Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>തര്‍ബിയത്ത്



യൌവനത്തിന്റെ കരുത്ത്

 

# ശൈഖ് മുഹമ്മദ് കാരകുന്ന്

 
 



ചരിത്രകഥകളില്‍ ഏറ്റം മികച്ചത്. അങ്ങനെയാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇക്കഥ ഖുര്‍ആന്‍ ഒരൊറ്റ അധ്യായത്തില്‍ പറഞ്ഞുതീര്‍ത്തു. ഇങ്ങനെ ആദ്യാവസാനം ക്രമാനുസൃതമായി ഖുര്‍ആന്‍ മറ്റൊരു പ്രവാചകന്റെയും കഥ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇത് തികച്ചും വേറിട്ടു നില്‍ക്കുന്നു.
യഅ്ഖൂബ് നബിയുടെ പന്ത്രണ്ടു മക്കളില്‍ ഇളയവനാണ് യൂസുഫ്. അതീവ സുന്ദരന്‍. ആരിലും കൌതുകമുണര്‍ത്തുന്ന ആകാരഭംഗി. അവര്‍ താമസിച്ചിരുന്നത് ഫലസ്ത്വീനിലെ ഹിബ്രോണ്‍ താഴ്വരയിലാണ്. യൂസുഫ് വളരെ സമര്‍ഥനായിരുന്നു. സല്‍സ്വഭാവിയും. അതിനാല്‍ പിതാവിന് ഏറെ പ്രിയപ്പെട്ടവനായി. സഹോദരന്മാരില്‍ പത്തു പേരും ചിറ്റമ്മയിലുള്ളവരായിരുന്നു. അവര്‍ യൂസുഫിനോട് കടുത്ത അസൂയയും വിദ്വേഷവും പുലര്‍ത്തി. അവര്‍ തങ്ങളുടെ അരിശം തീര്‍ക്കാനായി അവനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശേഖേമിന്റെ വടക്കു ഭാഗത്തുള്ള ഭോപ്പാന്‍ പ്രദേശത്തെ പൊട്ടക്കിണറ്റിലിട്ടു. കിഴക്കന്‍ ജോര്‍ദാനില്‍നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന കച്ചവട സംഘം യൂസുഫിനെ കണ്ടെത്തി. അവരദ്ദേഹത്തെ കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തി. അടിമയാക്കി ഈജിപ്തിലെ പ്രഭുവിന് വിറ്റു. അന്ന് യൂസുഫിന്റെ പ്രായം പതിനെട്ട് വയസ്സായിരുന്നു. യൂസുഫ് അവിടെ ഏകദേശം മൂന്നര കൊല്ലം സ്വൈരമായി ജീവിച്ചു. ഒരു പോറ്റുമോനെപ്പോലെ.
പ്രഭുവിന്റെ പത്നി സുലൈഖ സുന്ദരിയും ആരോഗ്യവതിയുമായിരുന്നു. അവര്‍ യൂസുഫില്‍ ആകൃഷ്ടയായി. അതിനെ തടഞ്ഞുനിര്‍ത്തുന്ന ധര്‍മനിഷ്ഠയോ മൂല്യബോധമോ അവര്‍ക്കുണ്ടായിരുന്നില്ല. അവരദ്ദേഹത്തെ അനേക തവണ അവിഹിത വൃത്തിക്ക് ക്ഷണിച്ചു. ഇരുപത്തൊന്നിന്റെ നിറയൌവനത്തിലായിരുന്നു യൂസുഫ്. എന്നിട്ടും അടിതെറ്റിയില്ല. പാപത്തിന്റെ പാഴ്ച്ചേറിലമര്‍ന്നില്ല. അത്യസാധാരണമായ ആര്‍ജവം കാണിച്ചു. അത്ഭുതകരമായ ഔന്നത്യം പ്രകടിപ്പിച്ചു. പ്രഭു പത്നിയുടെ എല്ലാ വിധ പ്രലോഭനങ്ങളെയും പരാജയപ്പെടുത്തി. അവസാനം പിന്നാലെ കൂടിയപ്പോള്‍ പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു. ഈ സംഭവം നാടാകെ പരന്നു. സുലൈഖ അപമാനിതയായി. അതിനവര്‍ കണ്ട പരിഹാരം തന്നെപ്പോലെത്തന്നെയാണ് മറ്റുള്ളവരുമെന്ന് തെളിയിക്കലായിരുന്നു. അങ്ങനെ നാട്ടിലെ വലിയവരുടെ വീട്ടുകാരികളെ വിളിച്ചു ചേര്‍ത്തു. നേതാക്കന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മഹിളകള്‍ ഒത്തുകൂടി. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുലൈഖ യൂസുഫിനെ അവര്‍ക്കിടയിലൂടെ നടത്തിച്ചു. അദ്ദേഹത്തെ കണ്ടപ്പോള്‍ അവിടെ കൂടിയവരെല്ലാം ഏക സ്വരത്തില്‍ വിളിച്ചു പറഞ്ഞു: "ഇത് മനുഷ്യനല്ല, തീര്‍ച്ച. മഹാനായ മാലാഖയാണ്''. അതോടെ അവിടെ കൂടിയവരെല്ലാം പ്രഭുപത്നിയെപ്പറ്റി തങ്ങള്‍ പറഞ്ഞുപരത്തിയതില്‍ പശ്ചാത്തപിച്ചു.യൂസുഫിനെ കണ്ടാല്‍ ഏതു സ്ത്രീയും മോഹിക്കുകയും കിട്ടാന്‍ കൊതിക്കുകയും ചെയ്യുമെന്ന് വിധിയെഴുതി. യൂസുഫിനെ കടന്നുപിടിക്കാന്‍ സുലൈഖ നടത്തിയ ശ്രമം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ചു. ധാര്‍മികമായി അത്രയേറെ അധഃപതിച്ച കാലമായിരുന്നു അത്.
സാഹചര്യം തനിക്കനുകൂലമാണെന്ന് മനസ്സിലാക്കിയ പ്രഭുപത്നി പ്രഖ്യാപിച്ചു: "അവനെ ഞാന്‍ വലവീശി വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവന്‍ വിസമ്മതിക്കുകയാണുണ്ടായത്. എന്നാല്‍ ഞാന്‍ പറയുന്ന പോലെ അവന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഞാനവനെ തുറുങ്കിലടക്കുകതന്നെ ചെയ്യും.''
യൂസുഫ് തുല്യതയില്ലാത്ത പരീക്ഷണത്തെ നേരിടുകയായിരുന്നു. ഒരു ഭാഗത്ത് സുന്ദരിയായ പ്രഭുപത്നിയോടൊന്നിച്ചുള്ള സുഖസമൃദ്ധമായ ജീവിതം. മറുഭാഗത്ത് ഇരുള്‍മുറ്റിയ തടവറ. ധീരസാഹസികരുടെ പോലും അടിതെറ്റുന്ന സാഹചര്യം. പക്ഷേ, യൂസുഫ് പതറിയില്ല. ധാര്‍മികതയുടെ അത്യുന്നത വിതാനത്തില്‍നിന്ന് വൃത്തികേടിന്റെ പാതാളത്തില്‍ പതിക്കാതിരിക്കാന്‍ പ്രപഞ്ചനാഥനോട് പ്രാര്‍ഥിച്ചു. അത്തരമൊരു പ്രതിസന്ധിയില്‍ രക്ഷിക്കാന്‍ അല്ലാഹുവിനേ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങനെ അതിഗുരുതരമായ പ്രതിസന്ധിയില്‍ അല്ലാഹുവില്‍ അഭയം തേടി. "അദ്ദേഹം പറഞ്ഞു: നാഥാ, അവരെന്നെ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അതിനേക്കാള്‍ എനിക്കിഷ്ടം ജയിലാണ്. ഇവരുടെ കുതന്ത്രങ്ങളില്‍നിന്ന് നീയെന്നെ തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാനവരുടെ കെണിയില്‍ വീണതുതന്നെ. അങ്ങനെ മൂഢന്മാരില്‍ ഉള്‍പ്പെടുകയും ചെയ്യും'' (യൂസുഫ് 30).
യൂസുഫിന്റെ മനമുരുകിയുള്ള പ്രാര്‍ഥനയായിരുന്നു ഇത്. അല്ലാഹു അത് സ്വീകരിച്ചു. സാഹചര്യങ്ങളെല്ലാം യൂസുഫിനെ വഴിതെറ്റിക്കുന്നതായിരുന്നു. അദ്ദേഹത്തെ വശീകരിക്കാന്‍ സുലൈഖ സാധ്യമായതെല്ലാം ചെയ്തു. വികാരങ്ങളെ ചൂടുപിടിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നിട്ടും എല്ലാം പരാജയപ്പെട്ടു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും ശക്തമായ പരലോക ബോധവും അദ്ദേഹത്തിന്റെ സഹായത്തിനെത്തി.
പാപത്തിലേക്ക് പിടിച്ചുവലിക്കുന്ന ഒരായിരം പിശാചുക്കളുടെ ആവാസ കേന്ദ്രമായ ആ കൊട്ടാരത്തില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം തിടുക്കം കൂട്ടി. സ്വന്തം ഭാര്യമാരെ സംസ്കരിക്കാനും നിയന്ത്രിക്കാനും കഴിയാത്ത പ്രഭുവിനും പ്രഭൃതികള്‍ക്കും മാനം കാക്കാന്‍ ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. യൂസുഫിനെ തടവിലിടുക. അവരതു തന്നെ ചെയ്തു. അങ്ങനെ പാപത്തിനു പ്രേരിപ്പിച്ച പെണ്ണ് പ്രഭുവിന്റെ കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കഴിയവെ പ്രതികൂല പരിതസ്ഥിതിയിലും പരിശുദ്ധി മുറുകെ പിടിച്ച യൂസുഫ് ജയിലറയില്‍. ഇതെന്തു നീതി, എന്തു ന്യായം എന്നു ചോദിച്ചേക്കാം. എന്നാല്‍ ചരിത്രം എന്നും ഇങ്ങനെയാണ്. ഈ ഭൂമിയില്‍ ആദ്യമായി ഉറ്റിവീണത് ഒരു കുറ്റവാളിയുടെ പാപത്തിന്റെ ചോരയല്ലല്ലോ. ഒരു വിശുദ്ധന്റെ പുണ്യ രക്തമാണല്ലോ. ദാഹാര്‍ത്തമായ ഭൂമിയും ഇരുളടഞ്ഞ തടവറകളും അങ്ങനെയാണ്. അവക്കു വേണ്ടത് സച്ചരിതരുടെ ചോരയും ജീവിതവുമാണ്.
എന്നാല്‍ ആരാണിവിടെ വിജയിച്ചത്. യൂസുഫ്, പ്രഭുവിന്റെ പത്നിക്ക് വഴങ്ങിയിരുന്നെങ്കില്‍- അങ്ങനെയൊന്ന് സങ്കല്‍പിക്കുന്നത് പോലും പൊറുക്കാനാവാത്ത കുറ്റമാണ്- ഏതാനും നിമിഷങ്ങളുടെയോ മിനിറ്റുകളുടെയോ ആസ്വാദനം സാധ്യമായേക്കാം. എന്നാലത് നിത്യ ദുഃഖത്തിലേക്കും നാശത്തിലേക്കുമാണ് നയിക്കുക. വിശുദ്ധി വരിച്ച് ജയിലില്‍ കഴിഞ്ഞ യൂസുഫ് നബി(അ) അതിരുകളില്ലാത്ത മനശ്ശാന്തിയും ആത്മനിര്‍വൃതിയും അനുഭവിച്ചു. ചരിത്രത്തില്‍ അനശ്വരനായി. വിശുദ്ധ വേദഗ്രന്ഥങ്ങളുടെ വാഴ്ത്തലുകള്‍ ഏറ്റുവാങ്ങി. അന്നു നിന്നിന്നോളം മാത്രമല്ല, ലോകാന്ത്യം വരെയുള്ള ജനകോടികളുടെ പ്രശംസക്കും പ്രാര്‍ഥനകള്‍ക്കും അര്‍ഹനായി. ഒപ്പം പ്രപഞ്ച നാഥന്റെയും പ്രീതിക്കും പ്രശംസക്കും പ്രതിഫലത്തിനും.
മറുഭാഗത്ത് പ്രഭുപത്നിയോ? തന്റെ ആഗ്രഹം നടക്കാതെ പോയതിനാല്‍ ദുഃഖിതയായി നീറിനീറി കഴിഞ്ഞിരിക്കാനാണ് സാധ്യത. യൂസുഫിനെ ജയിലിടച്ചവര്‍ അതിലെ കുറ്റബോധത്താലും തങ്ങളുടെ ഭാര്യമാരുടെ വൃത്തികേടുകളെക്കുറിച്ച ചിന്തയാലും അസ്വസ്ഥരും അശാന്തരുമായിട്ടായിരിക്കും ജീവിതം തള്ളിനീക്കിയിട്ടുണ്ടാവുക. ഏതായാലും ചരിത്രത്തില്‍ അവരുടെ ഇടം വിശദീകരണം പോലും വേണ്ടാത്ത വിധം വ്യക്തമാണ്.
ഒരു ചെറുപ്പക്കാരന് അഭിമുഖീകരിക്കാവുന്ന ഏറ്റവും കടുത്ത പരീക്ഷണത്തെയാണ് യൂസുഫ് നബി വളരെ വിജയകരമായി നേരിട്ടത്. ഇത്തരം പ്രതിസന്ധികളെ തന്റേടത്തോടെ തരണം ചെയ്യലാണ് പോര്‍ക്കളത്തില്‍ പോയി പടവെട്ടുന്നതിനേക്കാള്‍ പുണ്യകരമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
നമ്മുടേത് ഭോഗാസക്തിയുടെ ലോകമാണ്. ശരീര കാമനകളുടെ കേളികൊട്ടുകളാണെവിടെയും. ജീവിതം തന്നെ ശരീര കേന്ദ്രീകൃതമായി മാറിയിരിക്കുന്നു. നമ്മുടെ യുവതീ -യുവാക്കള്‍, പാപത്തിന് പ്രേരിപ്പിക്കുന്ന നിരവധി പ്രലോഭനങ്ങള്‍ക്ക് നടുവിലാണ്. രൂഢമായ വിശ്വാസവും അടിയുറച്ച ഇഛാശക്തിയും നിതാന്ത ജാഗ്രതയും ഉണ്ടെങ്കില്‍ മാത്രമേ പാപത്തിന്റെ കറപുരളാതെ രക്ഷപ്പെടുകയുള്ളൂ. നൈമിഷിക സുഖത്തിനായി ശരീരതൃഷ്ണകളെ തൃപ്തിപ്പെടുത്തി ഇരുലോക ജീവിതവും നഷ്ടത്തിലാവാതിരിക്കാന്‍ തികഞ്ഞ സൂക്ഷ്മതയും ശ്രദ്ധയും അനിവാര്യമാണ്. യുവത്വം അതിന്റെ കരുത്ത് കാണിക്കേണ്ടത് അങ്ങനെയാണ്. ജീവന്‍ ത്യജിക്കാന്‍ പലരും സന്നദ്ധരായേക്കാം. എന്നാല്‍ ജീവിതം വിശുദ്ധമാക്കാന്‍ അപൂര്‍വം സൌഭാഗ്യവാന്മാര്‍ക്കേ സാധ്യമാവുകയുള്ളൂ.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly