Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>മിഡിലീസ്റ് ഡയറി



ഇഖ് വാനെ ഇകഴ്ത്തുന്ന ടെലിവിഷന്‍ പരമ്പര

 

# പി.കെ നിയാസ്

 
 



പള്ളികളില്‍ മാത്രമല്ല, തെരുവോരങ്ങളിലും റമദാന്റെ ചൈതന്യം പ്രകടമാണ് അറബ്നാടുകളില്‍. ആരാധനകളിലൂടെയും ദാനധര്‍മങ്ങളിലൂടെയും വിശുദ്ധമാസത്തെ വിശ്വാസികള്‍ സജീവമാക്കുമ്പോള്‍ തെരുവുകളിലെ ഓപണ്‍ കഫേകളില്‍ രാവേറുവോളം ഹുക്ക വലിച്ച് ഉല്ലസിക്കുന്നവര്‍ക്കായി വ്യത്യസ്തങ്ങളായ ടെലിവിഷന്‍ പരിപാടികളുമായി വിവിധ ചാനലുകള്‍ രംഗത്തുവരുന്നതും ഈ മാസം തന്നെ! ഇക്കാര്യത്തില്‍ ഈജിപ്ത് കഴിഞ്ഞേ മറ്റാരുമുള്ളൂ. പാരമ്പര്യം തെറ്റിക്കാതെ പുതിയ ടെലിവിഷന്‍ പരമ്പരകളുമായി രംഗം കൊഴുപ്പിക്കാറുള്ള ഈജിപ്തിന്റെ ഔദ്യോഗിക ചാനല്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് നല്‍കിയ സീരിയലാണ് അല്‍ ഗമാഅ (അല്‍ ജമാഅഃ). ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ഇഖ്വാനുല്‍ മുസ്ലിമൂനെയും അതിന്റെ സ്ഥാപകന്‍ ശഹീദ് ഹസനുല്‍ ബന്നായെയും ജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാനുള്ള പരമ്പരയെന്ന് പറഞ്ഞാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല.
നവംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹുസ്നി മുബാറക് ഭരണകൂടം നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തിരക്കഥാകൃത്തും സംവിധായകനുമായ വഹീദ് ഹാമിദ് തയാറാക്കിയ പരമ്പര സംപ്രേഷണം ചെയ്തുതുടങ്ങിയത്. മൂന്നു പതിറ്റാണ്ടോളമായി നിരോധിക്കപ്പെട്ടതിനാല്‍ സ്വന്തം പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ലാഞ്ഞിട്ടും 2005-ലെ തെരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ ജയിച്ചടക്കി രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയ ഇഖ്വാന്റെ വര്‍ധിച്ച ജനപിന്തുണയില്‍ വേവലാതി പൂണ്ടിരിക്കുകയാണ് ഭരണകക്ഷി. ഇഖ്വാന്റെ നിരവധി പ്രവര്‍ത്തകരെ ജയിലിലടച്ചും മറ്റു അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയും ലക്ഷ്യം പൂവണിയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മീഡിയ വഴിയുള്ള നീക്കം.
ഭരണകക്ഷിയായ നാഷ്നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉന്നതതലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 35 മില്യന്‍ ഈജിപ്ഷ്യന്‍ പൌണ്ട് (6.15 മില്യന്‍ ഡോളര്‍) ചെലവില്‍ നിര്‍മിച്ച പരമ്പര റമദാന്റെ പുണ്യ രാവുകളില്‍ തന്നെ സംപ്രേഷണത്തിന് തെരഞ്ഞെടുത്തത്. സീരിയലിന്റെ ഒരുക്കങ്ങള്‍ 2006-ല്‍ ആരംഭിച്ചിരുന്നുവെന്നും ഈ വര്‍ഷം ജനുവരിയിലാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നും തിരക്കഥാകൃത്ത് പറയുന്നു. ആദ്യ 12 എപ്പിസോഡുകളില്‍ ഇഖ്വാന്‍ പ്രവര്‍ത്തകരെ അവതരിപ്പിക്കുന്നത് കര്‍ക്കശക്കാരും മതത്തെ ദുരുപയോഗം ചെയ്യുന്നവരും ഈജിപ്ഷ്യന്‍ ജനതയെ വേണ്ടരീതിയില്‍ പരിഗണിക്കാത്തവരുമായാണ്. വൈദേശികാധിപത്യത്തിനെതിരെ ഈജിപ്ഷ്യന്‍ ജനതയില്‍ അവബോധം സൃഷ്ടിച്ച നേതാവും സാത്വികനുമാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഇഖ്വാന്‍ സ്ഥാപകന്‍ ശഹീദ് ഹസനുല്‍ ബന്നായെങ്കില്‍ കൌശലക്കാരനും അധികാരമോഹിയുമായാണ് പരമ്പരയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. മുബാറകിന്റെ പോലീസ് ഉദ്യോഗസ്ഥരെ പരമ്പര പരിചയപ്പെടുത്തുന്നത് ഇത്രയും മനുഷ്യസ്നേഹികളായവരെ ലോകത്തെവിടെയും കാണില്ലെന്ന മട്ടിലാണ്്. അറസ്റിലായ ഇഖ്വാന്‍ പ്രവര്‍ത്തകരെ ചായയും പലഹാരവും കൊടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന രംഗങ്ങളാണ് ഏറ്റവും രസകരം. ഇത് കണ്ട് സഹിക്കവയ്യാതെ മുതിര്‍ന്ന ഇഖ്വാന്‍ നേതാവ് അസ്സാം അല്‍ അര്‍യാന്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചത് ഇങ്ങനെ: "എട്ടര കൊല്ലം ഞാന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോഴൊക്കെ ചായയും കാപ്പിയുമല്ല, അപമാനവും പീഡനങ്ങളുമാണ് എനിക്ക് ലഭിച്ചിരുന്നത്''.
മുബാറകിന്റെ കൂലിയെഴുത്തുകാര്‍ പരമ്പരയെ അനുകൂലിച്ച് സജീവമായി രംഗത്തുണ്ട്. അല്‍ മിസ്രി അല്‍ യൌമിലെ കോളമിസ്റ് ആമിര്‍ അല്‍ ശുബക്കിയാണ് അതിലൊരാള്‍. ഒരു ടെലിവിഷന്‍ പരമ്പരക്കെതിരെ ജനകീയാടിത്തറയുള്ള ഒരു സംഘടന എന്തിനിത്ര രോഷംകൊള്ളുന്നുവെന്നാണ് ആമിറിന്റെ ചോദ്യം. മുമ്പും ഈജിപ്തിലെ പല നേതാക്കള്‍ക്കുമെതിരെ ഇത്തരത്തിലുള്ള കാമ്പയിനുകള്‍ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴൊന്നും അവര്‍ പ്രതികരിക്കാന്‍ തുനിഞ്ഞിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മുന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിനെതിരെയും വഫ്ദ് പാര്‍ട്ടി നേതാക്കളായ സഅദ് സഗ്ലൂല്‍, മുസ്ത്വഫ അഹാസ് എന്നിവര്‍ക്കെതിരെയും 1952-ലെ വിപ്ളവത്തിനു മുമ്പും വ്യാപകമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോള്‍ അവരുടെ അനുയായികള്‍ പ്രതികരിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇഖ്വാനെതിരായ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടികള്‍ പരിധിവിട്ട് നുണബോംബുകളായി മാറിയ സാഹചര്യത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ പുറത്തുവരികയുണ്ടായി. ഫെയ്സ്ബുക്കിന് ബദലായി ഇഖ്വാന്‍ രൂപപ്പെടുത്തിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ (ഇഖ്വാന്‍ ബുക്ക്) 'ബൌദ്ധിക ഭീകരവാദത്തെ എതിരിടുന്ന ബ്രദര്‍ഹുഡ് ബ്രിഗേഡ്സ്' എന്ന പേരില്‍ വന്ന പ്രതികരണം ഉയര്‍ത്തിപ്പിടിച്ചാണ് കോളമിസ്റിന്റെ രോഷപ്രകടനം. ബൌദ്ധിക ഭീകരവാദത്തെ ആശയപരമായി നേരിടുമെന്നാണ് ബ്രിഗേഡുകള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്. ഇതാകട്ടെ, ഇഖ്വാന്റെ ഔദ്യോഗിക പ്രതികരണവുമല്ല. പേരിലെ ബ്രിഗേഡ്സ് പൊക്കിപ്പിടിച്ചാണ് ചെളിവാരിയെറിയല്‍. പിതാവിനെക്കുറിച്ച് ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ മോശം പ്രതിഛായ സൃഷ്ടിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നും പരമ്പര നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഹസനുല്‍ ബന്നായുടെ മകന്‍ അഹ്മദ് സൈഫ് അല്‍ ഇസ്ലാം കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ ഒരു പ്രമുഖ വാരികക്കു അഹ്മദ് നല്‍കിയ അഭിമുഖത്തില്‍, തന്നെ മതപരിത്യാഗിയാക്കിയെന്ന് ആരോപിച്ച് വാഹിദ് ഹാമിദ് അറ്റോര്‍ണി ജനറലിനും പരാതി നല്‍കി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വാരിക സ്വന്തം നിലക്ക് എഴുതിച്ചേര്‍ത്തതാണെന്നും അഹ്മദ് നിഷേധക്കുറിപ്പ് പുറത്തിറക്കുകയുണ്ടായി.
ഇഖ്വാന്റെ ചരിത്രം സത്യസന്ധമായി അവതരിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി നിര്‍മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ഓഫറുകള്‍ അഹ്മദിനെ തേടിയെത്തുന്നുണ്ട്. ഹസനുല്‍ ബന്നായെയും ഇഖ്വാന്‍ പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള വഹീദിന്റെ കുടില താല്‍പര്യങ്ങളെ പ്രതിരോധിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ തയാറാണെന്നതിന്റെ സാക്ഷ്യപത്രമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിനെതിരായ രാഷ്ട്രീയ വിദ്വേഷം കരഞ്ഞുതീര്‍ക്കാന്‍ പരിശുദ്ധ റമദാന്റെ പുണ്യദിനങ്ങള്‍ തന്നെ തെരഞ്ഞെടുത്തവര്‍ക്ക് മറുപടി നല്‍കാന്‍ അലക്സാണ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്വാന്റെ മീഡിയ ബ്യൂറോ തയാറെടുത്തുവരികയാണ്. 1928-ല്‍ നിലവില്‍വന്നതു മുതലുള്ള പ്രസ്ഥാനത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന നിരവധി ഡോക്യുമെന്ററികള്‍ ഈയാവശ്യാര്‍ഥം സംയോജിപ്പിക്കും.
സീരിയലിന്റെ വ്യത്യസ്ത എപ്പിസോഡുകളില്‍ വൈരുധ്യങ്ങള്‍ ധാരാളമുണ്ടെന്ന് ചില ഈജിപ്ഷ്യന്‍ പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത പല അത്ഭുതങ്ങളും ഈജിപ്തിലെ സാധാരണക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഇഖ്വാനെ ഒരു സീരിയല്‍ കൊണ്ട് തകര്‍ക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു. ടെലിവിഷന്‍ പരമ്പര ഇഖ്വാന്റെ ജനപ്രീതി അല്‍പം കുറച്ചേക്കാമെങ്കിലും വലുതായൊന്നും പരിക്കേല്‍പിക്കാനാവില്ലെന്നാണ് അഹ്റാം സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ആന്റ് സ്ട്രാറ്റജിക് സ്റഡീസിലെ നബീല്‍ അബ്ദുല്‍ ഫത്താഹ് അഭിപ്രായപ്പെട്ടത്. പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറ അത്രയും ശക്തമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഓരോ അഞ്ചു വര്‍ഷത്തിലും മുബാറക് ഭരണകൂടം ഇഖ്വാന്‍ പ്രസ്ഥാനത്തിന് നല്‍കിവരുന്ന സമ്മാനമാണിതെന്നാണ് കോളമിസ്റ് മഗ്ദി അല്‍ ഗല്ലാദ് എഴുതിയത്. 2005-ലെ ഇലക്ഷനു തൊട്ടുമുമ്പും ഇഖ്വാനെ ഇകഴ്ത്തുന്ന അഞ്ച് എപ്പിസോഡുകളുള്ള പരമ്പര സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസ്ഥാനത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനാണ് ഇത് സഹായിച്ചതെന്ന് ഇലക്ഷന്‍ ഫലങ്ങള്‍ വ്യക്തമാക്കി.
എന്നിരുന്നാലും ഒരു ടെലിവിഷന്‍ സീരിയലില്‍ അവസാനിക്കുന്നതല്ല ഭരണകൂടത്തിന്റെ ഗൂഢതന്ത്രങ്ങളെന്ന ആശങ്ക ഇഖ്വാനുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് നേതൃത്വം ഇതിനെ കാണുന്നത്. 2005-ലെ തെരഞ്ഞെടുപ്പില്‍ ആദ്യ റൌണ്ട് വോട്ടെടുപ്പിനുശേഷം ഇഖ്വാന്‍ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ തടസ്സപ്പെടുത്തിയിരുന്നു. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുത്രന്‍ ജമാലിനെ അധികാരത്തില്‍ കുടിയിരുത്താനുള്ള ഹുസ്നി മുബാറകിന്റെ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്ന ശ്രമങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുന്നത് ഇഖ്വാനാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് അല്‍ ബറാദഇയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിപക്ഷനീക്കങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ച സാഹചര്യത്തില്‍, മുഴുവന്‍ എതിര്‍സ്വരങ്ങളും അടിച്ചമര്‍ത്താന്‍ മുബാറക് ഭരണകൂടം ഏതറ്റം വരെ പോകാനും തയാറാകുമെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന.
അറിയപ്പെടുന്ന വിമതനേതാക്കളെ വിലയ്ക്കെടുക്കുന്നതിലും ഭരണകൂടം വിജയിക്കുന്നുണ്ടെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ മുബാറക് വിരുദ്ധനും അമേരിക്കയില്‍ പ്രവാസിയുമായിരുന്ന സഅദുദ്ദീന്‍ ഇബ്റാഹീമിന്റെ കൂടുമാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജമാല്‍ മുബാറകിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച സഅദിന്റെ നിലപാട് പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിച്ചിട്ടുണ്ട്. ജമാലിനുവേണ്ടി ഭരണപക്ഷം നടത്തിവരുന്ന ഒപ്പിടല്‍ കാമ്പയിനിലാണ് മുബാറക് വിരുദ്ധ നിലപാടുകളുടെ പേരില്‍ മൂന്നുവര്‍ഷം ജയിലില്‍ കിടന്ന സഅദ് പങ്കെടുത്തത്. ഭരണഘടനാ മാറ്റത്തിനായി പ്രതിപക്ഷം നടത്തിവരുന്ന ഓണ്‍ലൈന്‍ പെറ്റീഷനെ മറികടക്കാനാണ് ഭരണകൂടം ജമാല്‍ അനുകൂല കാമ്പയിനുമായി രംഗത്തുവന്നത്. ഇഖ്വാന്‍ പിന്തുണക്കുന്ന ഓണ്‍ലൈന്‍ കാമ്പയിനില്‍ ഇതിനകം ഏഴു ലക്ഷത്തിലേറെ പേര്‍ ഒപ്പുവെച്ചിട്ടുണ്ട്. അധികാര സ്ഥാപനങ്ങളെ മുഴുവന്‍ വരുതിയിലാക്കിയും പാശ്ചാത്യ രാജ്യങ്ങളുടെയും ചില അറബ് ശിങ്കിടികളുടെയും പിന്തുണയോടെയും ഹുസ്നി മുബാറക് നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് നന്നായി അധ്വാനിക്കേണ്ടിവരും.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly