അല്ലാഹുവിലുള്ള വിശ്വാസമാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മൌലികമായ ആശയം. ആ ആശയത്തിന് കീഴെ മനുഷ്യനുമായി ബന്ധപ്പെട്ട മൌലികമായ എല്ലാ കാര്യങ്ങളും ഇസ്്ലാം അവതരിപ്പിക്കുന്നുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ മഹത്വം. ഈ ലോകത്ത് ജനിച്ചു ജീവിക്കുന്ന ഓരോ മനുഷ്യനും പവിത്രതയുള്ളവനാണ് എന്നതാണ് ഇസ്്ലാമിന്റെ കാഴ്ചപ്പാട്. "ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു''’(17:70), "മനുഷ്യനെ ഏറ്റവും ചൊവ്വായ മൂശയിലാണ് നാം വാര്‍ത്തെടുത്തിരിക്കുന്നത്'' (95:4). നിങ്ങളില്‍ ഓരോരുത്തരുടെയും രക്തവും സമ്പത്തും അഭിമാനവും പവിത്രമാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. മനുഷ്യനെ കുറിച്ച് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും മൌലികമായ തത്ത്വമാണ് മനുഷ്യന്റെ മഹത്വം.
രണ്ടാമത്തെ തത്ത്വം മനുഷ്യസമൂഹത്തിന്റെ ഏകത്വമാണ്. "നിങ്ങളെല്ലാവരും ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും പിറന്നവരാണ്'' (49:13). യൂറോപ്പിലെ പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വെളുത്ത സമൂഹം മുതല്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന കറുത്ത ആദിവാസികള്‍ വരെ ഒരൊറ്റ മാതാപിതാക്കളുടെ സന്താനങ്ങളാണ് എന്നതാണ് ഇസ്്ലാമിന്റെ കാഴ്ചപ്പാട്. എല്ലാവരും ആദമില്‍ നിന്ന്, ആദം മണ്ണില്‍ നിന്നും. മനുഷ്യസമൂഹത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കാന്‍ ഇതിലേറെ സമഗ്രവും സംക്ഷിപ്തവുമായ മറ്റൊരു വചനം ഉണ്ടാവുകയില്ല.
മൂന്നാമതായി ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം മനുഷ്യന്റെ സമത്വമാണ.് നിങ്ങളെ വ്യത്യസ്ത ജാതികളും ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയത് പരസ്പരം ശത്രുത പുലര്‍ത്താനല്ല, പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം (49:13). ഭാഷ, ദേശം, വംശം, ജന്മം എന്നിവ മനുഷ്യര്‍ക്കിടയില്‍ ഒരു വ്യത്യാസവും ഉണ്ടാക്കാന്‍ പാടില്ല. മനുഷ്യര്‍ക്കിടയില്‍ വല്ല വ്യത്യാസവും കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍, അത് ജീവിതത്തില്‍ എത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്നു എന്ന് നോക്കി മാത്രമാണ്.
ഇസ്ലാമിന്റെ ഈ ആശയം ഉള്‍ക്കൊള്ളുന്ന വ്യക്തിയും സമൂഹവും രാഷ്ട്രവും അവരുടെ മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കേണ്ട ഒരാശയമുണ്ട്. അതാണ് അദ്ല്‍ അഥവാ നീതി. "അല്ലാഹു നീതി ചെയ്യണമെന്ന് നിങ്ങളോട് കല്‍പ്പിക്കുന്നു'' (16:90). "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാവുക; നീതിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട്'' (5:8), "നീതിക്ക് സാക്ഷികളാവുക; അല്ലാഹുവിന് വേണ്ടി നിലനിന്ന് കൊണ്ട്''(4:135). അല്ലാഹുവിന്റെ സവിശേഷമായ ഗുണമായി അദ്ലിനെ അവന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. പ്രവാചകന്‍ ഒരു സമൂഹത്തിന് നേതൃത്വം കൊടുക്കുമ്പോഴും ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുമ്പോഴും അതിന്റെ അസ്ഥിവാരമായിരുന്നു നീതി. മുസ്ലിം സമൂഹത്തിനും ഇന്ന് സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും വലിയ ആശയങ്ങളിലൊന്നാണ് നീതി.
മനുഷ്യന്റെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നീതിയില്‍ വരുന്ന സുപ്രധാനമായ ഒന്നാണ് സാമ്പത്തിക സന്തുലിതത്വം. അവന്റെ വിധിവിലക്കുകള്‍ പാലിച്ച് ഭൂമിയിലുള്ള വിഭവങ്ങള്‍ സമാഹരിക്കുകയും ഗവേഷണങ്ങളും പര്യവേക്ഷണങ്ങളും നടത്തി പുതിയ കണ്ടെത്തലുകളിലൂടെ നാഗരികതെയെയും സംസ്കാരത്തെയും വികസിപ്പിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നും അല്ലാഹു ഉദ്ബോധിപ്പിക്കുന്നു. ഇതില്‍ മാത്രമല്ല വ്യാപാരത്തിലും പുരോഗതി കൈവരിക്കണം. കൃഷിയെ ഒരാത്മീയ പ്രവര്‍ത്തനമായി വികസിപ്പിച്ചു. അതില്‍ നിന്ന് പക്ഷിമൃഗാദികള്‍ ഭക്ഷിക്കുന്നതു പോലും സ്വദഖയാണെന്ന് പഠിപ്പിക്കുന്നതിലൂടെ നാടിന്റെ ജൈവവൈവിധ്യം നിലനിര്‍ത്തണമെന്നുകൂടി റസൂല്‍(സ) ലക്ഷ്യം വെച്ചു. ഈ വികാസത്തിലൂടെ ഇസ്ലാമിക സൊസൈറ്റിയും അത് നിലകൊള്ളുന്ന പൊതുസമൂഹവും ഒരു ക്ഷേമസമൂഹമായി മാറണം. ഇതാണ് ഇസ്ലാമിന്റെ സ്വപ്നം. അത് ചരിത്രത്തില്‍ പലപ്പോഴായി സാക്ഷാത്കരിച്ചിട്ടുമുണ്ട്. ഖലീഫ ഉമറിന്റെ കാലത്ത് പ്രവിശ്യകളില്‍ നിന്ന് ദാരിദ്യ്രം തുടച്ചുനീക്കി അഭിവൃദ്ധി കൈവരിച്ച് ബാക്കി തുക ഖജനാവിലേക്ക് തിരിച്ചയക്കുന്ന അവസ്ഥയുണ്ടായിരുന്നു. സമ്പത്ത് ഒരിക്കലും സമ്പന്നരില്‍ മാത്രം ചുറ്റിത്തിരിയാതിരിക്കുക എന്നത് ഇസ്ലാമിക സമ്പദ്ശാസ്ത്രത്തിന്റെ മൌലികാടിത്തറയാണ്.
ആദര്‍ശവാക്യവും നമസ്കാരവും കഴിഞ്ഞാല്‍ പിന്നീട് വരുന്നത് സകാത്താണ്. നമസ്കാരവും സകാത്തും എന്ന പ്രയോഗം തന്നെ ആരോ അട്ടിമറിച്ചിരിക്കുന്നു. നമ്മുടെ പ്രയോഗം തന്നെ 'നിക്കാരവും നോമ്പും' എന്നായി മാറി. നമസ്കാരത്തിനും സകാത്തിനുമിടയില്‍ ആരെങ്കിലും വിഭജനം കല്‍പിച്ചാല്‍ അവരോട് യുദ്ധം ചെയ്യാന്‍ വരെ സ്വഹാബികളില്‍ ഏകാഭിപ്രായമുണ്ട് എന്ന് പണ്ഡിതര്‍ പറയുന്നു. അതുകൊണ്ട് സ്വലാത്തിനെ പോലെതന്നെയാണ് സകാത്ത്. അതിന്റെ കര്‍മശാസ്ത്രമല്ല പ്രശ്നം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാത്തവരെ, അതെല്ലാം ലോഹങ്ങളാക്കി നരകത്തീയിലിട്ട് പഴുപ്പിച്ച് അവരുടെ മുതുകുകളിലും നെറ്റിത്തടങ്ങളിലും ചൂടുവെക്കുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. എന്നിട്ട് പറയും: അനുഭവിച്ചു കൊള്ളൂ, നിങ്ങള്‍ സമ്പാദിച്ച സ്വത്താണിത്. ഈ സ്വത്ത് നിങ്ങള്‍ക്കെങ്ങനെ ഉപകാരപ്പെടുന്നുവെന്ന് നോക്കുക (9:35). നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ തീകൊണ്ടാണ് കളിക്കുന്നതെന്നോര്‍ക്കണം!
(20.8.2010-ന് കോഴിക്കോട് മസ്ജിദുലുഅ്ലുഇല്‍ നടത്തിയ ഖുത്വ്ബ)
തയാറാക്കിയത്: കെ. സുഹൈറലി