിഞ്ഞു. അധ്യാപന ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ചതില്‍, അപക്വമായ ഏതോ ബിസിനസ് സംരംഭങ്ങളില്‍ എടുത്തു ചാടിയതിലൊക്കെ ഇതു പ്രകടം. പക്ഷേ, മാഷ് അതൊന്നും പ്രശ്‌നമാക്കിയില്ല.
തനിമ സംസ്ഥാന തലത്തില്‍ സജീവമാക്കാന്‍ തീരുമാനിച്ച കാലം. മാഷ് കൂടുതല്‍ ജ്വലിച്ചു. ടി.കെ അബ്‌ദുല്ല, ഒ. അബ്‌ദുര്‍റഹ്‌മാന്‍, കെ.എ സിദ്ദീഖ് ഹസന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.വി അബ്‌ദു, ടി.കെ ഉബൈദ് - ഉപദേശനിര്‍ദേശങ്ങള്‍ തരാന്‍ കിടയറ്റ പലരും. അലി, മുഹമ്മദ് കുട്ടി, കെ.ടി സൂപ്പി, റഫീഖ് പോത്തുകല്ല്, വി.എസ് അബ്‌ദുര്‍റഹ്‌മാന്‍, എന്‍.എന്‍ ഗഫൂര്‍ എന്നീ പ്രതിഭകള്‍ക്കൊപ്പം തൃശൂരില്‍ നിന്നായിരുന്നു പ്രായോഗിക പിന്‍ബലം കൂടുതല്‍. പി.കെ റഹീം, സക്കീര്‍ ഹുസൈന്‍, കെ.വി ഹംസ, ശഹീദ്, ബാപ്പുട്ടി...
വാടാനപ്പള്ളിയിലെ നാടക ക്യാമ്പും തൃശൂരില്‍ അവതരിപ്പിച്ച അമച്വര്‍ നാടകവും മറക്കാന്‍ കഴിയില്ല. താപ്പി മുഹമ്മദ് എന്ന വയോധികനെ വീണ്ടും നാടക വേദിയില്‍ സജീവമാക്കിയതും മാഷ് തന്നെ. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന `സ്‌മൃതിധാര'യായിരുന്നു കൂട്ടത്തില്‍ വന്‍വിജയം. പ്രവാചക സ്‌മൃതികളുണര്‍ത്തുന്ന പാട്ടുകളും ഗസലുകളും കവിതകളും മാപ്പിളകലകളും എല്ലാം ചേര്‍ന്ന് സമ്പന്നമായ ഒരു രാവ്. വി.എം കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, വി.ടി മുരളി- പ്രമുഖര്‍ പലരും സൗജന്യമായി വന്നു പാടാന്‍ തീരുമാനിച്ചതും മാഷുടെ നിര്‍ബന്ധം കൊണ്ട്. നഗരം കണ്ട നല്ലൊരു സദസ് കൂടിയായിരുന്നു അന്നത്തേത്. പരിപാടി കഴിഞ്ഞ് എല്ലാവരും തിരിച്ചു പോയപ്പോള്‍ മാഷുടെ മുഖത്ത് നിറസംതൃപ്‌തി. `നമുക്ക് എല്ലാ വര്‍ഷവും ഓരോ ജില്ലകളിലായി ഇതു നടത്തണം'-മാഷ് പറഞ്ഞു.
വിജയ കുമാര്‍ പുറമേരിയെന്ന സുഹൃത്തിനെ കൊണ്ട് `സ്‌മൃതിധാര' എന്ന പേരില്‍ ഹൃദ്യമായ ഒരു കവിതാ കാസറ്റും പുറത്തിറക്കി.
ഇതിനു പുറമെ ശില്‍പശാലകളുടെ പെരുങ്കളിയാട്ടവും. ശാന്തപുരം, ഫറോക്ക്, തിരൂര്‍ക്കാട്, ആലുവ, വാടാനപ്പള്ളി എല്ലായിടങ്ങളിലും പലവിധ ഒത്തുചേരലുകള്‍. വൈക്കം മുഹമ്മദ് ബഷീറിനു പുറമെ എന്‍.പി മുഹമ്മദ്, പി.ടി അബ്‌ദുര്‍റഹ്‌മാന്‍, പുനത്തില്‍ കുഞ്ഞബ്‌ദുല്ല, പി.കെ ഗോപി, എം.ടി എല്ലാവരുമായും നിരന്തരം സംവാദത്തിനുള്ള അവസരം മാഷ് തന്നെ സൃഷ്‌ടിച്ചു. കെ.കെ മുഹമ്മദ് അബ്‌ദുല്‍ കരീം, ചാന്ദ് പാഷ, എം.എ കല്‍പറ്റ, എം.എന്‍ കാരശ്ശേരി, ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്-ഇവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു മാപ്പിള ശില്‍പശാലകള്‍ അധികവും.
നമുക്ക് എത്ര ശ്രമിച്ചാലും ഒരു എന്‍.പിയെയും എം.ടിയെയും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് മാഷ് വാദിച്ചു. `നല്ല ഇസ്‌ലാമിക മിത്തുകളും സംഭവങ്ങളും പ്രമുഖ എഴുത്തുകാര്‍ക്ക് കൈമാറണം. അവരിലൂടെ അത് മികച്ച സൃഷ്‌ടിയായി വരുമെങ്കില്‍ അതല്ലേ വലിയ നേട്ടം? ജാതിക്കെതിരെ മാത്രം കവിത എഴുതാന്‍ കുമാരനാശാനെ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവിന്റെ ഇടപെടല്‍ കൊണ്ടല്ലേ?' -മാഷ് ചോദിച്ചു.
അങ്ങനെ മണിക്കൂറുകളാണ് പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സുദീര്‍ഘ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടത്. എന്‍.പി മുഹമ്മദും പി.ടി അബ്‌ദുര്‍റഹ്‌മാനും ഇക്കാര്യത്തില്‍ ഏറെ സഹായം നല്‍കി.
എസ്.ഐ.ഒ കാമ്പയിനുകളിലും സമ്മേളനങ്ങളിലും സര്‍ഗാത്മകതക്ക് വലിയ ഇടം തന്നെ ലഭിച്ചു. ബാംഗ്ലൂരില്‍ എസ്.ഐ.ഒ ദേശീയ സമ്മേളനത്തില്‍ മാഷ് തന്നെയായിരുന്നു സ്വാഗത ഗാനം രചിച്ചത്. രംഗഭാഷ്യം നല്‍കിയത് സക്കീര്‍ ഹുസൈനും-`സ്വാഗതം സന്തോഷമോടെ ഓതിടുന്നു ഞങ്ങള്‍..
ആഗതം ബാഗ്ലൂരണിഞ്ഞ ആദ്യ സംഗമ ഭൂവില്‍....'
ആ വരികള്‍ ഇപ്പോഴും മനസില്‍ മുഴങ്ങുന്നു.
നാടന്‍ പാട്ടുകളും കവിതകളും ചേര്‍ത്ത് കാലിക വിഷയങ്ങളെ സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കാന്‍ ശ്രമം നടന്നതും വലിയ നേട്ടമായി. അതിന്റെ എല്ലുറപ്പുള്ള തുടര്‍ച്ചകള്‍ പിന്നീട് അത്ര ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്കു കഴിഞ്ഞോ?.
ഉപരിപഠനവും മാധ്യമ പ്രവര്‍ത്തനവും ലക്ഷ്യം വെച്ച് എണ്‍പതുകളുടെ അവസാനത്തോടെ എനിക്ക് കേരളം വിടേണ്ടിവന്നു. അലീഗഢും ദല്‍ഹിയും ഗള്‍ഫുമായി തുടര്‍ന്നുള്ള എന്റെ ഭൂമിക. കലക്കും സര്‍ഗാത്മകതക്കും പകരം ദൈനംദിന വാര്‍ത്തകളുടെ പതിവു ലോകം. പല ബന്ധങ്ങളും അതോടെ മുറിഞ്ഞു.
പക്ഷേ, കൊടിയത്തൂരിനെ കുറിച്ച ഏതൊരോര്‍മയും അറിയാതെ മാഷിലെത്തും. ചെറിയ ആ വീടിന്റെ ഉമ്മറക്കോലായിലും ഇരുവഴഞ്ഞിയുടെ തീരത്തും മാഷിനൊപ്പം ചെലവിട്ട സൗഹൃദ രാവുകള്‍ കടന്നുവരും. ചേന്ദമംഗല്ലൂരില്‍ മാഷിനും റഹ്‌മാന്‍ മുന്നൂരിനുമൊപ്പം കുട്ടികളെ നാടകം പഠിപ്പിക്കാന്‍ ചെലവിട്ട നല്ല ഓര്‍മകള്‍ ഓടിയെത്തും.
ഒടുവില്‍ മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍ അബൂദബിയില്‍ നിന്ന് മാഷുടെ ഫോണ്‍ വന്നു. ആ വാക്കുകളില്‍ പഴയ ആഹ്ലാദ പൊലിമ. നിറഞ്ഞ ചിരിക്കൊപ്പം വിഷാദം കനം വെച്ചിരുന്നോ? നേരില്‍ കണ്ടില്ലെങ്കിലും ഇടക്കൊക്കെ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. യാദൃഛികമായി ഒരിക്കല്‍ ദുബൈ ഖിസൈസില്‍ ഞങ്ങള്‍ കണ്ടുമുട്ടി. സമീപത്തെ പള്ളിയില്‍ സന്ധ്യാ നമസ്‌കാരം കഴിഞ്ഞ് ഏറെ നേരം പഴയ ഉത്സവകാലങ്ങള്‍ ഓര്‍ത്തെടുത്തു. ഇടക്ക് ഞാന്‍ വെറുതെ തമാശക്ക് ചോദിച്ചു- `മാഷേ, നമുക്കിവിടെ ദുബൈയില്‍ ഒരു തെരുവുനാടകം സംഘടിപ്പിച്ചാലോ?'
മാഷ് റെഡി. നമുക്ക് നല്ലൊരു സംവിധായകനെ കൊണ്ടുവരാം. നടന്മാരെ ഇവിടെ നിന്നും കണ്ടെത്താം. വിഷാദം മറികടന്ന് മാഷുടെ മുഖത്ത് നിറഞ്ഞ ആഹ്ലാദം. ഒരുപക്ഷേ, പഴയ കലാ-സൗഹൃദ സജീവതയിലേക്ക് മടങ്ങി പോകണമെന്ന് ആ മനസ് വല്ലാതെ അഭിലഷിച്ചിരിക്കാം.
പരലോക ജീവിതത്തില്‍ അഹ്‌മദ് മാഷിന് അല്ലാഹു ശാന്തി നല്‍കട്ടെ.