ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്രശൂറയുടെ പ്രത്യേക യോഗം ദല്‍ഹയിലെ കേന്ദ്ര ഓഫീസില്‍ ചേരുകയുണ്ടായി. ദേശീയ അമീര്‍ ജലാലുദ്ദീന്‍ ഉമരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി അമീറുമാരായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, മുഹമ്മദ് ജഅ്ഫര്‍, ഖയ്യിം നുസ്റത്ത് അലി, ശഫീ മുനീസ്, ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, സയ്യിദ് ഗുലാം അക്ബര്‍, ഡോ. മുഹമ്മദ് റഫ്അത്ത്, ഡോ. ഹസന്‍ റസ, ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, എച്ച്. അബ്ദുര്‍റഖീബ്, എഞ്ചി. മുഹമ്മദ് സലീം, ഇജാസ് അഹ്മദ് അസ്ലം, സയ്യിദ് സആദത്തുല്ല ഹുസൈനി എന്നിവര്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറിമാരായ മൌലാനാ റഫീഖ് ഖാസിമി, ഇഖ്ബാല്‍ മുല്ല, മുജ്തബാ ഫാറൂഖ്, അഷ്ഫാഖ് അഹ്മദ്, അബ്ദുല്‍ ബാസിത് അന്‍വര്‍ എന്നിവരും കേരള ഹല്‍ഖാ അമീര്‍ ടി. ആരിഫലിയും പ്രത്യേക ക്ഷണിതാക്കളായിരുന്നു. യോഗം അംഗീകരിച്ച പ്രമേയങ്ങള്‍:
1. കശ്മീരിലെ സിവിലിയന്‍ മേഖലകളില്‍നിന്ന് സൈന്യം പിന്മാറണം. താഴ്വരയില്‍ അടുത്ത ദിവസങ്ങളില്‍ ഒട്ടനവധി സാധാരണക്കാര്‍ മരിക്കാനിടയായത് ദൌര്‍ഭാഗ്യകരമാണ്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും അമിതാധികാര പ്രവണതയുമാണ് പെട്ടെന്ന് ജനരോഷം ഉയരാന്‍ ഇടയാക്കിയത്. ഇല്ലാത്ത വിദേശബന്ധം ആരോപിച്ച് സര്‍ക്കാര്‍ ജനങ്ങളെ കുറ്റപ്പെടുത്തുകയാണ്. യാഥാര്‍ഥ്യ ബോധത്തോടുകൂടിയേ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവൂ. ഭരണാധികാരികള്‍ ജനങ്ങളോട് ബാധ്യത നിറവേറ്റുന്നില്ല. ജനങ്ങളുടെ ഹൃദയത്തിലിടം നേടിക്കൊണ്ടേ പരിഹാരങ്ങള്‍ സാധ്യമാവൂ. അതിന് സൈന്യത്തിന്റെ സാന്നിധ്യം കുറക്കണം. കര്‍ഫ്യൂ, റോഡ് ഉപരോധം, റെയ്ഡുകള്‍, അറസ്റുകള്‍ എന്നിവ അവസാനിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച നടത്തണം. കാടന്‍ നിയമങ്ങള്‍ പിന്‍വലിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം. ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധ പരിപാടികള്‍ നടത്തണം.
2. ഭീകര ഹിന്ദുത്വ ശക്തികള്‍ക്കെതിരെ അന്വേഷണവും നടപടിയും വേണം. ഹിന്ദുത്വ ശക്തികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടും പോലീസും അന്വേഷണ സംഘങ്ങളും മുസ്ലിം യുവാക്കളെയും സംഘങ്ങളെയും വേട്ടയാടുകയാണ്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ മുഴുവന്‍ ഭീകര പ്രവര്‍ത്തനങ്ങളും സ്വതന്ത്രമായി അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. 'നിഷ്പക്ഷത' ഭാവിക്കുന്ന മാധ്യമ കാപട്യം അവസാനിപ്പിക്കണം.
3. ബംഗ്ളാദേശിലെ പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം. ബംഗ്ളാദേശിലെ ജമാഅത്തെ ഇസ്ലാമിയെ ലക്ഷ്യമിട്ട് ആ രാജ്യത്തെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ വേട്ട ജനാധിപത്യ വിരുദ്ധമാണ്. നേതാക്കളെ തുറുങ്കിലടച്ചും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയും പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനെതിരെ യോജിച്ച പ്രതിരോധം ഉയര്‍ന്നുവരണം.
4. വിലക്കയറ്റം തടഞ്ഞു നിര്‍ത്തണം. സര്‍ക്കാറിന്റെ മുതലാളിത്ത നയങ്ങള്‍ കാരണമാണ് വിലക്കയറ്റം രൂക്ഷമാകുന്നത്. പല മേഖലകളും കുത്തകകള്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്നു. സബ്സിഡികള്‍ തുടര്‍ന്നും നിലനിര്‍ത്തണം. പെട്രോള്‍, ഗ്യാസ് എന്നിവയില്‍നിന്ന് അധികചുങ്കം പിരിക്കരുത്. വകുപ്പുകളും ഉദ്യോഗസ്ഥരും നടത്തുന്ന അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കണം.
എസ്.ഐ.ഒ രാജസ്ഥാന്‍
സംസ്ഥാന സമ്മേളനം
'പഠനം, സമരം, സേവനം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു എസ്.ഐ.ഒ രാജസ്ഥാന്‍ സംസ്ഥാന സമ്മേളനം ജയ്പൂരില്‍ നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാര്‍ഥി റാലി ദേശീയ പ്രസിഡന്റ് കെ.കെ സുഹൈല്‍, ദേശീയ സെക്രട്ടറി ഷാനവാസ് അലി റൈഹാന്‍, സംസ്ഥാന പ്രസിഡന്റ് ആരിഫ് അലി എന്നിവര്‍ നയിച്ചു.
പ്രമുഖ ഗാന്ധിയനും സദ്ഭാവന മഞ്ചിന്റെ കണ്‍വീനറുമായ സഹയ്സിംഗ് ആയിരുന്നു ഉദ്ഘാടന സെഷനിലെ മുഖ്യാതിഥി. കെ.കെ സുഹൈല്‍ അധ്യക്ഷത വഹിച്ചു. ധരംവീര്‍ കട്വേജ (ആസ്തമ കെയര്‍ സൊസൈറ്റി), വഖാറുല്‍ അഹദ് (രാജസ്ഥാന്‍ മുസ്ലിം ഫോറം), മാഹിര്‍ ആസാദ് (മുന്‍ എം.എല്‍.എ), ഷാനവാസ് അലി റൈഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന സമ്മേളനത്തില്‍ ജ.ഇ രാജസ്ഥാന്‍ അമീര്‍ എഞ്ചി. മുഹമ്മദ് സലീം 'ഇസ്ലാമിക നവോത്ഥാനം: തിരസ്കാരത്തിനും തീവ്രതക്കും മധ്യേ' എന്ന വിഷയത്തെ ആസ്പദിച്ച് സംസാരിച്ചു. ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസത്തിന്റെ അന്ധമായ സ്വകാര്യവല്‍ക്കരണം തടയുക, കേന്ദ്ര യൂനിവേഴ്സിറ്റികള്‍ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പരിമിതപ്പെടുത്താതിരിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, ജയ്പൂര്‍-അജ്മീര്‍ സ്ഫോടനങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.